അധ്യായം 29
പുതിയ ജയോത്സവ ഗീതം ആലപിക്കുന്നു
ദർശനം 9—വെളിപ്പാടു 14:1-20
വിഷയം: കുഞ്ഞാടിനോടുകൂടെ 1,44,000 സീയോൻമലയിൽ നിൽക്കുന്നു; ദൂതപ്രഖ്യാപനങ്ങൾ ഭൂമിയിലുടനീളം മുഴങ്ങുന്നു; വിളവ് കൊയ്യുന്നു
നിവൃത്തിയുടെ കാലം: 1914 മുതൽ മഹോപദ്രവം വരെ
1. വെളിപ്പാടു 7, 12, 13 അധ്യായങ്ങളെക്കുറിച്ച് നാം എന്തു പഠിച്ചുകഴിഞ്ഞു, നാം ഇപ്പോൾ എന്തു മനസ്സിലാക്കും?
യോഹന്നാന്റെ അടുത്ത ദർശനത്തിലേക്കു തിരിയുന്നത് എത്ര നവോൻമേഷപ്രദമാണ്! സർപ്പത്തിന്റെ വിചിത്രമായ മൃഗസമാന സ്ഥാപനങ്ങൾക്കു വിരുദ്ധമായി നാം ഇപ്പോൾ യഹോവയുടെ വിശ്വസ്തദാസൻമാരെയും കർത്താവിന്റെ ദിവസത്തിലെ അവരുടെ പ്രവർത്തനങ്ങളെയും കാണുന്നു. (വെളിപ്പാടു 1:10) ഈ 1,44,000 അഭിഷിക്ത അടിമകളെ എല്ലാവരെയും മുദ്രയിട്ടുകഴിയുന്നതുവരെ നാശത്തിന്റെ നാലു കാററുകൾ പിടിച്ചുനിർത്തപ്പെടുന്നതായി വെളിപ്പാടു 7:1, 3 ഇതിനകം നമുക്കു വെളിപ്പെടുത്തി തന്നിട്ടുണ്ട്. “[സ്ത്രീയുടെ] സന്തതിയിൽ ശേഷിപ്പുളള” ഇവർ ഇക്കാലത്തു സാത്താനാകുന്ന സർപ്പത്തിന്റെ പ്രത്യേകലക്ഷ്യം ആയിത്തീരുന്നതായി വെളിപ്പാടു 12:17 അറിയിച്ചിരിക്കുന്നു. യഹോവയുടെ വിശ്വസ്ത ദാസൻമാർക്കു കഠിനസമ്മർദവും ക്രൂരപീഡനവും കൈവരുത്തുന്നതിനു സാത്താൻ ഭൂമിയിൽ പണിതുയർത്തിയ രാഷ്ട്രീയസ്ഥാപനങ്ങളെ വെളിപ്പാടു 13-ാം അധ്യായം വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. എന്നാൽ ആ പ്രധാനശത്രുവിനു ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ തകിടം മറിക്കാൻ കഴിയില്ല! സാത്താന്റെ ദ്രോഹപ്രവർത്തനം ഉണ്ടായിരുന്നിട്ടും 1,44,000 മുഴുവനും വിജയകരമായി കൂട്ടിച്ചേർക്കപ്പെടുന്നതായി നാം ഇപ്പോൾ മനസ്സിലാക്കും.
2. വെളിപ്പാടു 14:1-ൽ ഏതു സന്തോഷകരമായ പര്യവസാനത്തിന്റെ പൂർവവീക്ഷണം യോഹന്നാൻ നമുക്കു നൽകുന്നു, കുഞ്ഞാട് ആരാണ്?
2 സന്തോഷകരമായ ആ പര്യവസാനത്തിന്റെ ഒരു പൂർവവീക്ഷണം യോഹന്നാനും അവനോടൊപ്പം ഇന്ന് യോഹന്നാൻവർഗത്തിനും നൽകപ്പെടുന്നു: “പിന്നെ ഞാൻ സീയോൻമലയിൽ കുഞ്ഞാടും അവനോടുകൂടെ നെററിയിൽ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂററിനാല്പത്തിനാലായിരം പേരും നിൽക്കുന്നതു കണ്ടു.” (വെളിപ്പാടു 14:1) നാം കണ്ടുകഴിഞ്ഞതുപോലെ ഈ കുഞ്ഞാടു പിശാചിനെയും അവന്റെ ഭൂതങ്ങളെയും ബഹിഷ്കരിച്ചുകൊണ്ടു സ്വർഗത്തെ ശുദ്ധീകരിച്ച മീഖായേൽ തന്നെയാണ്. യഹോവയുടെ നീതിയുളള ന്യായവിധികൾ നടപ്പാക്കുന്നതിനു ‘നിൽക്കാൻ’ ഒരുങ്ങുമ്പോൾ “[ദൈവ] ജനത്തിന്റെ പുത്രൻമാർക്കുവേണ്ടി എഴുന്നേൽക്കു”ന്നതായി ദാനിയേൽ വർണിക്കുന്ന മീഖായേൽ ആണവൻ. (ദാനിയേൽ 12:1 NW; വെളിപ്പാടു 12:7, 9) ആത്മത്യാഗിയായ ഈ ദൈവത്തിന്റെ കുഞ്ഞാട് 1914 മുതൽ മിശിഹൈക രാജാവെന്ന നിലയിൽ സീയോൻമലയിൽ നിൽക്കുകയാണ്.
3. കുഞ്ഞാടും 1,44,000-വും “നിൽക്കുന്ന” “സീയോൻമല” എന്താണ്?
