യഹോവാഭയത്തിൽ അധിഷ്ഠിതമായ സന്തുഷ്ട ജീവിതം ആസ്വദിക്കുക
“യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിൻ; അവന്റെ ഭക്തന്മാർക്കു ഒന്നിന്നും മുട്ടില്ലല്ലോ.”—സങ്കീർത്തനം 34:9.
1, 2. (എ) ക്രൈസ്തവലോകത്തിനു ദൈവഭയം സംബന്ധിച്ച് ഏതു വ്യത്യസ്ത വീക്ഷണങ്ങളാണുള്ളത്? (ബി) നാം ഏതു ചോദ്യങ്ങൾ പരിചിന്തിക്കും?
ദൈവത്തെ ഭയപ്പെടണമെന്ന് ക്രൈസ്തവലോകത്തിലെ ചില ശുശ്രൂഷകരും പഠിപ്പിക്കുന്നുണ്ട്. എന്നാൽ പാപികളെ ദൈവം ഒരു തീനരകത്തിൽ അന്തമില്ലാതെ ദണ്ഡിപ്പിക്കുന്നുവെന്ന പഠിപ്പിക്കലിന്റെ അടിസ്ഥാനത്തിലാണു മിക്കപ്പോഴും അവർ അങ്ങനെ ചെയ്യുന്നത്. യഹോവയെക്കുറിച്ചു ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾക്കു വിരുദ്ധമാണ് ആ ഉപദേശം—സ്നേഹവും നീതിയുമുള്ള ഒരു ദൈവമാണ് അവൻ എന്നാണ് അതു പറയുന്നത്. (ഉല്പത്തി 3:19; ആവർത്തനപുസ്തകം 32:4; റോമർ 6:23; 1 യോഹന്നാൻ 4:8) എന്നാൽ ഇക്കാര്യത്തിൽ നേർവിപരീതമായ ഒരു സമീപനമാണ് ക്രൈസ്തവലോകത്തിലെ മറ്റു ചില ശുശ്രൂഷകർക്കുള്ളത്. ദൈവത്തെ ഭയപ്പെടുന്നതു സംബന്ധിച്ച് അവർക്ക് ഒരക്ഷരം പറയാനില്ല. പകരം ദൈവം എന്തും അനുവദിക്കുന്നുവെന്നും എങ്ങനെയൊക്കെ ജീവിച്ചാലും മിക്കവാറും എല്ലാവരെയും അവൻ കൈക്കൊള്ളുന്നുവെന്നുമാണ് അവർ പഠിപ്പിക്കുന്നത്. അതും പക്ഷേ ബൈബിളിന്റെ പഠിപ്പിക്കലല്ല.—ഗലാത്യർ 5:19-21.
2 വാസ്തവത്തിൽ, ദൈവത്തെ ഭയപ്പെടാനാണു ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നത്. (വെളിപ്പാടു 14:7) അതു ചില ചോദ്യങ്ങൾ ഉയർത്തുന്നു. സ്നേഹവാനായ ഒരു ദൈവം അവനെ ഭയപ്പെടാൻ നമ്മോട് ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണ്? എങ്ങനെയുള്ള ഭയമാണ് ദൈവം നമ്മിൽനിന്നു പ്രതീക്ഷിക്കുന്നത്? ദൈവഭയം നമുക്കെങ്ങനെ പ്രയോജനം ചെയ്യും? 34-ാം സങ്കീർത്തനത്തിന്റെ ചർച്ച തുടരവേ നാം ഈ ചോദ്യങ്ങൾ പരിചിന്തിക്കും.
ദൈവത്തെ ഭയപ്പെടേണ്ടതിന്റെ കാരണം
3. (എ) ദൈവത്തെ ഭയപ്പെടുക എന്ന കൽപ്പനയെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു? (ബി) യഹോവയെ ഭയപ്പെടുന്നവർ സന്തുഷ്ടരായിരിക്കുന്നത് എന്തുകൊണ്ട്?
