ബൈബിൾ പുസ്തക നമ്പർ 58—എബ്രായർ
എഴുത്തുകാരൻ: പൗലൊസ്
എഴുതിയ സ്ഥലം: റോം
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 61
1. ഏതു നിയോഗത്തോടുളള ചേർച്ചയിൽ പൗലൊസ് എബ്രായർക്കുളള ലേഖനം എഴുതി?
“ജാതികളുടെ” അപ്പോസ്തലനായിട്ടാണു പൗലൊസ് ഏററം നന്നായി അറിയപ്പെടുന്നത്. എന്നാൽ അവന്റെ ശുശ്രൂഷ യഹൂദരല്ലാത്തവരിൽ പരിമിതപ്പെട്ടിരുന്നോ? അശേഷമില്ല! പൗലൊസ് സ്നാപനമേൽക്കുകയും തന്റെ വേലക്കു നിയോഗിക്കപ്പെടുകയും ചെയ്തതിനു തൊട്ടുമുമ്പു കർത്താവായ യേശു അനന്യാസിനോട് ഇങ്ങനെ പറഞ്ഞു: “അവൻ [പൗലൊസ്] എന്റെ നാമം ജാതികൾക്കും രാജാക്കൻമാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നോരു പാത്രം ആകുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (പ്രവൃ. 9:15; ഗലാ. 2:8, 9) എബ്രായരുടെ പുസ്തകത്തിന്റെ എഴുത്തു സത്യമായി ഇസ്രായേൽ പുത്രൻമാർക്കു മുമ്പിൽ യേശുവിന്റെ നാമം വഹിപ്പാനുളള പൗലൊസിന്റെ നിയോഗത്തിന് അനുയോജ്യമായിരുന്നു.
2. എബ്രായലേഖനം എഴുതിയതു പൗലൊസാണ് എന്നതിനെതിരായ വാദങ്ങളെ എങ്ങനെ ഖണ്ഡിക്കാം?
2 എന്നിരുന്നാലും, പൗലൊസ് എബ്രായർ എഴുതിയെന്നതിനെ ചില വിമർശകർ സംശയിക്കുന്നുണ്ട്. ഈ ലേഖനത്തിൽ പൗലൊസിന്റെ പേര് കാണുന്നില്ലെന്നുളളതാണ് ഒരു തടസ്സവാദം. എന്നാൽ ഇതു യഥാർഥത്തിൽ തടസ്സമല്ല, മിക്കപ്പോഴും ആന്തരിക തെളിവിനാൽ തിരിച്ചറിയപ്പെടുന്ന എഴുത്തുകാരന്റെ പേരു മററനേകം കാനോനികപുസ്തകങ്ങളിലും പറയുന്നില്ലല്ലോ. അതിലുപരി, യഹൂദ്യയിലെ യഹൂദൻമാർ പൗലൊസിന്റെ നാമത്തെ വിദ്വേഷലക്ഷ്യമാക്കിയിരുന്നതുകൊണ്ട് അവിടത്തെ എബ്രായ ക്രിസ്ത്യാനികൾക്ക് എഴുതിയപ്പോൾ അവൻ തന്റെ പേർ മനഃപൂർവം ഒഴിവാക്കിയിരിക്കാമെന്നു ചിലർ വിചാരിക്കുന്നു. (പ്രവൃ. 21:28) തന്റെ മററു ലേഖനങ്ങളിലെ ശൈലിയിൽ നിന്നുളള മാററവും പൗലൊസാണ് എഴുത്തുകാരനെന്നുളളതിനു യഥാർഥ തടസ്സവാദമായിരിക്കുന്നില്ല. പുറജാതികളെയോ യഹൂദൻമാരെയോ ക്രിസ്ത്യാനികളെയോ സംബോധനചെയ്യുമ്പോൾ “എല്ലാവർക്കും എല്ലാമായിത്തീ”രാനുളള തന്റെ പ്രാപ്തി പൗലൊസ് എല്ലായ്പോഴും തെളിയിച്ചു. ഇവിടെ അവന്റെ ന്യായവാദം യഹൂദൻമാർക്ക് ഒരു യഹൂദനിൽനിന്നെന്നപോലെ, അവർക്കു പൂർണമായി മനസ്സിലാക്കാനും വിലമതിക്കാനും കഴിയുന്ന വാദങ്ങളായി അവതരിപ്പിക്കപ്പെടുന്നു.—1 കൊരി. 9:22.
3. ഏത് ആന്തരികതെളിവ് എബ്രായലേഖനം എഴുതിയതു പൗലൊസാണെന്നു തെളിയിക്കുകയും അവൻ മുഖ്യമായി യഹൂദർക്കുവേണ്ടി എഴുതിയെന്നു സൂചിപ്പിക്കുകയും ചെയ്യുന്നു?
3 പുസ്തകത്തിലെ ആന്തരികതെളിവു പൗലൊസാണ് എഴുത്തുകാരനെന്നതിനെ അനുകൂലിക്കുന്നതാണ്. എഴുത്തുകാരൻ ഇററലിയിലായിരുന്നു, തിമൊഥെയൊസിനോടു ബന്ധപ്പെട്ടുമിരുന്നു. ഈ വസ്തുതകൾ പൗലൊസിനു യോജിക്കുന്നു. (എബ്രാ. 13:23, 24) അതിനുപുറമേ, വാദങ്ങൾ യഹൂദവീക്ഷണത്തിൽ അവതരിപ്പിക്കപ്പെടുന്നുവെങ്കിലും ഉപദേശം പൗലൊസിന്റെ സാധാരണ രീതിയിലാണ്, ലേഖനം സംബോധനചെയ്തിരിക്കുന്ന എബ്രായർ മാത്രമുളള സഭക്ക് ആകർഷകമാകാൻ ഉദ്ദേശിച്ചിരിക്കുന്നവതന്നെ. ഈ ആശയംസംബന്ധിച്ചു ക്ലാർക്കിന്റെ ഭാഷ്യം, വാല്യം 6, പേജ് 681 എബ്രായരെപ്പററി ഇങ്ങനെ പറയുന്നു: “ലേഖനത്തിന്റെ മുഴു ഘടനയും അതു സ്വാഭാവികമായി യഹൂദർ ആയിരുന്നവർക്ക് എഴുതപ്പെട്ടുവെന്നു തെളിയിക്കുന്നു. അതു ജാതികൾക്ക് എഴുതപ്പെട്ടിരുന്നുവെങ്കിൽ, അവരിൽ പതിനായിരത്തിലൊരാൾക്കുപോലും വാദം ഗ്രഹിക്കാൻ കഴിയുമായിരുന്നില്ല, യഹൂദവ്യവസ്ഥിതിയിലുളള പരിചയമില്ലായ്മതന്നെ കാരണം; അതിനെക്കുറിച്ചുളള പരിജ്ഞാനം ഉണ്ടെന്ന് ഈ ലേഖനത്തിന്റെ എഴുത്തുകാരൻ ഉടനീളം സങ്കൽപ്പിക്കുന്നുണ്ടല്ലോ.” പൗലൊസിന്റെ മററു ലേഖനങ്ങളോടു താരതമ്യപ്പെടുത്തുമ്പോൾ ശൈലിയിൽ കാണുന്ന വ്യത്യാസത്തിന്റെ കാരണം നൽകാൻ ഇതു സഹായിക്കുന്നു.
4. പൗലൊസിന്റെ എബ്രായലേഖനകർത്തൃത്വത്തിന്റെ കൂടുതലായ എന്തു തെളിവുണ്ട്?
