യഹോവയുടെ വചനം ജീവനുള്ളത്
സങ്കീർത്തനങ്ങൾ ഒന്നാം പുസ്തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തിനുള്ള സ്തുതികൾ നിറഞ്ഞ ഒരു ബൈബിൾ പുസ്തകത്തിന് തികച്ചും അനുയോജ്യമായ പേരെന്തായിരിക്കും? സങ്കീർത്തനങ്ങൾ അഥവാ സ്തുതിഗീതങ്ങൾ. ബൈബിളിലെ ഏറ്റവും വലിയ ഈ പുസ്തകത്തിൽ മനോഹരമായി രചിച്ച ഗീതങ്ങളാണ് ഉള്ളത്. ദൈവത്തിന്റെ വിസ്മയാവഹമായ ഗുണഗണങ്ങളെയും വീര്യപ്രവൃത്തികളെയും വർണിക്കുന്നതോടൊപ്പം നിരവധി പ്രവചനങ്ങളും അവയിൽ അടങ്ങിയിരിക്കുന്നു. പല ഗീതങ്ങളിലും അതിന്റെ എഴുത്തുകാർക്ക് അവരുടെ അരിഷ്ടതകളിൽ തോന്നിയ വൈകാരിക സംഘർഷങ്ങൾ പ്രതിഫലിക്കുന്നുണ്ട്. ഇവയെല്ലാം എഴുതിത്തീരാൻ ഒരു നീണ്ട കാലഘട്ടമെടുത്തു, മോശെയുടെ കാലംമുതൽ പ്രവാസത്തിനുശേഷംവരെയുള്ള ഏതാണ്ട് ആയിരം വർഷം. മോശെയും ദാവീദു രാജാവും മറ്റുചിലരുമാണ് ഇതിന്റെ രചയിതാക്കൾ. ഈ പുസ്തകം ഇതിന്റെ അന്തിമരൂപത്തിൽ ക്രമീകരിച്ചത് എസ്രാ പുരോഹിതനാണ്.
പണ്ടുമുതൽത്തന്നെ, സങ്കീർത്തനപുസ്തകം ഗീതങ്ങളുടെ അഞ്ചു സമാഹാരങ്ങൾ അഥവാ ഭാഗങ്ങൾ ആയി തിരിച്ചിരുന്നു. (1) സങ്കീർത്തനങ്ങൾ 1-41; (2) സങ്കീർത്തനങ്ങൾ 42-72; (3) സങ്കീർത്തനങ്ങൾ 73-89; (4) സങ്കീർത്തനങ്ങൾ 90-106; (5) സങ്കീർത്തനങ്ങൾ 107-150. ഈ ലേഖനം ഒന്നാം ഭാഗത്തെക്കുറിച്ചുള്ളതാണ്. അതിൽ മൂന്നു സങ്കീർത്തനങ്ങളൊഴികെ ബാക്കിയെല്ലാം പുരാതന ഇസ്രായേലിലെ രാജാവായിരുന്ന ദാവീദ് രചിച്ചതാണ്. 1, 10, 33 എന്നീ സങ്കീർത്തനങ്ങളുടെ രചയിതാവ് ആരാണെന്നു വ്യക്തമല്ല.
എന്റെ ദൈവം “എന്റെ പാറ”
ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ആനന്ദം കണ്ടെത്തുന്നവനാണ് സന്തുഷ്ടനായ മനുഷ്യൻ എന്ന് ഒന്നാം സങ്കീർത്തനം പ്രഖ്യാപിച്ചശേഷം, രണ്ടാം സങ്കീർത്തനം നേരിട്ട് ദൈവരാജ്യം എന്ന വിഷയത്തിലേക്കു കടക്കുന്നു.a ഈ സമാഹാരത്തിൽ ദൈവത്തോടുള്ള അഭയയാചനകളാണ് അധികവും. ഉദാഹരണത്തിന് 3-5, 7, 12, 13, 17 എന്നിവയിലെല്ലാം ശത്രുക്കളുടെ കൈകളിൽനിന്നുള്ള വിടുതലിനായുള്ള അപേക്ഷകളാണ്. 8-ാം സങ്കീർത്തനം, മനുഷ്യൻ എത്ര നിസ്സാരനാണെന്നും അതേസമയം യഹോവ എത്ര മഹോന്നതനാണെന്നും എടുത്തുകാട്ടുന്നു.