3 അത് യഹോവ മുൻകൂട്ടി പറഞ്ഞതുപോലെതന്നെയാണ്: “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” (സങ്കീർത്തനം 2:6; 110:2) ഇതു മേലാൽ ഭൗമിക സീയോൻമലയെ, ദാവീദിന്റെ വംശത്തിലെ മാനുഷരാജാക്കൻമാർ ഭരണം നടത്തിയിരുന്ന നഗരമായ ഭൗമിക യെരുശലേമിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തെ പരാമർശിക്കുന്നില്ല. (1 ദിനവൃത്താന്തം 11:4-7; 2 ദിനവൃത്താന്തം 5:2) ഇല്ല, എന്തെന്നാൽ യേശു പൊ.യു. 33-ലെ തന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം, സ്വർഗീയ സീയോൻമലയിൽ, ‘ജീവനുളള ദൈവത്തിന്റെ നഗരമായ സ്വർഗ്ഗീയയെരൂശലേം’ സ്ഥാപിക്കാൻ യഹോവ നിശ്ചയിച്ച സ്വർഗീയസ്ഥാനത്ത് ഒരു അടിസ്ഥാന മൂലക്കല്ലെന്നനിലയിൽ സ്ഥാപിക്കപ്പെട്ടു. അതുകൊണ്ട് “സീയോൻമല” ഇവിടെ രാജ്യമായ സ്വർഗീയയെരുശലേം ആയിത്തീരുന്ന യേശുവിന്റെയും അവന്റെ കൂട്ടവകാശികളുടെയും ഉയർത്തപ്പെട്ട സ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്നു. (എബ്രായർ 12:22, 28; എഫെസ്യർ 3:6) അതു കർത്താവിന്റെ ദിവസത്തിൽ യഹോവ അവരെ ഉയർത്തുന്ന മഹത്ത്വമേറിയ രാജകീയ സ്ഥിതിവിശേഷമാണ്. കഴിഞ്ഞ നൂററാണ്ടുകളിൽ അഭിഷിക്ത ക്രിസ്ത്യാനികൾ ജീവനുളള കല്ലുകളെന്നനിലയിൽ ആ സ്വർഗീയ സീയോൻമലയിൽ മഹത്ത്വീകരിക്കപ്പെട്ട കർത്താവായ യേശുക്രിസ്തുവിനോടുകൂടെ അവന്റെ ഉജ്ജ്വലരാജ്യത്തിൽ നിൽക്കാൻ ആത്മാർഥമായി നോക്കിപ്പാർത്തിരുന്നിട്ടുണ്ട്.—1 പത്രൊസ് 2:4-6; ലൂക്കൊസ് 22:28-30; യോഹന്നാൻ 14:2, 3.
4. സീയോൻമലയിൽ 1,44,000 മുഴുവനും നിൽക്കുന്നതെങ്ങനെ?
4 യേശു മാത്രമല്ല പിന്നെയോ സ്വർഗീയരാജ്യത്തിലെ 1,44,000 കൂട്ടവകാശികളുടെ മുഴുസംഘവും സീയോൻമലയിൽ നിൽക്കുന്നതായി യോഹന്നാൻ കാണുന്നു. ദർശനത്താൽ പ്രതിനിധാനം ചെയ്യപ്പെട്ട സമയത്ത് 1,44,000-ത്തിൽ എല്ലാവരുമല്ലെങ്കിലും അനേകരും അപ്പോൾ സ്വർഗത്തിൽ ആണ്. പിന്നീട് അതേ ദർശനത്തിൽ വിശുദ്ധൻമാരിൽ ചിലർ സഹിച്ചുനിന്നു വിശ്വസ്തതയിൽ മരിക്കേണ്ടതുണ്ടെന്ന് യോഹന്നാൻ മനസ്സിലാക്കുന്നു. (വെളിപ്പാടു 14:12, 13) തെളിവനുസരിച്ച്, 1,44,000-ത്തിൽ ചിലർ ഇപ്പോഴും ഭൂമിയിൽ ഉണ്ട്. അപ്പോൾ അവരെല്ലാവരും യേശുവിനോടൊന്നിച്ചു സീയോൻമലയിൽ നിൽക്കുന്നതായി യോഹന്നാൻ കാണുന്നതെങ്ങനെ?a അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയിലെ അംഗങ്ങൾ എന്നനിലയിൽ ഇവർ ഇപ്പോൾ “സീയോൻപർവ്വതത്തിന്നും ജീവനുളള ദൈവത്തിന്റെ നഗരമായ സ്വർഗ്ഗീയ യെരൂശലേമിന്നും” ‘അടുക്കൽ വന്നിരിക്കു’ന്നതിനാൽത്തന്നെ. (എബ്രായർ 12:22) പൗലോസ് ഭൂമിയിലായിരുന്നപ്പോഴെന്നപോലെ, അവർ അപ്പോൾതന്നെ ഒരു ആത്മീയ അർഥത്തിൽ സ്വർഗീയസ്ഥാനങ്ങളിലേക്ക് യേശുക്രിസ്തുവിനോടു കൂടെ ഉയർത്തപ്പെട്ടിരുന്നു. (എഫെസ്യർ 2:5, 6) കൂടാതെ, 1919-ൽ “ഇവിടെ കയറിവരുവിൻ” എന്ന ക്ഷണത്തോട് അവർ പ്രതികരിക്കുകയും ഒരു ആലങ്കാരികവിധത്തിൽ “മേഘത്തിൽ സ്വർഗ്ഗത്തിലേക്കു കയറു”കയും ചെയ്തു. (വെളിപ്പാടു 11:12) ഈ തിരുവെഴുത്തുകളുടെ വീക്ഷണത്തിൽ 1,44,000 മുഴുവനും—ആത്മീയമായി പറയുമ്പോൾ—യേശുക്രിസ്തുവിനോടുകൂടെ സീയോൻമലയിൽ നിൽക്കുന്നതായി നമുക്കു കാണാൻ കഴിയും.
5. ആരുടെ പേരുകൾ 1,44,000-ത്തിന്റെ നെററികളിൽ എഴുതപ്പെട്ടിരിക്കുന്നു, ഓരോ പേരിന്റെയും പ്രാധാന്യമെന്താണ്?
