“ആകാശത്തിലെ വിശ്വസ്തസാക്ഷി”
കവികളും ഗാനരചയിതാക്കളും കാലങ്ങളായി ചന്ദ്രന്റെ സൗന്ദര്യത്തെ പാടിപ്പുകഴ്ത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു ദിവ്യനിശ്വസ്ത കാവ്യത്തിൽ, “ചന്ദ്രനെപ്പോലെ സൌന്ദര്യ”വതിയായ ഒരു സ്ത്രീയെക്കുറിച്ചു പറയുന്നുണ്ട്. (ഉത്തമഗീതം 6:10) ചന്ദ്രനെ “ആകാശത്തിലെ വിശ്വസ്തസാക്ഷി”യെന്ന് സങ്കീർത്തനക്കാരൻ കാവ്യാത്മകമായി വിളിക്കുന്നു. (സങ്കീർത്തനം 89:37) ചന്ദ്രന്റെ ഈ വിശേഷണത്തിന്റെ പ്രസക്തി എന്താണ്?
ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തിലൂടെ കൃത്യം 27.3 ദിവസത്തിലൊരിക്കൽ ചന്ദ്രൻ തന്റെ യാത്ര പൂർത്തിയാക്കുന്നു. അതുകൊണ്ട് ചന്ദ്രന്റെ വിശ്വസ്തത അതിന്റെ ആശ്രയയോഗ്യതയെ അർഥമാക്കാം. എന്നാൽ സങ്കീർത്തനക്കാരൻ അതിനെക്കാളേറെ അർഥം അതിന് കൽപ്പിച്ചിരുന്നിരിക്കാം. ദൈവരാജ്യത്തെക്കുറിച്ചുള്ള ഒരു പ്രാവചനിക ഗീതത്തിലാണ് അദ്ദേഹം ചന്ദ്രനെ ഒരു “വിശ്വസ്തസാക്ഷി” എന്നു വിളിച്ചത്. ഈ രാജ്യത്തിനുവേണ്ടി പ്രാർഥിക്കാനാണ് യേശു അനുഗാമികളെ പഠിപ്പിച്ചത്.—മത്തായി 6:9, 10.
3,000-ത്തിലധികം വർഷങ്ങൾക്കു മുമ്പ് യഹോവയാം ദൈവം പുരാതന ഇസ്രായേലിലെ ദാവീദ് രാജാവുമായി ഒരു രാജ്യ ഉടമ്പടി ചെയ്യുകയുണ്ടായി. (2 ശമൂവേൽ 7:12-16) ദാവീദിന്റെ അവകാശി എന്ന നിലയിൽ യേശുക്രിസ്തുവിന് എന്നേക്കും സിംഹാസനം അവകാശമാക്കാനുള്ള നിയമപരമായ ഒരു അടിസ്ഥാനം പ്രദാനം ചെയ്യുക എന്നതായിരുന്നു ആ ഉടമ്പടിയുടെ ഉദ്ദേശ്യം. (യെശയ്യാവു 9:7; ലൂക്കൊസ് 1:32, 33) ദാവീദിന്റെ “സന്തതി”യുടെ സിംഹാസനത്തെ പരാമർശിച്ചുകൊണ്ട് സങ്കീർത്തനക്കാരൻ ഇപ്രകാരം പാടി: “അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.”—സങ്കീർത്തനം 89:36, 37.
ക്രിസ്തുഭരണത്തിന്റെ സ്ഥിരതയെ ഓർമയിലേക്കു കൊണ്ടുവരുന്ന സമുചിതമായ ഒരു പ്രതീകമാണ് ‘രാത്രി വാഴുന്ന വെളിച്ചമായ’ ചന്ദ്രൻ. (ഉല്പത്തി 1:16) ക്രിസ്തുവിന്റെ രാജ്യത്തെക്കുറിച്ച് ദാനീയേൽ 7:14 ഇപ്രകാരം പ്രസ്താവിക്കുന്നു: “അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” ആ രാജ്യത്തെയും മനുഷ്യവർഗത്തിന്മേൽ അതു ചൊരിയാൻപോകുന്ന അനുഗ്രഹങ്ങളെയും കുറിച്ച് നമ്മെ ഓർമിപ്പിക്കുന്ന ഒരു സാക്ഷിയാണ് ചന്ദ്രൻ.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
ചന്ദ്രൻ: NASA photo