സഹായത്തിനായി നിലവിളിക്കുന്നവരെ ആർ വിടുവിക്കും?
‘ദൈവമേ, രാജാവിനു നിന്റെ ന്യായം നൽകേണമേ. അവൻ നിലവിളിക്കുന്ന ദരിദ്രനെ വിടുവിക്കുമല്ലോ.’—സങ്കീ. 72:1, 12.
1. ദാവീദിന്റെ ദൃഷ്ടാന്തത്തിൽനിന്ന് ദൈവത്തിന്റെ കരുണയെക്കുറിച്ച് നമുക്ക് എന്തു പഠിക്കാനാകും?
ഇസ്രായേലിലെ ദാവീദ് രാജാവിന്റെ ഈ വാക്കുകൾ എത്ര ആശ്വാസദായകമാണ്!a ഇതു രേഖപ്പെടുത്തുന്നതിനു വർഷങ്ങൾക്കുമുമ്പ് ബത്ത്-ശേബയുമായി വ്യഭിചാരത്തിൽ ഏർപ്പെട്ട ദാവീദ് മനംനൊന്ത് യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു: “നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ. . . . എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. . . . ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭംധരിച്ചു.” (സങ്കീ. 51:1-5) അതെ, യഹോവ കരുണാർദ്രനാണ്; നാം ജന്മനാ പാപികളാണെന്ന കാര്യം അവൻ എപ്പോഴും കണക്കിലെടുക്കുന്നു.
2. സങ്കീർത്തനം 72 നമുക്ക് ആശ്വാസം പകരുന്നത് എങ്ങനെ?
2 പരിതാപകരമായ ഒരു അവസ്ഥയിലാണ് നാമെന്ന് യഹോവയ്ക്ക് അറിയാം. എന്നാൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ യഹോവയുടെ നിയമിത രാജാവ് ‘നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കും.’ “എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.” (സങ്കീ. 72:12, 13) ഏതെല്ലാം വിധങ്ങളിലായിരിക്കും നമുക്ക് ആശ്വാസം ലഭിക്കുക? 72-ാം സങ്കീർത്തനം അതേക്കുറിച്ചു പറയുന്നു. ദാവീദിന്റെ പുത്രനായ ശലോമോന്റെ വാഴ്ചയുടെ സവിശേഷതകൾ വർണിക്കുന്ന ഈ സങ്കീർത്തനം ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ഭരണത്തിൻകീഴിൽ മനുഷ്യവർഗത്തിനു ലഭിക്കാനിരിക്കുന്ന വിടുതലിനെയും ചിത്രീകരിക്കുന്നു.
ക്രിസ്തുവിന്റെ ഭരണം—ഒരു പൂർവവീക്ഷണം
3. ശലോമോൻ എന്താണ് ആവശ്യപ്പെട്ടത്, യഹോവ അവന് എന്തെല്ലാം നൽകി?
3 വൃദ്ധനായ ദാവീദ് ശലോമോനെ രാജാവാക്കാനുള്ള കൽപ്പന കൊടുത്തശേഷം അവനു ചില നിർദേങ്ങൾ നൽകി; ശലോമോൻ അവ സവിശ്വസ്തം അനുസരിച്ചു. (1 രാജാ. 1:32-35; 2:1-4) യഹോവ ശലോമോനു സ്വപ്നത്തിൽ പ്രത്യക്ഷനായി, “നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക” എന്നു പറഞ്ഞു. ശലോമോൻ ഒരേയൊരു വരം മാത്രമാണ് ചോദിച്ചത്: “ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ.” ശലോമോന്റെ വിനീതമായ ഈ അഭ്യർഥനയിൽ സംപ്രീതനായ യഹോവ അവൻ ചോദിച്ചതും അതിലധികവും കൊടുത്തു.—1 രാജാ. 3:5, 9-13.
4. ഒരു രാജ്ഞി ശലോമോന്റെ ഭരണത്തെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?
