“നിന്റെ ഹൃദയത്തെ കാത്തുകൊൾക”
ശമൂവേൽ പ്രവാചകനോട് യഹോവ ഇങ്ങനെ പറഞ്ഞു: “മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.” (1 ശമൂവേൽ 16:7) ആലങ്കാരിക ഹൃദയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സങ്കീർത്തനക്കാരനായ ദാവീദും ഇങ്ങനെ പാടി: “നീ [യഹോവ] എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയിൽ എന്നെ സന്ദർശിച്ചു; നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല.”—സങ്കീർത്തനം 17:3.
അതേ, നാം വാസ്തവത്തിൽ എങ്ങനെയുള്ളവർ ആണെന്ന് അറിയാൻ യഹോവ നമ്മുടെ ഹൃദയത്തെ പരിശോധിക്കുന്നു. (സദൃശവാക്യങ്ങൾ 17:3) അതുകൊണ്ടുതന്നെയാണ്, “സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു” എന്ന് പുരാതന ഇസ്രായേലിലെ ശലോമോൻ രാജാവു ബുദ്ധിയുപദേശിച്ചത്. (സദൃശവാക്യങ്ങൾ 4:23) നമുക്ക് നമ്മുടെ ആലങ്കാരിക ഹൃദയത്തെ എങ്ങനെ കാത്തുസൂക്ഷിക്കാൻ കഴിയും? സദൃശവാക്യങ്ങൾ 4-ാം അധ്യായം അതിനുള്ള ഉത്തരം നൽകുന്നു.
പിതാവിന്റെ പ്രബോധനം ശ്രദ്ധിപ്പിൻ
സദൃശവാക്യങ്ങൾ 4-ാം അധ്യായം ഈ വാക്കുകളോടെ തുടങ്ങുന്നു: “മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിൻ. ഞാൻ നിങ്ങൾക്കു സൽബുദ്ധി ഉപദേശിച്ചു തരുന്നു; എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുതു.”—സദൃശവാക്യങ്ങൾ 4:1, 2.
ദൈവഭക്തിയുള്ള മാതാപിതാക്കളുടെ, വിശേഷിച്ചും പിതാവിന്റെ, ആരോഗ്യപ്രദമായ പ്രബോധനം ശ്രദ്ധിക്കാൻ യുവജനങ്ങളെ ബുദ്ധിയുപദേശിച്ചിരിക്കുന്നു. കുടുംബത്തിന്റെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങൾ നിറവേറ്റാൻ പിതാവിനു തിരുവെഴുത്തുപരമായ ഉത്തരവാദിത്വമുണ്ട്. (ആവർത്തനപുസ്തകം 6:6, 7; 1 തിമൊഥെയൊസ് 5:8) അത്തരം മാർഗനിർദേശം ഇല്ലെങ്കിൽ ഒരു യുവവ്യക്തിക്കു പക്വത പ്രാപിക്കാൻ എത്ര ബുദ്ധിമുട്ടായിരിക്കും! ആയതിനാൽ, ഒരു കുട്ടി തന്റെ പിതാവിന്റെ പ്രബോധനം ആദരവോടെ സ്വീകരിക്കേണ്ടതല്ലേ?
