മാനുഷ ബലഹീനതയുടെമേൽ വിജയം വരിക്കൽ
“ജഡത്തിന്റെ ചിന്ത മരണം.”—റോമർ 8:6.
1. ചിലർ മനുഷ്യ ശരീരത്തെ എങ്ങനെ വീക്ഷിക്കുന്നു, ഏതു ചോദ്യം പരിചിന്തനം അർഹിക്കുന്നു?
“ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു.” (സങ്കീർത്തനം 139:14) യഹോവയുടെ സൃഷ്ടികളിൽ ഒന്നായ മനുഷ്യ ശരീരത്തെ കുറിച്ചു ധ്യാനിക്കവെ സങ്കീർത്തനക്കാരനായ ദാവീദ് അപ്രകാരം പാടി. തികച്ചും യുക്തിസഹമായ ആ സ്തുതിക്കു കടകവിരുദ്ധമായി ചില മത ഗുരുക്കന്മാർ ശരീരത്തെ പാപത്തിന്റെ ഒളിയിടമായും ഉപകരണമായും വീക്ഷിക്കുന്നു. “അജ്ഞതയുടെ പുതപ്പ്, തിന്മയുടെ അടിസ്ഥാനം, ദുഷിപ്പിന്റെ ചങ്ങല, ദുഷ്ടതയുടെ തടവറ, ജീവച്ഛവം, നിർജീവ ജഡം, നടക്കുന്ന ശ്മശാനം” എന്നിങ്ങനെയൊക്കെ അതിനു പേർ വിളിച്ചിട്ടുണ്ട്. “എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല” എന്ന് പൗലൊസ് പറഞ്ഞു എന്നതു ശരിതന്നെ. (റോമർ 7:18) എന്നാൽ അതിന്റെ അർഥം നാം പാപഗ്രസ്തമായ ഒരു ജഡത്തിൽ ആശയറ്റവരായി കുരുങ്ങിക്കിടക്കുകയാണെന്ന് ആണോ?
2. (എ) “ജഡത്തിന്റെ ചിന്ത” ഉണ്ടായിരിക്കുക എന്നതിന്റെ അർഥം എന്താണ്? (ബി) ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യരിൽ ‘ജഡവും’ ‘ആത്മാവും’ തമ്മിലുള്ള ഏതു സംഘട്ടനമാണു നടക്കുന്നത്?
2 മത്സരിയായ ആദാമിന്റെ പാപികളായ സന്താനങ്ങൾ എന്ന നിലയിലുള്ള മനുഷ്യരുടെ അപൂർണ സ്ഥിതിയെ സൂചിപ്പിക്കാൻ ചില അവസരങ്ങളിൽ തിരുവെഴുത്തുകൾ “ജഡം” എന്ന പദം ഉപയോഗിക്കുന്നു. (എഫെസ്യർ 2:3; സങ്കീർത്തനം 51:5; റോമർ 5:12) അവനിൽനിന്നു കൈമാറിക്കിട്ടിയ അപൂർണത ‘ജഡത്തെ ബലഹീനം’ ആക്കിയിരിക്കുന്നു. (റോമർ 6:19) “ജഡത്തിന്റെ ചിന്ത മരണ”മാണെന്ന് പൗലൊസ് മുന്നറിയിപ്പു നൽകി. (റോമർ 8:6) “ജഡത്തിന്റെ ചിന്ത” ഉണ്ടായിരിക്കുക എന്നതിന്റെ അർഥം പാപഗ്രസ്തമായ ജഡത്തിന്റെ ആഗ്രഹങ്ങളാൽ നിയന്ത്രിക്കപ്പെടുകയും പ്രചോദിപ്പിക്കപ്പെടുകയും ചെയ്യുക എന്നാണ്. (1 യോഹന്നാൻ 2:16) അതുകൊണ്ട് നാം ദൈവത്തെ പ്രസാദിപ്പിക്കാൻ ശ്രമിക്കുമ്പോൾ, നമ്മുടെ ആത്മീയതയും “ജഡത്തിന്റെ പ്രവൃത്തി”കൾ ചെയ്യാൻ സദാ സമ്മർദം ചെലുത്തുന്ന നമ്മുടെ പാപ പ്രകൃതവും തമ്മിലുള്ള ഒരു നിരന്തര സംഘട്ടനം നമ്മുടെ ഉള്ളിൽ നടക്കുന്നു. (ഗലാത്യർ 5:17-23; 1 പത്രൊസ് 2:11) തന്റെ ഉള്ളിൽ നടക്കുന്ന ഈ വേദനാജനകമായ സംഘട്ടനത്തെ കുറിച്ചു വിവരിച്ച ശേഷം പൗലൊസ് ഇങ്ങനെ ഉദ്ഘോഷിച്ചു: “അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?” (റോമർ 7:24) പൗലൊസ് പ്രലോഭനത്തിന്റെ ഒരു നിസ്സഹായ ഇര ആയിരുന്നോ? ആയിരുന്നില്ലെന്ന് ബൈബിൾ തറപ്പിച്ചു പറയുന്നു!