4 യഹോവയുടെ അനുഗ്രഹത്താൽ ശലോമോന്റെ ഭരണകാലത്ത് ദേശത്തെങ്ങും സമാധാനവും ഐശ്വര്യവും കളിയാടി. അതിനു മുമ്പോ പിമ്പോ ഭൂമിയിൽ ഒരിക്കലും അങ്ങനെയൊരു കാലം ഉണ്ടായിട്ടില്ല! (1 രാജാ. 4:25) ശലോമോന്റെ ഭരണത്തെക്കുറിച്ചു കേട്ടറിഞ്ഞ് അതു നേരിൽക്കാണാൻ എത്തിയവരിൽ ഒരാളായിരുന്നു ശേബാരാജ്ഞി. പരിവാരസമേതം വന്ന അവൾ ശലോമോനോട് പറഞ്ഞു: “ഞാൻ എന്റെ ദേശത്തുവെച്ചു കേട്ട വർത്തമാനം സത്യം തന്നേ. . . . എന്നാൽ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു.” (1 രാജാ. 10:1, 6, 7) ഇതിനെക്കാളെല്ലാം എത്രയോ ശ്രേഷ്ഠമായ ജ്ഞാനമാണ് യേശുവിനുണ്ടായിരുന്നത്! അതുകൊണ്ടുതന്നെ അവനു തന്നെക്കുറിച്ച് ഇങ്ങനെ പറയാനായി: “എന്നാൽ ഇവിടെയിതാ, ശലോമോനെക്കാൾ വലിയവൻ.”—മത്താ. 12:42.
“ശലോമോനെക്കാൾ വലിയവൻ” ആശ്വാസമേകുന്നു
5. സങ്കീർത്തനം 72 എന്തു വെളിപ്പെടുത്തുന്നു, ഭൂമിയിലായിരിക്കെ യേശു എന്തിന്റെ പൂർവവീക്ഷണം നൽകി?
5 ‘ശലോമോനെക്കാൾ വലിയവനായ’ യേശുക്രിസ്തുവിന്റെ ഭരണകാലത്തെ അനുഗ്രഹങ്ങളെക്കുറിച്ചു മനസ്സിലാക്കാൻ നമുക്കിപ്പോൾ 72-ാം സങ്കീർത്തനത്തിന്റെ ചില പ്രസക്തഭാഗങ്ങൾ പരിചിന്തിക്കാം. (സങ്കീർത്തനം 72:1-4 വായിക്കുക.) “സമാധാനപ്രഭു”വായ തന്റെ പുത്രന്റെ “ആധിപത്യ”ത്തെക്കുറിച്ചുള്ള യഹോവയുടെ മനോവികാരങ്ങൾ വെളിപ്പെടുത്തുന്നതാണ് ഈ സങ്കീർത്തനം. (യെശ. 9:6, 7) ‘ശലോമോനെക്കാൾ വലിയവനായ’ യേശുക്രിസ്തു ദിവ്യനിർദേശങ്ങൾ പാലിച്ചുകൊണ്ട് ഭരണംനടത്തും. അവൻ ‘എളിയവരെ പരിപാലിക്കുകയും ദരിദ്രജനത്തെ രക്ഷിക്കുകയും ചെയ്യും.’ നീതിയും സമാധാനവും അവന്റെ ഭരണത്തിന്റെ മുഖമുദ്രയായിരിക്കും. ഭൂമിയിലായിരിക്കെ യേശു തന്റെ ആ ആയിരംവർഷ വാഴ്ചയുടെ ഒരു പൂർവവീക്ഷണം നൽകുകയുണ്ടായി.—വെളി. 20:4.
6. രാജ്യഭരണത്തിൻകീഴിലെ അനുഗ്രഹങ്ങളിലേക്ക് യേശു വെളിച്ചംവീശിയത് എങ്ങനെ?
6 ഭൂമിയിലായിരുന്നപ്പോൾ യേശു ചെയ്ത ചില അത്ഭുതങ്ങളെക്കുറിച്ചു ചിന്തിക്കുക. സങ്കീർത്തനം 72-ന്റെ നിവൃത്തിയായി മനുഷ്യവർഗത്തിനുവേണ്ടി അവൻ ചെയ്യാനിരിക്കുന്ന കാര്യങ്ങളിലേക്കു വെളിച്ചംവീശുന്നതായിരുന്നു അവ. കഷ്ടപ്പെടുന്നവരോട് യേശുവിനു അങ്ങേയറ്റം സഹതാപം തോന്നി; ആരുടെയും ഹൃദയത്തെ സ്പർശിക്കാൻപോന്നതാണ് ആ സുവിശേഷ വിവരണങ്ങൾ. (മത്താ. 9:35, 36; 15:29-31) ഉദാഹരണത്തിന്, കുഷ്ഠരോഗിയായ ഒരാൾ ഒരിക്കൽ യേശുവിന്റെ അടുക്കൽവന്ന് ഇങ്ങനെ യാചിച്ചു: “നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും.” “എനിക്കു മനസ്സുണ്ട്; ശുദ്ധനാകുക,” യേശു പറഞ്ഞു. തത്ക്ഷണം അവന്റെ കുഷ്ഠം മാറി! (മർക്കോ. 1:40-42) മറ്റൊരിക്കൽ, യേശു ഒരു വിധവയെ കാണാനിടയായി. ഒരേയൊരു മകൻ മരിച്ചുപോയ അവളെക്കണ്ടു ‘മനസ്സലിഞ്ഞ’ യേശു “ചെറുപ്പക്കാരാ, എഴുന്നേൽക്കുക” എന്നു പറഞ്ഞു. മരിച്ചുപോയ ആ ചെറുപ്പക്കാരൻ എഴുന്നേറ്റു!—ലൂക്കോ. 7:11-15.