യഹോവയെ താൻ ശരണമാക്കുന്ന പാറ എന്നു വിളിച്ചുകൊണ്ട് ദാവീദ് തന്റെ ജനത്തിന്റെ സംരക്ഷകനായി അവനെ വർണിക്കുന്നു. (സങ്കീർത്തനം 18:2) സ്രഷ്ടാവും നിയമദാതാവും എന്ന നിലയിൽ 19-ാം സങ്കീർത്തനവും രക്ഷകനെന്ന നിലയിൽ 20-ാം സങ്കീർത്തനവും തന്റെ അഭിഷിക്തരാജാവിന്റെ രക്ഷകനെന്ന നിലയിൽ 21-ാം സങ്കീർത്തനവും യഹോവയ്ക്ക് സ്തുതികരേറ്റുന്നു. 23-ാം സങ്കീർത്തനത്തിൽ യഹോവയെ ഒരു വലിയ ഇടയനായി ചിത്രീകരിച്ചിരിക്കുന്നു. 24-ൽ മഹത്ത്വസമ്പൂർണനായ ഒരു രാജാവായിട്ടും.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
2:1, 2—“വ്യർത്ഥമായ” എന്തു കാര്യമാണ് രാഷ്ട്രങ്ങൾ നിരൂപിക്കുന്നത്? തങ്ങളുടെ അധികാരം നിലനിറുത്താൻ മാനുഷ ഗവൺമെന്റുകൾ സദാ കാണിക്കുന്ന വ്യഗ്രതയെയാണ് “വ്യർഥമായ” കാര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവരുടെ ഉദ്ദേശ്യം നിശ്ചയമായും പരാജയപ്പെടും എന്നതിനാൽ അതു വ്യർഥമാണ്. “യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി” എഴുന്നേൽക്കുന്ന രാഷ്ട്രങ്ങൾക്ക് എങ്ങനെ വിജയിക്കാനാകും?
2:7—യഹോവയുടെ “നിർണ്ണയം” എന്താണ്? തന്റെ പ്രിയപുത്രനായ യേശുക്രിസ്തുവുമായി യഹോവ ചെയ്ത രാജ്യ ഉടമ്പടിയാണ് ഈ നിർണയം.—ലൂക്കൊസ് 22:28, 29.
2:12—ഏതു വിധത്തിലാണ് രാഷ്ട്രങ്ങളുടെ ഭരണാധികാരികൾക്ക് “പുത്രനെ ചുംബി”ക്കാൻ കഴിയുന്നത്? ബൈബിൾ കാലങ്ങളിൽ സൗഹൃദത്തിന്റെയും വിശ്വസ്തതയുടെയും ഒരു പ്രകടനമായിരുന്നു ചുംബനം. അത് അതിഥികളെ സ്വാഗതംചെയ്യുന്നതിനുള്ള ഒരു രീതിയായിരുന്നു. ഭൂമിയിലെ രാജാക്കന്മാരോട് പുത്രനെ ചുംബിക്കാൻ അതായത് മിശിഹൈക രാജാവായി അവനെ അംഗീകരിക്കാൻ, ആജ്ഞാപിച്ചിരിക്കുകയാണ്.
അധ്യായം 3: മേലെഴുത്ത്—ചില സങ്കീർത്തനങ്ങൾക്ക് മേലെഴുത്ത് കൊടുത്തിരിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്? മേലെഴുത്ത്, ഒരു സങ്കീർത്തനത്തിന്റെ രചയിതാവിനെ തിരിച്ചറിയിക്കുകയോ 3-ാം സങ്കീർത്തനത്തിന്റെ കാര്യത്തിലെന്നതുപോലെ അതു രചിച്ച സാഹചര്യം വ്യക്തമാക്കുകയോ ചെയ്യുന്നു. കൂടാതെ, മേലെഴുത്തുകൾ ഒരു ഗീതത്തിന്റെ ഉപയോഗം അല്ലെങ്കിൽ ഉദ്ദേശ്യം വിശദമാക്കുകയോ (4, 5 സങ്കീർത്തനങ്ങൾ) സംഗീതസംബന്ധമായ നിർദേശങ്ങൾ കൊടുക്കുകയോ ചെയ്യുന്നു (6-ാം സങ്കീർത്തനം).
