“ദയയുടെ നിയമം”
യഹോവയുടെ സാക്ഷികളായ ലിസയ്ക്കും ആനിനും ഇന്നു ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് ഒരുപാട് ഇഷ്ടമാണ്.a എന്നാൽ ആദ്യം സത്യത്തിലേക്ക് അവരെ ആകർഷിച്ചത് എന്തായിരുന്നു? ലിസ സഹോദരി പറയുന്നു: “സഹോദരങ്ങൾ കാണിച്ച ദയയാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്.” ആൻ സഹോദരിക്കു പറയാനുള്ളത് ഇതാണ്: “സാക്ഷികൾ പഠിപ്പിച്ച കാര്യങ്ങളെക്കാൾ എന്നെ സ്വാധീനിച്ചത് അവരുടെ ദയയോടെയുള്ള ഇടപെടലായിരുന്നു.” അതെ, നമ്മുടെ ദയാപ്രവൃത്തികൾക്ക് ആളുകളെ സത്യത്തിലേക്കു നയിക്കാനാകും.
നമുക്ക് എങ്ങനെ മറ്റുള്ളവരോടു ദയ കാണിക്കാം? അതിനുള്ള രണ്ടു വിധങ്ങൾ ഈ ലേഖനത്തിൽ നമ്മൾ കാണും. ഒന്ന് സംസാരത്തിലൂടെ, രണ്ട് പ്രവൃത്തിയിലൂടെ. ആരോടൊക്കെ ദയ കാണിക്കണമെന്നും നമ്മൾ ഈ ലേഖനത്തിൽ പഠിക്കും.
“ദയയുടെ നിയമം” നിങ്ങളുടെ നാവിലുണ്ടായിരിക്കണം
കാര്യപ്രാപ്തിയുള്ള ഭാര്യയുടെ നാവിൽ “ദയയുടെ നിയമം” ഉണ്ടെന്നു സുഭാഷിതങ്ങൾ 31-ാം അധ്യായം പറയുന്നു. (സുഭാ. 31:26) അതായത്, ഈ ‘നിയമത്തിനു’ ചേർച്ചയിലാണ് അവൾ എന്തു സംസാരിക്കണം എങ്ങനെ സംസാരിക്കണം എന്നു തീരുമാനിക്കുന്നത്. പിതാക്കന്മാരുടെയും ഭർത്താക്കന്മാരുടെയും നാവിലും ഈ “ദയയുടെ നിയമം” ഉണ്ടായിരിക്കണം. മക്കളോടു ദയയോടെ സംസാരിക്കുന്നത് എത്ര പ്രധാനമാണെന്നു പല മാതാപിതാക്കളും തിരിച്ചറിഞ്ഞിരിക്കുന്നു. കാരണം, മക്കളോട് എപ്പോഴും ദേഷ്യപ്പെട്ട് സംസാരിച്ചാൽ അവർ അനുസരിക്കില്ലെന്നു മാത്രമല്ല, അത് അവർക്കു ദോഷം ചെയ്യാനും ഇടയുണ്ട്. എന്നാൽ, മാതാപിതാക്കൾ ദയയോടെയാണു സംസാരിക്കുന്നതെങ്കിൽ കുട്ടികൾക്ക് അതു ശ്രദ്ധിക്കാനും അനുസരിക്കാനും എളുപ്പമായിരിക്കും.
നിങ്ങൾ ഒരു അപ്പനോ അമ്മയോ ആണെങ്കിലും അല്ലെങ്കിലും നിങ്ങൾക്ക് എങ്ങനെ ദയയോടെ സംസാരിക്കാനാകും? അതിനു സഹായിക്കുന്ന ഒരു കാര്യം സുഭാഷിതങ്ങൾ 31:26-ൽ പറയുന്നു. അവിടെ പറയുന്നത് “അവൾ ജ്ഞാനത്തോടെ സംസാരിക്കുന്നു” എന്നാണ്. ജ്ഞാനത്തോടെ സംസാരിക്കുന്നതിൽ നമ്മൾ എന്തു പറയുന്നു എന്നതും എങ്ങനെ പറയുന്നു എന്നതും ഉൾപ്പെട്ടിരിക്കുന്നു. സംസാരിക്കുന്നതിനു മുമ്പ് നമുക്കു നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കാവുന്നതാണ്: ‘ഞാൻ പറയാൻ പോകുന്ന ഈ കാര്യം മറ്റുള്ളവരെ ദേഷ്യംപിടിപ്പിക്കുമോ? അതോ ആ സാഹചര്യം ശാന്തമാക്കുമോ?’ (സുഭാ. 15:1) ഇങ്ങനെ ചിന്തിക്കുന്നതു ജ്ഞാനത്തോടെ സംസാരിക്കാൻ നമ്മളെ സഹായിക്കും.
