മറുവില
നിർവ്വചനം: എന്തെങ്കിലും കടപ്പാടിൽ നിന്നോ അനഭിലഷണീയ സാഹചര്യത്തിൽ നിന്നോ വിടുവിക്കുന്നതിന് അല്ലെങ്കിൽ തിരികെ വാങ്ങുന്നതിന് കൊടുക്കുന്ന വില. ഏററം പ്രധാനമായ മറുവില യേശുക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തമാണ്. ആ മറുവിലയുടെ മൂല്യം സ്വർഗ്ഗത്തിൽ അർപ്പിച്ചതിനാൽ നമ്മുടെ പൂർവ്വപിതാവായ ആദാമിന്റെ പാപംമൂലം നാം അവകാശമാക്കിയ പാപത്തിന്റെയും മരണത്തിന്റെയും അടിമത്വത്തിൽനിന്ന് ആദാമിന്റെ സന്തതികളെ വിടുവിക്കുന്നതിനുളള വഴി യേശു തുറന്നു.
യേശുക്രിസ്തുവിന്റെ മരണം രക്തസാക്ഷികളായിത്തീർന്ന മററുളളവരുടേതിൽനിന്ന് വ്യത്യസ്തമായിരുന്നത് എങ്ങനെയാണ്?
യേശു ഒരു പൂർണ്ണ മനുഷ്യനായിരുന്നു. അവൻ പാപത്തിന്റെ കളങ്കമേശാതെ ജനിച്ചു, ജീവിതത്തിൽ ഉടനീളം ആ പൂർണ്ണത നിലനിർത്തുകയും ചെയ്തു. “അവൻ പാപം ചെയ്തില്ല.” “അവൻ നിർമ്മലൻ, പാപികളിൽനിന്ന് വേർപെട്ടവൻ” ആയിരുന്നു.—1 പത്രോ. 2:22; എബ്രാ. 7:26.
അവൻ ദൈവത്തിന്റെ അദ്വിതീയനായ പുത്രനായിരുന്നു. ദൈവംതന്നെ സ്വർഗ്ഗത്തിൽ നിന്ന് ഉച്ചത്തിൽ ഈ വസ്തുത സാക്ഷ്യപ്പെടുത്തി. (മത്താ. 3:17; 17:5) ഈ പുത്രൻ മുമ്പേ സ്വർഗ്ഗത്തിൽ വസിച്ചിരുന്നു; അവൻ മുഖാന്തരം ദൈവം മുഴുഅഖിലാണ്ഡത്തിലുമുളള എല്ലാ വ്യക്തികളെയും വസ്തുക്കളെയും ആസ്തിക്യത്തിലേക്കു കൊണ്ടുവന്നു. തന്റെ ഇഷ്ടം നിവർത്തിക്കാൻ ഇവൻ ഒരു മനുഷ്യനായി ജനിക്കാൻ കഴിയേണ്ടതിന് ദൈവം അത്ഭുതകരമായി ഈ പുത്രന്റെ ജീവനെ ഒരു കന്യകയുടെ ഗർഭാശയത്തിലേക്ക് മാററി. താൻ ഒരു യഥാർത്ഥ മനുഷ്യനായിത്തീർന്നിരിക്കുന്നു എന്നത് ഊന്നിപ്പറയാൻ യേശു മനുഷ്യപുത്രൻ എന്ന നിലയിൽ തന്നെത്തന്നെ പരാമർശിച്ചു.—കൊലൊ. 1:15-20; യോഹ. 1:14; ലൂക്കോ. 5:24.
തന്നെ വധിച്ചവരുടെ മുമ്പാകെ അവൻ നിസ്സഹായനായിരുന്നില്ല. അവൻ പറഞ്ഞു: “ഞാൻ എന്റെ ദേഹിയെ ഏൽപ്പിച്ചു കൊടുക്കുന്നു . . . ആരും അത് എന്നിൽനിന്ന് എടുത്തുകളിഞ്ഞിട്ടില്ല, എന്നാൽ എന്റെ സ്വന്തം ഇഷ്ടപ്രകാരം ഞാൻ അതിനെ ഏൽപ്പിച്ചു കൊടുക്കുന്നു.” (യോഹ. 10:17, 18) തന്റെ പക്ഷത്ത് ദൂതൻമാർ ഇടപെടുന്നതിനായി അപേക്ഷിക്കാൻ അവൻ വിസമ്മതിച്ചു. (മത്താ. 26:53, 54) അവനെ കൊല്ലുന്നതിനുളള ദുഷ്ടരായ മനുഷ്യരുടെ പദ്ധതി നടപ്പാക്കാൻ അവർ അനുവദിക്കപ്പെട്ടുവെങ്കിലും അവന്റെ മരണം യഥാർത്ഥത്തിൽ ഒരു ബലിയായിരുന്നു.