3 സകലരും യഹോവയെ ഭയപ്പെടേണ്ടതുണ്ട്; സ്രഷ്ടാവും അഖിലാണ്ഡ പരമാധികാരിയുമായ അവൻ അതിനു യോഗ്യനാണ്. (1 പത്രൊസ് 2:17) അത്തരം ഭയം പക്ഷേ ക്രൂരനായ ഒരു ദൈവത്തോടെന്നപോലുള്ള കൊടുംഭീതിയല്ല. യഹോവ യഥാർഥത്തിൽ ആരാണെന്നു മനസ്സിലാക്കുന്നതിൽനിന്ന് ഉളവാകുന്ന ആദരപൂർവമായ ഭയമാണത്. അവനെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുന്നതിൽനിന്ന് ആ ഭയം നമ്മെ വിലക്കുന്നു. ദൈവഭയം ഉത്കൃഷ്ടവും പരിപുഷ്ടിപ്പെടുത്തുന്നതുമാണ്, നമ്മെ നിരാശയിലോ ഭീതിയിലോ ആഴ്ത്തിക്കളയുന്ന ഒന്നല്ല. സന്തുഷ്ടനായ ഒരു ദൈവമെന്ന നിലയിൽ തന്റെ സൃഷ്ടിയായ മനുഷ്യർ ജീവിതം ആസ്വദിക്കണമെന്ന് യഹോവ ആഗ്രഹിക്കുന്നു. (1 തിമൊഥെയൊസ് 1:11) എന്നാൽ അതിനായി നാം അവന്റെ നിബന്ധനകൾക്കു ചേർച്ചയിൽ ജീവിക്കേണ്ടതുണ്ട്. അനേകരും അവരുടെ ജീവിതരീതിയിൽ മാറ്റംവരുത്തേണ്ടതുണ്ടെന്നാണ് അതിന്റെയർഥം. ആവശ്യമായ മാറ്റങ്ങൾ വരുത്തുന്ന എല്ലാവരും സങ്കീർത്തനക്കാരനായ ദാവീദിന്റെ പിൻവരുന്ന വാക്കുകളുടെ സത്യത അനുഭവിച്ചറിയുന്നു: “യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ. യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിൻ; അവന്റെ ഭക്തന്മാർക്കു ഒന്നിന്നും മുട്ടില്ലല്ലോ.” (സങ്കീർത്തനം 34:8, 9) യഹോവയെ ഭയപ്പെടുന്നവർക്കെല്ലാം അവനുമായി ഒരു നല്ല ബന്ധമുള്ളതുകൊണ്ട് ശാശ്വതമൂല്യമുള്ള യാതൊന്നും അവർക്കു നഷ്ടമാകുന്നില്ല.
4. ദാവീദും യേശുവും ഏതു കാര്യം സംബന്ധിച്ച് ഉറപ്പു നൽകി?
4 ‘വിശുദ്ധന്മാർ’ എന്നു വിളിച്ചുകൊണ്ട് ദാവീദ് തന്നോടൊപ്പമുണ്ടായിരുന്നവരെ ആദരിച്ചുവെന്നതു ശ്രദ്ധിക്കുക. അങ്ങനെ വിളിച്ചത് ഉചിതമായിരുന്നു, കാരണം അവർ ദൈവത്തിന്റെ വിശുദ്ധ ജനതയുടെ ഭാഗമായിരുന്നു. കൂടാതെ ജീവൻ പണയപ്പെടുത്തിക്കൊണ്ട് അവർ ദാവീദിനെ അനുഗമിക്കുകയും ചെയ്തിരുന്നു. ശൗലിനെ ഭയന്നുള്ള പലായനത്തിലായിരുന്നെങ്കിലും ജീവൻ നിലനിറുത്താൻ ആവശ്യമായ കാര്യങ്ങൾ അവർക്കു യഹോവ തുടർന്നും പ്രദാനം ചെയ്യുമെന്ന് ദാവീദിന് ഉറപ്പുണ്ടായിരുന്നു. “സിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മെക്കും കുറവില്ല,” അവൻ എഴുതി. (സങ്കീർത്തനം 34:10) യേശുവും തന്റെ അനുഗാമികൾക്കു സമാനമായ ഉറപ്പു നൽകി.—മത്തായി 6:33.
5. (എ) യേശുവിന്റെ അനേകം അനുഗാമികളും ഏതു പശ്ചാത്തലത്തിൽനിന്നുള്ളവരായിരുന്നു? (ബി) ഭയം പ്രകടമാക്കുന്നതിനോടുള്ള ബന്ധത്തിൽ യേശു എന്തു ബുദ്ധിയുപദേശം നൽകി?
5 യേശുവിന്റെ ശ്രോതാക്കളിൽ അനേകരും യെഹൂദ ജനതയിലെ താഴേക്കിടയിലുള്ളവരായിരുന്നു. “ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായ” അവരെക്കണ്ട് അവന്റെ “മനസ്സലിഞ്ഞു.” (മത്തായി 9:36) അത്തരം എളിയ മനുഷ്യർക്ക് യേശുവിനെ അനുഗമിക്കാനുള്ള ധൈര്യം ഉണ്ടായിരിക്കുമായിരുന്നോ? അതിന് അവർ മനുഷ്യഭയത്തിനു പകരം യഹോവാഭയം നട്ടുവളർത്തണമായിരുന്നു. യേശു ഇങ്ങനെ പറഞ്ഞു: “ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്വാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ. ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തിൽ [ഗ്രീക്കിൽ, ഗീഹെന്നാ] തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ: അതേ, അവനെ ഭയപ്പെടുവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല. നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ.”—ലൂക്കൊസ് 12:4-7.