7, 8. രോഗങ്ങൾ സൗഖ്യമാക്കാൻ യേശുവിനു പ്രാപ്തിയുണ്ടായിരുന്നു എന്നതിന്റെ ചില തെളിവുകളേവ?
7 അത്ഭുതങ്ങൾ ചെയ്യാനുള്ള പ്രാപ്തി യഹോവയാണ് യേശുവിനു നൽകിയത്. “പന്ത്രണ്ടുവർഷമായി രക്തസ്രാവത്താൽ വലഞ്ഞിരുന്ന ഒരു സ്ത്രീ”യുടെ അനുഭവം അതാണ് കാണിക്കുന്നത്. അവൾ “പല വൈദ്യന്മാരുടെയും അടുത്തു പോയി വളരെ കഷ്ടപ്പെടുകയും തനിക്കുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്തിട്ടും” അവളുടെ അവസ്ഥ വഷളായതേയുള്ളൂ. യേശുവിനെക്കുറിച്ചു കേട്ടിരുന്ന അവൾ ജനക്കൂട്ടത്തിനിടയിലൂടെ അവന്റെ അടുക്കൽ വന്ന് അവനെ തൊട്ടു. തന്നിൽനിന്നു ശക്തി പുറപ്പെട്ടതായി തിരിച്ചറിഞ്ഞ യേശു ആരാണ് തന്നെ തൊട്ടതെന്നു ചോദിച്ചു. ‘രക്തസ്രാവമുള്ള’ ആ സ്ത്രീ ചെയ്തത് ന്യായപ്രമാണ നിയമത്തിന്റെ ലംഘനമായിരുന്നു. (ലേവ്യ. 15:19, 25) അവൾ “ഭയന്നുവിറച്ച്” “അവന്റെ കാൽക്കൽ വീണ് സത്യം മുഴുവൻ തുറന്നുപറഞ്ഞു.” യഹോവ അവളെ സുഖപ്പെടുത്തിയെന്നു മനസ്സിലാക്കിയ യേശു ആർദ്രതയോടെ അവളോട്, “മകളേ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു. സമാധാനത്തോടെ പൊയ്ക്കൊള്ളുക; നിന്നെ വലച്ചിരുന്ന കഠിന രോഗത്തിൽനിന്നു സ്വതന്ത്രയായി ആരോഗ്യത്തോടെ ജീവിക്കുക” എന്നു പറഞ്ഞു.—മർക്കോ. 5:25-27, 30, 33, 34.
8 ദിവ്യശക്തിയാൽ യേശു അനേകരുടെ രോഗങ്ങൾ സൗഖ്യമാക്കി. അത് നിരീക്ഷകരിൽ എത്രമാത്രം പ്രഭാവംചെലുത്തിക്കാണും! ഉദാഹരണത്തിന്, തന്റെ പ്രശസ്തമായ ഗിരിപ്രഭാഷണത്തിനുമുമ്പ് യേശു പലരെയും സൗഖ്യമാക്കുകയുണ്ടായി. അതു കണ്ട അനേകർ അത്ഭുതസ്തബ്ധരായി എന്നതിനു സംശയമില്ല. (ലൂക്കോ. 6:17-19) യേശുതന്നെയാണ് മിശിഹാ എന്ന് ഉറപ്പുവരുത്താൻ ഒരിക്കൽ യോഹന്നാൻ സ്നാപകൻ രണ്ടുശിഷ്യന്മാരെ അവന്റെ അടുക്കലേക്ക് അയച്ചു. യേശു “രോഗങ്ങളും കഠിനവ്യാധികളും ദുഷ്ടാത്മാക്കളും ബാധിച്ച അനേകരെ സൗഖ്യമാക്കുകയും അന്ധരായ നിരവധി പേർക്കു കാഴ്ച നൽകുകയും” ചെയ്യുന്നതാണ് അവർ അവിടെ കണ്ടത്. തുടർന്ന് യേശു ആ രണ്ടുപേരോടായി പറഞ്ഞു: “നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്തത് പോയി യോഹന്നാനെ അറിയിക്കുവിൻ: അന്ധർക്കു കാഴ്ച ലഭിക്കുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരാക്കപ്പെടുന്നു; ബധിരർ കേൾക്കുന്നു; മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു; ദരിദ്രരോടു സുവിശേഷം ഘോഷിക്കപ്പെടുന്നു.” (ലൂക്കോ. 7:19-22) ആ ശിഷ്യന്മാർ മടങ്ങിവന്ന് ഇക്കാര്യങ്ങൾ പറഞ്ഞപ്പോൾ യോഹന്നാന് അത് എത്രമാത്രം പ്രോത്സാഹനം പകർന്നുകാണും!
