യഹോവയിൽ ശരണം വെക്കുക
“യഹോവേ, ഞാൻ അങ്ങിൽ ശരണം വെച്ചിരിക്കുന്നു.”—സങ്കീർത്തനം 31:1, NW.
1. അഭയം നൽകാനുള്ള യഹോവയുടെ കഴിവിൽ സങ്കീർത്തനം 31 എങ്ങനെയാണു വിശ്വാസം പ്രകടിപ്പിക്കുന്നത്?
മനസ്സും ശരീരവും വാടിത്തളർന്നതെങ്കിലും തന്നേത്തന്നെ യഹോവക്ക് അർപ്പിച്ച ഒരു മനുഷ്യനെപ്പററി ശ്രുതിമധുരമായ സ്വരത്തിൽ ഒരു ഗാനമുണ്ട്. വിശ്വാസം വിജയം വരിക്കുന്നുവെന്ന് ഈ വിശുദ്ധ ഗാനത്തിന്റെ ഈരടികളിൽ പറയുന്നു. തന്നെ വേട്ടയാടുന്നവരിൽനിന്നു രക്ഷതേടുന്ന ഈ മനുഷ്യൻ സർവശക്തന്റെ നീട്ടിയ ഭുജങ്ങളിൽ അഭയം തേടുന്നു. സങ്കീർത്തനം ഇങ്ങനെ ആലപിക്കുന്നു: “യഹോവേ, ഞാൻ അങ്ങിൽ ശരണം വെച്ചിരിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ; അങ്ങയുടെ നീതിയിൽ എനിക്കു രക്ഷ പ്രദാനംചെയ്യണമേ.”—സങ്കീർത്തനം 31:1, NW.
2. (എ) ഏതു രണ്ടു തൂണുകളെ അടിസ്ഥാനമാക്കിയാണു നമ്മുടെ ശക്തിദുർഗമെന്ന നിലയിൽ യഹോവയിൽ നമുക്കു വിശ്വാസമർപ്പിക്കാൻ കഴിയുന്നത്? (ബി) യഹോവ ഏതുതരം ദൈവമാണ്?
2 ആ സങ്കീർത്തനക്കാരന്റെ ശരണം ഏററവും നല്ലവനിലാണു വെച്ചിരിക്കുന്നത്! മററു സംഗതികൾ വ്യക്തമല്ലാതിരുന്നോട്ടെ, എങ്കിലും ഈ വസ്തുത വ്യക്തമാണ്: യഹോവയാണ് അദ്ദേഹത്തിന്റെ ശക്തിദുർഗം, അദ്ദേഹത്തിന്റെ കോട്ടയും. ഉറപ്പുള്ള രണ്ടു തൂണുകളിൽമേൽ അദ്ദേഹം പ്രത്യാശ വെച്ചിരിക്കുന്നു. ഒന്നാമതായി, അദ്ദേഹത്തിന്റെ വിശ്വാസം, ഇതു മുഖാന്തരം ലജ്ജിക്കേണ്ടിവരുന്ന അവസ്ഥയുണ്ടാകാൻ യഹോവ അനുവദിക്കയില്ല. രണ്ടാമതായി, യഹോവയുടെ നീതി, ഇതിനർഥം യഹോവ തന്റെ ദാസനെ എന്നന്നേക്കുമായി ഒരിക്കലും കൈവെടിയില്ലെന്നാണ്. തന്റെ വിശ്വസ്തരായ ദാസൻമാരെ ലജ്ജിപ്പിക്കുന്ന ഒരു ദൈവമല്ല യഹോവ; അവിടുന്നു വാഗ്ദാനലംഘകനല്ല. നേരെമറിച്ച്, അവിടുന്നു സത്യമുള്ള ദൈവവും തന്നിൽ ആത്മാർഥതയോടെ വിശ്വാസമർപ്പിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നവനുമാണ്. അവസാനം, വിശ്വാസത്തിനു പ്രതിഫലം ലഭിക്കും! രക്ഷ വരും!—സങ്കീർത്തനം 31:5, 6.
3. സങ്കീർത്തനക്കാരൻ യഹോവയെ മഹത്ത്വപ്പെടുത്തുന്നതെങ്ങനെ?
3 തീരാദുഃഖത്തിൽനിന്നും തീരാദുരിതത്തിൽനിന്നും പ്രത്യാശയുടെ ഉത്തുംഗശൃംഗത്തിലേക്ക് ഉററുനോക്കി തന്റെ സംഗീതത്തെ തരംഗിതമാംവിധം കോർത്തിണക്കിക്കൊണ്ട് സങ്കീർത്തനക്കാരൻ ആന്തരികശക്തിയാർജിക്കുന്നു. അദ്ദേഹം യഹോവയെ അവിടുത്തെ വിശ്വസ്ത സ്നേഹത്തെപ്രതി മഹത്ത്വീകരിക്കുന്നു. “യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ ഉറപ്പുള്ള പട്ടണത്തിൽ തന്റെ ദയ എനിക്കു അത്ഭുതമായി കാണിച്ചിരിക്കുന്നു” എന്ന് അദ്ദേഹം പാടുന്നു.—സങ്കീർത്തനം 31:21.
രാജ്യപ്രഘോഷകരുടെ വൻ ഗായകഗണം
4, 5. (എ) ഇന്നു യഹോവയെ സ്തുതിക്കുന്ന വൻ ഗായകഗണം ഏത്, കഴിഞ്ഞ സേവനവർഷത്തിൽ അവർ ചെയ്തിരിക്കുന്നതെന്ത്? (12-15 പേജുകളിലെ പട്ടിക കാണുക.) (ബി) രാജ്യഗായകഗണത്തിൽ ചേരാൻ മനസ്സൊരുക്കമുള്ളവർ ഇനിയുമുണ്ടെന്നു സ്മാരകഹാജർ പ്രകടമാക്കുന്നതെങ്ങനെ? (പട്ടിക കാണുക.) (സി) നിങ്ങളുടെ സഭയിൽ ഗായകഗണത്തിൽ ചേരാൻ തങ്ങളുടെ ഊഴം കാത്തിരിക്കുന്ന ഗണമേത്?