5 കാട്ടുമൃഗത്തിന്റെ ആരാധകരുമായി, 666 എന്ന ആലങ്കാരിക സംഖ്യകൊണ്ട് അടയാളമിടപ്പെട്ടിരിക്കുന്നവരുമായി, 1,44,000-ത്തിന് യാതൊരു പങ്കാളിത്തവുമില്ല. (വെളിപ്പാടു 13:15-18) വിരുദ്ധമായി, ഈ വിശ്വസ്തർക്ക് അവരുടെ നെററികളിൽ ദൈവത്തിന്റെ നാമവും കുഞ്ഞാടിന്റെ നാമവും എഴുതപ്പെട്ടിരിക്കുന്നു. ഒരു യഹൂദനായ യോഹന്നാൻ ദൈവത്തിന്റെ നാമം יהוה എന്ന എബ്രായ അക്ഷരങ്ങളിൽ കണ്ടുവെന്നതിനു സംശയമില്ല.b യേശുവിന്റെ പിതാവിന്റെ നാമം പ്രതീകാത്മകമായി അവരുടെ നെററികളിൽ എഴുതിയിരുന്നതുകൊണ്ട് ഈ മുദ്രയുളളവർ, തങ്ങൾ യഹോവയുടെ സാക്ഷികൾ, അവന്റെ അടിമകൾ ആണെന്ന് എല്ലാവരെയും അറിയിക്കുന്നു. (വെളിപ്പാടു 3:12) അവരുടെ നെററികളിൽ യേശുവിന്റെ നാമവും പ്രദർശിപ്പിച്ചിട്ടുളളത് അവർ അവനാൽ സ്വന്തമാക്കപ്പെട്ടിരിക്കുന്നതായി സമ്മതിക്കുന്നുവെന്നു സൂചിപ്പിക്കുന്നു. അവൻ അവരുടെ വിവാഹനിശ്ചയം ചെയ്യപ്പെട്ട ‘ഭർത്താവ്’ ആണ്, അവർ അവന്റെ ഭാവി ‘മണവാട്ടി’, സ്വർഗീയ ജീവൻ മുന്നിൽ കണ്ടു ദൈവത്തെ സേവിക്കുന്ന ഒരു ‘പുതിയ സൃഷ്ടി’ ആണ്. (എഫെസ്യർ 5:22-24; വെളിപ്പാടു 21:2, 9; 2 കൊരിന്ത്യർ 5:17) യഹോവയോടും യേശുക്രിസ്തുവിനോടുമുളള അവരുടെ ഉററബന്ധം അവരുടെ എല്ലാ ചിന്തകളെയും പ്രവർത്തനങ്ങളെയും ബാധിക്കുന്നു.
ഒരു പുതിയ പാട്ട് എന്നപോലെ പാടുന്നു
6. യോഹന്നാൻ ഏതു പാട്ടു കേൾക്കുന്നു, അവൻ അതു വർണിക്കുന്നതെങ്ങനെ?
6 ഇതിനോടു ചേർച്ചയിൽ യോഹന്നാൻ റിപ്പോർട്ടു ചെയ്യുന്നു: “പെരുവെളളത്തിന്റെ ഇരെച്ചൽപോലെയും വലിയോരു ഇടിമുഴക്കംപോലെയും സ്വർഗ്ഗത്തിൽനിന്നു ഒരു ഘോഷം കേട്ടു; ഞാൻ കേട്ട ഘോഷം വൈണികൻമാർ വീണമീട്ടുന്നതുപോലെ ആയിരുന്നു. അവർ സിംഹാസനത്തിന്നും നാലു ജീവികൾക്കും മൂപ്പൻമാർക്കും മുമ്പാകെ ഒരു പുതിയ പാട്ടു [ഒരു പുതിയ പാട്ട് എന്നപോലെ, NW] പാടി; ഭൂമിയിൽനിന്നു വിലെക്കു വാങ്ങിയിരുന്ന നൂററിനാല്പത്തിനാലായിരം പേർക്കല്ലാതെ ആർക്കും ആ പാട്ടു പഠിപ്പാൻ കഴിഞ്ഞില്ല.” (വെളിപ്പാടു 14:2, 3) ഒരേ ശ്രുതിലയത്തിൽ 1,44,000 സ്വരങ്ങൾ സംയോജിച്ചതു കേട്ടപ്പോൾ ഇരമ്പുന്ന വെളളച്ചാട്ടങ്ങളും മുഴങ്ങുന്ന ഇടിനാദങ്ങളും യോഹന്നാൻ അനുസ്മരിച്ചത് അതിശയമല്ല. കിന്നരസമാനമായ വ്യക്തമായ മേളം എത്ര രമ്യമാണ്! (സങ്കീർത്തനം 81:2) പ്രൗഢമായ ആ ഗാനത്തിന്റെ ഗാംഭീര്യത്തിലെത്താൻ ഭൂമിയിലെ ഏതു ഗായകസംഘത്തിനു കഴിയും?
7. (എ) വെളിപ്പാടു 14:3-ലെ പുതിയ പാട്ട് എന്താണ്? (ബി) സങ്കീർത്തനം 149:1-ലെ പാട്ടു നമ്മുടെ നാളിൽ പുതിയതായിരിക്കുന്നതെങ്ങനെ?
7 ഈ “പുതിയ പാട്ട്” എന്താണ്? വെളിപ്പാടു 5:9, 10 ചർച്ചചെയ്യുകയിൽ നാം മനസ്സിലാക്കിയതുപോലെ പാട്ട് യഹോവയുടെ രാജ്യ ഉദ്ദേശ്യങ്ങളോടും, ആത്മീയ ഇസ്രായേലിനെ ‘നമ്മുടെ ദൈവത്തിന്നു ഒരു രാജ്യവും പുരോഹിതൻമാരും’ ആക്കിത്തീർക്കാൻ യേശുക്രിസ്തുമുഖാന്തരമുളള അവന്റെ അത്ഭുതകരുതലിനോടും ബന്ധപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ ഇസ്രായേൽ മുഖാന്തരവും അതിനുവേണ്ടിയും യഹോവ ചെയ്തുകൊണ്ടിരിക്കുന്ന പുതിയ കാര്യങ്ങൾ പ്രസിദ്ധമാക്കുന്ന, അവനുളള ഒരു സ്തുതിഗീതമാണത്. (ഗലാത്യർ 6:16) ഈ ആത്മീയ ഇസ്രായേലിലെ അംഗങ്ങൾ സങ്കീർത്തനക്കാരന്റെ ക്ഷണത്തോടു പ്രതികരിക്കുന്നു: “യഹോവയെ സ്തുതിപ്പിൻ; യഹോവെക്കു പുതിയൊരു പാട്ടും ഭക്തൻമാരുടെ സഭയിൽ അവന്റെ സ്തുതിയും പാടുവിൻ. യിസ്രായേൽ തന്നെ ഉണ്ടാക്കിയവനിൽ സന്തോഷിക്കട്ടെ; സീയോന്റെ മക്കൾ തങ്ങളുടെ രാജാവിൽ ആനന്ദിക്കട്ടെ.” (സങ്കീർത്തനം 149:1, 2) ആ വാക്കുകൾ നൂററാണ്ടുകൾക്കു മുമ്പ് എഴുതപ്പെട്ടതാണെന്നുളളതു സത്യംതന്നെ, എന്നാൽ നമ്മുടെ നാളിൽ അവ പുതിയ ഗ്രാഹ്യത്തോടെ പാടിയിരിക്കുന്നു. മിശിഹൈകരാജ്യം 1914-ൽ ജനിച്ചു. (വെളിപ്പാടു 12:10) ഭൂമിയിലുളള യഹോവയുടെ ജനം 1919-ൽ “രാജ്യത്തിന്റെ വചനം” പുതുക്കിയ തീക്ഷ്ണതയോടെ പ്രഖ്യാപിച്ചുതുടങ്ങി. (മത്തായി 13:19) സൊസൈററിയുടെ 1919-ലേക്കുളള വാർഷികവാക്യത്താൽ ഉത്തേജിതരും (യെശയ്യാവു 54:17) ഒരു ആത്മീയ പറുദീസയിലേക്കുളള തങ്ങളുടെ പുനഃസ്ഥിതീകരണത്താൽ പ്രോത്സാഹിതരുമായി അവർ ആ വർഷത്തിൽ ‘തങ്ങളുടെ ഹൃദയത്തിൽ സംഗീതത്തോടെ യഹോവക്കു പാടാൻ’ തുടങ്ങി.—എഫേസ്യർ 5:19, NW.
