നിങ്ങൾ ‘ജ്ഞാനം കാത്തുകൊള്ളുന്നുണ്ടോ?’
ഒരിടത്തൊരിടത്ത് അങ്ങു ദൂരെ ഒരു ഗ്രാമത്തിൽ ഒരു കുട്ടിയുണ്ടായിരുന്നു. അവനു വേണ്ടത്ര ബുദ്ധിയില്ലെന്നായിരുന്നു ഗ്രാമത്തിലുള്ളവർ വിചാരിച്ചിരുന്നത്. അതുകൊണ്ട് അവർ അവനെ കളിയാക്കും. പുറത്തുനിന്ന് ആരെങ്കിലും വന്നാൽ അവരുടെ മുന്നിൽവെച്ച് അവനെ പരിഹസിക്കാൻ ഗ്രാമവാസികളിൽ ചിലർ അവന്റെ നേരെ രണ്ടു നാണയങ്ങൾ നീട്ടും, ഒരു വലിയ വെള്ളിനാണയവും അതിന്റെ ഇരട്ടി മൂല്യമുള്ള ചെറിയ ഒരു സ്വർണനാണയവും. എന്നിട്ട് അവർ അവനോടു പറയും: “നിനക്ക് ഇഷ്ടമുള്ളത് എടുത്തോ.” ആ കുട്ടി വെള്ളിനാണയം എടുത്തുകൊണ്ട് ഓടിപ്പോകും.
ഒരു ദിവസം പുറത്തുനിന്ന് വന്ന ഒരാൾ അവനോടു ചോദിച്ചു: “വെള്ളിനാണയത്തെക്കാളും ഇരട്ടി വിലയുള്ളതാണു സ്വർണനാണയം എന്നു നിനക്കറിയില്ലേ?” അപ്പോൾ അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു: “അറിയാം.” അപ്പോൾ അയാൾ ചോദിച്ചു: “പിന്നെ നീ എന്താണു വെള്ളിനാണയം എടുക്കുന്നത്? സ്വർണനാണയം എടുത്താൽ നിനക്ക് ഇരട്ടി പണം കിട്ടില്ലേ?” കുട്ടി പറഞ്ഞു: “അതു ശരിയാണ്, പക്ഷേ ഞാൻ സ്വർണനാണയം എടുത്താൽ ആളുകൾ എന്നെ ഇങ്ങനെ കളിപ്പിക്കുന്നതു നിറുത്തും. ഇപ്പോൾ എന്റെ കൈയിൽ എത്ര വെള്ളിനാണയങ്ങളുണ്ടെന്ന് അറിയാമോ?” ആ കുട്ടിയിൽനിന്ന് മുതിർന്നവർക്കു പഠിച്ചെടുക്കാൻ കഴിയുന്ന ഒരു ഗുണമുണ്ട്—ജ്ഞാനം.
ബൈബിൾ പറയുന്നു: “മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊൾക; . . . അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും; നിന്റെ കാൽ ഇടറുകയുമില്ല.” (സദൃ. 3:21, 23) ‘ജ്ഞാനം’ എന്താണെന്നും അത് എങ്ങനെ പ്രാവർത്തികമാക്കാമെന്ന് അറിയുന്നതും നമ്മളെ സംരക്ഷിക്കും. ആത്മീയമായി തട്ടിവീഴാതെ “കാൽ” ഉറപ്പിച്ചുനിറുത്താൻ അതു നമ്മളെ സഹായിക്കും.
എന്താണു ജ്ഞാനം?
ജ്ഞാനം, അറിവിൽനിന്നും വിവേകത്തിൽനിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. അറിവുള്ള ഒരാൾ വിവരങ്ങളും വസ്തുതകളും ശേഖരിക്കുന്നു. വിവേകമുള്ള ഒരാൾ ഒരു വസ്തുത മറ്റൊരു വസ്തുതയുമായി എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നതെന്നു മനസ്സിലാക്കും. അതേസമയം ജ്ഞാനമുള്ള ഒരാൾ അറിവും വിവേകവും തമ്മിൽ ബന്ധിപ്പിച്ച് കാര്യങ്ങൾ ചെയ്യും.
