സൗഖ്യത്തിലേക്കു നയിക്കുന്ന ഏറ്റുപറച്ചിൽ
“ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിത്യമായ ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി; രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു; എന്റെ മജ്ജ വേനല്ക്കാലത്തിലെ ഉഷ്ണത്താൽ എന്നപോലെ വററിപ്പോയി.” (സങ്കീർത്തനം 32:3, 4) പുരാതന ഇസ്രായേലിലെ ദാവീദ് രാജാവിന് അനുഭവപ്പെട്ട ആഴമായ ദുഃഖത്തിന്റെ, ഗുരുതരമായ ഒരു പാപം ഏറ്റുപറയുന്നതിനു പകരം അതു മറച്ചുവെച്ചതിനാൽ സ്വയം വരുത്തിവെച്ച വേദനയുടെ പ്രതിഫലനമായിരുന്നിരിക്കാം ഹൃദയസ്പർശിയായ ആ വാക്കുകൾ.
സവിശേഷമായ കഴിവുകൾ ഉണ്ടായിരുന്ന ഒരാളായിരുന്നു ദാവീദ്. അവൻ ഒരു ധീര യോദ്ധാവും മികച്ച രാജ്യതന്ത്രജ്ഞനും കവിയും സംഗീതജ്ഞനുമൊക്കെ ആയിരുന്നു. എങ്കിലും, സ്വന്തം കഴിവുകളിൽ അല്ല, ദൈവത്തിലാണ് അവൻ ആശ്രയിച്ചത്. (1 ശമൂവേൽ 17:45, 46) “യഹോവയിങ്കൽ ഏകാഗ്രമായ” ഹൃദയം ഉണ്ടായിരുന്ന വ്യക്തി എന്ന് അവനെ കുറിച്ചു പറഞ്ഞിരിക്കുന്നു. (1 രാജാക്കന്മാർ 11:4) എന്നാൽ, അവൻ ചെയ്ത ഒരു പാപം വിശേഷിച്ചും കുറ്റകരമായിരുന്നു. അതു സംബന്ധിച്ച് ആയിരിക്കാം സങ്കീർത്തനം 32-ൽ അവൻ പരാമർശിക്കുന്നത്. അവനെ പാപത്തിലേക്കു നയിച്ച സാഹചര്യങ്ങൾ പരിശോധിക്കുന്നെങ്കിൽ നമുക്കു വളരെയധികം കാര്യങ്ങൾ പഠിക്കാൻ കഴിയും. ഒഴിവാക്കേണ്ട കെണികളെയും ദൈവവുമായുള്ള നമ്മുടെ ബന്ധം പുനഃസ്ഥാപിക്കുന്നതിന് നമ്മുടെ പാപങ്ങൾ ഏറ്റുപറയേണ്ടതിന്റെ ആവശ്യത്തെയും കുറിച്ചു നാം മനസ്സിലാക്കും.
ഒരു വിശ്വസ്ത രാജാവ് പാപത്തിൽ വീഴുന്നു
ഇസ്രായേല്യ ജനത അമ്മോന്യരുമായി യുദ്ധം ചെയ്യുകയായിരുന്നു. എന്നാൽ ദാവീദ് അപ്പോൾ യെരൂശലേമിൽത്തന്നെ താമസിക്കുകയായിരുന്നു. ഒരു ദിവസം സന്ധ്യയാകാറായ സമയത്ത് തന്റെ രാജധാനിയുടെ മാളികമേൽ ഉലാത്തിക്കൊണ്ടിരിക്കെ, അയൽപക്കത്തെ വീട്ടിൽ സുന്ദരിയായ ഒരു സ്ത്രീ കുളിക്കുന്നത് അവൻ ശ്രദ്ധിച്ചു. ആത്മസംയമനം കാട്ടാൻ പരാജയപ്പെട്ട അവന് അവളോടു ശക്തമായ കാമവികാരം തോന്നിത്തുടങ്ങി. അവൾ തന്റെ സൈന്യത്തിലെ ഒരു പട്ടാളക്കാരനായ ഊരീയാവിന്റെ ഭാര്യയായ ബത്ത്-ശേബ ആണെന്നു മനസ്സിലാക്കിയ ദാവീദ് അവളെ വിളിച്ചുവരുത്തി അവളുമായി വ്യഭിചാരം ചെയ്തു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ, താൻ ഗർഭിണി ആണെന്ന വിവരം അവൾ ദാവീദിനെ അറിയിച്ചു.—2 ശമൂവേൽ 11:1-5.