9. യേശുവിന്റെ അത്ഭുതങ്ങൾ എന്തിനെ മുൻനിഴലാക്കി?
9 തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത്, കഷ്ടത അനുഭവിക്കുന്നവർക്ക് യേശു നൽകിയ ആശ്വാസം താത്കാലികമായിരുന്നു; അവൻ സൗഖ്യമാക്കിയവരും ഉയിർപ്പിച്ചവരും പിന്നീടു മരിച്ചു. എങ്കിലും ഭൂമിയിലായിരിക്കെ യേശു ചെയ്ത അത്ഭുതങ്ങൾ, അവന്റെ മിശിഹൈക ഭരണത്തിൻകീഴിൽ മനുഷ്യരാശി നിത്യം ആസ്വദിക്കാനിരിക്കുന്ന അനുഗ്രഹങ്ങളുടെ ഒരു പൂർവവീക്ഷണമായിരുന്നു.
ഒരു ആഗോള പറുദീസ തൊട്ടുമുന്നിൽ!
10, 11. (എ) രാജ്യാനുഗ്രഹങ്ങൾ എത്ര കാലം നീണ്ടുനിൽക്കും, യേശുവിന്റെ ഭരണം എങ്ങനെയുള്ളതായിരിക്കും? (ബി) പറുദീസയിൽ ക്രിസ്തുവിനോടൊപ്പം ആരും ഉണ്ടായിരിക്കും, നിത്യം ജീവിക്കാൻ അയാൾ എന്തു ചെയ്യണം?
10 പറുദീസാഭൂമിയിലെ ജീവിതം ഒന്ന് ഭാവനയിൽ കാണാൻ ശ്രമിച്ചുനോക്കൂ. (സങ്കീർത്തനം 72:5-9 വായിക്കുക.) ഏകസത്യദൈവത്തെ ആരാധിക്കുന്നവർ സൂര്യചന്ദ്രന്മാരുള്ള കാലത്തോളം പറുദീസയിൽ ജീവിക്കും, അതെ, നിത്യം! “അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനെക്കുന്ന വന്മഴപോലെയും” നവോന്മേഷം പകരുന്നവനായിരിക്കും രാജാവായ ക്രിസ്തുയേശു.
11 ഈ സങ്കീർത്തനത്തിന്റെ നിവൃത്തി മനോമുകുരത്തിൽ കാണുമ്പോൾ പറുദീസാഭൂമിയിൽ നിത്യം ജീവിക്കാനായി നിങ്ങളുടെ ഹൃദയം തുടിക്കുന്നില്ലേ? തന്നോടൊപ്പം സ്തംഭത്തിലേറ്റപ്പെട്ട ദുഷ്പ്രവൃത്തിക്കാരനോട് “നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും” എന്ന് യേശു പറഞ്ഞപ്പോൾ അയാൾ എത്രമാത്രം ആഹ്ലാദിച്ചിട്ടുണ്ടാകും! (ലൂക്കോ. 23:43) യേശുവിന്റെ ആയിരംവർഷ വാഴ്ചക്കാലത്ത് ആ മനുഷ്യൻ ജീവനിലേക്കുവരും. ക്രിസ്തുവിന്റെ ഭരണത്തിനു കീഴ്പെടുന്നെങ്കിൽ പൂർണാരോഗ്യത്തോടെയും സന്തോഷത്തോടെയും അയാൾക്ക് ഭൂമിയിൽ നിത്യം ജീവിക്കാനാകും.
12. ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചക്കാലത്ത് ഉയിർപ്പിക്കപ്പെടുന്ന നീതികെട്ടവർക്ക് എന്തിനുള്ള അവസരം ഉണ്ടായിരിക്കും?
