-
‘യഹോവയുടെ നിർണയം’ പരാജയപ്പെടുകയില്ലവീക്ഷാഗോപുരം—2004 | ജൂലൈ 15
-
-
രാഷ്ട്രങ്ങൾ കലഹിക്കുന്നു
4. സങ്കീർത്തനം 2:1, 2-ലെ മുഖ്യ ആശയങ്ങളെ നിങ്ങൾ എങ്ങനെ സംക്ഷേപിക്കും?
4 രാഷ്ട്രങ്ങളുടെയും അവയുടെ ഭരണാധികാരികളുടെയും പ്രവർത്തനങ്ങളെ പരാമർശിച്ചുകൊണ്ട് സങ്കീർത്തനക്കാരൻ തന്റെ രചന തുടങ്ങുന്നു. അവൻ ഇങ്ങനെ പാടി: “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു? യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കയും അധിപതികൾ തമ്മിൽ ആലോചിക്കയും” ചെയ്യുന്നു.—സങ്കീർത്തനം 2:1, 2.a
5, 6. “വ്യർത്ഥമായ” എന്തു കാര്യമാണ് വംശങ്ങൾ ‘നിരൂപിച്ചുകൊണ്ടിരിക്കുന്നത്’?
5 “വ്യർത്ഥമായ” എന്തു കാര്യമാണ് ഇപ്പോൾ വംശങ്ങൾ ‘നിരൂപിച്ചുകൊണ്ടിരിക്കുന്നത്’? ദൈവത്തിന്റെ അഭിഷിക്തനെ, അതായത് മിശിഹായെ അഥവാ ക്രിസ്തുവിനെ സ്വീകരിക്കുന്നതിനു പകരം തങ്ങളുടെതന്നെ അധികാരം നിലനിറുത്തുന്നതിനെ കുറിച്ചാണ് രാഷ്ട്രങ്ങൾ ‘നിരൂപിച്ചുകൊണ്ടിരിക്കുന്നത്’ അല്ലെങ്കിൽ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ദൈവത്തിന്റെ നിയുക്ത രാജാവായിരുന്ന യേശുക്രിസ്തുവിനെ വധിക്കാൻ യഹൂദ-റോമൻ അധികാരികൾ ഒറ്റക്കെട്ടായി അണിനിരന്നപ്പോൾ രണ്ടാം സങ്കീർത്തനത്തിലെ ഈ വാക്കുകൾക്ക് പൊ.യു. ഒന്നാം നൂറ്റാണ്ടിലും ഒരു നിവൃത്തി ഉണ്ടായി. എന്നിരുന്നാലും, യേശു സ്വർഗീയ രാജാവായി അവരോധിക്കപ്പെട്ട 1914-ലാണ് അതിന്റെ മുഖ്യ നിവൃത്തി തുടങ്ങിയത്. അന്നുമുതൽ, ഭൂമിയിലെ യാതൊരു രാഷ്ട്രവും ദൈവത്തിന്റെ സിംഹാസനസ്ഥ രാജാവിനെ അംഗീകരിച്ചിട്ടില്ല.
6 ‘വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നത് എന്ത്’ എന്ന സങ്കീർത്തനക്കാരന്റെ ചോദ്യത്തിന്റെ അർഥമെന്തായിരുന്നു? അവരുടെ ഉദ്ദേശ്യമാണ് വ്യർഥമായിരിക്കുന്നത്; അതു നിഷ്ഫലമാണ്, അതു പരാജയപ്പെടുകതന്നെ ചെയ്യും. ഭൂഗ്രഹത്തിൽ സമാധാനവും ഐക്യവും ആനയിക്കാൻ അവർക്കാവില്ല. എന്നിട്ടും, അവരുടെ പ്രവർത്തനങ്ങൾ ദിവ്യ ഭരണാധിപത്യത്തെ എതിർക്കുന്ന അളവോളം പോകുന്നു. യഥാർഥത്തിൽ, പരമോന്നതനും അവന്റെ അഭിഷിക്തനും വിരോധമായി ശത്രുതാമനോഭാവത്തോടെ അവർ ഒറ്റക്കെട്ടായി അണിനിരക്കുകയും അവർക്കു വിരോധമായി ആലോചിക്കുകയും ചെയ്തിരിക്കുന്നു. എത്ര വിഡ്ഢിത്തം!