പ്രലോഭനവും പാപവും സംബന്ധിച്ച യാഥാർഥ്യം
3. അനേകരും പാപത്തെയും പ്രലോഭനത്തെയും എങ്ങനെ വീക്ഷിക്കുന്നു, എന്നാൽ അത്തരം മനോഭാവങ്ങൾക്ക് എതിരെ ബൈബിൾ നമുക്കു മുന്നറിയിപ്പു നൽകുന്നത് എങ്ങനെ?
3 ഇന്ന് അനേകർക്കും പാപം എന്നത് അസ്വീകാര്യമായ ഒരു ആശയമാണ്. മനുഷ്യരുടെ ചെറിയ പിഴവുകളെ കുറിക്കുന്ന ഒരു പഴയ പ്രയോഗമായി ചിലർ ഹാസ്യരൂപേണ “പാപ”ത്തെ പരാമർശിക്കുന്നു. “അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാ”ണെന്നുള്ള സംഗതി അവർ തിരിച്ചറിയുന്നില്ല. (2 കൊരിന്ത്യർ 5:10) ചിലർ വളരെ നിസ്സാരമായി ഇങ്ങനെ പറഞ്ഞേക്കാം: “പ്രലോഭനം ഒഴികെ മറ്റെന്തിനെയും ചെറുത്തുനിൽക്കാൻ എനിക്കു കഴിയും!” ഭക്ഷണം, ലൈംഗികത, വിനോദം, നേട്ടങ്ങൾ എന്നിങ്ങനെ ഏതു കാര്യത്തിലും സത്വര സംതൃപ്തി തേടാൻ ശ്രമിക്കുന്ന ഒരു സംസ്കാരത്തിലാണ് ചില ആളുകൾ ജീവിക്കുന്നത്. അവർക്കു സർവതും വേണമെന്നു മാത്രമല്ല, അവ ഉടനടി കിട്ടുകയും വേണം! (ലൂക്കൊസ് 15:12) അവർ ഇപ്പോഴുള്ള സുഖങ്ങൾക്ക് അപ്പുറം ഭാവിയിലെ ‘സാക്ഷാലുള്ള ജീവന്റെ’ സന്തോഷത്തിലേക്കു നോക്കുന്നില്ല. (1 തിമൊഥെയൊസ് 6:19) എന്നാൽ, ശ്രദ്ധാപൂർവം ചിന്തിക്കാനും നമ്മെ ആത്മീയമായോ മറ്റു വിധങ്ങളിലോ ദ്രോഹിച്ചേക്കാവുന്ന എന്തും ഒഴിവാക്കിക്കൊണ്ട് ദീർഘവീക്ഷണം പ്രകടമാക്കാനും ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. ഒരു നിശ്വസ്ത സദൃശവാക്യം ഇങ്ങനെ പറയുന്നു: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.”—സദൃശവാക്യങ്ങൾ 27:12.
4. 1 കൊരിന്ത്യർ 10:12, 13-ൽ പൗലൊസ് എന്ത് ഉദ്ബോധനം നൽകി?
4 ധാർമിക അധഃപതനത്തിനു കുപ്രസിദ്ധമായിരുന്ന കൊരിന്ത്യ നഗരത്തിലെ ക്രിസ്ത്യാനികൾക്കുള്ള തന്റെ ലേഖനത്തിൽ പൗലൊസ് പ്രലോഭനത്തിനും പാപത്തിന്റെ ശക്തിക്കും എതിരെ വസ്തുനിഷ്ഠമായ ഒരു മുന്നറിയിപ്പു നൽകി. അവൻ ഇങ്ങനെ പറഞ്ഞു: “നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ. മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നുമീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.” (1 കൊരിന്ത്യർ 10:12, 13) നാം എല്ലാവരും—ചെറുപ്പക്കാരും പ്രായമായവരും സ്ത്രീകളും പുരുഷന്മാരും—സ്കൂളിലും ജോലിസ്ഥലത്തും മറ്റുള്ളിടങ്ങളിലും അനേകം പ്രലോഭനങ്ങളെ അഭിമുഖീകരിക്കുന്നു. അതുകൊണ്ട് നമുക്ക് പൗലൊസിന്റെ വാക്കുകൾ പരിശോധിച്ച് അവ നമുക്ക് എന്ത് അർഥമാക്കുന്നുവെന്നു നോക്കാം.
അമിതമായ ആത്മവിശ്വാസം ഒഴിവാക്കുക
5. അമിതമായ ആത്മവിശ്വാസം അപകടകരമായിരിക്കുന്നത് എന്തുകൊണ്ട്?