12 ‘ശലോമോനെക്കാൾ വലിയവനായ’ യേശുക്രിസ്തുവിന്റെ ഭരണകാലത്ത് ‘നീതിമാന്മാർ തഴയ്ക്കും.’ (സങ്കീ. 72:7) ഭൂമിയിലായിരുന്നപ്പോൾ സ്നേഹത്തിന്റെയും ആർദ്രതയുടെയും പര്യായമായിരുന്ന യേശു ഭാവിയിലും അങ്ങനെതന്നെയായിരിക്കും എന്നതിനു തർക്കമില്ല! വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകത്തിൽ “നീതികെട്ട”വർപോലും ഉയിർപ്പിക്കപ്പെടും. യഹോവയുടെ നിലവാരങ്ങൾക്കൊത്തു ജീവിക്കാനുള്ള അവസരം സ്നേഹപുരസ്സരം ക്രിസ്തു അവർക്കും വെച്ചുനീട്ടും. (പ്രവൃ. 24:15) എന്നാൽ, ദിവ്യനിബന്ധനകൾക്കു ചേർച്ചയിൽ ജീവിക്കാൻ വിസമ്മതിക്കുന്ന ആരെയും, പുതിയ ലോകത്തിന്റെ സ്വസ്ഥതയ്ക്കും സമാധാനത്തിനും ഭംഗംവരുത്താൻ അനുവദിക്കില്ല, അവരെ നശിപ്പിച്ചുകളയും.
13. രാജ്യഭരണം എത്ര വ്യാപകമായിരിക്കും, അവിടെ സമാധാനത്തിനു ഭംഗംവരുകയില്ലാത്തത് എന്തുകൊണ്ട്?
13 ‘ശലോമോനെക്കാൾ വലിയവനായ’ യേശുക്രിസ്തുവിന്റെ ഭരണം ഭൂവ്യാപകമായിരിക്കും എന്ന് പിൻവരുന്ന വാക്കുകൾ സൂചിപ്പിക്കുന്നു: “അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ (യൂഫ്രട്ടീസ് നദി) ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ. മരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ; അവന്റെ ശത്രുക്കൾ പൊടിമണ്ണു നക്കട്ടെ.” (സങ്കീ. 72:8, 9) അതെ, യേശുക്രിസ്തുവിന്റെ ഭരണം ഭൂമിയുടെ അറുതികൾവരെയെത്തും. (സെഖ. 9:9, 10) അവന്റെ ഭരണത്തെ അംഗീകരിക്കുകയും അതിന്റെ അനുഗ്രഹങ്ങൾ വിലമതിക്കുകയും ചെയ്യുന്നവർ അവനെ ‘വണങ്ങും’ അതായത് മനസ്സോടെ കീഴ്പെടും. എന്നാൽ ‘നൂറുവയസ്സു പ്രായമുള്ളവരായിരുന്നാലും’ മനസ്താപമില്ലാതെ പാപംചെയ്യുന്നവർ ഛേദിക്കപ്പെടും. (യെശ. 65:20) അതെ, അവർ ‘പൊടിമണ്ണു നക്കും.’
സഹതാപമുള്ളവൻ
14, 15. മനുഷ്യരുടെ വേദനകൾ യേശുവിനു മനസ്സിലാക്കാനാകുമെന്നും അവൻ ‘നിലവിളിക്കുന്ന ദരിദ്രനെ വിടുവിക്കുമെന്നും’ നമുക്ക് എങ്ങനെ അറിയാം?
14 പാപികളും നിസ്സഹായരുമായ മനുഷ്യവർഗത്തിന്റെ അവസ്ഥ തികച്ചും ദയനീയമാണ്. പക്ഷേ നമുക്കു പ്രതീക്ഷയ്ക്കു വകയുണ്ട്. (സങ്കീർത്തനം 72:12-14 വായിക്കുക.) കാരണം, ‘ശലോമോനെക്കാൾ വലിയവനായ’ യേശു നമ്മുടെ പാപപൂർണമായ അവസ്ഥ മനസ്സിലാക്കുന്നു, അതുകൊണ്ടുതന്നെ അവനു നമ്മോട് സഹതാപമുണ്ട്. മാത്രമല്ല, നീതിക്കുവേണ്ടി കഷ്ടം സഹിച്ചവനാണ് യേശു. കഠിനമായ പരിശോധനകൾ അവൻ തനിയെ നേരിടാൻപോലും ദൈവം അനുവദിച്ചു; ‘അവന്റെ വിയർപ്പ് രക്തത്തുള്ളികൾപോലെയായി നിലത്തുവീഴുംവണ്ണം’ അത്രമാത്രം വൈകാരികവ്യഥ അവൻ അനുഭവിക്കുകയുണ്ടായി. (ലൂക്കോ. 22:44) പിന്നീട് ദണ്ഡനസ്തംഭത്തിൽ കിടന്നുകൊണ്ട് “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്?” എന്ന് അവൻ നിലവിളിക്കുകപോലും ചെയ്തു. (മത്താ. 27:45, 46) എല്ലാം സഹിക്കേണ്ടിവന്നിട്ടും, യഹോവയിൽനിന്ന് അവനെ അകറ്റാൻ സാത്താൻ കിണഞ്ഞുശ്രമിച്ചിട്ടും, അവൻ ദൈവത്തോട് വിശ്വസ്തനെന്നു തെളിയിച്ചു.