അവന്റെ ചൊരിയപ്പെട്ട രക്തത്തിന് മററുളളവർക്ക് വിടുതൽ കൈവരുത്തുന്നതിനുളള മൂല്യമുണ്ട്. “മനുഷ്യപുത്രൻ ശുശ്രൂഷിക്കപ്പെടുന്നതിനല്ല, മറിച്ച് ശുശ്രൂഷിക്കുന്നതിനും അനേകർക്കുവേണ്ടി തന്റെ ദേഹിയെ ഒരു മറുവിലയായി പകരം വച്ചുകൊടുക്കുന്നതിനും തന്നെ വന്നു. (മർക്കോ. 10:45) അതുകൊണ്ട് അവന്റെ മരണം തന്റെ വിശ്വാസങ്ങൾ സംബന്ധിച്ച് വിട്ടുവീഴ്ചചെയ്യാൻ വിസമ്മതിച്ചതിനാലുളള രക്തസാക്ഷിത്വത്തേക്കാൾ വളരെ അധികമായ ഒന്നായിരുന്നു.
“സ്മാരകം” എന്ന ശീർഷകത്തിൻ കീഴിൽ 266, 267 പേജുകൾ കൂടെ കാണുക.
നമുക്ക് നിത്യജീവൻ ലഭിക്കേണ്ടതിന് ഈ വിധത്തിൽ ഒരു മറുവില നൽകേണ്ടത് ആവശ്യമായിരുന്നതെന്തുകൊണ്ട്?
റോമ. 5:12: “ഏക മനുഷ്യനാൽ [ആദാം] പാപവും പാപത്താൽ മരണവും ലോകത്തിൽ പ്രവേശിച്ചു, അങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനുഷ്യരിലേക്കും വ്യാപിച്ചു.” (നാം എത്ര നീതിമാൻമാരായി ജീവിച്ചാലും ജനനം മുതൽ തന്നെ നാമെല്ലാം പാപികളാണ്. [സങ്കീ. 51:5] എന്നേക്കും ജീവിക്കാനുളള അവകാശം സമ്പാദിക്കാൻ നമുക്ക് യാതൊരു മാർഗ്ഗവുമില്ല.)
റോമ. 6:23: “പാപം നൽകുന്ന ശമ്പളം മരണമാണ്.”
സങ്കീ. 49:6-9: “തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കുകയും ധനസമൃദ്ധിയിൽ പ്രശംസിക്കുകയും ചെയ്യുന്നവരിൽ ആർക്കും ഒരു സഹോദരൻ ശവക്കുഴികാണാതെ എന്നേക്കും ജീവിച്ചിരിക്കേണ്ടതിന് ഏതെങ്കിലും വിധത്തിൽ അവനെപ്പോലും വീണ്ടെടുക്കാനോ അവനുവേണ്ടി ദൈവത്തിന് ഒരു മറുവില കൊടുക്കാനോ സാധിക്കുകയില്ല; (അവരുടെ ദേഹിയുടെ വീണ്ടെടുപ്പുവില അത്രയധികമാകയാൽ അത് അനിശ്ചിതകാലത്തോളം നിന്നുപോയിരിക്കുന്നു).” (പാപത്തിൽ നിന്നും മരണത്തിൽനിന്നും ആരെയെങ്കിലും വിടുവിക്കുന്നതിനുളള മാർഗ്ഗം പ്രദാനം ചെയ്യാൻ യാതൊരു അപൂർണ്ണ മനുഷ്യനും കഴിയുകയില്ല. അവന്റെ പണം കൊണ്ട് നിത്യജീവൻ നേടാൻ സാദ്ധ്യമല്ല, മരണത്തിന് ഏൽപിച്ചു കൊടുക്കപ്പെടുന്ന അവന്റെ ദേഹിക്കും, ഏതായാലും പാപത്തിന്റെ ശമ്പളമായി അവനത് ലഭിക്കേണ്ടതാകയാൽ, ആരെയെങ്കിലും വിടുവിക്കാൻ തക്ക മൂല്യമില്ല.)