5 പൗലൊസ് ഇങ്ങനെ പ്രസ്താവിക്കുന്നു: “നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.” നമ്മുടെ ധാർമിക ബലത്തെ കുറിച്ചുള്ള അമിതമായ ആത്മവിശ്വാസം അപകടകരമാണ്. പാപത്തിന്റെ സ്വഭാവത്തെയും ശക്തിയെയും കുറിച്ചുള്ള അറിവില്ലായ്മയുടെ തെളിവാണ് അത്. മോശെ, ദാവീദ്, ശലോമോൻ, പത്രൊസ് അപ്പൊസ്തലൻ തുടങ്ങിയവർ പാപത്തിലേക്കു വീണുപോയ സ്ഥിതിക്ക്, നമുക്ക് അതു സംഭവിക്കില്ലെന്നു കരുതാനാകുമോ? (സംഖ്യാപുസ്തകം 20:2-13; 2 ശമൂവേൽ 11:1-27; 1 രാജാക്കന്മാർ 11:1-6; മത്തായി 26:69-75) “ജ്ഞാനി ഭയപ്പെട്ടു ദോഷം അകററി നടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിർഭയനായി നടക്കുന്നു” എന്ന് സദൃശവാക്യങ്ങൾ 14:16 പറയുന്നു. കൂടാതെ, “ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ” എന്ന് യേശു പറഞ്ഞു. (മത്തായി 26:41) തിന്മയോടുള്ള സ്വാഭാവിക വാഞ്ഛയിൽനിന്ന് യാതൊരു അപൂർണ മനുഷ്യനും ഒഴിവുള്ളവൻ അല്ലാത്തതിനാൽ നാം പൗലൊസിന്റെ മുന്നറിയിപ്പു ഗൗരവമായി എടുക്കുകയും പ്രലോഭനത്തെ ചെറുത്തുനിൽക്കുകയും വേണം. അല്ലാത്തപക്ഷം നാം വീണുപോയേക്കാം.—യിരെമ്യാവു 17:9.
6. പ്രലോഭനത്തെ നേരിടാൻ നാം തയ്യാറെടുക്കേണ്ടത് എപ്പോൾ, എങ്ങനെ?
6 അവിചാരിതമായി ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ നേരിടാൻ തയ്യാറെടുക്കുന്നത് ജ്ഞാനമാണ്. പ്രതിരോധ സംവിധാനങ്ങൾ കെട്ടിപ്പടുക്കാനുള്ള ശരിയായ സമയം സമാധാന കാലമാണെന്ന് ആസാ രാജാവ് തിരിച്ചറിഞ്ഞു. (2 ദിനവൃത്താന്തം 14:2, 6, 7) ആക്രമണം ഉണ്ടാകുമ്പോൾ തയ്യാറെടുപ്പുകൾ നടത്താൻ സമയം കിട്ടില്ലെന്ന് അവന് അറിയാമായിരുന്നു. സമാനമായി, പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ എന്തു ചെയ്യണം എന്നതു സംബന്ധിച്ച് തീരുമാനം എടുക്കാൻ ഏറ്റവും പറ്റിയ സമയം ശാന്തമായ അന്തരീക്ഷത്തിൽ മനസ്സു വികാര വേലിയേറ്റങ്ങളിൽനിന്നു സ്വതന്ത്രമായിരിക്കുന്ന അവസരമാണ്. (സങ്കീർത്തനം 63:5) രാജഭോജനം കഴിക്കാനുള്ള സമ്മർദം ഉണ്ടാകുന്നതിനു മുമ്പുതന്നെ ദാനീയേലും ദൈവഭയമുണ്ടായിരുന്ന അവന്റെ കൂട്ടുകാരും ദൈവനിയമത്തോടു വിശ്വസ്തരായി നിലകൊള്ളാൻ തീരുമാനിച്ചിരുന്നു. അതുകൊണ്ട് തങ്ങളുടെ ബോധ്യത്തോടു പറ്റിനിൽക്കുകയും അശുദ്ധ ഭോജനം കഴിക്കാതിരിക്കുകയും ചെയ്യുന്ന കാര്യത്തിൽ അവർക്ക് അനിശ്ചിതത്വമില്ലായിരുന്നു. (ദാനീയേൽ 1:8) ധാർമികമായി ശുദ്ധരായി നിലകൊള്ളാനുള്ള നമ്മുടെ തീരുമാനത്തെ പ്രലോഭനാത്മക സാഹചര്യങ്ങൾ ഉയർന്നുവരുന്നതിനു മുമ്പുതന്നെ നമുക്കു ബലിഷ്ഠമാക്കാം. അങ്ങനെയാകുമ്പോൾ പാപത്തെ ചെറുക്കാനുള്ള ബലം നമുക്ക് ഉണ്ടായിരിക്കും.
7. മറ്റുള്ളവർ പ്രലോഭനത്തെ വിജയകരമായി ചെറുത്തുനിന്നിട്ടുണ്ടെന്ന് അറിയുന്നത് ആശ്വാസപ്രദമായിരിക്കുന്നത് എന്തുകൊണ്ട്?
7 “മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല” എന്ന പൗലൊസിന്റെ വാക്കുകൾ നമുക്ക് എന്തൊരു ആശ്വാസമാണ് പകരുന്നത്! (1 കൊരിന്ത്യർ 10:13) പത്രൊസ് അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി [സാത്താനോട്] എതിർത്തു നില്പിൻ.” (1 പത്രൊസ് 5:9) അതേ, മറ്റുള്ളവർ സമാനമായ പ്രലോഭനങ്ങളെ അഭിമുഖീകരിക്കുകയും ദൈവത്തിന്റെ സഹായത്താൽ അവയെ വിജയകരമായി ചെറുത്തു നിൽക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് നമുക്കും അതു സാധിക്കും. എന്നിരുന്നാലും അധഃപതിച്ച ഒരു ലോകത്തിൽ ജീവിക്കുന്ന സത്യക്രിസ്ത്യാനികളായ നമുക്ക് എപ്പോഴെങ്കിലുമൊക്കെ പ്രലോഭനത്തെ അഭിമുഖീകരിക്കേണ്ടിവരും. അപ്പോൾ, മാനുഷ ബലഹീനതയ്ക്കും പാപത്തിലേക്കുള്ള പ്രലോഭനത്തിനും മേൽ വിജയം വരിക്കാനാകുമെന്നു നമുക്ക് എങ്ങനെ ഉറപ്പുള്ളവരായിരിക്കാൻ കഴിയും?