അങ്ങനെ ദാവീദ് കുടുക്കിലായി. അവരുടെ പാപം വെളിച്ചത്തായാൽ ഇരുവർക്കും മരണശിക്ഷ കിട്ടുമായിരുന്നു. (ലേവ്യപുസ്തകം 20:10) അതുകൊണ്ട് ദാവീദ് ഒരു പദ്ധതി ആസൂത്രണം ചെയ്തു. ബത്ത്-ശേബയുടെ ഭർത്താവായ ഊരീയാവിനെ അവൻ യുദ്ധക്കളത്തിൽനിന്നു മടക്കിവിളിച്ചു. യുദ്ധത്തെ കുറിച്ച് വളരെ കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞശേഷം, വീട്ടിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളാൻ ദാവീദ് അവനു നിർദേശം നൽകി. അങ്ങനെ ചെയ്താൽ, ബത്ത്-ശേബയുടെ കുട്ടിയുടെ പിതാവ് ഊരീയാവ് ആണെന്ന് വരുത്തിത്തീർക്കാൻ സാധിക്കുമെന്ന് ദാവീദ് വിചാരിച്ചു.—2 ശമൂവേൽ 11:6-9.
എന്നാൽ, ഊരീയാവ് ഭാര്യയുടെ അടുക്കൽ പോകാൻ വിസമ്മതിച്ചത് ദാവീദിനെ നിരാശപ്പെടുത്തി. ഇസ്രായേല്യ സൈന്യം യുദ്ധദുരിതങ്ങൾ സഹിച്ചു കഴിയവെ, വീട്ടിലേക്കു മടങ്ങിപ്പോകുന്നതിനെ കുറിച്ചു തനിക്കു ചിന്തിക്കാൻ പോലും കഴിയുന്നില്ല എന്ന് ഊരീയാവ് പറഞ്ഞു. ഇസ്രായേല്യ സൈന്യം യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ സൈനികർ തങ്ങളുടെ ഭാര്യമാരുമായി പോലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമായിരുന്നില്ല. ആചാരപരമായി അവർ ശുദ്ധിയുള്ളവർ ആയിരിക്കണമായിരുന്നു. (1 ശമൂവേൽ 21:5, ഓശാന ബൈബിൾ) ദാവീദ് തുടർന്ന് ഊരീയാവിനെ ഭക്ഷണത്തിനു ക്ഷണിച്ചു. എന്നിട്ട് അവനെ വീഞ്ഞു കുടിപ്പിച്ച് മത്തനാക്കി. എന്നിട്ടും ഊരീയാവ് തന്റെ ഭാര്യയുടെ അടുക്കൽ പോകാൻ കൂട്ടാക്കിയില്ല. ഊരീയാവിന്റെ വിശ്വസ്തമായ പെരുമാറ്റം ദാവീദിന്റെ ഘോരപാപത്തെ കുറ്റം വിധിച്ചു.—2 ശമൂവേൽ 11:10-13.
സ്വന്തം പാപം തീർത്ത കുരുക്ക് ദാവീദിനെ ഒന്നിനൊന്നു വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്നു. നിരാശനായ അവൻ ഒരു പരിഹാരമാർഗമേ കണ്ടുള്ളൂ. സൈന്യാധിപനായ യോവാബിനുള്ള ഒരു കുറിപ്പുമായി ദാവീദ് ഊരീയാവിനെ യുദ്ധക്കളത്തിലേക്കു വീണ്ടും പറഞ്ഞയച്ചു. “പട കഠിനമായിരിക്കുന്നേടത്തു ഊരീയാവെ മുന്നണിയിൽ നിർത്തി അവൻ വെട്ടുകൊണ്ടു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിൻമാറുവിൻ” എന്നാണ് ആ കുറിപ്പിൽ എഴുതിയിരുന്നത്. ഈ ഒരു ചെറിയ കുറിപ്പുകൊണ്ട് ഊരീയാവിനെ കൊലയ്ക്കു കൊടുക്കാനും അങ്ങനെ തന്റെ പാപപ്രവൃത്തികൾ മൂടിവെക്കാനും കഴിയുമെന്ന് ശക്തനായ ഈ രാജാവ് വിചാരിച്ചിരിക്കാം.—2 ശമൂവേൽ 11:14-17.