ഉദാഹരണത്തിന്, ഒരു വ്യക്തി ചുരുങ്ങിയ സമയംകൊണ്ട് ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം വായിക്കുകയും അതിലെ വിവരങ്ങൾ മനസ്സിലാക്കുകയും ചെയ്തേക്കാം. ഒരുപക്ഷേ പഠിക്കുന്ന സമയത്ത് അദ്ദേഹം കൃത്യമായി ഉത്തരം പറയും, സഭായോഗങ്ങൾക്കു ഹാജരാകുകയും നല്ലനല്ല അഭിപ്രായങ്ങൾ പറയുകയും ചെയ്യും. ഇതെല്ലാം ആത്മീയപുരോഗതിയുടെ ലക്ഷണങ്ങളാണ്. എന്നാൽ അദ്ദേഹം ജ്ഞാനം നേടിയെടുത്തെന്ന് ഇത് അർഥമാക്കുന്നുണ്ടോ? അങ്ങനെയായിരിക്കണമെന്നില്ല. പഠിക്കാൻ കഴിവുള്ള ഒരാളായിരിക്കാം അദ്ദേഹം. എന്നാൽ അറിവും വിവേകവും ശരിയായ വിധത്തിൽ ഉപയോഗിച്ച് പഠിക്കുന്ന സത്യം പ്രാവർത്തികമാക്കുമ്പോഴാണ് അദ്ദേഹം ജ്ഞാനിയായിത്തീരുന്നത്. ശ്രദ്ധാപൂർവം ചിന്തിച്ച് നല്ല തീരുമാനങ്ങളെടുത്ത് വിജയിക്കുമ്പോൾ അദ്ദേഹത്തിന്റെ ജ്ഞാനം എല്ലാവർക്കും വ്യക്തമാകും.
വീടു പണിയുന്ന രണ്ടു വ്യക്തികളെക്കുറിച്ച് യേശു പറഞ്ഞ ദൃഷ്ടാന്തം നമുക്കു മത്തായി 7-ന്റെ 24 മുതൽ 27 വരെ കാണാം. അതിൽ ഒരാളെ “വിവേകി” എന്നു വിളിച്ചിരിക്കുന്നു. സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ മുൻകൂട്ടി ചിന്തിച്ചുകൊണ്ട് ആ വ്യക്തി പാറമേൽ വീടു പണിതു. ദീർഘദൃഷ്ടിയോടെ പ്രായോഗികമായി അയാൾ കാര്യങ്ങൾ ചെയ്തു. മണലിൽ വീടു പണിതാൽ അധികം പണം വേണ്ടെന്നോ പെട്ടെന്നു പണി തീർക്കാമെന്നോ അയാൾ ന്യായവാദം ചെയ്തില്ല. തന്റെ പ്രവൃത്തികളുടെ ദീർഘകാല അനന്തരഫലങ്ങളെക്കുറിച്ച് അയാൾ ജ്ഞാനപൂർവം ചിന്തിച്ചു. കാറ്റ് അടിച്ചപ്പോൾ അയാളുടെ വീടിന് ഒന്നും സംഭവിച്ചില്ല. ചോദ്യമിതാണ്: ജ്ഞാനം എന്ന അമൂല്യമായ ഗുണം നേടാനും കാത്തുകൊള്ളാനും നമുക്ക് എങ്ങനെ കഴിയും?
ജ്ഞാനം എങ്ങനെ നേടിയെടുക്കാം?
