‘മനോഹരമായ മലയാട്’
മനോഹരം—ഒരു ആടിനെ വിശേഷിപ്പിക്കാൻ നമ്മിൽ മിക്കവരും ആ പദം ഉപയോഗിക്കില്ല. എന്തു കൊടുത്താലും തിന്നുന്ന, പോഷകസമൃദ്ധമായ പാലു തരുന്ന, ഉപയോഗമുള്ള ഒരു മൃഗമായി നാം അതിനെ കരുതുന്നുണ്ടാകാം. അതിന്റെ മാംസവും സ്വാദിഷ്ഠമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ആടിനെ മനോഹരമായ മൃഗമെന്ന് നാമാരും വിശേഷിപ്പിക്കുമെന്നു തോന്നുന്നില്ല.
എന്നാൽ, ബൈബിൾ ഭാര്യയെ “കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയും [“മലയാടും,” NW]” എന്നു വിശേഷിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 5:18, 19) സദൃശവാക്യങ്ങൾ എന്ന പുസ്തകത്തിന്റെ എഴുത്തുകാരനായ ശലോമോൻ ഇസ്രായേലിലെ വന്യജീവികളെ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹം ഈ രൂപകാലങ്കാരം ഉപയോഗിച്ചിരിക്കുന്നത് തീർച്ചയായും നല്ല കാരണത്തോടെതന്നെ ആയിരിക്കും. (1 രാജാക്കന്മാർ 4:30-33) ഒരുപക്ഷേ തന്റെ പിതാവായ ദാവീദിനെ പോലെ അദ്ദേഹവും ചാവുകടൽ തീരത്തിനടുത്തുള്ള ഏൻ-ഗെദി പ്രദേശത്ത് കൂടെക്കൂടെ കാണാറുള്ള മലയാടുകളെ നിരീക്ഷിച്ചിരുന്നിരിക്കാം. കാട്ടാട് എന്ന പേരിലും മലയാട് അറിയപ്പെടുന്നു.
സമീപത്തുള്ള യെഹൂദ്യ മരുഭൂമിയിൽ പാർക്കുന്ന മലയാടുകളുടെ ചെറിയ പറ്റങ്ങൾ ഏൻ-ഗെദിയിലെ നീരുറവയ്ക്ക് അരികെ എത്തുക പതിവാണ്. തരിശായ ആ പ്രദേശത്തുള്ള ആശ്രയയോഗ്യമായ ഏക നീരുറവയാണിത്. അതുകൊണ്ട് നൂറ്റാണ്ടുകളായി ഏൻ-ഗെദി മലയാടുകളുടെ പ്രിയപ്പെട്ട ജലപാന കേന്ദ്രമാണ്. ഒരുപക്ഷേ, ഏൻ-ഗെദി എന്ന പേരിന്റെ അർഥംതന്നെ “ആട്ടിൻകുട്ടിയുടെ നീരുറവ” എന്നായിരിക്കും. ആട്ടിൻകുട്ടികൾ ഇവിടെ പതിവായി വരാറുണ്ടായിരുന്നു എന്നതിനുള്ള തെളിവാണത്. ശൗൽരാജാവിന്റെ പക്കൽനിന്നു രക്ഷപ്പെട്ടോടിയ ദാവീദ് രാജാവ് അഭയം തേടിയത് ഇവിടെയാണ്. ഇവിടുത്തെ “കാട്ടാട്ടിൻപാറകളിൽ” ആണ് അവൻ കഴിഞ്ഞത്.—1 ശമൂവേൽ 24:1, 2.
