നിങ്ങൾക്കിടയിലെ പ്രായമായവരെ ബഹുമാനിക്കുക
‘വൃദ്ധന്റെ മുഖം ബഹുമാനിക്കുക.’—ലേവ്യ. 19:32.
1. മനുഷ്യരാശി ഇപ്പോൾ ഏതു പരിതാപകരമായ അവസ്ഥയിലാണ്?
മനുഷ്യർ വാർധക്യം പ്രാപിച്ച് ദുർബലരായിത്തീരാൻ യഹോവ ഒരിക്കലും ആഗ്രഹിച്ചില്ല. നേരെമറിച്ച്, യഹോവയുടെ ഉദ്ദേശം മനുഷ്യർ പറുദീസയിൽ പൂർണാരോഗ്യം ആസ്വദിക്കണമെന്നായിരുന്നു. എന്നാൽ ഇപ്പോൾ “സർവസൃഷ്ടിയും ഒന്നടങ്കം ഞരങ്ങി വേദനപ്പെട്ടിരിക്കുന്നു.” (റോമ. 8:22) മനുഷ്യവർഗത്തിന്മേൽ പാപം വരുത്തിവെച്ച കെടുതികൾ നിരീക്ഷിക്കുമ്പോൾദൈവത്തിന് എന്തു തോന്നുന്നെന്നാണു നിങ്ങൾ ചിന്തിക്കുന്നത്? ജീവിതത്തിൽ കൂടുതൽ പിന്തുണ ആവശ്യമുള്ള ചില സമയത്ത് തങ്ങൾ തഴയപ്പെടുന്നതായി പ്രായമായ അനേകർക്ക് അനുഭവപ്പെടുന്നു എന്നതും സങ്കടകരമാണ്.—സങ്കീ. 39:5; 2 തിമൊ. 3:3.
2. പ്രായമായവരോട് ക്രിസ്ത്യാനികൾക്കു പ്രത്യേക താത്പര്യമുള്ളത് എന്തുകൊണ്ട്?
2 സഭയിൽ പ്രായമായവരുള്ളതിൽ യഹോവയുടെ ജനം നന്ദിയുള്ളവരാണ്. അവരുടെ അറിവിൽനിന്ന് നാം പ്രയോജനം നേടുകയും വിശ്വാസത്തിന്റെ മാതൃകയാൽ പ്രചോദിതരാകുകയും ചെയ്യുന്നു. പ്രിയങ്കരരായ ഇവരിൽ ചിലരുടെ കുടുംബാംഗങ്ങളോ ബന്ധുക്കളോ ആയിരിക്കും നമ്മിൽ പലരും. അവർ നമ്മുടെ ജഡികബന്ധുക്കൾ ആണെങ്കിലും അല്ലെങ്കിലും പ്രായംചെന്ന ഈ സഹോദരീസഹോദരന്മാരുടെ ക്ഷേമത്തിൽ നമ്മൾ താത്പര്യമെടുക്കുന്നു. (ഗലാ. 6:10; 1 പത്രോ. 1:22) പ്രായമായവരോടുള്ള ദൈവത്തിന്റെ വീക്ഷണം പരിശോധിക്കുന്നത് നമുക്കേവർക്കും പ്രയോജനകരമായിരിക്കും. പ്രായമായ നമ്മുടെ പ്രിയപ്പെട്ടവരുടെ കാര്യത്തിൽ കുടുംബാംഗങ്ങൾക്കും സഭയ്ക്കും ഉള്ള ഉത്തരവാദിത്വങ്ങളും നാം പരിചിന്തിക്കും.
“എന്നെ തള്ളിക്കളയരുതേ”
3, 4. (എ) 71-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ യഹോവയോട് ഏത് അപേക്ഷ നടത്തി? (ബി) തങ്ങൾക്കുവേണ്ടി എന്തു ചെയ്യാൻ സഭയിലെ പ്രായമായവർക്കുദൈവത്തോട് അപേക്ഷിക്കാനാകും?
3 സങ്കീർത്തനം 71:9-ന്റെ നിശ്വസ്ത എഴുത്തുകാരൻദൈവത്തോട് ഇങ്ങനെ അപേക്ഷിച്ചു: “വാർദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ.” “ദാവീദിന്റെ” എന്ന മേലെഴുത്ത് അധികരിച്ചുള്ള 70-ാം സങ്കീർത്തനത്തിന്റെ ഒരു തുടർച്ചയായിരിക്കാം 71-ാം സങ്കീർത്തനം. അതുകൊണ്ട് സങ്കീർത്തനം 71:9-ൽ നാം വായിക്കുന്ന അപേക്ഷ ദാവീദായിരിക്കണം നടത്തിയത്. തന്റെ യൗവനംമുതൽ വാർധക്യംവരെയുള്ള ഘട്ടങ്ങളിൽ അവൻ ദൈവത്തെ സേവിക്കുകയും യഹോവ അവനെ അതിശയകരമായ വിധങ്ങളിൽ ഉപയോഗിക്കുകയും ചെയ്തു. (1 ശമൂ. 17:33-37, 50; 1 രാജാ. 2:1-3, 10) ഇങ്ങനെയൊക്കെയായിരുന്നിട്ടും, തന്നോടു പ്രീതി കാണിക്കുന്നതിൽ തുടരാൻ യഹോവയോടു ചോദിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് അവനു തോന്നി.—സങ്കീർത്തനം 71:17, 18 വായിക്കുക.