ആദ്യം, മീഖ 6:9 എന്താണു പറയുന്നതെന്നു നമുക്കു ശ്രദ്ധിക്കാം: “നിന്റെ നാമത്തെ ഭയപ്പെടുന്നതു ജ്ഞാനം ആകുന്നു.” യഹോവയുടെ നാമത്തെ ഭയപ്പെടുക എന്നാൽ യഹോവയെ ബഹുമാനിക്കുക എന്നാണ് അർഥം. ദൈവത്തിന്റെ നിലവാരങ്ങൾ ഉൾപ്പെടെ ആ നാമം പ്രതിനിധീകരിക്കുന്ന എല്ലാത്തിനോടും ആഴമായ ആദരവുണ്ടായിരിക്കുന്നതിനെ അത് അർഥമാക്കുന്നു. ഒരാളെ ആദരിക്കുന്നതിന് ആ വ്യക്തി ചിന്തിക്കുന്ന വിധം നിങ്ങൾ അറിയണം. അപ്പോൾ നിങ്ങൾക്ക് ആ വ്യക്തിയെ ആശ്രയിക്കാനും അദ്ദേഹമെടുക്കുന്ന നല്ല തീരുമാനങ്ങളിൽനിന്ന് പഠിക്കാനും കഴിയും. നമ്മുടെ പ്രവൃത്തികളുടെ അനന്തരഫലം യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ എങ്ങനെ ബാധിക്കുമെന്നു ചിന്തിക്കുകയും യഹോവയുടെ നിലവാരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കുകയും ചെയ്യുമ്പോൾ നമ്മൾ പ്രായോഗികജ്ഞാനം നേടിയെടുക്കുകയാണ്.
രണ്ടാമതായി, സദൃശവാക്യങ്ങൾ 18:1 പറയുന്നു: “കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.” ശ്രദ്ധിച്ചില്ലെങ്കിൽ നമ്മൾ യഹോവയിൽനിന്നും യഹോവയുടെ ജനത്തിൽനിന്നും നമ്മളെത്തന്നെ ഒറ്റപ്പെടുത്തിയേക്കാം. അത് ഒഴിവാക്കുന്നതിന്, ദൈവനാമത്തെ ഭയപ്പെടുകയും ദൈവത്തിന്റെ നിലവാരങ്ങളെ ആദരിക്കുകയും ചെയ്യുന്ന ആളുകളുമായി നമ്മൾ സമയം ചെലവഴിക്കണം. ക്രിസ്തീയസഭയിലെ സഹോദരങ്ങളുമായി സഹവസിക്കുന്നതിനു നമ്മൾ മീറ്റിങ്ങുകൾക്കു കഴിയുന്നിടത്തോളം ക്രമമായി കൂടിവരണം. രാജ്യഹാളിലായിരിക്കുമ്പോൾ നമ്മുടെ മനസ്സും ഹൃദയവും തുറന്ന് അവിടെ പറയുന്ന കാര്യങ്ങൾ കേൾക്കണം. അവ നമുക്കു പ്രചോദനമേകണം.
ഇതിനു പുറമേ, നമ്മുടെ ഹൃദയത്തിലുള്ളതു മുഴുവൻ പറഞ്ഞ് പ്രാർഥിക്കുന്നെങ്കിൽ യഹോവയോടു നമ്മൾ കൂടുതൽ അടുക്കും. (സദൃ. 3:5, 6) ബൈബിളും യഹോവയുടെ സംഘടന തരുന്ന പ്രസിദ്ധീകരണങ്ങളും നമ്മൾ ഹൃദയം തുറന്ന് വായിക്കുന്നെങ്കിൽ നമ്മുടെ പ്രവൃത്തികളുടെ വിദൂരഫലങ്ങൾ എന്തായിരിക്കുമെന്നു കാണാനും അതിനനുസരിച്ച് പ്രവർത്തിക്കാനും കഴിയും. പക്വതയുള്ള സഹോദരങ്ങൾ തരുന്ന ബുദ്ധിയുപദേശവും നമ്മൾ ഹൃദയപൂർവം സ്വീകരിക്കണം. (സദൃ. 19:20) അങ്ങനെയെങ്കിൽ ‘സകലജ്ഞാനത്തോടും കയർക്കുന്നതിനു’ പകരം നമ്മൾ ജ്ഞാനമെന്ന സുപ്രധാനഗുണം ഊട്ടിയുറപ്പിക്കുകയായിരിക്കും.