നമുക്കു പ്രലോഭനത്തെ ചെറുത്തുനിൽക്കാനാകും!
8. പ്രലോഭനം ഒഴിവാക്കാനുള്ള ഒരു അടിസ്ഥാന മാർഗം ഏത്?
8 സാധ്യമെങ്കിൽ പ്രലോഭനം ഉളവാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് “പാപത്തിന്നു അടിമപ്പെടാ”തിരിക്കാനുള്ള ഒരു അടിസ്ഥാന മാർഗം. (റോമർ 6:6) സദൃശവാക്യങ്ങൾ 4:14, 15 ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു; ദുർജ്ജനത്തിന്റെ വഴിയിൽ നടക്കയുമരുതു; അതിനോടു അകന്നുനില്ക്ക; അതിൽ നടക്കരുതു; അതു വിട്ടുമാറി കടന്നുപോക.” ചില സാഹചര്യങ്ങൾ നമ്മെ പാപത്തിലേക്കു നയിക്കാൻ ഇടയുണ്ടോയെന്ന് നമുക്കു മിക്കപ്പോഴും മുൻകൂട്ടി അറിയാം. അതുകൊണ്ട് വ്യക്തമായും, ക്രിസ്ത്യാനികൾ എന്ന നിലയിൽ നാം ചെയ്യേണ്ട സംഗതി നമ്മിൽ തെറ്റായ ആഗ്രഹങ്ങളും അശുദ്ധ വികാരങ്ങളും ഉണർത്തിയേക്കാവുന്ന ഏതൊരു വ്യക്തിയിൽനിന്നും കാര്യത്തിൽനിന്നും സ്ഥലത്തുനിന്നും ‘അകന്നുനിൽക്കുക’ എന്നതാണ്.
9. നിലവാരങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ ഇടയാക്കിയേക്കാവുന്ന സാഹചര്യങ്ങളിൽനിന്ന് ഓടിയകലേണ്ടതിന്റെ പ്രാധാന്യം തിരുവെഴുത്തുകളിൽ ഊന്നിപ്പറഞ്ഞിരിക്കുന്നത് എങ്ങനെ?
9 പ്രലോഭനാത്മക സാഹചര്യത്തിൽനിന്ന് ഓടിയകലുന്നതാണ് പ്രലോഭനത്തിന്മേൽ വിജയം വരിക്കാനുള്ള മറ്റൊരു അടിസ്ഥാന നടപടി. “ദുർന്നടപ്പു വിട്ടു ഓടുവിൻ” എന്ന് പൗലൊസ് ബുദ്ധിയുപദേശിച്ചു. (1 കൊരിന്ത്യർ 6:18) അവൻ ഇങ്ങനെ എഴുതി: “വിഗ്രഹാരാധന വിട്ടോടുവിൻ.” (1 കൊരിന്ത്യർ 10:14) തന്നെയുമല്ല, ധനത്തോടുള്ള അതിരുകവിഞ്ഞ വാഞ്ഛയും “യൌവനമോഹങ്ങ”ളും വിട്ടോടാൻ പൗലൊസ് തിമൊഥെയൊസിനെ ഉപദേശിച്ചു.—2 തിമൊഥെയൊസ് 2:22; 1 തിമൊഥെയൊസ് 6:9-11.
10. പ്രലോഭനത്തിൽനിന്ന് ഓടിയകലേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന, രണ്ടു വിപരീത ദൃഷ്ടാന്തങ്ങൾ ഏവ?
