-
നിങ്ങൾ ദൈവേഷ്ടം ചെയ്യുന്നുവോ?വീക്ഷാഗോപുരം—1994 | മാർച്ച് 1
-
-
ദൈവേഷ്ടം ചെയ്യുന്നതിലെ സന്തോഷം നിലനിർത്തൽ
തന്റെ മുഴു ജീവിതത്തിലും ദൈവേഷ്ടം ചെയ്യാൻ തുനിഞ്ഞ ഒരുവനായിരുന്നു പുരാതന ഇസ്രായേലിലെ ദാവീദ് രാജാവ്. തനിക്കെതിരെ വരുത്തപ്പെട്ട അനേകം പ്രയാസങ്ങളും സമ്മർദങ്ങളും ഉണ്ടായിരുന്നിട്ടും ഇങ്ങനെ പറയാൻ അദ്ദേഹം നിശ്വസ്തനാക്കപ്പെട്ടു: “എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.” (സങ്കീർത്തനം 40:8) യഹോവയുടെ ഇഷ്ടം ചെയ്യൽ ദാവീദിന്റെ ദേഹിയിൽത്തന്നെ, അദ്ദേഹത്തിന്റെ അസ്തിത്വത്തിൽത്തന്നെ അന്തർലീനമായിരുന്നു. യഹോവയെ സേവിക്കുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന മങ്ങാത്ത സന്തോഷത്തിന്റെ രഹസ്യം അതായിരുന്നു. ദൈവേഷ്ടം ചെയ്യുന്നതു ദാവീദിനു പ്രയാസമുളവാക്കുന്ന ഒരു കാര്യമായിരുന്നില്ല. മറിച്ച് അത് അദ്ദേഹത്തിന് ആനന്ദമായിരുന്നു, ഹൃദയത്തിൽനിന്നു വന്ന ഒരു സംഗതിതന്നെ. ചിലപ്പോഴെല്ലാം തെററു ചെയ്യുകയും കുറവുള്ളവനായിത്തീരുകയും ചെയ്തെങ്കിലും ജീവിതത്തിലുടനീളം തന്റെ ദൈവമായ യഹോവയെ ഏററവും മികച്ചരീതിയിൽ സേവിക്കുന്നതിൽ അദ്ദേഹം കഠിനമായി യത്നിച്ചു.
നമ്മുടെ സന്തോഷം കുറയുന്ന സന്ദർഭങ്ങളുണ്ടായേക്കാം. നാം തളർന്നവരും മനസ്സിടിഞ്ഞവരും ആയിത്തീർന്നേക്കാം. ഒരുപക്ഷേ നമ്മുടെ കഴിഞ്ഞകാലം നമ്മെ വേട്ടയാടിയേക്കാം, പണ്ടെങ്ങോ ചെയ്ത ഒരു തെററിനെക്കുറിച്ചു മനസ്സാക്ഷി നമ്മെ അലട്ടിക്കൊണ്ടിരുന്നേക്കാം. പലപ്പോഴും, ദൈവവചനത്തിന്റെ കൂടുതൽ വിശദമായ പഠനത്താൽ ഇത്തരം വികാരങ്ങളെ നമുക്കു കീഴടക്കാനാവും. ദാവീദ് ചെയ്തതുപോലെ ദൈവത്തിന്റെ പ്രമാണം നമ്മുടെ “ഉള്ളിൽ” ആലേഖനം ചെയ്യാൻ നമുക്കു ലക്ഷ്യം വെക്കാനാവും. മുഴുഹൃദയത്തോടെ, അതായത് നമ്മുടെ കഴിവിന്റെ പരമാവധി ദൈവേഷ്ടം ചെയ്യാൻ നാം ആഗ്രഹിക്കുന്നെങ്കിൽ അവിടുന്ന് അതിൻപ്രകാരം പ്രതിഫലം നൽകും, എന്തെന്നാൽ അവിടുന്ന് വിശ്വസ്തനാണ്.—എഫെസ്യർ 6:6; എബ്രായർ 6:10-12; 1 പത്രൊസ് 4:19.
രസാവഹമായി, എബ്രായർ 10:5-7-ൽ അപ്പോസ്തലനായ പൗലോസ് സങ്കീർത്തനം 40:6-8-ലെ ദാവീദിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അവയെ യേശുക്രിസ്തുവിനു ബാധകമാക്കി. പൗലോസ് അപ്രകാരം ചെയ്തുകൊണ്ടു യേശു പിതാവിനോട് എത്ര അടുത്തവൻ എന്നു സൂചിപ്പിച്ചു. “ഇഷ്ടം” എന്നതിനുള്ള എബ്രായ പദത്തിന്റെ ആശയം വാസ്തവത്തിൽ ‘ആനന്ദം, ആഗ്രഹം, പ്രീതി, അല്ലെങ്കിൽ സുഖം’ എന്നെല്ലാമാണ്. അതുകൊണ്ട് ക്രിസ്തുവിനെക്കുറിച്ചു സങ്കീർത്തനം 40:8 ഇങ്ങനെ വായിക്കുന്നു: “എന്റെ ദൈവമേ, അങ്ങേക്ക് ആനന്ദമായതു ചെയ്യാൻ ഞാൻ പ്രിയപ്പെടുന്നു.”a മുമ്പു ചെയ്തിരുന്നതുപോലെ, യേശു പിതാവിനെ പ്രീതിപ്പെടുത്തുന്നതു ചെയ്യാൻ ആഗ്രഹിച്ചു. തന്നോട് ആവശ്യപ്പെട്ടതു മാത്രമല്ല, അതിനപ്പുറവും യേശു ചെയ്തു. പിതാവിന്റെ ഹൃദയത്തിനു ചേർച്ചയിൽ പ്രവർത്തിച്ചു, അതു ചെയ്യുന്നത് അവിടുന്ന് ആസ്വദിക്കുകയും ചെയ്തു.
ദൈവേഷ്ടം എന്ത്, ദൈവാനുഗ്രഹം നേടാൻ എന്തു ചെയ്യണം എന്നിവ മററുള്ളവരെ പഠിപ്പിക്കുന്നതിനെ കേന്ദ്രീകരിച്ചായിരുന്നു യേശുവിന്റെ മുഴുജീവിതവും. അവിടുന്ന് ഒരു മുഴുസമയ പ്രസംഗകനും അധ്യാപകനും ആയിരുന്നു, ആ വേലയിൽ അവിടുന്ന് വലിയ സന്തോഷം കണ്ടെത്തി. അതുകൊണ്ട്, നാം യഹോവയുടെ വേല എത്രയധികം ചെയ്യുന്നുവോ അത്രയധികം സന്തോഷം നമുക്കു ലഭിക്കും എന്നതു സ്വാഭാവികമാണ്. അതിരില്ലാത്ത സന്തോഷമുണ്ടാകാൻ തക്കവണ്ണം മുഴുസമയ ശുശ്രൂഷയിൽ സേവിക്കാൻ നിങ്ങൾക്കും കഴിയുമോ?
-
-
നിങ്ങൾ ദൈവേഷ്ടം ചെയ്യുന്നുവോ?വീക്ഷാഗോപുരം—1994 | മാർച്ച് 1
-
-
a സങ്കീർത്തനം 40:8, NW-ന്റെ അടിക്കുറിപ്പു കാണുക.
-