-
ധിക്കാരം അപമാനം വരുത്തുന്നുവീക്ഷാഗോപുരം—2000 | ആഗസ്റ്റ് 1
-
-
ധിക്കാരം അപമാനം വരുത്തുന്നു
“ധിക്കാരത്തിന്റെ ഫലം അപമാനം ആയിരിക്കും. എളിമയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ട്.”—സദൃശവാക്യങ്ങൾ 11:2, NW.
1, 2. ധിക്കാരം എന്നു പറഞ്ഞാൽ എന്താണ്, ഏതൊക്കെ വിധങ്ങളിലാണ് അതു ദുരന്തത്തിന് ഇടയാക്കിയിരിക്കുന്നത്?
അസൂയാലുവായ ഒരു ലേവ്യൻ, യഹോവ അധികാരസ്ഥാനത്ത് ആക്കിവെച്ചവർക്ക് എതിരെ മത്സരം ഇളക്കിവിടുന്നു. അധികാരമോഹിയായ ഒരു രാജകുമാരൻ തന്ത്രപരമായ നീക്കത്തിലൂടെ തന്റെ പിതാവിന്റെ സിംഹാസനം തട്ടിയെടുക്കാൻ ശ്രമിക്കുന്നു. അക്ഷമനായ ഒരു രാജാവ് ദൈവത്തിന്റെ പ്രവാചകൻ നൽകിയ വ്യക്തമായ നിർദേശങ്ങൾ മറികടന്നു പ്രവർത്തിക്കുന്നു. ഈ മൂന്ന് ഇസ്രായേല്യരുടെ പ്രവർത്തനത്തിലും പൊതുവായ ഒരു സംഗതി കാണാൻ കഴിയും: ധിക്കാരം.
2 ഒരുവന്റെ മനോഭാവവുമായി ബന്ധപ്പെട്ടിരിക്കുന്ന ഹാനികരമായ ഒരു സ്വഭാവവിശേഷതയാണു ‘ധിക്കാരം.’ (സങ്കീർത്തനം 19:13, NW) ധിക്കാരിയായ ഒരു വ്യക്തി, തന്റെ അധികാര പരിധിയിൽ അല്ലാത്ത കാര്യങ്ങൾ ചെയ്യാൻ ധൈര്യപ്പെടുന്നു. ഇത് പലപ്പോഴും ദുരന്തത്തിലായിരിക്കും കലാശിക്കുക. ‘ധിക്കാരം’ രാജാക്കന്മാരുടെ നാശത്തിനും സാമ്രാജ്യങ്ങളുടെ പതനത്തിനും ഇടയാക്കിയിട്ടുണ്ട്. (യിരെമ്യാവു 50:29, 31, 32, NW; ദാനീയേൽ 5:20, NW) അത് യഹോവയുടെ ദാസന്മാരിൽ ചിലരെ പോലും കെണിയിലാക്കുകയും നാശത്തിലേക്കു വലിച്ചിഴക്കുകയും ചെയ്തിട്ടുണ്ട്.
3. ധിക്കാരത്തിന്റെ അപകടങ്ങളെ കുറിച്ചു നമുക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയും?
3 “ധിക്കാരത്തിന്റെ ഫലം അപമാനം ആയിരിക്കും. എളിമയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ട്” എന്നു ബൈബിൾ പറയുന്നത് നല്ല കാരണത്തോടെയാണ്. (സദൃശവാക്യങ്ങൾ 11:2, NW) ഈ വാക്യത്തിന്റെ സത്യതയെ സ്ഥിരീകരിക്കുന്ന ദൃഷ്ടാന്തങ്ങളും ബൈബിൾ പ്രദാനം ചെയ്യുന്നു. അവയിൽ ചിലതു പരിചിന്തിക്കുന്നത്, നമുക്കു കൽപ്പിച്ചിരിക്കുന്ന അതിരുകൾ ലംഘിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ചു മനസ്സിലാക്കാൻ നമ്മെ സഹായിക്കും. അതുകൊണ്ട് അസൂയ, അധികാരമോഹം, ക്ഷമയില്ലായ്മ എന്നിവ തുടക്കത്തിൽ പ്രതിപാദിച്ച ആ മൂന്നു പുരുഷന്മാരെ ധിക്കാരം കാണിക്കുന്നതിനു പ്രേരിപ്പിച്ചത് എങ്ങനെയെന്നും തുടർന്ന് അത് അവർക്ക് അപമാനം വരുത്തിയത് എങ്ങനെയെന്നും നമുക്കു നോക്കാം.
കോരഹ്—അസൂയാലുവായ മത്സരി
4. (എ) കോരഹ് ആരായിരുന്നു, ബൈബിൾ ചരിത്രത്തിലെ പ്രധാനപ്പെട്ട ഏതൊക്കെ സംഭവങ്ങളിൽ അവൻ ഉൾപ്പെട്ടിരുന്നിരിക്കണം? (ബി) പിൽക്കാലത്ത് അവൻ നിന്ദ്യമായ ഏതു പ്രവൃത്തിയിലാണ് ഏർപ്പെട്ടത്?
4 ഒരു കെഹാത്യ ലേവ്യനായിരുന്ന കോരഹ് മോശെയുടെയും അഹരോന്റെയും അടുത്ത ബന്ധുവായിരുന്നു. ദശകങ്ങളോളം അവൻ യഹോവയോടു വിശ്വസ്തത പുലർത്തിയിരുന്നു എന്നതു വ്യക്തമാണ്. യഹോവ ചെങ്കടലിലൂടെ അത്ഭുതകരമായി വിടുവിച്ചു കൊണ്ടുവന്നവരുടെ കൂട്ടത്തിൽ കോരഹും ഉണ്ടായിരുന്നു. സീനായ് പർവതത്തിനരികെ വെച്ച് കാളക്കുട്ടിയെ ആരാധിച്ച ഇസ്രായേല്യർക്ക് എതിരെ യഹോവയുടെ ന്യായവിധി നടപ്പാക്കിയവരിൽ അവനും ഉൾപ്പെട്ടിരുന്നിരിക്കണം. (പുറപ്പാടു 32:26) എന്നാൽ ഒടുവിൽ അവൻ ദാഥാൻ, അബീരാം, ഓൻ എന്നീ രൂബേന്യരെയും ഇസ്രായേലിലെ 250 സഭാപ്രധാനികളെയും മോശെയ്ക്കും അഹരോനും എതിരെ സംഘടിപ്പിച്ച് മത്സരം ഇളക്കിവിട്ടു.a അവർ മോശെയോടും അഹരോനോടും ഇങ്ങനെ പറഞ്ഞു: “മതി, മതി; സഭ ഒട്ടൊഴിയാതെ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ടു; പിന്നെ നിങ്ങൾ യഹോവയുടെ സഭെക്കു മീതെ നിങ്ങളെത്തന്നേ ഉയർത്തുന്നതു എന്തു?”—സംഖ്യാപുസ്തകം 16:1-3.
5, 6. (എ) മോശെയ്ക്കും അഹരോനും എതിരെ മത്സരിക്കാൻ കോരഹിനെ പ്രേരിപ്പിച്ചത് എന്ത്? (ബി) ദൈവിക ക്രമീകരണത്തിൽ തനിക്കുണ്ടായിരുന്ന പദവിയെ കോരഹ് നിസ്സാരമായി വീക്ഷിച്ചു എന്നു പറയാവുന്നത് എന്തുകൊണ്ട്?
5 വർഷങ്ങളോളം വിശ്വസ്തനായിരുന്ന കോരഹ് എന്തിനാണ് ഒടുവിൽ മത്സരിച്ചത്? അടിച്ചമർത്തുന്ന രീതിയിലല്ല മോശെ ഇസ്രായേല്യരുടെമേൽ തന്റെ അധികാരം പ്രയോഗിച്ചത് എന്നു തീർച്ചയാണ്. കാരണം, അവൻ “ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു” എന്ന് തിരുവെഴുത്തുകൾ പറയുന്നു. (സംഖ്യാപുസ്തകം 12:3) എങ്കിലും മോശെയ്ക്കും അഹരോനും ലഭിച്ചിരുന്ന പ്രാമുഖ്യതയിൽ കോരഹിന് അസൂയയും അമർഷവും തോന്നിയിരിക്കണം. മോശെയും അഹരോനും സ്വാർഥതയോടെ തങ്ങളെത്തന്നെ സഭയ്ക്കു മീതെ ഉയർത്തുകയാണെന്ന വ്യാജാരോപണം ഉന്നയിക്കുന്നതിലേക്ക് അത് അവനെ നയിച്ചു.—സങ്കീർത്തനം 106:16.
6 കോരഹിന്റെ പ്രശ്നത്തിനുള്ള ഭാഗികമായ കാരണം, ദൈവിക ക്രമീകരണത്തിൽ തനിക്കുണ്ടായിരുന്ന പദവികളെ അവൻ വിലമതിച്ചിരുന്നില്ല എന്നതായിരിക്കണം. കെഹാത്യ ലേവ്യർ പുരോഹിതന്മാരായിരുന്നില്ലെങ്കിലും അവർ ദൈവിക ന്യായപ്രമാണത്തിന്റെ ഉപദേഷ്ടാക്കളായിരുന്നു. മാത്രമല്ല, സമാഗമന കൂടാരം വേറെ സ്ഥലങ്ങളിലേക്കു മാറ്റേണ്ടി വരുമ്പോൾ കൂടാരത്തിലെ വിശുദ്ധ പാത്രങ്ങളും മറ്റു സാധന സാമഗ്രികളും വഹിച്ചുകൊണ്ടു പോയിരുന്നതും അവരായിരുന്നു. അത് പ്രാധാന്യം കുറഞ്ഞ ഒരു നിയമനം ആയിരുന്നില്ല. കാരണം, ആത്മീയവും ധാർമികവുമായി ശുദ്ധിയുള്ളവർക്കു മാത്രമേ വിശുദ്ധ പാത്രങ്ങൾ കൈകാര്യം ചെയ്യാനാകുമായിരുന്നുള്ളൂ. (യെശയ്യാവു 52:11) അതുകൊണ്ട്, കോരഹുമായി ന്യായവാദം ചെയ്യവെ ഫലത്തിൽ മോശെ അവനോട് ഇങ്ങനെ ചോദിക്കുകയായിരുന്നു, ‘നിന്റെ നിയമനം തീർത്തും നിസ്സാരമാണെന്നു കരുതിയിട്ടാണോ നീ പൗരോഹിത്യ പദവി കൂടെ കാംക്ഷിക്കുന്നത്?’ (സംഖ്യാപുസ്തകം 16:9, 10) ഏറ്റവും വലിയ പദവി യഹോവയുടെ ക്രമീകരണത്തിനു യോജിപ്പിൽ അവനെ സേവിക്കുക എന്നതാണ് എന്നും പ്രത്യേക സ്ഥാനമാനങ്ങൾ ലഭിക്കുക എന്നതല്ല എന്നും തിരിച്ചറിയാൻ കോരഹ് പരാജയപ്പെട്ടു.—സങ്കീർത്തനം 84:10.