8. വെളിപ്പാടു 14:3-ലെ പുതിയ പാട്ട് 1,44,000-ത്തിനു മാത്രമേ പഠിക്കാൻ കഴിഞ്ഞുളളൂവെന്നത് എന്തുകൊണ്ട്?
8 എങ്കിലും, വെളിപ്പാടു 14:3-ൽ പരാമർശിച്ചിരിക്കുന്ന പാട്ട് 1,44,000-ത്തിനു മാത്രം പഠിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ ദൈവരാജ്യത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട അവകാശികൾ എന്നനിലയിൽ അത് അവരുടെ അനുഭവങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു. ദൈവപുത്രൻമാരെന്ന നിലയിൽ ദത്തെടുക്കപ്പെടുന്നതും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുന്നതും അവർ മാത്രമാണ്. അവർ മാത്രമാണ് ആ സ്വർഗീയരാജ്യത്തിന്റെ ഭാഗമായിത്തീരാൻ ഭൂമിയിൽനിന്നു വിലയ്ക്കുവാങ്ങപ്പെടുന്നത്. കൂടാതെ അവർ മാത്രം മനുഷ്യവർഗത്തെ പൂർണതയിലേക്കു നയിക്കുന്നതിന് ആയിരം വർഷം ക്രിസ്തുവിനോടുകൂടെ “പുരോഹിതൻമാരായിരിക്കും . . . രാജാക്കൻമാരായി ഭരിക്കുകയും ചെയ്യും.” യഹോവയുടെ സന്നിധിയിൽ “ഒരു പുതിയ പാട്ട് എന്നപോലെ പാടു”ന്നവർ അവർ മാത്രമാണ്.c ഈ അതുല്യമായ അനുഭവങ്ങളും പ്രതീക്ഷകളും രാജ്യത്തെക്കുറിച്ച് അവർക്ക് അപൂർവമായ വിലമതിപ്പു നൽകുകയും മററാർക്കും കഴിയാത്ത ഒരു വിധത്തിൽ അതേക്കുറിച്ചു പാടാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.—വെളിപാട് 20:6, NW; കൊലൊസ്സ്യർ 1:13; 1 തെസ്സലൊനീക്യർ 2:11, 12.
9. മഹാപുരുഷാരം അഭിഷിക്തരുടെ പാട്ടിനോടു പ്രതികരിച്ചിരിക്കുന്നതെങ്ങനെ, ഏത് ഉദ്ബോധനം അവർ അങ്ങനെ നിറവേററിയിരിക്കുന്നു?
9 എന്നുവരികിലും, മററുളളവർ അവരുടെ പാട്ടു ശ്രദ്ധിച്ച് അതിനോടു പ്രതികരിക്കുന്നു. വേറെ ആടുകളുടെ വർധിച്ചുവരുന്ന ഒരു മഹാപുരുഷാരം 1935 മുതൽ അവരുടെ ജയോത്സവഗീതം കേൾക്കുകയും ദൈവരാജ്യം പ്രസിദ്ധമാക്കുന്നതിൽ അവരോടു ചേരാൻ പ്രേരിതരാവുകയും ചെയ്തിരിക്കുന്നു. (യോഹന്നാൻ 10:16; വെളിപ്പാടു 7:9) ഈ നവാഗതർക്കു ദൈവരാജ്യത്തിന്റെ ഭാവിഭരണാധികാരികൾ പാടുന്ന അതേ പുതിയ പാട്ടുതന്നെ പാടാൻ പഠിക്കുവാൻ കഴിയുകയില്ലെന്നുളളതു സത്യംതന്നെ. എന്നാൽ അവരും യഹോവക്കു ശ്രുതിമധുരമായ ഒരു ഗീതം, അവൻ ചെയ്തുകൊണ്ടിരിക്കുന്ന പുതിയ കാര്യങ്ങൾക്ക് യഹോവയെ കീർത്തിക്കുന്ന ഒരു ഗാനം മുഴക്കുന്നു. അവർ അങ്ങനെ സങ്കീർത്തനക്കാരന്റെ ഉദ്ബോധനം നിറവേററുന്നു: “യഹോവെക്കു ഒരു പുതിയ പാട്ടു പാടുവിൻ; സകലഭൂവാസികളുമായുളേളാരേ യഹോവെക്കു പാടുവിൻ. യഹോവെക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ; നാൾതോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിൻ. ജാതികളുടെ ഇടയിൽ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും വിവരിപ്പിൻ. ജാതികളുടെ കുലങ്ങളേ, യഹോവെക്കു കൊടുപ്പിൻ; മഹത്വവും ബലവും യഹോവെക്കു കൊടുപ്പിൻ. യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയിൽ പറവിൻ.”—സങ്കീർത്തനം 96:1-3, 7, 10; 98:1-9.
10. ഇരുപത്തിനാലു പ്രതീകാത്മക മൂപ്പൻമാരുടെ മുമ്പാകെ പാടാൻ 1,44,000-ത്തിനു കഴിയുന്നതെങ്ങനെ?