4 ഇന്ന്, ആ സങ്കീർത്തനവാക്കുകൾക്കു കൂടുതലായ അർഥം കൈവന്നിരിക്കുന്നു. യഹോവക്കുള്ള സ്തുതിഗീതങ്ങളെ ഒതുക്കിക്കളയാൻ ഏതെങ്കിലും ദുഷ്ടനായ എതിരാളിക്കോ പ്രകൃതിവിപത്തിനോ സാമ്പത്തികദുരിതത്തിനോ സാധ്യമല്ല; സത്യമായും, തന്റെ ജനങ്ങളോടുള്ള യഹോവയുടെ സ്നേഹദയ അത്ഭുതം ജനിപ്പിക്കുന്നതായിരിക്കുന്നു. കഴിഞ്ഞ സേവനവർഷത്തിൽ ലോകമെമ്പാടും 231 രാജ്യങ്ങളിലായി 47,09,889 പേർ എണ്ണത്തിൽ ഒരു അത്യുച്ചം കാഴ്ചവെച്ചുകൊണ്ട് ദൈവരാജ്യസന്ദേശം ആലപിച്ചു. അവരെ നിരാശപ്പെടുത്തുകയില്ലാത്ത ഒരു സങ്കേതമാണു ക്രിസ്തുയേശുവിനാലുള്ള യഹോവയുടെ സ്വർഗീയ ഗവൺമെൻറ്. 73,070 സഭകളിലായി കഴിയുന്ന ഈ രാജ്യപ്രസാധകർ കഴിഞ്ഞവർഷം സുവിശേഷവേലയിൽ 1,05,73,41,972 മണിക്കൂറുകൾ ചെലവിട്ടു. അതിന്റെ ഫലമോ, 2,96,004 പേർ ദൈവത്തിനുള്ള തങ്ങളുടെ സമർപ്പണത്തെ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. ഇക്കഴിഞ്ഞ ആഗസ്ററിൽ ഉക്രെയ്നിലെ കീവിൽ ദിവ്യ ബോധന അന്തർദേശീയ കൺവെൻഷൻ നടന്നപ്പോൾ സന്നിഹിതരായിരുന്നവർക്കെല്ലാം എന്തൊരു വിസ്മയമാണ് അനുഭവപ്പെട്ടത്. സത്യക്രിസ്ത്യാനികളുടെ ഇടയിൽ ഇതുവരെ നടന്നിട്ടുള്ളതിലേക്കുംവെച്ച് ഏററവും വലിയ കൂട്ടം സ്നാപനമേററ് ചരിത്രം സൃഷ്ടിച്ച സംഭവത്തിന് അവർ സാക്ഷ്യം വഹിച്ചു! യെശയ്യാവു 54:2, 3-ൽ പ്രവചിച്ചു പറഞ്ഞിരിക്കുന്നതുപോലെ, ദൈവജനം മുൻകാല സംഖ്യകളെ കടത്തിവെട്ടി പെരുകുകയാണ്.
5 എന്നിരുന്നാലും, ഗായകഗണത്തിലുൾപ്പെടാൻ തങ്ങളുടെ ഊഴം കാത്തിരിക്കുന്ന, ദൈവരാജ്യത്തിന്റെ മനസ്സൊരുക്കമുള്ള കൂടുതലായ പ്രജകളുണ്ട്. കഴിഞ്ഞവർഷം, യേശുവിന്റെ മരണത്തിന്റെ സ്മാരകാഘോഷത്തിൽ പങ്കെടുത്തവരുടെ എണ്ണം ആരെയും അതിശയിപ്പിക്കുന്നതാണ്, 1,18,65,765 പേർ. ഇവരിൽ പലരും വീടുതോറും രാജ്യഗീതം പാടാൻ ഈ സേവനവർഷം യോഗ്യത പ്രാപിക്കുമെന്നു പ്രതീക്ഷിക്കാവുന്നതാണ്. ഈ പ്രതീക്ഷ പിശാചായ സാത്താൻ എന്ന സത്യത്തിന്റെ ശത്രുവിനെ എത്രകണ്ട് കോപാവേശനാക്കും!—വെളിപ്പാടു 12:12, 17.
6, 7. യഹോവയുടെ സഹായത്താൽ ഒരു താത്പര്യക്കാരൻ ഭൂതശല്യത്തിൽനിന്നു മുക്തനായത് എങ്ങനെയെന്നു വിശദീകരിക്കുക.
6 ആ വൻ ഗായകഗണത്തോടൊപ്പം തങ്ങളുടെ സ്വരവും കൂട്ടുന്നതിൽനിന്നു മററുള്ളവരെ തടയാൻ സാത്താൻ ശ്രമിക്കും. ഉദാഹരണത്തിന്, തായ്ലൻഡിലെ പ്രസാധകർ കൂടുതൽക്കൂടുതൽ ആളുകൾ ഭൂതശല്യത്താൽ കഷ്ടപ്പെടുന്നതു കാണുന്നു. എന്നുവരികിലും, യഹോവയുടെ സഹായത്താൽ ആത്മാർഥതയുള്ള അനേകർ അതിൽനിന്നു വിമുക്തമാക്കപ്പെട്ടിട്ടുണ്ട്. ജിജ്ഞാസ നിമിത്തം ഒരാൾ ഒരു മന്ത്രവാദിയെ സന്ദർശിച്ചു, ഫലമോ, പത്തു വർഷത്തോളം അയാൾ ഭൂതങ്ങൾക്ക് അടിമയായിത്തീർന്നു. അവരുടെ പിടിയിൽനിന്നു വിട്ടുപോരാൻ ഒരു പുരോഹിതന്റെ സഹായം തേടിനോക്കി, ഒരു മെച്ചവും ഉണ്ടായില്ല. ആ മനുഷ്യനുമായി ബൈബിളധ്യയനം തുടങ്ങിയ യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷകൻ, ഭൂതസ്വാധീനത്തിൽനിന്നു സ്വതന്ത്രമാകാനുള്ള ഒരേ ഒരു മാർഗം ബൈബിളിൽനിന്ന് ആ മനുഷ്യനെ പഠിപ്പിച്ചു—സത്യത്തിന്റെ സൂക്ഷ്മപരിജ്ഞാനം നേടി യഹോവയാം ദൈവത്തിൽ വിശ്വാസം അർപ്പിച്ച് പ്രാർഥനയിൽ അവിടുത്തോട് അഭയയാചന നടത്തുക.—1 കൊരിന്ത്യർ 2:5; ഫിലിപ്പിയർ 4:6, 7; 1 തിമൊഥെയൊസ് 2:3, 4.