7. കോരഹും അവന്റെ ആളുകളും സൃഷ്ടിച്ച പ്രശ്നത്തെ മോശെ കൈകാര്യം ചെയ്തത് എങ്ങനെ? (ബി) കോരഹിന്റെ മത്സരം അവന്റെ ദുരന്തത്തിന് ഇടയാക്കിയത് എങ്ങനെ?
7 പിറ്റേന്നു രാവിലെ ധൂപകലശവും ധൂപവർഗവുംകൊണ്ട് സമാഗമന കൂടാരത്തിൽ വരാൻ കോരഹിനെയും അവന്റെ ആളുകളെയും മോശെ ക്ഷണിച്ചു. പുരോഹിതന്മാർ അല്ലാതിരുന്നതിനാൽ കോരഹിനും അവന്റെ ആളുകൾക്കും ധൂപവർഗം അർപ്പിക്കാൻ അധികാരമില്ലായിരുന്നു. ധൂപകലശവും ധൂപവർഗവും കൊണ്ടുവരികയാണെങ്കിൽ പുരോഹിത ധർമം നിർവഹിക്കാനുള്ള അവകാശം തങ്ങൾക്ക് ഉണ്ടെന്ന് അവർ അപ്പോഴും—പ്രസ്തുത വിഷയത്തെ കുറിച്ച് ഒരു രാത്രി മുഴുവൻ പരിചിന്തിക്കാൻ അവസരം കിട്ടിയിട്ടും—വിശ്വസിക്കുന്നതായി അത് സൂചിപ്പിക്കുമായിരുന്നു. പിറ്റേന്നു രാവിലെ അവർ സമാഗമന കൂടാരത്തിൽ വന്ന് ധൂപവർഗം അർപ്പിച്ചപ്പോൾ യഹോവ തന്റെ ക്രോധം പ്രകടിപ്പിച്ചു, അത് നീതിനിഷ്ഠമായിരുന്നു താനും. ‘ഭൂമി വായ് തുറന്നു [രൂബേന്യരെ] വിഴുങ്ങിക്കളഞ്ഞു.’ ‘കോരഹ് ഉൾപ്പെടെ ബാക്കിയുള്ളവരെ ദൈവത്തിന്റെ സന്നിധിയിൽനിന്ന് തീ ഇറങ്ങിവന്ന് നശിപ്പിച്ചു’ എന്നും ബൈബിൾ പറയുന്നു. (ആവർത്തനപുസ്തകം 11:6; സംഖ്യാപുസ്തകം 16:16-35; 26:10, NW) കോരഹിന്റെ ധിക്കാരം ഒടുവിൽ അവന് ഏറ്റവും വലിയ അപമാനം വരുത്തി. അതായത്, അവൻ ദൈവത്തിന്റെ അപ്രീതിക്കു പാത്രമായി!
“അസൂയപ്പെടാനുള്ള പ്രവണത”യെ ചെറുക്കുക
8. “അസൂയപ്പെടാനുള്ള പ്രവണത” ക്രിസ്ത്യാനികളിൽ പ്രകടമായേക്കാവുന്നത് എങ്ങനെ?
8 കോരഹിനെ സംബന്ധിച്ച വിവരണം നമുക്കെല്ലാം ഒരു മുന്നറിയിപ്പിൻ പാഠമാണ്. അപൂർണ മനുഷ്യർക്കെല്ലാം “അസൂയപ്പെടാനുള്ള പ്രവണത” ഉള്ളതിനാൽ, ക്രിസ്തീയ സഭയിലും അതിന്റെ ലക്ഷണങ്ങൾ പ്രകടമായേക്കാം. (യാക്കോബ് 4:5, NW) ഉദാഹരണത്തിന്, നാം പദവികൾക്ക് അമിതപ്രാധാന്യം നൽകുന്നവരായിരിക്കാം. നമ്മൾ ആഗ്രഹിക്കുന്ന പദവികൾ മറ്റുള്ളവർക്ക് ലഭിക്കുമ്പോൾ കോരഹിനെപോലെ നമുക്കതിൽ അസൂയ തോന്നിയേക്കാം. അല്ലെങ്കിൽ നാം ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനിയായിരുന്ന ദിയൊത്രെഫേസിനെപോലെ ആയിത്തീർന്നേക്കാം. അപ്പൊസ്തലിക അധികാരത്തെ രൂക്ഷമായി വിമർശിച്ചിരുന്ന ഒരാളായിരുന്നു ദിയൊത്രെഫേസ്, ആ പദവി തനിക്കു ലഭിക്കാൻ അവൻ ആഗ്രഹിച്ചിരുന്നതായിരിക്കണം അതിനുള്ള കാരണം. അതുകൊണ്ട്, “പ്രധാനിയാകുവാൻ ആഗ്രഹിക്കുന്ന”വൻ എന്നാണ് ദിയൊത്രെഫേസിനെ യോഹന്നാൻ വിശേഷിപ്പിച്ചത്.—3 യോഹന്നാൻ 9.
9. (എ) സഭയിലെ ഉത്തരവാദിത്വങ്ങളോടുള്ള ബന്ധത്തിൽ ഏതു വീക്ഷണം നാം ഒഴിവാക്കണം? (ബി) ദൈവിക ക്രമീകരണത്തിൽ നമുക്കുള്ള സ്ഥാനം സംബന്ധിച്ച് എന്ത് ഉചിതമായ വീക്ഷണം ഉണ്ടായിരിക്കണം?
9 ഒരു ക്രിസ്തീയ പുരുഷൻ സഭയിലെ ചില ഉത്തരവാദിത്വ സ്ഥാനങ്ങളിൽ എത്തിച്ചേരാൻ കാംക്ഷിക്കുന്നതു തെറ്റല്ല. പൗലൊസ് അത്തരം ഒരു ഗതിയെ പ്രോത്സാഹിപ്പിക്കുക കൂടെ ചെയ്തു. (1 തിമൊഥെയൊസ് 3:1) എന്നിരുന്നാലും, അത്തരം സേവന പദവികളിൽ എത്തിച്ചേരുമ്പോൾ നമുക്ക് എന്തോ വലിയ സ്ഥാനമാനങ്ങൾ ലഭിച്ചെന്ന് അഥവാ നാം മറ്റുള്ളവരെക്കാൾ ഒരു പടികൂടി മുന്നിലായെന്നു കരുതരുത്. യേശുവിന്റെ ഈ വാക്കുകൾ ഓർക്കുക: “നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം.” (മത്തായി 20:26, 27) ദൈവത്തിന്റെ സംഘടനയിൽ ഒരു വ്യക്തിക്കുള്ള “പദവി”യാണ് ദിവ്യാംഗീകാരത്തിന്റെ അളവുകോൽ എന്ന മട്ടിൽ, കൂടുതൽ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരോട് അസൂയപ്പെടുന്നതു തെറ്റാണ്. കാരണം “നിങ്ങളോ എല്ലാവരും സഹോദരന്മാർ” എന്ന് യേശു പറയുകയുണ്ടായി. (മത്തായി 23:8) അതേ, ഒരു പ്രസാധകനോ പയനിയറോ, പുതുതായി സ്നാപനമേറ്റ ഒരാളോ ദീർഘനാളായി വിശ്വസ്തതയോടെ നിലകൊണ്ടിരിക്കുന്ന ഒരാളോ ആരുതന്നെ ആയിക്കൊള്ളട്ടെ, യഹോവയെ പൂർണാത്മാവോടെ സേവിക്കുന്നെങ്കിൽ ആ വ്യക്തിക്ക് അവന്റെ ക്രമീകരണത്തിൽ വിലയേറിയ ഒരു സ്ഥാനമുണ്ട്. (ലൂക്കൊസ് 10:27; 12:6, 7; ഗലാത്യർ 3:28; എബ്രായർ 6:10) “തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ” എന്ന ബൈബിൾ ബുദ്ധിയുപദേശം ബാധകമാക്കാൻ കഠിനമായി ശ്രമിക്കുന്ന ദശലക്ഷങ്ങളോടൊപ്പം തോളോടുതോൾ ചേർന്നു പ്രവർത്തിക്കാൻ കഴിയുന്നതു വലിയൊരു അനുഗ്രഹം തന്നെയാണ്.—1 പത്രൊസ് 5:5.
അബ്ശാലോം—അധികാരമോഹിയും തന്ത്രശാലിയും
10. അബ്ശാലോം ആരായിരുന്നു, ന്യായവിസ്താരത്തിനായി രാജാവിന്റെ അടുക്കലേക്കു വന്നിരുന്നവരുടെ പ്രീതി പിടിച്ചുപറ്റാൻ അവൻ എന്തെല്ലാം ചെയ്തിരുന്നു?
10 ദാവീദ് രാജാവിന്റെ മൂന്നാമത്തെ മകനായ അബ്ശാലോം അധികാരമോഹത്തിന് എതിരെയുള്ള ഒരു മുന്നറിയിപ്പിൻ ദൃഷ്ടാന്തമാണ്. അധികാരമോഹിയും തന്ത്രശാലിയുമായിരുന്ന അവൻ, രാജാവിന്റെ അടുക്കലേക്ക് ന്യായവിസ്താരത്തിനായി വന്നിരുന്നവരുടെ പ്രീതി പിടിച്ചുപറ്റാൻ ശ്രമിച്ചു. ആദ്യംതന്നെ, രാജാവ് അവരുടെ ആവശ്യങ്ങളോടു നിസ്സംഗതാമനോഭാവം പുലർത്തുകയാണെന്ന് അവൻ അവരെ ധരിപ്പിക്കും. എന്നിട്ട് നേരെ കാര്യത്തിലേക്കു കടക്കും. അവൻ ഇങ്ങനെ പറയുമായിരുന്നു: “ഹാ, വഴക്കും വ്യവഹാരവും ഉള്ളവരൊക്കെയും എന്റെ അടുക്കൽ വന്നിട്ടു ഞാൻ അവർക്കു ന്യായം തീർപ്പാൻ തക്കവണ്ണം എന്നെ രാജ്യത്തു ന്യായാധിപനാക്കിയെങ്കിൽ കൊള്ളായിരുന്നു.” അബ്ശാലോമിന്റെ കുതന്ത്രങ്ങൾക്ക് കൈയും കണക്കുമില്ലായിരുന്നു. “ആരെങ്കിലും അവനെ നമസ്കരിപ്പാൻ അടുത്തു ചെന്നാൽ അവൻ കൈ നീട്ടി അവനെ പിടിച്ചു ചുംബനം ചെയ്യു”മായിരുന്നു എന്നു ബൈബിൾ പറയുന്നു. “രാജാവിന്റെ അടുക്കൽ ന്യായവിസ്താരത്തിന്നു വരുന്ന എല്ലാ യിസ്രായേലിനോടും അബ്ശാലോം ഇവ്വണ്ണം തന്നേ ചെയ്തു.” ഫലം എന്തായിരുന്നു? “അബ്ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചുകളഞ്ഞു.”—2 ശമൂവേൽ 15:1-6.
