മുയലുകൾ—സ്നേഹിക്കത്തക്കതും സഹജജ്ഞാനം നിറഞ്ഞതും
ദക്ഷിണ ആഫ്രിക്കയിലെ ഉണരുക! ലേഖകൻ
“അത്യന്തം ജ്ഞാനമുള്ളവയായി . . . ശക്തിയില്ലാത്തവയെങ്കിലും പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു” എന്ന് ബൈബിൾ വിശേഷിപ്പിക്കുന്ന ജന്തുക്കൾ ഏതാണ്? ഏതാണ്ട് ഒരു മുയലിന്റെ വലിപ്പം വരുന്ന ഈ ചെറു ചങ്ങാതികൾ ബൈബിളിന്റെ വിവിധ ഭാഷാന്തരങ്ങളിൽ [ഇംഗ്ലീഷ്] കോണീസ്, മാർമോട്ട്സ്, റോക്ക്ബാഡ്ജേഴ്സ് [മലയാളം: കുഴിമുയലുകൾ] എന്നിങ്ങനെ വിളിക്കപ്പെടുന്നു.—സദൃശവാക്യങ്ങൾ 30:24-26.
ഹൈറാക്സ് എന്നും പേരുള്ള കുഴിമുയലുകൾ ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും തെക്കുപടിഞ്ഞാറൻ ഏഷ്യയുടെ അതിരുകളിലും മാത്രമാണ് കാണപ്പെടുന്നത്. ഇവ അസംഖ്യമായി കാണപ്പെടുന്ന ആഫ്രിക്കയുടെ തെക്കൻ ഭാഗങ്ങളിൽ ഇവനെ അറിയപ്പെടുന്നത് റോക്ക് ഡാസ്സി എന്ന നാമത്തിലാണ്. ഈ പേര് ബാഡ്ജർ [അളമുയൽ]-ന്റെ ഡച്ച് വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്.
കുഴിമുയലുകൾ ഏതാണ്ട് മുയലുകളെപ്പോലെ കാണപെടുന്നുവെങ്കിലും ശാസ്ത്രജ്ഞനായ ഗെറി ഡിഗ്രാഫിന്റെ അഭിപ്രായത്തിൽ, യഥാർത്ഥത്തിൽ “എല്ലാററിന്റെയും ഒരു സങ്കര”മായിരിക്കത്തക്ക വിധത്തിലുള്ള ചില പ്രത്യേക വിശേഷതകൾ അവക്കുണ്ട്. “അവയുടെ ഉളിപ്പല്ലുകൾ മുയലുകളുടേതിനോടും അണപ്പല്ലുകൾ കാണ്ടാമൃഗത്തിന്റെതിനോടും അവയുടെ രക്ഷ പര്യയന വ്യവസ്ഥ തിമിംഗലത്തിന്റെതിനോടും അവയുടെ പാദങ്ങൾ ആനകളുടെതിനോടും സദൃശമായിരിക്കുന്നു.” അവ ജന്തുശാസ്ത്രജ്ഞൻമാരെ ചിന്താക്കുഴപ്പത്തിലാക്കിയിരിക്കുന്നതിൽ അത്ഭുതമില്ല!
വളരെ വേഗത്തിൽ ചരിക്കുന്ന മൃഗങ്ങളല്ലാത്തതിനാലും അവ ജ്ഞാനപൂർവം ഉന്തിനിൽക്കുന്ന പാറകളുടെയോ കിഴുക്കാംതൂക്കായ പാറകളുടെയോ കയറിപ്പററാൻ സാധിക്കാത്ത ഭാഗങ്ങളിലും വിള്ളലുകളിലും പാർക്കുന്നു. അവ കാററിലും മഴയിലും അഭയവും ഇരപിടിയൻമാരിൽനിന്നു സംരക്ഷണവും പ്രദാനം ചെയ്യുന്നു. ഒരു ദിവസത്തെ അവരുടെ രണ്ടു പ്രധാന ഭക്ഷണവേളകൾക്കായിട്ടല്ലാതെ അവ വാസസ്ഥലത്തുനിന്ന് വളരെ അകലേക്കു പോകാറില്ല എന്നത് ഇതിൽ നിന്നു മനസ്സിലാക്കാവുന്നതേയുള്ളു.