10 തങ്ങളുടെ മഹത്ത്വമാർന്ന സ്വർഗീയസ്ഥാനങ്ങളിലുളള 1,44,000 തന്നെയാണ് 24 മൂപ്പൻമാർ എന്നതുകൊണ്ട് 1,44,000-ത്തിനു മൂപ്പൻമാരുടെ “മുമ്പാകെ” പാടാൻ കഴിയുന്നതെങ്ങനെ? കർത്താവിന്റെ ദിവസത്തിന്റെ ആദ്യഘട്ടത്തിൽ “ക്രിസ്തുവിൽ മരിച്ചവർ” ആത്മജീവികളായി ഉയിർപ്പിക്കപ്പെട്ടു. അങ്ങനെ വിജയംവരിച്ച വിശ്വസ്തരായ അഭിഷിക്ത ക്രിസ്ത്യാനികൾ പുരോഹിത മൂപ്പൻമാരുടെ 24 കൂറുകൾക്കു സമാനമായ പ്രവർത്തനങ്ങൾ പ്രതീകാത്മകമായി നിർവഹിച്ചുകൊണ്ട് ഇപ്പോൾ സ്വർഗത്തിലാണ്. യഹോവയുടെ സ്വർഗീയ സ്ഥാപനത്തിന്റെ ദർശനത്തിൽ അവരും ഉൾപ്പെടുന്നു. (1 തെസ്സലൊനീക്യർ 4:15, 16; 1 ദിനവൃത്താന്തം 24:1-18; വെളിപ്പാടു 4:4; 6:11) അതുകൊണ്ട് ഇപ്പോഴും ഭൂമിയിലുളള 1,44,000-ത്തിന്റെ ശേഷിപ്പ് പുനരുത്ഥാനം പ്രാപിച്ച സ്വർഗത്തിലുളള തങ്ങളുടെ സഹോദരൻമാരുടെ മുമ്പാകെ, അഥവാ ദൃഷ്ടിയിൽ പുതിയ പാട്ടു പാടിക്കൊണ്ടിരിക്കുന്നു.
11. വിജയിച്ചുവരുന്ന അഭിഷിക്തരെ 24 മൂപ്പൻമാരെന്നും 1,44,000 എന്നും പരാമർശിക്കുന്നതെന്തുകൊണ്ട്?
11 ഈ സന്ദർഭത്തിൽ നമുക്ക് ഇങ്ങനെയും ചോദിക്കാവുന്നതാണ്: വിജയിച്ചുവരുന്ന ഈ അഭിഷിക്തരെ 24 പ്രതീകാത്മക മൂപ്പൻമാരെന്നും 1,44,000 എന്നും പരാമർശിക്കുന്നതെന്തുകൊണ്ട്? വെളിപാട് ഈ ഒരു സംഘത്തെ രണ്ടു വ്യത്യസ്ത നിലപാടിൽ വീക്ഷിക്കുന്നതുകൊണ്ടാണത്. ഇരുപത്തിനാലു മൂപ്പൻമാർ സ്വർഗങ്ങളിൽ രാജാക്കൻമാരും പുരോഹിതൻമാരുമായി അവരോധിക്കപ്പെട്ടവരായി, എല്ലായ്പോഴും യഹോവയുടെ സിംഹാസനത്തിനു ചുററിലും അവരുടെ അന്തിമ സ്ഥാനങ്ങളിൽ പ്രദർശിപ്പിക്കപ്പെടുന്നു. അവർ തങ്ങളുടെ സ്വർഗീയസ്ഥാനത്തുളള 1,44,000-ത്തിന്റെ മുഴുസംഘത്തെയും പ്രതീകവത്കരിക്കുന്നു, ഇപ്പോഴും ഇവരുടെ ഒരു ചെറിയ ശേഷിപ്പു ഭൂമിയിൽ സ്ഥിതിചെയ്യുന്നെങ്കിൽത്തന്നെയും. (വെളിപ്പാടു 4:4, 10; 5:5-14; 7:11-13; 11:16-18) എന്നിരുന്നാലും, വെളിപാട് 7-ാം അധ്യായം മനുഷ്യവർഗത്തിൽനിന്നു വിലയ്ക്കുവാങ്ങപ്പെട്ടവരെന്ന നിലയിൽ 1,44,000-ത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വ്യക്തികളായ ആത്മീയ ഇസ്രായേല്യരുടെ പൂർണസംഖ്യയെ മുദ്രയിടാനും എണ്ണമററ ഒരു മഹാപുരുഷാരത്തിനു രക്ഷ നൽകാനുമുളള യഹോവയുടെ മഹത്തായ ഉദ്ദേശ്യം ഊന്നിപ്പറയുകയും ചെയ്യുന്നു. വെളിപ്പാടു 14-ാം അധ്യായം വിജയം വരിക്കുന്ന 1,44,000 വ്യക്തികളടങ്ങുന്ന രാജ്യവർഗം മുഴുവനും കുഞ്ഞാടിനോടുകൂടെ സീയോൻമലയിൽ കൂട്ടിച്ചേർക്കപ്പെടുമെന്നു സ്ഥിരീകരിക്കുന്ന ഒരു ചിത്രം നൽകുന്നു. നാം ഇപ്പോൾ കാണാൻ പോകുന്നതുപോലെ, 1,44,000-ത്തിൽ എണ്ണപ്പെടുന്നതിന് എത്തിച്ചേരേണ്ട യോഗ്യതകളും അറിയിക്കപ്പെടുന്നു.d
കുഞ്ഞാടിന്റെ അനുഗാമികൾ
12. (എ) യോഹന്നാൻ 1,44,000-ത്തെക്കുറിച്ചുളള തന്റെ വർണന തുടരുന്നതെങ്ങനെ? (ബി) 1,44,000-ത്തെ കന്യകമാരെന്ന നിലയിൽ പരാമർശിച്ചിരിക്കുന്നത് ഏതർഥത്തിൽ?