7 ആ ചർച്ച നടന്ന രാത്രിയിൽ അദ്ദേഹം ഒരു സ്വപ്നം കണ്ടു, ആത്മമധ്യവർത്തിയായി തുടരാത്തതിൽ തനിക്കെതിരെ ഭീഷണിയുമായി വരുന്ന മരിച്ചുപോയ പിതാവിനെ. അദ്ദേഹത്തിന്റെ കുടുംബം കഷ്ടപ്പെടാൻ തുടങ്ങി. പതറാതെ, ആ മനുഷ്യൻ തന്റെ ബൈബിൾ പഠനം തുടരുകയും യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങുകയും ചെയ്തു. തങ്ങളുടെ സ്വാധീനത്തിൽനിന്നു കുതറിമാറാൻ ശ്രമിക്കുന്നവരെ പീഡിപ്പിക്കുന്നതിനു ഭൂതങ്ങൾക്ക് എത്തിപ്പെടാനുള്ള ഒരു വാതായനമായിരിക്കാൻ മന്ത്രവാദപരമായ കർമാദികളിൽ ഉപയോഗിച്ചിരുന്ന വസ്തുക്കൾക്കു ചിലപ്പോൾ കഴിയും എന്ന് പയനിയർ സഹോദരൻ പഠനത്തിനിടെ ഒരിക്കൽ വിശദീകരിച്ചു. അപ്പോഴായിരുന്നു രക്ഷാകവചമായി ഉപയോഗിച്ചിരുന്ന കുറച്ച് എണ്ണ കൈവശമിരിക്കുന്നതായി അയാൾക്ക് ഓർമ വന്നത്. അതു വലിച്ചെറിഞ്ഞു കളയണമെന്ന് അയാൾക്ക് ഇപ്പോൾ മനസ്സിലായി. അത് ഒഴിവാക്കിയതിനു ശേഷം, പിന്നീട് ഒരിക്കലും ദുഷ്ടാത്മാക്കൾ അയാളെ പൊറുതിമുട്ടിച്ചിട്ടില്ല. (എഫെസ്യർ 6:13; യാക്കോബ് 4:7, 8 താരതമ്യപ്പെടുത്തുക.) അദ്ദേഹവും ഭാര്യയും അവരുടെ അധ്യയനത്തിൽ നന്നായി പുരോഗമിക്കുന്നു, ബൈബിൾ പ്രബോധനങ്ങൾക്കുവേണ്ടി ക്രമമായി യോഗങ്ങൾക്കും അവർ സംബന്ധിക്കുന്നുണ്ട്.
8, 9. വേറെ ഏതെല്ലാം തടസ്സങ്ങളാണു ചില രാജ്യപ്രഘോഷകർ തരണം ചെയ്തിട്ടുള്ളത്?
8 സുവാർത്ത മുഴങ്ങികേൾക്കാതിരിക്കാൻ ഇടയാക്കുന്ന മററു പ്രതിബന്ധങ്ങളും വന്നുപെട്ടേക്കാം. ഘാനയിൽ സാമ്പത്തിക ഞെരുക്കം കഠിനമായി അനുഭവപ്പെടുന്നതു നിമിത്തം ജോലിക്കാർക്കു പണിയില്ലാതാവുന്നു. കുതിച്ചുയരുന്ന ജീവിതച്ചെലവുകൾ മൂലം അടിസ്ഥാന ആവശ്യങ്ങൾ നിറവേററുന്നതുപോലും ഒരു വലിയ ഭാരമായി അനുഭവപ്പെടുന്നു. യഹോവയുടെ ജനം ഇതിനെ നേരിട്ടുകൊണ്ടിരിക്കുന്നതെങ്ങനെ? തങ്ങളിൽത്തന്നെയല്ല, യഹോവയിൽ ആശ്രയിച്ചുകൊണ്ട്. ഉദാഹരണത്തിന്, ബ്രാഞ്ച് ഓഫീസിന്റെ റിസപ്ഷനിൽ ഒരു മനുഷ്യൻ ഒട്ടിച്ച ഒരു കവർ വെച്ചിട്ടു പോയി. കവറിൽ 200 ഡോളർ അഥവാ മൂന്നു മാസത്തെ വേതനം ഉണ്ടായിരുന്നു. പേരു വെളിപ്പെടുത്താൻ ഇഷ്ടമില്ലാത്ത ഒരു സമ്മാനദാതാവിൽനിന്നായിരുന്നു ആ കവർ, എന്നാൽ അതിൽ ഇങ്ങനെ ഒരെഴുത്തുണ്ടായിരുന്നു: “എനിക്ക് എന്റെ ജോലി നഷ്ടമായി, എങ്കിലും യഹോവ എനിക്കു മറെറാന്നു ശരിയാക്കിത്തന്നു. അതിൽ എനിക്ക് അവിടുത്തോടും അവിടുത്തെ പുത്രനായ ക്രിസ്തുയേശുവിനോടും നന്ദിയുണ്ട്. അന്ത്യം വരുന്നതിനു മുമ്പ്, രാജ്യത്തിന്റെ സുവാർത്ത പ്രചരിപ്പിക്കാൻ ഞാൻ ഒരു എളിയ സംഭാവന അടക്കം ചെയ്യുന്നു.”—2 കൊരിന്ത്യർ 9:11 താരതമ്യപ്പെടുത്തുക.