“ചിന്തിക്കാതെ സംസാരിക്കുന്നതു വാളുകൊണ്ട് കുത്തുന്നതുപോലെയാണ്” എന്നു സുഭാഷിതങ്ങളിൽ പറയുന്നു. (സുഭാ. 12:18) നമ്മുടെ വാക്കുകളും സംസാരരീതിയും മറ്റുള്ളവർ കേൾക്കുമ്പോൾ അവർക്ക് എന്തു തോന്നും എന്നു ചിന്തിക്കുന്നതു വളരെ ശ്രദ്ധിച്ച് സംസാരിക്കാൻ നമ്മളെ സഹായിക്കും. “ദയയുടെ നിയമം” അനുസരിച്ചാണു നമ്മൾ സംസാരിക്കുന്നതെങ്കിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകളും സംസാരരീതിയും ഒക്കെ നമ്മൾ ഒഴിവാക്കും. (എഫെ. 4:31, 32) മറിച്ച്, ദയയുള്ള വാക്കുകൾ ഉപയോഗിച്ച്, പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സ്നേഹത്തോടെ നമ്മൾ സംസാരിക്കും. യഹോവ അതിൽ നല്ലൊരു മാതൃകവെച്ചു. പേടിച്ചിരുന്ന ഏലിയയോട് യഹോവ ഒരു ദൂതനിലൂടെ സംസാരിച്ചത് ‘ശാന്തമായ മൃദുസ്വരത്തിലാണ്.’ (1 രാജാ. 19:12) എന്നാൽ ദയയുള്ളവരായിരിക്കാൻ ദയയോടെ സംസാരിച്ചാൽ മാത്രം പോരാ. ദയയോടെ പ്രവർത്തിക്കുകയും വേണം. അതെക്കുറിച്ച് ഇനി നമുക്കു നോക്കാം.
മറ്റുള്ളവരെ ആകർഷിക്കുന്ന ദയാപ്രവൃത്തികൾ
യഹോവയെ അനുകരിക്കുന്നവരെന്ന നിലയിൽ നമ്മൾ വാക്കുകളിൽ മാത്രമല്ല, പ്രവൃത്തികളിലും ദയ കാണിക്കണം. (എഫെ. 4:32; 5:1, 2) സാക്ഷികൾ കാണിച്ച ദയയെക്കുറിച്ച് നേരത്തേ പറഞ്ഞ ലിസ സഹോദരി പറയുന്നു: “ഞങ്ങൾക്കു പെട്ടെന്നു താമസം മാറേണ്ടിവന്നപ്പോൾ സാക്ഷികളായ രണ്ടു ദമ്പതികൾ അവധിയെടുത്ത് ഞങ്ങളെ സഹായിക്കാൻ വന്നു. ആ സമയത്ത് ഞാൻ ബൈബിൾ പഠിക്കുന്നുപോലുമില്ലായിരുന്നു!” ആ ദമ്പതികളുടെ ദയാപ്രവൃത്തികളാണു ബൈബിൾ പഠിക്കാൻ ലിസയെ പ്രേരിപ്പിച്ചത്.
നേരത്തേ കണ്ട ആൻ സഹോദരിയും, സാക്ഷികൾ തന്നോടു കാണിച്ച ദയയെ സ്നേഹത്തോടെ ഓർക്കുന്നു. സഹോദരി പറയുന്നു: “മുമ്പ് പലരിൽനിന്നും മോശമായ അനുഭവങ്ങളുണ്ടായിട്ടുള്ളതുകൊണ്ട് എനിക്ക് ആരെയും വിശ്വാസമില്ലായിരുന്നു. സാക്ഷികളെ പരിചയപ്പെട്ടപ്പോഴും അങ്ങനെയൊരു ചിന്തയായിരുന്നു. ഞാൻ ഓർത്തു: ‘എന്തിനാണ് അവർ എന്നോട് ഇത്ര സ്നേഹം കാണിക്കുന്നത്?’ എന്നാൽ എന്നെ പഠിപ്പിച്ച സഹോദരി ശരിക്കും ദയയുള്ള ആളാണെന്നു മനസ്സിലാക്കിയപ്പോൾ എനിക്ക് അവരെ വിശ്വാസമായി. അങ്ങനെ പതിയെ ആ സഹോദരി പഠിപ്പിക്കുന്ന കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാൻതുടങ്ങി.”
