നിങ്ങളുടെ പേര് കാത്തുസൂക്ഷിക്കുക
മനോഹരമായ കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യുന്ന ഒരാൾ വിദഗ്ധ ശില്പിയെന്ന സത്പേരുണ്ടാക്കുന്നു. നന്നായി പഠിക്കുന്ന ഒരു പെൺകുട്ടി സമർഥയായ വിദ്യാർഥിനിയായി അറിയപ്പെടുന്നു. ഒന്നും ചെയ്യാതെ വെറുതെ സമയം കളയുന്ന ഒരാൾക്കു പോലും ഒരു പേരു കിട്ടിയേക്കാം—അലസൻ. നല്ല പേരുണ്ടാക്കുന്നതിന്റെ മൂല്യത്തിന് ഊന്നൽ നൽകിക്കൊണ്ട് ബൈബിൾ ഇങ്ങനെ പറയുന്നു: “സത്പേര് വലിയ ധനത്തെക്കാളും സത്കീർത്തി വെള്ളിയെക്കാളും സ്വർണത്തെക്കാളും ഏറെ അഭിലഷണീയമാണ്.”—സദൃശവാക്യങ്ങൾ 22:1, ഒരു അമേരിക്കൻ ഭാഷാന്തരം.
ചെറിയ ചെറിയ അനേകം പ്രവൃത്തികളിലൂടെ കുറെ കാലങ്ങൾ കൊണ്ടാണ് ഒരു സത്പേര് കൈവരുന്നത്. എങ്കിലും, ഭോഷത്വപരമായ ഒരേയൊരു പ്രവൃത്തി മതി അതെല്ലാം കളഞ്ഞുകുളിക്കാൻ. ഉദാഹരണത്തിന്, ഒരു ലൈംഗിക ദുഷ്പെരുമാറ്റത്തിന് സത്പേരിന്മേൽ കളങ്കമേൽപ്പിക്കാനാകും. ദുഷ്കീർത്തിക്ക് ഇടയാക്കുന്നതും യഹോവയാം ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന് ഹാനി വരുത്തുന്നതുമായ മനോഭാവത്തിനും പ്രവൃത്തികൾക്കുമെതിരെ, ബൈബിളിലെ സദൃശവാക്യങ്ങൾ എന്ന പുസ്തകത്തിന്റെ 6-ാം അധ്യായത്തിൽ പുരാതന ഇസ്രായേലിലെ ജ്ഞാനിയായ ശലോമോൻ രാജാവ് മുന്നറിയിപ്പു നൽകിയിരിക്കുന്നു. അലസത, വഞ്ചന, ചിന്തിക്കാതെയുള്ള വാക്കു കൊടുക്കൽ, ലൈംഗിക അധാർമികത എന്നിവയെല്ലാം ഇതിൽപ്പെടുന്നു. യഹോവയ്ക്ക് വെറുപ്പുള്ള കാര്യങ്ങളാണ് ഇവയെല്ലാം. ഈ ബുദ്ധിയുപദേശത്തിനു ചെവി കൊടുക്കുന്നത് സത്പേര് കാത്തുസൂക്ഷിക്കാൻ നമ്മെ സഹായിക്കും.
ചിന്തിക്കാതെ വാക്കു കൊടുക്കുന്നതിൽനിന്ന് ഒഴിഞ്ഞിരിക്കുക
സദൃശവാക്യങ്ങൾ 6-ാം അധ്യായം തുടങ്ങുന്നത് ഈ വാക്കുകളോടെയാണ്: “മകനേ കൂട്ടുകാരന്നു വേണ്ടി നീ ജാമ്യം നില്ക്കയോ അന്യന്നു വേണ്ടി കയ്യടിക്കയോ ചെയ്തിട്ടുണ്ടെങ്കിൽ, നിന്റെ വായിലെ വാക്കുകളാൽ നീ കുടുങ്ങിപ്പോയി; നിന്റെ വായിലെ മൊഴികളാൽ പിടിപ്പെട്ടിരിക്കുന്നു. ആകയാൽ മകനേ, ഇതു ചെയ്ക; നിന്നെത്തന്നേ വിടുവിക്ക; കൂട്ടുകാരന്റെ കയ്യിൽ നീ അകപ്പെട്ടുപോയല്ലോ; നീ ചെന്നു, താണുവീണു കൂട്ടുകാരനോടു മുട്ടിച്ചപേക്ഷിക്ക.”—സദൃശവാക്യങ്ങൾ 6:1-3.