3:2—എന്താണ് “സേലാ”? ഗീതം വെറുതെ പാടുകയോ വാദ്യോപകരണങ്ങൾ ഉപയോഗിച്ചു പാടുകയോ ചെയ്യുമ്പോൾ, നിശ്ശബ്ദ ധ്യാനത്തിനായുള്ള നിറുത്തലിനെ കുറിക്കുന്നതിനുള്ളതാണ് ഈ പദം എന്നാണു പൊതുവേ കരുതപ്പെടുന്നത്. ഗീതത്തിൽ അപ്പോൾ പാടിനിറുത്തിയ ഭാഗത്തെ ആശയത്തിനോ വികാരത്തിനോ ഒന്നുകൂടി ഊന്നൽ നൽകുന്നതിനുവേണ്ടിയുള്ളതാണ് ഈ നിറുത്തൽ. സങ്കീർത്തനങ്ങളുടെ പരസ്യവായനയിൽ സേലാ എന്ന പദം ഉച്ചരിക്കേണ്ടതില്ല.
11:3—മറിഞ്ഞുപോകുന്ന അടിസ്ഥാനങ്ങൾ എന്തെല്ലാമാണ്? അവ നിയമവ്യവസ്ഥ, ക്രമസമാധാനനില, നീതിന്യായവ്യവസ്ഥ എന്നിങ്ങനെ മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിന് ആധാരമായിരിക്കുന്ന സംഗതികളാണ്. ഇവ തകിടംമറിയുമ്പോൾ സമൂഹത്തിലെ ക്രമസമാധാനം തകരുകയും നീതി നടപ്പാകാതെവരുകയും ചെയ്യുന്നു. ഇത്തരം സാഹചര്യത്തിൽ “നീതിമാൻ” പൂർണമായി യഹോവയിൽ ആശ്രയിക്കണം.—സങ്കീർത്തനം 11:4-7.
21:3—‘തങ്കക്കിരീടം’ എന്തിനെ അർഥമാക്കുന്നു? ഇത് അക്ഷരീയ കിരീടത്തെക്കുറിച്ചാണോ അതോ ദാവീദ് നേടിയ നിരവധി വിജയങ്ങൾ നിമിത്തം അവനുണ്ടായ മഹത്വത്തെക്കുറിച്ചുള്ള ആലങ്കാരിക പ്രയോഗമാണോ എന്നു വ്യക്തമല്ല. എന്നിരുന്നാലും, ഈ വാക്യം പ്രാവചനികമായി 1914-ൽ യഹോവയിൽനിന്ന് യേശുവിനു ലഭിച്ച രാജാധിപത്യത്തിന്റെ കിരീടത്തെ അർഥമാക്കുന്നു. കിരീടം തങ്കംകൊണ്ടു നിർമിച്ചുവെന്ന വസ്തുത അവന്റെ ഭരണത്തിന്റെ ശ്രേഷ്ഠതയിലേക്കു വിരൽചൂണ്ടുന്നു.
22:1, 2—ദാവീദിന് യഹോവ തന്നെ കൈവിട്ടതായി തോന്നിയത് എന്തുകൊണ്ടായിരിക്കണം? ദാവീദിന് ശത്രുക്കളിൽനിന്നുള്ള കടുത്ത സമ്മർദമുണ്ടായിരുന്നു. “എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവെ ഉരുകിയിരിക്കുന്നു” എന്ന് അവൻ പറഞ്ഞത് അതുകൊണ്ടാണ്. (സങ്കീർത്തനം 22:14) യഹോവ തന്നെ ഉപേക്ഷിച്ചിരിക്കുന്നുവെന്ന് അവനു തോന്നിയിരിക്കാം. സ്തംഭത്തിൽ തറയ്ക്കപ്പെട്ടപ്പോൾ യേശുവിനും അങ്ങനെതന്നെ തോന്നി. (മത്തായി 27:46) വളരെ നിരാശാജനകമായ ഒരു സാഹചര്യത്തിലെ മനുഷ്യന്റെ സ്വാഭാവിക പ്രതികരണമാണ് ദാവീദിന്റെ വാക്കുകളിൽ നിഴലിക്കുന്നത്. ദാവീദിന് ദൈവത്തിലുള്ള വിശ്വാസം നഷ്ടമായില്ലെന്ന് സങ്കീർത്തനം 22:16-21-ൽ രേഖപ്പെടുത്തിയിരിക്കുന്ന അവന്റെ പ്രാർഥന വ്യക്തമാക്കുന്നു.