മൽസരം മൂലം ആദാമും ഹവ്വായും മരിക്കേണ്ടതുണ്ടെങ്കിലും ദൈവത്തെ അനുസരിക്കുന്ന അവരുടെ സന്തതികൾക്ക് എന്നേക്കും ജീവിക്കാം എന്ന് ദൈവം കേവലം കൽപ്പിക്കാഞ്ഞത് എന്തുകൊണ്ടാണ്?
എന്തുകൊണ്ടെന്നാൽ യഹോവ “നീതിയും ന്യായവും ഇഷ്ടപ്പെടുന്നവനാണ്.” (സങ്കീ. 33:5; ആവ. 32:4; യിരെ. 9:24) അതുകൊണ്ട്, ആ സാഹചര്യത്തെ അവൻ കൈകാര്യം ചെയ്തവിധം അവന്റെ നീതിയെ ഉയർത്തിപ്പിടിക്കുകയും പൂർണ്ണമായ ന്യായദീക്ഷയുടെ അവകാശവാദങ്ങൾ നടപ്പാക്കുകയും അതേസമയം അവന്റെ സ്നേഹത്തെയും കരുണയെയും മഹിമപ്പെടുത്തുകയും ചെയ്തു. അതെങ്ങനെയാണ്?
(1) ആദാമും ഹവ്വായും പാപം ചെയ്യുന്നതിന് മുമ്പ് സന്താനങ്ങളെ ഉൽപാദിപ്പിച്ചിരുന്നില്ല, അതുകൊണ്ട് ആരും പൂർണ്ണരായി ജനിച്ചില്ല. ആദാമിന്റെ സന്തതികളെല്ലാവരും പാപത്തിൽ ജനിച്ചു, പാപം മരണത്തിലേക്ക് നയിക്കുന്നു. യഹോവ ഇത് വെറുതെ അവഗണിച്ചിരുന്നെങ്കിൽ അത് അവന്റെ തന്നെ നീതിയുളള നിലവാരങ്ങളെ നിഷേധിക്കുന്നതുപോലെ ആയിരിക്കുമായിരുന്നു. ദൈവത്തിന് അത് ചെയ്തുകൊണ്ട് അധർമ്മത്തിൽ പങ്കാളിയാകാൻ കഴിയുമായിരുന്നില്ല. തികഞ്ഞ നീതിയുടെ നിബന്ധനകളെ അവൻ ഒഴിവാക്കിയില്ല; അതുകൊണ്ട് ബുദ്ധിശക്തിയുളള യാതൊരു സൃഷ്ടിക്കും ഈ സംഗതിയിൽ ന്യായമായി അവനെ കുററപ്പെടുത്താൻ കഴിയുമായിരുന്നില്ല.—റോമ. 3:21-26.
(2) നീതിയുടെ നിബന്ധനകൾ അവഗണിക്കാതെ യഹോവയോട് സ്നേഹപൂർവ്വകമായ അനുസരണം പ്രകടമാക്കുന്ന ആദാമിന്റെ സന്തതികളെ വിടുവിക്കുന്നതിന് എങ്ങനെയാണ് കരുതൽ ചെയ്യുക? പൂർണ്ണതയുളള ഒരു മനുഷ്യൻ ഒരു ബലിയായി മരിക്കുകയാണെങ്കിൽ വിശ്വാസത്തോടെ ആ കരുതൽ സ്വീകരിക്കുന്നവരുടെ പാപത്തിന് ഒരു പരിഹാരമായിരിക്കാൻ ആ പൂർണ്ണ ജീവനെ അനുവദിക്കുന്നതിന് നീതി സമ്മതിക്കുമായിരുന്നു. ഒരു മനുഷ്യന്റെ (ആദാമിന്റെ) പാപം മുഴുമാനുഷ കുടുംബവും പാപികളായിത്തീരാൻ ഇടയാക്കിയതുകൊണ്ട് മറെറാരു പൂർണ്ണ മനുഷ്യന്റെ ചൊരിയപ്പെട്ട രക്തം (ഫലത്തിൽ ഒരു രണ്ടാം ആദാം) തുല്യവിലയുളളതാകയാൽ നീതിയുടെ ത്രാസ്സ് സന്തുലിതാവസ്ഥയിൽ നിർത്താൻ പര്യാപ്തമായിരുന്നു. ആദാം മന:പൂർവ്വ പാപിയായിരുന്നതിനാൽ അവന് അതിൽ നിന്ന് പ്രയോജനം ലഭിക്കുമായിരുന്നില്ല; എന്നാൽ പാപത്തിന്റെ ഫലമായി മുഴുമനുഷ്യവർഗ്ഗവും