4 ഇന്നുള്ള അനേകർ ദാവീദിനെപ്പോലെയാണ്. വാർധക്യം ചെന്നിട്ടും “ദുർദ്ദിവസങ്ങൾ” വന്നിട്ടും തങ്ങളുടെ കഴിവിന്റെ പരമാവധി ദൈവത്തെ സ്തുതിക്കുന്നതിൽ അവർ തുടരുന്നു. (സഭാ. 12:1-7) ശുശ്രൂഷയുൾപ്പെടെ ജീവിതത്തിന്റെ വ്യത്യസ്തമണ്ഡലങ്ങളിൽ ഒരിക്കൽ ചെയ്തിരുന്നതുപോലെ ഇപ്പോൾ ചെയ്യാൻ അവരിൽ പലർക്കും കഴിയുന്നുണ്ടായിരിക്കില്ല. എന്നിരുന്നാലും അവർക്കും യഹോവയോട് തങ്ങളുടെ മേൽ അനുഗ്രഹാശിസ്സുകൾ ചൊരിയുന്നതിൽ തുടരാനും തങ്ങളെ പരിപാലിക്കാനും അപേക്ഷിക്കാനാകും. തങ്ങളുടെ പ്രാർഥനകൾക്ക് ദൈവം ഉത്തരം നൽകുമെന്നു വിശ്വസ്തരായ ഇത്തരം വയോധികർക്ക് ഉറപ്പുള്ളവരായിരിക്കാം. കാരണം, അവരുടെ പ്രാർഥനകൾ ദിവ്യനിശ്വസ്തതയിൻകീഴിൽ ദാവീദ് പ്രകടമാക്കിയ ന്യായമായ അതേ വികാരങ്ങൾ പ്രതിധ്വനിപ്പിക്കുന്നു.
5. പ്രായമായ വിശ്വസ്തരെ യഹോവ എങ്ങനെ വീക്ഷിക്കുന്നു?
5 പ്രായമായ വിശ്വസ്തരെ യഹോവ അങ്ങേയറ്റം മൂല്യമുള്ളവരായി കാണുന്നെന്നും തന്റെ ദാസർ അവരെ ബഹുമാനിക്കാൻ അവൻ പ്രതീക്ഷിക്കുന്നെന്നും തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. (സങ്കീ. 22:24-26; സദൃ. 16:31; 20:29) “നരച്ചവന്റെ മുമ്പാകെ എഴുന്നേല്ക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാൻ യഹോവ ആകുന്നു” എന്ന് ലേവ്യപുസ്തകം 19:32 പറയുന്നു. ഇസ്രയേൽസഭയിലെ പ്രായമായവരെ ബഹുമാനിക്കുകയെന്നത് അന്ന് ഗൗരവമേറിയ ഒരു ഉത്തരവാദിത്വമായിരുന്നു; ഇന്നും അത് അങ്ങനെതന്നെയാണ്. എന്നാൽ അവർക്കായി കരുതുന്നതിൽ യഥാർഥത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? അത് ആരുടെ ഉത്തരവാദിത്വമാണ്?
കുടുംബത്തിന്റെ ഉത്തരവാദിത്വം
6. മാതാപിതാക്കൾക്കുവേണ്ടി കരുതുന്നതിൽ യേശു എന്തു മാതൃക വെച്ചു?
6 ദൈവവചനം നമ്മോട് ഇപ്രകാരം പറയുന്നു: “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.” (പുറ. 20:12; എഫെ. 6:2) ഈ കല്പനയുടെ അടിസ്ഥാനത്തിൽ, തങ്ങളുടെ മാതാപിതാക്കൾക്കുവേണ്ടി കരുതാൻ വിസമ്മതിച്ച പരീശന്മാരെയും ശാസ്ത്രിമാരെയും യേശു കുറ്റംവിധിച്ചു. (മർക്കോ. 7:5, 10-13) മാതാപിതാക്കൾക്കുവേണ്ടി കരുതുന്നതിൽ യേശുതന്നെ നല്ലൊരു മാതൃക വെച്ചു. ഉദാഹരണത്തിന്, സ്തംഭത്തിലെ മരണസമയത്ത്, സാധ്യതയനുസരിച്ച് അപ്പോൾ വിധവയായിരുന്ന തന്റെ അമ്മയെ പരിപാലിക്കാനുള്ള ഉത്തരവാദിത്വം യേശു പ്രിയശിഷ്യനായ യോഹന്നാനെ ഭരമേൽപ്പിച്ചു.—യോഹ. 19:26, 27.
