പാഠം 53
യഹോവ ഇഷ്ടപ്പെടുന്ന വിധത്തിലുള്ള വിനോദങ്ങൾ തിരഞ്ഞെടുക്കുക
യഹോവ ‘സന്തോഷമുള്ള ദൈവമാണ്.’ (1 തിമൊഥെയൊസ് 1:11) നമ്മൾ സന്തോഷത്തോടെയിരിക്കാനും ജീവിതം ആസ്വദിക്കാനും ആണ് യഹോവ ആഗ്രഹിക്കുന്നത്. ജോലിത്തിരക്കുകളുണ്ടെങ്കിലും നമ്മൾ വിശ്രമിക്കുന്നതിനു സമയം മാറ്റിവെക്കുന്നതു കാണുമ്പോൾ യഹോവയ്ക്കു സന്തോഷം തോന്നും. നമുക്കു സന്തോഷവും സംതൃപ്തിയും കിട്ടുന്ന വിധത്തിലും അതോടൊപ്പം യഹോവയെ സന്തോഷിപ്പിക്കുന്ന തരത്തിലും വിശ്രമവേളകൾ എങ്ങനെ ഉപയോഗിക്കാമെന്ന് ഈ പാഠത്തിൽ പഠിക്കും.
1. വിനോദം തിരഞ്ഞെടുക്കുമ്പോൾ നമ്മൾ എന്തു ശ്രദ്ധിക്കണം?
ഒഴിവുസമയത്ത് എന്തു ചെയ്യാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്? ചിലർ വെറുതെ വീട്ടിലിരിക്കാൻ ആഗ്രഹിക്കും. എന്നിട്ട് ആ സമയം, പുസ്തകം വായിക്കാനോ പാട്ടു കേൾക്കാനോ സിനിമ കാണാനോ ഇന്റർനെറ്റിൽ പരതാനോ ഉപയോഗിക്കും. ഇനി, മറ്റു ചിലർക്കു കൂട്ടുകാരോടൊപ്പം നടക്കാൻ പോകാനോ നീന്താനോ എന്തെങ്കിലും കളിക്കാനോ ഒക്കെയായിരിക്കും ഇഷ്ടം. നമ്മുടെ താത്പര്യങ്ങൾ എന്തുതന്നെയായിരുന്നാലും വിനോദം തിരഞ്ഞെടുക്കുമ്പോൾ നമ്മൾ ഒരു കാര്യം ശ്രദ്ധിക്കണം, ഇതു ‘കർത്താവിന് സ്വീകാര്യമാണോ’ എന്ന്. (എഫെസ്യർ 5:10) ഇതു പ്രധാനമാണ്. കാരണം ഇന്നുള്ള പല വിനോദപരിപാടികളിലും അക്രമവും ലൈംഗിക അധാർമികതയും ഭൂതപ്രേതങ്ങളെക്കുറിച്ചുള്ള കാര്യങ്ങളുമാണു നിറഞ്ഞിരിക്കുന്നത്. ഇതൊക്കെ യഹോവ വെറുക്കുന്നു. (സങ്കീർത്തനം 11:5 വായിക്കുക.) വിനോദത്തിന്റെ കാര്യത്തിൽ നല്ല തിരഞ്ഞെടുപ്പുകൾ നടത്താൻ നമ്മളെ എന്തു സഹായിക്കും?
യഹോവയെ സ്നേഹിക്കുന്നവരെ നമ്മുടെ കൂട്ടുകാരാക്കിയാൽ അവർക്കു നമ്മളെ നല്ല വിധത്തിൽ സ്വാധീനിക്കാൻ കഴിയും. നല്ല വിനോദങ്ങൾ തിരഞ്ഞെടുക്കാനും അവർ നമ്മളെ സഹായിക്കും. നമ്മൾ മുമ്പ് ഒരു പാഠത്തിൽ പഠിച്ചതുപോലെ ‘ജ്ഞാനികളുടെകൂടെ നടന്നാൽ നമ്മളും ജ്ഞാനിയാകും.’ എന്നാൽ യഹോവയുടെ നിലവാരങ്ങളെ ഒട്ടും പ്രിയപ്പെടാത്തവരോടൊപ്പമാണു നമ്മൾ കൂട്ടുകൂടുന്നതെങ്കിൽ നമുക്കു “ദുഃഖിക്കേണ്ടിവരും.”—സുഭാഷിതങ്ങൾ 13:20.