ഒടുക്കേണ്ടിയിരുന്ന പിഴ ഈ വിധത്തിൽ മറെറാരാൾ ഒടുക്കിയതിനാൽ ആദാമിന്റെ സന്തതിയെ രക്ഷിക്കാമായിരുന്നു. എന്നാൽ അത്തരം പൂർണ്ണതയുളള ഒരു മനുഷ്യനില്ലായിരുന്നു. പൂർണ്ണ നീതിയുടെ ആ നിബന്ധനകൾ അനുസരിക്കാൻ മനുഷ്യവർഗ്ഗത്തിന് ഒരിക്കലും കഴിയുമായിരുന്നില്ല. അതുകൊണ്ട് അത്ഭുതകരമായ സ്നേഹത്തിന്റെ പ്രകടനമെന്ന നിലയിലും വ്യക്തിപരമായി തനിക്ക് വലിയ ചെലവ് വരുത്തിക്കൊണ്ടും യഹോവ തന്നെ അതിനുളള കരുതൽ ചെയ്തു. (1 കൊരി. 15:45; 1 തിമൊ. 2:5, 6; യോഹ. 3:16; റോമ. 5:8) ദൈവത്തിന്റെ ഏകജാതപുത്രൻ തന്റെ ഭാഗം ചെയ്യാൻ മനസ്സുളളവനായിരുന്നു. താഴ്മയോടെ തന്റെ സ്വർഗ്ഗീയ മഹത്വം പിമ്പിൽ വിട്ടുകളയുകയും ഒരു പൂർണ്ണ മനുഷ്യനായിത്തീരുകയും ചെയ്തുകൊണ്ട് യേശു മനുഷ്യവർഗ്ഗത്തിനുവേണ്ടി മരിച്ചു.—ഫിലി. 2:7, 8.
ദൃഷ്ടാന്തം: ഒരു കുടുംബത്തലവൻ ഒരു കുററപ്പുളളിയായിത്തീരുകയും മരണത്തിന് വിധിക്കപ്പെടുകയും ചെയ്തേക്കാം. അയാളുടെ കുട്ടികൾ നിരാലംബരായി ആശയററവിധം കടത്തിലായി എന്നും വരാം. ഒരുപക്ഷേ ദയാലുവായ അവരുടെ വല്ല്യപ്പൻ അവർക്കുവേണ്ടി ഇടപെടുകയും തന്നോടൊപ്പം ജീവിക്കുന്ന മറെറാരു പുത്രൻ മുഖാന്തരം അവരുടെ കടം വീട്ടാനുളള കരുതൽ ചെയ്യുകയും അവർക്കു ഒരു പുതിയ ജീവിതത്തിനുളള സാദ്ധ്യത തുറന്നുകൊടുക്കുകയും ചെയ്തേക്കാം. തീർച്ചയായും അതിൽനിന്ന് പ്രയോജനം അനുഭവിക്കുന്നതിന് കുട്ടികൾ ആ ക്രമീകരണം അംഗീകരിക്കണം. അവരുടെ വല്ല്യപ്പൻ, ന്യായമായും, അവർ തങ്ങളുടെ പിതാവിന്റെ ഗതി അനുകരിക്കുകയില്ല എന്നതിന്റെ ഉറപ്പായി അവരിൽനിന്ന് ചില കാര്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തേക്കാം.
യേശുവിന്റെ ബലിയുടെ മൂല്യം ആർക്കുവേണ്ടിയാണ് ആദ്യം ഉപയോഗിക്കപ്പെട്ടത്, എന്തു ലക്ഷ്യത്തോടെ?
റോമ. 1:16: “[യേശുക്രിസ്തുവിനെയും യഹോവയുടെ ഉദ്ദേശ്യങ്ങളിൽ അവനുളള സ്ഥാനത്തെയും കുറിച്ചുളള] സുവാർത്ത . . . വിശ്വസിക്കുന്ന ഏവർക്കും, ആദ്യം യഹൂദനും പിന്നെ യവനനും യഥാർത്ഥത്തിൽ രക്ഷക്കുളള ദൈവശക്തിയാകുന്നു.” (യേശുക്രിസ്തുവിലൂടെ രക്ഷക്കുവേണ്ടി ചെയ്യപ്പെട്ട കരുതലിൽനിന്ന് പ്രയോജനം അനുഭവിക്കാനുളള ക്ഷണം ആദ്യം യഹൂദൻമാർക്കും പിന്നെ യഹൂദേതരർക്കും വച്ചുനീട്ടപ്പെട്ടു.)