7. (എ) മാതാപിതാക്കൾക്കുവേണ്ടി കരുതുന്നതു സംബന്ധിച്ച് അപ്പൊസ്തലനായ പൗലോസ് ഏതു തത്ത്വം എടുത്തുകാണിച്ചു? (ബി) ഏതു സാഹചര്യത്തെക്കുറിച്ചു പരാമർശിക്കുമ്പോഴാണ് പൗലോസ് ഈ വാക്കുകൾ എഴുതിയത്?
7 ക്രിസ്ത്യാനികൾ തങ്ങളുടെതന്നെ കുടുംബാംഗങ്ങൾക്കായി കരുതണമെന്ന് അപ്പൊസ്തലനായ പൗലോസ് നിശ്വസ്തതയിൽ രേഖപ്പെടുത്തി. (1 തിമൊഥെയൊസ് 5:4, 8, 16 വായിക്കുക.) പൗലോസ് തിമൊഥെയൊസിന് എഴുതിയ കാര്യങ്ങളുടെ സാഹചര്യം കണക്കിലെടുക്കുക. സഭയിൽനിന്നു സാമ്പത്തികപിന്തുണ ലഭിക്കാൻ അർഹത ഉള്ളവരെയും ഇല്ലാത്തവരെയും കുറിച്ച് അതിൽ പൗലോസ് പരാമർശിച്ചു. പ്രായമായ വിധവമാർക്കുവേണ്ടി പ്രാഥമികമായി കരുതേണ്ടത് അവരുടെ വിശ്വാസികളായ മക്കളും കൊച്ചുമക്കളും കുടുംബാംഗങ്ങളും മറ്റു ബന്ധുക്കളും ആണെന്ന് അവൻ വ്യക്തമാക്കി. അത് സഭയുടെ മേൽ അനാവശ്യമായ സാമ്പത്തികബാധ്യത വരുത്തിവെക്കുന്നത് ഒഴിവാക്കും. അതുപോലെ ക്രിസ്ത്യാനികൾ ഇന്നും “ദൈവഭക്തി” ആചരിക്കുന്ന ഒരു വിധം സഹായമാവശ്യമുള്ള തങ്ങളുടെ കുടുംബാംഗങ്ങൾക്കുവേണ്ടി സാമ്പത്തികമായി കരുതിക്കൊണ്ടാണ്.
8. പ്രായമായ മാതാപിതാക്കളെ കരുതുന്നതു സംബന്ധിച്ച് ബൈബിൾ വിശദമായ നിർദേശങ്ങൾ നൽകാത്തത് ജ്ഞാനമായിരിക്കുന്നത് എന്തുകൊണ്ട്?
8 ലളിതമായി പറഞ്ഞാൽ, തങ്ങളുടെ മാതാപിതാക്കളുടെ ഭൗതികാവശ്യങ്ങൾ സാധിച്ചുകൊടുക്കാനുള്ള കടപ്പാട് പ്രായപൂർത്തിയായ ക്രിസ്തീയമക്കൾക്കുണ്ട്. പൗലോസ് പരാമർശിച്ചത് ‘വിശ്വാസികളായ ബന്ധുക്കളെക്കുറിച്ചാണെങ്കിലും’ വിശ്വാസികളല്ലാത്ത മാതാപിതാക്കളെയും തഴയരുത്. പല വിധങ്ങളിലായിരിക്കാം മക്കൾ കരുതൽ കാണിക്കുന്നത്. എല്ലാവരുടെയും സാഹചര്യങ്ങൾ ഒരിക്കലും ഒരുപോലെയായിരിക്കില്ല. ഉൾപ്പെട്ടിരിക്കുന്നവരുടെ ആവശ്യങ്ങളും മനോഭാവവും ആരോഗ്യവും വ്യത്യസ്തമാണ്. പ്രായമായ ചിലർക്ക് ഒന്നോ അതിലധികമോ മക്കൾ ഉണ്ടായിരിക്കാം. ചിലർക്കു ഗവൺമെന്റിൽനിന്ന് ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ, മറ്റു ചിലർക്ക് അതു ലഭ്യമല്ല. പരിചരണം ആവശ്യമായിരിക്കുന്നവരുടെ വ്യക്തിപരമായ താത്പര്യങ്ങളും വ്യത്യസ്തമാണ്. അതുകൊണ്ട്, പ്രായമായ കുടുംബാംഗങ്ങളെ ചിലർ പരിപാലിക്കാൻ ശ്രമിക്കുന്ന വിധത്തെ വിമർശിക്കുന്നത് ജ്ഞാനമോ അവരോടുള്ള സ്നേഹമോ ആയിരിക്കില്ല. എല്ലാറ്റിലുമുപരി, തിരുവെഴുത്തധിഷ്ഠിതമായ തീരുമാനങ്ങളെ അനുഗ്രഹിക്കാനും അതു സഫലമാക്കാനും യഹോവയ്ക്കാകും. മോശയുടെ നാളുകൾമുതൽ അത് സത്യമായിരുന്നിട്ടുണ്ട്.—സംഖ്യാ. 11:23.