9 യഹോവക്കു സ്തുതിയർപ്പിക്കുന്ന വൻ ഗായകഗണത്തിൽ ചേരുന്നവർക്കുള്ള പരിശീലനം യോഗങ്ങളിലെ പങ്കുപററലിലൂടെ സിദ്ധിക്കുന്നു. (സങ്കീർത്തനം 22:22 താരതമ്യപ്പെടുത്തുക.) ഹോണ്ടുറസിന്റെ തെക്കുഭാഗത്തായി ഒരു സഭയുണ്ട്, ഏൽ ഹോർദാൻ എന്നാണ് അതിന്റെ പേർ. ഈ ചെറിയ ഗണത്തിനെന്താ ഇത്ര പ്രത്യേകത? യോഗങ്ങളിലെ അവരുടെ വിശ്വസ്തമായ പങ്കുപററൽതന്നെ. 19 പ്രസാധകരിൽ 12 പേർക്കും ഓരോ ആഴ്ചയും യോഗത്തിനു വരണമെങ്കിൽ ഒരു വലിയ നദി കുറുകെ കടക്കണം. വേനൽക്കാലത്ത് ഇത് അത്ര പ്രശ്നമല്ല, പാറക്കഷണങ്ങൾ നിരത്തിയിട്ട് അതിൽ ചവിട്ടി അവർക്കു കടന്നു പോരാവുന്നതേയുള്ളൂ. എങ്കിലും, മഴക്കാലത്തു സ്ഥിതിയാകെ മാറും. ഒരിക്കൽ നിരുപദ്രവകരമായി, പരന്നു കിടന്നിരുന്ന വെള്ളം എന്തിനെയും ഒഴുക്കിക്കൊണ്ടുപോകുന്ന കുത്തിയൊഴുക്കായി മാറുന്നു. ഈ പ്രതിബന്ധത്തെ മറികടക്കാൻ സഹോദരൻമാരും സഹോദരിമാരും നന്നായി നീന്താൻ പഠിക്കണമായിരുന്നു. നീന്തുന്നതിനു മുമ്പ്, യോഗസ്ഥലത്തു ചെന്നിട്ട് ഉടുക്കാനുള്ള വസ്ത്രങ്ങൾ ഒരു ടീനായിലാക്കി (ലോഹത്തൊട്ടി) അതിനെ ഒരു പ്ലാസ്ററിക് ബാഗ് കൊണ്ടു പൊതിയും. ഏററവും ശക്തികൂടിയ നീന്തൽക്കാരൻ ടീനായെ ഒരു പൊങ്ങ് ആയി ഉപയോഗിച്ച് ആ കൂട്ടത്തെ മറുകരയെത്തിക്കുന്നു. അക്കരയെത്തിക്കഴിഞ്ഞാൽ എല്ലാവരും തുവർത്തി, വസ്ത്രം മാറി സന്തോഷം തുടിക്കുന്ന മുഖത്തോടെ വൃത്തിയായിത്തന്നെ രാജ്യഹാളിലെത്തുന്നു!—സങ്കീർത്തനം 40:9.
നാം വസിച്ചേക്കാവുന്ന ഒരു കോട്ട
10. പ്രയാസ സമയങ്ങളിൽ നമുക്കു യഹോവയിലേക്കു തിരിയാൻ കഴിയുന്നതെന്തുകൊണ്ട്?
10 നിങ്ങൾ ഭൂതങ്ങളുടെ നേരിട്ടുള്ള ആക്രമണങ്ങൾക്കു വിധേയരോ മററു പ്രശ്നങ്ങളാൽ കുഴഞ്ഞവരോ ആയാലും യഹോവക്കു നിങ്ങളുടെ ശക്തിദുർഗമായിരിക്കാൻ കഴിയും. പ്രാർഥനയിൽ അവിടുത്തെ വിളിച്ചപേക്ഷിക്കുവിൻ. തന്റെ ജനത്തിന്റെ ഏററവും ലോലമായ ഞരക്കങ്ങൾക്കുപോലും അവിടുന്നു സൂക്ഷ്മ ശ്രദ്ധ നൽകുന്നു. അതു സത്യമാണെന്നു മനസ്സിലാക്കിയ സങ്കീർത്തനക്കാരൻ എഴുതി: “നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ വേഗം വിടുവിക്കേണമേ. നീ എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കേണ്ടതിന്നു കോട്ടയായും ഇരിക്കേണമേ; നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ. നിന്റെ നാമംനിമിത്തം എന്നെ നടത്തി പാലിക്കേണമേ. അവർ എനിക്കായി ഒളിച്ചുവെച്ചിരിക്കുന്ന വലയിൽനിന്നു എന്നെ വിടുവിക്കേണമേ; നീ എന്റെ ദുർഗ്ഗമാകുന്നുവല്ലോ.”—സങ്കീർത്തനം 31:2-4.
11. യഹോവയുടെ കോട്ട താത്കാലികമായ ഒരു സ്ഥലമല്ലാത്തത് എന്തുകൊണ്ടെന്നു വിശദീകരിക്കുക.
11 കേവലം താത്കാലികമായ അഭയമല്ല, മറിച്ച് ആർക്കും അതിക്രമിച്ചുകടക്കാൻ കഴിയാത്ത കോട്ടയാണു യഹോവ പ്രദാനം ചെയ്യുന്നത്, അവിടെ നമുക്കു നിർഭയം വസിക്കാം. അവിടുത്തെ നേതൃത്വവും മാർഗനിർദേശവും തന്റെ ജനങ്ങൾക്ക് ഒരു പരാജയമായിരുന്നിട്ടില്ല. നാം മുഴുഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുമ്പോൾ സാത്താന്റെ തന്ത്രങ്ങളിൽനിന്ന് അവിടുന്നു നമ്മെ വിടുവിക്കും. (എഫെസ്യർ 6:10, 11) യഹോവയുടെ നിയമിത സമയത്ത്, അവിടുത്തെ ശക്തി സാത്താന്റെ കെണിയിൽനിന്നു നമ്മെ വലിച്ചു പുറത്തുകൊണ്ടുവരും. (2 പത്രൊസ് 2:9) കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഏതാണ്ടു 35 രാജ്യങ്ങളിൽ യഹോവയുടെ സാക്ഷികളുടെ പ്രസംഗവേല പുതുതായി ആരംഭിച്ചു. കൂടാതെ, സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സ്ഥിതിഗതികൾ സുവാർത്താപ്രസംഗത്തെ തടസ്സപ്പെടുത്തുന്ന ലോകത്തിന്റെ ഭാഗങ്ങളിൽനിന്നു ചെമ്മരിയാടുതുല്യരായ ചിലയാളുകൾ കൂടുതൽ സ്വതന്ത്രമായി പഠിക്കാൻ കഴിയുന്ന സ്ഥലങ്ങളിലേക്കു മാറിത്താമസിച്ചിരിക്കുന്നു. അത്തരമൊരു സ്ഥലമാണു ജപ്പാൻ.
12. ജപ്പാനിലെ ഒരു പയനിയർ യഹോവയെ തന്റെ ശക്തിദുർഗമാക്കിയതെങ്ങനെ?