2. വിനോദപരിപാടികൾക്ക് എത്രമാത്രം സമയം ചെലവഴിക്കുന്നു എന്ന കാര്യം ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
നമ്മൾ തിരഞ്ഞെടുക്കുന്ന വിനോദപരിപാടികൾ വളരെ നല്ലതാണെങ്കിലും അവയ്ക്കുവേണ്ടി നമ്മൾ ഒരുപാടു സമയം ചെലവഴിക്കരുത്. കാരണം അങ്ങനെയായാൽ കൂടുതൽ പ്രധാനപ്പെട്ട പല കാര്യങ്ങൾക്കും നമുക്കു സമയം കിട്ടാതെവരും. ‘സമയം ഏറ്റവും നന്നായി ഉപയോഗിക്കാനാണ്’ ബൈബിൾ നമ്മളോടു പറയുന്നത്.—എഫെസ്യർ 5:15, 16 വായിക്കുക.
ആഴത്തിൽ പഠിക്കാൻ
വിനോദത്തിന്റെ കാര്യത്തിൽ നല്ല തീരുമാനങ്ങൾ എങ്ങനെ എടുക്കാമെന്നു നോക്കാം.
3. മോശമായ വിനോദങ്ങൾ ഒഴിവാക്കുക
നമ്മൾ വിനോദം ശ്രദ്ധയോടെ തിരഞ്ഞെടുക്കണമെന്നു പറയുന്നത് എന്തുകൊണ്ടാണ്? വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
പുരാതന റോമിലെ പോരാട്ടക്കളികൾക്ക് ഇക്കാലത്തെ ചില വിനോദങ്ങളുമായി എന്തു സമാനതയുണ്ട്?
വിനോദത്തെക്കുറിച്ച് ഡാനി എന്താണ് പഠിച്ചത്?
റോമർ 12:9 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ഒരു വിനോദം വേണോ വേണ്ടയോ എന്നു തീരുമാനിക്കാൻ ഈ വാക്യം നിങ്ങളെ എങ്ങനെ സഹായിക്കും?
യഹോവ വെറുക്കുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്? സുഭാഷിതങ്ങൾ 6:16, 17; ഗലാത്യർ 5:19-21 എന്നീ വാക്യങ്ങൾ വായിക്കുക. ഓരോ തിരുവെഴുത്തും വായിച്ചതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:
ഈ വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന എന്തൊക്കെ കാര്യങ്ങളാണ് ഇന്നത്തെ വിനോദപരിപാടികളിൽ സർവസാധാരണമായിരിക്കുന്നത്?
വിനോദം തിരഞ്ഞെടുക്കുന്നതിനു മുമ്പ് ചിന്തിക്കേണ്ടത്
സ്വയം ചോദിക്കുക:
എങ്ങനെയുള്ളത്? യഹോവ വെറുക്കുന്ന എന്തെങ്കിലും ഈ വിനോദത്തിലുണ്ടോ?
എപ്പോൾ? എപ്പോഴെങ്കിലും ഈ വിനോദം, കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളെ തടസ്സപ്പെടുത്തുന്നുണ്ടോ?
ആരുടെകൂടെ? യഹോവയെ സ്നേഹിക്കാത്ത വ്യക്തികളുമായി കൂടുതൽ അടുക്കാൻ ഈ വിനോദം ഇടയാക്കുമോ?
അപകടമേഖലയിൽനിന്ന് കഴിയുന്നിടത്തോളം അകലം പാലിക്കുന്നതാണു നല്ലത്. അതുപോലെ നല്ലതാണോ എന്നു സംശയമുള്ള വിനോദങ്ങളിൽനിന്നും നമ്മൾ അകലം പാലിക്കണം
4. സമയം ജ്ഞാനത്തോടെ ഉപയോഗിക്കുക
വീഡിയോ കാണുക. അതിനു ശേഷം ചോദ്യം ചർച്ച ചെയ്യുക.