15 യേശു നമ്മുടെ കണ്ണുനീർ കാണുന്നുണ്ടെന്നും അവൻ “നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കു”മെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും. തന്റെ പിതാവിനെപ്പോലെതന്നെ സ്നേഹപുരസ്സരം അവൻ ദരിദ്രന്മാരുടെ നിലവിളി കേൾക്കും, “മനംതകർന്നവരെ അവൻ സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും” ചെയ്യും. (സങ്കീ. 69:33; 147:3) യേശുവിനു “നമ്മുടെ ബലഹീനതകളിൽ സഹതപിക്കാൻ” കഴിയും; “എല്ലാവിധത്തിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ട”വനാണല്ലോ അവൻ. (എബ്രാ. 4:15) ഇപ്പോൾ അവൻ സ്വർഗത്തിൽ രാജാവായി ഭരിക്കുകയാണെന്നും ദുരിതങ്ങളിൽനിന്നു മനുഷ്യരെ വിടുവിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അറിയുന്നത് എത്ര ആശ്വാസപ്രദമാണ്!
16. പ്രജകളോടു സഹതാപം കാണിക്കാൻ ശലോമോനു കഴിഞ്ഞത് എന്തുകൊണ്ട്?
16 ശലോമോനു ജ്ഞാനവും ഉൾക്കാഴ്ചയും ഉണ്ടായിരുന്നതിനാൽ എളിയവരോടു സഹതാപം തോന്നി അവൻ ‘അവരെ രക്ഷിച്ചു’ എന്നതിനു സംശയമില്ല. മാത്രമല്ല, അവന്റെതന്നെ ജീവിതത്തിലും ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. ശലോമോന്റെ സഹോദരനായ അമ്നോൻ സഹോദരിയായ താമാറിനെ ബലാത്സംഗം ചെയ്തു; മറ്റൊരു സഹോദരനായ അബ്ശാലോം അമ്നോനെ കൊന്ന് അതിനു പകരംവീട്ടി. (2 ശമൂ. 13:1, 14, 28, 29) പിന്നീട്, അബ്ശാലോം ദാവീദിന്റെ സിംഹാസനം കൈയടക്കാൻ ശ്രമിച്ചു, എങ്കിലും അവന്റെ ശ്രമം പരാജയപ്പെട്ടു, യോവാബ് അവനെ വധിച്ചു. (2 ശമൂ. 15:10, 14; 18:9, 14) ശലോമോൻ രാജാവായശേഷം, അവന്റെ സഹോദരൻ അദോനീയാവ് അധികാരം കൈക്കലാക്കാൻ ശ്രമംനടത്തി. അതു വിജയിച്ചിരുന്നെങ്കിൽ ശലോമോൻ കൊല്ലപ്പെടാനുള്ള സകലസാധ്യതയുമുണ്ടായിരുന്നു. (1 രാജാ. 1:5) മനുഷ്യദുരിതങ്ങളെക്കുറിച്ച് ശലോമോൻ നന്നായി മനസ്സിലാക്കിയിരുന്നു എന്ന് യഹോവയുടെ ആലയത്തിന്റെ സമർപ്പണവേളയിൽ അവൻ നടത്തിയ പ്രാർഥന വ്യക്തമാക്കുന്നു. തന്റെ പ്രജകൾക്കായി അവൻ അന്ന് ഇങ്ങനെ പ്രാർഥിച്ചു: “ഓരോരുത്തൻ താന്താന്റെ വ്യാധിയും ദുഃഖവും അറിഞ്ഞ്” നിന്നോടു പ്രാർഥിക്കുമ്പോൾ യഹോവേ “നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേട്ടു ക്ഷമിക്കയും . . . ഓരോരുത്തന്നു അവനവന്റെ നടപ്പുപോലെ ഒക്കെയും നല്കുകയും ചെയ്യേണമേ.”—2 ദിന. 6:29-31.