എന്തൊരു ഭക്ഷണം! കാരണം, ഇത്ര ചെറിയ ജന്തുക്കളാണെങ്കിലും അവ അമ്പരപ്പിക്കുന്ന അളവിൽ സസ്യ പദാർത്ഥങ്ങൾ അകത്താക്കുന്നു. കൂടുതൽ അത്ഭുതകരമായിരിക്കുന്നത് അതു വെട്ടിവിഴുങ്ങുന്നതിൽ അവക്കുള്ള വേഗതയാണ്. എന്തിന് ഒരു ദിവസം ഒരു മണിക്കൂറിൽ താഴെ മാത്രമെ അതിനായി അവ ചെലവിടാറുള്ളു! അവയുടെ ഈ ശീലത്തോട് വിസ്മയാവഹമായി യോജിച്ചിരിക്കുന്ന അവയുടെ ദഹനവ്യവസ്ഥയെക്കുറിച്ച് ജന്തു ശാസ്ത്രജ്ഞനായ ജെ. ജെ. സി. സോവർ അഭിപ്രായപ്പെട്ടത് “ജന്തുലോകത്ത് അനന്യം” എന്നാണ്.
അനായാസമായ ഒരു ഇരയല്ല
തെളിഞ്ഞ ആഫ്രിക്കൻ സൂര്യപ്രകാശത്തിൽ വെയിൽ കാഞ്ഞുകൊണ്ട്, പാറക്കൂട്ടങ്ങൾ നിറഞ്ഞ പ്രദേശങ്ങളിൽ പാറകളെപ്പോലെ തന്നെ തോന്നിക്കുന്ന കുഴിമുയലുകൾ കിടക്കുന്നത് ഒരു സാധാരണ ദൃശ്യമാണ്. കുഴിമുയലുകളോട് ഒരു പ്രത്യേക പ്രിയം തന്നെയുള്ള കറുത്ത പരുന്തുകൾക്ക് ഇതു പ്രലോഭിപ്പിക്കുന്ന ഒരു കാഴ്ചയാണ്. എന്നാൽ ഈ ചെറിയ കൂട്ടരെ അത്ര അനായാസമൊന്നും കൈക്കലാക്കാൻ സാധിക്കുകയില്ല. ഒരു കിലോമീററർ അപ്പുറത്തു നടക്കുന്ന നീക്കങ്ങൾപോലും കണ്ടുപിടിക്കാൻ പററുന്ന വിധം സൂക്ഷ്മമാണ് അതിന്റെ കാഴ്ചശക്തി! പരുന്തു സൂര്യനു നേരെയാണെങ്കിൽപോലും കുഴിമുയൽ അവയെ കണ്ടുപിടിക്കും. എങ്ങനെയാണതു സാധ്യമാവുക? സൂര്യ രശ്മികളെ അരിച്ചു വിടുവാൻ കഴിവുള്ള ഒരു പ്രത്യേക ചർമ്മത്താൽ സുസജ്ജമാണ് അവന്റെ കണ്ണുകൾ. കുഴപ്പം ഒന്നും കൂടാതെ നേരെ സൂര്യനിലേക്ക് തന്നെ നോക്കാൻ ഇത് അവനെ സഹായിക്കുന്നു. ശത്രു ദൃഷ്ടിപഥത്തിൽ എത്തിയാൽ ഉടൻതന്നെ അപകട മുന്നറിയിപ്പു നൽകപ്പെടുന്നു—കാവൽക്കാരനായി വർത്തിക്കുന്ന കുഴിമുയലിന്റെ ഉച്ചത്തിലുള്ള ഒരു കുരയാണ് ഇത്. ഉടൻതന്നെ പാറകളെല്ലാം ശൂന്യമായിക്കഴിഞ്ഞിരിക്കും; കുഴിമുയലുകൾ പാറകൾക്കിടയിലും അടിയിലും ഉള്ള വിടവുകളിലേക്ക് ചാടിക്കൊണ്ടുതന്നെ. പരുന്തിന് അതിന്റെ ആഹാരത്തിന് ഒന്നുകൂടി പരിശ്രമിക്കേണ്ടതായി വരും.