മറ്റുള്ളവരുടെ, പ്രത്യേകിച്ച് അന്യരുടെ ബിസിനസ് ഇടപാടുകളിൽ ഉൾപ്പെടുന്നതിനെതിരെ ഈ സദൃശവാക്യം ബുദ്ധിയുപദേശിക്കുന്നു. തങ്ങളുടെ ‘സഹോദരൻ ദരിദ്രനായിത്തീർന്നു ക്ഷയിച്ചുപോയാൽ’ അവനെ താങ്ങുന്നതിനുള്ള ഉത്തരവാദിത്വം ഇസ്രായേല്യർക്ക് ഉണ്ടായിരുന്നു. (ലേവ്യപുസ്തകം 25:35-38) എന്നാൽ, ചില ഇസ്രായേല്യർ വലിയ ലാഭം മുന്നിൽ കണ്ടുകൊണ്ടു ബിസിനസ് തുടങ്ങുകയും തങ്ങൾക്കുവേണ്ടി ‘ജാമ്യം നിൽക്കാനായി’ മറ്റുള്ളവരെ പറഞ്ഞു പ്രേരിപ്പിച്ച് സാമ്പത്തിക പിന്തുണ നേടുകയും അങ്ങനെ കടം വീട്ടാനുള്ള ഉത്തരവാദിത്വം അവരുടെമേൽ വരുത്തുകയും ചെയ്തിരുന്നു. സമാനമായ സാഹചര്യങ്ങൾ ഇന്നും ഉണ്ടായേക്കാം. ഉദാഹരണമായി, ചില സാമ്പത്തിക സ്ഥാപനങ്ങൾ, ഒരു വായ്പ അനുവദിക്കുന്നതിനു മുമ്പ് ഒരു ജാമ്യക്കാരനെ ആവശ്യപ്പെട്ടേക്കാം. മറ്റുള്ളവർക്കു വേണ്ടി തിടുക്കത്തിൽ അത്തരമൊരു പ്രതിബദ്ധതയേൽക്കുന്നത് എത്ര ബുദ്ധിശൂന്യമായിരിക്കും! എന്തിന്, അതു നമ്മെ സാമ്പത്തികമായി കെണിയിലാക്കുകയും ബാങ്കുകാരുടെയും നാം പണം കടം വാങ്ങിയിരിക്കുന്നവരുടെയും മുമ്പാകെ ദുഷ്പേര് വരുത്തിവെക്കുകയും ചെയ്തേക്കാം.
ബുദ്ധിപൂർവമായ ഒരു നടപടിയെന്നു നാം ആദ്യം വിചാരിച്ചിരുന്നതും എന്നാൽ പിന്നെ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ബുദ്ധിമോശമായിപ്പോയി എന്നു തോന്നുന്നതുമായ ഒരു സംഗതി സംബന്ധിച്ചോ? ആത്മാഭിമാനം നോക്കാതെ “നീ ചെന്നു, താണുവീണു കൂട്ടുകാരനോടു മുട്ടിച്ചപേക്ഷിക്ക” എന്നതാണ് നൽകിയിരിക്കുന്ന ബുദ്ധിയുപദേശം. പ്രശ്നം പരിഹരിക്കുന്നതിന് സാധ്യമാകുന്നതെല്ലാം നാം ചെയ്യണം. ഒരു പരാമർശഗ്രന്ഥം ഇങ്ങനെ പറയുന്നു: “കടം നിങ്ങളുടെയോ കുടുംബത്തിന്റെയോ മേൽ വരാതിരിക്കാൻ മറ്റേ കക്ഷിയുമായി കാര്യങ്ങൾ സംസാരിച്ച് ഒരു ഒത്തുതീർപ്പിൽ എത്താൻ സാധ്യമായ എല്ലാ ശ്രമവും ചെയ്യുക.” ഇക്കാര്യം വെച്ചുതാമസിപ്പിക്കരുത്, എന്തെന്നാൽ ശലോമോൻ പറയുന്നു: “നിന്റെ കണ്ണിന്നു ഉറക്കവും നിന്റെ കണ്ണിമെക്കു നിദ്രയും കൊടുക്കരുതു. മാൻ നായാട്ടുകാരന്റെ കയ്യിൽനിന്നും പക്ഷി വേട്ടക്കാരന്റെ കയ്യിൽനിന്നും എന്നപോലെ നീ നിന്നെത്തന്നേ വിടുവിക്ക.” (സദൃശവാക്യങ്ങൾ 6:4, 5) സാധ്യമാകുന്നപക്ഷം, കെണിയിലാകുന്നതിനു പകരം, ബുദ്ധിപൂർവമല്ലാത്ത ഒരു പ്രതിബദ്ധതയിൽനിന്നു പിൻവാങ്ങുന്നതാണ് മെച്ചം.