ഭർത്താവിന്റെ മരണത്തിലുള്ള ബത്ത്-ശേബയുടെ വിലാപകാലം കഴിഞ്ഞയുടനെ ദാവീദ് അവളെ വിവാഹം കഴിച്ചു. നാളുകൾ കടന്നുപോയി, ഒടുവിൽ അവരുടെ കുട്ടി ജനിച്ചു. ഇക്കാലമെല്ലാം ദാവീദ് തന്റെ പാപത്തെ കുറിച്ച് ആരോടും വെളിപ്പെടുത്തിയില്ല. ഒരുപക്ഷേ തന്റെ പ്രവൃത്തികളെ ന്യായീകരിക്കാൻ അവൻ ശ്രമിക്കുക ആയിരുന്നിരിക്കാം. ‘മറ്റുള്ളവരെപ്പോലെ ഊരീയാവും യുദ്ധത്തിൽ വീരചരമം പ്രാപിച്ചില്ലേ? ഭാര്യയുടെ അടുക്കൽ പോകാൻ വിസമ്മതിച്ചുകൊണ്ട് അവൻ രാജാവിനോട് അനുസരണക്കേടു കാണിച്ചില്ലേ?’ എന്നൊക്കെ ദാവീദ് ചിന്തിച്ചിരിക്കാം. ‘കപട ഹൃദയം’ പാപത്തെ ന്യായീകരിക്കാൻ എല്ലാത്തരം ന്യായവാദങ്ങളും ഉപയോഗിക്കും.—യിരെമ്യാവു 17:9; 2 ശമൂവേൽ 11:25.
പാപത്തിലേക്കു നയിക്കുന്ന തെറ്റായ ചുവടുവയ്പുകൾ
നീതിയെ സ്നേഹിച്ചിരുന്നവനായ ദാവീദിന് വ്യഭിചാരവും കൊലപാതകവും ചെയ്യുന്ന അവസ്ഥയോളം എങ്ങനെ അധഃപതിക്കാൻ കഴിഞ്ഞു? വ്യക്തമായും അവന്റെ പാപത്തിന്റെ വിത്തുകൾ പാകപ്പെട്ടത് ഒരു കാലഘട്ടംകൊണ്ട് ആണ്. യഹോവയുടെ ശത്രുക്കൾക്ക് എതിരെയുള്ള പോരാട്ടത്തിൽ തന്റെ സൈനികരെ സഹായിച്ചുകൊണ്ട് അവൻ അവരോടൊപ്പം ഉണ്ടായിരിക്കാഞ്ഞത് എന്തുകൊണ്ടാണെന്നു നാം ഒരുപക്ഷേ വിചാരിച്ചേക്കാം. അവൻ തന്റെ അരമനയിലെ സുഖസൗകര്യങ്ങൾ ആസ്വദിച്ചു കഴിയുകയായിരുന്നു. അവിടെയായിരിക്കെ, ഒരു വിശ്വസ്ത സൈനികന്റെ ഭാര്യയോടുള്ള തെറ്റായ മോഹത്തെ തുടച്ചുകളയത്തക്കവണ്ണം യുദ്ധത്തെ കുറിച്ചുള്ള ചിന്തകൾ അവന്റെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നില്ല. സത്യ ക്രിസ്ത്യാനികൾ ഇന്ന് തങ്ങളുടെ സഭകളോടൊപ്പം ആത്മീയ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടുകയും സുവിശേഷ വേലയിൽ പതിവായി പങ്കെടുക്കുകയും ചെയ്യുന്നത് അവർക്ക് ഒരു സംരക്ഷണമാണ്.—1 തിമൊഥെയൊസ് 6:12, ഓശാന ബൈ.