ഉത്തമമായ സഹവാസ പ്രിയർ
സാമൂഹിക ജീവിതം—രാത്രിയിൽ കുഴിമുയലുകൾക്കു തണുപ്പു തോന്നുമ്പോൾ അത് എത്ര പ്രയോജനകരമാണ്! തമ്മിൽ ഇറുകിച്ചേർന്ന് എല്ലാവരും പുറത്തേക്കു മുഖംതിരിച്ച് കിടക്കുവാൻ കൂട്ടുകാരായ കുഴിമുയലുകൾ ഉള്ളത് വളരെ സഹായകരം തന്നെയാണ്. ചിലവ കൂടിക്കിടക്കുന്നവയുടെ മുകളിൽപോലും കിടക്കുകയും അന്യോന്യം ചൂടു പകർന്നുകൊണ്ട് മൂന്നോ നാലോ നിലകളായി—ഒരേ സമയം 25 എണ്ണംവരെ—കിടക്കുകയും ചെയ്യും!
അവ ശൗര്യമേറിയ ചെറിയ ജന്തുക്കളായതിനാൽ ഇതിന് അതിന്റെ ന്യൂനതകളുമുണ്ടാകാം. എന്നാൽ അവയുടെ സഹജജ്ഞാനം രക്ഷക്കെത്തുന്നു. ഡോ. പി. സി. ഫോവ്റി വിശദീകരിക്കുന്നു: “സാധാരണയായി അവ ഓരോന്നും തങ്ങളുടെ തലകൾ അപരനിൽ നിന്ന് അകററി കിടക്കുകയും തീററി തിന്നുമ്പോൾ അന്യോന്യം അമിതമായി അടുത്തു ചേരാതിരിക്കുകയും, കൂടാതെ ഒന്ന് മറെറാന്നിനോട് ചേർന്നു നീങ്ങാൻ നിർബന്ധിതരാകുമ്പോൾ വൈവിധ്യമാർന്ന സമാധാന സന്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു.” അവയുടെ സന്ദേശങ്ങൾ സാധാരണയായി താഴ്ന്ന ശബ്ദത്തിലും ഏതാനും മീറററുകൾ മാത്രം കേൾക്കാൻ പോന്നവയും ആയതിനാൽ ഇരപിടിയൻമാരെ ആകർഷിക്കാതെ തന്നെ അവക്ക് അന്യോന്യം ആശയവിനിയമം നടത്താൻ കഴിയും.
ചുറുചുറുക്കാർന്നതും സ്നേഹിക്കത്തക്കതുമായ അരുമ മൃഗങ്ങൾ
മിക്കവാറും ലംബമായി കിടക്കുന്ന മിനുസമാർന്ന പാറയിലൂടെ കുഴിമുയലുകൾ ചാടിക്കയറുന്നതുകൊണ്ട് അനേകം നിരീക്ഷകരും അത്ഭുതപ്പെട്ടിട്ടുണ്ട്. എങ്ങനെയാണ് അവ അതു ചെയ്യുന്നത്? തടിച്ചു മൃദുലമായ അവയുടെ പാദങ്ങളെ ഘർഷണ തലങ്ങളാക്കി മാററുന്നതിനാൽ. കൂടാതെ, അവയുടെ കാൽപാദങ്ങൾ അവയുടെ ശരീരത്തിലെ വിയർക്കുന്ന ഏക ഭാഗമായിരിക്കുന്നതിനാൽ എപ്പോഴും നനഞ്ഞതായിരിക്കും. ഇതുമൂലം പിടി അത്രമാത്രം ശക്തവുമായിരിക്കും.