ഉറുമ്പിനെപ്പോലെ കഠിനാധ്വാനികൾ ആയിരിക്കുക
ശലോമോൻ ഉദ്ബോധിപ്പിക്കുന്നു: “മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക.” ഉറുമ്പിന്റെ വഴികളിൽനിന്ന് എന്തു ബുദ്ധിയാണ് നമുക്കു പഠിക്കാനാകുക? രാജാവ് ഉത്തരം നൽകുന്നു: “അതിന്നു നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും വേനല്ക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്തു തന്റെ തീൻ ശേഖരിക്കുന്നു.”—സദൃശവാക്യങ്ങൾ 6:6-8.
ഉറുമ്പുകൾക്കിടയിലെ ഐക്യവും സഹകരണവും അത്ഭുതാവഹമാണ്. സഹജവാസനയാൽ അവ വരുംകാലത്തേക്കു ഭക്ഷണം ശേഖരിച്ചുവെക്കുന്നു. അവയ്ക്കു “നായകനും മേൽവിചാരകനും അധിപതിയും ഇല്ല.” രാജ്ഞിയായിട്ട് ഒരു ഉറുമ്പ് ഉണ്ടെങ്കിലും, മുട്ടയിടുകയും ആ സമൂഹത്തിന്റെ അമ്മയായിരിക്കുകയും ചെയ്യുന്നു എന്ന അർഥത്തിൽ മാത്രമാണ് ഈ പദവി. അവൾ ആജ്ഞകളൊന്നും നൽകുന്നില്ല. നയിക്കാൻ തലവനോ നിരീക്ഷിക്കാൻ മേൽവിചാരകനോ ഇല്ലാതിരുന്നിട്ടും അവ അക്ഷീണം വേല ചെയ്യുന്നു.
നമ്മളും ഉറുമ്പിനെപ്പോലെ കഠിനാധ്വാനികൾ ആയിരിക്കേണ്ടതല്ലേ? മേൽനോട്ടമുണ്ടെങ്കിലും ഇല്ലെങ്കിലും, കഠിനമായി അധ്വാനിക്കുന്നതും വേലയിൽ പുരോഗതി പ്രാപിക്കാൻ ശ്രമിക്കുന്നതും നമുക്ക് പ്രയോജനകരമാണ്. അതേ, സ്കൂളിലും ജോലിസ്ഥലത്തും ആത്മീയ പ്രവർത്തനങ്ങളിലും കഴിവിന്റെ പരമാവധി നാം ചെയ്യേണ്ടതാണ്. കഠിനാധ്വാനത്തിന്റെ ഫലം ഉറുമ്പിന് ലഭിക്കുന്നതുപോലെ, ‘നാം പ്രയത്നിക്കുന്ന സകല പ്രയത്നത്തിലും സുഖം അനുഭവിക്കണമെന്ന്’ ദൈവം ആഗ്രഹിക്കുന്നു. (സഭാപ്രസംഗി 3:13, 22; 5:18) കഠിനാധ്വാനത്തിന്റെ ഫലമോ, ശുദ്ധ മനസ്സാക്ഷിയും ആത്മസംതൃപ്തിയും ആണ്.—സഭാപ്രസംഗി 5:12.