11. അബ്ശാലോം അട്ടിമറിയിലൂടെ ദാവീദിന്റെ സിംഹാസനം പിടിച്ചെടുക്കാൻ ശ്രമിച്ചത് എങ്ങനെ?
11 തന്റെ പിതാവിന്റെ രാജത്വം അട്ടിമറിച്ച് അധികാരം കൈക്കലാക്കുക എന്നതായിരുന്നു അബ്ശാലോമിന്റെ ലക്ഷ്യം. അതിനും അഞ്ചു വർഷം മുമ്പ് അവൻ ദാവീദിന്റെ മൂത്ത മകനായ അമ്നോനെ വധിച്ചിരുന്നു. സഹോദരിയായ താമാറിനെ മാനഭംഗപ്പെടുത്തിയതിനു പ്രതികാരമായിട്ടാണ് അവൻ അതു ചെയ്തത്. (2 ശമൂവേൽ 13:28, 29) എങ്കിലും അപ്പോഴും അബ്ശാലോമിന് സിംഹാസനത്തിൽ ഒരു കണ്ണുണ്ടായിരുന്നിരിക്കണം. അതുകൊണ്ട്, തന്റെ പ്രതിയോഗിയെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യവും അബ്ശാലോമിന് ഉണ്ടായിരുന്നിരിക്കാം.b എന്തായാലും, സമയം ഒത്തുകിട്ടിയപ്പോൾ അബ്ശാലോം തന്റെ ലക്ഷ്യം സാധിച്ചു. രാജാവായ വിവരം ദേശം മുഴുവൻ അവൻ വിളംബരം ചെയ്യിച്ചു.—2 ശമൂവേൽ 15:10.
12. അബ്ശാലോമിന്റെ ധിക്കാരം അവന് അപമാനം വരുത്തിയത് എങ്ങനെയെന്നു വിവരിക്കുക.
12 അൽപ്പകാലത്തേക്ക് അബ്ശാലോമിന്റെ ശ്രമങ്ങളൊക്കെ വിജയിച്ചു. “ജനം നിത്യം അബ്ശാലോമിന്റെ അടുക്കൽ വന്നുകൂടുകയാൽ കൂട്ടുകെട്ടിന്നു ബലം ഏറിവന്നു.” കാലാന്തരത്തിൽ ദാവീദ് രാജാവിന് പ്രാണരക്ഷാർഥം അവിടെനിന്ന് ഓടിപ്പോകേണ്ടിവന്നു. (2 ശമൂവേൽ 15:12-17) എന്നാൽ താമസിയാതെ അബ്ശാലോമിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. യോവാബ് അബ്ശാലോമിനെ വധിച്ചു. എന്നിട്ട് അവനെ ഒരു കുഴിയിൽ ഇട്ട് കൽക്കൂമ്പാരം കൊണ്ടു മൂടി. ഒന്നു ചിന്തിച്ചുനോക്കൂ, രാജാവാകാൻ കൊതിച്ച അധികാരമോഹിയായ ആ മനുഷ്യന് മാന്യമായ ഒരു ശവസംസ്കാരം പോലും ലഭിച്ചില്ല!c അങ്ങനെ, അബ്ശാലോമിന്റെ ധിക്കാരം അവന് അപമാനം വരുത്തുകതന്നെ ചെയ്തു.—2 ശമൂവേൽ 18:9-17.
അധികാരക്കൊതി ഒഴിവാക്കുക
13. ഒരു ക്രിസ്ത്യാനിയുടെ മനസ്സിൽ സ്ഥാനമോഹം വേരെടുത്തേക്കാവുന്നത് എങ്ങനെ?
13 അബ്ശാലോം അധികാരത്തിലേക്കു വന്നതും തുടർന്ന് അവനു തന്റെ സ്ഥാനം നഷ്ടമായതും നമുക്ക് ഒരു പാഠമാണ്. തത്ത്വദീക്ഷയില്ലാത്ത ഇന്നത്തെ ലോകത്തിൽ, പേരെടുക്കാനായി അല്ലെങ്കിൽ പദവികളോ സ്ഥാനക്കയറ്റമോ ലഭിക്കാനായി ആളുകൾ മുഖസ്തുതി പറഞ്ഞ് തങ്ങളുടെ മേലധികാരികളുടെ പ്രീതി പിടിച്ചുപറ്റാൻ ശ്രമിക്കാറുണ്ട്. അതേസമയം, തങ്ങളുടെ കീഴുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കാനായി തങ്ങൾ വേണ്ടതെല്ലാം ചെയ്യാമെന്ന് അവരോടു വീരവാദങ്ങൾ മുഴക്കുകയും ചെയ്തേക്കും. ജാഗ്രത പാലിക്കാത്തപക്ഷം സ്ഥാനമാനങ്ങൾക്കായുള്ള മോഹം നമ്മുടെ ഹൃദയങ്ങളിലും വേരെടുത്തേക്കാം. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളിൽ ചിലർക്ക് അതു സംഭവിച്ചു. ഒടുവിൽ അത്തരം വ്യക്തികൾക്കെതിരെ ജാഗ്രത പുലർത്താൻ അപ്പൊസ്തലന്മാർക്ക് ക്രിസ്ത്യാനികളെ ശക്തമായി പ്രബോധിപ്പിക്കേണ്ടിവന്നു.—ഗലാത്യർ 4:17; 3 യോഹന്നാൻ 9, 10.
14. സ്ഥാനമോഹവും തന്നെത്തന്നെ ഉയർത്തിക്കാണിക്കുന്ന ശീലവും നാം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
14 തന്നെത്തന്നെ ഉയർത്തിക്കാട്ടിക്കൊണ്ട് “സ്വന്തമഹത്വം തേടുന്ന” തന്ത്രശാലികൾക്ക് യഹോവയുടെ സംഘടനയിൽ സ്ഥാനമില്ല. (സദൃശവാക്യങ്ങൾ 25:27, ന്യൂ ഇൻഡ്യ ബൈബിൾ വേർഷൻ) “കപടമുള്ള അധരങ്ങളെ ഒക്കെയും വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും” എന്ന് ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (സങ്കീർത്തനം 12:3) കപടമുള്ള അധരമായിരുന്നു അബ്ശാലോമിന്റേത്. ആളുകളുടെ പ്രീതി പിടിച്ചുപറ്റാനായി അവൻ അവരോടു വമ്പു പറഞ്ഞു. അധികാരം പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യമേ അവനുണ്ടായിരുന്നുള്ളൂ. ഇതിൽനിന്നു വ്യത്യസ്തമായി, “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മററുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ” എന്ന പൗലൊസിന്റെ ബുദ്ധിയുപദേശം പിൻപറ്റുന്ന സഹോദരവർഗത്തോടൊപ്പം ആയിരിക്കുന്ന നാം എത്ര അനുഗൃഹീതരാണ്!—ഫിലിപ്പിയർ 2:3.
ശൗൽ—ക്ഷമയില്ലാഞ്ഞ രാജാവ്
15. ശൗൽ ഒരു കാലത്ത് എളിമയുള്ളവൻ ആയിരുന്നു എന്നു പറയാൻ കാരണമെന്ത്?
15 ഇസ്രായേലിന്റെ രാജാവായിത്തീർന്ന ശൗൽ ഒരു കാലത്ത് എളിമയുള്ളവൻ ആയിരുന്നു. അവൻ ചെറുപ്പമായിരുന്നപ്പോൾ നടന്ന ഒരു സംഭവം പരിചിന്തിക്കുക. ദൈവത്തിന്റെ പ്രവാചകനായ ശമൂവേൽ ശൗലിനെ കുറിച്ച് അനുകൂലമായി സംസാരിച്ചപ്പോൾ ശൗൽ ഇങ്ങനെ പറഞ്ഞു: “ഞാൻ യിസ്രായേൽഗോത്രങ്ങളിൽ ഏററവും ചെറുതായ ബെന്യാമീൻഗോത്രത്തിലുള്ളവനും എന്റെ കുടുംബം ബെന്യാമീൻഗോത്രത്തിലെ സകല കുടുംബങ്ങളിലുംവെച്ചു ഏററവും ചെറിയതുമായിരിക്കെ നീ ഇങ്ങനെ എന്നോടു പറയുന്നതു എന്തു.”—1 ശമൂവേൽ 9:21.
16. ശൗൽ ക്ഷമയില്ലായ്മ പ്രകടിപ്പിച്ചത് ഏതു വിധത്തിൽ?
16 എന്നാൽ പിന്നീട് ശൗലിന് എളിമയില്ലാതായി. ഫെലിസ്ത്യരുമായുള്ള യുദ്ധത്തിനിടയിൽ അവൻ ഗില്ഗാലിലേക്കു പിൻവാങ്ങി. അവിടെ യഹോവയ്ക്ക് യാഗം അർപ്പിച്ച് അപേക്ഷ കഴിക്കാനായി ശമൂവേൽ വരുന്നതുവരെ അവൻ കാത്തിരിക്കണമായിരുന്നു. എന്നാൽ ശമൂവേൽ നിശ്ചയിച്ച സമയത്ത് എത്താഞ്ഞപ്പോൾ ശൗൽ ധിക്കാരപൂർവം ഹോമയാഗം അർപ്പിച്ചു. യാഗം അർപ്പിച്ചു കഴിഞ്ഞയുടനെ ശമൂവേൽ എത്തി. “നീ ചെയ്തതു എന്തു,” ശമൂവേൽ ചോദിച്ചു. ശൗൽ മറുപടി പറഞ്ഞു: ‘ജനം എന്നെ വിട്ടു ചിതറുന്നു എന്നും നിശ്ചയിച്ച അവധിക്കു നീ എത്തിയില്ല എന്നും കണ്ടിട്ടു ഞാൻ ധൈര്യപ്പെട്ടു ഹോമയാഗം കഴിച്ചുപോയി.’—1 ശമൂവേൽ 13:8-12.
17. (എ) ശൗലിന്റെ നടപടി പ്രഥമദൃഷ്ട്യാ ന്യായീകരിക്കത്തക്കതായി തോന്നിയേക്കാവുന്നത് എന്തുകൊണ്ട്? (ബി) യഹോവ ശൗലിന്റെ നടപടിയെ കുറ്റം വിധിക്കാൻ കാരണം എന്ത്?