ന്യായപ്രമാണത്തിന്റെ ഒരു പകർപ്പ് എഴുതിയുണ്ടാക്കി അതു ദിവസവും വായിക്കാൻ ഇസ്രായേല്യ രാജാക്കന്മാരോടു നിർദേശിച്ചിരുന്നു. അങ്ങനെ ചെയ്യുന്നതിനുള്ള കാരണമായി ബൈബിൾ പറയുന്നത്, ‘ന്യായപ്രമാണത്തിലെ സകലവചനങ്ങളും ചട്ടങ്ങളും അവൻ പ്രമാണിച്ചുനടന്നു തന്റെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നും അവന്റെ ഹൃദയം സഹോദരന്മാർക്കു മീതെ അഹങ്കരിച്ചുയരാതെയും അവൻ കല്പനവിട്ടു ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെയും ഇരിക്കേണ്ടതിന്നും’ എന്നാണ്. (ആവർത്തനപുസ്തകം 17:18-20) ദാവീദ് കഠിനമായ ആ പാപങ്ങൾ ചെയ്ത സമയത്ത് അവൻ ഈ നിർദേശം ബാധകമാക്കിയിരുന്നില്ല എന്നു തോന്നുന്നു. ദൈവവചനം പതിവായി പഠിക്കുന്നതും അതേക്കുറിച്ചു ധ്യാനിക്കുന്നതും ഈ ദുർഘട നാളുകളിൽ ദുഷ്പ്രവൃത്തികളിൽനിന്നു നമ്മെ തീർച്ചയായും കാക്കും.—സദൃശവാക്യങ്ങൾ 2:10-12.
മാത്രമല്ല, പത്തു കൽപ്പനകളിൽ അവസാനത്തേത് ഇപ്രകാരം വ്യക്തമായി പ്രസ്താവിച്ചിരുന്നു: “കൂട്ടുകാരന്റെ ഭാര്യയെ . . . മോഹിക്കരുതു.” (പുറപ്പാടു 20:17) ആ സമയത്ത് ദാവീദിന് നിരവധി ഭാര്യമാരും വെപ്പാട്ടികളും ഉണ്ടായിരുന്നു. (2 ശമൂവേൽ 3:2-5) എന്നാൽ സുന്ദരിയായ മറ്റൊരു സ്ത്രീയെ മോഹിക്കുന്നതിൽനിന്ന് അത് അവനെ സംരക്ഷിച്ചില്ല. ദാവീദിനെ കുറിച്ചുള്ള ഈ ബൈബിൾ വൃത്താന്തം യേശുവിന്റെ വാക്കുകളുടെ ഗൗരവം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു: “സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ [“നോക്കിക്കൊണ്ടിരിക്കുന്നവൻ,” NW] എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.” (മത്തായി 5:28) അത്തരം അനുചിത മോഹങ്ങളെ മനസ്സിൽ താലോലിക്കുന്നതിനു പകരം, നമുക്ക് അവ സത്വരം മനസ്സിൽനിന്നും ഹൃദയത്തിൽനിന്നും പിഴുതുമാറ്റാം.
അനുതാപവും കരുണയും
ദാവീദിന്റെ പാപത്തെ കുറിച്ചുള്ള ബൈബിളിന്റെ ഈ പച്ചയായ വിവരണം തീർച്ചയായും ഒരുവന്റെ ലൈംഗിക മോഹങ്ങളെ തൃപ്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല. യഹോവയുടെ മുന്തിയ ഗുണങ്ങളിൽ ഒന്നിന്റെ—കരുണയുടെ—ശക്തവും ഹൃദയസ്പൃശ്യവുമായ പ്രകടനം കാണാൻ അതു നമുക്ക് അവസരം നൽകുന്നു.—പുറപ്പാടു 34:6, 7.