സഭയിലെ സഹോദരങ്ങൾ ദയയും സ്നേഹവും കാണിച്ചതുകൊണ്ടാണു ലിസയും ആനും സത്യം പഠിക്കാൻ ഇടയായത്. ആ ദയാപ്രവൃത്തികൾ യഹോവയെയും യഹോവയുടെ ആരാധകരെയും വിശ്വസിക്കാൻ അവരെ സഹായിച്ചു.
യഹോവയെ അനുകരിക്കുക, ദയ കാണിക്കുക
ചിരിച്ചുകൊണ്ട് ദയയോടെ സംസാരിക്കുന്നതു ചിലരുടെ ഒരു രീതിയാണ്. അവർ വളർന്നുവന്ന സാഹചര്യവും അവരുടെ സംസ്കാരത്തിന്റെ പ്രത്യേകതയും ആയിരിക്കാം അതിനു കാരണം. അതു നല്ലതാണെങ്കിലും ആ കാരണങ്ങൾകൊണ്ട് മാത്രമാണു നമ്മൾ ദയ കാണിക്കുന്നതെങ്കിൽ നമ്മൾ ദൈവത്തെ അനുകരിച്ചുകൊണ്ട് ദയ കാണിക്കുന്നെന്നു പറയാൻ കഴിയില്ല.—പ്രവൃത്തികൾ 28:2 താരതമ്യം ചെയ്യുക.
ദൈവത്തെ അനുകരിച്ചുകൊണ്ട് നമ്മൾ കാണിക്കുന്ന ദയ ദൈവാത്മാവിന്റെ ഫലത്തിന്റെ ഒരു ഭാഗമാണ്. (ഗലാ. 5:22, 23) അതുകൊണ്ട് അത്തരം ദയ വളർത്തിയെടുക്കാനും അതു കാണിക്കാനും നമുക്കു പരിശുദ്ധാത്മാവിന്റെ സഹായം വേണം. അങ്ങനെ ദയ കാണിക്കുമ്പോൾ നമ്മൾ യഹോവയെയും യേശുവിനെയും അനുകരിക്കുകയാണ്. ഇനി, യേശുവിനെപ്പോലെ മറ്റുള്ളവരോട് ആത്മാർഥമായ താത്പര്യം കാണിക്കുകയുമായിരിക്കും. ഇതിനു നമ്മളെ പ്രേരിപ്പിക്കുന്നത് യഹോവയോടും ആളുകളോടും ഉള്ള സ്നേഹമാണ്. അങ്ങനെ കാണിക്കുന്ന ദയ നമ്മുടെ ഹൃദയത്തിൽനിന്ന് വരുന്നതായിരിക്കും, അതു ദൈവത്തെ സന്തോഷിപ്പിക്കും. കൂടാതെ, ആളുകളെ സ്വാധീനിക്കാനുള്ള ശക്തിയും അതിനുണ്ടായിരിക്കും.
ആരോടാണു ദയ കാണിക്കേണ്ടത്?
നമുക്ക് അറിയാവുന്നവരോടും നമ്മളോടു ദയയോടെ ഇടപെടുന്നവരോടും തിരിച്ച് ദയയും നന്ദിയും ഒക്കെ കാണിക്കാൻ നമുക്ക് എളുപ്പമായിരിക്കും. (2 ശമു. 2:6; കൊലോ. 3:15) എന്നാൽ ചിലരോടു ദയ കാണിക്കേണ്ടതില്ല എന്നു നമുക്കു തോന്നുന്നെങ്കിലോ?
ഇതെക്കുറിച്ച് ഒന്നു ചിന്തിക്കുക: അനർഹദയ കാണിക്കുന്നതിൽ ഏറ്റവും നല്ല മാതൃക യഹോവയുടേതാണ്. ഇനി, അനർഹദയ കാണിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുമുണ്ട്. “അനർഹദയ” എന്ന പ്രയോഗം ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഒരുപാടു തവണ ഉപയോഗിച്ചിട്ടുണ്ട്. യഹോവ എങ്ങനെയാണു നമ്മളോട് ഈ ദയ കാണിക്കുന്നത്?