നമുക്കുള്ള പാഠങ്ങൾ:
1:1. യഹോവയെ സ്നേഹിക്കാത്തവരുമായുള്ള സഹവാസം ഒഴിവാക്കേണ്ടതുണ്ട്.—1 കൊരിന്ത്യർ 15:33, NW.
1:2. ആത്മീയ കാര്യങ്ങൾ പരിചിന്തിക്കാതെ ഒരുദിവസംപോലും കടന്നുപോകാൻ ഇടയാകരുത്.—മത്തായി 4:4.
4:5. നമ്മുടെ ആത്മീയ യാഗങ്ങൾ ശരിയായ ആന്തരത്തോടെയുള്ളതും നമ്മുടെ പെരുമാറ്റം യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിലുള്ളതും ആണെങ്കിൽ മാത്രമേ അവ “നീതിയാഗങ്ങ”ളായിരിക്കുകയുള്ളൂ.
6:5. ജീവിച്ചിരിക്കുന്നതിന് ഇതിലും മെച്ചമായ മറ്റെന്തു കാരണമാണ് ഉണ്ടായിരിക്കാനാകുക?—സങ്കീർത്തനം 115:17.
9:12. യഹോവ രക്തപാതകികൾക്കു ശിക്ഷ നൽകുന്നതിനുവേണ്ടി, രക്തച്ചൊരിച്ചിൽ നടക്കുന്നുണ്ടോയെന്നു ശ്രദ്ധിച്ചുനോക്കുന്നു. അതേസമയം “എളിയവരുടെ നിലവിളി” അവൻ ഓർക്കുകയും ചെയ്യുന്നു.
15:2, 3; 24:3-5. സത്യാരാധകർ സത്യം സംസാരിക്കണം, കള്ളസത്യവും ഏഷണിയും ഒഴിവാക്കണം.
15:4. നാം ചെയ്ത വാഗ്ദാനം തിരുവെഴുത്തുവിരുദ്ധമല്ലാത്തിടത്തോളം, അതു പാലിക്കാൻ ആവതെല്ലാം നാം ചെയ്യണം, അത് എത്രതന്നെ ബുദ്ധിമുട്ടായിരുന്നാൽപ്പോലും.
15:5. യഹോവയുടെ ആരാധകരായ നാം പണംകൊണ്ട് അനുചിതമായ കാര്യങ്ങൾ ചെയ്യാതിരിക്കാൻ സൂക്ഷിക്കണം.
17:14, 15. സുഖസൗകര്യങ്ങളോടുകൂടിയ ജീവിതത്തിനും കുട്ടികളെ വളർത്തുന്നതിനും അവർക്ക് അനുഭവിക്കാൻ സ്വത്ത് സമ്പാദിക്കുന്നതിനും വേണ്ടിയാണ് “ലൌകികപുരുഷന്മാ”ർ തങ്ങളുടെ ജീവിതം ഉഴിഞ്ഞുവെക്കുന്നത്. എന്നാൽ ദാവീദിന്റെ ജീവിതത്തിലെ മുഖ്യ സംഗതി, ദൈവത്തിന്റെ “മുഖത്തെ കാണു”ന്നതിനുവേണ്ടി അഥവാ യഹോവയുടെ പ്രീതിയിൽ ആയിരിക്കുന്നതിനുവേണ്ടി ദൈവമുമ്പാകെ ഒരു നല്ല പേരുണ്ടാക്കുക എന്നതായിരുന്നു. യഹോവയുടെ വാഗ്ദാനങ്ങളും പിന്തുണയുടെ ഉറപ്പും സംബന്ധിച്ച് ബോധവാനായിത്തീരുന്ന അല്ലെങ്കിൽ ‘ഉണരുന്ന’ ദാവീദിന് അവന്റെ ‘രൂപം കണ്ടു തൃപ്തിവരും.’ അതായത്, യഹോവയുടെ സാന്നിധ്യം തന്നോടൊപ്പമുള്ളതിൽ ദാവീദ് ആനന്ദിക്കും. ദാവീദിന്റേതുപോലെ നമ്മുടെ ഹൃദയവും ആത്മീയ സമ്പത്തിലായിരിക്കേണ്ടതല്ലേ?
