“സ്വർഗ്ഗീയ ധാന്യ”ത്തിൽ നിന്നു പ്രയോജനം അനുഭവിക്കൽ
ഈജിപ്തിൽ നിന്ന് അത്ഭുതകരമായി വിടുവിക്കപ്പെട്ട് ഉടനെതന്നെ ഇസ്രായേല്യർ തങ്ങളുടെ വിമോചകനായ യഹോവയിൽ കടുത്ത വിശ്വാസരാഹിത്യം പ്രകടമാക്കി. തത്ഫലമായി, അവർ 40 വർഷക്കാലം സീനായ് മരുഭൂമിയിൽ അലഞ്ഞുനടക്കാൻ യഹോവ ഇടയാക്കി. ആ കാലത്തെല്ലാം ഇസ്രായേല്യർക്കും അവരോടു ചേർന്ന പരദേശികളായ “സമ്മിശ്രപുരുഷാര”ത്തിനും “തൃപ്തിയാകുംവണ്ണം” തിന്നാനും കുടിപ്പാനും ഉണ്ടായിരുന്നു. (പുറപ്പാടു 12:37, 38) സങ്കീർത്തനം 78:23-25 വരെയുള്ള ഭാഗങ്ങൾ അത് എങ്ങനെ സാധ്യമായെന്നു പറയുന്നു: “അവൻ [യഹോവ] മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു. അവർക്കു തിന്മാൻ മന്ന വർഷിപ്പിച്ചു; സ്വർഗ്ഗീയധാന്യം അവർക്കു കൊടുത്തു. മനുഷ്യർ ശക്തിമാന്മാരുടെ അപ്പം തിന്നു; അവൻ അവർക്കു തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.”
മന്ന ഭക്ഷിച്ച ഒരു വ്യക്തിയെന്ന നിലയിൽ മോശെ ഈ അതുല്യ ഭക്ഷണത്തെ വിവരിച്ചു. “മഞ്ഞു മാറിയ ശേഷം മരുഭൂമിയിൽ എല്ലാടവും ചെതുമ്പലിന്റെ മാതിരിയിൽ ഒരു നേരിയ വസ്തു ഉറെച്ച മഞ്ഞുപോലെ നിലത്തു കിടക്കുന്നതു കണ്ടു. യിസ്രായേൽമക്കൾ അതു കണ്ടാറെ എന്തെന്നു അറിയായ്കയാൽ ഇതെന്തു,” എബ്രായ ഭാഷയിൽ “മാൻ ഹു?,” എന്നു തമ്മിൽ തമ്മിൽ ചോദിച്ചു. ഇസ്രായേല്യർ ആ ഭക്ഷണത്തിനിട്ട മന്നാ എന്ന പേർ ഈ പദത്തിൽ നിന്നായിരിക്കാം വന്നത്. മോശെ ഇങ്ങനെ പറഞ്ഞു: “അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേൻ കൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു.”—പുറപ്പാടു 16:13-15, 31, NW അടിക്കുറിപ്പ്.
ചിലർ വാദിക്കുന്നതുപോലെ മന്ന പ്രകൃതിജന്യമായ ഭക്ഷണമല്ലായിരുന്നു. ഇതിന്റെ ലഭ്യതയിൽ ഒരു പ്രകൃത്യതീത ശക്തി ഉൾപ്പെട്ടിരുന്നു. ഉദാഹരണത്തിന്, അതിന്റെ ലഭ്യത സ്ഥലമോ കാലമോ അനുസരിച്ചായിരുന്നില്ല. അടുത്ത ദിവസത്തേക്കു വെച്ചിരുന്നാൽ അതു പുഴുത്തു നാറ്റം വെക്കുമായിരുന്നു; എന്നിരുന്നാലും പ്രതിവാര ശബ്ബത്തിനു തലേന്നാൾ ഓരോ കുടുംബവും ശേഖരിച്ച ഇരട്ടി അളവ് മന്ന പിറ്റേ ദിവസമായപ്പോൾ കേടായിപ്പോയില്ല, തന്മൂലം ശബ്ബത്ത് ദിവസം—ആ ദിവസം മന്ന കാണുമായിരുന്നില്ല—അതു ഭക്ഷിക്കാമായിരുന്നു. മന്ന അത്ഭുതകരമായ ഒരു ഭക്ഷ്യവസ്തു ആയിരുന്നു എന്നതിൽ സംശയമില്ല.—പുറപ്പാടു 16:19-30.