4 ഏതാണ്ട് 1930-ലെ ചെസ്ററർ ബീററി പപ്പൈറസ് നമ്പർ 2-ന്റെ (P46) കണ്ടുപിടിത്തം എഴുത്തുകാരൻ പൗലൊസാണെന്നുളളതിന്റെ കൂടുതലായ തെളിവു നൽകിയിരിക്കുന്നു. പൗലൊസിന്റെ മരണത്തിനു വെറും ഒന്നര നൂററാണ്ടുമാത്രം കഴിഞ്ഞ് എഴുതിയ ഈ പപ്പൈറസ് കൈയെഴുത്തുപുസ്തകത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ടു പ്രമുഖ ബ്രിട്ടീഷ് പാഠനിരൂപകനായ സർ ഫ്രെഡറിക് കെനിയൻ ഇങ്ങനെ പറഞ്ഞു: “എബ്രായർ റോമർക്കു തൊട്ടുപിന്നാലെ വെച്ചിരിക്കുന്നുവെന്നതു ശ്രദ്ധാർഹമാണ്, (ഇതു മിക്കവാറും മുൻവഴക്കമില്ലാത്ത നിലപാടാണ്) ഈ കൈയെഴുത്തുപ്രതി എഴുതപ്പെട്ട ആദിമ തീയതിയിൽ പൗലൊസാണ് എഴുത്തുകാരനെന്നുളളതിനെക്കുറിച്ചു സംശയം തോന്നിയിരുന്നില്ലെന്ന് അതു പ്രകടമാക്കുന്നു.”a ഇതേ പ്രശ്നം സംബന്ധിച്ചു മക്ലിന്റോക്കിന്റെയും സ്ട്രോംഗിന്റെയും സൈക്ലോപീഡിയ സ്പഷ്ടമായി പ്രസ്താവിക്കുന്നു: “പൗലൊസല്ലാതെ മറെറാരാൾ ഈ ലേഖനത്തിന്റെ കർത്തൃത്വം അവകാശപ്പെടുന്നതിന് അനുകൂലമായി ബാഹ്യമായോ ആന്തരികമായോ കഴമ്പുളള തെളിവില്ല.”b
5. എബ്രായരുടെ ഉളളടക്കം അതു നിശ്വസ്തമാണെന്ന് എങ്ങനെ തെളിയിക്കുന്നു?
5 ആദിമ ക്രിസ്ത്യാനികൾ പുസ്തകത്തിനു കൊടുത്ത അംഗീകാരത്തിനു പുറമേ എബ്രായരുടെ ഉളളടക്കം അതു “ദൈവനിശ്വസ്ത”മാണെന്നു തെളിയിക്കുന്നു. അതു തുടർച്ചയായി വായനക്കാരനെ എബ്രായ തിരുവെഴുത്തിലെ പ്രവചനങ്ങൾ ചൂണ്ടിക്കാട്ടുകയും ആദിമ എഴുത്തുകളെ നിരവധി പ്രാവശ്യം പരാമർശിക്കുകയും അവയെല്ലാം ക്രിസ്തുയേശുവിൽ എങ്ങനെ നിവൃത്തിയേറിയെന്നു പ്രകടമാക്കുകയും ചെയ്യുന്നു. ഒന്നാം അധ്യായത്തിൽത്തന്നെ, പുത്രൻ ഇപ്പോൾ ദൂതൻമാരെക്കാൾ ശ്രേഷ്ഠനാണെന്നുളള ആശയം വികസിപ്പിക്കുമ്പോൾ എബ്രായ തിരുവെഴുത്തുകളിൽനിന്ന് ഏഴിൽ കുറയാത്ത ഉദ്ധരണികൾ ഉപയോഗിക്കുന്നുണ്ട്. അതു തുടർച്ചയായി യഹോവയുടെ വചനത്തെയും അവന്റെ നാമത്തെയും മഹിമപ്പെടുത്തുകയും ജീവന്റെ മുഖ്യകാര്യസ്ഥനെന്ന നിലയിൽ യേശുവിലേക്കും മമനുഷ്യന്റെ ഏകപ്രത്യാശയെന്ന നിലയിൽ ക്രിസ്തുവിനാലുളള ദൈവരാജ്യത്തിലേക്കും വിരൽചൂണ്ടുകയും ചെയ്യുന്നു.
6. എബ്രായരുടെ എഴുത്തിന്റെ സ്ഥലവും സമയവും സംബന്ധിച്ചു തെളിവ് എന്തു സൂചിപ്പിക്കുന്നു?
6 എഴുത്തിന്റെ കാലം സംബന്ധിച്ചാണെങ്കിൽ, ഇററലിയിലായിരുന്നപ്പോഴാണു പൗലൊസ് ഈ ലേഖനമെഴുതിയതെന്നു തെളിയിച്ചുകഴിഞ്ഞല്ലോ. ലേഖനം ഉപസംഹരിക്കുമ്പോൾ അവൻ പറയുന്നു: “സഹോദരനായ തിമോഥെയോസ് തടവിൽനിന്നു ഇറങ്ങി എന്നു അറിവിൻ. അവൻ വേഗത്തിൽ വന്നാൽ ഞാൻ അവനുമായി നിങ്ങളെ വന്നുകാണും.” (13:23) പൗലൊസ് തടവിൽനിന്നു നേരത്തെയുളള മോചനം പ്രതീക്ഷിക്കുകയായിരുന്നുവെന്നും തിമൊഥെയൊസിനോടുകൂടെ പോകാൻ ആശിച്ചിരുന്നുവെന്നും ഇതു സൂചിപ്പിക്കുന്നതായി തോന്നുന്നു. അവനും തടവിലാക്കപ്പെട്ടിരുന്നു, എന്നാൽ അപ്പോഴേക്കും വിമോചിതനായിക്കഴിഞ്ഞിരുന്നു. അതുകൊണ്ട്, പൗലൊസിന്റെ ആദ്യത്തെ തടവിന്റെ അന്തിമവർഷം എഴുത്തിന്റെ വർഷമായി സൂചിപ്പിക്കപ്പെടുന്നു, അതായത് പൊ.യു. 61.
7. യെരുശലേമിലെ യഹൂദ ക്രിസ്ത്യാനികളെ ഏതുതരം എതിർപ്പ് അഭിമുഖീകരിച്ചു, അവർക്ക് എന്താവശ്യമായിരുന്നു?
7 യഹൂദവ്യവസ്ഥിതിയുടെ അന്ത്യകാലത്ത്, യഹൂദ്യയിലെ എബ്രായ ക്രിസ്ത്യാനികളുടെമേൽ, വിശേഷാൽ യെരുശലേമിലുളളവരുടെമേൽ, കഠിനപരിശോധനയുടെ ഒരു കാലഘട്ടം വന്നെത്തി. സുവാർത്ത വളരുകയും വ്യാപിക്കുകയും ചെയ്തതോടെ, യഹൂദൻമാർ ക്രിസ്ത്യാനികളോടുളള തങ്ങളുടെ എതിർപ്പിൽ അങ്ങേയററം കുപിതരും മതഭ്രാന്തരുമായിത്തീരുകയായിരുന്നു. ചുരുക്കംചില വർഷങ്ങൾക്കു മുമ്പുമാത്രമായിരുന്നു യെരുശലേമിലേക്കുളള പൗലൊസിന്റെ വരവുതന്നെ ഒരു ലഹള ഇളക്കിവിട്ടത്, മതഭക്തരായ യഹൂദൻമാർ ഉച്ചത്തിൽ, “ഇങ്ങനെത്തവനെ ഭൂമിയിൽനിന്നു നീക്കിക്കളക; അവൻ ജീവിച്ചിരിക്കുന്നതു യോഗ്യമല്ല” എന്ന് അലറി. അവന്റെ കഥകഴിച്ചിട്ടല്ലാതെ തിന്നുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്നുളള ശപഥത്തോടെ 40-ൽപ്പരം യഹൂദൻമാർ പ്രതിജ്ഞാബദ്ധരായിത്തീർന്നിരുന്നു. രാത്രിയിൽ അവനെ കൈസരിയയിലേക്കു കൊണ്ടുപോകാൻ കനത്ത ആയുധസന്നാഹത്തോടുകൂടിയ സൈന്യങ്ങളുടെ അകമ്പടി ആവശ്യമായി വന്നു. (പ്രവൃ. 22:22; 23:12-15, 23, 24) മതഭ്രാന്തിന്റെയും ക്രിസ്ത്യാനികളോടുളള വിദ്വേഷത്തിന്റെയും ഈ അന്തരീക്ഷത്തിൽ സഭ ജീവിക്കുകയും പ്രസംഗിക്കുകയും വിശ്വാസത്തിൽ സ്ഥിരതയുളളവരായി നിലനിൽക്കുകയും ചെയ്യണമായിരുന്നു. അവർ യഹൂദമതത്തിലേക്കും ഇപ്പോൾ വെറും ആചാരാനുഷ്ഠാനത്തെക്കാൾ കവിഞ്ഞ യാതൊന്നുമല്ലാതായിത്തീർന്നിരുന്ന മൃഗയാഗാർപ്പണങ്ങളോടുകൂടിയ മോശൈകന്യായപ്രമാണത്തിന്റെ അനുഷ്ഠാനത്തിലേക്കും പിന്തിരിഞ്ഞുപോകാതിരിക്കേണ്ടതിനു ക്രിസ്തു എങ്ങനെ ന്യായപ്രമാണത്തെ നിവർത്തിച്ചിരുന്നുവെന്ന നല്ല അറിവും ഗ്രാഹ്യവും അവർക്കുണ്ടായിരിക്കണമായിരുന്നു.