യഹോവയുടെ ജയശാലിയായ രാജാവ്
7. യേശുവിന്റെ ആദിമ അനുഗാമികൾ തങ്ങളുടെ പ്രാർഥനയിൽ എങ്ങനെയാണ് സങ്കീർത്തനം 2:1, 2 ബാധകമാക്കിയത്?
7 സങ്കീർത്തനം 2:1, 2-ലെ വാക്കുകൾ യേശുവിന്റെ അനുഗാമികൾ അവനു ബാധകമാക്കി. തങ്ങളുടെ വിശ്വാസത്തെ പ്രതി പീഡിപ്പിക്കപ്പെട്ട അവർ ഇങ്ങനെ പ്രാർഥിച്ചു: ‘ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ, “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു? ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിന്നു വിരോധമായും അവന്റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ, നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസന്നു വിരോധമായി ഹെരോദാവും [അന്തിപ്പാസ്] പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി.’ (പ്രവൃത്തികൾ 4:24-27; ലൂക്കൊസ് 23:1-12)b അതേ, ഒന്നാം നൂറ്റാണ്ടിൽ ദൈവത്തിന്റെ അഭിഷിക്ത ദാസനായ യേശുവിനെതിരെ ഒരു ഗൂഢാലോചന നടന്നു. എന്നിരുന്നാലും, ഈ സങ്കീർത്തനത്തിന് നൂറ്റാണ്ടുകൾക്കു ശേഷം മറ്റൊരു നിവൃത്തി ഉണ്ടാകുമായിരുന്നു.
8. സങ്കീർത്തനം 2:3 ഇപ്പോഴത്തെ രാഷ്ട്രങ്ങൾക്കു ബാധകമാകുന്നത് എങ്ങനെ?
8 പുരാതന ഇസ്രായേലിന് ദാവീദിനെ പോലുള്ള ഒരു മാനുഷ രാജാവ് ഉണ്ടായിരുന്നപ്പോൾ പുറജാതി രാഷ്ട്രങ്ങളും ഭരണാധികാരികളും ദൈവത്തിനും അവന്റെ സിംഹാസനസ്ഥ അഭിഷിക്തനും എതിരെ ഒന്നിച്ചുകൂടി. നമ്മുടെ കാലത്തോ? ഇപ്പോഴത്തെ രാഷ്ട്രങ്ങൾ യഹോവയുടെയും മിശിഹായുടെയും വ്യവസ്ഥകൾക്കു കീഴ്പെടാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അവർ പിൻവരുംവിധം പറയുന്നതായി വർണിക്കപ്പെട്ടിരിക്കുന്നു: “നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.” (സങ്കീർത്തനം 2:3) ദൈവവും അവന്റെ അഭിഷിക്തനും വെക്കുന്ന ഏതൊരു നിയന്ത്രണത്തെയും ഭരണാധികാരികളും രാഷ്ട്രങ്ങളും എതിർക്കും. അത്തരം കെട്ടുകളെ പൊട്ടിക്കാനും കയറുകളെ എറിഞ്ഞുകളയാനുമുള്ള ഏതൊരു ശ്രമവും തീർച്ചയായും വൃഥാവായിരിക്കും.
-
-
‘യഹോവയുടെ നിർണയം’ പരാജയപ്പെടുകയില്ലവീക്ഷാഗോപുരം—2004 | ജൂലൈ 15
-
-
a ആദ്യം, ‘അഭിഷിക്തൻ’ ദാവീദ് രാജാവും “ഭൂമിയിലെ രാജാക്കന്മാർ” അവനെതിരെ സൈന്യസന്നാഹം ഒരുക്കിയ ഫെലിസ്ത്യ ഭരണാധിപന്മാരും ആയിരുന്നു.
b രണ്ടാം സങ്കീർത്തനത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ അഭിഷിക്തൻ യേശുവാണെന്ന് ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ മറ്റു ഭാഗങ്ങളും പ്രകടമാക്കുന്നു. സങ്കീർത്തനം 2:7-നെ പ്രവൃത്തികൾ 13:32, 33-മായും എബ്രായർ 1:5; 5:5-മായും താരതമ്യം ചെയ്താൽ ഇതു വ്യക്തമാകും. സങ്കീർത്തനം 2:9-ഉം വെളിപ്പാടു 2:26, 27-ഉം കൂടി കാണുക.
-