രണ്ട് ചോദ്യങ്ങൾ ഉപയോഗിച്ചുകൊണ്ട് ശലോമോൻ മടിയനെ അവന്റെ ആലസ്യത്തിൽനിന്ന് തട്ടിയുണർത്താൻ ശ്രമിക്കുന്നു: “മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽനിന്നെഴുന്നേല്ക്കും?” അവനെ പരിഹസിച്ചുകൊണ്ട് രാജാവ് പറയുന്നു: “കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറേക്കൂടെ കൈകെട്ടിക്കിടക്ക. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.” (സദൃശവാക്യങ്ങൾ 6:9-11) മടിയൻ കിടന്നുറങ്ങുമ്പോൾ, പട്ടിണി ഒരു കവർച്ചക്കാരനെപ്പോലെ അവനെ പിടികൂടുകയും ദാരിദ്ര്യം ഒരു ആയുധധാരിയെപ്പോലെ അവനെ ആക്രമിക്കുകയും ചെയ്യും. മടിയന്റെ വയലിൽ കളയും ചൊറിയണവും പെട്ടെന്നു നിറയും. (സദൃശവാക്യങ്ങൾ 24:30, 31) അയാളുടെ വ്യാപാര സംരംഭങ്ങൾ പെട്ടെന്നുതന്നെ പരാജയമടയും. ഒരു തൊഴിലുടമ അലസനെ എത്രകാലത്തേക്കു സഹിക്കും? മടിയനായ ഒരു വിദ്യാർഥിക്ക് സ്കൂളിൽ നല്ല മാർക്കു കിട്ടുമെന്നു പ്രതീക്ഷിക്കാനാകുമോ?
സത്യസന്ധരായിരിക്കുക
ഒരു വ്യക്തിയുടെ സത്പേരിനെയും ദൈവവുമായുള്ള ബന്ധത്തെയും നശിപ്പിക്കുന്ന മറ്റൊരു പെരുമാറ്റത്തെക്കുറിച്ച് ശലോമോൻ തുടർന്നു പറയുന്നു: “നിസ്സാരനും ദുഷ്കർമ്മിയുമായവൻ വായുടെ വക്രതയോടെ നടക്കുന്നു. അവൻ കണ്ണിമെക്കുന്നു; കാൽകൊണ്ടു പരണ്ടുന്നു; വിരൽകൊണ്ടു ആംഗ്യം കാണിക്കുന്നു. അവന്റെ ഹൃദയത്തിൽ വക്രതയുണ്ടു; അവൻ എല്ലായ്പോഴും ദോഷം നിരൂപിച്ചു വഴക്കുണ്ടാക്കുന്നു.”—സദൃശവാക്യങ്ങൾ 6:12-14.
ഈ വിവരണം ഒരു ചതിയനെ കുറിച്ചുള്ളതാണ്. തന്റെ കള്ളത്തരം മറച്ചുവെക്കാൻ ഒരു നുണയൻ സദാ ശ്രമിക്കുന്നു. എങ്ങനെ? “വായുടെ വക്രത”യാൽ മാത്രമല്ല, ശരീരഭാഷകൊണ്ടും. അതേക്കുറിച്ച് ഒരു പണ്ഡിതൻ ഇങ്ങനെ പറയുന്നു: “ആംഗ്യങ്ങളും ശബ്ദഭേദവും മുഖഭാവം പോലും വഞ്ചനയുടെ ആസൂത്രിത രൂപങ്ങളായി ഉപയോഗിക്കാറുണ്ട്; ആത്മാർഥമെന്നു തോന്നിക്കുന്ന ഒരു ഭാവത്തിനു പിന്നിൽ കുബുദ്ധിയും ഭിന്നിപ്പും പതുങ്ങിയിരിപ്പുണ്ടാകാം.” ഒന്നിനും കൊള്ളാത്ത അത്തരമൊരു വ്യക്തി കുതന്ത്രങ്ങൾ കെട്ടിച്ചമയ്ക്കുകയും സദാ കലഹമുണ്ടാക്കുകയും ചെയ്യുന്നു. അതിന്റെ അന്തിമഫലം എന്തായിരിക്കും?