8. എബ്രായർക്ക് ഈ എഴുത്തെഴുതാൻ പൗലൊസ് ആദരണീയമാംവിധം സജ്ജനായിരുന്നത് എന്തുകൊണ്ട്, അവൻ വാദങ്ങളുടെ ഏതു നിര അവതരിപ്പിച്ചു?
8 യഹൂദക്രിസ്ത്യാനികൾ വിധേയരാക്കപ്പെട്ട സമ്മർദവും പീഡനവും മനസ്സിലാക്കാൻ അപ്പോസ്തലനായ പൗലൊസിനെക്കാൾ മററാരും പ്രാപ്തനായിരുന്നില്ല. ശക്തമായ വാദങ്ങളും യഹൂദപാരമ്പര്യത്തിന്റെ ഖണ്ഡനങ്ങളും അവർക്കു പ്രദാനംചെയ്യാൻ മുൻ പരീശനായ പൗലൊസിനെക്കാൾ മററാരും മെച്ചമായി സജ്ജനായിരുന്നില്ല. ഗമാലിയേലിന്റെ പാദത്തിങ്കലിരുന്നു പഠിച്ച മോശൈക ന്യായപ്രമാണത്തെ സംബന്ധിച്ച അവന്റെ വിപുലമായ വിജ്ഞാനം ഉപയോഗപ്പെടുത്തിക്കൊണ്ടു ന്യായപ്രമാണത്തിന്റെയും അതിന്റെ നിബന്ധനകളുടെയും യാഗങ്ങളുടെയും നിവൃത്തിയാണു ക്രിസ്തു എന്നതിന്റെ അവിതർക്കിതമായ തെളിവ് അവൻ അവതരിപ്പിച്ചു. പുതിയതും മെച്ചപ്പെട്ടതുമായ ഉടമ്പടിയിൻകീഴിൽ അമൂല്യമായി മഹത്തരമായ പ്രയോജനങ്ങൾ കൈവരുത്തിക്കൊണ്ടു വളരെക്കൂടുതൽ മഹത്ത്വമാർന്ന യാഥാർഥ്യങ്ങൾ അവയെ എങ്ങനെ മാററിസ്ഥാപിച്ചിരിക്കുന്നുവെന്ന് അവൻ തെളിയിച്ചു. അവന്റെ സൂക്ഷ്മതയുളള മനസ്സ് തെളിവുകൾ ഒന്നിനുപിറകേ മറെറാന്നായി വ്യക്തമായും ബോധ്യംവരുത്തത്തക്കവണ്ണവും അണിനിരത്തി. ന്യായപ്രമാണ നിയമത്തിന്റെ അവസാനവും പുതിയ ഉടമ്പടിയുടെ രംഗപ്രവേശവും, അഹരോന്റെ പൗരോഹിത്യത്തെക്കാൾ ഉപരിയായ ക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത, കാളകളുടെയും കോലാടുകളുടെയും യാഗാർപ്പണങ്ങളോടുളള താരതമ്യത്തിൽ ക്രിസ്തുവിന്റെ യാഗത്തിന്റെ യഥാർഥ മൂല്യം, ഒരു വെറും ഭൗമികകൂടാരത്തിലേക്കല്ല, സ്വർഗത്തിൽ യഹോവയുടെ സന്നിധിയിലേക്കുതന്നെയുളള ക്രിസ്തുവിന്റെ പ്രവേശനം—അവിശ്വാസികളായ യഹൂദൻമാർക്ക് അങ്ങേയററം വെറുപ്പുളള ശ്രദ്ധേയമാംവിധം പുതിയതായ ഈ ഉപദേശങ്ങളെല്ലാം—ന്യായബോധമുളള ഒരു യഹൂദനും ബോധ്യപ്പെടാതിരിക്കാൻ കഴിയാത്തവിധം എബ്രായ തിരുവെഴുത്തുകളിൽനിന്നുളള ധാരാളം തെളിവുകളോടെ എബ്രായ ക്രിസ്ത്യാനികൾക്കായി അവതരിപ്പിക്കപ്പെട്ടു.
9. എബ്രായരുടെ ലേഖനം ഏതു ശക്തമായ ആയുധമായിത്തീർന്നു, അതു പൗലൊസിന്റെ സ്നേഹത്തിന്റെ ഒരു പ്രകടനമായിരുന്നത് എങ്ങനെ?
9 ഈ ലേഖനംകൊണ്ടു സായുധരായ എബ്രായ ക്രിസ്ത്യാനികൾക്ക്, പീഡകരായ യഹൂദരുടെ വായടയ്ക്കുന്നതിനു പുതിയതും ശക്തവുമായ ഒരു ആയുധവും അതുപോലെതന്നെ ദൈവസത്യം അന്വേഷിക്കുന്ന യഹൂദൻമാരെ ബോധ്യപ്പെടുത്തുന്നതിനും പരിവർത്തിപ്പിക്കുന്നതിനുമുളള പ്രേരണാത്മകമായ ഒരു വാദവും കിട്ടി. ലേഖനം പൗലൊസിന് എബ്രായക്രിസ്ത്യാനികളോടുളള അഗാധമായ സ്നേഹത്തെയും അവരുടെ അത്യാവശ്യത്തിന്റെ സമയത്ത് അവരെ പ്രായോഗികമായ ഒരു വിധത്തിൽ സഹായിക്കുന്നതിനുളള തീക്ഷ്ണമായ ആഗ്രഹത്തെയും പ്രകടമാക്കുന്നു.
എബ്രായരുടെ ഉളളടക്കം
10. എബ്രായരിലെ പ്രാരംഭവാക്കുകൾ ക്രിസ്തുവിന്റെ സ്ഥാനം സംബന്ധിച്ച് എന്തു പ്രസ്താവിക്കുന്നു?
10 ക്രിസ്തുവിന്റെ ഉന്നതമായ സ്ഥാനം (1:1–3:6). പ്രാരംഭ വാക്കുകൾ ക്രിസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു: “ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകൻമാർ മുഖാന്തരം പിതാക്കൻമാരോടു അരുളിച്ചെയ്തിട്ടു ഈ അന്ത്യകാലത്തു പുത്രൻമുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു.” ഈ പുത്രൻ സകലത്തിന്റെയും നിയമിതാവകാശിയും തന്റെ പിതാവിൻ മഹത്ത്വത്തിന്റെ പ്രതിഫലനവുമാണ്. നമ്മുടെ പാപങ്ങൾക്ക് ഒരു ശുദ്ധീകരണം വരുത്തിയശേഷം അവൻ ഇപ്പോൾ “മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും” ചെയ്തിരിക്കുന്നു. (1:1-3) ദൂതൻമാരുടെമേലുളള യേശുവിന്റെ ശ്രേഷ്ഠത തെളിയിക്കാൻ പൗലൊസ് തിരുവെഴുത്തിനുമേൽ തിരുവെഴുത്ത് ഉദ്ധരിക്കുന്നു.
11. (എ) കേട്ടത് അധികം ശ്രദ്ധയോടെ കരുതിക്കൊൾവാൻ പൗലൊസ് ബുദ്ധ്യുപദേശിക്കുന്നത് എന്തുകൊണ്ട്? (ബി) യേശുവിന്റെ അനുഭവങ്ങളും അവന്റെ ഉയർന്ന സ്ഥാനവും നിമിത്തം യേശു ഏതു കാര്യങ്ങൾ നിർവഹിക്കാൻ പ്രാപ്തനാണ്?