10 ഇസ്രായേലിലെ ദാവീദ് രാജാവിന്റെ കാര്യം പരിചിന്തിക്കുക. അവൻ തന്റെ കൊട്ടാരത്തിന്റെ മുകളിൽനിന്ന് നോക്കിയപ്പോൾ സുന്ദരിയായ ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. തെറ്റായ ആഗ്രഹങ്ങൾ അവന്റെ മനസ്സിൽ നിറഞ്ഞു. അവൻ അവിടെനിന്നു മാറിപ്പോകുകയും പ്രലോഭനത്തിൽനിന്ന് ഓടിയകലുകയും ചെയ്യേണ്ടതായിരുന്നു. എന്നാൽ അതിനു പകരം അവൻ ആ സ്ത്രീയെ—ബത്ത്-ശേബയെ—കുറിച്ച് അന്വേഷിക്കുകയാണ് ചെയ്തത്. ഫലം വിപത്കരമായിരുന്നു. (2 ശമൂവേൽ 11:1-12:23) നേരെമറിച്ച്, തന്നോടൊപ്പം ശയിക്കാൻ യജമാനന്റെ ദുർമാർഗിയായ ഭാര്യ യോസേഫിനെ നിർബന്ധിച്ചപ്പോൾ അവൻ എങ്ങനെയാണു പ്രതികരിച്ചത്? പ്രസ്തുത വിവരണം നമ്മോട് ഇങ്ങനെ പറയുന്നു: “അവൾ ദിനം പ്രതിയും യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിപ്പാനോ അവളുടെ അരികെ ഇരിപ്പാനോ അവൻ അവളെ അനുസരിച്ചില്ല.” മോശൈക ന്യായപ്രമാണത്തിലെ കൽപ്പനകൾ അന്ന് നൽകപ്പെട്ടിരുന്നില്ലെങ്കിലും യോസേഫ് അവളോട് ഇങ്ങനെ മറുപടി പറഞ്ഞു: “ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ”? ഒരു ദിവസം അവൾ അവനെ കടന്നുപിടിച്ച്, “എന്നോടു കൂടെ ശയിക്ക” എന്നു പറഞ്ഞു. യോസേഫ് അപ്പോൾ അവിടെനിന്ന് അവളുമായി ന്യായവാദം ചെയ്യാൻ ശ്രമിച്ചോ? ഇല്ല. അവൻ “പുറത്തേക്കു ഓടിക്കളഞ്ഞു.” ലൈംഗിക പ്രലോഭനം തന്നെ കീഴടക്കാൻ യോസേഫ് അവസരം നൽകിയില്ല. അവൻ ഓടിപ്പോയി!—ഉല്പത്തി 39:7-16.
11. ഒരു പ്രലോഭനം നമുക്കു കൂടെക്കൂടെ അനുഭവപ്പെടുന്നെങ്കിൽ എന്തു ചെയ്യാവുന്നതാണ്?
11 ഓടിപ്പോകുന്നതിനെ പലപ്പോഴും ഭീരുത്വമായി വീക്ഷിച്ചേക്കാം. എന്നാൽ പ്രലോഭനാത്മകമായ ഒരു സാഹചര്യത്തിൽനിന്നു മാറിപ്പോകുന്നതുതന്നെയാണ് മിക്കപ്പോഴും ജ്ഞാനപൂർവകമായ ഗതി. ഒരുപക്ഷേ ജോലിസ്ഥലത്ത് നാം തുടർച്ചയായി പ്രലോഭനത്തെ അഭിമുഖീകരിക്കുന്നുണ്ടാകാം. ജോലികൾ മാറാൻ നമുക്കു കഴിയുന്നില്ലെങ്കിൽ പോലും, പ്രലോഭനാത്മകമായ സാഹചര്യങ്ങളിൽനിന്നു മാറിനിൽക്കാൻ മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നേക്കാം. തെറ്റാണെന്ന് നമുക്ക് അറിയാവുന്ന എന്തിൽനിന്നും നാം ഓടിയകലണം. ശരിയായതു മാത്രം ചെയ്യാൻ നാം ദൃഢനിശ്ചയം ചെയ്യണം. (ആമോസ് 5:15) ചില സ്ഥലങ്ങളിൽ, പ്രലോഭനത്തിൽനിന്ന് ഓടിയകലുന്നതിന് അശ്ലീല ഇന്റർനെറ്റ് സൈറ്റുകളും ചോദ്യംചെയ്യത്തക്കതായ വിനോദ സ്ഥലങ്ങളും ഒഴിവാക്കേണ്ടത് ആവശ്യമാണ്. കൂടാതെ, ഒരു മാസിക നശിപ്പിച്ചു കളയുന്നതോ ദൈവത്തെ സ്നേഹിക്കുന്നവരും നമ്മെ സഹായിക്കാൻ പ്രാപ്തരുമായ പുതിയ സുഹൃത്തുക്കളെ കണ്ടെത്തുന്നതോ അതിൽ ഉൾപ്പെട്ടേക്കാം. (സദൃശവാക്യങ്ങൾ 13:20) പാപം ചെയ്യാൻ നമ്മെ പ്രലോഭിപ്പിക്കുന്നത് എന്തുതന്നെ ആയിരുന്നാലും, അതിനെ മനഃപൂർവം തള്ളിക്കളയുന്നത് ജ്ഞാനമാണ്.—റോമർ 12:9.
പ്രാർഥനയിലൂടെ ലഭിക്കുന്ന സഹായം
12. “ഞങ്ങളെ പരീക്ഷയിൽ കടത്ത”രുതേ എന്നു പ്രാർഥിക്കുമ്പോൾ നാം ദൈവത്തോട് എന്താണ് അപേക്ഷിക്കുന്നത്?