സങ്കീർത്തനം 78-ാം അധ്യായത്തിലെ ‘ശക്തിമാന്മാർ’ അഥവാ “ദൂതന്മാർ” എന്ന പരാമർശം സൂചിപ്പിക്കുന്നത് മന്ന പ്രദാനം ചെയ്യാൻ യഹോവ ദൂതന്മാരെ ഉപയോഗിച്ചിരിക്കാം എന്നാണ്. (സങ്കീർത്തനം 78:25, NW അടിക്കുറിപ്പ്) സംഗതി എന്തുതന്നെ ആയിരുന്നാലും, ദൈവത്തിന്റെ ദയയെപ്രതി അവനോടു കൃതജ്ഞരായിരിക്കാൻ ഇസ്രായേല്യർക്കു സകല കാരണവും ഉണ്ടായിരുന്നു. എന്നിരുന്നാലും, ഈജിപ്തിലെ അടിമത്തത്തിൽ നിന്നു തങ്ങളെ വിടുവിച്ചവനോട് അനേകരും നന്ദികെട്ട മനോഭാവമാണു കാട്ടിയത്. യഹോവയുടെ സ്നേഹദയയെ കുറിച്ചു ധ്യാനിക്കാൻ പരാജയപ്പെടുന്നെങ്കിൽ നാമും യഹോവയുടെ കരുതലുകളെ നിസ്സാരമായെടുക്കുകയോ നന്ദികെട്ടവരായിത്തീരുകയോ ചെയ്തേക്കാം. അതിനാൽ ഇസ്രായേലിന്റെ വിടുതലും അനന്തര സംഭവങ്ങളും “നമ്മുടെ ഉപദേശത്തിനായി” രേഖപ്പെടുത്തിയതിൽ നമുക്കു യഹോവയോടു നന്ദിയുള്ളവർ ആയിരിക്കാം.—റോമർ 15:4.
ഇസ്രായേലിനുള്ള പാഠം ക്രിസ്ത്യാനികൾക്കു പ്രയോജനം ചെയ്യുന്നു
മന്ന പ്രദാനം ചെയ്തപ്പോൾ മുപ്പതു ലക്ഷത്തോളം വരുന്ന ഇസ്രായേല്യരുടെ ശാരീരിക ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുക എന്നതിനെക്കാൾ കവിഞ്ഞ ഒരു ഉദ്ദേശ്യം യഹോവയ്ക്ക് ഉണ്ടായിരുന്നു. അവരുടെ തന്നെ പ്രയോജനത്തിനായി അവരെ നിർമലീകരിക്കാനും ശിക്ഷണം നൽകാനും തക്കവണ്ണം ‘അവരെ താഴ്ത്തി പരീക്ഷിക്കാൻ’ അവൻ ആഗ്രഹിച്ചു. (ആവർത്തനപുസ്തകം 8:16; യെശയ്യാവു 48:17) അവർ ആ നിർമലീകരണത്തോടും ശിക്ഷണത്തോടും പ്രതികരിച്ചിരുന്നെങ്കിൽ, വാഗ്ദത്തദേശത്ത് സമാധാനവും സമൃദ്ധിയും സന്തോഷവും നൽകിക്കൊണ്ട് അവർക്കു ‘പിൻകാലത്തു നന്മ ചെയ്യുന്നതിൽ’ യഹോവ സന്തോഷിക്കുമായിരുന്നു.