11 “കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊൾവാൻ ആവശ്യമാകുന്നു” എന്നു പൗലൊസ് എഴുതുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ “ദൂതൻമാർമുഖാന്തരം അരുളിച്ചെയ്ത വചനം” അനുസരിക്കാതിരുന്നതിനു കഠിനശിക്ഷ ലഭിച്ചുവെങ്കിൽ, ‘കർത്താവു താൻ പറഞ്ഞുതുടങ്ങിയ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെററി ഒഴിയും’ എന്നു പൗലൊസ് വാദിക്കുന്നു. ദൈവം “മനുഷ്യപുത്രനെ” ദൂതൻമാരെക്കാൾ അൽപ്പം താണവനായി ഉണ്ടാക്കി, എന്നാൽ ഇപ്പോൾ “ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ . . . യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.” (2:1-4, 6, 9) അനേകം പുത്രൻമാരെ മഹത്ത്വത്തിലേക്ക് ആനയിക്കുമ്പോൾ ദൈവം അവരുടെ മുഖ്യരക്ഷാകാര്യസ്ഥനെ ആദ്യം “കഷ്ടാനുഭവങ്ങളാൽ തികഞ്ഞവ”നാക്കി. അവനാണു പിശാചിനെ നാസ്തിയാക്കി “ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും” സ്വതന്ത്രരാക്കുന്നത്. അങ്ങനെ യേശു ‘കരുണയും വിശ്വസ്തതയുമുളള ഒരു മഹാപുരോഹിതൻ’ ആയിത്തീരുന്നു. അത്ഭുതകരമായി, അവൻതന്നെ പരീക്ഷയിൻകീഴിൽ കഷ്ടപ്പെട്ടതുകൊണ്ട് അവൻ “പരീക്ഷിക്കപ്പെടുന്നവർക്കു സഹായിപ്പാൻ കഴിവുളളവൻ ആകുന്നു.” (2:10, 15, 17, 18) അതുകൊണ്ടു യേശു മോശയെക്കാൾ കൂടുതൽ മഹത്ത്വത്തിനു യോഗ്യനായി എണ്ണപ്പെടുന്നു.
12. ക്രിസ്ത്യാനികൾ ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാൻ ഏതു ഗതി ഒഴിവാക്കണം?
12 വിശ്വാസത്താലും അനുസരണത്താലും ദൈവത്തിന്റെ സ്വസ്ഥതയിലേക്കു പ്രവേശിക്കൽ (3:7–4:13). എല്ലാവരിലും വെച്ചു ക്രിസ്ത്യാനികൾ “ജീവനുളള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുളള ദുഷ്ടഹൃദയം” വളർത്തിയെടുക്കാതിരിക്കാൻ ഇസ്രായേല്യരുടെ അവിശ്വസ്തതയുടെ ദൃഷ്ടാന്തത്തിൽനിന്നു മുന്നറിയിപ്പു സ്വീകരിക്കണം. (എബ്രാ. 3:12; സങ്കീ. 95:7-11) ഈജിപ്തു വിട്ട ഇസ്രായേല്യർ, ഭൂമിയെ സംബന്ധിക്കുന്ന സൃഷ്ടിക്രിയകളിൽനിന്നു വിരമിച്ചിരുന്ന ദൈവത്തിന്റെ വിശ്രമത്തിലേക്ക് അഥവാ ശബത്തിലേക്കു പ്രവേശിക്കുന്നതിൽ, അനുസരണക്കേടും വിശ്വാസരാഹിത്യവും നിമിത്തം പരാജയപ്പെട്ടു. എന്നിരുന്നാലും, പൗലൊസ് വിശദീകരിക്കുന്നു: “ദൈവത്തിന്റെ ജനത്തിന്നു ഒരു ശബത്തനുഭവം ശേഷിച്ചിരിക്കുന്നു. ദൈവം തന്റെ പ്രവൃത്തികളിൽനിന്നു എന്നപോലെ അവന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവൻ താനും തന്റെ പ്രവൃത്തികളിൽനിന്നു നിവൃത്തനായിത്തീർന്നു.” ഇസ്രായേൽ പ്രകടമാക്കിയ അനുസരണക്കേടിന്റെ മാതൃക ഒഴിവാക്കേണ്ടതാണ്. എന്തുകൊണ്ടെന്നാൽ “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുളളതായി ഇരുവായ്ത്തലയുളള ഏതു വാളിനെക്കാളും മൂർച്ചയേറിയതും . . . ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.”—എബ്രാ. 4:9, 10, 12.
13. (എ) ക്രിസ്തു നിത്യരക്ഷക്ക് ഉത്തരവാദിയായി ‘എന്നേക്കും ഒരു പുരോഹിതൻ’ ആയിത്തീർന്നത് എങ്ങനെ? (ബി) പൗലൊസ് പക്വതയിലേക്കു പുരോഗമിക്കാൻ എബ്രായരെ പ്രോത്സാഹിപ്പിക്കുന്നത് എന്തുകൊണ്ട്?
13 ക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ചുളള പക്വമായ വീക്ഷണം (4:14–7:28). എബ്രായർക്കു കരുണ ലഭിക്കേണ്ടതിന്, ആകാശങ്ങളിലൂടെ കടന്നുപോയിരിക്കുന്ന വലിയ മഹാപുരോഹിതനായ യേശുവിനെ ഏററുപറയുന്നതിനോടു പററിനിൽക്കാൻ പൗലൊസ് അവരെ ശക്തമായി ഉപദേശിക്കുന്നു. ക്രിസ്തു തന്നേത്തന്നെ മഹത്ത്വീകരിച്ചില്ല. എന്നാൽ “നീ മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ” എന്നു പറഞ്ഞതു പിതാവായിരുന്നു. (എബ്രാ. 5:6; സങ്കീ. 110:4) ഒന്നാമതായി, തന്നെ അനുസരിക്കുന്ന എല്ലാവർക്കും നിത്യരക്ഷക്ക് ഉത്തരവാദിയായിത്തീരേണ്ടതിനു കഷ്ടപ്പാടിലൂടെ അനുസരണം പഠിച്ചുകൊണ്ടു ക്രിസ്തു മഹാപുരോഹിതസ്ഥാനത്തിനുവേണ്ടി പൂർണനാക്കപ്പെട്ടു. പൗലൊസിനു ‘തെളിയിച്ചുതരുവാൻ വിഷമമുളള കാര്യങ്ങൾ വളരെ പറവാനുണ്ടു’ എന്നാൽ യഥാർഥത്തിൽ എബ്രായർ ഉപദേഷ്ടാക്കളായിരിക്കേണ്ടപ്പോൾ, പിന്നെയും പാൽ ആവശ്യമുളള ശിശുക്കളാണ്. “കട്ടിയായുളള ആഹാരം നൻമതിൻമകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുളളവരായി പ്രായം തികഞ്ഞവർക്കേ പററുകയുളളു.” “പരിജ്ഞാനപൂർത്തി [“പക്വത,” NW] പ്രാപിപ്പാൻ ശ്രമിക്കു”ന്നതിന് അപ്പോസ്തലൻ അവരെ ശക്തമായി ഉപദേശിക്കുന്നു.—എബ്രാ. 5:11, 14; 6:2.
14. വിശ്വാസികൾക്ക് എങ്ങനെ വാഗ്ദത്തം പ്രാപിക്കാവുന്നതാണ്, അവരുടെ പ്രത്യാശ എങ്ങനെ സ്ഥാപിക്കപ്പെട്ടിരിക്കുന്നു?