6. (എ) യേശുവിന്റെ ഏതു വാക്കുകൾ ക്രിസ്ത്യാനികൾക്കു കരുത്തു പകർന്നിരിക്കുന്നു? (ബി) ദൈവഭയം പ്രകടമാക്കുന്നതിൽ യേശു ഏറ്റവും നല്ല മാതൃകയായിരിക്കുന്നത് എന്തുകൊണ്ട്?
6 ദൈവത്തെ സേവിക്കുന്നതു നിറുത്താൻ ശത്രുക്കളിൽനിന്നു സമ്മർദം നേരിടുമ്പോൾ അവനെ ഭയപ്പെടുന്ന എല്ലാവർക്കും യേശുവിന്റെ ഈ ബുദ്ധിയുപദേശം ഓർക്കാൻ കഴിയും: “മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാൽ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പിൽ തള്ളിപ്പറയും.” (ലൂക്കൊസ് 12:8, 9) ആ വാക്കുകൾ ക്രിസ്ത്യാനികൾക്ക്, പ്രത്യേകിച്ച് സത്യാരാധന നിരോധിക്കപ്പെട്ടിരിക്കുന്ന നാടുകളിലുള്ളവർക്ക് എന്നും കരുത്തു പകർന്നിട്ടുണ്ട്. ജാഗ്രതയോടെ യോഗങ്ങളിലും പരസ്യശുശ്രൂഷയിലും പങ്കെടുത്തുകൊണ്ട് അവർ തുടർന്നും യഹോവയെ സ്തുതിക്കുന്നു. (പ്രവൃത്തികൾ 5:29) ദൈവഭയം പ്രകടമാക്കുന്നതിൽ ഏറ്റവും നല്ല മാതൃക വെച്ചിരിക്കുന്നത് യേശുവാണ്. (എബ്രായർ 5:7) അവനെക്കുറിച്ച് ഇങ്ങനെ മുൻകൂട്ടിപ്പറയപ്പെട്ടു: “അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; . . . പരിജ്ഞാനത്തിന്റെയും യഹോവഭക്തിയുടെയും [“യഹോവാഭയത്തിന്റെയും,” NW] ആത്മാവു തന്നേ. അവന്റെ പ്രമോദം യഹോവാഭക്തിയിൽ [“യഹോവാഭയത്തിൽ,” NW] ആയിരിക്കും.” (യെശയ്യാവു 11:2, 3) അതുകൊണ്ട് ദൈവഭയത്തിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണെന്നു നമ്മെ പഠിപ്പിക്കാൻ യേശു അങ്ങേയറ്റം യോഗ്യനാണ്.
7. (എ) ക്രിസ്ത്യാനികൾ ഫലത്തിൽ ദാവീദ് നൽകിയതുപോലുള്ള ഒരു ആഹ്വാനത്തോടു പ്രതികരിക്കുന്നത് എങ്ങനെ? (ബി) മാതാപിതാക്കൾക്കു ദാവീദിന്റെ നല്ല മാതൃക എങ്ങനെ അനുകരിക്കാം?
7 യേശുവിന്റെ മാതൃക അനുകരിക്കുകയും അവന്റെ പഠിപ്പിക്കലുകൾ പിൻപറ്റുകയും ചെയ്യുന്ന എല്ലാവരും ഫലത്തിൽ, ദാവീദ് നൽകിയ പിൻവരുന്നതുപോലുള്ള ഒരു ആഹ്വാനത്തോടു പ്രതികരിക്കുകയാണു ചെയ്യുന്നത്: “മക്കളേ, വന്നു എനിക്കു ചെവിതരുവിൻ; യഹോവയോടുള്ള ഭക്തിയെ [“ഭയം,” NW] ഞാൻ ഉപദേശിച്ചുതരാം.” (സങ്കീർത്തനം 34:11) തന്റെ സംഘത്തിലുള്ളവരെ “മക്കളേ” എന്നു ദാവീദ് സംബോധന ചെയ്തതു തികച്ചും സ്വാഭാവികമായിരുന്നു, കാരണം അവർ തങ്ങളുടെ നേതാവെന്ന നിലയിൽ അവനെ ആദരിച്ചിരുന്നു. ദാവീദാകട്ടെ, ഐക്യവും ദൈവപ്രീതിയും ആസ്വദിക്കാൻ കഴിയുമാറ് ആവശ്യമായ ആത്മീയ സഹായം അവർക്കു നൽകുകയും ചെയ്തു. ക്രിസ്തീയ മാതാപിതാക്കൾക്കുള്ള എത്ര നല്ലൊരു മാതൃക! മക്കളെ “കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളർത്തു”വാൻ യഹോവ അവരെ അധികാരപ്പെടുത്തിയിരിക്കുന്നു. (എഫെസ്യർ 6:4) ദിവസവും മക്കളോടൊത്ത് ആത്മീയ വിവരങ്ങൾ ചർച്ചചെയ്യുകയും ക്രമമായി ബൈബിളധ്യയനം നടത്തുകയും ചെയ്തുകൊണ്ട് യഹോവാഭയത്തിൽ അധിഷ്ഠിതമായ ഒരു സന്തുഷ്ട ജീവിതം നയിക്കുന്നതിന് അവരെ സഹായിക്കാൻ മാതാപിതാക്കൾക്കു കഴിയും.—ആവർത്തനപുസ്തകം 6:6, 7.