19:1-6. സംസാരിക്കാനോ ന്യായവാദംചെയ്യാനോ കഴിയില്ലാത്ത അചേതനസൃഷ്ടികൾ യഹോവയ്ക്കു മഹത്ത്വം കരേറ്റുന്നെങ്കിൽ ചിന്തിക്കാനും സംസാരിക്കാനും ആരാധിക്കാനും കഴിവുള്ള നാം അത് എത്രയധികം ചെയ്യണം!—വെളിപ്പാടു 4:11.
19:7-11. യഹോവയുടെ വ്യവസ്ഥകൾ നമുക്ക് എത്രയധികം പ്രയോജനം ചെയ്യുന്നവയാണ്!
19:12, 13. സ്വമേധാപാപങ്ങൾ അഥവാ ധിക്കാരത്തോടെയുള്ള പ്രവൃത്തികൾ, തെറ്റുകൾ എന്നിവ നാം ഒഴിവാക്കേണ്ട പാപങ്ങളാണ്.
19:14. നാം എന്തു ചെയ്യുന്നു എന്നതു മാത്രമല്ല എന്തു പറയുന്നു, എന്തു ചിന്തിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
“നീ എന്റെ നിഷ്കളങ്കത്വംനിമിത്തം [“നിർമലത നിമിത്തം,” NW] എന്നെ താങ്ങുന്നു”
ഗീതങ്ങളുടെ ഈ സമാഹാരത്തിൽ, നിർമലത പാലിക്കാനുള്ള ദാവീദിന്റെ എത്ര ശക്തമായ നിശ്ചയദാർഢ്യവും ഹൃദയംഗമമായ ആഗ്രഹവുമാണ് പ്രതിഫലിക്കുന്നത്! “ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും” എന്ന് അവൻ പാടുന്നു. (സങ്കീർത്തനം 26:11) ക്ഷമയ്ക്കായുള്ള അഭയയാചനയിൽ ദാവീദ് ഇങ്ങനെ സമ്മതിക്കുന്നു: “ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിത്യമായ ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി.” (സങ്കീർത്തനം 32:3) യഹോവയുടെ വിശ്വസ്ത ദാസന്മാർക്ക് ദാവീദ് നൽകുന്ന ഉറപ്പു ശ്രദ്ധിക്കുക: “യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.”—സങ്കീർത്തനം 34:15.
37-ാം സങ്കീർത്തനത്തിൽ നൽകിയിരിക്കുന്ന ബുദ്ധിയുപദേശം അന്ന് ഇസ്രായേല്യർക്ക് എത്ര മൂല്യവത്തായിരുന്നു! അതുപോലെ ഇന്ന് ഈ “അന്ത്യകാലത്തു” ജീവിച്ചിരിക്കുന്ന നമുക്കും അത് എത്ര മൂല്യവത്താണ്! (2 തിമൊഥെയൊസ് 3:1-5) സങ്കീർത്തനം 40:7, 8 യേശുക്രിസ്തുവിനെക്കുറിച്ച് പ്രാവചനികമായി ഇങ്ങനെ പറയുന്നു: “ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.” ഈ ഗീതസമാഹാരത്തിലെ അവസാന സങ്കീർത്തനം, ബത്ത്-ശേബയുമായി പാപം ചെയ്തതിനുശേഷമുള്ള പ്രക്ഷുബ്ധമായ നാളുകളിൽ യഹോവയോടു ദാവീദ് നടത്തുന്ന സഹായാഭ്യർഥനയാണ്. ദാവീദ് ഇങ്ങനെ പാടി: “നീ എന്റെ നിഷ്കളങ്കത്വംനിമിത്തം എന്നെതാങ്ങുന്നു.”—സങ്കീർത്തനം 41:12.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
26:7—ദാവീദിനെപ്പോലെ നാം എങ്ങനെയാണ് യാഗപീഠത്തെ വലംവെക്കുന്നത്? യാഗപീഠം, മനുഷ്യവർഗത്തിന്റെ വീണ്ടെടുപ്പിനായി യേശുക്രിസ്തുവിന്റെ മറുവിലയാഗം സ്വീകരിക്കാനുള്ള യഹോവയുടെ സന്നദ്ധതയെ ചിത്രീകരിക്കുന്നു. (എബ്രായർ 8:5; 10:5-10) ആ യാഗത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ട് നാം യഹോവയുടെ യാഗപീഠത്തെ വലംവെക്കുന്നു.