9-11. (എ) ബുദ്ധിമുട്ടേറിയ ഏതു സാഹചര്യങ്ങൾ ചിലർ അഭിമുഖീകരിച്ചേക്കാം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) മുഴുസമയ സേവനം ഉപേക്ഷിക്കാൻ മക്കൾ തിടുക്കംകൂട്ടരുതാത്തത് എന്തുകൊണ്ട്? ദൃഷ്ടാന്തീകരിക്കുക.
9 മക്കൾ പ്രായമായ മാതാപിതാക്കളിൽനിന്ന് വളരെ അകലെയാണു താമസിക്കുന്നതെങ്കിൽ, മാതാപിതാക്കൾക്ക് ആവശ്യമായ സഹായം നൽകുകയെന്നത് പ്രയാസമായിരിക്കാം. വീഴുകയോ അസ്ഥികൾക്കു പൊട്ടൽ ഉണ്ടാകുകയോ സമാനമായ മറ്റെന്തെങ്കിലും സംഭവിക്കുകയോ നിമിത്തം മാതാപിതാക്കളിൽ ഒരാളുടെ ആരോഗ്യം പെട്ടെന്നു മോശമായാൽ അവരെ എത്രയും വേഗം ചെന്നു കാണേണ്ട ഒരു അവസ്ഥയുണ്ടായേക്കാം. അത്തരമൊരു സാഹചര്യത്തിൽ താത്കാലികമായോ ദീർഘകാലത്തേക്കോ അവർക്കു പിന്തുണ ആവശ്യമായി വന്നേക്കാം.a
10 തങ്ങളുടെ ദിവ്യാധിപത്യനിയമനങ്ങൾ നിറവേറ്റുന്നതിനായി വീട്ടിൽനിന്ന് അകലെ മാറി താമസിക്കേണ്ടി വരുന്ന മുഴുസമയ ശുശ്രൂഷകർക്ക് കൂടുതൽ ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ എടുക്കേണ്ടതായി വന്നേക്കാം. ബെഥേലിൽ സേവിക്കുന്നവരും മിഷനറിമാരും സഞ്ചാരമേൽവിചാരകന്മാരും തങ്ങളുടെ നിയമനത്തെ യഹോവയിൽനിന്നുള്ള അമൂല്യമായൊരു അനുഗ്രഹമായി കരുതുന്നു. എങ്കിൽത്തന്നെയും, തങ്ങളുടെ മാതാപിതാക്കൾ രോഗാവസ്ഥയിലാകുമ്പോൾ പെട്ടെന്ന് അവർ ഇങ്ങനെ ചിന്തിച്ചേക്കാം, ‘മാതാപിതാക്കളെ പരിപാലിക്കാനായി ഞങ്ങൾ ഈ നിയമനം ഉപേക്ഷിച്ച് തിരിച്ചുപോകേണ്ടതല്ലേ?’ എന്നാൽ, മാതാപിതാക്കൾക്കു വാസ്തവത്തിൽ ആവശ്യമായിരിക്കുന്നതും അവർ ആഗ്രഹിക്കുന്നതും അതുതന്നെയാണോ എന്ന് പ്രാർഥനാപൂർവം ചിന്തിക്കുന്നതു ജ്ഞാനമായിരിക്കും. ആരും തങ്ങളുടെ സേവനപദവികൾ തിടുക്കത്തിൽ ഉപേക്ഷിക്കരുത്, കാരണം എല്ലായ്പ്പോഴും അതത്ര ആവശ്യമായിരിക്കണമെന്നില്ല. മാതാപിതാക്കളുടെ സഭയിലെതന്നെ ആർക്കെങ്കിലും സന്തോഷത്തോടെ അവരെ സഹായിക്കാനാകുന്ന തരം താത്കാലികമായൊരു ആരോഗ്യപ്രശ്നമാണോ അത്?—സദൃ. 21:5.