എഫേ. 1:11-14: “ക്രിസ്തുവിൽ ആദ്യം പ്രത്യാശ വച്ചവരായ നാം [അപ്പോസ്തലനായ പൗലോസ് ഉൾപ്പെടെയുളള യഹൂദൻമാർ] അവന്റെ മഹത്വത്തിന്റെ സ്തുതിക്കായി ഉതകേണ്ടതിന് [ക്രിസ്തുവിനോട്] ഉളള ബന്ധത്തിൽ അവകാശികളായി നിയമിക്കപ്പെട്ടു. [എന്തിന്റെ അവകാശികൾ? സ്വർഗ്ഗീയ രാജ്യത്തിന്റെ] എന്നാൽ നിങ്ങളും [എഫേസൂസ്സിലെ ക്രിസ്ത്യാനികളെപ്പോലെ പുറജാതികളിൽ നിന്ന് എടുക്കപ്പെട്ടവർ] സത്യത്തിന്റെ വചനം, നിങ്ങളുടെ രക്ഷയെക്കുറിച്ചുളള സുവാർത്ത, കേട്ടശേഷം അവനിൽ പ്രത്യാശ വച്ചു. നിങ്ങൾ വിശ്വസിച്ച ശേഷം അവനിൽ നിങ്ങളും വാഗ്ദത്തം ചെയ്യപ്പെട്ട പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെട്ടു. അത് ദൈവത്തിന്റെ സ്വന്തമായതിനെ അവന്റെ മഹത്വത്തിനായി വിടുവിക്കേണ്ടതിന് നമ്മുടെ അവകാശത്തിന്റെ ഒരു അച്ചാരമാകുന്നു.” (ആ അവകാശം 1 പത്രോസ് 1:4-ൽ കാണിച്ചിരിക്കുന്നപ്രകാരം സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നു. അതിൽ പങ്കുപററുന്നവർ 1,44,000 ആയിരിക്കുമെന്ന് വെളിപ്പാട് 14:1-4 സൂചിപ്പിക്കുന്നു. ഇവർ ക്രിസ്തുവിനോടുകൂടെ മനുഷ്യവർഗ്ഗത്തിൻമേൽ ഒരു ആയിരം വർഷത്തേക്ക് രാജാക്കൻമാരും പുരോഹിതൻമാരുമായി സേവിക്കും. ആ കാലയളവിൽ ആദ്യ മാനുഷ ജോടിയിൽ നിന്നുളള പൂർണ്ണരായ സന്തതികളെക്കൊണ്ട് നിറഞ്ഞ ഒരു പറുദീസാ ആയിരിക്കുക എന്ന ഭൂമിയെ സംബന്ധിച്ചുളള ദൈവത്തിന്റെ ഉദ്ദേശ്യം നിവൃത്തിയാകും.)
നമ്മുടെ നാളിൽ മററാരുംകൂടെ യേശുവിന്റെ ബലിയുടെ പ്രയോജനം അനുഭവിക്കുന്നു?
1 യോഹ. 2:2: “അവൻ [യേശുക്രിസ്തു] നമ്മുടെ [അപ്പോസ്തലനായ യോഹന്നാന്റെയും മററ് ആത്മാഭിഷിക്ത ക്രിസ്ത്യാനികളുടെയും] പാപങ്ങൾക്കുളള പരിഹാര ബലിയാകുന്നു, എന്നാൽ നമ്മുടെ പാപങ്ങൾക്കു മാത്രമല്ല മുഴുലോകത്തിന്റെതിനും തന്നെ [ഭൂമിയിലെ നിത്യജീവന്റെ ഭാവി പ്രത്യാശ സാദ്ധ്യമായിത്തീരുന്ന മനുഷ്യവർഗ്ഗത്തിലെ ശേഷമുളളവർ].”