എന്നാൽ പ്രബോധിപ്പിക്കാൻ പിതാവ് ഇല്ലാത്ത യുവാവിനെ സംബന്ധിച്ചോ? ദൃഷ്ടാന്തത്തിന്, പതിനൊന്നു വയസ്സുള്ള ജെയ്സന് നാലാമത്തെ വയസ്സിൽ അച്ഛനെ നഷ്ടമായി.a ജീവിതത്തിൽ അവനെ ഏറ്റവുമധികം അലട്ടുന്ന സംഗതി എന്താണെന്ന് ഒരു ക്രിസ്തീയ മൂപ്പൻ ചോദിച്ചപ്പോൾ ജെയ്സൻ ഉടനടി ഇങ്ങനെ പറഞ്ഞു: “അച്ഛൻ ഇല്ലാത്തത്. ചില അവസരങ്ങളിൽ അത് എന്നെ വല്ലാതെ ദുഃഖിപ്പിക്കുന്നു.” എന്നിരുന്നാലും, മാതാപിതാക്കളുടെ മാർഗനിർദേശമില്ലാത്ത യുവജനങ്ങൾക്ക് ആശ്വാസദായകമായ ഉപദേശം ലഭ്യമാണ്. ജെയ്സനും അവനെപ്പോലെയുള്ളവർക്കും ക്രിസ്തീയ സഭയിലെ മൂപ്പന്മാരിൽനിന്നും പക്വതയുള്ള മറ്റുള്ളവരിൽനിന്നും പിതൃതുല്യമായ ഉപദേശം തേടുകയും സ്വീകരിക്കുകയും ചെയ്യാവുന്നതാണ്.—യാക്കോബ് 1:27.
തനിക്കു ലഭിച്ച പ്രബോധനത്തെ കുറിച്ച് ഓർത്തുകൊണ്ട് ശലോമോൻ തുടരുന്നു: “ഞാൻ എന്റെ അപ്പന്നു മകനും [“ഒരു യഥാർഥ മകനും,” NW] എന്റെ അമ്മെക്കു ഓമനയും ഏകപുത്രനും ആയിരുന്നു.” (സദൃശവാക്യങ്ങൾ 4:3) തന്നെ വളർത്തിക്കൊണ്ടുവന്ന വിധത്തെ കുറിച്ചുള്ള ഓർമകളെ ആ രാജാവ് താലോലിച്ചിരുന്നെന്നു വ്യക്തം. പിതാവിന്റെ ഉപദേശത്തിനു ശ്രദ്ധ കൊടുത്ത ‘ഒരു യഥാർഥ മകൻ’ എന്ന നിലയിൽ യുവാവായ ശലോമോന് തന്റെ പിതാവായ ദാവീദുമായി ഊഷ്മളമായ അടുത്ത ബന്ധം ഉണ്ടായിരുന്നിരിക്കണം. തന്നെയുമല്ല, ശലോമോൻ ‘ഏകപുത്രൻ’ അഥവാ അതിയായി ഓമനിക്കപ്പെട്ടവൻ ആയിരുന്നു. മാതാപിതാക്കളുമായുള്ള ആശയവിനിമയ മാർഗങ്ങൾ തുറന്നു കിടക്കുന്ന ഊഷ്മളമായ ഭവനാന്തരീക്ഷത്തിൽ വളരുന്നത് ഒരു കുട്ടിക്ക് എത്ര പ്രധാനമാണ്!
ജ്ഞാനവും ഗ്രാഹ്യവും സമ്പാദിക്കൽ
തന്റെ പിതാവിന്റെ സ്നേഹപൂർവകമായ ഉപദേശത്തെ ഓർമിച്ചുകൊണ്ട് ശലോമോൻ ഇങ്ങനെ വിവരിക്കുന്നു: “അവൻ എന്നെ പഠിപ്പിച്ചു എന്നോടു പറഞ്ഞതു; എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊൾക; എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക. ജ്ഞാനം സമ്പാദിക്ക: വിവേകം [“ഗ്രാഹ്യം,” NW] നേടുക; മറക്കരുതു; എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു. അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും; അതിൽ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും; ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകലസമ്പാദ്യത്താലും വിവേകം [“ഗ്രാഹ്യം,” NW] നേടുക.”—സദൃശവാക്യങ്ങൾ 4:4-7.