12 പുറംരാജ്യങ്ങളിൽനിന്നുള്ള ജോലിക്കാരുടെ പ്രവാഹം അനുഭവപ്പെടുന്ന ഒരു രാജ്യമാണു ജപ്പാൻ, അതുകൊണ്ടുതന്നെ അനേകം വിദേശഭാഷാസഭകൾ അവിടെ സ്ഥാപിതമായിട്ടുണ്ട്. ഈ വിദേശഭാഷാവയൽ എത്ര ഫലോത്പാദകമാണെന്നു ദൃഷ്ടാന്തീകരിക്കുന്നതാണു ജാപ്പനീസ് സഭയിലെ ഒരു സഹോദരന്റെ അനുഭവം. ആവശ്യം കൂടുതലുള്ള സ്ഥലത്തു പോയി സേവിക്കാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, അപ്പോൾത്തന്നെ തന്റെ സ്വന്തം പ്രദേശത്ത് അദ്ദേഹത്തിനു 10 ബൈബിളധ്യയനങ്ങളുണ്ടായിരുന്നു. അതിനാൽ “ആവശ്യം കൂടുതലുള്ള സ്ഥലത്തേക്കാണു നിങ്ങൾ പോകുന്നതെങ്കിൽ നിങ്ങൾ അവിടെ 20 ബൈബിളധ്യയനങ്ങൾ നടത്തേണ്ടിവരും!” എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ ഒരാൾ തമാശരൂപേണ പറഞ്ഞു. നിയമനം കിട്ടിയതനുസരിച്ച് അദ്ദേഹം ഹിരോഷിമയിലേക്കു പോയി. എന്നിരുന്നാലും, കേവലം ഒരു അധ്യയനം ലഭിച്ചതു നാലു മാസം കഴിഞ്ഞായിരുന്നു. പോർച്ചുഗീസു ഭാഷ മാത്രം സംസാരിച്ചിരുന്ന ഒരു ബ്രസീൽകാരനെ ഒരു ദിവസം അദ്ദേഹം സന്ദർശിക്കുകയുണ്ടായി. ആ മനുഷ്യനുമായി ആശയവിനിയമം നടത്താൻ സഹോദരനു കഴിയാഞ്ഞതിനാൽ അദ്ദേഹം പോർച്ചുഗീസു ഭാഷയിലുള്ള ഒരു പാഠപുസ്തകം വാങ്ങി. ലളിതമായ ഏതാനും സംഭാഷണ വാചകങ്ങൾ വശമാക്കിക്കൊണ്ട് ആ മമനുഷ്യന്റെ അടുത്ത് അദ്ദേഹം വീണ്ടും ചെന്നു. സഹോദരൻ അദ്ദേഹത്തെ പോർച്ചുഗീസു ഭാഷയിൽ അഭിവാദനം ചെയ്തപ്പോൾ ആ മനുഷ്യന് അതൊരു അത്ഭുതമായി. ഒരു വിശാലമായ ചിരിയോടെ വാതിൽ തുറന്ന് അദ്ദേഹം സഹോദരനെ അകത്തേക്കു ക്ഷണിച്ചു. അതൊരു ബൈബിളധ്യയനത്തിന്റെ തുടക്കമായിരുന്നു. താമസിയാതെ, സഹോദരനു നടത്താൻ കഴിഞ്ഞത് മൊത്തം 22 ബൈബിളധ്യയനങ്ങളായിരുന്നു, 14 എണ്ണം പോർച്ചുഗീസിൽ, 6 എണ്ണം സ്പാനീഷിൽ, 2 എണ്ണം ജാപ്പനീസിൽ!
ആത്മവിശ്വാസത്തോടെ പ്രസംഗിക്കൽ
13. മററുള്ളവർ നമ്മെ പറഞ്ഞു ലജ്ജിപ്പിക്കാൻ ശ്രമിച്ചിട്ടല്ല നാം യഹോവയെ സേവിക്കേണ്ടത്, എന്തുകൊണ്ട്?
13 യഹോവയുടെ ജനം ഉറപ്പോടെ രാജ്യഗീതം പാടുന്നതു യഹോവയാണു തങ്ങളുടെ ശരണം എന്ന പൂർണവിശ്വാസത്തോടെയാണ്. (സങ്കീർത്തനം 31:14) അവർ ലജ്ജിക്കയില്ല—യഹോവ അവരെ നാണംകെടുത്തുകയില്ല, എന്തെന്നാൽ അവിടുന്നു തന്റെ വാക്കു പാലിക്കും. (സങ്കീർത്തനം 31:17) നാണംകെടുന്നതു പിശാചും അവന്റെ ഭൂതസൈന്യവ്യൂഹങ്ങളുമായിരിക്കും. ലജ്ജിക്കാൻ വകയില്ലാത്ത ഒരു സന്ദേശം പ്രസംഗിക്കാനാണു യഹോവയുടെ ജനം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നത്, അതുകൊണ്ട്, മററുള്ളവർ പറഞ്ഞു ലജ്ജിപ്പിച്ചിട്ടല്ല അവർ പ്രസംഗവേലയിൽ ഏർപ്പെടുന്നത്. യഹോവയെ ആ വിധത്തിൽ ആരാധിക്കാനല്ല അവിടുന്നോ പുത്രനോ ജനത്തെ ഉത്സാഹിപ്പിക്കുന്നത്. യഹോവയുടെ നൻമയിലും സ്നേഹദയയിലുമുള്ള വിശ്വാസവും വിലമതിപ്പും നിമിത്തം ആളുകളുടെ ഹൃദയങ്ങൾ നിറഞ്ഞിരിക്കുമ്പോൾ അവരുടെ ഹൃദയനൈർമല്യമാണ് അവരെ സംസാരിക്കാൻ പ്രചോദിപ്പിക്കുന്നത്. (ലൂക്കൊസ് 6:45) അതിനാൽ, മാസംതോറും നാം സേവനത്തിൽ ചെലവഴിക്കുന്ന സമയം എത്രതന്നെ ആയാലും, വിശേഷിച്ച് നമുക്കു ചെയ്യാവുന്നതിന്റെ പരമാവധിയാണ് അതെങ്കിൽ അത് അഭികാമ്യമാണ്, അപമാനകരമല്ല. യേശുവും അവിടുത്തെ പിതാവും വിധവയുടെ ചില്ലിക്കാശിനെ പൂർണമായി വിലമതിച്ചില്ലേ?—ലൂക്കൊസ് 21:1-4.
14. പയനിയർവേലയെ സംബന്ധിച്ചു നിങ്ങൾക്ക് എന്ത് അഭിപ്രായപ്രകടനം നടത്താം? (പട്ടികകൂടി കാണുക.)