യോഹ. 10:16: “എനിക്ക് ഈ തൊഴുത്തിൽപെടാത്ത വേറെ ആടുകളുണ്ട്; ഞാൻ അവയെയും കൊണ്ടുവരേണ്ടതാകുന്നു, അവ എന്റെ ശബ്ദം ശ്രവിക്കുകയും അവ ഏക ആട്ടിൻകൂട്ടവും ഏകഇടയനും ആയിത്തീരുകയും ചെയ്യും.” (ഈ “വേറെ ആടുകൾ” രാജ്യാവകാശികളായ “ചെറിയ ആട്ടിൻകൂട്ടത്തിന്റെ” ഒരു ശേഷിപ്പ് ഭൂമിയിൽ ഉളളപ്പോൾ തന്നെ യേശുക്രിസ്തുവിന്റെ സ്നേഹപൂർവ്വകമായ സംരക്ഷണയിൻകീഴിൽ വരുന്നു; അപ്രകാരം “വേറെ ആടുകൾക്കു” “ഏക ആട്ടിൻകൂട്ടത്തി”ന്റെ ഭാഗമെന്ന നിലയിൽ രാജ്യാവകാശികളോട് സഹവസിക്കാൻ കഴിയും. യേശുവിന്റെ ബലിയിൽ നിന്ന് ഒരേ രീതിയിലുളള പല പ്രയോജനങ്ങളും അവർ ആസ്വദിക്കും, എന്നാൽ എല്ലാത്തരത്തിലും ഒരുപോലെ ആയിരിക്കുകയില്ല, എന്തുകൊണ്ടെന്നാൽ അവർക്ക് വ്യത്യസ്തഭാവി പ്രതീക്ഷകളാണ് ഉളളത്.)
വെളി. 7:9, 14: “ഇതിനു ശേഷം ഞാൻ കണ്ടത്, നോക്കൂ! സകല രാഷ്ട്രങ്ങളിൽ നിന്നും ഗോത്രങ്ങളിൽ നിന്നും ജനങ്ങളിൽ നിന്നും ഭാഷകളിൽനിന്നും ഉളളതായി യാതൊരു മനുഷ്യനും എണ്ണാൻ കഴിയാഞ്ഞ ഒരു മഹാപുരുഷാരം . . . ‘ഇവർ മഹോപദ്രവത്തിൽ നിന്ന് പുറത്തു വരുന്നവരാണ്, അവർ കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.’” (അതുകൊണ്ട് ഈ മഹാപുരുഷാരത്തിലെ അംഗങ്ങൾ മഹോപദ്രവം തുടങ്ങുമ്പോൾ ജീവനോടെ ഇരിക്കുന്നവരാണ്, അവർ മറുവിലയിൽ വിശ്വാസം അർപ്പിക്കുന്നതിനാൽ അവർക്ക് ദൈവത്തിന്റെ മുമ്പാകെ ഒരു ശുദ്ധമായ നിലപാടുണ്ട്. ഇതിന്റെ ഫലമായി അവരുടെ പേരിൽ കണക്കിടപ്പെടുന്ന നീതി മഹോപദ്രവത്തിലൂടെ അവർ ഭൂമിയിൽ ജീവനോടെ സംരക്ഷിക്കപ്പെടാൻ മതിയായതാണ്.)
മറുവിലയുടെ ഫലമായി എന്തു ഭാവി അനുഗ്രഹങ്ങൾ ആസ്വദിക്കാൻ കഴിയും?
വെളി. 5:9, 10: “‘നീ [കുഞ്ഞാടായ യേശുക്രിസ്തു] അറുക്കപ്പെടുകയും നിന്റെ രക്തം കൊണ്ട് സർവ്വഗോത്രത്തിലും ഭാഷയിലും ജനത്തിലും രാഷ്ട്രത്തിലും നിന്നുളളവരെ വിലക്കുവാങ്ങുകയും അവരെ നമ്മുടെ ദൈവത്തിന് ഒരു രാജ്യവും പുരോഹിതൻമാരും ആക്കി വെക്കുകയും ചെയ്തിരിക്കുന്നു, അവർ ഭൂമിമേൽ രാജാക്കൻമാരായി ഭരിക്കേണ്ടതാണ്, അതുകൊണ്ട് ചുരുൾ വാങ്ങാനും അതിന്റെ മുദ്രപൊട്ടിക്കാനും നീ യോഗ്യൻ’ എന്നു പറഞ്ഞുകൊണ്ട് അവർ ഒരു പുതിയ പാട്ടുപാടുന്നു.” (ക്രിസ്തുവിനോടുകൂടെ ഭരിക്കാനുളളവർക്ക് സ്വർഗ്ഗത്തിലേക്കുളള വഴിതുറക്കുന്നതിനുളള ജീവൽപ്രധാനമായ ഒരു ഘടകമായിരുന്നു മറുവില. പെട്ടെന്നു ഭൂമിയുടെ പുതിയ ഗവൺമെൻറിലെ ഭരണാധിപൻമാരെല്ലാവരും അവരുടെ സ്വർഗ്ഗീയ സിംഹാസനങ്ങളിൽ ഉപവിഷ്ടരാകും.)