എന്തുകൊണ്ടാണ് ജ്ഞാനം “പ്രധാന”മായിരിക്കുന്നത്? ജ്ഞാനം എന്നാൽ നല്ല ഫലങ്ങൾ ഉളവാക്കുംവിധം അറിവിനെയും ഗ്രാഹ്യത്തെയും പ്രായോഗിക പഥത്തിലാക്കുക എന്നാണ് അർഥം. ജ്ഞാനം ഉണ്ടായിരിക്കുന്നതിന് അറിവ് അതായത്, നിരീക്ഷണത്തിലൂടെയും അനുഭവ പരിചയത്തിലൂടെയും അല്ലെങ്കിൽ വായനയിലൂടെയും പഠനത്തിലൂടെയും സമ്പാദിക്കുന്ന വസ്തുതകളുമായുള്ള പരിചയം, അനിവാര്യമാണ്. എന്നാൽ അറിവു നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ ആ അറിവുകൊണ്ടു വലിയ പ്രയോജനമൊന്നുമില്ല. ബൈബിളും “വിശ്വസ്തനും വിവേകിയുമായ അടിമ” പ്രദാനം ചെയ്യുന്ന ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും നാം പതിവായി വായിച്ചാൽ മാത്രം പോരാ, അവയിൽനിന്നു പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കുകയും വേണം.—മത്തായി 24:45, NW.
ഗ്രാഹ്യം സമ്പാദിക്കുന്നതും അനിവാര്യമാണ്. അതില്ലെങ്കിൽ, വസ്തുതകൾ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കാനും പരിചിന്തിക്കപ്പെടുന്ന വിഷയത്തിന്റെ ആകമാന ചിത്രം ഉൾക്കൊള്ളാനും വാസ്തവത്തിൽ നമുക്കു സാധിക്കുമോ? ഗ്രാഹ്യം ഇല്ലെങ്കിൽ, വസ്തുതകളുടെ കാര്യകാരണങ്ങൾ മനസ്സിലാക്കാനും ഉൾക്കാഴ്ചയും വകതിരിവും സമ്പാദിക്കാനും എങ്ങനെയാണു സാധിക്കുക? അതേ, അറിയാവുന്ന വസ്തുതകളെ അടിസ്ഥാനമാക്കി ന്യായവാദം ചെയ്യാനും ശരിയായ നിഗമനത്തിൽ എത്തിച്ചേരാനും നമുക്കു ഗ്രാഹ്യം ആവശ്യമാണ്.—ദാനീയേൽ 9:22, 23, NW.
ശലോമോൻ തന്റെ പിതാവിന്റെ വാക്കുകൾ തുടർന്ന് ഇങ്ങനെ വിവരിക്കുന്നു: “അതിനെ [ജ്ഞാനത്തെ] ഉയർത്തുക; അതു നിന്നെ ഉയർത്തും; അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനം വരുത്തും. അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.” (സദൃശവാക്യങ്ങൾ 4:8, 9) ദൈവിക ജ്ഞാനം അതിനെ ആലിംഗനം ചെയ്യുന്നവരെ സംരക്ഷിക്കുന്നു. മാത്രവുമല്ല, അത് അയാൾക്കു മഹത്വം കൈവരുത്തുകയും ഒരു അലങ്കാരമായി ഉതകുകയും ചെയ്യുന്നു. ആയതിനാൽ, ജ്ഞാനം സമ്പാദിക്കാനുള്ള എല്ലാ മാർഗങ്ങളും നമുക്കു പ്രയോജനപ്പെടുത്താം.
“ശിക്ഷണം മുറുകെ പിടിക്ക”
തന്റെ പിതാവിന്റെ പ്രബോധനത്തെ അനുകരിച്ചുകൊണ്ട് ഇസ്രായേൽ രാജാവ് അടുത്തതായി ഇങ്ങനെ പറയുന്നു: “മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊൾക; എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും. ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു: നേരെയുള്ള പാതയിൽ [“നീതിപാതയിൽ,” NW] ഞാൻ നിന്നെ നടത്തുന്നു. നടക്കുമ്പോൾ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല. പ്രബോധനം [“ശിക്ഷണം,” NW] മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ.”—സദൃശവാക്യങ്ങൾ 4:10-13.