ദൈവഭയം പ്രവൃത്തിപഥത്തിലാക്കുന്ന വിധം
8, 9. (എ) ദൈവഭയത്തിൽ അധിഷ്ഠിതമായ ജീവിതം ഇത്ര അഭികാമ്യമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) നമ്മുടെ നാവിനെ കാക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
8 മുമ്പു സൂചിപ്പിച്ചതുപോലെ, യഹോവയെ ഭയപ്പെടുന്നത് നമ്മുടെ സന്തോഷം കവർന്നുകളയുന്നില്ല. “ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്നു ദീർഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവൻ ആർ,” ദാവീദ് ചോദിച്ചു. (സങ്കീർത്തനം 34:12) വ്യക്തമായും നമുക്കു ദീർഘായുസ്സും നന്മയും പ്രദാനംചെയ്യുന്ന സുപ്രധാന ഘടകമാണു യഹോവാഭയം. എന്നിരുന്നാലും “എനിക്കു ദൈവഭയമുണ്ട്” എന്ന് അവകാശപ്പെടാൻ എളുപ്പമാണ്; പ്രവൃത്തിയിൽ തെളിയിക്കാനാണു പ്രയാസം. അതുകൊണ്ട് നമുക്കെങ്ങനെ ദൈവഭയം പ്രകടമാക്കാനാകുമെന്ന് ദാവീദ് തുടർന്നു വിവരിക്കുന്നു.
9 “ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊൾക.” (സങ്കീർത്തനം 34:13) സഹോദരപ്രീതിയോടെ അന്യോന്യം പെരുമാറാൻ ക്രിസ്ത്യാനികളെ ഉപദേശിച്ചശേഷം 34-ാം സങ്കീർത്തനത്തിലെ ഈ ഭാഗം ഉദ്ധരിക്കാൻ പത്രൊസ് അപ്പൊസ്തലൻ നിശ്വസ്തനാക്കപ്പെട്ടു. (1 പത്രൊസ് 3:8-12) ദോഷം ചെയ്യാതെ നമ്മുടെ നാവിനെ കാക്കുക എന്നതിന്റെ അർഥം അപവാദപ്രചരണങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കുക എന്നാണ്. പകരം പരിപുഷ്ടിപ്പെടുത്തുംവിധം മറ്റുള്ളവരോടു സംസാരിക്കാൻ നാം സദാ യത്നിക്കും. ധൈര്യസമേതം സത്യം സംസാരിക്കാനും നാം പരിശ്രമിക്കും.—എഫെസ്യർ 4:25, 29, 31; യാക്കോബ് 5:16.
10. (എ) ദോഷം വിട്ടകലുന്നത് എന്ത് അർഥമാക്കുന്നു, വിശദീകരിക്കുക. (ബി) നന്മ ചെയ്യുന്നതിൽ എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നു?
10 “ദോഷം വിട്ടകന്നു ഗുണം [“നൻമ,” പി.ഒ.സി. ബൈബിൾ] ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക.” (സങ്കീർത്തനം 34:14) ലൈംഗിക അധാർമികത, അശ്ലീലം, മോഷണം, ആത്മവിദ്യ, അക്രമം, മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം എന്നിങ്ങനെ ദൈവം കുറ്റംവിധിക്കുന്ന കാര്യങ്ങൾ നാം ഒഴിവാക്കുന്നു. മേച്ഛമായ അത്തരം കാര്യങ്ങൾ വിശേഷവത്കരിക്കുന്ന വിനോദപരിപാടികളും നാം തള്ളിക്കളയുന്നു. (എഫെസ്യർ 5:9, 11, 12) പകരം നന്മ ചെയ്യാൻ നാം നമ്മുടെ സമയം വിനിയോഗിക്കുന്നു. രക്ഷപ്രാപിക്കാൻ മറ്റുള്ളവരെ സഹായിച്ചുകൊണ്ട് പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ ക്രമമായി പങ്കെടുക്കുക എന്നതാണ് നമുക്കു ചെയ്യാനാകുന്ന ഏറ്റവും വലിയ നന്മപ്രവൃത്തി. (മത്തായി 24:14; 28:19, 20) ക്രിസ്തീയ യോഗങ്ങൾക്കായി തയ്യാറാകുന്നതും അവയിൽ സംബന്ധിക്കുന്നതും ലോകവ്യാപക വേലയെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതും രാജ്യഹാളുകൾ നല്ല നിലയിൽ സംരക്ഷിക്കാൻ സഹായിക്കുന്നതും പ്രതികൂല സാഹചര്യങ്ങളിലുള്ള സഹോദരങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചു ചിന്തയുള്ളവരായിരിക്കുന്നതും നന്മ ചെയ്യുന്നതിൽ ഉൾപ്പെടുന്നു.