12 പൗലൊസ് ആശ്വാസപ്രദമായ ഈ ഉറപ്പ് നൽകുന്നു: “ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നുമീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.” (1 കൊരിന്ത്യർ 10:13) പ്രലോഭനത്തെ ചെറുത്തുനിൽക്കാൻ സഹായം തേടിക്കൊണ്ടുള്ള നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം നൽകുന്നതാണ് നമ്മെ സഹായിക്കാൻ യഹോവ ചെയ്യുന്ന ഒരു സംഗതി. “ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ” എന്നു പ്രാർഥിക്കാൻ യേശു നമ്മെ പഠിപ്പിച്ചു. (മത്തായി 6:13) അത്തരം ഹൃദയംഗമമായ പ്രാർഥനകളോടുള്ള പ്രതികരണമായി യഹോവ പ്രലോഭനത്തിനു വശംവദരാകാതവണ്ണം നമ്മെ കാക്കുകയും സാത്താനിൽനിന്നും അവന്റെ കുടില തന്ത്രങ്ങളിൽനിന്നും നമ്മെ വിടുവിക്കുകയും ചെയ്യും. (എഫെസ്യർ 6:11) പ്രലോഭനങ്ങളെ തിരിച്ചറിയുന്നതിനുള്ള സഹായത്തിനും അവയെ ചെറുക്കാനുള്ള ശക്തിക്കും വേണ്ടി നാം ദൈവത്തോട് അപേക്ഷിക്കണം. പ്രലോഭനം ഉണ്ടാകുമ്പോൾ പരാജയപ്പെടാൻ അനുവദിക്കരുതേ എന്ന് നാം അവനോടു യാചിക്കുന്നെങ്കിൽ, “ദുഷ്ട”നായ സാത്താൻ നമ്മെ കീഴ്പെടുത്താതിരിക്കത്തക്കവണ്ണം അവൻ നമ്മെ സഹായിക്കും.
13. തുടർച്ചയായി പ്രലോഭനം ഉണ്ടാകുമ്പോൾ നാം എന്തു ചെയ്യണം?
13 തുടർച്ചയായി പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ നാം വിശേഷാൽ ഉള്ളുരുകി പ്രാർഥിക്കണം. ചില പ്രലോഭനങ്ങൾ, നാം വാസ്തവത്തിൽ എത്ര ബലഹീനരാണെന്ന് നമ്മെ ശക്തമായി ഓർമിപ്പിക്കുന്ന ചിന്തകളും മനോഭാവങ്ങളുമായുള്ള ഒരു കടുത്ത ആന്തരിക സംഘട്ടനം നമ്മിൽ ഉളവാക്കിയേക്കാം. (സങ്കീർത്തനം 51:5) ദൃഷ്ടാന്തത്തിന്, കഴിഞ്ഞകാലത്തെ ചില ദുഷിച്ച നടപടികളെ കുറിച്ചുള്ള ഓർമകൾ നമ്മെ വേദനിപ്പിക്കുന്നെങ്കിൽ നമുക്ക് എന്തു ചെയ്യാനാകും? ഇനി, അത്തരം പ്രവർത്തനങ്ങളിലേക്കു മടങ്ങിപ്പോകാൻ നമുക്കു പ്രലോഭനം തോന്നുന്നെങ്കിലോ? അത്തരം വികാരങ്ങളെ അടിച്ചമർത്താൻ മാത്രം ശ്രമിക്കുന്നതിനു പകരം പ്രാർഥനയിൽ വിവരം യഹോവയെ അറിയിക്കുക. ആവശ്യമെങ്കിൽ അത് ആവർത്തിച്ച് ചെയ്യുക. (സങ്കീർത്തനം 55:22) അവന്റെ വചനത്തിന്റെയും പരിശുദ്ധാത്മാവിന്റെയും ശക്തി ഉപയോഗിച്ച് അശുദ്ധ ചായ്വുകളിൽനിന്നു നമ്മുടെ മനസ്സിനെ വെടിപ്പാക്കുന്നതിനു നമ്മെ സഹായിക്കാൻ അവനു കഴിയും.—സങ്കീർത്തനം 19:8, 9.
14. മാനുഷ ബലഹീനതകളെ തരണം ചെയ്യാൻ പ്രാർഥന അത്യന്താപേക്ഷിതം ആയിരിക്കുന്നത് എന്തുകൊണ്ട്?
14 ഗെത്ത്ശെമന തോട്ടത്തിൽവെച്ച് അപ്പൊസ്തലന്മാർ ഉറക്കം തൂങ്ങുന്നതു കണ്ടപ്പോൾ യേശു അവരെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ.” (മത്തായി 26:41) പ്രലോഭനത്തെ മറികടക്കാനുള്ള ഒരു മാർഗം പ്രലോഭനത്തിന്റെ വ്യത്യസ്ത രൂപങ്ങളെ കുറിച്ചു ജാഗ്രതപുലർത്തുകയും അതിന്റെ കൗശല വശങ്ങൾ എളുപ്പം തിരിച്ചറിയുകയും ചെയ്യുക എന്നതാണ്. പ്രലോഭനത്തോടു പോരാടാൻ ആത്മീയമായി സജ്ജരാകേണ്ടതിന്, സമയം ഒട്ടും പാഴാക്കാതെ അതേക്കുറിച്ചു പ്രാർഥിക്കുന്നതും മർമപ്രധാനമാണ്. നാം ഏറ്റവും ബലഹീനരായിരിക്കുന്ന വശങ്ങളിലാണ് പ്രലോഭനം അനുഭവപ്പെടുക. അതുകൊണ്ട് ഒറ്റയ്ക്ക് അതിനെ ചെറുത്തുനിൽക്കാൻ നമുക്കാവില്ല. ദൈവത്തിന്റെ ശക്തിക്ക് സാത്താന് എതിരായ നമ്മുടെ പ്രതിരോധത്തെ ബലപ്പെടുത്താൻ കഴിയും എന്നതിനാൽ പ്രാർഥന അത്യന്താപേക്ഷിതമാണ്. (ഫിലിപ്പിയർ 4:6, 7) കൂടാതെ, “സഭയിലെ മൂപ്പന്മാ”രുടെ ആത്മീയ സഹായവും പ്രാർഥനകളും നമുക്ക് ആവശ്യമായിരിക്കാം.—യാക്കോബ് 5:13-18.