തന്റെ പിതാവിന്റെ ഒരു യഥാർഥ മകൻ എന്ന നിലയിൽ ശലോമോൻ, പ്രബോധനവും തിരുത്തലും ഉൾപ്പെടുന്ന സ്നേഹപൂർവകമായ ശിക്ഷണത്തിന്റെ മൂല്യം വിലമതിച്ചിട്ടുണ്ടാകണം. സന്തുലിതമായ ശിക്ഷണം ഇല്ലാതെ, ആത്മീയ പക്വതയിലേക്കു വളരാനോ ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനോ നമുക്ക് എങ്ങനെയാണു കഴിയുക? നാം നമ്മുടെ തെറ്റുകളിൽനിന്നു പഠിക്കുന്നില്ലെങ്കിൽ, തെറ്റായ ആശയങ്ങൾ തിരുത്താൻ നാം പരാജയപ്പെടുന്നെങ്കിൽ, നമുക്ക് ഒട്ടുംതന്നെ ആത്മീയ പുരോഗതി കൈവരിക്കാനാവില്ല. ന്യായമായ ശിക്ഷണം ദൈവിക നടത്തയിലേക്കു നയിക്കുന്നു. അങ്ങനെ അത് ‘നീതിപാതയിൽ നടക്കാൻ’ നമ്മെ സഹായിക്കുന്നു.
മറ്റൊരുതരം ശിക്ഷണവും ‘ദീർഘായുസ്സു’ കൈവരുത്തുന്നു. എങ്ങനെ? യേശുക്രിസ്തു ഇങ്ങനെ പറഞ്ഞു: “അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ; അത്യല്പത്തിൽ നീതികെട്ടവൻ അധികത്തിലും നീതികെട്ടവൻ.” (ലൂക്കൊസ് 16:10) ചെറിയ കാര്യങ്ങളിൽ സ്വയം ശിക്ഷണം നൽകുന്നത്, നമ്മുടെ ജീവൻതന്നെ അടിസ്ഥാനപ്പെട്ടിരിക്കാവുന്ന വലിയ കാര്യങ്ങളിലും അങ്ങനെ ചെയ്യുന്നത് നമുക്കു കൂടുതൽ എളുപ്പമാക്കില്ലേ? ദൃഷ്ടാന്തത്തിന്, ‘ഒരു സ്ത്രീയോട് കാമാസക്തി തോന്നുമാറ് അവളെ തുടർച്ചയായി നോക്കാ’തിരിക്കാൻ നമ്മുടെ കണ്ണുകളെ പരിശീലിപ്പിച്ചാൽ നാം അധാർമികതയ്ക്കു വഴിപ്പെടാൻ സാധ്യതയില്ല. (മത്തായി 5:28, NW) ഈ തത്ത്വം പുരുഷന്മാർക്കു മാത്രമല്ല സ്ത്രീകൾക്കും ബാധകമാണ്. ‘ഏതു വിചാരത്തെയും പിടിച്ചടക്കാൻ’ മനസ്സിനെ പരിശീലിപ്പിക്കുന്നെങ്കിൽ നാം വാക്കിലോ പ്രവൃത്തിയിലോ ഗുരുതരമായി പാപം ചെയ്യാൻ യാതൊരു സാധ്യതയുമില്ല.—2 കൊരിന്ത്യർ 10:5.