11. (എ) ദാവീദ് സമാധാനത്തോടു ബന്ധപ്പെട്ട സ്വന്തം ആഹ്വാനത്തിനു ചേർച്ചയിൽ പ്രവർത്തിച്ചത് എങ്ങനെ? (ബി) സഭയിൽ ‘സമാധാനം അന്വേഷിച്ചു പിന്തുടരാൻ’ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
11 സമാധാനം അന്വേഷിച്ചു പിന്തുടരുന്നതിൽ ദാവീദ് നല്ലൊരു മാതൃകവെച്ചു. ശൗലിനെ കൊല്ലാൻ രണ്ടുതവണ അവന് അവസരം ലഭിച്ചതാണ്. എന്നാൽ അപ്പോഴൊന്നും അവൻ പ്രതികാരം ചെയ്തില്ല. തന്നെയുമല്ല സമാധാനം പുനസ്ഥാപിക്കാനുള്ള ലക്ഷ്യത്തിൽ പിന്നീട് ശൗലിനോട് ആദരപൂർവം സംസാരിക്കുകയും ചെയ്തു. (1 ശമൂവേൽ 24:8-11; 26:17-20) ഇന്ന് സഭയുടെ സമാധാനം അപകടത്തിലാക്കിയേക്കാവുന്ന ഒരു സാഹചര്യം ഉടലെടുക്കുന്നപക്ഷം എന്തു ചെയ്യാനാകും? നാം ‘സമാധാനം അന്വേഷിച്ചു പിന്തുടരണം.’ അതുകൊണ്ട് ഒരു സഹവിശ്വാസിക്കും നമുക്കും ഇടയിലുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടുന്നതായി തിരിച്ചറിയുന്നപക്ഷം നാം യേശുവിന്റെ പിൻവരുന്ന ബുദ്ധിയുപദേശം അനുസരിക്കുന്നു: “ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക.” തുടർന്ന് ആരാധനയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിൽ നമുക്കു ശ്രദ്ധിക്കാനാകും.—മത്തായി 5:23, 24; എഫെസ്യർ 4:26.
ദൈവഭയം സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തുന്നു
12, 13. (എ) ദൈവത്തെ ഭയപ്പെടുന്നവർ ഇന്ന് എന്തെല്ലാം പ്രയോജനങ്ങൾ അനുഭവിക്കുന്നു? (ബി) വിശ്വസ്ത ആരാധകർക്ക് മഹത്തായ എന്തു പ്രതിഫലം ഉടൻ ലഭിക്കും?
12 “യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.” (സങ്കീർത്തനം 34:15) ആ വാക്കുകൾ സത്യമാണെന്ന് ദാവീദുമായുള്ള ദൈവത്തിന്റെ ഇടപെടലിന്റെ ചരിത്രം തെളിയിക്കുന്നു. യഹോവ നമ്മെ സ്നേഹപൂർവം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണെന്ന അറിവ് നമുക്കിന്ന് ആഴമായ സന്തോഷവും സമാധാനവും കൈവരുത്തുന്നു. നാം എത്ര വലിയ സമ്മർദത്തിലായിരുന്നാലും നമ്മുടെ ആവശ്യങ്ങൾക്കുനേരെ അവൻ കണ്ണടയ്ക്കില്ലെന്നു നമുക്കു ബോധ്യമുണ്ട്. മുൻകൂട്ടിപ്പറയപ്പെട്ടിരിക്കുന്നതുപോലെ, എല്ലാ സത്യാരാധകരും പെട്ടെന്നുതന്നെ മാഗോഗിലെ ഗോഗിന്റെ ആക്രമണവും ‘യഹോവയുടെ ഭയങ്കരമായ ദിവസവും’ അഭിമുഖീകരിക്കും എന്നു നമുക്കറിയാം. (യോവേൽ 2:11, 31; യെഹെസ്കേൽ 38:14-18, 21-23) ആ സമയത്ത് നാം എങ്ങനെയുള്ള സാഹചര്യം നേരിടേണ്ടിവന്നാലും ദാവീദിന്റെ പിൻവരുന്ന വാക്കുകൾ നമ്മുടെ കാര്യത്തിൽ സത്യമായി ഭവിക്കും: “നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.”—സങ്കീർത്തനം 34:17.