വെളി. 7:9, 10: “നോക്കൂ! സകല രാഷ്ട്രങ്ങളിൽ നിന്നും ഗോത്രങ്ങളിൽ നിന്നും ജനങ്ങളിൽ നിന്നും ഭാഷകളിൽനിന്നും ഉളളതായി യാതൊരു മനുഷ്യനും എണ്ണാൻ കഴിയാഞ്ഞ ഒരു മഹാപുരുഷാരം വെളളയങ്കികൾ ധരിച്ച് കൈയിൽ കുരുത്തോലയുമായി സിംഹാസനത്തിനും കുഞ്ഞാടിനും [ബലിക്കുളള ഒരു ആട്ടിൻകുട്ടിയെപ്പോലെ മരിച്ച യേശുക്രിസ്തു] മുമ്പാകെ നിൽക്കുന്നു. അവർ ഉറച്ച ശബ്ദത്തിൽ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: ‘രക്ഷക്ക് ഞങ്ങൾ സിംഹാസനത്തിലിരിക്കുന്ന നമ്മുടെ ദൈവത്തോടും കുഞ്ഞാടിനോടും കടപ്പെട്ടിരിക്കുന്നു.’” (ക്രിസ്തുവിന്റെ ബലിയിലുളള വിശ്വാസം മഹോപദ്രവത്തിലൂടെയുളള ഈ മഹാപുരുഷാരത്തിന്റെ അതിജീവനത്തിലെ ഒരു പ്രമുഖ ഘടകമാണ്.)
വെളി. 22:1, 2: “അതിന്റെ വിശാലമായ വീഥിയുടെ നടുവിലൂടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിങ്കൽ നിന്ന് പളുങ്കുപോലെ ശുഭ്രമായ ജീവജല നദി ഒഴുകുന്നതും അവൻ എന്നെ കാണിച്ചു തന്നു. നദിക്ക് ഇക്കരെയും അക്കരെയും ഫലത്തിന്റെ പന്ത്രണ്ടു വിളവുകൾ ഉൽപ്പാദിപ്പിക്കുന്ന, മാസംതോറും ഫലങ്ങൾ നൽകുന്ന ജീവവൃക്ഷങ്ങളും ഉണ്ടായിരുന്നു. വൃക്ഷങ്ങളിലെ ഇലകൾ ജനതകളുടെ രോഗശാന്തിക്ക് ഉതകി.” (അപ്രകാരം ദൈവത്തിന്റെ കുഞ്ഞാടായ യേശുക്രിസ്തുവിന്റെ ബലിയുടെ മൂല്യം ബാധകമാക്കുന്നത് മനുഷ്യവർഗ്ഗത്തെ പാപത്തിന്റെ സകല ഫലങ്ങളിൽ നിന്നും സൗഖ്യമാക്കുന്നതിനും അവർ നിത്യജീവൻ ആസ്വദിക്കുന്നത് സാദ്ധ്യമാക്കുന്നതിനും ദൈവം ചെയ്തിരിക്കുന്ന കരുതലിന്റെ ഒരു മുഖ്യ ഭാഗമാണ്.)
റോമ. 8:21: “സൃഷ്ടി തന്നെ [മനുഷ്യവർഗ്ഗം] ദ്രവത്വത്തിന്റെ അടിമത്വത്തിൽ നിന്ന് വിടുവിക്കപ്പെടുകയും ദൈവപുത്രൻമാരുടെ മഹത്തായ സ്വാതന്ത്ര്യം ആസ്വദിക്കുകയും ചെയ്യും.”
യേശുവിന്റെ പൂർണ്ണതയുളള ബലിയിൽ നിന്ന് നിലനിൽക്കുന്ന പ്രയോജനം നേടുന്നതിന് നമ്മുടെ ഭാഗത്ത് നിന്ന് എന്താണ് ആവശ്യമായിരിക്കുന്നത്?
യോഹ. 3:36: “പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവനുണ്ട്, പുത്രനെ അനുസരിക്കാത്തവൻ ജീവനെ കാണുകയില്ല, എന്നാൽ ദൈവകോപം അവന്റെമേൽ സ്ഥിതിചെയ്യുന്നു.”
എബ്രാ. 5:9: “അവൻ [യേശുക്രിസ്തു] പൂർണ്ണനാക്കപ്പെട്ട ശേഷം തന്നെ അനുസരിക്കുന്ന എല്ലാവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.”