ഇസ്രായേൽ രാജാവ് ഉത്തരം നൽകുന്നു: “അതുകൊണ്ടു അവന്റെ ആപത്തു പെട്ടെന്നു വരും; ക്ഷണത്തിൽ അവൻ തകർന്നുപോകും; പ്രതിശാന്തിയുണ്ടാകയുമില്ല.” (സദൃശവാക്യങ്ങൾ 6:15) പൂച്ച് പുറത്താകുന്നതോടെ, നുണയന്റെ കീർത്തി തകർന്നടിയുന്നു. പിന്നെ അവനെ ആരാണ് വിശ്വസിക്കുക? അയാളുടെ അവസാനം യഥാർഥത്തിൽ വിപത്കരമാണ്, എന്തെന്നാൽ നിത്യനാശം സംഭവിക്കുന്നവരുടെ കൂട്ടത്തിലാണ് ‘ഭോഷ്കുപറയുന്ന ഏവരെയും’ ഉൾപ്പെടുത്തിയിരിക്കുന്നത്. (വെളിപ്പാടു 21:8) അതിനാൽ, ‘സകലത്തിലും നല്ലവരായി നടക്കാൻ’ നമുക്കു ദൃഢനിശ്ചയമുള്ളവർ ആയിരിക്കാം.—എബ്രായർ 13:18.
യഹോവ വെറുക്കുന്ന കാര്യങ്ങൾ വെറുക്കുക
ദോഷത്തെ വെറുക്കൽ—സത്കീർത്തിയെ നശിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിൽനിന്നുള്ള എത്ര നല്ല ഒരു സംരക്ഷണം! അതുകൊണ്ട്, ദോഷത്തോടുള്ള വെറുപ്പ് നാം വളർത്തിയെടുക്കേണ്ടതല്ലേ? എന്നാൽ യഥാർഥത്തിൽ എന്തിനെയാണ് നാം വെറുക്കേണ്ടത്? ശലോമോൻ പറയുന്നു: “ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന്നു അറെപ്പാകുന്നു: ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും കുററമില്ലാത്ത രക്തം ചൊരിയുന്ന കയ്യും ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിന്നു ബദ്ധപ്പെട്ടു ഓടുന്ന കാലും ഭോഷ്കു പറയുന്ന കള്ളസാക്ഷിയും സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നേ.”—സദൃശവാക്യങ്ങൾ 6:16-19.
സദൃശവാക്യങ്ങൾ പരാമർശിക്കുന്ന ഏഴു കാര്യങ്ങളിൽ അടിസ്ഥാനപരമായി തെറ്റായ എല്ലാത്തരം പ്രവൃത്തികളും ഉൾപ്പെടുന്നു. “ഗർവ്വമുള്ള കണ്ണും” “ദുരുപായം നിരൂപിക്കുന്ന ഹൃദയവും” പാപകരമായ ചിന്തകളാണ്. “വ്യാജമുള്ള നാവും” “ഭോഷ്കു പറയുന്ന കള്ളസാക്ഷിയും” പാപകരമായ വാക്കുകളാണ്. “കുററമില്ലാത്ത രക്തം ചൊരിയുന്ന കയ്യും” “ദോഷത്തിന്നു ബദ്ധപ്പെട്ടു ഓടുന്ന കാലും” ദുഷ്ചെയ്തികളാണ്. സമാധാനത്തിൽ കഴിഞ്ഞുകൂടുന്നവരെ തമ്മിൽ തല്ലിക്കുകയും അതു കണ്ട് രസിക്കുകയും ചെയ്യുന്ന ഏതൊരുവനെയും യഹോവ പ്രത്യേകിച്ചും വെറുക്കുന്നു. ആറിൽനിന്ന് ഏഴിലേക്കുള്ള വർധന സൂചിപ്പിക്കുന്നത് ആ പട്ടിക പൂർണമാകുന്നില്ല എന്നാണ്. കാരണം, മനുഷ്യർ തങ്ങളുടെ ദുഷ്ചെയ്തികൾ പെരുക്കിക്കൊണ്ടിരിക്കുകയാണല്ലോ.
വാസ്തവത്തിൽ യഹോവ വെറുക്കുന്ന കാര്യങ്ങളോട് നാം ഒരു വെറുപ്പ് വളർത്തിയെടുക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, നാം ‘ഗർവുള്ള കണ്ണിനെ’ അല്ലെങ്കിൽ അഹങ്കാരത്തെ വെളിവാക്കുന്ന ഏതൊരു സംഗതിയെയും വിട്ടുകളയണം. കൂടാതെ, ‘സഹോദരന്മാരുടെ ഇടയിൽ വഴക്കിന്’ കാരണമാക്കുന്ന ദ്രോഹകരമായ കുശുകുശുപ്പും നാം ഒഴിവാക്കണം. മറ്റുള്ളവർ പറഞ്ഞുകേൾക്കുന്ന ഹാനികരമായ വിവരങ്ങളോ അടിസ്ഥാനരഹിതമായ വിമർശനമോ അല്ലെങ്കിൽ നുണയോ പ്രചരിപ്പിക്കുന്നതിലൂടെ നാം “കുററമില്ലാത്ത രക്തം ചൊരിയു”ന്നില്ലായിരിക്കാം. എന്നാൽ, മറ്റൊരു വ്യക്തിയുടെ സത്കീർത്തിയെ അത് നശിപ്പിക്കുകതന്നെ ചെയ്യും.