13 യഹോവ തന്റെ അത്യുന്നത നാമത്തെ മഹത്ത്വപൂർണമാക്കുന്നതു കാണുന്നത് അന്നു നമ്മെ എത്ര പുളകിതരാക്കും! മുമ്പൊരിക്കലും അറിഞ്ഞിട്ടില്ലാത്ത ഒരു ഭയാദരവ് നമ്മുടെ ഹൃദയങ്ങളിൽ നിറയും, എതിരാളികൾ ഒന്നടങ്കം ദയനീയമായി നാശമടയും. “ദുഷ്പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിന്നു യഹോവയുടെ മുഖം അവർക്കു പ്രതികൂലമായിരിക്കുന്നു.” (സങ്കീർത്തനം 34:16) മഹത്തായ വിടുതൽ അനുഭവിച്ചറിഞ്ഞുകൊണ്ട് നീതി വസിക്കുന്ന ഒരു പുതിയ ലോകത്തിലേക്കു കാലെടുത്തുവെക്കാനാകുന്നത് നമുക്കു ലഭിക്കുന്ന എത്ര അമൂല്യമായ ഒരു പ്രതിഫലമായിരിക്കും!
സഹിച്ചുനിൽക്കാൻ സഹായിക്കുന്ന വാഗ്ദാനങ്ങൾ
14. അനർഥങ്ങൾക്കു മധ്യേയും സഹിച്ചുനിൽക്കാൻ നമ്മെ എന്തു സഹായിക്കും?
14 യഹോവയുടെ ആ പുതിയ ലോകം വന്നെത്തുന്നതുവരെ, ദുഷിച്ചതും വിദ്വേഷപൂരിതവുമായ ഈ ലോകത്ത് അവനെ തുടർന്നും അനുസരിക്കാൻ സഹിഷ്ണുത കൂടിയേതീരൂ. അനുസരണം നട്ടുവളർത്താൻ ദൈവഭയം നമ്മെ ഏറെ സഹായിക്കും. ദുർഘടമായ ഈ കാലത്ത് യഹോവയുടെ ചില ദാസർ ഹൃദയഭേദകവും മനംതകർക്കുന്നതുമായ കടുത്ത ക്ലേശങ്ങൾ നേരിടുന്നു. എന്നിരുന്നാലും യഹോവയിൽ ആശ്രയിക്കുന്നപക്ഷം സഹിച്ചുനിൽക്കാൻ അവൻ സഹായിക്കുമെന്ന് അവർക്കു പരിപൂർണ ബോധ്യമുണ്ടായിരിക്കാൻ കഴിയും. “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു” എന്ന ദാവീദിന്റെ വാക്കുകൾ എത്ര ആശ്വാസപ്രദമാണ്! (സങ്കീർത്തനം 34:18) അവന്റെ തുടർന്നുള്ള വാക്കുകളും പ്രോത്സാഹജനകമാണ്: “നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.” (സങ്കീർത്തനം 34:19) എന്തെല്ലാം അനർഥങ്ങൾ നേരിട്ടാലും അതിൽനിന്നെല്ലാം നമ്മെ വിടുവിക്കാൻ യഹോവ ശക്തനാണ്.
15, 16. (എ) 34-ാം സങ്കീർത്തനം രചിച്ച ഉടൻ ദാവീദ് എന്ത് അനർഥത്തെക്കുറിച്ചു കേൾക്കാനിടയായി? (ബി) പരിശോധനകൾ സഹിച്ചുനിൽക്കാൻ നമ്മെ എന്തു സഹായിക്കും?
15 മുപ്പത്തിനാലാം സങ്കീർത്തനം രചിച്ച ഉടനെ നോബിലെ ജനങ്ങൾക്കും മിക്ക പുരോഹിതന്മാർക്കും നേരിട്ട അനർഥത്തെക്കുറിച്ചു ദാവീദ് കേൾക്കാനിടയായി. താൻ അവിടേക്കു ചെന്നതാണ് ശൗലിനെ കോപാക്രാന്തനാക്കിയതും അവരെയെല്ലാം വധിക്കാൻ അവനെ പ്രേരിപ്പിച്ചതും എന്നോർത്തപ്പോൾ ദാവീദിന് എത്ര ഹൃദയവ്യഥ തോന്നിക്കാണണം! (1 ശമൂവേൽ 22:13, 18-21) നിസ്സംശയമായും സഹായത്തിനായി അവൻ യഹോവയിലേക്കു തിരിഞ്ഞു; “നീതിമാന്മാരുടെ” പുനരുത്ഥാനത്തെക്കുറിച്ചുള്ള ഭാവി പ്രത്യാശ അവനെ എത്രയും ആശ്വസിപ്പിച്ചു.—പ്രവൃത്തികൾ 24:15.