29:3-9—ഭയാദരവുണർത്തിക്കൊണ്ടു പുറപ്പെടുന്ന ഇടിമഴയോട് യഹോവയുടെ ശബ്ദത്തെ ഉപമിക്കുന്നതിന്റെ പൊരുൾ എന്താണ്? ഇത് യഹോവയുടെ അതിഗംഭീര ശക്തിയെ കുറിക്കുന്നതിനുവേണ്ടിയാണ്.
31:23—അഹങ്കാരിക്ക് ധാരാളം പകരം കൊടുക്കുന്നത് എങ്ങനെയാണ്? ഇവിടെ പകരം കൊടുക്കുക എന്നു പറഞ്ഞിരിക്കുന്നത് ശിക്ഷയെയാണ്. നീതിമാന്റെ മനപ്പൂർവമല്ലാത്ത തെറ്റുകൾക്ക് പകരമായി അയാൾക്ക് യഹോവയിൽനിന്നു ശിക്ഷണം ലഭിക്കും. എന്നാൽ അഹങ്കാരി തന്റെ തെറ്റായഗതിയിൽനിന്നു പിന്തിരിയാത്തതിനാൽ അയാൾക്ക് കഠിനശിക്ഷയായിരിക്കും പകരമായി ലഭിക്കുന്നത്.—സദൃശവാക്യങ്ങൾ 11:31; 1 പത്രൊസ് 4:18.
33:6—യഹോവയുടെ ‘വായിലെ ശ്വാസം’ എന്താണ്? ഇത് യഹോവയുടെ പരിശുദ്ധാത്മാവിനെ അഥവാ പ്രവർത്തനനിരതമായ ശക്തിയെ കുറിക്കുന്നു. അക്ഷരീയ ആകാശങ്ങളെ സൃഷ്ടിക്കാൻ ദൈവം ഈ ശക്തി ഉപയോഗിച്ചു. (ഉല്പത്തി 1:1, 2) ദൂരത്തുള്ള കാര്യങ്ങൾ ചെയ്യുന്നതിന് തന്റെ വായിൽനിന്നു പുറപ്പെടുന്ന ശക്തമായ ഈ ശ്വാസത്തെ അയയ്ക്കാൻ ദൈവത്തിനു കഴിയും.
35:19—തന്നെ പകെക്കുന്നവർ കണ്ണിമയ്ക്കരുതേയെന്ന് ദാവീദ് അഭ്യർഥിക്കുന്നതിന്റെ അർഥമെന്താണ്? ദാവീദിനെതിരെ പ്രയോഗിച്ച കുടിലപദ്ധതികൾ വിജയിച്ചതിന്റെ പേരിൽ ശത്രുക്കൾ ആഹ്ലാദിക്കുന്നതിനെയാണ് കണ്ണിമയ്ക്കുക എന്നതിനാൽ അർഥമാക്കുന്നത്. അതു സംഭവിക്കരുതേയെന്നായിരുന്നു അവന്റെ അഭ്യർഥന.