പ്രലോഭനത്തെ സജീവമായി ചെറുക്കുക
15. പ്രലോഭനത്തെ ചെറുക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
15 സാധ്യമായിരിക്കുമ്പോഴൊക്കെ പ്രലോഭനം ഒഴിവാക്കുന്നതു കൂടാതെ പ്രലോഭനം ഇല്ലാതാകുകയോ സാഹചര്യം മാറുകയോ ചെയ്യുന്നതുവരെ അതിനെ സജീവമായി ചെറുക്കുകയും വേണം. സാത്താൻ യേശുവിനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവൻ വിട്ടുപോകുന്നതുവരെ യേശു ചെറുത്തുനിന്നു. (മത്തായി 4:1-11) “പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും” എന്ന് ശിഷ്യനായ യാക്കോബ് എഴുതി. (യാക്കോബ് 4:7) ദൈവവചനം ഉപയോഗിച്ച് നമ്മുടെ മനസ്സിനെ ബലപ്പെടുത്തുകയും ദൈവത്തിന്റെ നിലവാരങ്ങളോടു പറ്റിനിൽക്കുമെന്ന് ഉറച്ച തീരുമാനം എടുക്കുകയും ചെയ്യുന്നതോടെയാണ് നമ്മുടെ ചെറുത്തുനിൽപ്പ് ആരംഭിക്കുന്നത്. നമ്മുടെ പ്രത്യേക ബലഹീനതകളോടു ബന്ധപ്പെട്ട മുഖ്യ തിരുവെഴുത്തുകൾ ഹൃദിസ്ഥമാക്കുന്നതും അവയെ കുറിച്ചു ധ്യാനിക്കുന്നതും നല്ലതാണ്. നമ്മുടെ ആകുലതകൾ പങ്കുവെക്കാനും തെറ്റു ചെയ്യാൻ പെട്ടെന്നു പ്രലോഭനം ഉണ്ടാകുമ്പോൾ സഹായത്തിനായി സമീപിക്കാനും കഴിയുന്ന പക്വതയുള്ള ഒരു ക്രിസ്ത്യാനിയെ, ഒരുപക്ഷേ ഒരു മൂപ്പനെ, കണ്ടെത്തുന്നതും ജ്ഞാനമാണ്.—സദൃശവാക്യങ്ങൾ 22:17.
16. നമുക്കു ധർമിഷ്ഠരായി നിലകൊള്ളാൻ കഴിയുന്നത് എങ്ങനെ?
16 പുതിയ വ്യക്തിത്വം ധരിക്കാൻ തിരുവെഴുത്തുകൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. (എഫെസ്യർ 4:24, NW) നമ്മെ രൂപപ്പെടുത്താനും നമുക്കു മാറ്റം വരുത്താനും യഹോവയെ അനുവദിക്കുന്നതിനെ അത് അർഥമാക്കുന്നു. തന്റെ കൂട്ടുവേലക്കാരനായ തിമൊഥെയൊസിന് പൗലൊസ് ഇങ്ങനെ എഴുതി: “നീതി, ഭക്തി, വിശ്വാസം, സ്നേഹം ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക. വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിന്നായി നീ വിളിക്കപ്പെട്ടു.” (1 തിമൊഥെയൊസ് 6:11, 12) ദൈവത്തിന്റെ വ്യക്തിത്വത്തെ കുറിച്ച് സൂക്ഷ്മപരിജ്ഞാനം ലഭിക്കേണ്ടതിന് അവന്റെ വചനം ഉത്സാഹപൂർവം പഠിക്കുകയും തുടർന്ന് അവന്റെ നിബന്ധനകൾക്ക് അനുസൃതമായി ജീവിക്കുകയും ചെയ്തുകൊണ്ട് നമുക്കു ‘നീതി പിന്തുടരാൻ’ കഴിയും. സുവാർത്താ പ്രസംഗം, യോഗങ്ങൾക്കു ഹാജരാകൽ തുടങ്ങിയ ക്രിസ്തീയ പ്രവർത്തനങ്ങളുടെ ഒരു സമ്പൂർണ പട്ടിക ഉണ്ടായിരിക്കുന്നതും പ്രധാനമാണ്. ദൈവത്തോട് അടുത്തു ചെല്ലുന്നതും അവന്റെ ആത്മീയ കരുതലുകളിൽനിന്നു പൂർണമായി പ്രയോജനം നേടുന്നതും ആത്മീയമായി വളരാനും ധർമിഷ്ഠരായി നിലകൊള്ളാനും നമ്മെ സഹായിക്കും.—യാക്കോബ് 4:8.