16 പുനരുത്ഥാന പ്രത്യാശ ഇന്നു നമുക്കും ശക്തിപകരുന്നു. ശത്രുക്കൾ ചെയ്യുന്നതൊന്നും ശാശ്വത ഹാനി വരുത്തുകയില്ലെന്നു നമുക്കറിയാം. (മത്തായി 10:28) പിൻവരുന്ന വാക്കുകളിലൂടെ ദാവീദ് സമാനമായ ബോധ്യം പ്രകടിപ്പിച്ചു: ‘[നീതിമാന്റെ] അസ്ഥികളെ എല്ലാം അവൻ സൂക്ഷിക്കുന്നു; അവയിൽ ഒന്നും ഒടിഞ്ഞുപോകയുമില്ല.’ (സങ്കീർത്തനം 34:20) യേശുവിന്റെ കാര്യത്തിൽ ആ വാക്കുകൾ അക്ഷരാർഥത്തിൽ നിറവേറി. ക്രൂരമായി കൊലചെയ്യപ്പെട്ടെങ്കിലും അവന്റെ ഒരു അസ്ഥിയും ‘ഒടിഞ്ഞുപോയില്ല.’ (യോഹന്നാൻ 19:36) വിശാലമായ അർഥത്തിൽ, എന്തെല്ലാം പരിശോധനകൾ നേരിട്ടാലും അഭിഷിക്ത ക്രിസ്ത്യാനികൾക്കും സഹചാരികളായ ‘വേറെ ആടുകൾക്കും’ ഒരിക്കലും ശാശ്വത ഹാനി സംഭവിക്കുകയില്ലെന്ന് സങ്കീർത്തനം 34:20 നമുക്ക് ഉറപ്പുതരുന്നു. ആലങ്കാരികമായി പറഞ്ഞാൽ, അവരുടെ അസ്ഥികൾ ഒരിക്കലും ഒടിഞ്ഞുപോകയില്ല.—യോഹന്നാൻ 10:16.
17. യഹോവയുടെ ജനത്തെ ദ്വേഷിക്കുന്നതിൽ തുടരുന്നവർക്ക് ഉടൻ എന്തു സംഭവിക്കും?
17 ദുഷ്ടന്മാരുടെ സ്ഥിതി മറിച്ചാണ്; കാറ്റു വിതച്ച അവർ പെട്ടെന്നുതന്നെ കൊടുങ്കാറ്റു കൊയ്യും. “അനർത്ഥം ദുഷ്ടനെ കൊല്ലുന്നു; നീതിമാനെ പകെക്കുന്നവർ ശിക്ഷ അനുഭവിക്കും.” (സങ്കീർത്തനം 34:21) ദൈവജനത്തെ എതിർക്കുന്നതിൽ തുടരുന്ന സകലരെയും, സംഭവിക്കാവുന്നതിൽവെച്ച് ഏറ്റവും വലിയ അനർഥമാണു കാത്തിരിക്കുന്നത്. യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ അവർ “നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.”—2 തെസ്സലൊനീക്യർ 1:10.
18. ഏതർഥത്തിലാണ് “മഹാപുരുഷാരം” ഇപ്പോൾത്തന്നെ വീണ്ടെടുക്കപ്പെട്ടിരിക്കുന്നത്, ഭാവിയിൽ അവർക്ക് എന്ത് അനുഗ്രഹം ലഭിക്കും?