മറുവിലയുടെ കരുതൽ മനുഷ്യവർഗ്ഗത്തോടുളള ദൈവത്തിന്റെ വികാരം സംബന്ധിച്ച എന്തു വെളിപ്പെടുത്തുന്നു?
1 യോഹ. 4:9, 10: “നാം അവനാൽ ജീവൻ പ്രാപിക്കേണ്ടതിന് ദൈവം തന്റെ ഏകജാതനായ പുത്രനെ ഭൂമിയിലേക്ക് അയച്ചു എന്നുളളതിനാൽ ദൈവത്തിന് നമ്മോടുളള സ്നേഹം പ്രത്യക്ഷമാക്കപ്പെട്ടു. സ്നേഹം ഈ കാര്യത്തിലാണ്, നാം ദൈവത്തെ സ്നേഹിച്ചിരിക്കുന്നുവെന്നല്ല മറിച്ച് അവൻ നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തയാഗമാകുവാൻ തന്റെ പുത്രനെ അയക്കുകയും ചെയ്തു.”
റോമ. 5:7, 8: “നീതിമാനുവേണ്ടി ആരെങ്കിലും മരിക്കുന്നത് വിരളം; ഒരു നല്ല മനുഷ്യനുവേണ്ടി ഒരുപക്ഷേ ആരെങ്കിലും മരിക്കാൻ തുനിയുമായിരിക്കും. എന്നാൽ നാം പാപികളായിരിക്കെ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിനാൽ നമ്മോടുളള ദൈവത്തിന്റെ സ്വന്തം സ്നേഹം അവൻ നമുക്ക് ശുപാർശചെയ്യുന്നു.”
ഈ കരുതലിന് നാം നമ്മുടെ ജീവിതം എങ്ങനെ ഉപയോഗിക്കുന്നു എന്നുളളതിൻമേൽ എന്തു ഫലമുണ്ടായിരിക്കണം?
1 പത്രോ. 2:24: “നാം പാപം ഉപേക്ഷിച്ച് നീതിക്കായി ജീവിക്കേണ്ടതിന് അവൻ തന്നെ സ്വന്തം ശരീരത്തിൽ സ്തംഭത്തിൻമേൽ നമ്മുടെ പാപം വഹിച്ചു.” (യഹോവയും അവന്റെ പുത്രനും നമ്മെ പാപത്തിൽ നിന്ന് ശുദ്ധീകരിക്കുന്നതിനുവേണ്ടി ചെയ്തിട്ടുളളതിന്റെയെല്ലാം വീക്ഷണത്തിൽ പാപത്തിലേക്കുളള ചായ്വുകളെ കീഴടക്കാൻ നാം കഠിന ശ്രമം ചെയ്യണം. പാപമാണെന്ന് നമുക്കറിയാവുന്ന എന്തെങ്കിലും മന:പൂർവ്വം ചെയ്യുന്നതിനെപ്പററി നാം ഒരിക്കലും ചിന്തിക്കുകപോലുമരുത്!)
തീത്തോ. 2:13, 14: “നമ്മെ എല്ലാത്തരത്തിലുമുളള അധർമ്മത്തിൽ നിന്നും മോചിപ്പിച്ച് സൽപ്രവൃത്തികൾക്ക് ശുഷ്ക്കാന്തിയുളേളാരു ജനമായി നമ്മെ വിശേഷാൽ തനിക്കായിത്തന്നെ ശുദ്ധീകരിച്ചെടുക്കേണ്ടതിന് യേശുക്രിസ്തു . . . നമുക്കുവേണ്ടി തന്നെത്താൻ ഏൽപിച്ചുകൊടുത്തു.” (ഈ അത്ഭുതകരമായ കരുതലിനോടുളള വിലമതിപ്പ് ക്രിസ്തു തന്റെ യഥാർത്ഥ അനുയായികൾക്ക് നിയോഗിച്ചു കൊടുത്ത വേലയിൽ ഉൽസാഹപൂർവ്വം പങ്കുപററാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്.)
2 കൊരി. 5:14, 15: “ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബ്ബന്ധിക്കുന്നു. എന്തുകൊണ്ടെന്നാൽ എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചുവെന്നും ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്ക് വേണ്ടി മരിച്ച് ഉയർത്തവനായിട്ടുതന്നെ ജീവിക്കേണ്ടതിന് അവൻ എല്ലാവർക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണ്ണയിച്ചിരിക്കുന്നു.”