‘അവളുടെ സൗന്ദര്യത്തെ ആഗ്രഹിക്കരുത്’
ശലോമോൻ അടുത്തതായി മറ്റൊരു കാര്യത്തെ കുറിച്ചുള്ള ഈ ബുദ്ധിയുപദേശം നൽകുന്നു: “മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു. അതു എല്ലായ്പോഴും നിന്റെ ഹൃദയത്തോടു ബന്ധിച്ചുകൊൾക; നിന്റെ കഴുത്തിൽ അതു കെട്ടിക്കൊൾക.” അങ്ങനെ ചെയ്യേണ്ടതിന്റെ കാരണം? “നീ നടക്കുമ്പോൾ അതു നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും; നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും.”—സദൃശവാക്യങ്ങൾ 6:20-22.
തിരുവെഴുത്തധിഷ്ഠിതമായ പരിശീലനം ലൈംഗിക അധാർമികത എന്ന കെണിയിൽനിന്നു നമ്മെ സംരക്ഷിക്കുമോ? തീർച്ചയായും. നമുക്ക് ഈ ഉറപ്പ് ലഭിച്ചിരിക്കുന്നു: “കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗവും ആകുന്നു. അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽനിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും.” (സദൃശവാക്യങ്ങൾ 6:23, 24) ദൈവവചനം നൽകുന്ന ബുദ്ധിയുപദേശത്തെ ‘നമ്മുടെ കാലിനു ദീപവും പാതെക്കു പ്രകാശവുമായി ഉപയോഗിക്കുന്നത്’ ഒരു അധാർമിക സ്ത്രീയുടെയോ പുരുഷന്റെയോ ചക്കരവാക്കുകളിൽനിന്നു നമ്മെ രക്ഷിക്കും.—സങ്കീർത്തനം 119:105.
ജ്ഞാനിയായ രാജാവ് ബുദ്ധിയുപദേശിക്കുന്നു, “അവളുടെ സൌന്ദര്യത്തെ നിന്റെ ഹൃദയത്തിൽ മോഹിക്കരുതു; അവൾ കണ്ണിമകൊണ്ടു നിന്നെ വശീകരിക്കയുമരുതു.” കാരണം എന്താണ്? “വേശ്യാസ്ത്രീനിമിത്തം പെറുക്കിത്തിന്നേണ്ടിവരും; വ്യഭിചാരണി വിലയേറിയ ജീവനെ വേട്ടയാടുന്നു.”—സദൃശവാക്യങ്ങൾ 6:25, 26.