14 അനേകം പ്രസാധകരെ സംബന്ധിച്ചടത്തോളം തങ്ങളുടെ ആരാധനയിൽ മുഴുദേഹിയോടെ ഏർപ്പെടുന്നതിൽ നിരന്തരപയനിയറായി സേവിക്കുന്നത് ഉൾപ്പെടുന്നു—കഴിഞ്ഞവർഷത്തെ അത്യുച്ചം 8,90,231 പേരായിരുന്നു! മുൻ വർഷങ്ങളിലെ പുരോഗതി തുടർന്നാൽ ഈ സംഖ്യ 10,00,000-വും കവിയാനാണു സാധ്യത. നൈജീരിയയിലെ ഒരു സഹോദരി പയനിയർ അണികളിൽ പ്രവേശിച്ചതെങ്ങനെ എന്നു പ്രകടമാക്കുന്ന അനുഭവമാണു പിൻവരുന്നത്. ആ സഹോദരി ഇപ്രകാരം എഴുതുന്നു: “എന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം തീരാറായ സമയം, യഹോവയുടെ സാക്ഷികളുടെ പയനിയർസ്കൂളിൽ സംബന്ധിക്കുന്നവർക്കു ഭക്ഷണം പാകംചെയ്യുന്നതിനു സഹായിക്കാൻ ഞാനും കൂടി. എന്റെ മുത്തശ്ശിയെക്കാൾ പ്രായമുള്ള രണ്ടു സഹോദരിമാരെ ഞാൻ അവിടെ കണ്ടുമുട്ടി. അവർ സ്കൂളിൽ സംബന്ധിക്കുന്ന പയനിയർമാരാണ് എന്നു മനസ്സിലാക്കിയ ഞാൻ എന്നോടുതന്നെ ചോദിച്ചു, ‘ഈ രണ്ടു പേർക്കു പയനിയറിങ് ചെയ്യാമെങ്കിൽ എനിക്ക് എന്തുകൊണ്ടായിക്കൂടാ?’ അതുകൊണ്ട്, സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിക്കഴിഞ്ഞ് ഞാനും ഒരു നിരന്തരപയനിയറായി.”
15. മററുള്ളവർ യഹോവയിൽ ശരണം വെക്കാൻതക്കവണ്ണം അനൗപചാരിക സാക്ഷീകരണം വഴിതെളിക്കുന്നതെങ്ങനെ?
15 എല്ലാവർക്കും പയനിയറിങ് ചെയ്യാനാവില്ല, എന്നാൽ എല്ലാവർക്കും ചെയ്യാനാവുന്ന ഒന്നുണ്ട്, സാക്ഷീകരണം. ബെൽജിയത്തിൽ ഒരു 82-കാരി സഹോദരി കടയിൽ പോയത് ഇറച്ചി വാങ്ങാനായിരുന്നു. ആയിടെ നടന്ന രാഷ്ട്രീയ ലഹളകളിൽ ഇറച്ചിക്കാരന്റെ ഭാര്യ അസ്വസ്ഥയാണെന്നു തോന്നിയ അവർ പൈസ കൊടുത്ത കൂട്ടത്തിൽ യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു? എന്ന ലഘുലേഖയും വെച്ചുകൊടുത്തു. അടുത്ത പ്രാവശ്യം കടയിലെത്തിയ സഹോദരിയെ കണ്ട മാത്രയിൽ ഇറച്ചിക്കാരന്റെ ഭാര്യ ചോദിക്കുകയാണ്, മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ചു ബൈബിൾ എന്താണു പറയുന്നത്? അവർക്കു കൊടുക്കാൻ സഹോദരി ഒരു പുസ്തകം കൊണ്ടുവന്നിരുന്നു, യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്ക് അത് എങ്ങനെ കണ്ടെത്താം? ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഈ വൃദ്ധസഹോദരി കടയിൽ വീണ്ടും ചെന്നപ്പോൾ ഇറച്ചിക്കാരന്റെ ഭാര്യക്കു പിന്നെയുമുണ്ടായിരുന്നു ചോദ്യങ്ങൾ. ഈ സ്ത്രീയോടു സഹതാപം തോന്നിയ സഹോദരി ഒരു ബൈബിളധ്യയനം വാഗ്ദാനം ചെയ്തു, അവർ അതു സ്വീകരിക്കുകയും ചെയ്തു. ഇപ്പോൾ ഇറച്ചിക്കാരന്റെ ഭാര്യക്കു സ്നാപനമേൽക്കാൻ ആഗ്രഹം. ഇറച്ചിക്കാരനോ? ലഘുലേഖ വായിച്ച അദ്ദേഹവും ഇപ്പോൾ ബൈബിൾ പഠിക്കുന്നു.
‘നൻമയുടെ ഒരു നിധി’
16. തന്റെ ജനങ്ങൾക്കുവേണ്ടി യഹോവ നൻമയുടെ ഒരു നിധി മാററിവെച്ചിരിക്കുന്നതെങ്ങനെ?
16 സമ്മർദപൂരിതമായ ഈ അന്ത്യകാലത്തു തന്നിൽ ശരണം വെച്ചിരിക്കുന്നവർക്കു യഹോവ “അത്ഭുതകരമായ സ്നേഹദയ പ്രദാനം ചെയ്തി”ട്ടില്ലേ? [NW] സ്നേഹവാനും രക്ഷിതാവുമായ ഒരു പിതാവിനെപ്പോലെ യഹോവ തന്റെ ഭൗമിക മക്കൾക്കുവേണ്ടി നൻമയുടെ ഒരു നിധി കരുതിവെച്ചിരിക്കുന്നു. സകലരും കാൺകെ അവിടുന്ന് അവരുടെമേൽ സന്തുഷ്ടി വർഷിച്ചുകൊണ്ടേയിരിക്കുന്നു, അതു സങ്കീർത്തനക്കാരൻ പറയുന്നതുപോലെയാണ്: “നിന്റെ ഭക്തൻമാർക്കുവേണ്ടി നീ സംഗ്രഹിച്ചതും നിന്നിൽ ആശ്രയിക്കുന്നവർക്കു വേണ്ടി മനുഷ്യപുത്രൻമാർ കാൺകെ നീ പ്രവർത്തിച്ചതുമായ നിന്റെ നൻമ എത്ര വലിയതാകുന്നു.”—സങ്കീർത്തനം 31:19, 21.
17-19. ഘാനയിൽ ഒരു വൃദ്ധൻ തന്റെ വിവാഹം നിയമാനുസൃതമാക്കിയത് എന്തു നല്ല ഫലമുളവാക്കി?