11 ഉദാഹരണത്തിന്, വീട്ടിൽനിന്ന് അകലെ സേവിക്കുന്ന രണ്ടു ജഡികസഹോദരന്മാരുടെ കാര്യമെടുക്കുക. അതിലൊരാൾ തെക്കേ അമേരിക്കയിൽ മിഷനറിയായിരുന്നു, മറ്റേയാൾ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ലോകാസ്ഥാനത്തു സേവിക്കുകയായിരുന്നു. അവരുടെ പ്രായമായ മാതാപിതാക്കൾക്കു സഹായം ആവശ്യമായി വന്നപ്പോൾ, ഏറ്റവും മികച്ച സഹായം എങ്ങനെ നൽകാനാകുമെന്നറിയാൻ അവർ ഭാര്യമാരുമായി ജപ്പാനിലുള്ള തങ്ങളുടെ മാതാപിതാക്കളെ സന്ദർശിച്ചു. തെക്കേ അമേരിക്കയിലെ ദമ്പതികൾ വീട്ടിലേക്കു മടങ്ങുന്നതിനുവേണ്ടി തങ്ങളുടെ നിയമനം ഉപേക്ഷിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുകയായിരുന്നു. അപ്പോൾ മാതാപിതാക്കളുടെ സഭയിലെ മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ അവരുമായി ഫോണിൽ ബന്ധപ്പെട്ടു. മൂപ്പന്മാർ സാഹചര്യങ്ങൾ വിലയിരുത്തിയെന്നും മിഷനറിമാരായ ദമ്പതികൾ അവരുടെ നിയമനത്തിൽ സാധ്യമാകുന്നത്രയും കാലം തുടരാൻ തങ്ങൾ ആഗ്രഹിക്കുന്നെന്നും അറിയിച്ചു. ഈ ദമ്പതികളുടെ സേവനം വിലമതിച്ചുകൊണ്ട് മൂപ്പന്മാർ അവരുടെ മാതാപിതാക്കളെ പരിചരിക്കുന്നതിനു തങ്ങളാലാകുന്ന സഹായം ചെയ്തുകൊടുക്കാൻ തീരുമാനിച്ചു. സ്നേഹമസൃണമായ ആ തീരുമാനത്തെ കുടുംബാംഗങ്ങളെല്ലാം വളരെയധികം വിലമതിച്ചു.
12. പരിചരണം നൽകുന്നതിനോടുള്ള ബന്ധത്തിൽ ഏതൊരു തീരുമാനമെടുക്കുമ്പോഴും ഒരു ക്രിസ്തീയകുടുംബം എന്തു പരിഗണിക്കണം?
12 പ്രായമായ മാതാപിതാക്കളുടെ ആവശ്യങ്ങൾക്കായി കരുതുന്നതിനുവേണ്ടി ഒരു ക്രിസ്തീയകുടുംബം ഏതെല്ലാം മാർഗങ്ങൾ അവലംബിച്ചാലും, അത് ദൈവനാമത്തിനു ബഹുമതി കൈവരുത്തുന്നുവെന്ന് ഉൾപ്പെട്ടിരിക്കുന്ന എല്ലാവരും ഉറപ്പുവരുത്തണം. യേശുവിന്റെ നാളിലെ മതനേതാക്കന്മാരെപ്പോലെയായിരിക്കാൻ നാം ഒരിക്കലും ആഗ്രഹിക്കുന്നില്ല. (മത്താ. 15:3-6) നമ്മുടെ തീരുമാനങ്ങൾദൈവത്തിനും സഭയ്ക്കും മഹത്വം കരേറ്റുന്നവയായിരിക്കാൻ നാം ആഗ്രഹിക്കുന്നു.—2 കൊരി. 6:3.
സഭയുടെ ഉത്തരവാദിത്വം
13, 14. പ്രായമായ സഹോദരങ്ങളെ പരിചരിക്കുന്നതിൽ സഭയ്ക്കു താത്പര്യമുണ്ടെന്ന് തിരുവെഴുത്തുകളിൽനിന്നു നിഗമനം ചെയ്യാനാകുന്നത് എന്തുകൊണ്ട്?