17 ശൗലിന്റെ നടപടി പ്രഥമദൃഷ്ട്യാ ന്യായീകരിക്കത്തക്കതാണെന്നു തോന്നിയേക്കാം. കാരണം, ദൈവജനം ‘ഉപദ്രവിക്കപ്പെടുകയും വിഷമത്തിലാകുകയും’ തങ്ങളുടെ നിസ്സഹായാവസ്ഥയിൽ പേടിച്ചുവിറയ്ക്കുകയും ചെയ്ത സാഹചര്യമായിരുന്നല്ലോ അത്. (1 ശമൂവേൽ 13:6, 7) ആവശ്യമായ സന്ദർഭങ്ങളിൽ മുൻകൈ എടുത്തു പ്രവർത്തിക്കുന്നത് തീർച്ചയായും തെറ്റല്ല.d എന്നാൽ യഹോവയ്ക്ക് നമ്മുടെ ഹൃദയങ്ങളെ വായിക്കാനും നമ്മുടെ ആന്തരങ്ങൾ വിവേചിച്ചറിയാനും സാധിക്കുമെന്നുള്ള വസ്തുത നാം വിസ്മരിക്കരുത്. (1 ശമൂവേൽ 16:7) അതുകൊണ്ട്, ബൈബിൾ വിവരണത്തിൽ നേരിട്ട് പ്രതിപാദിച്ചിട്ടില്ലാത്ത ചില കാര്യങ്ങൾ ശൗലിൽ യഹോവ നിരീക്ഷിച്ചിരിക്കണം. ഉദാഹരണത്തിന്, ശൗലിന്റെ ക്ഷമയില്ലായ്മ അഹങ്കാരത്തിൽനിന്ന് ഉടലെടുത്തതാണെന്നു യഹോവ കണ്ടുകാണണം. മുഴു ഇസ്രായേലിന്റെയും അധിപതിയായ താൻ, കൃത്യനിഷ്ഠയില്ലാത്ത ഒരു വയസ്സൻ പ്രവാചകനു വേണ്ടി കാത്തുനിൽക്കുകയോ എന്ന് ശൗൽ ചിന്തിച്ചിരിക്കണം. എന്തായാലും, ശമൂവേൽ വരാൻ താമസിച്ചതുകൊണ്ട് തന്നിഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യാനും ലഭിച്ചിരുന്ന വ്യക്തമായ നിർദേശങ്ങൾ അവഗണിക്കാനും തനിക്ക് അവകാശമുണ്ടെന്ന് ശൗൽ വിചാരിച്ചു. ഫലം എന്തായിരുന്നു? ശൗലിന്റെ നടപടിയെ പ്രശംസിക്കുന്നതിനു പകരം ശമൂവേൽ അവനെ ശാസിക്കുകയാണു ചെയ്തത്. “യഹോവ നിന്നോടു കല്പിച്ച കല്പന നീ പ്രമാണിച്ചില്ല. . . . നിന്റെ രാജത്വം നിലനില്ക്കയില്ല” എന്ന് ശമൂവേൽ ശൗലിനോടു പറഞ്ഞു. (1 ശമൂവേൽ 13:13, 14) അങ്ങനെ, ധിക്കാരിയായ ശൗലും അപമാനത്തിനു പാത്രമായി.
ക്ഷമയില്ലായ്മയ്ക്കെതിരെ ജാഗ്രത പാലിക്കുക
18, 19. (എ) ക്ഷമയില്ലായ്മ ഇന്ന് യഹോവയുടെ ഒരു ദാസനെ ധിക്കാരം കാണിക്കാൻ പ്രേരിപ്പിച്ചേക്കാവുന്നത് എങ്ങനെയെന്നു വിവരിക്കുക? (ബി) ക്രിസ്തീയ സഭയുടെ നടത്തിപ്പു സംബന്ധിച്ച് നാം എന്ത് ഓർത്തിരിക്കണം?
18 ശൗൽ കാണിച്ച ധിക്കാരം ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് നമ്മുടെ പ്രയോജനത്തിനായിട്ടാണ്. (1 കൊരിന്ത്യർ 10:11) നമ്മുടെ സഹോദരങ്ങളുടെ അപൂർണതകൾ നമ്മെ എളുപ്പത്തിൽ അലോസരപ്പെടുത്തിയേക്കാം. ശൗലിനെ പോലെ നാമും അക്ഷമരായേക്കാം, കാര്യങ്ങളെല്ലാം ഉചിതമായി നീങ്ങണമെങ്കിൽ നമ്മുടെ കൈതന്നെ വേണമെന്നു നമുക്കു തോന്നിയേക്കാം. ഉദാഹരണത്തിന്, ഒരു സഹോദരന് നല്ല സംഘാടന പ്രാപ്തി ഉണ്ടെന്നിരിക്കട്ടെ. അദ്ദേഹം കൃത്യനിഷ്ഠയുള്ളവനും സഭാ നടപടികളെല്ലാം വേണ്ടവിധം കൈകാര്യം ചെയ്യുന്നവനും നല്ല പ്രസംഗ, പഠിപ്പിക്കൽ പ്രാപ്തിയുള്ളവനും ആണെന്നു വിചാരിക്കുക. എന്നാൽ, മറ്റുള്ളവർ തന്റെയൊപ്പം എത്തുന്നില്ലെന്നും അവർക്ക് വേണ്ടത്ര കഴിവില്ലെന്നും അദ്ദേഹത്തിനു തോന്നുന്നു. അത്തരമൊരു സാഹചര്യത്തിൽ ക്ഷമയില്ലായ്മ പ്രകടിപ്പിക്കുന്നത് ന്യായീകരിക്കത്തക്കതാണോ? അദ്ദേഹം തന്റെ സഹോദരങ്ങളെ വിമർശിക്കുന്നതും താനില്ലെങ്കിൽ സഭയിൽ കാര്യങ്ങളൊന്നും വേണ്ടവിധം നടക്കില്ലെന്ന മട്ടിൽ പെരുമാറുന്നതും ശരിയായിരിക്കുമോ? അങ്ങനെയെല്ലാം ചെയ്യുന്നെങ്കിൽ അതു ധിക്കാരമായിരിക്കും!
19 വാസ്തവത്തിൽ, ക്രിസ്തീയ സഭയെ ഒരുമിച്ചു നിറുത്തുന്നത് എന്താണ്? മേൽവിചാരണ പ്രാപ്തിയാണോ? കഴിവുകളാണോ? പരിജ്ഞാനത്തിന്റെ ആഴമാണോ? ഇവയെല്ലാം സഭയുടെ സുഗമമായ നടത്തിപ്പിന് അനിവാര്യമാണ് എന്നതു ശരിതന്നെ. (1 കൊരിന്ത്യർ 14:40; ഫിലിപ്പിയർ 3:16; 2 പത്രൊസ് 3:18) എന്നാൽ, തന്റെ ശിഷ്യന്മാരെ മുഖ്യമായും തിരിച്ചറിയിക്കുന്ന ഘടകം സ്നേഹമാണെന്ന് യേശു പറഞ്ഞു. (യോഹന്നാൻ 13:35) അതുകൊണ്ട്, കരുതലുള്ള മൂപ്പന്മാർ കാര്യങ്ങളെല്ലാം ക്രമമായി നടക്കാൻ പ്രതീക്ഷിക്കുമ്പോൾത്തന്നെ കടുത്ത അച്ചടക്ക നടപടികളോടെ മുമ്പോട്ടു കൊണ്ടുപോകേണ്ട ഒന്നായി സഭയെ വീക്ഷിക്കുകയില്ല. പകരം, ആർദ്രപരിപാലനം ആവശ്യമായ ആട്ടിൻപറ്റമായിട്ടായിരിക്കും അവർ സഭയിലുള്ളവരെ കാണുക. (യെശയ്യാവു 32:1, 2; 40:11) അങ്ങനെയുള്ള തത്ത്വങ്ങളെ ധിക്കാരപൂർവം അവഗണിക്കുമ്പോൾ അത് മിക്കപ്പോഴും പ്രശ്നങ്ങൾക്ക് ഇടയാക്കും. എന്നാൽ ദൈവിക അച്ചടക്കം സമാധാനം സൃഷ്ടിക്കുന്നു.—1 കൊരിന്ത്യർ 14:33; ഗലാത്യർ 6:16.
20. അടുത്ത ലേഖനത്തിൽ എന്തു പരിചിന്തിക്കുന്നതായിരിക്കും?
20 സദൃശവാക്യങ്ങൾ 11:2-ൽ പറഞ്ഞിരിക്കുന്നതുപോലെ, ധിക്കാരത്തിന്റെ ഫലം അപമാനം ആയിരിക്കുമെന്നു കോരഹ്, അബ്ശാലോം, ശൗൽ എന്നിവരെ കുറിച്ചുള്ള ബൈബിൾ വിവരണങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ അതേ വാക്യംതന്നെ, “എളിമയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ട്” എന്നും പറയുന്നു. എന്താണ് എളിമ? ഈ ഗുണം പ്രകടമാക്കിയ ആരുടെയൊക്കെ ദൃഷ്ടാന്തങ്ങളാണ് ബൈബിളിലുള്ളത്? ഇന്ന് നമുക്ക് എങ്ങനെ എളിമ പ്രകടമാക്കാൻ കഴിയും? ഈ ചോദ്യങ്ങൾ അടുത്ത ലേഖനത്തിൽ പരിചിന്തിക്കുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a രൂബേൻ ആയിരുന്നു യാക്കോബിന്റെ ആദ്യജാതൻ. അതുകൊണ്ട്, കോരഹിന്റെ സ്വാധീനത്താൽ വഴിതെറ്റിക്കപ്പെട്ട ആ രൂബേന്യർക്ക്, യാക്കോബിന്റെ മൂന്നാമത്തെ മകനായ ലേവിയുടെ പിൻഗാമിയായിരുന്ന മോശെയ്ക്കു തങ്ങളുടെ മേൽ ഭരണപരമായ അധികാരം ഉണ്ടായിരുന്നതിൽ നീരസം തോന്നിയിരിക്കണം.
b ദാവീദിന്റെ രണ്ടാമത്തെ മകനായ കിലെയാബിന്റെ ജന്മവിവരം മാത്രമേ ബൈബിൾ നൽകുന്നുള്ളൂ, അവനെ സംബന്ധിച്ച മറ്റു വിശദാംശങ്ങളൊന്നും പറയുന്നില്ല. അബ്ശാലോമിന്റെ അട്ടിമറി ശ്രമത്തിന് അൽപ്പനാൾ മുമ്പ് അവൻ മരിച്ചിട്ടുണ്ടാകണം.
c ബൈബിൾ കാലങ്ങളിൽ, ശവസംസ്കാരത്തിന് വളരെയധികം പ്രാധാന്യം കൽപ്പിച്ചിരുന്നു. അതുകൊണ്ട് ശവസംസ്കാരം നിഷേധിക്കുന്നത് വലിയൊരു നിന്ദയായിരുന്നു, മിക്കപ്പോഴും അത് ദൈവത്തിന്റെ അപ്രീതിയുടെ പ്രകടനമായിരുന്നു.—യിരെമ്യാവു 25:32, 33.
d ഉദാഹരണത്തിന്, പതിനായിരക്കണക്കിന് ഇസ്രായേല്യരുടെ മരണത്തിൽ കലാശിച്ച ബാധ നീങ്ങിപ്പോകാൻ ഫീനെഹാസ് സത്വര നടപടി കൈക്കൊണ്ടു. അതുപോലെതന്നെ ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ “ദൈവാലയത്തിൽ” ചെന്ന് കാഴ്ചയപ്പം ഭക്ഷിച്ചു. എങ്കിലും മേൽപ്പറഞ്ഞ രണ്ടു നടപടികളും ധിക്കാരമായി ദൈവം വീക്ഷിച്ചില്ല.—മത്തായി 12:2-4; സംഖ്യാപുസ്തകം 25:7-9; 1 ശമൂവേൽ 21:1-6.