ബത്ത്-ശേബ ഒരു പുത്രനെ പ്രസവിച്ചശേഷം, യഹോവ നാഥാൻ പ്രവാചകനെ ദാവീദിന്റെ അടുക്കലേക്ക് അയയ്ക്കുന്നു. അതു കരുണാപൂർവകമായ ഒരു പ്രവൃത്തി ആയിരുന്നു. നാഥാൻ ദാവീദിനെ സമീപിക്കാതിരിക്കുകയും ദാവീദ് തന്റെ പാപപ്രവൃത്തി സംബന്ധിച്ചു നിശ്ശബ്ദനായി തുടരുകയും ചെയ്തിരുന്നെങ്കിൽ, സാധ്യതയനുസരിച്ച് പാപത്തിന്റെ ഒരു ഗതിയിൽ അവന്റെ ഹൃദയം കഠിനപ്പെട്ടു പോകുമായിരുന്നു. (എബ്രായർ 3:13) സന്തോഷകരമെന്നു പറയട്ടെ, ദാവീദ് ദൈവത്തിന്റെ കരുണയോടു പ്രതികരിച്ചു. നാഥാന്റെ വിദഗ്ധവും വ്യക്തവുമായ വാക്കുകൾ അവന്റെ മനസ്സാക്ഷിയെ കുത്തിനോവിച്ചു. താൻ ദൈവത്തിനെതിരെ പാപം ചെയ്തതായി അവൻ താഴ്മയോടെ സമ്മതിച്ചു. വാസ്തവത്തിൽ ബത്ത്-ശേബയുമായുള്ള ദാവീദിന്റെ പാപത്തെ കുറിച്ചു പരാമർശിക്കുന്ന സങ്കീർത്തനം 51, അവൻ തന്റെ ഘോര പാപം ഏറ്റുപറഞ്ഞ് അനുതപിച്ചശേഷം രചിച്ചതാണ്. നാം ഗുരുതരമായ ഒരു പാപത്തിൽ വീഴുന്നെങ്കിൽ, നമ്മുടെ ഹൃദയം കഠിനപ്പെടാൻ ഒരിക്കലും അനുവദിക്കാതിരിക്കാം.—2 ശമൂവേൽ 12:1-13.
ദാവീദിനു ക്ഷമ ലഭിച്ചെങ്കിലും, അവനു ശിക്ഷണം ലഭിക്കാതെ പോയില്ല. പാപത്തിന്റെ അനന്തരഫലങ്ങൾ അവന് അനുഭവിക്കേണ്ടി വരികതന്നെ ചെയ്തു (സദൃശവാക്യങ്ങൾ 6:27) ദാവീദിന് ശിക്ഷണം ലഭിക്കാതിരുന്നാൽ അത് എങ്ങനെ ശരിയാകും? ദൈവം എല്ലാം കണ്ടില്ലെന്നു നടിച്ചാൽ, അവന്റെ നിലവാരങ്ങൾക്ക് എന്തു വിലയാണ് ഉള്ളത്? ദുഷ്ടന്മാരായ തന്റെ പുത്രന്മാർക്ക് മൃദുവായ ഒരു ശാസന മാത്രം നൽകുകയും തുടർന്ന് ദുഷ്ചെയ്തികളിൽ തുടരാൻ അവരെ അനുവദിക്കുകയും ചെയ്ത മഹാപുരോഹിതനായ ഏലിയെപ്പോലെ ആകുമായിരുന്നു അവൻ. (1 ശമൂവേൽ 2:22-25) എന്നാൽ, യഥാർഥ അനുതാപമുള്ള വ്യക്തിയോട് യഹോവ സ്നേഹദയ കാട്ടാതിരിക്കുന്നില്ല. അവന്റെ കരുണ, നവോന്മേഷം നൽകുന്ന തണുത്ത വെള്ളം പോലെ, പാപത്തിന്റെ പരിണതഫലങ്ങൾ സഹിച്ചുനിൽക്കാൻ തെറ്റു ചെയ്ത വ്യക്തിയെ സഹായിക്കും. ദിവ്യക്ഷമയുടെ ഊഷ്മളതയ്ക്കും സഹാരാധകരുമായുള്ള കെട്ടുപണി ചെയ്യുന്ന സഹവാസത്തിനും ഒരു പുനഃസ്ഥിതീകരണ ഫലമുണ്ട്. അതേ, ക്രിസ്തുവിന്റെ മറുവിലയുടെ അടിസ്ഥാനത്തിൽ, അനുതാപമുള്ള വ്യക്തിക്ക് ദൈവത്തിന്റെ ‘കൃപാധനം’ രുചിച്ചറിയാൻ കഴിയും.—എഫെസ്യർ 1:8.