ജ്ഞാനം എന്റെ കുടുംബത്തെ എങ്ങനെ സഹായിക്കും?
ജ്ഞാനം കുടുംബങ്ങളെ സംരക്ഷിക്കും. ഉദാഹരണത്തിന്, ഭർത്താവിനോട് ‘ആഴമായ ബഹുമാനമുണ്ടായിരിക്കാൻ’ ബൈബിൾ ഭാര്യയോട് ആവശ്യപ്പെടുന്നു. (എഫെ. 5:33) ഭർത്താവിന് എങ്ങനെ അത്തരം ആഴമായ ബഹുമാനം നേടിയെടുക്കാനാകും? വേണമെങ്കിൽ നിർബന്ധിച്ചോ പരുഷമായോ അദ്ദേഹത്തിന് അത് അവകാശപ്പെടാം. പക്ഷേ അത് അധികം ഫലം ചെയ്യില്ല. പ്രശ്നം ഒഴിവാക്കാനായി ഭാര്യ ഒരുപക്ഷേ അദ്ദേഹമുള്ളപ്പോൾ ഒരു അളവുവരെ ബഹുമാനം കാണിച്ചേക്കാം. എന്നാൽ അദ്ദേഹം ഇല്ലാത്ത സമയത്ത് അദ്ദേഹത്തെ ബഹുമാനിക്കാൻ ഭാര്യക്കു തോന്നുമോ? സകല സാധ്യതയുമനുസരിച്ച് ഇല്ല. നിലനിൽക്കുന്ന ഫലം ലഭിക്കുന്നതിന് എന്തു ചെയ്യണമെന്ന് അദ്ദേഹം ചിന്തിക്കണം. ആത്മാവിന്റെ ഫലം കാണിച്ചുകൊണ്ട് സ്നേഹവും ദയയും ഉള്ളവനായിരിക്കുന്നെങ്കിൽ അദ്ദേഹത്തിനു ഭാര്യയുടെ ആഴമായ ബഹുമാനം നേടിയെടുക്കാനാകും. അങ്ങനെയല്ലെങ്കിൽപ്പോലും ഭാര്യ അദ്ദേഹത്തെ ബഹുമാനിക്കണം.—ഗലാ. 5:22, 23.
ഭർത്താവ് ഭാര്യയെ സ്നേഹിക്കണമെന്നു ബൈബിൾ പഠിപ്പിക്കുന്നു. (എഫെ. 5:28, 33) ഭർത്താവിന്റെ സ്നേഹം നേടിയെടുക്കുന്നതിനു ഭാര്യ ഒരുപക്ഷേ അദ്ദേഹത്തിന് അറിയാൻ അവകാശമുള്ള എന്നാൽ കേൾക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ മറച്ചുവെച്ചേക്കാം. എന്നാൽ അതു ശരിക്കും ജ്ഞാനമാണോ? മറച്ചുവെച്ചതു പിന്നീടു വെളിച്ചത്തുവരുമ്പോൾ എന്തായിരിക്കും ഫലം? അദ്ദേഹത്തിനു ഭാര്യയോടു കൂടുതൽ സ്നേഹം തോന്നുമോ? അതിനു സാധ്യതയില്ല. അതിനു പകരം ഉചിതമായ ഒരു സമയത്ത് ശാന്തമായ രീതിയിൽ ആ കാര്യങ്ങൾ അദ്ദേഹത്തോടു പറയുന്നെങ്കിൽ ഭാര്യയുടെ സത്യസന്ധതയെ ഭർത്താവ് വിലമതിച്ചേക്കാം. അങ്ങനെ അദ്ദേഹത്തിനു ഭാര്യയോടുള്ള സ്നേഹം വർധിക്കും.