-
-
‘എളിമയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്’വീക്ഷാഗോപുരം—2000 | ആഗസ്റ്റ് 1
-
-
‘എളിമയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്’
‘ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ [“എളിമയോടെ,” NW] നടപ്പാൻ അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?’—മീഖാ 6:8.
1, 2. എന്താണ് എളിമ, അതു ധിക്കാരത്തിൽനിന്നു വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ?
പ്രമുഖനെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകാൻ ആഗ്രഹിക്കാഞ്ഞ ഒരു അപ്പൊസ്തലൻ. കുടുംബത്തിലെ ഏറ്റവും ചെറിയവൻ എന്നു തന്നെത്തന്നെ വിശേഷിപ്പിച്ച ധീരനായ ഒരു ഇസ്രായേല്യ ന്യായാധിപൻ. ജീവിച്ചിരുന്നിട്ടുള്ളതിൽവെച്ച് ഏറ്റവും മഹാനെങ്കിലും തനിക്ക് പരിമിതമായ അധികാരമേ ഉള്ളൂ എന്ന് തുറന്നു സമ്മതിച്ച ഒരു മനുഷ്യൻ. ഈ മൂന്നു പുരുഷന്മാരും എളിമ പ്രകടമാക്കുന്നതായി നമുക്കു കാണാൻ കഴിയും.
2 ധിക്കാര മനോഭാവത്തിന്റെ നേർ വിപരീതമാണ് എളിമ. എളിമയുള്ള ഒരു വ്യക്തിക്ക് തന്റെ കഴിവുകളെയും സ്ഥാനത്തെയും കുറിച്ച് സമനിലയോടുകൂടിയ ഒരു വീക്ഷണം ഉണ്ടായിരിക്കും. താൻ വലിയവനാണെന്ന ഭാവം അയാൾക്ക് ഉണ്ടായിരിക്കില്ല. അയാൾ ഗർവിഷ്ഠനോ വമ്പു പറയുന്നവനോ അധികാരമോഹിയോ ആയിരിക്കുകയില്ല, പകരം എപ്പോഴും തന്റെ പരിധികളെയും പരിമിതികളെയും കുറിച്ച് അയാൾ ബോധവാൻ ആയിരിക്കും. അതുകൊണ്ടുതന്നെ, അയാൾ മറ്റുള്ളവർക്ക് ഉചിതമായ പരിഗണന നൽകുകയും അവരുടെ വികാരങ്ങളെയും വീക്ഷണങ്ങളെയും ആദരിക്കുകയും ചെയ്യുന്നു.
3. ‘എളിമയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്’ എന്നു പറയാൻ കാരണമെന്ത്?
3 ‘എളിമയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്’ എന്നു ബൈബിൾ പറയുന്നത് എത്രയോ വാസ്തവമാണ്! (സദൃശവാക്യങ്ങൾ 11:2, NW) എളിമയുള്ള ഒരു വ്യക്തി ദൈവാംഗീകാരമുള്ള ഗതി സ്വീകരിക്കുന്നു, അപമാനം വരുത്തുന്ന ധിക്കാര മനോഭാവം അയാൾ ഒഴിവാക്കുന്നു. അതുകൊണ്ടാണ് ബൈബിൾ അയാളെ ജ്ഞാനിയെന്നു വിശേഷിപ്പിക്കുന്നത്. (സദൃശവാക്യങ്ങൾ 8:13; 1 പത്രൊസ് 5:5) എളിമയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട് എന്ന വസ്തുതയ്ക്ക് ഒട്ടേറെ ദൈവദാസരുടെ ജീവിതഗതി സാക്ഷ്യം വഹിക്കുന്നു. ആദ്യ ഖണ്ഡികയിൽ പരാമർശിച്ച മൂന്നു വ്യക്തികളുടെ ദൃഷ്ടാന്തങ്ങൾ നമുക്ക് ഇപ്പോൾ പരിചിന്തിക്കാം.
പൗലൊസ്—ഒരു ‘ശുശ്രൂഷകനും ഗൃഹവിചാരകനും’
4. ഏതു പ്രത്യേക പദവികളാണ് പൗലൊസിന് ഉണ്ടായിരുന്നത്?
4 ആദിമ ക്രിസ്ത്യാനികൾക്കിടയിലെ ഒരു പ്രമുഖ വ്യക്തിയായിരുന്നു പൗലൊസ്. അത് എന്തുകൊണ്ടെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. തന്റെ ശുശ്രൂഷയ്ക്കിടയിൽ കടലിലൂടെയും കരയിലൂടെയുമായി അവൻ ആയിരക്കണക്കിനു കിലോമീറ്റർ സഞ്ചരിച്ചു, നിരവധി സഭകൾ സ്ഥാപിച്ചു. കൂടാതെ, ദർശനങ്ങളും അന്യഭാഷയിൽ സംസാരിക്കാനുള്ള കഴിവും നൽകി യഹോവ പൗലൊസിനെ അനുഗ്രഹിച്ചു. (1 കൊരിന്ത്യർ 14:18; 2 കൊരിന്ത്യർ 12:1-5) മാത്രമല്ല, ഇപ്പോൾ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ ഭാഗമായ 14 ലേഖനങ്ങൾ എഴുതാനും ദൈവം പൗലൊസിനെ നിശ്വസ്തനാക്കി. പൗലൊസ് മറ്റെല്ലാ അപ്പൊസ്തലന്മാരെക്കാളും അധികം അധ്വാനിച്ചു എന്ന് വ്യക്തമായും പറയാൻ സാധിക്കും.—1 കൊരിന്ത്യർ 15:10.
5. തന്നെ കുറിച്ചുതന്നെ എളിമയോടു കൂടിയ ഒരു വീക്ഷണമാണ് പൗലൊസിന് ഉണ്ടായിരുന്നത് എന്നു പറയാൻ കാരണം എന്ത്?
5 പൗലൊസ് ക്രിസ്തീയ പ്രവർത്തനത്തിന്റെ മുന്നണിയിൽത്തന്നെ ഉണ്ടായിരുന്നതുകൊണ്ട് മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രം ആയിരിക്കാനും തന്റെ അധികാരം ആളുകളുടെ മുമ്പിൽ പ്രദർശിപ്പിക്കാനുമൊക്കെ അവൻ ശ്രമിച്ചിരുന്നുവെന്നു ചിലർ കരുതിയേക്കാം. എന്നാൽ പൗലൊസ് അത്തരമൊരു വ്യക്തി ആയിരുന്നില്ല, മറിച്ച് അവൻ എളിമയുള്ളവൻ ആയിരുന്നു. ‘അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവൻ’ എന്നാണ് അവൻ സ്വയം വിശേഷിപ്പിച്ചത്. എന്തിന്, ‘അപ്പൊസ്തലൻ എന്ന പേരിനു ഞാൻ യോഗ്യനല്ല’ എന്നുപോലും അവൻ പറയുകയുണ്ടായി. (1 കൊരിന്ത്യർ 15:9) മുമ്പ് ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്നവനായ തനിക്ക്, ദൈവത്തിന്റെ “അനർഹദയ” (NW) ഒന്നുകൊണ്ടു മാത്രമാണ് അവനുമായി ഒരു ബന്ധം വളർത്തിയെടുക്കാൻ, പ്രത്യേകിച്ചും ചില സേവനപദവികൾ ആസ്വദിക്കാൻ, കഴിഞ്ഞത് എന്ന സംഗതി പൗലൊസ് ഒരിക്കലും വിസ്മരിച്ചിരുന്നില്ല. (യോഹന്നാൻ 6:44; എഫെസ്യർ 2:8) അതുകൊണ്ട്, ശുശ്രൂഷയിൽ താൻ കൈവരിച്ച അസാധാരണ നേട്ടങ്ങൾ തന്നെ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠനാക്കിത്തീർത്തു എന്ന തോന്നൽ പൗലൊസിന് ഒരിക്കലും ഉണ്ടായില്ല.—1 കൊരിന്ത്യർ 9:16.
6. കൊരിന്ത്യരോടുള്ള ഇടപെടലിൽ പൗലൊസ് എളിമ പ്രകടമാക്കിയത് എങ്ങനെ?
6 പൗലൊസിന്റെ എളിമ, കൊരിന്ത്യരുമായുള്ള അവന്റെ ഇടപെടലുകളിൽ വിശേഷിച്ചും പ്രകടമായിരുന്നു. കൊരിന്ത്യരിൽ ചിലർ അപ്പൊല്ലോസ്, കേഫാവ്, പൗലൊസ് എന്നിവർ ഉൾപ്പെടെ പ്രമുഖരെന്നു തങ്ങൾക്കു തോന്നിയ മേൽവിചാരകന്മാർക്ക് വേണ്ടതിലധികം പ്രാധാന്യം നൽകിയിരുന്നു. (1 കൊരിന്ത്യർ 1:11-15) എന്നാൽ പൗലൊസ് ഒരിക്കലും കൊരിന്ത്യരുടെ പ്രശംസയും അംഗീകാരവും പിടിച്ചുപറ്റാനോ അവർക്കു തന്നോടുള്ള ആദരവിനെ ചൂഷണം ചെയ്യാനോ ശ്രമിച്ചില്ല. കൊരിന്ത്യരെ സന്ദർശിച്ചപ്പോഴൊന്നും “വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം”കൊണ്ട് അവരിൽ മതിപ്പുളവാക്കാൻ പൗലൊസ് ആഗ്രഹിച്ചില്ല. മറിച്ച്, “ഞങ്ങളെ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവമർമ്മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഓരോരുത്തൻ എണ്ണിക്കൊള്ളട്ടെ” എന്നാണ് തന്നെയും സഹകാരികളെയും കുറിച്ച് അവൻ പറഞ്ഞത്.a—1 കൊരിന്ത്യർ 2:1-5; 4:1.
7. ബുദ്ധിയുപദേശം നൽകുന്ന അവസരത്തിൽപ്പോലും പൗലൊസ് എളിമ പ്രകടമാക്കിയത് എങ്ങനെ?
7 ശക്തമായ ബുദ്ധിയുപദേശവും മാർഗനിർദേശവും നൽകേണ്ടിവന്ന സന്ദർഭങ്ങളിലും പൗലൊസ് എളിമ പ്രകടമാക്കി. അപ്പൊസ്തലിക അധികാരം വെച്ചുകൊണ്ടല്ല, പിന്നെയോ “ദൈവത്തിന്റെ മനസ്സലിവു ഓർപ്പി”ച്ചുകൊണ്ട്, “സ്നേഹം നിമിത്ത”മാണ് അവൻ സഹക്രിസ്ത്യാനികളെ പ്രബോധിപ്പിച്ചത്. (റോമർ 12:1, 2; ഫിലേമോൻ 8, 9) പൗലൊസ് എന്തുകൊണ്ടാണ് അങ്ങനെ ചെയ്തത്? കാരണം, തന്റെ സഹോദരന്മാരുടെ “കൂട്ടുവേലക്കാരൻ” ആയിട്ടാണ് അവൻ സ്വയം വീക്ഷിച്ചത്, അല്ലാതെ ‘അവരുടെ വിശ്വാസത്തിന്റെ അധിപൻ’ ആയിട്ടല്ല. (2 കൊരിന്ത്യർ 1:24, NW) പൗലൊസിന്റെ എളിമയാണ്, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക് അവനെ പ്രിയപ്പെട്ടവനാക്കിത്തീർത്തത് എന്നതിനു യാതൊരു സംശയവുമില്ല.—പ്രവൃത്തികൾ 20:36-38.