17, 18. ചില ദൈവദാസന്മാരുടെ ദുഃഖത്തിനു കാരണം എന്താണ്, അതു സഹിക്കാൻ അവരെ എന്തു സഹായിച്ചിരിക്കുന്നു?
17 കഴിഞ്ഞകാല ജീവിതാനുഭവങ്ങളായിരിക്കാം ചിലപ്പോൾ നമ്മുടെ ‘ദുഃഖത്തിനു’ കാരണം. 30-നുമേൽ പ്രായമുള്ള, യഹോവയുടെ സാക്ഷിയായ മേരിb എഴുതുന്നു: “എനിക്കു സന്തോഷിക്കാൻ ഒട്ടേറെ കാരണങ്ങളുണ്ട്. പക്ഷേ, ലജ്ജയും വെറുപ്പും ഉണ്ടാക്കുന്ന ചില കഴിഞ്ഞകാല സംഭവങ്ങൾ മിക്കപ്പോഴും എന്റെ മനസ്സിലേക്കു വരാറുണ്ട്. ദുഃഖത്തിൽ ആണ്ടുപോകുന്ന എനിക്ക് ഉറക്കെ കരയാൻ തോന്നും; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ. മനസ്സിൽനിന്നു മായാത്ത അത്തരം ഓർമകൾ എന്നെ അലട്ടുമ്പോൾ വിലകെട്ടവളാണെന്ന തോന്നലും കുറ്റബോധവും എന്നെ തളർത്തിക്കളയും.”
18 പല ദൈവദാസന്മാരും സമാനമായ വേദനകൾ അനുഭവിക്കുന്നവരാണ്. എന്നാൽ അവ സഹിക്കാൻ ആവശ്യമായ ബലം അവർക്ക് എങ്ങനെയാണ് ലഭിക്കുന്നത്? മേരി പറയുന്നു: “ക്രിസ്തീയ സഭയും നല്ല സുഹൃത്തുക്കളും എനിക്ക് എത്രമാത്രം സന്തോഷം നൽകുന്നെന്നോ. ഭാവിയെക്കുറിച്ചുള്ള യഹോവയുടെ വാഗ്ദാനങ്ങളിലും ഞാൻ ശ്രദ്ധകേന്ദ്രീകരിക്കുന്നു. സഹായത്തിനായുള്ള എന്റെ ഇപ്പോഴത്തെ നിലവിളികൾ സന്തോഷാശ്രുക്കളായി മാറും എന്ന് എനിക്ക് ഉറപ്പുണ്ട്.” (സങ്കീ. 126:5) ദൈവത്തിന്റെ കരുതലിൽ, അതായത്, അവൻ ഭരണാധികാരിയായി നിയമിച്ചിരിക്കുന്ന അവന്റെ പുത്രനിൽ നാം പ്രത്യാശയർപ്പിക്കേണ്ടതുണ്ട്. ഈ ഭരണാധികാരിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു: “എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.” (സങ്കീ. 72:13, 14) എത്ര സാന്ത്വനദായകമായ വാക്കുകൾ!
ഐശ്വര്യസമ്പൂർണമായ ഒരു പുതിയ ലോകം
19, 20. (എ) 72-ാം സങ്കീർത്തനം സൂചിപ്പിക്കുന്നതുപോലെ രാജ്യഭരണം ഏതു പ്രശ്നം പരിഹരിക്കും? (ബി) ക്രിസ്തുവിന്റെ ഭരണത്തിന്റെ ബഹുമതി മുഖ്യമായും ആർക്കുള്ളതാണ്, ആ ഭരണം കൈവരുത്തുന്ന അനുഗ്രഹങ്ങളെക്കുറിച്ച് നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായം എന്താണ്?