വീഡിയോയിൽ കണ്ട സഹോദരൻ മോശമായ കാര്യങ്ങളൊന്നുമല്ല കാണുന്നതെങ്കിലും അദ്ദേഹത്തിന്റെ പ്രശ്നം എന്തായിരുന്നു?
ഫിലിപ്പിയർ 1:10 വായിക്കുക. എന്നിട്ട് ചോദ്യം ചർച്ച ചെയ്യുക.
വിനോദത്തിനുവേണ്ടി എത്രമാത്രം സമയം ചെലവഴിക്കണമെന്നു തീരുമാനിക്കാൻ ഈ വാക്യം നമ്മളെ സഹായിക്കുന്നത് എങ്ങനെ?
5. നല്ല വിനോദങ്ങൾ തിരഞ്ഞെടുക്കുക
യഹോവയ്ക്ക് ഇഷ്ടപ്പെടാത്ത ചില വിനോദങ്ങൾ ഉണ്ടെങ്കിലും യഹോവയ്ക്ക് ഇഷ്ടപ്പെടുന്ന വിനോദങ്ങളും ധാരാളം ഉണ്ട്. സഭാപ്രസംഗകൻ 8:15; ഫിലിപ്പിയർ 4:8 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
നിങ്ങൾക്ക് ഇഷ്ടപ്പെട്ട നല്ല വിനോദങ്ങൾ എന്തൊക്കെയാണ്?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “അക്രമവും അധാർമികതയും ഭൂതവിദ്യയും ഉള്ള വിനോദങ്ങൾ കണ്ടെന്നുവെച്ച് എന്താ കുഴപ്പം? നമ്മൾ അതൊന്നും ചെയ്യാതിരുന്നാൽ പോരേ?”
നിങ്ങൾ എന്തു പറയും?
ചുരുക്കത്തിൽ
നമ്മൾ നല്ല വിനോദങ്ങൾ തിരഞ്ഞെടുക്കാനും അത് ആസ്വദിക്കാനും യഹോവ ആഗ്രഹിക്കുന്നു.
ഓർക്കുന്നുണ്ടോ?
ക്രിസ്ത്യാനികൾ ഒഴിവാക്കേണ്ട വിനോദങ്ങൾ എന്തൊക്കെയാണ്?
വിനോദങ്ങൾക്കുവേണ്ടി എത്രമാത്രം സമയം ചെലവഴിക്കുന്നെന്ന കാര്യം നമ്മൾ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
നിങ്ങൾ യഹോവയ്ക്ക് ഇഷ്ടപ്പെടുന്ന വിധത്തിലുള്ള വിനോദങ്ങൾ തിരഞ്ഞെടുക്കേണ്ടത് എന്തുകൊണ്ടാണ്?
കൂടുതൽ മനസ്സിലാക്കാൻ
വിനോദം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ആർക്കാണ് ഉത്തരവാദിത്വം?
വിശ്രമവേളകളിൽ ഏതു വിനോദം തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ എങ്ങനെ നല്ല തീരുമാനമെടുക്കാം?
“നിങ്ങളുടെ വിനോദം പ്രയോജനപ്രദമാണോ?” (വീക്ഷാഗോപുരം 2011 ഒക്ടോബർ 15)
വിനോദങ്ങളുടെ കാര്യത്തിൽ ഒരാളുടെ ഇഷ്ടങ്ങൾക്കു മാറ്റം വന്നത് എങ്ങനെ? അത് അറിയാൻ “ഞാൻ എന്റെ മുൻവിധിയെപ്പോലും കീഴ്പെടുത്തി” എന്ന ലേഖനം വായിക്കുക.
“ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു” (വെബ്സൈറ്റിലെ ലേഖനം)
വിനോദം ആസ്വദിക്കുന്നതിനിടയ്ക്ക് ഭൂതവിദ്യയോടു ബന്ധപ്പെട്ട ഭാഗം വന്നപ്പോൾ ഒരു വീട്ടമ്മ നല്ല തീരുമാനമെടുത്തത് എങ്ങനെയാണ്?