നമ്മുടെ പദവികളെ എളിമയോടെ വീക്ഷിക്കുക
8, 9. (എ) നമുക്ക് നമ്മെ കുറിച്ചുതന്നെ എളിമയോടുകൂടിയ ഒരു വീക്ഷണം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്? (ബി) ഉത്തരവാദിത്വസ്ഥാനങ്ങളിൽ ഉള്ളവർക്ക് എളിമ പ്രകടമാക്കാൻ കഴിയുന്നത് എങ്ങനെ?
8 ഇന്നത്തെ ക്രിസ്ത്യാനികൾക്ക് പൗലൊസ് നല്ലൊരു മാതൃകയാണ്. നാം ഏതുതരത്തിലുള്ള ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരായാലും ശരി, മറ്റുള്ളവരെക്കാൾ ഒരുപടി മുന്നിലാണെന്ന് ഒരിക്കലും കരുതാൻ പാടില്ല. “താൻ അല്പനായിരിക്കെ മഹാൻ ആകുന്നു എന്നു ഒരുത്തൻ നിരൂപിച്ചാൽ തന്നെത്താൻ വഞ്ചിക്കുന്നു” എന്ന് പൗലൊസ് എഴുതി. (ഗലാത്യർ 6:3) കാരണം? “എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു” എന്നതുതന്നെ. (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (റോമർ 3:23; 5:12) അതേ, നമുക്കെല്ലാം ആദാമിൽനിന്ന് പാപവും മരണവും പാരമ്പര്യമായി ലഭിച്ചിരിക്കുന്നു എന്ന കാര്യം നാം ഒരിക്കലും മറക്കരുത്. പ്രത്യേക പദവികൾ നമ്മെ ഈ എളിയ പാപപൂർണമായ അവസ്ഥയിൽനിന്ന് ഉയർത്തുകയില്ല. (സഭാപ്രസംഗി 9:2) പൗലൊസിന്റെ കാര്യത്തിൽ സത്യമായിരുന്നതുപോലെതന്നെ, ദൈവത്തിന്റെ അനർഹദയകൊണ്ടു മാത്രമേ മനുഷ്യർക്കു ദൈവവുമായി ഒരു ബന്ധം വളർത്തിയെടുക്കാൻ, പ്രത്യേകിച്ച് ചില പദവികളിൽ ഇരുന്നുകൊണ്ട് അവനെ സേവിക്കാൻ, സാധിക്കുകയുള്ളൂ.—റോമർ 3:12, 24.
9 ഇത് തിരിച്ചറിയുന്ന, എളിമയുള്ള ഒരു മനുഷ്യൻ ഒരിക്കലും തന്റെ പദവികളെപ്രതി അഹങ്കരിക്കുകയോ തന്റെ നേട്ടങ്ങളെ കുറിച്ച് വീമ്പിളക്കുകയോ ചെയ്യുകയില്ല. (1 കൊരിന്ത്യർ 4:7) ബുദ്ധിയുപദേശമോ മാർഗനിർദേശമോ നൽകേണ്ടിവരുമ്പോൾ ഒരു യജമാനൻ എന്ന മട്ടിലല്ല, പിന്നെയോ ഒരു കൂട്ടുവേലക്കാരൻ എന്ന നിലയിലായിരിക്കും അയാൾ അതു നൽകുക. ചില പ്രത്യേക പ്രാപ്തികൾ ഉള്ള ഒരു വ്യക്തി, മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാനോ സഹവിശ്വാസികൾക്കു തങ്ങളോടുള്ള ആദരവിനെ ചൂഷണം ചെയ്യാനോ ശ്രമിക്കുന്നത് തീർച്ചയായും തെറ്റായിരിക്കും. (സദൃശവാക്യങ്ങൾ 25:27, NW; മത്തായി 6:2-4) സ്വപ്രേരിതരായി മറ്റുള്ളവർ നമുക്കു നൽകുന്ന പ്രശംസയ്ക്കാണ് യഥാർഥത്തിൽ മൂല്യമുള്ളത്. അത്തരത്തിലുള്ള പ്രശംസ ലഭിക്കുകയാണെങ്കിൽക്കൂടി, ബൈബിൾ പറയുന്നതുപോലെ ഭാവിക്കേണ്ടതിനു മീതെ ഭാവിക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം.—സദൃശവാക്യങ്ങൾ 27:2; റോമർ 12:3.
10. എളിയവരായി കാണപ്പെടുന്ന ചിലർ “വിശ്വാസത്തിൽ സമ്പന്ന”ർ ആയിരുന്നേക്കാവുന്നത് എങ്ങനെയെന്നു വിശദീകരിക്കുക.
10 നാം ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരാണെങ്കിൽ നമുക്കുതന്നെ അമിത പ്രാധാന്യം നൽകാതിരിക്കാൻ, അതായത് നമ്മുടെ ശ്രമങ്ങളും പ്രാപ്തികളും കാരണമാണ് സഭ മുമ്പോട്ടു പോകുന്നത് എന്ന വിധത്തിൽ ചിന്തിക്കാതിരിക്കാൻ, എളിമ നമ്മെ സഹായിക്കും. ദൃഷ്ടാന്തത്തിന്, നമുക്ക് പ്രത്യേക പ്രസംഗ, പഠിപ്പിക്കൽ പ്രാപ്തി ഉണ്ടായിരുന്നേക്കാം. (എഫെസ്യർ 4:11, 12) എന്നാൽ നമുക്ക് എളിമയുണ്ടെങ്കിൽ സഭയിലുള്ളവർ കാര്യങ്ങൾ പഠിക്കുന്നത് നമ്മുടെ പ്രസംഗങ്ങളിൽനിന്നു മാത്രമല്ല എന്ന വസ്തുത നാം തിരിച്ചറിയും. ഉദാഹരണത്തിന്, ഒറ്റയ്ക്കുള്ള ഒരു മാതാവ് അല്ലെങ്കിൽ പിതാവ് തന്റെ കുട്ടികളെയുംകൊണ്ട് ക്രമമായി രാജ്യഹാളിലേക്കു വരുന്നതു കാണുന്നത് പ്രോത്സാഹജനകമായ ഒരു സംഗതിയല്ലേ? തന്നെ ഒന്നിനും കൊള്ളുകയില്ലെന്ന തോന്നലുമായി മല്ലിട്ടു കഴിയുന്ന ഒരു വ്യക്തി യോഗങ്ങൾക്കു മുടങ്ങാതെ വരുന്നതു കാണുന്നതോ? അല്ലെങ്കിൽ സ്കൂളിലും മറ്റുമുള്ള മോശമായ സ്വാധീനങ്ങളെ ചെറുത്തുനിന്നുകൊണ്ട് ആത്മീയ പുരോഗതി വരുത്തുന്ന ഒരു യുവപ്രായക്കാരനെ നിരീക്ഷിക്കുന്നതോ? (സങ്കീർത്തനം 84:10) ഈ വ്യക്തികൾ ഒരുപക്ഷേ ആരുടെയും ശ്രദ്ധാകേന്ദ്രമായിരിക്കുകയില്ല. അവർ നേരിടുന്ന വിശ്വസ്തതയുടെ പരിശോധനകൾ അധികമാരും നിരീക്ഷിച്ചെന്നും വരില്ല. എന്നാൽ, പ്രാമുഖ്യതയുള്ളവരായി നാം കരുതുന്നവരുടെ അത്രയുംതന്നെ “വിശ്വാസത്തിൽ സമ്പന്ന”ർ ആയിരുന്നേക്കാം അവരും. (യാക്കോബ് 2:5) തങ്ങളുടെ മാതൃകയാൽ മറ്റുള്ളവരെ പ്രബോധിപ്പിക്കാൻ അവർക്കും കഴിയും. ഒടുവിൽ വിശ്വസ്തതയാണ് യഹോവയുടെ പ്രീതി നേടുന്നത് എന്ന കാര്യം നമുക്ക് എപ്പോഴും ഓർമയുണ്ടായിരിക്കണം.—മത്തായി 10:22; 1 കൊരിന്ത്യർ 4:2.
ഗിദെയോൻ—തന്റെ പിതാവിന്റെ ‘കുടുംബത്തിൽവെച്ചു ചെറിയവൻ’
11. ദൈവത്തിന്റെ ദൂതനോടു സംസാരിക്കവെ ഗിദെയോൻ എളിമ പ്രകടമാക്കിയത് എങ്ങനെ?
11 മനശ്ശെയുടെ ഗോത്രത്തിൽപ്പെട്ട കരുത്തനായ ഒരു യുവാവായിരുന്നു ഗിദെയോൻ. ഇസ്രായേൽ ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലാണ് അവൻ ജീവിച്ചിരുന്നത്. ഏഴു വർഷമായി ദൈവജനം മിദ്യാന്യരുടെ മർദക ഭരണത്തിൻ കീഴിൽ ദുരിതം അനുഭവിക്കുകയായിരുന്നു. തന്റെ ജനത്തെ വിടുവിക്കാനുള്ള യഹോവയുടെ സമയം ആഗതമായപ്പോൾ ഒരു ദൂതൻ ഗിദെയോനു പ്രത്യക്ഷനായി. ‘അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട്’ എന്ന് ദൂതൻ ഗിദെയോനോടു പറഞ്ഞു. ഗിദെയോൻ എളിമയുള്ള ഒരു വ്യക്തിയായിരുന്നു. അതുകൊണ്ട്, അപ്രതീക്ഷിതമായി ഒരു അംഗീകാരം ലഭിച്ചപ്പോൾ അവൻ അതിൽ അഹങ്കരിച്ചില്ല. പകരം, അവൻ ആദരപൂർവം ദൂതനോടു ചോദിച്ചു: “അയ്യോ, യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്കു ഇതു ഒക്കെ ഭവിക്കുന്നതു എന്തു?” ദൂതൻ കാര്യങ്ങളെല്ലാം അവനു വിശദീകരിച്ചുകൊടുത്തു. എന്നിട്ട്, “നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യിൽനിന്നു രക്ഷിക്കും” എന്നു പറഞ്ഞു. ഗിദെയോന്റെ പ്രതികരണം എന്തായിരുന്നു? ദേശത്തിലെ നായക തലത്തിലേക്ക് തന്നെത്തന്നെ ഉയർത്താനുള്ള ഒരു അവസരമായി കണ്ട് അവൻ ആ പദവി ആർത്തിയോടെ പിടിച്ചുവാങ്ങിയില്ല. പകരം അവൻ ഇങ്ങനെ പറഞ്ഞു: “അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ കുടുംബത്തിൽവെച്ചു ഞാൻ ചെറിയവനും അല്ലോ.” എളിമയുടെ എത്ര നല്ല മാതൃക!—ന്യായാധിപൻമാർ 6:11-15.