14 ദൈവവചനം അറിഞ്ഞിട്ടു വീണുപോയവർ “ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു” അവരെ വീണ്ടും അനുതാപത്തിലേക്കു പുനരുജ്ജീവിപ്പിക്കുക അസാധ്യമാണ്. വിശ്വസ്തതയാലും ക്ഷമയാലും മാത്രമേ വിശ്വാസികൾക്ക് അബ്രഹാമിനോടു ചെയ്ത വാഗ്ദത്തത്തെ അവകാശമാക്കുവാൻ കഴികയുളളു. മാററമില്ലാത്ത രണ്ടു കാര്യങ്ങളാൽ—ദൈവത്തിന്റെ വചനത്താലും ആണയാലും—ഉറപ്പും സ്ഥിരതയുമുളളതാക്കപ്പെട്ട ഒരു വാഗ്ദത്തമാണത്. ‘നിശ്ചയവും സ്ഥിരവുമായ, ആത്മാവിന്റെ ഒരു നങ്കൂരമായ’ അവരുടെ പ്രത്യാശ, മൽക്കിസെദക്കിന്റെ ക്രമപ്രകാരമുളള ഒരു മഹാപുരോഹിതനും മുന്നോടിയുമായി യേശുവിന്റെ “തിരശ്ശീലെക്കകത്തേക്കു”ളള പ്രവേശനത്താൽ ഉറപ്പാക്കപ്പെട്ടിരിക്കുന്നു.—6:6, 19.
15. യേശുവിന്റെ പൗരോഹിത്യം മൽക്കിസെദക്കിന്റെ രീതിപ്രകാരമായതിനാൽ ലേവിയുടേതിനെക്കാൾ ശ്രേഷ്ഠമാണെന്ന് എന്തു പ്രകടമാക്കുന്നു?
15 ഈ മൽക്കിസെദക്ക് “ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനു”മായിരുന്നു. കുടുംബത്തലവനായ അബ്രഹാംപോലും അദ്ദേഹത്തിനു ദശാംശങ്ങൾ കൊടുത്തു, അപ്പോൾ അബ്രഹാമിന്റെ കടിപ്രദേശത്തുണ്ടായിരുന്ന ലേവിയും അബ്രഹാമിലൂടെ അങ്ങനെ ചെയ്തു. മൽക്കിസെദക്കിൽനിന്ന് അബ്രഹാമിനു കിട്ടിയ അനുഗ്രഹം അങ്ങനെ അജാതലേവിയിലേക്കും വ്യാപിച്ചു, ഇതു ലേവ്യപൗരോഹിത്യം മൽക്കിസെദക്കിന്റേതിനെക്കാൾ താണതാണെന്നു പ്രകടമാക്കി. കൂടാതെ, അഹരോന്യ ലേവ്യപൗരോഹിത്യത്താൽ പൂർണത കൈവന്നെങ്കിൽ “മെല്ക്കീസേദെക്കിന്റെ ക്രമപ്രകാരം” മറെറാരു പുരോഹിതന്റെ ആവശ്യമുണ്ടായിരിക്കുമോ? മാത്രവുമല്ല, പൗരോഹിത്യത്തിൽ ഒരു മാററമുണ്ടെങ്കിൽ, “ന്യായപ്രമാണത്തിന്നുംകൂടെ മാററം വരുവാൻ ആവശ്യം.”—7:1, 11, 12.
16. യേശുവിന്റെ പൗരോഹിത്യം ന്യായപ്രമാണത്തിൻകീഴുളള പൗരോഹിത്യത്തെക്കാൾ ശ്രേഷ്ഠമായിരിക്കുന്നത് എന്തുകൊണ്ട്?
16 യഥാർഥത്തിൽ ന്യായപ്രമാണം യാതൊന്നും പൂർണമാക്കിയില്ല, എന്നാൽ അതു ദുർബലവും നിഷ്ഫലവുമാണെന്നു തെളിഞ്ഞു. പുരോഹിതൻമാർ മരിച്ചുകൊണ്ടിരുന്നതിനാൽ അതിൻപ്രകാരം പുരോഹിതൻമാർ ആയിത്തീർന്നവർ അനേകരായിരുന്നു. എന്നാൽ യേശു “എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൗരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു. അതുകൊണ്ടു താൻമുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദംചെയ്വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” ഈ മഹാപുരോഹിതനായ യേശു “പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ” ആണ്, അതേസമയം ന്യായപ്രമാണത്താൽ നിയമിക്കപ്പെടുന്ന മഹാപുരോഹിതൻമാർ ദുർബലരാണ്, മററുളളവർക്കുവേണ്ടി മധ്യസ്ഥതവഹിക്കാൻ കഴിയുന്നതിനുമുമ്പ് ആദ്യം സ്വന്തം പാപങ്ങൾക്കായി യാഗങ്ങളർപ്പിക്കേണ്ടവരാണ്. അതുകൊണ്ട് ആണയോടുകൂടിയ ദൈവത്തിന്റെ വചനം “എന്നേക്കും തികെഞ്ഞവനായിത്തീർന്ന പുത്രനെ പുരോഹിതനാക്കുന്നു.”—7:24-26, 28.
17. പുതിയ ഉടമ്പടി ഏതിലാണു ശ്രേഷ്ഠമായിരിക്കുന്നത്?
17 പുതിയ ഉടമ്പടിയുടെ ശ്രേഷ്ഠത (8:1–10:31). യേശു “വിശേഷതയേറിയ വാഗ്ദത്തങ്ങളിൻമേൽ സ്ഥാപിക്കപ്പെട്ട നിയമത്തിന്റെ മദ്ധ്യസ്ഥനാ”യിരിക്കുന്നതായി കാണിക്കപ്പെടുന്നു. (8:6) പൗലൊസ് യിരെമ്യാവു 31:31-34 പൂർണമായി ഉദ്ധരിക്കുകയും പുതിയ ഉടമ്പടിയിൽ ഉൾപ്പെട്ടവർക്ക് അവരുടെ മനസ്സുകളിലും ഹൃദയങ്ങളിലും ദൈവത്തിന്റെ നിയമങ്ങൾ എഴുതപ്പെട്ടിട്ടുണ്ടെന്നും എല്ലാവരും യഹോവയെ അറിയുമെന്നും യഹോവ “അവരുടെ പാപങ്ങളെ ഇനി ഓർക്കയുമില്ല” എന്നും പ്രകടമാക്കുകയും ചെയ്യുന്നു. ഈ “പുതിയ ഉടമ്പടി” മുൻ ഉടമ്പടിയെ (ന്യായപ്രമാണ ഉടമ്പടിയെ) പഴയതാക്കിയിരിക്കുന്നു, അത് “നീങ്ങിപ്പോകുവാൻ അടുത്തിരിക്കുന്നു.”—എബ്രാ. 8:12, 13.
18. രണ്ട് ഉടമ്പടികളോടുളള ബന്ധത്തിലെ യാഗങ്ങളുടെ കാര്യത്തിൽ പൗലൊസ് ഏതു താരതമ്യം നടത്തുന്നു?
18 പൗലൊസ് മുൻ ഉടമ്പടിയുടെ കൂടാരത്തിങ്കലെ വാർഷികയാഗങ്ങളെ “ഗുണീകരണകാലത്തോളം ചുമത്തിയിരുന്ന ജഡികനിയമങ്ങ”ളായി വർണിക്കുന്നു. എന്നിരുന്നാലും, ക്രിസ്തു മഹാപുരോഹിതനായി വന്നപ്പോൾ അതു കോലാടുകളുടെയോ കാളക്കുട്ടികളുടെയോ രക്തവുമായിട്ടല്ല, പിന്നെയോ വിലയേറിയ സ്വന്തം രക്തവുമായിട്ടായിരുന്നു. മോശയുടെ മൃഗരക്ത തളിക്കലാണു മുൻ ഉടമ്പടിയെ സാധുവാക്കിയതും മാതൃകയിലെ കൂടാരത്തെ ശുദ്ധീകരിച്ചതും. എന്നാൽ പുതിയ ഉടമ്പടിയോടുളള ബന്ധത്തിൽ സ്വർഗീയയാഥാർഥ്യങ്ങൾക്കു മെച്ചപ്പെട്ട യാഗങ്ങൾ ആവശ്യമായിരുന്നു. എന്തുകൊണ്ടെന്നാൽ, “ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.” ഇസ്രായേലിലെ മഹാപുരോഹിതനെപ്പോലെ ക്രിസ്തു വാർഷികയാഗങ്ങൾ അർപ്പിക്കേണ്ടതില്ല, എന്തെന്നാൽ “അവൻ ലോകാവസാനത്തിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി.”—9:10, 24, 26.