ശിക്ഷണം സ്വീകരിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടാണെന്നുള്ളതു ശരിതന്നെ, അത് അനാവശ്യമായ പല നിയന്ത്രണങ്ങളും വെക്കുന്നതായി തോന്നുകയും ചെയ്തേക്കാം. (എബ്രായർ 12:11) എന്നിരുന്നാലും, നാം ശിക്ഷണം മുറുകെ പിടിക്കുന്നെങ്കിൽ പുരോഗതി വരുത്താൻ അതു നമ്മെ സഹായിക്കുമെന്ന് ജ്ഞാനിയായ രാജാവ് നമുക്ക് ഉറപ്പുതരുന്നു. വീഴുകയോ പരിക്കേൽക്കുകയോ ചെയ്യാതെ പരമാവധി വേഗത്തിൽ ഓടാൻ ശരിയായ പരിശീലനം ഒരു ഓട്ടക്കാരനെ സഹായിക്കുന്നതു പോലെതന്നെ ശിക്ഷണം മുറുകെ പിടിക്കുന്നത് ജീവന്റെ പാതയിൽ ഇടറാതെ സ്ഥിരമായ വേഗം നിലനിറുത്തിക്കൊണ്ടു മുമ്പോട്ടു പോകാൻ നമ്മെ സഹായിക്കും. എന്നാൽ തിരഞ്ഞെടുക്കുന്ന പാത സംബന്ധിച്ച് നാം തീർച്ചയായും ശ്രദ്ധാലുക്കൾ ആയിരിക്കണം.
“ദുഷ്ടന്മാരുടെ പാത”യിൽനിന്ന് അകന്നു നിൽക്കുക
അടിയന്തിരതാ ബോധത്തോടെ ശലോമോൻ ഈ മുന്നറിയിപ്പു നൽകുന്നു: “ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു; ദുർജ്ജനത്തിന്റെ വഴിയിൽ നടക്കയുമരുതു; അതിനോടു അകന്നുനില്ക്ക; അതിൽ നടക്കരുതു; അതു വിട്ടുമാറി കടന്നുപോക. അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവർക്കു ഉറക്കം വരികയില്ല. ദുഷ്ടതയുടെ ആഹാരംകൊണ്ടു അവർ ഉപജീവിക്കുന്നു; ബലാല്ക്കാരത്തിന്റെ വീഞ്ഞു അവർ പാനം ചെയ്യുന്നു.”—സദൃശവാക്യങ്ങൾ 4:14-17.
ദുഷ്ടന്മാർ തങ്ങളുടെ ഹീനകൃത്യങ്ങൾകൊണ്ട് ഉപജീവിക്കുന്നു. അവരുടെ വഴികളിൽ നിന്ന് അകന്നു നിൽക്കാൻ ശലോമോൻ നമ്മോട് ആവശ്യപ്പെടുന്നു. തിന്മ പ്രവർത്തിക്കുന്നത് അവർക്ക് ആഹാരവും വെള്ളവും പോലെയാണ്. അക്രമത്തിൽ ഏർപ്പെട്ടില്ലെങ്കിൽ അവർക്ക് ഉറക്കം വരില്ല. അവരുടെ വ്യക്തിത്വം തന്നെ ദുഷിച്ചതാണ്! അങ്ങനെയുള്ളവരോടു ചങ്ങാത്തം കൂടിക്കൊണ്ട് നമുക്കു നമ്മുടെ ഹൃദയങ്ങളെ കാത്തുസൂക്ഷിക്കാൻ കഴിയുമോ? ഇന്നു ലോകത്തിലെ മിക്ക വിനോദങ്ങളിലും വിശേഷവത്കരിക്കപ്പെടുന്ന അക്രമങ്ങൾ വീക്ഷിച്ചുകൊണ്ട് നേരെ ‘ദുർജ്ജനത്തിന്റെ വഴിയിലേക്കു നടന്നു’ നീങ്ങുന്നത് എത്ര ഭോഷത്തമാണ്! മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ദുഷിച്ച രംഗങ്ങൾ ടെലിവിഷനിലോ ചലച്ചിത്രങ്ങളിലോ അൽപ്പാൽപ്പമായി വീക്ഷിക്കുന്നത് ആർദ്രാനുകമ്പ ഉള്ളവരായിത്തീരാനുള്ള ശ്രമങ്ങൾക്കു ചേർന്നതല്ല.