12. തന്റെ നിയമനം നിറവേറ്റുന്നതിൽ ഗിദെയോൻ വിവേകം പ്രകടമാക്കിയത് എങ്ങനെ?
12 ഗിദെയോനെ യുദ്ധത്തിനു പറഞ്ഞയയ്ക്കുന്നതിനു മുമ്പ് യഹോവ അവനെ പരീക്ഷിച്ചു. എങ്ങനെ? തന്റെ പിതാവ് പണിയിച്ച ബാലിന്റെ ബലിപീഠം ഇടിച്ചുകളയാനും അതിനരികെയുള്ള അശേര പ്രതിഷ്ഠ നശിപ്പിക്കാനും യഹോവ ഗിദെയോനോട് ആവശ്യപ്പെട്ടു. ആ നിയമനം നിറവേറ്റാൻ ധൈര്യം ആവശ്യമായിരുന്നു. എന്നാൽ ഗിദെയോൻ അക്കാര്യത്തിൽ എളിമയും വിവേകവും പ്രകടമാക്കി. പരസ്യമായി അതു ചെയ്യാതെ രാത്രിയിൽ ആരും കാണാതെയാണ് ഗിദെയോൻ അതു ചെയ്തത്. മാത്രമല്ല, അവൻ വേണ്ടത്ര ജാഗ്രത പുലർത്തുകയും ചെയ്തിരുന്നു. അവൻ തന്റെ വേലക്കാരിൽ പത്തുപേരെ കൂട്ടി പുറപ്പെട്ടു. അങ്ങനെയാകുമ്പോൾ അവരിൽ ചിലർക്ക് ബലിപീഠവും അശേര പ്രതിഷ്ഠയും നശിപ്പിക്കുന്നതിൽ അവനെ സഹായിക്കാനും ബാക്കിയുള്ളവർക്ക് കാവൽനിൽക്കാനും കഴിയുമായിരുന്നു.b യഹോവയുടെ അനുഗ്രഹത്താൽ ഗിദെയോൻ തന്റെ നിയമനം വിജയകരമായി പൂർത്തിയാക്കി. കാലാന്തരത്തിൽ മിദ്യാന്യരുടെ കൈയിൽനിന്ന് ഇസ്രായേല്യരെ വിടുവിക്കാനും ദൈവം അവനെ ഉപയോഗിച്ചു.—ന്യായാധിപൻമാർ 6:25-27.
എളിമയും വിവേകവും പ്രകടമാക്കുക
13, 14. (എ) ഒരു സേവനപദവിക്കായി ശുപാർശ ചെയ്യപ്പെടുമ്പോൾ നമുക്ക് എങ്ങനെ എളിമ പ്രകടമാക്കാൻ സാധിക്കും? (ബി) എളിമ പ്രകടമാക്കുന്നതിൽ എ. എച്ച്. മാക്മില്ലൻ സഹോദരൻ ഒരു നല്ല മാതൃക വെച്ചത് എങ്ങനെ?
13 ഗിദെയോന്റെ എളിമയിൽനിന്ന് നമുക്ക് അനേകം കാര്യങ്ങൾ പഠിക്കാനുണ്ട്. ഉദാഹരണത്തിന്, ഒരു സേവനപദവിക്കായി ശുപാർശ ചെയ്യപ്പെടുമ്പോൾ നാം എങ്ങനെയാണു പ്രതികരിക്കുന്നത്? തത്ഫലമായി ഉണ്ടായേക്കാവുന്ന പ്രാമുഖ്യതയെയും പ്രശസ്തിയെയും കുറിച്ചാണോ നാം ആദ്യം ചിന്തിക്കുന്നത്? അതോ, ആ നിയമനം നിറവേറ്റാൻ സാധിക്കുമോ എന്ന് എളിമയോടെ പ്രാർഥനാപൂർവം നാം പരിചിന്തിക്കുന്നുവോ? 1966-ൽ തന്റെ ഭൗമിക ജീവിതം പൂർത്തിയാക്കിയ എ. എച്ച്. മാക്മില്ലൻ സഹോദരൻ ഇക്കാര്യത്തിൽ നല്ല ഒരു മാതൃക വെക്കുകയുണ്ടായി. വാച്ച് ടവർ സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റായിരുന്ന സി. റ്റി. റസ്സൽ ഒരിക്കൽ, തന്റെ അസാന്നിദ്ധ്യത്തിൽ പ്രവർത്തനത്തിന്റെ ചുമതല ആർ ഏറ്റെടുക്കും എന്നതു സംബന്ധിച്ച് മാക്മില്ലൻ സഹോദരനോട് അഭിപ്രായം ചോദിച്ചു. തുടർന്നു നടന്ന ചർച്ചയിൽ മാക്മില്ലൻ സഹോദരൻ ഒരിക്കൽപ്പോലും തന്റെ കാര്യം സൂചിപ്പിച്ചില്ല, അത് നിഷ്പ്രയാസം സാധിക്കുമായിരുന്നിട്ടുകൂടി. ഒടുവിൽ, ആ നിയമനം ഏറ്റെടുക്കുന്നതിനെ സംബന്ധിച്ചു പരിചിന്തിക്കാൻ റസ്സൽ സഹോദരൻതന്നെ മാക്മില്ലൻ സഹോദരനോടു പറഞ്ഞു. “ഞാൻ മിഴിച്ചുനിന്നുപോയി,” വർഷങ്ങൾക്കുശേഷം മാക്മില്ലൻ സഹോദരൻ എഴുതി. “ഞാൻ അതേക്കുറിച്ച് പലവട്ടം ചിന്തിച്ചു, ഗൗരവമായിത്തന്നെ. ദീർഘനേരം ഞാൻ യഹോവയോടു പ്രാർഥിച്ചു. ഒടുവിൽ, ആ നിയമനം ഏറ്റെടുക്കാൻ എനിക്കു സന്തോഷമേയുള്ളൂ എന്ന് ഞാൻ അറിയിച്ചു.”
14 അധികനാൾ കഴിയുന്നതിനു മുമ്പ് റസ്സൽ സഹോദരൻ മരിച്ചു. വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടുപിടിക്കേണ്ടതായി വന്നു. റസ്സൽ സഹോദരന്റെ അവസാനത്തെ പ്രസംഗ പര്യടന സമയത്ത് മാക്മില്ലൻ സഹോദരനായിരുന്നു പ്രവർത്തനത്തിന്റെ ചുമതല വഹിച്ചിരുന്നത്. അതുകൊണ്ട് ഒരു സഹോദരൻ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: “മാക്, പ്രസിഡന്റ് സ്ഥാനം താങ്കൾക്കുതന്നെ ആയിരിക്കും ലഭിക്കാൻ പോകുന്നത്. റസ്സൽ സഹോദരന്റെ അസാന്നിധ്യത്തിൽ താങ്കളാണല്ലോ അദ്ദേഹത്തെ പ്രതിനിധാനം ചെയ്തത്. താങ്കൾ പറയുന്നതുപോലെ ചെയ്യണമെന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞിരുന്നു. അദ്ദേഹം മരിച്ച സ്ഥിതിക്ക് ഇനിയിപ്പോൾ താങ്കൾ ആ സ്ഥാനം എറ്റെടുക്കേണ്ടിവരുമെന്നു തോന്നുന്നു.” മാക്മില്ലൻ സഹോദരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “സഹോദരാ, ഈ സാഹചര്യത്തെ നാം ഇങ്ങനെയല്ല വീക്ഷിക്കേണ്ടത്. ഇത് കർത്താവിന്റെ വേലയാണ്. തന്റെ സംഘടനയിൽ ഒരു വ്യക്തിക്ക് ഏതു പദവി ലഭിക്കണമെന്നു നിശ്ചയിക്കുന്നത് കർത്താവു തന്നെയാണ്. ആ പദവിക്ക് ഞാൻ യോഗ്യനാണെന്ന് എനിക്കു തോന്നുന്നില്ല.” മാക്മില്ലൻ സഹോദരൻ ആ പദവിക്കു വേണ്ടി മറ്റൊരാളെ ശുപാർശ ചെയ്തു. ഗിദെയോനെ പോലെ അദ്ദേഹത്തിന് തന്നെക്കുറിച്ചുതന്നെ എളിമയോടെയുള്ള വീക്ഷണം ഉണ്ടായിരുന്നു. നമ്മുടെ വീക്ഷണവും അത്തരത്തിലുള്ളതായിരിക്കണം.
15. മറ്റുള്ളവരോടു പ്രസംഗിക്കുമ്പോൾ നമുക്ക് വിവേകം ഉപയോഗിക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏവ?
15 നമ്മുടെ നിയമനം നിറവേറ്റുന്ന വിധത്തിലും നാം താഴ്മ പ്രകടമാക്കേണ്ടതുണ്ട്. ഗിദെയോൻ വിവേകമുള്ളവൻ ആയിരുന്നു. തന്റെ എതിരാളികളെ അനാവശ്യമായി പ്രകോപിപ്പിക്കാതിരിക്കാൻ അവൻ ശ്രമിച്ചു. സമാനമായി, ശുശ്രൂഷയ്ക്കിടയിൽ മറ്റുള്ളവരോടു സംസാരിക്കുന്ന വിധം സംബന്ധിച്ച് നാമും എളിമയും വിവേകവും ഉള്ളവർ ആയിരിക്കണം. “കോട്ടകളെ”യും “സങ്കല്പങ്ങ”ളെയും ഇടിച്ചു കളയുന്ന ഒരു ആത്മീയ പോരാട്ടത്തിലാണ് നാം ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത് എന്നതു ശരിതന്നെ. (2 കൊരിന്ത്യർ 10:4, 5) എന്നാൽ നമ്മുടെ സന്ദേശത്തെ തള്ളിക്കളയാൻ ഇടയാക്കുംവിധം നാം മറ്റുള്ളവരെ താഴ്ത്തിക്കെട്ടുകയോ പ്രകോപിപ്പിക്കുകയോ ചെയ്യരുത്. പകരം നാം അവരുടെ വീക്ഷണങ്ങളെ ആദരിക്കുകയും അവർക്കും നമുക്കും പൊതുവായുള്ള കാര്യങ്ങൾക്ക് ഊന്നൽ നൽകുകയും അതിനുശേഷം നമ്മുടെ സന്ദേശത്തിന്റെ ക്രിയാത്മക വശത്തിലേക്കു ശ്രദ്ധ ക്ഷണിക്കുകയും ചെയ്യണം.—പ്രവൃത്തികൾ 22:1-3; 1 കൊരിന്ത്യർ 9:22; വെളിപ്പാടു 21:4, 5.