19. (എ) ന്യായപ്രമാണം എന്തു ചെയ്യാൻ അപ്രാപ്തമായിരിക്കുന്നു, എന്തുകൊണ്ട്? (ബി) വിശുദ്ധീകരണത്തോടുളള ബന്ധത്തിൽ ദൈവത്തിന്റെ ഇഷ്ടം എന്താണ്?
19 ചുരുക്കത്തിൽ, ‘ന്യായപ്രമാണം വരുവാനുളള നൻമകളുടെ നിഴൽ’ ആയതുകൊണ്ട് അതിന്റെ ആവർത്തിച്ചുളള യാഗങ്ങൾക്കു “പാപങ്ങളെക്കുറിച്ചുളള മനോബോധം” നീക്കാൻ കഴിഞ്ഞിട്ടില്ല എന്നു പൗലൊസ് പറയുന്നു. എന്നിരുന്നാലും, ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിനാണു യേശു ലോകത്തിലേക്കു വന്നത്. “ആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു” എന്നു പൗലൊസ് പറയുന്നു. അതുകൊണ്ട്, എബ്രായർ ചാഞ്ചല്യം കൂടാതെ തങ്ങളുടെ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനത്തെ മുറുകെപ്പിടിക്കുകയും ഒരുമിച്ചുളള കൂടിവരവു മുടക്കാതെ “സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക”യും ചെയ്യട്ടെ. സത്യത്തിന്റെ സൂക്ഷ്മപരിജ്ഞാനം ലഭിച്ചശേഷം അവർ മനഃപൂർവം പാപംചെയ്യുന്നതിൽ തുടരുന്നുവെങ്കിൽ ‘പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കുന്നില്ല.’—10:1, 2, 10, 24, 26.
20. (എ) വിശ്വാസം എന്താണ്? (ബി) വിശ്വാസത്തിന്റെ ഏതു തിളക്കമാർന്ന പദചിത്രങ്ങൾ പൗലൊസ് വരച്ചുകാട്ടുന്നു?
20 വിശ്വാസത്തെ വിശദീകരിക്കുകയും ഉദാഹരിക്കുകയും ചെയ്യുന്നു (10:32—12:3). പൗലൊസ് ഇപ്പോൾ എബ്രായരോടു പറയുന്നു: “നിങ്ങൾ പ്രകാശനം ലഭിച്ചശേഷം . . . കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവ്വകാലം ഓർത്തുകൊൾവിൻ.” അവർ വലിയ പ്രതിഫലമുളള സംസാരസ്വാതന്ത്ര്യം തളളിക്കളയാതിരിക്കട്ടെ. എന്നാൽ വാഗ്ദത്ത നിവൃത്തി പ്രാപിക്കാൻ അവർ സഹിച്ചുനിൽക്കുകയും ‘ജീവരക്ഷ പ്രാപിക്കാനുളള വിശ്വാസം’ പുലർത്തുകയും ചെയ്യട്ടെ. വിശ്വാസം! അതേ, അതാണാവശ്യം. ആദ്യമായി, പൗലൊസ് അതിനെ നിർവചിക്കുന്നു: “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” അനന്തരം ഒരു പ്രചോദനാത്മകമായ അധ്യായത്തിൽ, അവൻ വിശ്വാസത്തിലൂടെ ജീവിക്കുകയും പ്രവർത്തിക്കുകയും പൊരുതുകയും സഹിച്ചുനിൽക്കുകയും നീതിക്ക് അവകാശികളായിത്തീരുകയും ചെയ്ത പുരാതനകാലത്തെ മനുഷ്യരുടെ ഹ്രസ്വ പദചിത്രങ്ങൾ ഒന്നിനു പുറകേ ഒന്നായി വരച്ചുകാട്ടുന്നു. ഇസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ വസിച്ചുകൊണ്ട് അബ്രഹാം “വിശ്വാസത്താൽ” ദൈവം ശില്പിയായിരിക്കുന്ന യഥാർഥ ‘അടിസ്ഥാനങ്ങളുളള നഗരത്തിനായി’ കാത്തിരുന്നു. “വിശ്വാസത്താൽ” മോശ “അദൃശ്യദൈവത്തെ കണ്ടതുപോലെ” ഉറച്ചുനിന്നു തുടർന്നു. “ഇനി എന്തു പറയേണ്ടു?” എന്നു പൗലൊസ് ചോദിക്കുന്നു. “ഗിദ്യോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ് എന്നവരെയും ശമൂവേൽ മുതലായ പ്രവാചകൻമാരെയും കുറിച്ചു വിവരിപ്പാൻ സമയം പോരാ. വിശ്വാസത്താൽ അവർ രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു.” മററുളളവരും പരിഹാസങ്ങൾ, ചമ്മട്ടിപ്രഹരങ്ങൾ, ബന്ധനങ്ങൾ, ദണ്ഡനങ്ങൾ എന്നിവയിലൂടെ പരിശോധിക്കപ്പെട്ടെങ്കിലും “ഏററവും നല്ലൊരു ഉയിർത്തെഴുന്നേൽപ്പു ലഭിക്കേണ്ടതിന്നു” വിടുതൽ നിരസിച്ചു. സത്യമായി, “ലോകം അവർക്കു യോഗ്യമായിരുന്നില്ല.” അവർക്കെല്ലാം അവരുടെ വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചു, എന്നിരുന്നാലും അവർ ഇനിയും വാഗ്ദത്തനിവൃത്തി പ്രാപിക്കേണ്ടിയിരിക്കുന്നു. “ആകയാൽ,” പൗലൊസ് തുടരുന്നു, “നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുററും നിൽക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പററുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക.”—10:32, 39; 11:1, 8, 10, 27, 32, 33, 35, 38; 12:1, 2.
21. (എ) വിശ്വാസത്തിന്റെ പോരാട്ടത്തിൽ ക്രിസ്ത്യാനികൾക്ക് എങ്ങനെ സഹിച്ചുനിൽക്കാം? (ബി) ദിവ്യമുന്നറിയിപ്പു ശ്രദ്ധിക്കുന്നതിനു പൗലൊസ് ഏതു ശക്തിയേറിയ കാരണങ്ങൾ നൽകുന്നു?
21 വിശ്വാസത്തിന്റെ പോരാട്ടത്തിൽ സഹിഷ്ണുത (12:4-29). വിശ്വാസത്തിന്റെ പോരാട്ടത്തിൽ സഹിച്ചുനിൽക്കാൻ പൗലൊസ് എബ്രായ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നു, എന്തുകൊണ്ടെന്നാൽ പുത്രൻമാരെന്ന നിലയിൽ യഹോവ അവർക്കു ശിക്ഷണം കൊടുക്കുകയാണ്. ദുർബലമായ കൈകളെയും മുഴങ്കാലുകളെയും ശക്തീകരിക്കുന്നതിനും തങ്ങളുടെ പാദങ്ങൾക്കു പാത നിരപ്പാക്കിക്കൊണ്ടിരിക്കുന്നതിനുമുളള സമയമാണിത്. പവിത്ര കാര്യങ്ങളെ വിലമതിക്കാഞ്ഞ ഏശാവിന്റെ കാര്യത്തിലെന്നപോലെ, അവർ തങ്ങളുടെ പരിത്യജനത്തിനിടയാക്കാവുന്ന ഏതെങ്കിലും വിഷവേരോ മാലിന്യമോ പ്രവേശിക്കുന്നതിനെതിരെ ജാഗ്രത പുലർത്തണം. അക്ഷരീയ പർവതത്തിങ്കൽ ജ്വലിക്കുന്ന തീയുടെയും മേഘത്തിന്റെയും ഭയങ്കരപ്രദർശനവും ശബ്ദവും നിമിത്തം, ‘ഞാൻ പേടിച്ചു വിറെക്കുന്നു’ എന്നു മോശ പറഞ്ഞു. എന്നാൽ അവർ വളരെയേറെ ഭയജനകമായതിനെ—സീയോൻമലയെയും ഒരു സ്വർഗീയ യെരുശലേമിനെയും ആയിരമായിരം ദൂതൻമാരെയും ആദ്യജാതൻമാരുടെ സഭയെയും എല്ലാവരുടെയും ന്യായാധിപതിയെയും പുതിയതും മെച്ചവുമായ ഉടമ്പടിയുടെ മധ്യസ്ഥനായ യേശുവിനെയും—ആണു സമീപിച്ചിരിക്കുന്നത്. ഇപ്പോൾ ദിവ്യമുന്നറിയിപ്പു ശ്രദ്ധിക്കുന്നതിനു പൂർവാധികം കാരണമുണ്ട്! മോശയുടെ കാലത്തു ദൈവത്തിന്റെ ശബ്ദം ഭൂമിയെ കുലുക്കി, എന്നാൽ ഇപ്പോൾ അവൻ ആകാശത്തെയും ഭൂമിയെയും ഇളക്കുമെന്നു വാഗ്ദത്തംചെയ്തിരിക്കുന്നു. “ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം . . . ദൈവത്തിന്നു പ്രസാദം വരുമാറു ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക. നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ” എന്ന ആശയം പൗലൊസ് ധരിപ്പിക്കുന്നു.—12:21, 28, 29.