അവർ പഠിക്കേണ്ടിയിരുന്ന മർമപ്രധാനമായ ഒരു സംഗതി “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നതായിരുന്നു. (ആവർത്തനപുസ്തകം 8:3) തന്റെ ജനത്തിനു മന്ന ലഭിക്കാൻ ദൈവം കൽപ്പന നൽകിയില്ലായിരുന്നെങ്കിൽ, അവർ പട്ടിണി കിടക്കേണ്ടിവരുമായിരുന്നു—ആ കാര്യം അവർ മനസ്സോടെ സമ്മതിക്കുകയും ചെയ്തു. (പുറപ്പാടു 16:3, 4) വിലമതിപ്പുണ്ടായിരുന്ന ഇസ്രായേല്യർ യഹോവയിൽ പരിപൂർണമായി ആശ്രയിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചു ദൈനംദിനം അനുസ്മരിപ്പിക്കപ്പെട്ടു, അങ്ങനെ അവർ താഴ്മയുള്ളവരായി. ഭൗതിക സമൃദ്ധിയുള്ള വാഗ്ദത്ത നാട്ടിൽ പ്രവേശിച്ചു കഴിയുമ്പോൾ, അവർ യഹോവയെയും അവനിൽ ആശ്രയിക്കേണ്ടതിന്റെ ആവശ്യത്തെയും വിസ്മരിക്കാനുള്ള സാധ്യത കുറവായിരുന്നു.
ഇസ്രായേല്യരെ പോലെ, ക്രിസ്ത്യാനികൾ ജീവിതത്തിലെ—ഭൗതികവും ആത്മീയവുമായ—അവശ്യ സംഗതികൾക്കായി ദൈവത്തിൽ ആശ്രയിക്കേണ്ടതുണ്ടെന്ന കാര്യം സംബന്ധിച്ച് ബോധമുള്ളവർ ആയിരിക്കണം. (മത്തായി 5:3; 6:31-33, NW) പിശാചിന്റെ ഒരു പ്രലോഭനത്തിന് ഉത്തരം കൊടുത്തപ്പോൾ യേശു ആവർത്തനപുസ്തകം 8:3-ൽ രേഖപ്പെടുത്തിയിരിക്കുന്ന മോശെയുടെ വാക്കുകൾ ഉദ്ധരിച്ചു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” (മത്തായി 4:4) അതേ, ദൈവത്തിന്റെ സത്യാരാധകർ യഹോവ തന്റെ വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വചനങ്ങൾ വായിച്ചുകൊണ്ട് പരിപോഷിതരാകുന്നു. കൂടാതെ, രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കുകയും ദൈവത്തോടു കൂടെ നടക്കുകയും ചെയ്യവെ ഈ വചനങ്ങളുടെ പ്രയോജനകരമായ ഫലങ്ങൾ അവർക്കു തങ്ങളുടെ ജീവിതത്തിൽ അനുഭവപ്പെടുന്നു. അങ്ങനെ അവരുടെ വിശ്വാസം ബലിഷ്ഠമാകുകയും ചെയ്യുന്നു.
ജീവിതത്തിൽ സർവസാധാരണമായ കാര്യങ്ങളോട് അപൂർണ മനുഷ്യർക്കു വിലമതിപ്പു നഷ്ടപ്പെട്ടേക്കാം—അവ യഹോവയുടെ സ്നേഹപുരസ്സരമായ കരുതലിന്റെ പ്രതിഫലനമാണെങ്കിൽ പോലും. ഉദാഹരണത്തിന്, പ്രകൃത്യതീതമായി നൽകപ്പെട്ട മന്ന ആദ്യമൊക്കെ ഇസ്രായേല്യരെ അതിശയിപ്പിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷേ, ക്രമേണ അവരിൽ അനേകരും പരാതി പറഞ്ഞു. “ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്കു വെറുപ്പാകുന്നു” എന്ന് അനാദരവോടെ അവർ മുറവിളികൂട്ടി—അവർ “ജീവനുള്ള ദൈവത്തെ ത്യജി”ക്കാൻ തുടങ്ങിയിരുന്നു എന്നതിന്റെ ഒരു സൂചനയായിരുന്നു അത്. (സംഖ്യാപുസ്തകം 11:6; 21:5; എബ്രായർ 3:12) അതുകൊണ്ട്, അവരുടെ ദൃഷ്ടാന്തം “ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശ”മായി ഉതകുന്നു.—1 കൊരിന്ത്യർ 10:11.