നമുക്കുള്ള പാഠങ്ങൾ:
26:4. ഇന്റർനെറ്റ് ചാറ്റ്റൂമുകളിൽ തങ്ങൾ ആരാണെന്നുള്ളതു മറച്ചുപിടിക്കുന്ന കപടക്കാരുമായുള്ള സഹവാസം ഒഴിവാക്കുന്നതാണ് നമ്മുടെ ഭാഗത്തു ജ്ഞാനം. സ്കൂളിലും ജോലിസ്ഥലത്തും മറ്റും നമ്മുടെ സുഹൃത്തുക്കളായി നടിക്കുന്ന തന്ത്രശാലികളെയും ആത്മാർഥതയുടെ മുഖംമൂടിയണിയുന്ന വിശ്വാസത്യാഗികളെയും ഇരട്ടജീവിതം നയിക്കുന്നവരെയും നാം ഒഴിവാക്കേണ്ടതുണ്ട്.
26:7, 12; 35:18; 40:9. ക്രിസ്തീയ കൂടിവരവുകളിൽ നാം യഹോവയെ പരസ്യമായി സ്തുതിക്കേണ്ടതുണ്ട്.
26:8; 27:4. ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതിനെ നാം പ്രിയങ്കരമായി കരുതുന്നുണ്ടോ?
26:11. താൻ നിർമലത പാലിക്കുമെന്നുള്ള ദൃഢനിശ്ചയം വ്യക്തമാക്കുമ്പോൾത്തന്നെ ദാവീദ് വീണ്ടെടുപ്പിനായുള്ള അഭ്യർഥനയും നടത്തുന്നുണ്ട്. നമ്മുടെ അപൂർണാവസ്ഥയിലും നമുക്കു നിർമലത കാത്തുസൂക്ഷിക്കാൻ കഴിയും.
29:10. യഹോവ “ജലപ്രളയത്തിന്മീതെ” ഇരിക്കുന്നു എന്നത് തന്റെ ശക്തിയുടെമേൽ അവന് സമ്പൂർണ നിയന്ത്രണം ഉണ്ടെന്നു സൂചിപ്പിക്കുന്നു.
30:5. യഹോവയുടെ പ്രമുഖഗുണം സ്നേഹമാണ്, കോപമല്ല.
32:9. കടിഞ്ഞാണും ചാട്ടവാറും ഉള്ളതു നിമിത്തം അനുസരിക്കുന്ന കുതിരയെയോ കഴുതയെയോപോലെ നാം ആയിരിക്കാൻ യഹോവ ആഗ്രഹിക്കുന്നില്ല. മറിച്ച്, അവന്റെ ഇഷ്ടം തിരിച്ചറിഞ്ഞ് സ്വമനസ്സാലെ അവനെ അനുസരിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്.
33:17-19. മനുഷ്യൻ രൂപംനൽകുന്ന യാതൊന്നിനും, അത് എത്രതന്നെ ശക്തമായിക്കൊള്ളട്ടെ രക്ഷകൈവരുത്തുക സാധ്യമല്ല. നമ്മുടെ ആശ്രയം യഹോവയിലും അവന്റെ രാജ്യക്രമീകരണത്തിലും ആയിരിക്കണം.
34:10. ജീവിതത്തിൽ ദൈവരാജ്യതാത്പര്യങ്ങൾ ഒന്നാമതുവെക്കുന്നവർക്ക് എത്ര ദൃഢമായ ഉറപ്പാണിത്!
39:1, 2. ദുഷ്ടന്മാർ, നമ്മുടെ സഹവിശ്വാസികൾക്കു ദ്രോഹംചെയ്യാൻവേണ്ടി നമ്മിൽനിന്നു വിവരങ്ങൾ ചോർത്താൻ ശ്രമിക്കുമ്പോൾ “വായ് കടിഞ്ഞാണിട്ടു” മിണ്ടാതിരിക്കുന്നതാണു ജ്ഞാനം.
40:1, 2. യഹോവയ്ക്കായി കാത്തിരുന്നുകൊണ്ട് അവനിൽ ആശ്രയിക്കുന്നത് വിഷാദത്തോടു പൊരുതാനും “നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും” പുറത്തുവരാനും നമ്മെ സഹായിക്കും.