19 ദൈവത്തിന്റെ പുതിയ ലോകത്തിൽ, ‘ശലോമോനെക്കാൾ വലിയവനായ’ ക്രിസ്തു ഭരിക്കുമ്പോൾ നീതിമാന്മാർ അവിടെ ജീവിക്കുന്ന രംഗം ഒരിക്കൽക്കൂടി ഭാവനയിൽ കാണൂ. അന്ന് “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.” (സങ്കീ. 72:16) ഭൂമി ഫലഭൂയിഷ്ഠമായിത്തീരും എന്ന് ഉറപ്പുനൽകുന്നതാണ് ഈ വാഗ്ദാനം; കാരണം, സാധാരണഗതിയിൽ പർവ്വതങ്ങളുടെ മുകളിൽ ധാന്യം വിളയാറില്ലല്ലോ. ‘അതിന്റെ വിളവ് ലെബാനോനെപ്പോലെ ഉലയും’ എന്നും പറഞ്ഞിരിക്കുന്നു. ശലോമോന്റെ ഭരണകാലത്ത് സമൃദ്ധമായി വിളവു ലഭിച്ചിരുന്ന പ്രദേശമാണ് ലെബാനോൻ. ഒന്നോർത്തുനോക്കൂ, മേലാൽ ഭക്ഷ്യക്ഷാമമില്ല, ആരും വികലപോഷണത്താൽ വലയില്ല, ആർക്കും പട്ടിണികിടക്കേണ്ടിവരില്ല! അന്ന് എല്ലാവരും ‘മൃഷ്ടഭോജനം’ ആസ്വദിക്കും.—യെശ. 25:6-8; 35:1, 2.
20 ഈ അനുഗ്രഹങ്ങൾക്കെല്ലാമുള്ള ബഹുമതി ആർക്കുള്ളതാണ്? മുഖ്യമായും, നിത്യരാജാവും അഖിലാണ്ഡ ഭരണാധികാരിയുമായ യഹോവയാംദൈവത്തിന്. ഒരർഥത്തിൽ, അന്ന് നാമെല്ലാം ഹൃദയഹാരിയായ ഈ കീർത്തനത്തിന്റെ അവസാന വരികൾ ആനന്ദത്തോടെ ഏറ്റുപാടും: “അവന്റെ (രാജാവായ യേശുക്രിസ്തുവിന്റെ) നാമം നിത്യം നിലനില്ക്കട്ടെ! സൂര്യനുള്ളിടത്തോളം കാലം അവന്റെ കീർത്തി നിലനില്ക്കട്ടെ! അവനെപ്പോലെ അനുഗൃഹീതരാകട്ടെ എന്നു ജനം പരസ്പരം ആശംസിക്കട്ടെ! ജനതകൾ അവനെ അനുഗൃഹീതനെന്നു വിളിക്കട്ടെ. ഇസ്രായേലിന്റെ ദൈവമായ കർത്താവ് (യഹോവ) വാഴ്ത്തപ്പെടട്ടെ! അവിടുന്ന് മാത്രമാണ് അദ്ഭുതങ്ങൾ പ്രവർത്തിക്കുന്നത്. അവിടുത്തെ മഹത്വപൂർണ്ണമായ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ! അവിടുത്തെ മഹത്വം ഭൂമിയിലെങ്ങും നിറയട്ടെ! ആമേൻ, ആമേൻ.”—സങ്കീ. 72:17-19, പി.ഒ.സി. ബൈബിൾ.
[അടിക്കുറിപ്പ്]
a സത്യവേദപുസ്തകത്തിൽ 72-ാം സങ്കീർത്തനത്തിന്റെ മേലെഴുത്ത് “ശലോമോന്റെ ഒരു സങ്കീർത്തനം” എന്നാണ്. എന്നാൽ അവസാന വാക്യം സൂചിപ്പിക്കുന്നതുപോലെ ദാവീദാണ് ഇതു രചിച്ചത്.
b യഥാർഥ പേരല്ല.
അഭിപ്രായം പറയാമോ?
• 72-ാം സങ്കീർത്തനം എന്തിന്റെ പ്രാവചനിക ചിത്രമാണ് നൽകുന്നത്?
• “ശലോമോനെക്കാൾ വലിയവൻ” ആരാണ്, അവന്റെ ആധിപത്യം എത്ര വിസ്തൃതമായിരിക്കും?
• 72-ാം സങ്കീർത്തനത്തിൽ വിവരിച്ചിരിക്കുന്ന അനുഗ്രഹങ്ങളിൽ നിങ്ങൾക്ക് വിശേഷാൽ ആകർഷകമായി തോന്നിയത് എന്താണ്?
[29-ാം പേജിലെ ചിത്രം]
ശലോമോന്റെ വാഴ്ചക്കാലത്തുണ്ടായിരുന്ന സമ്പദ്സമൃദ്ധി എന്തിനെ മുൻനിഴലാക്കി?
[32-ാം പേജിലെ ചിത്രം]
‘ശലോമോനെക്കാൾ വലിയവനായ’ യേശുവിന്റെ ഭരണത്തിൻകീഴിൽ ജീവിക്കാനായി ചെയ്യുന്ന ഏതൊരു ശ്രമവും തക്ക മൂല്യമുള്ളതാണ്