വെളിച്ചത്തിൽ നിലകൊള്ളുക
പാതയെ ഒരു ഉപമാനമായി തുടർന്നും ഉപയോഗിച്ചുകൊണ്ട് ശലോമോൻ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.” (സദൃശവാക്യങ്ങൾ 4:18) ബൈബിൾ പഠനം ഏറ്റെടുത്ത് അതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ ബാധകമാക്കാൻ ശ്രമിക്കുന്നതിനെ നേരം വെളുക്കുന്നതിനു മുമ്പേ ഒരു യാത്ര പുറപ്പെടുന്നതിനോട് ഉപമിക്കാനാകും. രാത്രിയിലെ കറുത്ത ആകാശത്തിന്റെ ഇരുളിമ കുറഞ്ഞ് കടുത്ത നീലനിറത്തിലേക്കു മാറുന്ന സമയത്ത് നമുക്കു കാര്യമായൊന്നും കാണാൻ സാധിക്കുന്നില്ല. എന്നാൽ നേരം വെളുത്തുതുടങ്ങുന്നതോടെ ചുറ്റുപാടുമുള്ള സംഗതികൾ നാം അധികമധികം തിരിച്ചറിഞ്ഞു തുടങ്ങുന്നു. ഒടുവിൽ സൂര്യൻ ഉജ്ജ്വലമായി പ്രകാശിക്കുന്നു. അപ്പോൾ നാം എല്ലാം വളരെ വ്യക്തമായി കാണുന്നു. അതേ, ക്ഷമയോടും ഉത്സാഹത്തോടും കൂടെ തിരുവെഴുത്തുകൾ പഠിക്കുന്നതിൽ നാം തുടരവെ, ക്രമേണ സത്യം നമുക്കു കൂടുതൽ കൂടുതൽ വ്യക്തമായിത്തീരുന്നു. വ്യാജമായ ന്യായവാദങ്ങളിൽനിന്നു ഹൃദയത്തെ സംരക്ഷിക്കണമെങ്കിൽ അതിന് ആത്മീയ പോഷണം നൽകേണ്ടത് അത്യന്താപേക്ഷിതമാണ്.
ബൈബിൾ പ്രവചനങ്ങളുടെ അർഥം ചുരുളഴിയുന്നതും ക്രമാനുഗതമായിട്ടാണ്. യഹോവയുടെ പരിശുദ്ധാത്മാവ് പ്രവചനങ്ങളുടെമേൽ വെളിച്ചം ചൊരിയുകയും അവ ലോക സംഭവങ്ങളോടോ ദൈവജനത്തിന്റെ അനുഭവങ്ങളോടോ ഉള്ള ബന്ധത്തിൽ നിവൃത്തിയേറുകയും ചെയ്യുമ്പോൾ അവ നമുക്കു വ്യക്തമായിത്തീരുന്നു. അവയുടെ നിവൃത്തി സംബന്ധിച്ച് അക്ഷമയോടെ ഊഹാപോഹങ്ങളിലേക്കു തിരിയുന്നതിനു പകരം ‘വെളിച്ചം അധികമധികം ശോഭിച്ചു വരാൻ’ നാം കാത്തിരിക്കണം.
വെളിച്ചത്തിൽ നടക്കാൻ വിസമ്മതിച്ചുകൊണ്ട് ദൈവത്തിന്റെ മാർഗനിർദേശം നിരസിക്കുന്നവരെ സംബന്ധിച്ചെന്ത്? “ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെയാകുന്നു,” ശലോമോൻ പറയുന്നു. ‘ഏതിങ്കൽ തട്ടി വീഴും എന്നു അവർ അറിയുന്നില്ല.” (സദൃശവാക്യങ്ങൾ 4:19) ദുഷ്ടന്മാർ ഇരുട്ടത്ത് തട്ടിവീഴുന്ന ഒരു വ്യക്തിയെ പോലെയാണ്. താൻ വീഴാൻ ഇടയാക്കിയത് എന്താണെന്ന് അയാൾ അറിയുന്നില്ല. അഭക്തർ അനീതി നിമിത്തം അഭിവൃദ്ധി പ്രാപിക്കുന്നതായി തോന്നുമ്പോൾ പോലും, അവരുടെ പ്രത്യക്ഷ വിജയം താത്കാലികം മാത്രമാണ്. അത്തരക്കാരെ കുറിച്ച് സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “നിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിർത്തുന്നു; നീ [യഹോവ] അവരെ നാശത്തിൽ തള്ളിയിടുന്നു.”—സങ്കീർത്തനം 73:18.