ഈ മുന്നറിയിപ്പിൻ ദൃഷ്ടാന്തത്തിനു നമുക്ക് എങ്ങനെ ചെവി കൊടുക്കാം? വിശ്വസ്തനും വിവേകിയുമായ അടിമവർഗം മുഖാന്തരം നമുക്കു ലഭിക്കുന്ന ബൈബിളുപദേശങ്ങളോ കരുതലുകളോ സാധാരണമോ കഴമ്പില്ലാത്തവയോ ആയി വീക്ഷിക്കാൻ ഒരിക്കലും അനുവദിക്കാതിരിക്കുക എന്നതാണ് ഒരു വിധം. (മത്തായി 24:45, NW) യഹോവയുടെ ദാനങ്ങളെ നാം നിസ്സാരമായെടുക്കാനോ അവയോട് നിസ്സംഗ മനോഭാവം കാട്ടാനോ തുടങ്ങിയാൽ അതിന്റെ അർഥം ദൈവവുമായുള്ള നമ്മുടെ ബന്ധത്തിനു മങ്ങലേൽക്കാൻ തുടങ്ങിയെന്നാണ്.
നല്ല കാരണത്തോടെതന്നെ, ജിജ്ഞാസയുണർത്തുന്ന പുതിയ സംഗതികൾ ഇടതടവില്ലാതെ ചൊരിഞ്ഞുകൊണ്ട് യഹോവ അതിരുകവിഞ്ഞ വിധത്തിൽ വിവരങ്ങൾ പ്രദാനം ചെയ്യുന്നില്ല. പകരം ക്രമേണ, പടിപടിയായിട്ടാണ് അവൻ തന്റെ വചനത്തെ കുറിച്ചു കൂടുതലായ വെളിച്ചം വീശുന്നത്. (സദൃശവാക്യങ്ങൾ 4:18) പഠിക്കുന്ന കാര്യങ്ങൾ ഗ്രഹിക്കാനും ബാധകമാക്കാനും ഇതു മുഖാന്തരം ദൈവജനത്തിനു സാധിക്കുന്നു. തന്റെ ആദ്യകാല ശിഷ്യന്മാരെ പഠിപ്പിച്ചപ്പോൾ യേശു തന്റെ പിതാവിന്റെ മാതൃകയാണ് പിൻപറ്റിയത്. “അവർക്കു കേൾക്കാൻ കഴിയുംപോലെ”—ചില പരിഭാഷയനുസരിച്ച് “മനസ്സിലാക്കാൻ കഴിയുംപോലെ”—അവൻ ദൈവവചനം വിശദീകരിച്ചുകൊടുത്തു.—മർക്കൊസ് 4:33; യോഹന്നാൻ 16:12 താരതമ്യം ചെയ്യുക.