13 മേൽപ്പറഞ്ഞ വിധത്തിൽ മുഴുസമയ സേവകരെ പിന്തുണയ്ക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. എന്നിരുന്നാലും മാതൃകായോഗ്യരായ പ്രായമുള്ള സഹോദരീസഹോദരന്മാരുടെ ആവശ്യങ്ങൾക്കായി കരുതാൻ സഭയ്ക്കു താത്പര്യമുണ്ടെന്ന് ഒന്നാം നൂറ്റാണ്ടിൽ ഉടലെടുത്ത ഒരു സാഹചര്യത്തിൽനിന്നു വ്യക്തമാണ്. യെരുശലേമിലെ സഭയിൽ “ഇല്ലായ്മ അനുഭവിക്കുന്ന ആരും . . . ഉണ്ടായിരുന്നില്ല” എന്നു ബൈബിൾ പറയുന്നു. അതിന് അർഥം എല്ലാവരും ധനികരായിരുന്നെന്നല്ല. ചിലർക്ക് ഭൗതികമായി കാര്യമായൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും “ഓരോരുത്തർക്കും ആവശ്യം വരുന്നതനുസരിച്ച് അതു വിതരണം ചെയ്യുമായിരുന്നു.” (പ്രവൃ. 4:34, 35) പിന്നീട് പ്രാദേശികമായി ഒരു സാഹചര്യം ഉടലെടുത്തു. ‘ദിനന്തോറുമുള്ള ഭക്ഷ്യവിതരണത്തിൽ ചില വിധവമാർ അവഗണിക്കപ്പെട്ടിരുന്നതായി’ നിരീക്ഷിച്ചു. അതുകൊണ്ട്, അവരുടെ ആവശ്യങ്ങൾ ഉചിതമായും ന്യായമായും നിറവേറുന്നെന്ന് ഉറപ്പുവരുത്താനായി അപ്പൊസ്തലന്മാർ യോഗ്യതയുള്ള ചില പുരുഷന്മാരെ നിയമിച്ചാക്കി. (പ്രവൃ. 6:1-5) ദിനന്തോറുമുള്ള ഈ താത്കാലികക്രമീകരണം, എ.ഡി. 33-ലെ പെന്തെക്കൊസ്തിൽ ക്രിസ്ത്യാനികളായ ശേഷം ആത്മീയമായി വളരുന്നതിന് കുറച്ചു കാലം യെരുശലേമിൽ താമസിച്ചവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായിരുന്നു. അപ്പൊസ്തലന്മാരുടെ ഈ ദൃഷ്ടാന്തം കാണിക്കുന്നത് ആവശ്യമുള്ള സഹോദരങ്ങളെ സഹായിക്കാൻ സഭയ്ക്കാകും എന്നാണ്.
14 സഭയിൽനിന്നു സാമ്പത്തികപിന്തുണ ലഭിക്കാൻ ക്രിസ്തീയവിധവമാർ അർഹരായിരിക്കുന്ന സാഹചര്യങ്ങൾ ഏതെല്ലാമാണെന്ന് പൗലോസ് തിമൊഥെയൊസിനു നൽകിയ നിർദേശങ്ങളിൽ നാം കാണുകയുണ്ടായി. (1 തിമൊ. 5:3-16) സമാനമായി, പീഡനങ്ങളോ മറ്റോ നിമിത്തം സഹായമാവശ്യമുള്ളവർക്കും അനാഥർക്കും വിധവമാർക്കും വേണ്ടി കരുതാനുള്ള ഉത്തരവാദിത്വം നിശ്വസ്തതയിൽ യാക്കോബ് ഉറപ്പിച്ചുപറയുന്നു. (യാക്കോ. 1:27; 2:15-17) അപ്പൊസ്തലനായ യോഹന്നാൻ ഇങ്ങനെ ന്യായവാദം ചെയ്തു: “ഒരുവന് ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ, തന്റെ സഹോദരൻ ഞെരുക്കത്തിലാണെന്നു മനസ്സിലാക്കിയിട്ടും അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ അവനു ദൈവസ്നേഹമുണ്ടെന്ന് എങ്ങനെ പറയാനാകും?” (1 യോഹ. 3:17) സഹായം ആവശ്യമുള്ളവരോടുള്ള ബന്ധത്തിൽ ക്രിസ്ത്യാനികൾക്ക് വ്യക്തിപരമായി ഇത്തരം ഉത്തരവാദിത്വങ്ങൾ ഉണ്ടെന്നിരിക്കെ, സഭകളെ സംബന്ധിച്ചും അത് അങ്ങനെതന്നെയല്ലേ?
15. പ്രായമായ സഹോദരീസഹോദരന്മാർക്കു പിന്തുണ നൽകുന്നതിൽ എന്തെല്ലാം ഘടകങ്ങൾ ഉൾപ്പെട്ടേക്കാം?