17 അതുകൊണ്ട്, യഹോവയെ ആരാധിക്കുന്നവരുടെ സത്യസന്ധതയ്ക്കു ദൃക്സാക്ഷികളായിത്തീരുന്ന ലോകക്കാരായ ആളുകൾ അതിൽ അത്ഭുതപ്പെടുന്നു. ഉദാഹരണത്തിന്, ഘാനയിൽ 96 വയസ്സുള്ള ഒരു വൃദ്ധൻ വിവാഹ രജിസ്റ്രറാറുടെ ഓഫീസിലേക്കു ചെന്ന് 70 വർഷം പിന്നിട്ട തന്റെ വിവാഹം രജിസ്ററർ ചെയ്തു തരണമെന്ന് അഭ്യർഥിച്ചു. “അതുതന്നെയാണു താങ്കൾക്കു വേണ്ടത് എന്ന് ഉറപ്പാണോ? അതും ഈ പ്രായത്തിൽ?” എന്നായിരുന്നു അന്തംവിട്ടുപോയ വിവാഹ രജിസ്റ്രറാർ ചോദിച്ചത്.
18 ആ മനുഷ്യൻ ഇങ്ങനെ വിശദീകരിച്ചു: “ഞാൻ ഒരു യഹോവയുടെ സാക്ഷിയാകാൻ ആഗ്രഹിക്കുന്നു, ലോകാവസാനം വരുന്നതിനു മുമ്പ് എനിക്ക് ഏററവും പ്രധാനപ്പെട്ട വേലയിൽ പങ്കുപററണം, അതായത്, ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്ന വേലയിൽ. നിത്യജീവനിലേക്കു നയിക്കുന്നതാണ് ഈ വേല. വിവാഹം രജിസ്ററർ ചെയ്യണമെന്ന നിയമം ഉൾപ്പെടെയുള്ള ഗവൺമെൻറ് നിയമങ്ങൾ യഹോവയുടെ സാക്ഷികൾ അനുസരിക്കുന്നു. അതുകൊണ്ട്, ദയവായി എനിക്ക് ഈ രജിസ്റ്രേറഷൻ നടത്തിത്തരിക.” ഓഫീസറുടെ നാവിറങ്ങിപ്പോയപോലെയായി. അദ്ദേഹം രജിസ്റ്രേറഷൻ നടത്തിക്കൊടുത്തു. തന്റെ വിവാഹം നിയമാനുസൃതമായതിൽ സന്തോഷവാനായി വൃദ്ധൻ സ്ഥലം വിടുകയും ചെയ്തു.—റോമർ 12:2 താരതമ്യപ്പെടുത്തുക.
19 അതിനു ശേഷം, താൻ കേട്ട കാര്യങ്ങളെക്കുറിച്ചു ഗഹനമായ ചിന്തയിലായി വിവാഹ രജിസ്റ്രറാർ. ‘യഹോവയുടെ സാക്ഷികൾ . . . ഏററവും പ്രധാനപ്പെട്ട വേല . . . ലോകാവസാനം . . . ദൈവരാജ്യം . . . നിത്യജീവൻ.’ 96-കാരനായ ഒരു വൃദ്ധന്റെ ജീവിതവും ഇവയും തമ്മിലെന്തു ബന്ധം, ഒരു എത്തും പിടിയും കിട്ടാതെ അദ്ദേഹം കൂടുതൽ അറിയാൻ സാക്ഷികളെ കണ്ടെത്താൻ തീരുമാനിച്ചു. ഒരു ബൈബിളധ്യയനം സ്വീകരിച്ച അദ്ദേഹം തകൃതിയായി പുരോഗമിച്ചു. ഇപ്പോൾ, സ്നാപനമേററ ഒരു സാക്ഷിയാണ് ഈ വിവാഹ രജിസ്റ്രറാർ. മററുള്ളവർ നിസ്സാരമെന്നു കരുതുന്ന സംഗതികളിലാണെങ്കിൽപ്പോലും നാം യഹോവയെ അനുസരിക്കുമ്പോൾ അതു നമുക്കും നമ്മുടെ ആ പ്രവൃത്തിക്കു ദൃക്സാക്ഷികളാകുന്നവർക്കും അവർണനീയമായ പ്രയോജനങ്ങളാവും കൈവരുത്തുക.—1 പത്രൊസ് 2:12 താരതമ്യപ്പെടുത്തുക.
20. മ്യാൻമാറിൽ ഒരു യുവസഹോദരിയുടെ സത്യസന്ധത ഒരു നല്ല സാക്ഷ്യത്തിൽ കലാശിച്ചതെങ്ങനെ?
20 തങ്ങളെ സത്യസന്ധരായ ആളുകളാക്കി മാററാൻ സത്യത്തെ അനുവദിച്ച പ്രായംചെന്നവർ സത്യസന്ധതയില്ലാത്ത ഈ ലോകത്തിലെ ചെറുപ്പക്കാർക്ക് ഒരു ഉത്തമ മാതൃകയാണു വെക്കുന്നത്. അത്തരമൊരു യുവസഹോദരി മ്യാൻമാറിലുണ്ട്. പത്തു കുട്ടികൾ ഉൾപ്പെട്ട ഒരു ദരിദ്ര കുടുംബത്തിലെ അംഗമാണ് ഈ സഹോദരി. പെൻഷൻ പററിയ പിതാവു നിരന്തരപയനിയറാണ്. ഒരു ദിവസം സ്കൂളിൽനിന്ന് ഈ സഹോദരിക്ക് ഒരു വജ്രമോതിരം കിട്ടി, അവൾ അത് ഉടനെ ടീച്ചറെ ഏൽപ്പിച്ചു. അടുത്ത ദിവസം ക്ലാസ്സ് തുടങ്ങിയപ്പോൾ മോതിരം കണ്ടെത്തിയവിധവും അതിന്റെ ഉടമസ്ഥയ്ക്കു തിരിച്ചുകൊടുക്കുന്നതിനു തന്നെ ഏൽപ്പിച്ച കാര്യവും ടീച്ചർ കുട്ടികളോടു പറഞ്ഞു. എന്നിട്ട്, മററു കുട്ടികൾക്കാണു കിട്ടിയതെങ്കിൽ അവർ അതു തിരിച്ചേൽപ്പിക്കാതെ തങ്ങൾക്കായിത്തന്നെ സൂക്ഷിക്കുമെന്ന് അറിയാമായിരുന്നിട്ടും അവൾ എന്തുകൊണ്ടാണ് ഇതു ചെയ്തത് എന്നു ക്ലാസ്സിനു മുമ്പിൽ വന്നുനിന്നു വിശദീകരിക്കണമെന്നായി ടീച്ചർ. താൻ ഒരു യഹോവയുടെ സാക്ഷിയാണെന്നും മോഷണമോ ഏതെങ്കിലും തരത്തിലുള്ള സത്യസന്ധതയില്ലായ്മയോ ഇഷ്ടപ്പെടുന്നവനല്ല തന്റെ ദൈവമെന്നും സഹോദരി വിശദീകരിച്ചു. സ്കൂൾ മുഴുവനും അതിനെക്കുറിച്ചു കേട്ടു, ഇത് ഈ യുവസഹോദരിക്ക് അധ്യാപകരോടും വിദ്യാർഥികളോടും ഒരുപോലെ സാക്ഷീകരിക്കാൻ അവസരം നൽകി.