17. പ്രലോഭന സമയത്ത് ദൈവം നമ്മെ കൈവിടുകയില്ലെന്ന് നമുക്ക് എങ്ങനെ അറിയാം?
17 നാം അഭിമുഖീകരിക്കേണ്ടിവരുന്ന ഏതൊരു പ്രലോഭനവും അതിനെ നേരിടാനുള്ള നമ്മുടെ ദൈവദത്ത പ്രാപ്തിക്ക് അതീതമായിരിക്കില്ലെന്ന് പൗലൊസ് നമുക്ക് ഉറപ്പുതരുന്നു. ‘നമുക്കു സഹിപ്പാൻ കഴിയേണ്ടതിന്നു യഹോവ പോക്കുവഴി ഉണ്ടാക്കും.’ (1 കൊരിന്ത്യർ 10:13) നാം ദൈവത്തിൽ തുടർന്നും ആശ്രയിക്കുന്ന പക്ഷം, നിർമലത നിലനിറുത്താൻ നമ്മുടെ ആത്മീയ ശക്തിക്കു കഴിയാതാകുന്ന ഘട്ടത്തോളം നാം പ്രലോഭിപ്പിക്കപ്പെടാൻ അവൻ തീർച്ചയായും അനുവദിക്കില്ല. അവന്റെ ദൃഷ്ടിയിൽ തിന്മയായതു ചെയ്യാനുള്ള പ്രലോഭനത്തെ ശക്തമായി ചെറുക്കുന്നതിൽ നാം വിജയിക്കണമെന്നാണ് അവന്റെ ആഗ്രഹം. തന്നെയുമല്ല, “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്ന അവന്റെ വാഗ്ദാനത്തിൽ നമുക്കു വിശ്വാസമുണ്ടായിരിക്കാൻ കഴിയും.—എബ്രായർ 13:5.
18. മാനുഷ ബലഹീനതയുടെമേൽ വിജയം വരിക്കാനാകുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
18 മാനുഷിക ബലഹീനതയ്ക്ക് എതിരായ തന്റെ വ്യക്തിഗത പോരാട്ടത്തിന്റെ ഫലം സംബന്ധിച്ച് പൗലൊസിന് സംശയം ഇല്ലായിരുന്നു. തന്റെ ജഡാഭിലാഷങ്ങളുടെ നിസ്സഹായനായ ഒരു ദയനീയ ഇരയാണ് താനെന്ന് പൗലൊസ് കരുതിയില്ല. നേരെമറിച്ച് അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നതു; ആകാശത്തെ കുത്തുന്നതു പോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നതു. മററുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു.” (1 കൊരിന്ത്യർ 9:26, 27) നമുക്കും അപൂർണ ജഡത്തിന് എതിരെ വിജയകരമായി പോരാടാൻ കഴിയും. നമ്മുടെ സ്നേഹവാനായ സ്വർഗീയ പിതാവ് തിരുവെഴുത്തുകളിലൂടെയും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിലൂടെയും ക്രിസ്തീയ യോഗങ്ങളിലൂടെയും പക്വതയുള്ള സഹക്രിസ്ത്യാനികളിലൂടെയും നീതിനിഷ്ഠമായ ഒരു ഗതി പിന്തുടരാൻ നമ്മെ സഹായിക്കുന്ന തുടർച്ചയായ ഓർമിപ്പിക്കലുകൾ നമുക്കു തരുന്നു. അവന്റെ സഹായത്തോടെ നമുക്ക് മാനുഷ ബലഹീനതയുടെമേൽ വിജയം വരിക്കാനാകും!
നിങ്ങൾ ഓർമിക്കുന്നുവോ?
• “ജഡത്തിന്റെ ചിന്ത” ഉണ്ടായിരിക്കുക എന്നാൽ അർഥമെന്ത്?
• പ്രലോഭനത്തെ നേരിടുന്നതിന് നമുക്ക് എങ്ങനെ തയ്യാറെടുക്കാൻ കഴിയും?
• പ്രലോഭനത്തെ മറികടക്കാൻ നമുക്ക് എന്തു ചെയ്യാനാകും?
• പ്രലോഭനത്തെ നേരിടുന്ന കാര്യത്തിൽ പ്രാർഥന എന്തു പങ്കുവഹിക്കുന്നു?
• മാനുഷ ബലഹീനതയുടെമേൽ വിജയം വരിക്കാനാകുമെന്ന് നമുക്ക് എങ്ങനെ അറിയാം?
[10-ാം പേജിലെ ചിത്രങ്ങൾ]
ജഡാഭിലാഷങ്ങളുടെ നിസ്സഹായ ഇരകളാണ് നാമെന്ന് ബൈബിൾ പഠിപ്പിക്കുന്നില്ല
[12-ാം പേജിലെ ചിത്രം]
പാപം ചെയ്യുന്നത് ഒഴിവാക്കാനുള്ള ഒരു അടിസ്ഥാന മാർഗം പ്രലോഭനത്തിൽനിന്ന് ഓടിയകലുക എന്നതാണ്