12 “ഭൂമിയിൽനിന്നു വിലെക്കു വാങ്ങിയ” 1,44,000-ത്തെക്കുറിച്ചുളള തന്റെ വർണന തുടർന്നുകൊണ്ട് യോഹന്നാൻ നമ്മോടു പറയുന്നു: “അവർ കന്യകമാരാകയാൽ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവർ. കുഞ്ഞാടു പോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്നു. ഭോഷ്ക്കു അവരുടെ വായിൽ ഉണ്ടായിരുന്നില്ല; അവർ കളങ്കമില്ലാത്തവർ തന്നേ.” (വെളിപ്പാടു 14:4, 5) 1,44,000 ‘കന്യകമാരാണ്’ എന്ന വസ്തുത ഈ വർഗത്തിലെ അംഗങ്ങൾ ജഡത്തിൽ അവിവാഹിതരാണെന്ന് അവശ്യം അർഥമാക്കുന്നില്ല. ക്രിസ്തീയ ഏകാകിത്വത്തിനു പ്രയോജനങ്ങൾ ഉണ്ടെന്നിരിക്കെ ചില സാഹചര്യങ്ങളിൽ വിവാഹം അഭികാമ്യമാണെന്നു സ്വർഗീയ വിളിയുണ്ടായിരുന്ന ക്രിസ്ത്യാനികൾക്ക് അപ്പോസ്തലനായ പൗലോസ് എഴുതി. (1 കൊരിന്ത്യർ 7:1, 2, 36, 37) ഈ വർഗത്തിന്റെ വിശേഷത ആത്മീയ കന്യകാത്വമാണ്. ലൗകിക രാഷ്ട്രീയവും വ്യാജമതവുമായി അവർ ആത്മീയ വ്യഭിചാരം ഒഴിവാക്കിയിരിക്കുന്നു. (യാക്കോബ് 4:4; വെളിപ്പാടു 17:5) വിവാഹനിശ്ചയം ചെയ്യപ്പെട്ട ക്രിസ്തുവിന്റെ മണവാട്ടിയെന്ന നിലയിൽ അവർ “വക്രതയും കോട്ടവുമുളള തലമുറയുടെ നടുവിൽ . . . അനിന്ദ്യ”രായി, നിർമലരായി തങ്ങളെത്തന്നെ നിലനിർത്തിയിരിക്കുന്നു.—ഫിലിപ്പിയർ 2:14.
13. 1,44,000 യേശുക്രിസ്തുവിനു യോജിച്ച ഒരു മണവാട്ടിയായിരിക്കുന്നതെന്തുകൊണ്ട്, അവർ ‘കുഞ്ഞാടു പോകുന്നേടത്തൊക്കെയും അവനെ അനുഗമിക്കുന്നത്’ എങ്ങനെ?
13 കൂടാതെ, “ഭോഷ്ക്കു അവരുടെ വായിൽ ഉണ്ടായിരുന്നില്ല.” ഇക്കാര്യത്തിൽ അവർ തങ്ങളുടെ രാജാവായ യേശുക്രിസ്തുവിനെപ്പോലെയാണ്. ഒരു പൂർണമനുഷ്യനെന്നനിലയിൽ, “അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.” (1 പത്രൊസ് 2:21, 22) ഒരേ സമയം നിഷ്ക്കളങ്കയും സത്യസന്ധയും ആയിരിക്കുന്നതിനാൽ ഈ 1,44,000 പേർ യഹോവയുടെ വലിയ മഹാപുരോഹിതന്റെ നിർമല മണവാട്ടിയെന്ന നിലയിൽ ഒരുക്കപ്പെടുന്നു. യേശു ഭൂമിയിലായിരുന്നപ്പോൾ തന്നെ അനുഗമിക്കാൻ ശരിയായ ഹൃദയനിലയുളള ആളുകളെ ക്ഷണിച്ചു. (മർക്കൊസ് 8:34; 10:21; യോഹന്നാൻ 1:43) പ്രതികരിച്ചവർ അവന്റെ ജീവിതഗതി അനുകരിക്കുകയും അവന്റെ ഉപദേശങ്ങൾ അനുസരിക്കുകയും ചെയ്തു. അങ്ങനെ അവർ തങ്ങളുടെ ഭൗമിക ജീവിതകാലത്തു ‘കുഞ്ഞാടു പോകുന്നേടത്തൊക്കെയും അവനെ അനുഗമിക്കുന്നു’, അവൻ അവരെ സാത്താന്റെ ലോകത്തിലൂടെ നയിക്കുമ്പോൾതന്നെ.
14. (എ) 1,44,000 ‘ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലങ്ങൾ’ ആയിരിക്കുന്നതെങ്ങനെ? (ബി) മഹാപുരുഷാരവും ഏതർഥത്തിൽ ആദ്യഫലങ്ങൾ ആണ്?
14 നൂററിനാല്പത്തിനാലായിരം ‘ഭൂമിയിൽനിന്നു വിലെക്കു വാങ്ങപ്പെട്ടവർ’, ‘മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുക്കപ്പെട്ടവർ’ ആണ്. അവർ ദൈവത്തിന്റെ ആത്മപുത്രൻമാരായി ദത്തെടുക്കപ്പെട്ടവർ ആണ്. അവരുടെ പുനരുത്ഥാനത്തിനുശേഷം അവർ വെറും ജഡരക്തമുളള മനുഷ്യർ ആയിരിക്കുകയില്ല. നാലാം വാക്യം സൂചിപ്പിക്കുന്നതുപോലെ അവർ “ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി”ത്തീരുന്നു. ഒന്നാം നൂററാണ്ടിൽ യേശു മരണത്തിൽ “നിദ്രകൊണ്ടവരിൽ ആദ്യഫലമായി”രുന്നു എന്നതു സത്യംതന്നെ. (1 കൊരിന്ത്യർ 15:20, 23) എന്നാൽ 1,44,000 പേർ യേശുവിന്റെ യാഗത്താൽ വിലയ്ക്കുവാങ്ങപ്പെട്ട അപൂർണ മനുഷ്യവർഗത്തിലെ ‘ഒരുവിധം ആദ്യഫലങ്ങൾ’ ആണ്. (യാക്കോബ് 1:18) എന്നുവരികിലും, മനുഷ്യവർഗത്തിൽനിന്നുളള ഫലശേഖരണം അവരോടുകൂടെ അവസാനിക്കുന്നില്ല. “രക്ഷ എന്നുളളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം” എന്ന് ഉച്ചത്തിൽ വിളിച്ചുപറയുന്ന എണ്ണമററ ഒരു മഹാപുരുഷാരത്തിന്റെ കൊയ്ത്ത് വെളിപാടു പുസ്തകം ഇതിനകം ചൂണ്ടിക്കാണിക്കുകയുണ്ടായി. ഈ മഹാപുരുഷാരം മഹോപദ്രവത്തെ അതിജീവിക്കുകയും അവർ ‘ജീവജലത്തിന്റെ ഉറവുകളാൽ’ തുടർന്നു പോഷിപ്പിക്കപ്പെടുമ്പോൾ അവർ ഭൂമിയിൽ മനുഷ്യപൂർണതയിലേക്ക് ഉയർത്തപ്പെടുകയും ചെയ്യും. മഹോപദ്രവശേഷം കുറച്ചുകാലം കഴിഞ്ഞ് ഹേഡീസ് ശൂന്യമാക്കപ്പെടുകയും അനേകലക്ഷം മററുമനുഷ്യർ ഉയിർപ്പിക്കപ്പെടുകയും അവർക്ക് അതേ ജീവജലത്തിൽനിന്നു കുടിക്കാൻ അവസരം നൽകപ്പെടുകയും ചെയ്യും. ഇതു മനസ്സിൽ പിടിച്ചുകൊണ്ട്, മഹാപുരുഷാരത്തെ വേറെ ആടുകളുടെ ആദ്യഫലങ്ങൾ എന്നു വിളിക്കുന്നതു ശരിയായിരിക്കും—ഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിനുളള പ്രതീക്ഷയോടെ ‘കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിക്കുന്ന’ ആദ്യത്തെ ആളുകളാണ് അവർ.—വെളിപ്പാടു 7:9, 10, 14, 17; 20:12, 13.