21. യുവജനങ്ങൾ യഹോവയിൽ ആശ്രയിക്കുമ്പോൾ അവരുടെ നടത്ത അവിടുത്തെ എങ്ങനെ പ്രതിഫലിപ്പിക്കും?
21 ബെൽജിയത്തിൽ ക്ലാസ്സിൽവെച്ച് ഒരു അധ്യാപകൻ യഹോവയുടെ സാക്ഷികളെക്കുറിച്ച് ഒരു രസാവഹമായ അഭിപ്രായപ്രകടനം നടത്തി. തന്റെ വിദ്യാർഥികളിൽ ഒരാളുടെ, ഇവിടെയും ഒരു യുവസഹോദരിയുടെതന്നെ, സ്വഭാവം നിരീക്ഷിച്ചിട്ടുണ്ടായിരുന്ന ഈ അധ്യാപകൻ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷികളെക്കുറിച്ച് എനിക്ക് ഇപ്പോൾ മറെറാരഭിപ്രായമാണുള്ളത്. ഒട്ടും സഹിഷ്ണുത ഇല്ലാത്തവരായിരിക്കും അവർ എന്നു ഞാൻ ധരിച്ചത് എന്റെ മുൻവിധിയായിപ്പോയി. അവരാണ് ഏററവും കൂടുതൽ സഹിഷ്ണുതയുള്ളവർ, അതേസമയം അവർ തത്ത്വങ്ങൾ അടിയറവെക്കുകയുമില്ല.” അധ്യാപകർ വർഷംതോറും തങ്ങളുടെ ഏററവും നല്ല വിദ്യാർഥികൾക്കു സമ്മാനം കൊടുക്കാറുണ്ട്. അതിലൊരു സമ്മാനം സദാചാരത്തിനാണ്. മൂന്ന് ഉന്നത ഗ്രേഡുകൾക്കുള്ള സമ്മാനങ്ങൾ തുടർച്ചയായുള്ള മൂന്നു വർഷങ്ങളിൽ ഈ അധ്യാപകൻ നൽകിയതു യഹോവയുടെ സാക്ഷികളുടെ കുട്ടികൾക്കായിരുന്നു. വിശ്വസ്തതയോടെ യഹോവയിൽ ആശ്രയം വെച്ചിട്ടുള്ളവരുടെ കാര്യത്തിൽ അങ്ങനെയാണു മിക്കപ്പോഴും സംഭവിക്കുക.—സങ്കീർത്തനം 31:23.
22. സങ്കീർത്തനം 31-നുള്ള ജയാഹ്ലാദപൂർണമായ ഉപസംഹാരം എന്താണ്, സാത്താന്റെ വ്യവസ്ഥിതിയുടെ സമാപന നാളുകളിൽ അതു നമ്മെ എങ്ങനെ സഹായിക്കും?
22 വിജയഭേരി മുഴക്കിപ്പാടിയാണു സങ്കീർത്തനം 31 ഉപസംഹരിക്കുന്നത്. “യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിപ്പിൻ; നിങ്ങളുടെ ഹൃദയം ഉറെച്ചിരിക്കട്ടെ.” (സങ്കീർത്തനം 31:24) അതുകൊണ്ട്, നാം സാത്താന്റെ ദുഷ്ട വ്യവസ്ഥിതിയുടെ സമാപന നാളുകളെ അഭിമുഖീകരിക്കുമ്പോൾ, യഹോവ നമ്മെ വിട്ടകലുന്നതിനു പകരം, നമ്മോടു വളരെ അടുത്തു വന്ന് നമുക്ക് അവിടുത്തെ ശക്തി പകർന്നുതരും. യഹോവ വിശ്വസ്തനാണ്, അവിടുന്നു പരാജയപ്പെടില്ല. അവിടുന്നാണു നമ്മുടെ ശരണം; അവിടുന്നാണു നമ്മുടെ ഗോപുരം.—സദൃശവാക്യങ്ങൾ 18:10.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ യഹോവയെ ഉറപ്പോടെ നമ്മുടെ ശരണമാക്കാൻ നമുക്കു കഴിയുന്നതെന്തുകൊണ്ട്?
◻ ഒരു വൻ ഗായകഗണം ധൈര്യത്തോടെ രാജ്യസ്തുതി പാടുന്നുവെന്നതിന് എന്തു തെളിവുണ്ട്?
◻ സാത്താന്റെ വലയ്ക്കു യഹോവയുടെ ജനത്തെ കെണിയിലാക്കാനാകില്ലെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
◻ തന്നിൽ ശരണം വെച്ചിരിക്കുന്നവർക്കു യഹോവ എന്തു നിധിയാണു മാററിവെച്ചിരിക്കുന്നത്?
[12-15 പേജുകളിലെ ചാർട്ട്]
യഹോവയുടെ സാക്ഷികളുടെ 1993 സേവനവർഷത്തിലെ ലോകവ്യാപക റിപ്പോർട്ട്
(ബയന്റിട്ട വാല്യം കാണുക)
[16, 17 പേജുകളിലെ ചിത്രങ്ങൾ]
യഹോവയിൽ ശരണം വെക്കുന്നവർ രാജ്യപ്രഘോഷകരുടെ ഒരു വൻ ഗായകഗണത്തെ സൃഷ്ടിക്കുന്നു—47,09,889 പേർ!
1. സെനിഗൾ
2. ബ്രസീൽ
3. ചിലി
4. ബൊളീവിയ