ഈ പ്രിയപ്പെട്ട ജന്തുക്കൾ എളുപ്പത്തിൽ മെരുങ്ങുന്നവയാണ്. അവയുടെ ശുചിത്വബോധത്തെപ്പററി ആകുലപ്പെടേണ്ടതുമില്ല—തങ്ങളുടെ പിൻകാൽ കൊണ്ട് അവ അവയെതന്നെ വൃത്തിയാക്കുന്നു. പിൻകാലിൽ ഇതിനായി ഒരുക്കമുള്ള ഒരു ചെറിയ നഖമുണ്ട്. ബോൺ ഫ്രീ എന്ന തന്റെ ഗ്രന്ഥത്തിൽ ജോയി ആഡംസ്ൺ പറയുന്നത്, അവരുടെ അരുമ മൃഗമായിരുന്ന കുഴിമുയൽ പതിവായി സ്വയം ചൊറിഞ്ഞു കൊണ്ടിരുന്നപ്പോൾ, ആരംഭത്തിൽ അവർ ചിന്താക്കുഴപ്പത്തിലായി എന്നാണ്. എന്നാൽ ഈച്ചയോ മൂട്ടയോ അവളുടെ ശരീരത്തിൽ കാണാതിരിക്കാൻ കുഴിമുയൽ തന്റെ നഖം ഉപയോഗിച്ച് അവളുടെ രോമങ്ങൾ ചീകി മിനുസമുള്ളതാക്കി വെക്കുകയാണെന്ന് പിന്നീട് അവർ തിരിച്ചറിഞ്ഞു.
അരുമ മൃഗങ്ങളായ കുഴിമുയലുകളെ വീടിനുള്ളിൽ ശരിയായ സ്ഥാനത്ത് വിസർജ്ജനം നടത്താനായി ഒരുവന് എങ്ങനെ പരിശീലിപ്പിക്കാൻ കഴിയും? അതിന്റെ ആവശ്യമില്ല. കാട്ടിൽ, മുഴു സമൂഹത്തിനും വിസർജ്ജന സ്ഥലമായി ഉപയോഗിക്കുവാനായി ഒരു പ്രത്യേക പ്രദേശം തന്നെ അവ വേർതിരിച്ചിടുന്നു. അരുമ മൃഗങ്ങളും അങ്ങനെ തന്നെയാണ്. കുഴിമുയലുകൾ “ടോയിലററ് ഉപയോഗിക്കാൻ സഹജമായി തന്നെ പഠിക്കുന്നു,” ഫോവ്റി വിശദീകരിക്കുന്നു. “തീർച്ചയായും അതു വെള്ളം ഒഴിച്ചു കളയാതെ!” അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ജോയി ആഡംസൺ വളർത്തിയിരുന്ന കുഴിമുയലിന്റെ കാര്യത്തിലും ഇതു തന്നെയായിരുന്നു വാസ്തവം. “അവളുടെ വിസർജ്ജന സ്വഭാവങ്ങൾ പ്രത്യേകമായിരുന്നു. . . . വിട്ടിലായിരിക്കുമ്പോൾ പാററി സ്ഥിരമായി ടോയിലററ് സീററിന്റെ വക്കിൽ കുത്തിയിരിക്കുമായിരുന്നു. ഇതു തമാശ ഉണർത്തുന്ന ഒരു കാഴ്ചയായിരുന്നു. യാത്രയിലായിരുന്നപ്പോൾ അവൾക്ക് അത്തരം സൗകര്യങ്ങൾ ഒന്നും കിട്ടാതെ വന്നപ്പോൾ അവൾ ആകെ പരിഭ്രമിച്ചു; അതിനാൽ ഒടുവിൽ ഒരു ചെറിയ കക്കൂസ് അവൾക്കായി ഞങ്ങൾ ഒരുക്കിക്കൊടുക്കേണ്ടതായി വന്നു.”
യഹോവ “സഹജജ്ഞാന”ത്തോടു കൂടി സൃഷ്ടിച്ച ഈ ജന്തുക്കളും മററനേകം ജീവികളുമായി ഭാവിയിൽ പൂർണ്ണമായി പരിചയപ്പെടുന്നത് എത്ര സന്തോഷകരമായിരിക്കും! (g90 9/8)