വ്യഭിചാരിണിയായ ഒരു ഭാര്യയെ ശലോമോൻ വേശ്യ എന്നു പരാമർശിക്കുകയാണോ? ആയിരിക്കാം. അല്ലെങ്കിൽ, വേശ്യാസംഗത്തിന്റെ അനന്തരഫലവും പരപുരുഷന്റെ ഭാര്യയുമായി വ്യഭിചരിക്കുന്നതിന്റെ അനന്തരഫലവും തമ്മിലുള്ള വ്യത്യാസം എടുത്തുപറയുകയായിരിക്കാം. വേശ്യാസ്ത്രീയുടെ അടുക്കൽ പോകുന്നവൻ ക്ഷയിച്ച് “പെറുക്കിത്തിന്നേണ്ടിവരും,” അതായത്, കടുത്ത ദാരിദ്ര്യത്തിലാകും. കൂടാതെ, എയ്ഡ്സ് ഉൾപ്പെടെയുള്ള, ലൈംഗികമായി പകരുന്ന വേദനാകരവും മാരകവുമായ രോഗങ്ങളും അയാളെ ബാധിച്ചേക്കാം. എന്നാൽ, മറ്റൊരാളുടെ ഇണയുമായി വേഴ്ചയിലേർപ്പെടുന്നവൻ ന്യായപ്രമാണമനുസരിച്ച് ഉടൻ ശിക്ഷിക്കപ്പെടുമായിരുന്നു. വ്യഭിചാരിണിയായ ഭാര്യ അവളുടെ അടുക്കൽ വരുന്നവന്റെ “വിലയേറിയ ജീവനെ”യാണ് അപകടത്തിലാക്കുന്നത്. “കുത്തഴിഞ്ഞ് ജീവിക്കുന്നതു മുഖാന്തരം ആയുസ്സ് ചുരുങ്ങുന്നതിനെക്കാളധികം . . . ഇതിൽ ഉൾപ്പെട്ടിരിക്കുന്നു” എന്ന് ഒരു പരാർശക ഗ്രന്ഥം പറയുന്നു. ‘വ്യഭിചാരം ചെയ്തയാൾ വധശിക്ഷയ്ക്ക് അർഹനായിരുന്നു.’ (ലേവ്യപുസ്തകം 20:10; ആവർത്തനപുസ്തകം 22:22) അത്തരമൊരു സ്ത്രീക്ക് എത്രത്തോളം അംഗലാവണ്യം ഉണ്ടായിരുന്നാലും, യാതൊരു പ്രകാരത്തിലും അവളിൽ ആകൃഷ്ടരാകരുത്.
‘മടിയിൽ തീ കോരിയിടരുത്’
വ്യഭിചാരത്തിന്റെ അപകടത്തിന് ഊന്നൽ നൽകാനായി ശലോമോൻ ചോദിക്കുന്നു: “ഒരു മനുഷ്യന്നു തന്റെ വസ്ത്രം വെന്തു പോകാതെ മടിയിൽ തീ കൊണ്ടുവരാമോ? ഒരുത്തന്നു കാൽ പൊള്ളാതെ തീക്കനലിന്മേൽ നടക്കാമോ?” ഈ ദൃഷ്ടാന്തത്തിന്റെ അർഥം വിശദീകരിച്ചുകൊണ്ട് ശലോമോൻ പറയുന്നു: “കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെ തന്നേ; അവളെ തൊടുന്ന ഒരുത്തനും ശിക്ഷവരാതെയിരിക്കയില്ല.” (സദൃശവാക്യങ്ങൾ 6:27-29) അത്തരമൊരു പാപിക്ക് ശിക്ഷ ലഭിക്കാതിരിക്കുകയില്ല.
“കള്ളൻ വിശന്നിട്ടു വിശപ്പടക്കുവാൻ മാത്രം കട്ടാൽ ആരും അവനെ നിരസിക്കുന്നില്ല,” ശലോമോൻ ഓർമിപ്പിക്കുന്നു. എങ്കിലും, “അവനെ പിടികിട്ടിയാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കാം; തന്റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കാം.” (സദൃശവാക്യങ്ങൾ 6:30, 31) പുരാതന ഇസ്രായേലിൽ, ഒരു മോഷ്ടാവ് നഷ്ടപരിഹാരം കൊടുക്കണമായിരുന്നു, അതിന് അവനുള്ളതെല്ലാം വേണ്ടിവരുമായിരുന്നെങ്കിൽപ്പോലും.a ആ സ്ഥിതിക്ക്, യാതൊരു ന്യായീകരണവുമില്ലാത്ത ഒരു വ്യഭിചാരി എത്രയധികം ശിക്ഷാർഹനാണ്!
ശലോമോൻ പറയുന്നു: “സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ.” ‘സ്വന്തപ്രാണനെ നശിപ്പിക്കുന്നതിനാൽ’ ബുദ്ധിഹീനന് ശരിയും തെറ്റും വിവേചിച്ചറിയാനുള്ള പ്രാപ്തിയില്ല. (സദൃശവാക്യങ്ങൾ 6:32) പുറമേ അയാൾ ഒരു മാന്യനാണെന്ന് തോന്നിയേക്കാം, എങ്കിലും അയാളിലെ ആന്തരിക മനുഷ്യൻ വേണ്ടവിധം വളർച്ച പ്രാപിച്ചിട്ടില്ല.