പാറ നിറഞ്ഞ മലയിടുക്കിലൂടെ ഒരു പെൺ മലയാട് ഒരു ആൺ മലയാടിനെ സുന്ദരമായ ചുവടുകൾ വെച്ച് ജലാശയത്തിലേക്ക് അനുഗമിക്കുന്ന കാഴ്ച ഏൻ-ഗെദിയിൽ ചെന്നാൽ നിങ്ങൾക്ക് ഇപ്പോഴും കാണാനാവും. വിശ്വസ്തയായ ഒരു ഭാര്യയെ പെൺ മലയാടിനോട് ഉപമിച്ചിരിക്കുന്നതിന്റെ ഔചിത്യം നിങ്ങൾക്ക് അപ്പോൾ മനസ്സിലായേക്കാം. പെൺ മലയാടിന്റെ ശാന്തവും ആകർഷകവുമായ പ്രകൃതവും സ്ത്രൈണതയെ അനുസ്മരിപ്പിക്കുന്ന മറ്റു ചില സവിശേഷതകളാണ്. “മനോഹരമായ” എന്ന പദം സാധ്യതയനുസരിച്ച് മലയാടിന്റെ മനോഹരമായ നടത്തത്തെയും രൂപഭംഗിയെയും ആണ് പരാമർശിക്കുന്നത്.a
പെൺ മലയാടിന് മനോഹാരിത മാത്രമല്ല, പ്രതികൂല സാഹചര്യങ്ങളിൽ സഹിച്ചുനിൽക്കാനുള്ള കഴിവുമുണ്ട്. യഹോവ ഇയ്യോബിനോടു പറഞ്ഞതുപോലെ, മലയാട് പ്രസവിക്കുന്നത് ചെങ്കുത്തായ പാറകളിലാണ്. (ഇയ്യോബ് 39:1, NW) എത്തിപ്പെടാനാവാത്ത ആ പാറപ്രദേശങ്ങളിൽ തീറ്റ കിട്ടാൻ പ്രയാസമാണെന്നു മാത്രമല്ല, കാലാവസ്ഥ അതിരൂക്ഷവുമാണ്. ഈ ബുദ്ധിമുട്ടുകളിൻ മധ്യേയും അവൾ തന്റെ കുഞ്ഞുങ്ങളെ നന്നായി പരിപാലിക്കുകയും തന്നെപ്പോലെ തന്നെ പാറകളിലൂടെ വിദഗ്ധമായി കയറാനും അവയ്ക്കിടയിലൂടെ ചാടാനും പഠിപ്പിക്കുകയും ചെയ്യുന്നു. പെൺ മലയാട് തന്റെ കുഞ്ഞുങ്ങളെ ഇരപിടിയന്മാരിൽനിന്ന് സധൈര്യം സംരക്ഷിക്കുകയും ചെയ്യുന്നു. ഒരു മലയാട് അര മണിക്കൂർ നേരം ഒരു കഴുകനുമായി പൊരുതുന്നത് ഒരാൾ കാണുകയുണ്ടായി. ആ സമയമത്രയും അവളുടെ കുഞ്ഞ് സംരക്ഷണത്തിനായി അവളുടെ അടിയിൽ പതുങ്ങിക്കൂടി ഇരിക്കുകയായിരുന്നു.
ക്രിസ്തീയ ഭാര്യമാരും അമ്മമാരും പലപ്പോഴും പ്രതികൂല സാഹചര്യങ്ങളിലാണ് തങ്ങളുടെ കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നത്. ഈ ദൈവദത്ത ഉത്തരവാദിത്വം നിറവേറ്റുമ്പോൾ അവർ മലയാടിനെ പോലെ അർപ്പണ മനോഭാവവും നിസ്വാർഥതയും പ്രകടിപ്പിക്കുന്നു. തങ്ങളുടെ മക്കളെ ആത്മീയ അപകടങ്ങളിൽനിന്നു സംരക്ഷിക്കുന്നതിന് അവർ ധീരശ്രമം തന്നെ നടത്തുന്നു. അതുകൊണ്ട്, സ്ത്രീകളെ മലയാടുകളോട് ഉപമിക്കുക വഴി ശലോമോൻ അവരെ വിലകുറച്ചു കാണിക്കുകയായിരുന്നില്ല. പകരം ഒരു സ്ത്രീയുടെ സൗന്ദര്യത്തിലേക്കും അഴകിലേക്കും—ഏറ്റവും ദുഷ്കരമായ ചുറ്റുപാടിൽ പോലും വെട്ടിത്തിളങ്ങുന്ന ആത്മീയ ഗുണങ്ങളിലേക്ക്—ശ്രദ്ധ ക്ഷണിക്കുകയായിരുന്നു.
[അടിക്കുറിപ്പ്]
a “മനോഹരമായ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ചെൻ എന്ന എബ്രായ പദം ഈ സന്ദർഭത്തിൽ ‘മനോഹരമായ നടത്തത്തെ അല്ലെങ്കിൽ രൂപഭംഗിയെ’ ആണ് അർഥമാക്കുന്നതെന്ന് ദ ന്യൂ ബ്രൗൺ-ഡ്രൈവർ-ബ്രിഗ്സ്-ജെസേനിയസ് ഹീബ്രു ആൻഡ് ഇംഗ്ലീഷ് ലെക്സിക്കൻ പറയുന്നു.
[30, 31 -ാം പേജിലെ ചിത്രം]
ക്രിസ്തീയ ഭാര്യമാരും അമ്മമാരും തങ്ങളുടെ ദൈവദത്ത ഉത്തരവാദിത്വങ്ങൾ നിറവേറ്റവെ മനോഹരമായ ആത്മീയ ഗുണങ്ങൾ പ്രകടിപ്പിക്കുന്നു