ദൈവത്തിന്റെ കരുതലുകളോടുള്ള നിങ്ങളുടെ വിലമതിപ്പ് വർധിപ്പിക്കുക
കാര്യങ്ങൾ ആവർത്തിക്കുന്ന രീതി യേശുവിനും ഉണ്ടായിരുന്നു. ഏതെങ്കിലും ഒരു ബൈബിൾ തത്ത്വം പോലുള്ള ഒരു പ്രത്യേക സംഗതി, മനസ്സ് എളുപ്പത്തിൽ ഗ്രഹിച്ചേക്കാം. പക്ഷേ, അതിനു ശ്രദ്ധ കൊടുക്കാനും അത് ക്രിസ്തീയ “പുതിയ വ്യക്തിത്വ”ത്തിന്റെ ഭാഗമാക്കാനും കുറെ നാളുകൾ വേണ്ടിവന്നേക്കാം. പ്രത്യേകിച്ച്, പഴയ ലൗകിക രീതികളും മനോഭാവങ്ങളും ആഴത്തിൽ വേരൂന്നിയിട്ടുണ്ടെങ്കിൽ. (എഫെസ്യർ 4:22-24, NW) അഹങ്കാരത്തെ മറികടക്കുകയും താഴ്മ വളർത്തിയെടുക്കുകയും ചെയ്യേണ്ടതായി വന്നപ്പോൾ യേശുവിന്റെ ശിഷ്യന്മാരുടെ കാര്യത്തിൽ വാസ്തവം അതായിരുന്നു എന്നതു വ്യക്തമാണ്. അവരുടെ മനസ്സിൽ ആഴ്ന്നിറങ്ങത്തക്ക വിധത്തിൽ ഒരേ അടിസ്ഥാന സംഗതിതന്നെ വ്യത്യസ്ത വിധങ്ങളിൽ അവതരിപ്പിച്ചുകൊണ്ട് താഴ്മയെ കുറിച്ച് അനവധി സന്ദർഭങ്ങളിൽ യേശുവിന് അവരെ പഠിപ്പിക്കേണ്ടിവന്നു. അതിനു ഫലം ലഭിക്കുകയും ചെയ്തു.—മത്തായി 18:1-4; 23:11, 12; ലൂക്കൊസ് 14:7-11; യോഹന്നാൻ 13:5, 12-17.
സുചിന്തിതമായി വിവരങ്ങൾ ആവർത്തിക്കുന്നതിൽ യേശുവിന്റെ മാതൃകയാണ് ആധുനിക കാലത്ത് ക്രിസ്തീയ യോഗങ്ങളും വാച്ച് ടവർ പ്രസിദ്ധീകരണങ്ങളും പിൻപറ്റുന്നത്. അതുകൊണ്ട് നമ്മോടുള്ള ദൈവത്തിന്റെ സ്നേഹപുരസ്സരമായ താത്പര്യത്തിന്റെ പ്രകടനമെന്ന നിലയിൽ നമുക്കതു വിലമതിക്കാം, ഇസ്രായേല്യർക്കു മന്ന നിമിത്തം മടുപ്പു തോന്നിയതുപോലെ, നമുക്കു ലഭിക്കുന്ന കാര്യങ്ങളെ പ്രതി ഒരിക്കലും മടുപ്പു തോന്നാതിരിക്കാം. യഥാർഥത്തിൽ, യഹോവയുടെ നിരന്തര ഓർമിപ്പിക്കലുകൾ ഉൾക്കൊള്ളാൻ നാം ക്ഷമാപൂർവം നല്ല ശ്രമം നടത്തവെ ജീവിതത്തിൽ സത്ഫലങ്ങൾ നമുക്കു കാണാനാകും. (2 പത്രൊസ് 3:1, 2) വിലമതിപ്പു നിറഞ്ഞ ഈ മനോഭാവം, നമ്മുടെ ഹൃദയങ്ങളിലും മനസ്സുകളിലും നാം ദൈവവചനത്തിന്റെ “അർഥം ഗ്രഹിക്കുന്നു” എന്നതിന്റെ യഥാർഥ പ്രകടനമാണ്. (മത്തായി 13:15, 19, 23, NW) ഈ കാര്യത്തിൽ, സങ്കീർത്തനക്കാരനായ ദാവീദ് നമുക്ക് ഒരു നല്ല ദൃഷ്ടാന്തമാണ്. നമുക്ക് ഇന്നു ലഭിക്കുന്ന വൈവിധ്യമാർന്ന ആത്മീയ ഭക്ഷണമൊന്നും ഇല്ലാതിരുന്നിട്ടും അവൻ യഹോവയുടെ നിയമങ്ങളെ “തേനിലും തേങ്കട്ടയിലും മധുരമുള്ളവ” എന്നാണു വർണിച്ചത്.—സങ്കീർത്തനം 19:10.