15 ചില ദേശങ്ങളിലെ ഗവൺമെന്റ് അധികാരികൾ പ്രായമായവർക്ക് പെൻഷനും വാർധക്യക്ഷേമപദ്ധതികളും അവരെ പരിചരിക്കുന്നതിന് ഒരു വ്യക്തിയുടെ സഹായവും ലഭ്യമാക്കുന്നു. (റോമ. 13:6) എന്നാൽ, മറ്റു ചിലയിടങ്ങളിൽ ഇത്തരം സേവനങ്ങൾ ലഭ്യമല്ല. അതുകൊണ്ട്, പ്രായമായ സഹോദരീസഹോദരന്മാർക്ക് കുടുംബാംഗങ്ങളും സഭയും നൽകേണ്ട ശാരീരികപിന്തുണ സാഹചര്യങ്ങൾ അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും. വിശ്വാസികളായ മക്കൾ മാതാപിതാക്കളിൽനിന്ന് അകലെയാണു താമസിക്കുന്നതെങ്കിൽ, മാതാപിതാക്കൾക്കായി മക്കൾക്കു ന്യായമായും നൽകാനാകുന്ന സഹായത്തെ അതു ബാധിക്കും. മക്കൾ മാതാപിതാക്കളുടെ സഭയിലെ മൂപ്പന്മാരുമായി തുറന്ന ആശയവിനിമയം നടത്തുന്നെങ്കിൽ, ആ കുടുംബത്തിന്റെ സാഹചര്യങ്ങൾ ഇരുകൂട്ടർക്കും മനസ്സിലാകുന്നെന്ന് ഉറപ്പുവരുത്താനാകും. ഉദാഹരണത്തിന്, ഗവൺമെന്റിൽനിന്നോ പ്രാദേശികമായ സാമൂഹികപദ്ധതികളിൽനിന്നോ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുത്താൻ മൂപ്പന്മാർക്കായേക്കും. മാതാപിതാക്കളുടെ കണ്ണിൽപ്പെടാത്ത ബില്ലുകളും കൃത്യമായി കഴിക്കാത്ത മരുന്നുകളും ഉൾപ്പെടെയുള്ള കാര്യങ്ങൾ നിരീക്ഷിച്ച് അവ മക്കളെ അറിയിക്കാനും മൂപ്പന്മാർക്കായേക്കും. സദുദ്ദേശത്തോടെയും ദയയോടെയും ഉള്ള ഇത്തരം ആശയക്കൈമാറ്റം, സാഹചര്യങ്ങൾ കൂടുതൽ വഷളാകുന്നതു തടയുകയും പ്രായോഗികപരിഹാരങ്ങളിലേക്കു നയിക്കുകയും ചെയ്യും. അതെ, പെട്ടെന്നു സഹായം എത്തിക്കുന്നവരും ആവശ്യമായ ഉപദേശം നൽകുന്നവരും, ഒരർഥത്തിൽ മക്കളുടെ ‘കണ്ണായി’ വർത്തിച്ചുകൊണ്ട് കുടുംബത്തിന്റെ ഉത്കണ്ഠകൾ കുറച്ചേക്കാം.
16. ചില ക്രിസ്ത്യാനികൾ സഭയിലെ പ്രായമായവരെ എങ്ങനെ സഹായിക്കുന്നു?
16 പ്രായമായ പ്രിയപ്പെട്ടവരോടുള്ള ആർദ്രസ്നേഹത്താൽ പ്രചോദിതരായി ചില ക്രിസ്ത്യാനികൾ തങ്ങളാലാകുന്ന വിധത്തിൽ സമയവും ഊർജവും അവർക്കായി സ്വമേധയാ ചെലവിടുന്നു. ഈ സഹോദരങ്ങൾ സഭയിലെ പ്രായമായവരിൽ കൂടുതൽ താത്പര്യമെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. ചിലർ സഭയിലുള്ള മറ്റുള്ളവരുമായി പരിചരിക്കാനുള്ള ഉത്തരവാദിത്വങ്ങൾ പങ്കുവെച്ചുകൊണ്ട് ഊഴമനുസരിച്ചു പ്രവർത്തിക്കുന്നു. തങ്ങളുടെ സാഹചര്യം മൂലം മുഴുസമയ സേവനം ഏറ്റെടുക്കാനാകാത്ത ഇത്തരം ചില സഹോദരങ്ങൾ, പ്രായമായവരുടെ മക്കളെ അവരുടെ നിയമനത്തിൽ ആവോളം തുടരാൻ പിന്തുണയ്ക്കുന്നതിൽ സന്തുഷ്ടരാണ്. എത്ര ഉത്കൃഷ്ടമായ മനോഭാവമാണ് ഈ സഹോദരങ്ങൾ പ്രകടമാക്കുന്നത്! എങ്കിലും അവരുടെ ഉദാരത, മാതാപിതാക്കൾക്കായി തങ്ങൾ ചെയ്യേണ്ട ഉത്തരവാദിത്വങ്ങളിൽനിന്ന് മക്കളെ ഒഴിവുള്ളവരാക്കുന്നില്ല.
ബലപ്പെടുത്തുന്ന വാക്കുകളാൽ പ്രായമായവരെ ബഹുമാനിക്കുക
17, 18. പരിചരണം ആസ്വാദ്യമാക്കാൻ ഉൾപ്പെട്ടിരിക്കുന്ന ഇരുകൂട്ടരും എന്തു മനോഭാവം പ്രകടമാക്കണം?