22. എബ്രായർക്കുളള തന്റെ ലേഖനം പൗലൊസ് ഏതു പരിപുഷ്ടിപ്പെടുത്തുന്ന ബുദ്ധ്യുപദേശത്തോടെ ഉപസംഹരിക്കുന്നു?
22 ആരാധനാകാര്യങ്ങൾ സംബന്ധിച്ച വിവിധ ഉദ്ബോധനങ്ങൾ (13:1-25). പരിപുഷ്ടിപ്പെടുത്തുന്ന ബുദ്ധ്യുപദേശത്തിന്റെ സ്വരത്തിൽ പൗലൊസ് ഉപസംഹരിക്കുന്നു: സഹോദരസ്നേഹം തുടരട്ടെ, അതിഥിപ്രിയം മറക്കരുത്, വിവാഹം എല്ലാവരുടെയും ഇടയിൽ മാന്യമായിരിക്കട്ടെ, പണസ്നേഹത്തിൽനിന്നു വിട്ടുമാറുക, നിങ്ങളുടെ ഇടയിൽ നേതൃത്വംവഹിക്കുന്നവരെ അനുസരിക്കുക, അന്യ ഉപദേശങ്ങളാൽ വലിച്ചുകൊണ്ടുപോകപ്പെടരുത്. ഒടുവിൽ, “അവൻ [യേശു] മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏററുപറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.”—13:15.
എന്തുകൊണ്ടു പ്രയോജനപ്രദം
23. ന്യായപ്രമാണംസംബന്ധിച്ചു പൗലൊസ് എന്തു വാദിക്കുന്നു, അവൻ തന്റെ വാദത്തെ എങ്ങനെ പിന്താങ്ങുന്നു?
23 ക്രിസ്തുവിനെ പിന്താങ്ങുന്ന ഒരു നിയമപരമായ വാദമെന്ന നിലയിൽ, എബ്രായർക്കുളള ലേഖനം പൂർണതയോടെ നിർമിക്കപ്പെട്ടതും എബ്രായ തിരുവെഴുത്തുകളിൽനിന്നുളള തെളിവിനാൽ ധാരാളമായി പ്രമാണീകരിപ്പെട്ടതുമായി വെല്ലുവിളിക്കാനാവാത്ത ഒരു വിദഗ്ധസൃഷ്ടിയാണ്. അതു മോശൈക ന്യായപ്രമാണത്തിന്റെ വിവിധവശങ്ങളെ—ഉടമ്പടി, രക്തം, മധ്യസ്ഥൻ, ആരാധനക്കുളള കൂടാരം, പൗരോഹിത്യം, യാഗങ്ങൾ എന്നിവ—ചർച്ചക്കെടുക്കുകയും ന്യായപ്രമാണത്തിന്റെ നിവൃത്തിയായ യേശുക്രിസ്തുവിലും അവന്റെ യാഗത്തിലും പാരമ്യത്തിലെത്തുന്ന വരാനുളള വലിപ്പമേറിയ കാര്യങ്ങളിലേക്കു വിരൽചൂണ്ടുന്നതായി ദൈവം ഉളവാക്കിയ ഒരു മാതൃകയല്ലാതെ മറെറാന്നുമല്ല അവയെന്നു പ്രകടമാക്കുകയും ചെയ്യുന്നു. “പഴയതാകുന്നതും ജീർണിക്കുന്നതു”മായ ന്യായപ്രമാണം “നീങ്ങിപ്പോകുവാൻ അടുത്തിരിക്കുന്നു” എന്നു പൗലൊസ് പറഞ്ഞു. എന്നാൽ “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.” (8:13; 13:8; 10:1) തങ്ങൾക്കുളള ലേഖനം വായിച്ചപ്പോൾ ആ എബ്രായർക്ക് എത്ര സന്തോഷം അനുഭവപ്പെട്ടിരിക്കണം!
24. നമുക്കിന്ന് അളവററ പ്രയോജനമുളള ഏതു ക്രമീകരണം എബ്രായരിൽ വിശദീകരിക്കപ്പെടുന്നു?
24 എന്നാൽ ഇന്നു നമ്മുടെ വ്യത്യസ്ത സാഹചര്യങ്ങളിൽ നമുക്ക് ഇതിന് എന്തു മൂല്യമാണുളളത്? നാം ന്യായപ്രമാണത്തിൻ കീഴിലല്ലാത്തതിനാൽ നമുക്കു പൗലൊസിന്റെ വാദത്തിൽ പ്രയോജനകരമായ എന്തെങ്കിലും കണ്ടെത്താൻ കഴിയുമോ? കഴിയുമെന്നുളളത് ഏററവും തീർച്ചയാണ്. അബ്രഹാമിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകല കുടുംബങ്ങളും തങ്ങളേത്തന്നെ അനുഗ്രഹിക്കുമെന്ന് അവനോടു ചെയ്ത വാഗ്ദത്തത്തിലധിഷ്ഠിതമായ പുതിയ വലിയ ഉടമ്പടിക്രമീകരണം നമുക്കുവേണ്ടി വിവരിക്കപ്പെട്ടിരിക്കുന്നു. ജീവനുവേണ്ടിയുളള നമ്മുടെ പ്രത്യാശ, നമ്മുടെ ഏക പ്രത്യാശ, ഇതാണ്, അബ്രഹാമിന്റെ സന്തതിയായ യേശുക്രിസ്തുവിലൂടെയുളള യഹോവയുടെ അനുഗ്രഹത്തിന്റെ പുരാതന വാഗ്ദത്തത്തിന്റെ നിവൃത്തിതന്നെ. ന്യായപ്രമാണത്തിൻ കീഴിലല്ലെങ്കിലും നാം ആദാമിന്റെ സന്തതികളെന്ന നിലയിൽ പാപത്തിലാണു ജനിച്ചിരിക്കുന്നത്. നമുക്കു കരുണയുളള ഒരു മഹാപുരോഹിതൻ ആവശ്യമാണ്, മൂല്യമുളള പാപയാഗമുളളവനും സ്വർഗത്തിൽ യഹോവയുടെ സാന്നിധ്യത്തിലേക്കുതന്നെ പ്രവേശിച്ച് അവിടെ നമുക്കുവേണ്ടി പക്ഷവാദം ചെയ്യാൻ കഴിയുന്നവനുമായ ഒരു മഹാപുരോഹിതൻതന്നെ. യഹോവയുടെ പുതിയ ലോകത്തിലെ ജീവനിലേക്കു നമ്മെ നയിക്കാൻ കഴിയുന്ന, നമ്മുടെ ദൗർബല്യങ്ങളിൽ നമ്മോടു സഹതപിക്കാൻ കഴിയുന്ന, “സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ട,” “കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുളള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു” ചെല്ലാൻ നമ്മെ ക്ഷണിക്കുന്ന, മഹാപുരോഹിതനായി അവനെ നാം ഇവിടെ കണ്ടെത്തുന്നു.—4:15, 16.
25. പൗലൊസ് എബ്രായ തിരുവെഴുത്തുകളുടെ ഏതു പ്രകാശദായകമായ ബാധകമാക്കലുകൾ നടത്തുന്നു?