അതു മാത്രമല്ല വ്യഭിചാരിക്കു ലഭിക്കുന്ന തിക്തഫലങ്ങൾ. “പ്രഹരവും അപമാനവും അവന്നു ലഭിക്കും; അവന്റെ നിന്ദ മാഞ്ഞുപോകയുമില്ല. ജാരശങ്ക പുരുഷന്നു ക്രോധഹേതുവാകുന്നു; പ്രതികാരദിവസത്തിൽ അവൻ ഇളെക്കുകയില്ല. അവൻ യാതൊരു പ്രതിശാന്തിയും കൈക്കൊള്ളുകയില്ല; എത്ര സമ്മാനം കൊടുത്താലും അവൻ തൃപ്തിപ്പെടുകയുമില്ല.”—സദൃശവാക്യങ്ങൾ 6:33-35.
താൻ മോഷ്ടിച്ചതിന് നഷ്ടപരിഹാരം കൊടുക്കാൻ ഒരു മോഷ്ടാവിന് കഴിയും, എന്നാൽ ഒരു വ്യഭിചാരിക്ക് അതിനു സാധ്യമല്ല. കുപിതനായ ഒരു ഭർത്താവിന് അയാൾ എന്തു നഷ്ടപരിഹാരം കൊടുക്കും? എത്രമാത്രം കേണപേക്ഷിച്ചാലും ആ പാപിക്ക് അനുകമ്പ കിട്ടാൻ സാധ്യതയില്ല. തന്റെ പാപത്തിനു പരിഹാരം ചെയ്യാൻ ഒരു വ്യഭിചാരിക്കുമാവില്ല. അധിക്ഷേപവും അപമാനവുമായിരിക്കും അയാളുടെമേൽ കുന്നുകൂടുന്നത്. കൂടാതെ, അർഹിക്കുന്ന ശിക്ഷയിൽനിന്നു സ്വയം വീണ്ടെടുക്കാനോ സ്വതന്ത്രനാകാനോ അയാൾക്കു കഴിയുകയില്ല.
നമ്മുടെ സത്പേരിനെ കളങ്കപ്പെടുത്തുകയും ദൈവനാമത്തിന്മേൽ നിന്ദ വരുത്തുകയും ചെയ്യുന്ന വ്യഭിചാരവും അതുപോലുള്ള മറ്റു നടത്തകളും മനോഭാവങ്ങളും ഒഴിവാക്കുന്നത് എത്രയോ ബുദ്ധിയാണ്! അതുകൊണ്ട്, നമുക്കു ചിന്താശൂന്യമായ പ്രതിജ്ഞകൾ എടുക്കാതിരിക്കാം. കഠിനാധ്വാനവും സത്യസന്ധതയും നമ്മുടെ സത്കീർത്തിക്ക് ഭൂഷണമായിരിക്കട്ടെ. യഹോവ വെറുക്കുന്നതിനെ വെറുക്കാൻ ശ്രമിക്കവെ, അവന്റെയും സഹമനുഷ്യരുടെയും മുമ്പാകെ സത്പേര് നിലനിറുത്താൻ നമുക്കു ശ്രമിക്കാം.
[അടിക്കുറിപ്പ്]
a മോശൈക ന്യായപ്രമാണമനുസരിച്ച്, മോഷ്ടാവ് ഇരട്ടിയോ നാലിരട്ടിയോ അഞ്ചിരട്ടിയോ പകരം നൽകണമായിരുന്നു. (പുറപ്പാടു 22:1-4) “ഏഴിരട്ടി” എന്നത് ശിക്ഷയുടെ പൂർണ അളവിനെയായിരിക്കാം സൂചിപ്പിക്കുന്നത്, അത് അയാൾ മോഷ്ടിച്ച വസ്തുവിന്റെ അനേക മടങ്ങ് വരുമായിരുന്നു.
[25-ാം പേജിലെ ചിത്രം]
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കുക
[26-ാം പേജിലെ ചിത്രം]
ഉറുമ്പിനെപ്പോലെ കഠിനാധ്വാനികൾ ആയിരിക്കുക
[27-ാം പേജിലെ ചിത്രങ്ങൾ]
ഹാനികരമായ കുശുകുശുപ്പിനെതിരെ ജാഗ്രത പാലിക്കുക