ഭൂമിയിൽ ഇതുവരെയുണ്ടായിരുന്നിട്ടുള്ള കോടിക്കണക്കിന് ആളുകൾക്കു ജീവിക്കാൻ ആവശ്യമായതെല്ലാം നൽകിക്കൊണ്ട് യഹോവ ദയ കാണിച്ചിരിക്കുന്നു. (മത്താ. 5:45) മനുഷ്യർ യഹോവയെ അറിയുന്നതിനു മുമ്പുതന്നെ യഹോവ അവരോടു ദയ കാണിച്ചു. (എഫെ. 2:4, 5, 8) ഉദാഹരണത്തിന്, ദൈവം തന്റെ ഒരേ ഒരു മകനായ യേശുവിനെ എല്ലാ മനുഷ്യർക്കുംവേണ്ടി മോചനവിലയായി നൽകി. ‘ദൈവത്തിന്റെ സമൃദ്ധമായ അനർഹദയ കാരണമാണു’ ദൈവം അങ്ങനെ ചെയ്തതെന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞു. (എഫെ. 1:7) കൂടാതെ നമ്മൾ പാപം ചെയ്ത് യഹോവയെ വേദനിപ്പിച്ചാൽപ്പോലും തുടർന്നും യഹോവ നമ്മളെ വഴി കാണിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. യഹോവയുടെ ഉപദേശവും വാക്കുകളും ഒരു ‘ചാറ്റൽമഴപോലെയാണെന്നാണു’ ബൈബിൾ പറയുന്നത്. (ആവ. 32:2) യഹോവ നമ്മളോടു കാണിച്ചിരിക്കുന്ന ഈ ദയയ്ക്കു തുല്യമായി പകരം കൊടുക്കാൻ നമുക്ക് ആർക്കും കഴിയില്ല. നമ്മുടെ ഭാവിജീവിതംപോലും യഹോവയുടെ ഈ ദയയെ ആശ്രയിച്ചാണിരിക്കുന്നത്. —1 പത്രോസ് 1:13 താരതമ്യം ചെയ്യുക.
യഹോവയുടെ ദയ നമുക്ക് ഒരുപാട് ഇഷ്ടമാണ്. മറ്റുള്ളവരോടു ദയ കാണിക്കാൻ അതു നമ്മളെ പ്രചോദിപ്പിക്കുന്നു. യഹോവയെ അനുകരിച്ചുകൊണ്ട് നമ്മൾ ചിലരോടു മാത്രമല്ല എല്ലാവരോടും ദയ കാണിക്കണം, അതു നമ്മുടെ ജീവിതരീതിയാക്കുകയും വേണം. (1 തെസ്സ. 5:15) അങ്ങനെ ചെയ്യുന്നത് നമ്മുടെ കുടുംബാംഗങ്ങൾക്കും സഹോദരങ്ങൾക്കും സഹജോലിക്കാർക്കും സഹപാഠികൾക്കും അയൽക്കാർക്കും ഒക്കെ വലിയ ആശ്വാസമായിരിക്കും. നല്ല ചൂടുള്ള സമയത്ത്, ദാഹിച്ചിരിക്കുമ്പോൾ അൽപ്പം ഇളനീർ കിട്ടുന്നതുപോലെയായിരിക്കും അവർക്ക് അപ്പോൾ തോന്നുക.
വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ നമുക്കു ദയ കാണിക്കാനാകുന്ന ആരെങ്കിലും നമ്മുടെ സഭയിലോ കുടുംബത്തിലോ ഉണ്ടോ എന്നു ചിന്തിച്ചുനോക്കുക. വീട്ടുജോലികൾ ചെയ്യുന്നതിനോ കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നതിനോ ഒക്കെ സഹായം വേണ്ട ആരെങ്കിലും നമ്മുടെ സഭയിലുണ്ടാകും. ഇനി, പ്രസംഗപ്രവർത്തനത്തിലായിരിക്കുമ്പോൾ സഹായം ആവശ്യമുള്ള ആരെയെങ്കിലും കാണുകയാണെങ്കിൽ അവർക്കു വേണ്ടതു ചെയ്തുകൊടുക്കാൻ നിങ്ങൾക്കാകുമോ?
നമ്മുടെ വാക്കുകളും പ്രവൃത്തികളും എപ്പോഴും ‘ദയയുടെ നിയമത്തിനു’ ചേർച്ചയിലുള്ളതാണെന്ന് ഉറപ്പുവരുത്തിക്കൊണ്ട് നമുക്ക് യഹോവയെ അനുകരിക്കാം.
a പേരുകൾക്കു മാറ്റമുണ്ട്.