25 കൂടാതെ, എബ്രായർക്കുളള പൗലൊസിന്റെ ലേഖനത്തിൽ, എബ്രായ തിരുവെഴുത്തുകളിൽ ദീർഘനാൾമുമ്പു രേഖപ്പെടുത്തിയ പ്രവചനങ്ങൾ പിൽക്കാലത്ത് അത്യത്ഭുതകരമായ വിധത്തിൽ നിവൃത്തിയേറിയതായുളള ഹൃദയോദ്ദീപകമായ തെളിവു നാം കണ്ടെത്തുന്നു. ഇതെല്ലാം ഇന്നു നമ്മുടെ പ്രബോധനത്തിനും ആശ്വാസത്തിനും വേണ്ടിയാണ്. ദൃഷ്ടാന്തത്തിന്, രാജ്യസന്തതിയെന്ന നിലയിൽ “തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം” കാത്തിരിക്കുന്നതിനു ‘ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരുന്ന’ യേശുക്രിസ്തുവിനു സങ്കീർത്തനം 110:1-ലെ രാജ്യപ്രവചനത്തിന്റെ വാക്കുകൾ പൗലൊസ് എബ്രായരിൽ അഞ്ചു പ്രാവശ്യം ബാധകമാക്കുന്നു. (എബ്രാ. 12:2; 10:12, 13; 1:3, 13; 8:1) കൂടാതെ, “മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ” എന്ന നിലയിൽ ദൈവപുത്രൻ വഹിക്കുന്ന പ്രധാനപ്പെട്ട സ്ഥാനത്തെ വിശദീകരിക്കുമ്പോൾ പൗലൊസ് സങ്കീർത്തനം 110:4 ഉദ്ധരിക്കുന്നു. ബൈബിൾരേഖയിൽ ‘പിതാവില്ലാത്ത, മാതാവില്ലാത്ത, വംശാവലിയില്ലാത്ത, ജീവാരംഭവും ജീവാവസാനവുമില്ലാത്ത’ പുരാതനകാലത്തെ മൽക്കിസെദക്കിനെപ്പോലെ, യേശു രാജാവും തന്റെ ഭരണത്തിൻകീഴിൽ അനുസരണപൂർവം തങ്ങളേത്തന്നെ ആക്കിവെക്കുന്ന എല്ലാവർക്കും തന്റെ മറുവിലയാഗത്തിന്റെ നിത്യപ്രയോജനങ്ങൾ കൊടുക്കുന്നതിന് ‘എന്നേക്കുമുളള ഒരു പുരോഹിതനും’ ആണ്. (എബ്രാ. 5:6, 10; 6:20; 7:1-21) “ദൈവം എന്നും എന്നേക്കും നിന്റെ സിംഹാസനമാകുന്നു, നിന്റെ രാജ്യത്തിന്റെ ചെങ്കോൽ നീതിയുടെ ചെങ്കോൽ ആകുന്നു. നീ നീതിയെ സ്നേഹിച്ചു, നീ അധർമത്തെ ദ്വേഷിച്ചു. അതുകൊണ്ടാണു ദൈവം, നിന്റെ ദൈവംതന്നെ, നിന്റെ പങ്കാളികളെക്കാളധികമായി നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകംചെയ്തത്” എന്ന സങ്കീർത്തനം 45:6, 7 ഉദ്ധരിക്കുമ്പോൾ ഇതേ രാജ-പുരോഹിതനെയാണു പൗലൊസ് പരാമർശിക്കുന്നത്. (എബ്രാ. 1:8, 9, NW) പൗലൊസ് എബ്രായ തിരുവെഴുത്തുകളിൽനിന്ന് ഉദ്ധരിക്കുകയും ക്രിസ്തുയേശുവിലുളള അവയുടെ നിവൃത്തി കാണിക്കുകയും ചെയ്യുമ്പോൾ നമ്മുടെ പ്രകാശനത്തിനുവേണ്ടി ദിവ്യമാതൃകയുടെ ശകലങ്ങൾ യഥാസ്ഥാനങ്ങളിൽ ഇണങ്ങിച്ചേരുന്നത് നാം കാണുന്നു.
26. വിശ്വാസത്തിൽ സഹിഷ്ണുതയോടെ ഓട്ടം ഓടുന്നതിന് എബ്രായർ ഏതു പ്രോത്സാഹനം നൽകുന്നു?
26 എബ്രായർക്കുളള ലേഖനം വ്യക്തമായി പ്രകടമാക്കുന്നതുപോലെ, അബ്രഹാം “ദൈവം ശിൽപ്പിയും നിർമാതാവുമായ, യഥാർഥ അടിസ്ഥാനങ്ങളുളള നഗരം,” “സ്വർഗത്തിന്റേതായ” നഗരം ആയ, രാജ്യത്തിനായി നോക്കിപ്പാർത്തിരുന്നു. “വിശ്വാസത്താൽ” അവൻ രാജ്യത്തിനുവേണ്ടി എത്തിപ്പിടിച്ചു, “ഏറെ നല്ല ഒരു പുനരുത്ഥാന”ത്താൽ അതിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ അവൻ വലിയ ത്യാഗങ്ങൾ സഹിച്ചു. അബ്രഹാമിലും, വിശ്വാസമുണ്ടായിരുന്ന മറെറല്ലാ സ്ത്രീപുരുഷൻമാരിലും—എബ്രായർ 11-ാം അധ്യായത്തിൽ പൗലൊസ് വരച്ചുകാട്ടുന്ന “സാക്ഷികളുടെ ഇത്ര വലിയ ഒരു മേഘ”ത്തിൽ—എത്ര ശ്രദ്ധേയമായ ദൃഷ്ടാന്തമാണു നാം കാണുന്നത്! നാം ഈ രേഖ വായിക്കുമ്പോൾ, അങ്ങനെയുളള വിശ്വസ്തരായ നിർമലതാപാലകരോടൊപ്പം നമുക്കുളള പദവിയിലും പ്രത്യാശയിലുമുളള വിലമതിപ്പിൽ നമ്മുടെ ഹൃദയം ആഹ്ലാദിക്കുകയും സന്തോഷത്താൽ തുളളിച്ചാടുകയും ചെയ്യുന്നു. അങ്ങനെ നാം “നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടാൻ” പ്രോത്സാഹിപ്പിക്കപ്പെടുന്നു.—11:8, 10, 16, 35; 12:1, NW.
27. എബ്രായരിൽ ഏതു മഹത്തായ രാജ്യപ്രതീക്ഷകൾ പ്രദീപ്തമാക്കപ്പെടുന്നു?
27 ഹഗ്ഗായിയുടെ പ്രവചനത്തിൽനിന്ന് ഉദ്ധരിച്ചുകൊണ്ടു പൗലൊസ് ദൈവത്തിന്റെ വാഗ്ദത്തത്തിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു: “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും.” (എബ്രാ. 12:26; ഹഗ്ഗാ. 2:6) എന്നിരുന്നാലും, സന്തതിയായ ക്രിസ്തുയേശുമൂലമുളള ദൈവരാജ്യം എന്നേക്കും നിലനിൽക്കും. “ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുളളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുംകൂടെ സേവചെയ്ക.” ഈ ഉത്തേജകമായ രേഖ, രണ്ടാം പ്രാവശ്യം ക്രിസ്തു ‘തനിക്കായി കാത്തുനിൽക്കുന്നവരുടെ രക്ഷെക്കായി പാപംകൂടാതെ പ്രത്യക്ഷമാകുന്നു’ എന്നു നമുക്ക് ഉറപ്പുനൽകുന്നു. അപ്പോൾ അവൻമുഖാന്തരം “നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏററുപറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.” യഹോവയാം ദൈവത്തിന്റെ വലിയ നാമം അവന്റെ രാജ-പുരോഹിതനായ യേശുക്രിസ്തുവിലൂടെ എന്നേക്കും വിശുദ്ധീകരിക്കപ്പെടട്ടെ!—എബ്രാ. 12:28; 9:28; 13:15.
[അടിക്കുറിപ്പുകൾ]
a ബൈബിളിന്റെ കഥ (ഇംഗ്ലീഷ്) 1964, പേജ് 91.
b 1981-ലെ പുനർമുദ്രണം, വാല്യം IV, പേജ് 147.