യേശു—എളിമയുടെ ഉത്തമ ദൃഷ്ടാന്തം
16. യേശുവിന് തന്നെക്കുറിച്ചുതന്നെ എളിമയോടു കൂടിയ ഒരു വീക്ഷണമാണ് ഉണ്ടായിരുന്നത് എന്നു പറയാൻ കാരണമെന്ത്?
16 എളിമയുടെ ഉത്തമ ദൃഷ്ടാന്തം യേശുക്രിസ്തുവാണ്.c തന്റെ പിതാവുമായി ഉറ്റ ബന്ധം ഉണ്ടായിരുന്നിട്ടും ചില കാര്യങ്ങൾ തന്റെ അധികാരത്തിന് അതീതമാണെന്നു സമ്മതിക്കാൻ യേശുവിനു മടിയുണ്ടായിരുന്നില്ല. (യോഹന്നാൻ 1:14) ദൃഷ്ടാന്തത്തിന്, യാക്കോബിന്റെയും യോഹന്നാന്റെയും അമ്മ തന്റെ പുത്രന്മാർക്ക് ഇരുവർക്കും യേശുവിന്റെ രാജ്യത്തിൽ അവന്റെ ഇടത്തും വലത്തും ഇരിക്കാനുള്ള അനുവാദം നൽകണമെന്ന് അപേക്ഷിച്ചപ്പോൾ യേശു ഇപ്രകാരം പറഞ്ഞു: “എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നൽകുന്നതു എന്റേതല്ല.” (മത്തായി 20:20-23) മറ്റൊരവസരത്തിൽ യേശു യാതൊരു മടിയും കൂടാതെ ഇപ്രകാരം സമ്മതിച്ചു പറഞ്ഞു: ‘എനിക്കു സ്വതേ ഒന്നും ചെയ്വാൻ കഴിയുന്നതല്ല; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാൻ ഇച്ഛിക്കുന്നു.’—യോഹന്നാൻ 5:30; 14:28; ഫിലിപ്പിയർ 2:5, 6.
17. മറ്റുള്ളവരോടുള്ള ഇടപെടലിൽ യേശു എളിമ പ്രകടമാക്കിയത് എങ്ങനെ?
17 യേശു എല്ലാ കാര്യത്തിലും അപൂർണ മനുഷ്യരെക്കാൾ ഉയർന്നവനായിരുന്നു. മറ്റ് ഏതൊരു മനുഷ്യനും ഉള്ളതിനെക്കാൾ അധികാരം അവന്റെ പിതാവായ യഹോവ അവനു നൽകിയിരുന്നു. എന്നാൽ തന്റെ അനുഗാമികളോടുള്ള ഇടപെടലിൽ യേശു എളിമ പ്രകടമാക്കി. തന്റെ അറിവിന്റെ ആഴം കാണിച്ച് അവൻ അവരെ അമ്പരപ്പിച്ചില്ല. അവൻ ആർദ്രതയും പരിഗണനയും കാണിച്ചു, അവരുടെ ആവശ്യങ്ങൾ കണക്കിലെടുത്തു. (മത്തായി 15:32; 26:40, 41; മർക്കൊസ് 6:31) അതുകൊണ്ട്, പൂർണനായിരുന്ന യേശു മറ്റുള്ളവരിൽനിന്നു പൂർണത പ്രതീക്ഷിച്ചില്ല. തന്റെ ശിഷ്യന്മാർക്ക് ചെയ്യാവുന്നതിനെക്കാൾ കൂടുതൽ അവൻ അവരിൽ നിന്ന് ആവശ്യപ്പെട്ടില്ല, അവർക്കു വഹിക്കാൻ കഴിയുന്നതിനെക്കാൾ അധികം ചുമട് അവൻ അവർക്കു നൽകിയില്ല. (യോഹന്നാൻ 16:12) ആശ്വാസകനായി ആളുകൾ അവനെ വീക്ഷിച്ചതിൽ അതിശയിക്കാനില്ല!—മത്തായി 11:29.
യേശുവിന്റെ എളിമ അനുകരിക്കുക
18, 19. നമ്മെത്തന്നെ വീക്ഷിക്കുന്ന വിധത്തിലും മറ്റുള്ളവരോട് ഇടപെടുന്ന വിധത്തിലും നമുക്ക് യേശുവിന്റെ എളിമ അനുകരിക്കാൻ കഴിയുന്നത് എങ്ങനെ?
18 ജീവിച്ചിരുന്നിട്ടുള്ളതിൽവെച്ച് ഏറ്റവും മഹാനായ മനുഷ്യൻ എളിമ പ്രകടമാക്കിയെങ്കിൽ നാം അത് എത്രയധികം ചെയ്യേണ്ടതാണ്! തങ്ങൾക്കു പരമാധികാരം ഇല്ലെന്ന കാര്യം സമ്മതിക്കാൻ അപൂർണ മനുഷ്യർക്ക് പലപ്പോഴും മടിയാണ്. എന്നാൽ ക്രിസ്ത്യാനികൾ യേശുവിനെ അനുകരിച്ചുകൊണ്ട് എളിമ പ്രകടിപ്പിക്കാൻ കഠിനമായി ശ്രമിക്കുന്നു. ഉത്തരവാദിത്വം വഹിക്കാൻ യോഗ്യരായവർക്ക് അതു നൽകാതിരിക്കാൻ മാത്രം അഹങ്കാരികൾ അല്ല അവർ. മാർഗനിർദേശം നൽകാൻ അധികാരമുള്ളവരിൽനിന്ന് അതു സ്വീകരിക്കാതിരിക്കാൻ മാത്രം മനസ്സൊരുക്കമില്ലാത്തവരോ ഗർവിഷ്ഠരോ അല്ല അവർ. സഹകരണ മനോഭാവം പ്രകടമാക്കിക്കൊണ്ട് സഭയിൽ കാര്യങ്ങളെല്ലാം “ഉചിതമായും ക്രമമായും” നടക്കാൻ അവർ ഇടയാക്കുന്നു.—1 കൊരിന്ത്യർ 14:39ബി.
19 മറ്റുള്ളവരിൽനിന്നു പ്രതീക്ഷിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് “ന്യായബോധ”മുള്ളവർ ആയിരിക്കാനും അവരുടെ ആവശ്യങ്ങളോടു പരിഗണന കാണിക്കാനും എളിമ നമ്മെ പ്രേരിപ്പിക്കും. (ഫിലിപ്പിയർ 4:5, NW) മറ്റുള്ളവർക്കില്ലാത്ത ചില പ്രാപ്തികളും കഴിവുകളും നമുക്ക് ഉണ്ടായിരിക്കാം. നാം എളിമയുള്ളവർ ആണെങ്കിൽ മറ്റുള്ളവരെല്ലാം നാം പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങൾ ചെയ്യണമെന്നു നാം ശഠിക്കുകയില്ല. എളിമയുള്ളവർ എന്ന നിലയിൽ നാം, എല്ലാവർക്കും തങ്ങളുടേതായ പരിമിതികൾ ഉണ്ടെന്നു മനസ്സിലാക്കിക്കൊണ്ട് മറ്റുള്ളവരുടെ പോരായ്മകൾ ക്ഷമിക്കാൻ സന്നദ്ധരായിരിക്കും. പത്രൊസ് ഇങ്ങനെ എഴുതി: “സകലത്തിന്നും മുമ്പെ തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.”—1 പത്രൊസ് 4:8.
20. എളിമ പ്രകടമാക്കുന്നത് ബുദ്ധിമുട്ടായി തോന്നുന്നെങ്കിൽ നാം എന്തു ചെയ്യണം?
20 അതേ, നാം പഠിച്ചുകഴിഞ്ഞതുപോലെ എളിമയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്. ഇനി, എളിമ പ്രകടമാക്കുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടായി തോന്നുന്നെങ്കിലോ? നിരുത്സാഹപ്പെടരുത്. പകരം, ദാവീദിന്റെ മാതൃക അനുകരിക്കുക. അവൻ ഇങ്ങനെ പ്രാർഥിച്ചു: “സ്വമേധാപാപങ്ങളെ [“ധിക്കാരപരമായ ചെയ്തികളെ,” NW] അകററി അടിയനെ കാക്കേണമേ; അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും.” (സങ്കീർത്തനം 19:13) പൗലൊസിന്റെയും ഗിദെയോന്റെയും വിശേഷിച്ച് യേശുവിന്റെയും മാതൃക അനുകരിക്കുകവഴി, ‘എളിമയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്’ എന്ന വാക്കുകളുടെ സത്യത നാം അനുഭവിച്ചറിയും.—സദൃശവാക്യങ്ങൾ 11:2, NW.
[അടിക്കുറിപ്പുകൾ]
a ‘ശുശ്രൂഷക്കാർ’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്, പ്രാചീന കാലങ്ങളിലെ വലിയ കപ്പലുകളിലെ ഏറ്റവും താഴത്തെ തട്ടിൽ തണ്ടുവലിച്ചുകൊണ്ടിരുന്ന അടിമകളെ അർഥമാക്കാനും കഴിയും. ‘ഗൃഹവിചാരകന്മാരുടെ’ കാര്യത്തിൽ പക്ഷേ, വസ്തുവകകൾ പരിപാലിക്കുന്നതു പോലുള്ള കൂടുതലായ ഉത്തരവാദിത്വങ്ങൾ അവരെ ഭരമേൽപ്പിച്ചേക്കാം. എങ്കിൽപ്പോലും മിക്ക യജമാനന്മാരുടെയും ദൃഷ്ടിയിൽ ഗൃഹവിചാരകന്മാരും കപ്പലിലെ അടിമകളെപ്പോലെതന്നെ ദാസ്യവൃത്തി ചെയ്യുന്നവരാണ്.
b ഗിദെയോൻ പ്രകടമാക്കിയ വിവേകവും ജാഗ്രതയും ഭീരുത്വമായി തെറ്റിദ്ധരിക്കേണ്ടതില്ല. കാരണം, “ശക്തി പ്രാപി”ക്കുകയും “യുദ്ധത്തിൽ വീരന്മാരായ്ത്തീ”രുകയും ചെയ്തവരുടെ കൂട്ടത്തിൽ ഗിദെയോനെ ഉൾപ്പെടുത്തിക്കൊണ്ട് എബ്രായർ 11:32-38 അവന്റെ ധീരതയെ സ്ഥിരീകരിക്കുന്നു.
c എളിമ ഉണ്ടായിരിക്കുന്നതിൽ ഒരു വ്യക്തിക്ക് സ്വന്തം പരിമിതികളെ കുറിച്ചുള്ള അവബോധം ഉണ്ടായിരിക്കുന്നത് ഉൾപ്പെട്ടിരിക്കുന്നു. അതുകൊണ്ട് യഹോവയ്ക്ക് എളിമ ഉണ്ട് എന്നു പറയുന്നതു ശരിയായിരിക്കില്ല. എന്നാൽ അവൻ താഴ്മ അഥവാ സൗമ്യതയുള്ളവനാണ്.—സങ്കീർത്തനം 18:35.
-