15. മൂന്നു വ്യത്യസ്ത ആദ്യഫലങ്ങളും മോശയുടെ ന്യായപ്രമാണത്തിൻ കീഴിൽ ആഘോഷിച്ചിരുന്ന ഉത്സവങ്ങളും തമ്മിൽ എന്തു സാദൃശ്യങ്ങൾ ഉണ്ട്?
15 ഈ മൂന്ന് ആദ്യഫലങ്ങൾക്ക് (യേശുക്രിസ്തുവിനും 1,44,000-ത്തിനും മഹാപുരുഷാരത്തിനും) പുരാതന മോശൈക ന്യായപ്രമാണപ്രകാരം ആഘോഷിച്ചിരുന്ന ഉത്സവങ്ങളിൽ രസകരമായ സാദൃശ്യങ്ങൾ ഉണ്ട്. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിൽ, നീസാൻ 16-ന് യവക്കൊയ്ത്തിലെ ആദ്യഫലങ്ങളിൽ ഒരു കററ യഹോവക്ക് അർപ്പിക്കപ്പെട്ടിരുന്നു. (ലേവ്യപുസ്തകം 23:6-14) നീസാൻ 16 യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ട ദിവസമായിരുന്നു. നീസാൻ 16 മുതൽ 50-ാം ദിവസത്തിൽ, മൂന്നാം മാസത്തിൽ, ഇസ്രായേല്യർ ഗോതമ്പുകൊയ്ത്തിലെ ആദ്യഫലങ്ങൾകൊണ്ടു കൊയ്ത്തുപെരുന്നാൾ ആഘോഷിച്ചു. (പുറപ്പാടു 23:16; ലേവ്യപുസ്തകം 23:15, 16) ഈ ഉത്സവം പെന്തക്കോസ്ത് എന്നു വിളിക്കപ്പെടാൻ ഇടയായി (“അമ്പതാമത്തേത്” എന്നർഥമുളള ഒരു ഗ്രീക്കു വാക്കിൽനിന്ന്), പൊ.യു. 33-ലെ പെന്തക്കോസ്തിൽ ആയിരുന്നു 1,44,000-ത്തിലെ ആദ്യ അംഗങ്ങൾ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടത്. ഒടുവിൽ ഏഴാം മാസത്തിൽ മുഴുവിളവും ശേഖരിച്ചശേഷം കൂടാരപ്പെരുന്നാൾ ഉണ്ടായിരുന്നു, ഇസ്രായേല്യർ മററു വസ്തുക്കളോടൊപ്പം കുരുത്തോലകൾ കൊണ്ടു നിർമിച്ച കൂടാരങ്ങളിൽ ഒരാഴ്ചക്കാലം പാർക്കുമ്പോൾ അതു സന്തോഷകരമായ നന്ദിപ്രകടനത്തിന്റെ ഒരു കാലമായിരുന്നു. (ലേവ്യപുസ്തകം 23:33-43) തദനുസരണം, വലിയ ഫലശേഖരണത്തിന്റെ ഭാഗമായ മഹാപുരുഷാരം “കയ്യിൽ കുരുത്തോലയുമായി” സിംഹാസനത്തിൻമുമ്പാകെ നന്ദി നൽകുന്നു.—വെളിപ്പാടു 7:9.
നിത്യസുവാർത്ത ഘോഷിക്കൽ
16, 17. (എ) ഒരു ദൂതൻ എവിടെ പറക്കുന്നത് യോഹന്നാൻ കാണുന്നു, ദൂതൻ ഏതു പ്രഖ്യാപനം ചെയ്യുന്നു? (ബി) രാജ്യപ്രസംഗവേലയിൽ ആർ ഉൾപ്പെടുന്നു, ഏത് അനുഭവങ്ങൾ ഇതു സൂചിപ്പിക്കുന്നു?
16 യോഹന്നാൻ അടുത്തതായി എഴുതുന്നു: “വേറൊരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കണ്ടു; ഭൂവാസികളായ സകല ജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ അവന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു. ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു; ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.” (വെളിപ്പാടു 14:6, 7) ദൂതൻ പറക്കുന്നതു പക്ഷികൾ പറക്കുന്ന ‘മദ്ധ്യാകാശത്തിൽ’ ആണ്. (താരതമ്യം ചെയ്യുക: വെളിപ്പാടു 19:17.) അതുകൊണ്ട് അവന്റെ ശബ്ദം ഗോളമെമ്പാടും കേൾക്കാൻ കഴിയും. ഈ ദൂതന്റെ ലോകവ്യാപക പ്രഖ്യാപനം ഏതു ടെലിവിഷൻ വാർത്ത വ്യാപിക്കുന്നതിനെക്കാളും എത്ര കൂടിയ ഒരു മേഖലയിലാണ്!