40:5, 12. നമുക്ക് യഹോവ നൽകിയ അനുഗ്രഹങ്ങൾ “എണ്ണിക്കൂടാതവണ്ണം അധികമാ”ണെന്നുള്ള ഒരു ബോധ്യം നമുക്കുണ്ടെങ്കിൽ ദുരന്തങ്ങളോ വ്യക്തിഗതമായ തെറ്റുകുറ്റങ്ങളോ ഒന്നും അവ എത്രതന്നെ അധികമാണെങ്കിലും നമ്മെ തകർത്തുകളയുകയില്ല.
യഹോവ “വാഴ്ത്തപ്പെടുമാറാകട്ടെ”
41 സങ്കീർത്തനങ്ങൾ അടങ്ങിയ ഗീതസമാഹാരങ്ങളുടെ ഒന്നാം ഭാഗം എത്രമാത്രം ആശ്വാസദായകവും പ്രോത്സാഹജനകവുമായിരുന്നു! നാം പരിശോധനകൾ സഹിക്കുകയോ മനസ്സാക്ഷിക്കുത്ത് അനുഭവിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ദൈവവചനത്തിലെ ശക്തമായ പ്രഭാവംചെലുത്തുന്ന ഈ ഭാഗത്തുനിന്ന് നമുക്കു ബലവും പ്രോത്സാഹനവും ആർജിക്കാൻ കഴിയും. (എബ്രായർ 4:12) ജീവിതം നയിക്കേണ്ടത് എങ്ങനെയായിരിക്കണം എന്നതുസംബന്ധിച്ച് ഈ സങ്കീർത്തനങ്ങളിൽ ആശ്രയയോഗ്യമായ മാർഗനിർദേശങ്ങൾ അടങ്ങിയിരിക്കുന്നു. നാം കഷ്ടതകൾ അനുഭവിക്കുന്നുണ്ടെന്നുവരികിലും യഹോവ നമ്മെ ഉപേക്ഷിക്കുകയില്ലെന്ന് ഈ സങ്കീർത്തനങ്ങളിലൂടെ നമുക്ക് ആവർത്തിച്ച് ഉറപ്പുലഭിച്ചിരിക്കുന്നു.
ആദ്യ ഗീതസമാഹാരം പിൻവരുന്ന വാക്കുകളോടെ അവസാനിക്കുന്നു: “യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.” (സങ്കീർത്തനം 41:13) ഈ സങ്കീർത്തനങ്ങളെക്കുറിച്ചു പരിചിന്തിച്ചുകഴിഞ്ഞപ്പോൾ നാം യഹോവയെ വാഴ്ത്താൻ പ്രേരിതരാകുന്നില്ലേ?
[അടിക്കുറിപ്പ്]
a 2-ാം സങ്കീർത്തനത്തിന് ദാവീദിന്റെ കാലത്ത് ഒരു ആദ്യനിവൃത്തിയുണ്ടായിരുന്നു.
[19-ാം പേജിലെ ആകർഷകവാക്യം]
അചേതനസൃഷ്ടികൾ യഹോവയ്ക്ക് മഹത്ത്വം കരേറ്റുന്നെങ്കിൽ നാം അത് എത്രയധികം ചെയ്യണം!
[17-ാം പേജിലെ ചിത്രം]
ആദ്യത്തെ 41 സങ്കീർത്തനങ്ങളിൽ മിക്കവയും രചിച്ചത് ദാവീദാണ്
[18-ാം പേജിലെ ചിത്രം]
യഹോവയെ വലിയ ഇടയനായി ചിത്രീകരിക്കുന്ന സങ്കീർത്തനം ഏതാണെന്നറിയാമോ?
[20-ാം പേജിലെ ചിത്രം]
ആത്മീയ കാര്യങ്ങൾ പരിചിന്തിക്കാതെ ഒരു ദിവസംപോലും കടന്നുപോകാൻ ഇടയാകരുത്
[17-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
നക്ഷത്രങ്ങൾ: Courtesy United States Naval Observatory
[19-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
18, 19 പേജുകളിലെ നക്ഷത്രങ്ങൾ: Courtesy United States Naval Observatory
[20-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
നക്ഷത്രങ്ങൾ: Courtesy United States Naval Observatory