നിത്യജീവൻ നൽകുന്ന “മന്ന”
യഹൂദന്മാരോട് യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ ജീവന്റെ അപ്പം ആകുന്നു. നിങ്ങളുടെ പിതാക്കൻമാർ മരുഭൂമിയിൽ മന്നാ തിന്നിട്ടും മരിച്ചുവല്ലോ . . . സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും. ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.” (യോഹന്നാൻ 6:48-51) അക്ഷരീയ അപ്പം അഥവാ മന്ന നിത്യജീവൻ നൽകിയില്ല, നൽകാൻ അതിനു കഴിയുകയുമില്ല. എന്നാൽ യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിൽ വിശ്വാസമർപ്പിക്കുന്നവർ ഒടുവിൽ നിത്യജീവൻ എന്ന അനുഗ്രഹം ആസ്വദിക്കും.—മത്തായി 20:28.
യേശുവിന്റെ മറുവിലയിൽ നിന്നു പ്രയോജനം നേടുന്ന ബഹുഭൂരിപക്ഷം ആളുകളും പറുദീസാഭൂമിയിലെ നിത്യജീവനായിരിക്കും ആസ്വദിക്കുക. ഇവരിൽ “ഒരു മഹാപുരുഷാരം”—ഈജിപ്തിൽ നിന്ന് ഇസ്രായേല്യരോടൊപ്പം വിട്ടുപോന്ന പരദേശികളായ “സമ്മിശ്രപുരുഷാര”ത്താൽ മുൻനിഴലാക്കപ്പെട്ടവർ—ഭൂമിയിൽ നിന്നു സകല ദുഷ്ടതയും തുടച്ചുനീക്കുന്ന ആസന്നമായ “മഹോപദ്രവത്തെ” അതിജീവിക്കും. (വെളിപ്പാടു 7:9, 10, 14, NW; പുറപ്പാടു 12:38) ഇസ്രായേല്യർ ആരെ മുൻ നിഴലാക്കിയോ അവർ കൂടുതലായ ഒരു പ്രതിഫലം ആസ്വദിക്കും. 1,44,000 പേർ അടങ്ങുന്ന ഇവരെ ദൈവത്തിന്റെ ആത്മീയ ഇസ്രായേലായി അപ്പൊസ്തലനായ പൗലൊസ് വർണിച്ചു. മരിക്കുമ്പോൾ അവരുടെ പ്രതിഫലം സ്വർഗീയ ജീവനിലേക്കുള്ള പുനരുത്ഥാനമാണ്. (ഗലാത്യർ 6:16; എബ്രായർ 3:1; വെളിപ്പാടു 14:1) അവിടെവെച്ച് യേശു അവർക്ക് ഒരു പ്രത്യേകതരം മന്ന കൊടുക്കും.