മക്കൾ മാതാപിതാക്കളെ അനുസരിക്കണം. മാതാപിതാക്കൾ മക്കളെ യഹോവയുടെ വഴികൾ അഭ്യസിപ്പിക്കുകയും വേണം. (എഫെ. 6:1, 4) അതിന്റെ അർഥം, ചെയ്യേണ്ടതും ചെയ്യരുതാത്തതും ആയ കാര്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് മാതാപിതാക്കൾ ഉണ്ടാക്കണമെന്നാണോ? വീട്ടിൽ പാലിക്കേണ്ട നിയമങ്ങളും തെറ്റു ചെയ്താലുള്ള ശിക്ഷയും മക്കൾ അറിയുന്നതിലും കൂടുതൽ അതിൽ ഉൾപ്പെടുന്നു. എന്തുകൊണ്ടാണ് അനുസരിക്കേണ്ടതെന്നു മനസ്സിലാക്കാൻ ജ്ഞാനമുള്ള മാതാപിതാക്കൾ കുട്ടിയെ സഹായിക്കേണ്ടതുണ്ട്.
ഉദാഹരണത്തിന്, ഒരു കുട്ടി മാതാവിനോടോ പിതാവിനോടോ യാതൊരു മര്യാദയുമില്ലാതെ സംസാരിക്കുന്നെന്നു കരുതുക. ആ സമയത്ത് കടുത്ത ഭാഷയിൽ അവനെ വഴക്കു പറയുകയോ അപ്പോഴത്തെ ദേഷ്യത്തിന് അവനെ ശിക്ഷിക്കുകയോ ചെയ്യുന്നെങ്കിൽ അതു കുട്ടിയെ നാണംകെടുത്തിയേക്കാം, അല്ലെങ്കിൽ അവൻ അധികം മിണ്ടാതായേക്കാം. പക്ഷേ അവന്റെ ഉള്ളിൽ നീരസം നിറയാൻ ഇടയുണ്ട്, അങ്ങനെ അവൻ പതിയെപ്പതിയെ മാതാപിതാക്കളിൽനിന്ന് അകലുകയും ചെയ്തേക്കാം.
ജ്ഞാനത്തോടെ പ്രവർത്തിക്കുന്ന മാതാപിതാക്കൾ, കുട്ടികളെ ശിക്ഷിക്കുന്ന വിധത്തെക്കുറിച്ചും ഭാവിയിൽ അതു കുട്ടികളെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചും ചിന്തിക്കും. നൈമിഷികമായ വികാരത്തിന്റെ പേരിൽ മാതാപിതാക്കൾ പെട്ടെന്നു പ്രതികരിക്കരുത്. ഒരുപക്ഷേ ഒറ്റയ്ക്കായിരിക്കുമ്പോൾ ശാന്തതയോടെയും സ്നേഹത്തോടെയും കുട്ടിയുമായി ന്യായവാദം ചെയ്യാനാകും. മാതാപിതാക്കളെ കുട്ടി ബഹുമാനിക്കണമെന്ന് യഹോവ പ്രതീക്ഷിക്കുന്നെന്നും അത് അവന്റെതന്നെ നിത്യപ്രയോജനത്തിനാണെന്നും വിശദീകരിക്കാം. മാതാപിതാക്കളെ ബഹുമാനിക്കുമ്പോൾ യഹോവയെ ബഹുമാനിക്കുകയാണെന്ന് അപ്പോൾ അവനു മനസ്സിലാകും. (എഫെ. 6:2, 3) ഇങ്ങനെ ദയയോടെ ഇടപെടുന്നതു കുട്ടിയുടെ ഹൃദയത്തെ സ്പർശിക്കും. മാതാപിതാക്കളുടെ ആത്മാർഥത അവനു മനസ്സിലാകും. അവരോടുള്ള അവന്റെ ബഹുമാനം വർധിക്കുകയും ചെയ്യും. പിന്നീട് എന്തെങ്കിലും പ്രധാനപ്പെട്ട പ്രശ്നം ഉണ്ടാകുമ്പോൾ സഹായത്തിനായി കുട്ടി മാതാപിതാക്കളെ സമീപിക്കും.