17 കാട്ടുമൃഗത്തെയും അതിന്റെ പ്രതിമയെയും അല്ല, പിന്നെയോ സാത്താൻ നിയന്ത്രിക്കുന്ന ഏതു കാട്ടുമൃഗത്തെക്കാളും ഉപമിക്കാനാവാത്തവിധം ശക്തികൂടിയ യഹോവയെ ഭയപ്പെടാൻ എല്ലാവരും പ്രേരിപ്പിക്കപ്പെടുന്നു. എന്തിന്, യഹോവ ആകാശവും ഭൂമിയും സൃഷ്ടിച്ചു, ഇപ്പോൾ ഭൂമിയെ വിധിക്കാനുളള അവന്റെ സമയം വന്നെത്തിയിരിക്കുന്നു! (താരതമ്യം ചെയ്യുക: ഉല്പത്തി 1:1; വെളിപ്പാടു 11:18.) ഭൂമിയിലായിരുന്നപ്പോൾ യേശു നമ്മുടെ നാളിനെക്കുറിച്ചു പ്രവചിച്ചു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭ ഈ നിയോഗം നിറവേററിക്കൊണ്ടിരിക്കുന്നു. (1 കൊരിന്ത്യർ 9:16; എഫെസ്യർ 6:15) അദൃശ്യദൂതൻമാരും ഈ പ്രസംഗവേലയിൽ ഉൾപ്പെട്ടിരിക്കുന്നുവെന്നു വെളിപാട് ഇവിടെ വെളിപ്പെടുത്തുന്നു. അരിഷ്ടനായ ഒരാൾ ആത്മീയ സഹായത്തിനായി കാംക്ഷിക്കുന്ന, പ്രാർഥിക്കുകപോലും ചെയ്യുന്ന ഒരു ഭവനത്തിലേക്ക് യഹോവയുടെ സാക്ഷികളിൽ ഒരാളെ ആനയിക്കുന്നതിൽ എത്ര കൂടെക്കൂടെ ദൂതമാർഗനിർദേശം പ്രത്യക്ഷമായിട്ടുണ്ട്!
18. മധ്യാകാശത്തിൽ പറക്കുന്ന ദൂതൻ പറയുന്നതനുസരിച്ച് എന്തിനുളള സമയം വന്നെത്തിയിരിക്കുന്നു, കൂടുതലായ പ്രഖ്യാപനങ്ങൾ ആർ നടത്തും?
18 മധ്യാകാശത്തിൽ പറക്കുന്ന ദൂതൻ പ്രഖ്യാപിച്ചതുപോലെ ന്യായവിധിയുടെ നാഴിക വന്നെത്തിയിരിക്കുന്നു. ഇപ്പോൾ ദൈവം ഏതു ന്യായവിധി ഉച്ചരിക്കും? രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ദൂതൻമാർ ഇപ്പോൾ നടത്തുന്ന പ്രഖ്യാപനങ്ങൾ കാതുകളെ തരിപ്പിക്കും.—യിരെമ്യാവു 19:3.
[അടിക്കുറിപ്പുകൾ]
a 1 കൊരിന്ത്യർ 4:8 പ്രകടമാക്കുന്നപ്രകാരം ഇവിടെ ഭൂമിയിൽ ആയിരിക്കുമ്പോൾ അഭിഷിക്ത ക്രിസ്ത്യാനികൾ രാജാക്കൻമാരായി ഭരണം നടത്തുന്നില്ല. എന്നുവരികിലും, വെളിപ്പാടു 14:3, 6, 12, 13 എന്നിവയുടെ സന്ദർഭപ്രകാരം അവർ തങ്ങളുടെ ഭൗമികഗതിയിൽ അവസാനത്തോളം സഹിച്ചുനിൽക്കുമ്പോൾ സുവാർത്ത പ്രസംഗിച്ചുകൊണ്ടു പുതിയ പാട്ടുപാടുന്നതിൽ പങ്കെടുക്കുന്നു.
b മററു ദർശനങ്ങളിൽ എബ്രായനാമങ്ങളുടെ ഉപയോഗം ഇതിനെ പിന്താങ്ങുന്നു; യേശുവിന് (“നാശം” എന്നർഥമുളള) “അബദ്ദോൻ” എന്ന എബ്രായനാമം നൽകപ്പെടുന്നു, അവൻ “എബ്രായഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുളള” സ്ഥലത്തു ന്യായവിധി നടത്തുന്നു.—വെളിപ്പാടു 9:11; 16:16.
c “ഒരു പുതിയ പാട്ട് എന്നപോലെ” എന്നു തിരുവെഴുത്തു പറയുന്നു, എന്തെന്നാൽ പുരാതനകാലത്തു പ്രവാചകവചനത്തിൽ പാട്ടു രേഖപ്പെടുത്തിയിരുന്നു. എന്നാൽ അതു പാടുവാൻ യോഗ്യൻ ആരും ഇല്ലായിരുന്നു. ഇപ്പോൾ രാജ്യം സ്ഥാപിക്കപ്പെടുകയും വിശുദ്ധൻമാർ ഉയിർപ്പിക്കപ്പെടുകയും ചെയ്തതോടെ പ്രവചനങ്ങളുടെ നിവൃത്തിയായി യാഥാർഥ്യങ്ങൾ പ്രത്യക്ഷപ്പെട്ടു, അതിന്റെ മുഴുഗാംഭീര്യത്തോടുംകൂടെ പാട്ടുപാടാനും സമയമായി.
d തക്കസമയത്തു വീട്ടുകാർക്ക് ആഹാരം നൽകുന്ന വിശ്വസ്തനും വിവേകിയുമായ അടിമയുടേതിനോട് അവസ്ഥ താരതമ്യം ചെയ്യാൻ കഴിയും. (മത്തായി 24:45) അടിമ ഒരു സംഘമെന്നനിലയിൽ ആഹാരം വിതരണം ചെയ്യാൻ ഉത്തരവാദിയാണ്, എന്നാൽ വീട്ടുകാർ, ആ സംഘത്തിലെ വ്യക്തികളായ അംഗങ്ങൾ, ആ ആത്മീയകരുതലിൽ പങ്കുപററുന്നതിനാൽ പുലർത്തപ്പെടുന്നു. അവർ ഒരേ സമൂഹമാണ്, എന്നാൽ—സംഘമെന്നനിലയിലും വ്യക്തികളെന്നനിലയിലും—വ്യത്യസ്ത പദങ്ങളിൽ വർണിച്ചിരിക്കുന്നു.
[202, 203 പേജുകളിലെ ചിത്രങ്ങൾ]
1,44,000
24 മൂപ്പൻമാർ
കുഞ്ഞാടായ യേശുക്രിസ്തുവിന്റെ കൂട്ടവകാശികൾ രണ്ടു വ്യത്യസ്ത നിലപാടിൽ വീക്ഷിക്കപ്പെടുന്ന പ്രകാരം