‘നിർമലമായ ഒരു ഹൃദയവും പുതിയ ഒരു ആത്മാവും’
പാപം ഏറ്റുപറഞ്ഞ ശേഷം ദാവീദ് താൻ ഒന്നിനും കൊള്ളാത്തവനാണെന്ന നിഷേധാത്മക ചിന്തയ്ക്ക് അടിപ്പെട്ടില്ല. പാപങ്ങളുടെ ഏറ്റുപറച്ചിലിനെ കുറിച്ച് അവൻ എഴുതിയ സങ്കീർത്തനങ്ങളിലെ പദപ്രയോഗങ്ങൾ അവന് ഉണ്ടായ ആശ്വാസത്തെയും ദൈവത്തെ വിശ്വസ്തമായി സേവിക്കാനുള്ള ദൃഢതീരുമാനത്തെയും പ്രകടമാക്കുന്നതാണ്. ഉദാഹരണത്തിന്, 32-ാം സങ്കീർത്തനം നോക്കുക. അതിന്റെ 1-ാം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു: “ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW].” ഒരു പാപം എത്ര ഗൗരവമുള്ളത് ആയിരുന്നാലും, ആത്മാർഥമായ അനുതാപമുണ്ടെങ്കിൽ അന്തിമ ഫലം സന്തോഷകരമായിരിക്കും. ഈ ആത്മാർഥത പ്രകടമാക്കുന്നതിനുള്ള ഒരു മാർഗം ദാവീദ് ചെയ്തതുപോലെ ഒരുവന്റെ പ്രവൃത്തികളുടെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതാണ്. (2 ശമൂവേൽ 12:13) യഹോവയുടെ മുമ്പാകെ സ്വയം നീതീകരിക്കാനോ മറ്റുള്ളവരുടെമേൽ പഴി ചാരാനോ അവൻ തുനിഞ്ഞില്ല. 5-ാം വാക്യം ഇങ്ങനെ പറയുന്നു: “ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏററുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുററം ക്ഷമിച്ചുതന്നു.” യഥാർഥമായി പാപം ഏറ്റുപറയുന്നത് ആശ്വാസം കൈവരുത്തുന്നു, കഴിഞ്ഞകാല പാപങ്ങളെ കുറിച്ചുള്ള മനസ്സാക്ഷിക്കുത്തിൽനിന്ന് അതു മോചനവും നൽകുന്നു.
യഹോവയുടെ ക്ഷമയ്ക്കായി യാചിച്ചശേഷം ദാവീദ് ഇങ്ങനെ അപേക്ഷിച്ചു: “ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ [“അചഞ്ചലവും പുതിയതുമായ ഒരു ആത്മാവിനെ എനിക്കു തരേണമേ,” NW].” (സങ്കീർത്തനം 51:10) ‘നിർമലമായ ഒരു ഹൃദയ’ത്തിനും ‘പുതിയ ഒരു ആത്മാ’വിനും വേണ്ടി അപേക്ഷിച്ചതിനാൽ, തന്നിലുള്ള പാപപ്രവണതയെയും ഹൃദയത്തെ ശുദ്ധീകരിച്ച് ഒരു പുതിയ തുടക്കമിടുന്നതിന് തനിക്ക് ദൈവത്തിന്റെ സഹായം ആവശ്യമാണെന്നതിനെയും കുറിച്ച് അവൻ ബോധവാനായിരുന്നു എന്നു വ്യക്തമാക്കുന്നു. ആത്മ സഹതാപത്തിനു വഴിപ്പെടുന്നതിനു പകരം, ദൈവസേവനത്തിൽ മുന്നേറാൻ അവൻ ദൃഢചിത്തനായിരുന്നു. അവൻ ഇങ്ങനെ പ്രാർഥിച്ചു: “കർത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാൽ എന്റെ വായ് നിന്റെ സ്തുതിയെ വർണ്ണിക്കും.”—സങ്കീർത്തനം 51:15.