തിരുത്തൽ കൊടുക്കുന്നതു കുട്ടിയെ വേദനിപ്പിക്കുമെന്നാണു ചില മാതാപിതാക്കളുടെ വിചാരം. അതുകൊണ്ട് അതു ചെയ്യേണ്ട എന്നാണ് അവർ കരുതുന്നത്. എന്നാൽ, വളർന്നുവരുമ്പോൾ എന്തായിരിക്കും ഫലം? അവൻ യഹോവയെ ഭയപ്പെടുമോ? ദൈവത്തിന്റെ നിലവാരങ്ങൾക്കു പിന്നിലെ ജ്ഞാനം അവൻ തിരിച്ചറിയുമോ? യഹോവയോടു മനസ്സും ഹൃദയവും തുറക്കാനായിരിക്കുമോ അതോ ആത്മീയമായി ഒറ്റപ്പെടുത്താനായിരിക്കുമോ അവനു തോന്നുക?—സദൃ. 13:1; 29:21.
ഒരു നല്ല ശില്പിക്കു താൻ രൂപപ്പെടുത്താൻ പോകുന്നത് എന്താണ് എന്നതിനെക്കുറിച്ച് നല്ല ധാരണ ഉണ്ടായിരിക്കണം. വെറുതേ ഉളികൊണ്ട് അവിടെയും ഇവിടെയും ചെത്തിയാൽ ഒരു നല്ല ശില്പം ഉണ്ടാകില്ല. ജ്ഞാനമുള്ള മാതാപിതാക്കൾ യഹോവയുടെ നിലവാരങ്ങൾ പഠിക്കാനും ബാധകമാക്കാനും മണിക്കൂറുകൾ ചെലവഴിക്കും. അങ്ങനെ യഹോവയുടെ നാമത്തെ ഭയപ്പെടുന്നെന്നു കാണിക്കും. യഹോവയിൽനിന്നും സംഘടനയിൽനിന്നും ഒറ്റപ്പെടുത്താതിരുന്നുകൊണ്ട് അവർ പ്രായോഗികജ്ഞാനം നേടിയെടുക്കും. അത് ഉപയോഗിച്ച് തങ്ങളുടെ കുടുംബം പണിയുകയും ചെയ്യും.
വരാനിരിക്കുന്ന അനേകം വർഷങ്ങളെ ബാധിക്കുന്ന തീരുമാനങ്ങൾ ഓരോ ദിവസവും നമ്മൾ എടുക്കേണ്ടിവരുന്നുണ്ട്. പെട്ടെന്ന് പ്രതികരിക്കുന്നതിനും ആവേശത്തിന്റെ പുറത്ത് ഒരു തീരുമാനം എടുക്കുന്നതിനും പകരം എന്തുകൊണ്ട് ഒരു നിമിഷം ചിന്തിച്ചുകൂടാ? നമ്മുടെ തീരുമാനങ്ങളുടെ ദൂരവ്യാപകഫലങ്ങൾ തൂക്കിനോക്കുക. യഹോവയുടെ വഴിനടത്തിപ്പ് ആരായുക. ദിവ്യജ്ഞാനം ബാധകമാക്കുക. അങ്ങനെയെങ്കിൽ, നമ്മൾ ജ്ഞാനം കാക്കുകയായിരിക്കും. അതു നമുക്കു ജീവൻ നേടിത്തരും.—സദൃ. 3:21, 22.