“മറഞ്ഞിരിക്കുന്ന മന്ന”യുടെ അർഥം
“ജയിക്കുന്നവന്നു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും” എന്ന് പുനരുത്ഥാനം പ്രാപിച്ച യേശു ആത്മീയ ഇസ്രായേലിനോടു പറഞ്ഞു. (വെളിപ്പാടു 2:17) വിശുദ്ധ നിയമപെട്ടകത്തിനുള്ളിൽ പൊൻപാത്രത്തിലിട്ടു സൂക്ഷിച്ചുവെക്കാൻ ദൈവം മോശെയോടു കൽപ്പിച്ച മന്നയെ ആണ് പ്രതീകാത്മകമായ മറഞ്ഞിരിക്കുന്ന ഈ മന്ന അനുസ്മരിപ്പിക്കുന്നത്. സമാഗമന കൂടാരത്തിന്റെ അതിവിശുദ്ധ സ്ഥലത്താണ് പെട്ടകം സൂക്ഷിച്ചിരുന്നത്. അവിടെ അതു കാഴ്ചയിൽ നിന്നു മറഞ്ഞ അവസ്ഥയിൽ ആയിരുന്നു. ഓർമയ്ക്കായി സൂക്ഷിച്ചിരുന്ന ഈ മന്ന പെട്ടകത്തിൽ ആയിരുന്നപ്പോൾ നശിച്ചുപോയില്ല, അതുകൊണ്ട് അത് അനശ്വരമായ ഒരു ഭക്ഷ്യശേഖരത്തിന്റെ സമുചിതമായ പ്രതീകമായിരിക്കുമായിരുന്നു. (പുറപ്പാടു 16:32; എബ്രായർ 9:3, 4, 23, 24) 1,44,000 പേർക്കു മറഞ്ഞിരിക്കുന്ന മന്ന കൊടുക്കുന്നതിലൂടെ, അവർക്ക് ദൈവത്തിന്റെ ആത്മ പുത്രന്മാരെന്ന നിലയിൽ അമർത്യതയും അക്ഷയതയും ലഭിക്കുമെന്ന് ഉറപ്പു കൊടുക്കുകയാണ് യേശു ചെയ്യുന്നത്.—യോഹന്നാൻ 6:51; 1 കൊരിന്ത്യർ 15:54.
സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “നിന്റെ [യഹോവയുടെ] പക്കൽ ജീവന്റെ ഉറവുണ്ടല്ലോ.” (സങ്കീർത്തനം 36:9) മന്നയുടെ കരുതൽ—അക്ഷരീയമായും പ്രതീകാത്മകമായും—ആ അടിസ്ഥാന സത്യത്തെ എത്ര നന്നായി വീണ്ടും സ്ഥിരീകരിക്കുന്നു! ദൈവം പുരാതന ഇസ്രായേലിനു കൊടുത്ത മന്നയും നമുക്കുവേണ്ടി യേശുവിന്റെ ശരീരത്തിന്റെ രൂപത്തിൽ അവൻ നൽകിയ ആലങ്കാരിക മന്നയും 1,44,000 പേർക്ക് യേശുവിലൂടെ നൽകുന്ന മറഞ്ഞിരിക്കുന്ന പ്രതീകാത്മക മന്നയും ജീവനു വേണ്ടി ദൈവത്തിൽ പരിപൂർണമായി ആശ്രയിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് നമ്മെയെല്ലാം അനുസ്മരിപ്പിക്കുന്നു. (സങ്കീർത്തനം 39:5, 7) ദൈവത്തിൽ ആശ്രയിക്കേണ്ടതിന്റെ ഈ ആവശ്യത്തെ നമുക്കു താഴ്മയോടെ, വിനയത്തോടെ, എല്ലായ്പ്പോഴും അംഗീകരിക്കാം. തത്ഫലമായി, ‘യഹോവ പിൻകാലത്തു നമുക്കു നന്മ ചെയ്യും.’—ആവർത്തനപുസ്തകം 8:16.
[26-ാം പേജിലെ ചിത്രങ്ങൾ]
നിത്യജീവൻ നേടാൻ, സകലരും “സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിയ ജീവനുള്ള അപ്പ”ത്തിൽ ആശ്രയിക്കേണ്ടതുണ്ട്
[28-ാം പേജിലെ ചിത്രം]
എല്ലാ ക്രിസ്തീയ യോഗങ്ങളിലും സന്നിഹിതരാകുന്നത് യഹോവയുടെ ഓർമിപ്പിക്കലുകളോടുള്ള നമ്മുടെ വിലമതിപ്പിനെ പ്രതിഫലിപ്പിക്കുന്നു