17 പരിചരണത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഏവർക്കും ആ അനുഭവം ആകുന്നത്ര ആസ്വാദ്യമാക്കാൻ ശ്രമിക്കാനാകും. ഇതിൽ നിങ്ങൾക്കൊരു പങ്കുണ്ടെങ്കിൽ, ക്രിയാത്മകമനോഭാവം നിലനിറുത്താൻ പരമാവധി യത്നിക്കുക. ചില സമയങ്ങളിൽ, വാർധക്യം നിരാശയ്ക്കോ വിഷാദത്തിനുപോലുമോ ഇടയാക്കിയേക്കാം. അതുകൊണ്ട് പ്രായമായ സഹോദരീസഹോദരന്മാരെ ബഹുമാനിക്കാനും പ്രോത്സാഹിപ്പിക്കാനും നിങ്ങൾ പ്രത്യേകശ്രമം ചെയ്യേണ്ടതുണ്ടായിരിക്കാം. അതിനുവേണ്ടി അവരുമായി കെട്ടുപണി ചെയ്യുന്ന സംഭാഷണങ്ങൾ നടത്തുന്നതിൽ തുടരുക. അർപ്പണമനോഭാവത്തോടെയുള്ള സേവനത്തിന്റെ നല്ല രേഖയുള്ളവരെ അഭിനന്ദിക്കേണ്ടതാണ്. തനിക്കായി അവർ ചെയ്ത സേവനത്തെ യഹോവ മറക്കുന്നില്ല, സഹക്രിസ്ത്യാനികളായ നാമും അങ്ങനെതന്നെയായിരിക്കണം.—മലാഖി 3:16; എബ്രായർ 6:10 വായിക്കുക.
18 കൂടാതെ, പ്രായമായവരും പരിചരണം നൽകുന്നവരും ഇടയ്ക്കൊക്കെ നർമരസം കലർന്ന സംഭാഷണങ്ങൾ നടത്തുന്നെങ്കിൽ, ബുദ്ധിമുട്ടേറിയ ദൈനംദിനകാര്യാദികൾ കൂടുതൽ ലഘൂകരിക്കാനാകും. (സഭാ. 3:1, 4) നിർബന്ധബുദ്ധിയോടെ കാര്യങ്ങൾ ആവശ്യപ്പെടാതിരിക്കാൻ പ്രായമായ പലരും ശ്രദ്ധിക്കുന്നു. തങ്ങൾ പ്രകടമാക്കുന്ന മനോഭാവം സന്ദർശകരെയും തങ്ങൾക്കു ലഭിക്കുന്ന പരിചരണത്തെയും ബാധിക്കുമെന്ന് അവർ തിരിച്ചറിയുന്നു. സന്ദർശകർ ഇങ്ങനെ പറയുന്നത് സാധാരണമാണ്, “പ്രായമായ ഒരു സുഹൃത്തിനെ പ്രോത്സാഹിപ്പിക്കാനാണ് ഞാൻ പോയത്, എന്നാൽ വളരെയധികം പ്രോത്സാഹിതനായാണ് ഞാൻ മടങ്ങിയത്.”—സദൃ. 15:13; 17:22.
19. ഭാവിയെ സംബന്ധിച്ച് ചെറുപ്പക്കാർക്കും പ്രായമായവർക്കും സമാനമായ എന്തു കാഴ്ചപ്പാടുണ്ടായിരിക്കാനാകും?
19 ദുരിതങ്ങളും അപൂർണതയുടെ ഫലങ്ങളും അവസാനിക്കുന്ന നാളുകൾക്കായി നാം നോക്കിപ്പാർത്തിരിക്കുന്നു. അതുവരെ, നിത്യതയിലുള്ള കാര്യങ്ങളിൽദൈവജനം തങ്ങളുടെ പ്രത്യാശ ഉറപ്പിച്ചുനിറുത്തേണ്ടതുണ്ട്. അരിഷ്ടതയോ പീഡനമോ ഉണ്ടാകുമ്പോൾ ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള വിശ്വാസം ഒരു നങ്കൂരമാണെന്ന് നമുക്ക് അറിയാം. ആ വിശ്വാസമുള്ളതിനാൽ “ഞങ്ങൾ മടുത്തുപിന്മാറുന്നില്ല. ഞങ്ങളിലെ ബാഹ്യമനുഷ്യൻ ക്ഷയിച്ചുകൊണ്ടിരിക്കുന്നെങ്കിലും ആന്തരികമനുഷ്യൻ നാൾക്കുനാൾ പുതുക്കം പ്രാപിച്ചുകൊണ്ടിരിക്കുന്നു.” (2 കൊരി. 4:16-18; എബ്രാ. 6:18, 19) ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ ശക്തമായ വിശ്വാസം നിലനിറുത്തുന്നതു കൂടാതെ പരിചരണത്തിനുള്ള ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ നിങ്ങളെ എന്തു സഹായിക്കും? ചില പ്രായോഗികനിർദേശങ്ങൾ അടുത്ത ലേഖനത്തിൽ പരിചിന്തിക്കുന്നതായിരിക്കും.
a മക്കൾക്കും പരിചരണംവേണ്ട അവരുടെ പ്രായമായ മാതാപിതാക്കൾക്കും മുമ്പാകെ തുറന്നു കിടക്കുന്ന ചില അവസരങ്ങൾ അടുത്ത ലേഖനത്തിൽ പരിചിന്തിക്കും.