ദാവീദിന്റെ ആത്മാർഥമായ അനുതാപത്തോടും തന്നെ സേവിക്കാനുള്ള ദൃഢനിശ്ചയത്തോടു കൂടിയ ശ്രമത്തോടും ഉള്ള യഹോവയുടെ പ്രതികരണം എന്തായിരുന്നു? അവൻ ദാവീദിന് ഹൃദയോഷ്മളമായ ഈ ഉറപ്പു നൽകി: “ഞാൻ നിന്നെ ഉപദേശിച്ചു, [“ഉൾക്കാഴ്ച തന്ന്,” NW] നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.” (സങ്കീർത്തനം 32:8) അനുതാപമുള്ളവന്റെ വികാരങ്ങൾക്കും ആവശ്യങ്ങൾക്കും യഹോവ വ്യക്തിപരമായ ശ്രദ്ധ നൽകും എന്നതിന്റെ ഉറപ്പാണ് നാം ഇവിടെ കാണുന്നത്. കാര്യങ്ങളെ ഉള്ളിലേക്കു കടന്നുചെന്ന് കാണാനുള്ള പ്രാപ്തി, അതായത് ഉൾക്കാഴ്ച, ദാവീദിന് നൽകുന്നതിന് യഹോവ നടപടികൾ സ്വീകരിച്ചു. ഭാവിയിൽ പ്രലോഭനം ഉണ്ടാകുന്നപക്ഷം തന്റെ പ്രവർത്തനങ്ങളുടെ ഫലം കാണാനും മറ്റുള്ളവരെ അവ എങ്ങനെ ബാധിക്കുമെന്നു ചിന്തിക്കാനും അങ്ങനെ വിവേകത്തോടെ പ്രവർത്തിക്കാനും അവനു കഴിയുമായിരുന്നു.
ദാവീദിന്റെ ജീവിതത്തിൽ ഉണ്ടായ ഈ സംഭവം ഗുരുതരമായ പാപത്തിൽ വീണിട്ടുള്ള സകലർക്കും ഒരു പ്രോത്സാഹനമായി ഉതകുന്നു. പാപങ്ങൾ ഏറ്റുപറഞ്ഞുകൊണ്ടും ആത്മാർഥമായ അനുതാപം പ്രകടമാക്കിക്കൊണ്ടും നമുക്ക് ഏറ്റവും അമൂല്യമായ സ്വത്ത്, യഹോവയാം ദൈവവുമായുള്ള നമ്മുടെ ബന്ധം, വീണ്ടെടുക്കാൻ സാധിക്കും. നമുക്ക് താത്കാലികമായി ഉണ്ടായേക്കാവുന്ന ദുഃഖവും നാണക്കേടും പാപങ്ങൾ തുറന്നു പറയാതിരിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ഹൃദയവേദനയെക്കാളോ ഒരു മത്സരാത്മക ഗതിയിൽ മനസ്സു കഠിനപ്പെടാൻ അനുവദിക്കുന്നതിന്റെ ദാരുണമായ പ്രത്യാഘാതത്തെക്കാളോ എത്രയോ നല്ലതാണ്. (സങ്കീർത്തനം 32:9) പകരം, സ്നേഹവാനും കരുണാസമ്പന്നനുമായ, “മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന”വനുമായ ദൈവത്തിന്റെ ഊഷ്മളമായ ക്ഷമ നമുക്ക് അനുഭവിച്ചറിയാൻ സാധിക്കും.—2 കൊരിന്ത്യർ 1:3.
[31-ാം പേജിലെ ചിത്രം]
ഊരീയാവിനെ കൊലയ്ക്ക് കൊടുക്കുകവഴി സ്വന്തം പാപത്തിന്റെ അനന്തരഫലങ്ങളിൽനിന്നു രക്ഷ നേടാനാകുമെന്ന് ദാവീദ് പ്രത്യാശിച്ചു