ജാഗ്രത നിലനിർത്തുക
ഇസ്രായേൽ രാജാവ് തുടർന്ന് ഇങ്ങനെ പറയുന്നു: “മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധതരിക; എന്റെ മൊഴികൾക്കു നിന്റെ ചെവി ചായിക്ക. അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു; നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവെക്കുക. അവയെ കിട്ടുന്നവർക്കു അവ ജീവനും അവരുടെ സർവ്വദേഹത്തിന്നും സൌഖ്യവും ആകുന്നു. സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.”—സദൃശവാക്യങ്ങൾ 4:20-23.
ശലോമോന്റെ സ്വന്തം ദൃഷ്ടാന്തം തന്നെ ഹൃദയത്തെ കാത്തുസൂക്ഷിക്കാനുള്ള ബുദ്ധിയുപദേശത്തിന്റെ മൂല്യത്തിനു സാക്ഷ്യം വഹിക്കുന്നു. ചെറുപ്പത്തിൽ അവൻ തന്റെ പിതാവിന്റെ “ഒരു യഥാർഥ മകൻ” ആയിരുന്നു എന്നതും പ്രായപൂർത്തിയായ ശേഷവും യഹോവയോടു വിശ്വസ്തനായി തുടർന്നു എന്നതും ശരിതന്നെ. എന്നിരുന്നാലും ബൈബിൾ ഇങ്ങനെ വിവരിക്കുന്നു: “ശലോമോൻ വയോധികനായപ്പോൾ [വിദേശ] ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.” (1 രാജാക്കന്മാർ 11:4) നിരന്തരമായി ജാഗ്രത പാലിക്കാത്തപക്ഷം, ഏറ്റവും നല്ല ഒരു ഹൃദയം പോലും തിന്മയിലേക്കു വശീകരിക്കപ്പെട്ടേക്കാം. (യിരെമ്യാവു 17:9) ദൈവവചനത്തിലെ ഓർമിപ്പിക്കലുകളെ നമ്മുടെ ഹൃദയത്തോട് അടുപ്പിച്ചു നിറുത്തണം—‘അവയെ ഹൃദയത്തിന്റെ നടുവിൽ സൂക്ഷിക്കണം.’ സദൃശവാക്യങ്ങൾ 4-ാം അധ്യായത്തിൽ നൽകിയിരിക്കുന്ന മാർഗനിർദേശവും ആ ഓർമിപ്പിക്കലുകളിൽ ഉൾപ്പെടുന്നു.
നിങ്ങളുടെ ഹൃദയത്തിന്റെ അവസ്ഥ പരിശോധിക്കുക
നാം നമ്മുടെ ആലങ്കാരിക ഹൃദയത്തെ വിജയകരമായി കാത്തുസൂക്ഷിക്കുന്നുണ്ടോ? ആന്തരിക മനുഷ്യന്റെ അവസ്ഥ നമുക്ക് എങ്ങനെയാണ് അറിയാൻ കഴിയുക? “ഹൃദയം നിറഞ്ഞു കവിയുന്നതിൽനിന്നല്ലോ വായ് സംസാരിക്കുന്നതു” എന്ന് യേശുക്രിസ്തു പറഞ്ഞു. (മത്തായി 12:34) അവൻ ഇങ്ങനെയും പ്രസ്താവിച്ചു: “ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസ്സാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു.” (മത്തായി 15:19, 20) അതേ, നമ്മുടെ വാക്കുകളും പ്രവൃത്തികളും ഹൃദയം എങ്ങനെ ഉള്ളതാണെന്നു വിളിച്ചു പറയുന്നു.