18 സങ്കീർത്തനം 34:22-ലെ, ആത്മധൈര്യം പകരുന്ന പിൻവരുന്ന വാക്കുകളോടെ ദാവീദിന്റെ ഈ സങ്കീർത്തനം അവസാനിക്കുന്നു: “യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു; അവനെ ശരണമാക്കുന്നവരാരും ശിക്ഷ അനുഭവിക്കയില്ല [‘കുറ്റം വഹിക്കയില്ല,’ ഗുണ്ടർട്ട് ബൈബിൾ, വാക്യം 23].” യഹോവ “എന്റെ ജീവനെ സകലകഷ്ടത്തിൽനിന്നും വീണ്ടെടുത്തിരി”ക്കുന്നു എന്ന് നാൽപ്പതു വർഷം നീണ്ടുനിന്ന തന്റെ ഭരണത്തിന്റെ അന്ത്യത്തോടടുത്ത് ദാവീദ് പറഞ്ഞു. (1 രാജാക്കന്മാർ 1:29) ദാവീദിനെപ്പോലെ, യഹോവയെ ഭയപ്പെടുന്നവർക്ക് പിന്തിരിഞ്ഞുനോക്കിക്കൊണ്ട് പാപംമൂലമുള്ള ഏതൊരു കുറ്റത്തിൽനിന്നും വീണ്ടെടുക്കപ്പെട്ടതിലും എല്ലാ പരിശോധനകളിൽനിന്നും വിടുവിക്കപ്പെട്ടതിലും സന്തോഷിച്ചുല്ലസിക്കാൻ പെട്ടെന്നുതന്നെ കഴിയും. മിക്ക അഭിഷിക്ത ക്രിസ്ത്യാനികൾക്കും അവരുടെ സ്വർഗീയ പ്രതിഫലം ലഭിച്ചുകഴിഞ്ഞിരിക്കുകയാണ്. ഇന്ന് സകലജനതകളിൽനിന്നുമുള്ള ഒരു “മഹാപുരുഷാരം” യഹോവയെ സേവിക്കുന്നതിൽ യേശുവിന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവരോടു ചേരുകയും തത്ഫലമായി അവന്റെ മുമ്പാകെ ശുദ്ധമായ ഒരു നില ആസ്വദിക്കുകയും ചെയ്യുന്നു. യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിനുള്ള വീണ്ടെടുപ്പിൻ ശക്തിയിൽ വിശ്വാസമർപ്പിക്കുന്നതിനാലാണ് അവർക്ക് അതിനു കഴിയുന്നത്. ആയിര-വർഷ വാഴ്ചക്കാലത്ത് അവന്റെ മറുവിലയാഗത്തിന്റെ മുഴുപ്രയോജനവും അനുഭവിക്കാൻ അവസരം ലഭിക്കുന്ന അവർ മനുഷ്യപൂർണതയിലേക്ക് ഉയർത്തപ്പെടും.—വെളിപ്പാടു 7:9, 14, 17; 21:3-5.
19. “മഹാപുരുഷാര”ത്തിൽപ്പെട്ടവർ എന്തു ചെയ്യാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു?
19 ദൈവത്തെ ആരാധിക്കുന്ന “മഹാപുരുഷാരം” ഈ അനുഗ്രഹങ്ങൾക്കെല്ലാം പാത്രീഭൂതമാകുന്നത് എന്തുകൊണ്ടാണ്? ഭക്ത്യാശ്ചര്യങ്ങളോടും ആദരപൂർവമായ അനുസരണത്തോടും കൂടെ യഹോവയെ സേവിച്ചുകൊണ്ട് എന്നെന്നും അവനോടുള്ള ഭയത്തിൽ ജീവിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നവരാണ് അവർ എന്നതാണ് അതിനു കാരണം. നിശ്ചയമായും, യഹോവാഭയം ഇപ്പോൾത്തന്നെ നമ്മുടെ ജീവിതത്തെ സന്തോഷപ്രദമാക്കുകയും ദൈവത്തിന്റെ പുതിയ ലോകത്തിലെ നിത്യജീവനാകുന്ന “സാക്ഷാലുള്ള ജീവനെ” മുറുകെപ്പിടിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.—1 തിമൊഥെയൊസ് 6:12, 18, 19; വെളിപ്പാടു 15:3, 4.
നിങ്ങൾ ഓർമിക്കുന്നുവോ?
• നാം ദൈവത്തെ ഭയപ്പെടേണ്ടത് എന്തുകൊണ്ട്, അവനെ ഭയപ്പെടുന്നതിന്റെ അർഥമെന്ത്?
• ദൈവഭയം നമ്മുടെ നടത്തയെ എങ്ങനെ സ്വാധീനിക്കണം?
• ദൈവഭയത്തിൽ അധിഷ്ഠിതമായ ജീവിതം എന്തെല്ലാം അനുഗ്രഹങ്ങൾ കൈവരുത്തുന്നു?
• സഹിച്ചുനിൽക്കാൻ ഏതെല്ലാം വാഗ്ദാനങ്ങൾ നമ്മെ സഹായിക്കുന്നു?
[26-ാം പേജിലെ ചിത്രം]
യഹോവയെ ഭയപ്പെടുന്നവർ നിരോധനത്തിൻകീഴിൽ ജാഗ്രതയോടെ പ്രവർത്തിക്കുന്നു
[28-ാം പേജിലെ ചിത്രം]
അയൽക്കാരുമായി രാജ്യത്തിന്റെ സുവാർത്ത പങ്കുവെക്കുക എന്നതാണ് അവർക്കുവേണ്ടി നമുക്കു ചെയ്യാനാകുന്ന ഏറ്റവും വലിയ നന്മപ്രവൃത്തി