സമുചിതമായി ശലോമോൻ നമ്മെ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “വായുടെ വക്രത നിങ്കൽനിന്നു നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കൽനിന്നകറ്റുക. നിന്റെ കണ്ണു നേരെ നോക്കട്ടെ; നിന്റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ. നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ. ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു; നിന്റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.”—സദൃശവാക്യങ്ങൾ 4:24-27.
ശലോമോന്റെ ഉദ്ബോധനത്തിന്റെ വീക്ഷണത്തിൽ നാം നമ്മുടെ വാക്കുകളെയും പ്രവൃത്തികളെയും പരിശോധിക്കേണ്ടതാണ്. നാം നമ്മുടെ ഹൃദയത്തെ കാത്തുസൂക്ഷിക്കുകയും ദൈവത്തെ പ്രസാദിപ്പിക്കുകയും ചെയ്യണമെങ്കിൽ വക്രമൊഴിയും വഞ്ചനയും നിശ്ചയമായും ഒഴിവാക്കണം. (സദൃശവാക്യങ്ങൾ 3:32) ആയതിനാൽ, നമ്മുടെ വാക്കുകളും പ്രവൃത്തികളും നമ്മെ കുറിച്ച് എന്തു വെളിപ്പെടുത്തുന്നുവെന്ന് നാം പ്രാർഥനാപൂർവം വിചിന്തനം ചെയ്യണം. എന്നിട്ട്, കണ്ടെത്തുന്ന ഏതൊരു ദൗർബല്യവും പരിഹരിക്കാനായി നമുക്ക് യഹോവയുടെ സഹായം തേടാം.—സങ്കീർത്തനം 139:23, 24.
എല്ലാറ്റിലും ഉപരി, ‘നമ്മുടെ കണ്ണു നേരെ നോക്കട്ടെ.’ നമ്മുടെ സ്വർഗീയ പിതാവിനു മുഴുദേഹിയോടെയുള്ള സേവനം ചെയ്യുക എന്ന ലക്ഷ്യത്തിൽ നമുക്കു നമ്മുടെ കണ്ണുകളെ കേന്ദ്രീകരിക്കാം. (കൊലൊസ്സ്യർ 3:23) നീതിനിഷ്ഠമായ അത്തരമൊരു ഗതി വ്യക്തിഗതമായി പിന്തുടരുമ്പോൾ, ‘നിങ്ങളുടെ എല്ലാ വഴികളിലും’ യഹോവ നിങ്ങൾക്കു വിജയം നൽകട്ടെ. “നിന്റെ ഹൃദയത്തെ കാത്തുകൊ”ള്ളാനുള്ള നിശ്വസ്ത ബുദ്ധിയുപദേശം പിൻപറ്റുന്നതു നിമിത്തം അവൻ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
[അടിക്കുറിപ്പുകൾ]
a പേര് യഥാർഥമല്ല.
[21-ാം പേജിലെ ആകർഷക വാക്യം]
അനുഭവജ്ഞാനമുള്ളവരുടെ ഉപദേശത്തിൽനിന്നു പ്രയോജനം നേടുക
[21-ാം പേജിലെ ചിത്രം]
അക്രമത്തെ വിശേഷവത്കരിക്കുന്ന വിനോദം നിങ്ങൾ ഒഴിവാക്കുന്നുവോ?
[23-ാം പേജിലെ ചിത്രം]
ശിക്ഷണം നിങ്ങളുടെ പുരോഗതിയെ മന്ദഗതിയിൽ ആക്കുന്നില്ല
[24-ാം പേജിലെ ചിത്രം]
ബൈബിൾ പഠനത്തിൽ ഉറ്റിരിപ്പിൻ