നീതി വിതച്ച് ദൈവത്തിന്റെ സ്നേഹദയ കൊയ്യുക
“അന്യന്നുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! ജാമ്യം നില്പാൻ പോകാത്തവനോ [“ഹസ്തദാനം വെറുക്കുന്നവനോ,” NW] നിർഭയനായിരിക്കും.” (സദൃശവാക്യങ്ങൾ 11:15) നമ്മുടെ പ്രവൃത്തി ഉത്തരവാദിത്വ ബോധത്തോടു കൂടിയത് ആയിരിക്കണമെന്ന് എത്ര സ്പഷ്ടമായാണ് ഈ ചെറിയ സദൃശവാക്യം പറയുന്നത്! ആശ്രയിക്കാൻ പറ്റാത്ത ഒരാൾക്കു വേണ്ടി വായ്പയ്ക്കു ജാമ്യം നിൽക്കുന്നതു കുഴപ്പം ക്ഷണിച്ചുവരുത്തലാണ്. ഹസ്തദാനം—പുരാതന ഇസ്രായേലിൽ ഉടമ്പടി ഒപ്പു വെക്കുന്നതിനു തുല്യമായി വർത്തിച്ച ഒരു കർമം—ഒഴിവാക്കിക്കൊണ്ട് സാമ്പത്തിക കെണിയിൽനിന്ന് ഒഴിഞ്ഞിരിക്കുക.
വ്യക്തമായും ഇവിടെ ബാധകമാകുന്ന തത്ത്വം “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും” എന്നതാണ്. (ഗലാത്യർ 6:7) “നീതിയിൽ വിതെപ്പിൻ; ദയെക്കൊത്തവണ്ണം [“സ്നേഹദയയ്ക്ക് ഒത്തവണ്ണം,” NW] കൊയ്യുവിൻ” എന്ന് ഹോശേയ പ്രവാചകൻ പ്രസ്താവിച്ചു. (ഹോശേയ 10:12) അതേ, ദൈവത്തിന്റെ മാർഗത്തിൽ കാര്യങ്ങൾ ചെയ്തുകൊണ്ട് നീതി വിതച്ച് അവന്റെ സ്നേഹദയ കൊയ്യുക. ഈ തത്ത്വം കൂടെക്കൂടെ ഉപയോഗിച്ചുകൊണ്ട് ഇസ്രായേലിലെ ശലോമോൻ രാജാവ് ശരിയായ പ്രവൃത്തിയെയും നേരായ സംസാരത്തെയും ഉചിതമായ മനോഭാവത്തെയും പ്രോത്സാഹിപ്പിക്കുന്നു. അവന്റെ ജ്ഞാനമൊഴികൾ അടുത്തു പരിശോധിക്കുന്നത് നീതിയിൽ വിത്തു വിതയ്ക്കാൻ നമ്മെ തീർച്ചയായും പ്രോത്സാഹിപ്പിക്കും.—സദൃശവാക്യങ്ങൾ 11:15-31.
‘ലാവണ്യം’ വിതച്ച് “ബഹുമാനം” കൊയ്യുക
“ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു [“ബഹുമാനം നേടും,” “ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം”]; വിക്രമന്മാർ [“കയ്യൂക്കുള്ളവൻ,” “ന്യൂ ഇൻഡ്യാ ഭാഷാന്തരം”] സമ്പത്തു സൂക്ഷിക്കുന്നു” എന്നു ജ്ഞാനിയായ രാജാവു പറയുന്നു. (സദൃശവാക്യങ്ങൾ 11:16) ഈ വാക്യം, ലാവണ്യമുള്ള ഒരു സ്ത്രീ [“ശാലീനയായ സ്ത്രീ,” ഓശാന ബൈബിൾ] നേടുന്ന നിലനിൽക്കുന്ന ബഹുമാനത്തെയും കയ്യൂക്കുള്ള ഒരുവൻ നേടുന്ന താത്കാലിക സമ്പത്തിനെയും വിപരീത താരതമ്യം ചെയ്യുന്നു.
ബഹുമാനം കൈവരുത്തുന്ന ലാവണ്യം ഒരു വ്യക്തിക്ക് എങ്ങനെ നേടാൻ കഴിയും? “പ്രായോഗിക ജ്ഞാനവും ചിന്താപ്രാപ്തിയും കാത്തുകൊള്ളുക,” ശലോമോൻ ഉപദേശിച്ചു, “അവ . . . നിന്റെ കണ്ഠത്തിനു ലാവണ്യമെന്നു തെളിയും.” (സദൃശവാക്യങ്ങൾ 3:21, 22, NW) ‘ഒരു രാജാവിന്റെ അധരങ്ങളിന്മേൽ ലാവണ്യം പകരപ്പെടുന്നതിനെ’ കുറിച്ചു സങ്കീർത്തനക്കാരൻ പറഞ്ഞു. (സങ്കീർത്തനം 45:1, 2) അതേ, പ്രായോഗിക ജ്ഞാനവും ചിന്താപ്രാപ്തിയും നാവിന്റെ ശരിയായ ഉപയോഗവും ഒരു വ്യക്തിയുടെ മൂല്യവും ലാവണ്യവും വർധിപ്പിക്കുന്നു. വിവേകമതിയായ ഒരു സ്ത്രീയുടെ കാര്യത്തിൽ അതു തീർച്ചയായും സത്യമാണ്. വിഡ്ഢിയായ നാബാലിന്റെ ഭാര്യ അബീഗയിൽ അതിന് ഒരു ഉദാഹരണമാണ്. അവൾ “നല്ല വിവേകമുള്ളവളും സുന്ദരിയും” ആയിരുന്നു, ദാവീദ് അവളുടെ “വിവേക”ത്തെ പ്രകീർത്തിക്കുകയുണ്ടായി.—1 ശമൂവേൽ 25:3, 33.
യഥാർഥ ലാവണ്യമുള്ള ഒരു സ്ത്രീക്കു തീർച്ചയായും ബഹുമാനം ലഭിക്കും. മറ്റുള്ളവർ അവളെ കുറിച്ചു നല്ലതു സംസാരിക്കും. വിവാഹിതയെങ്കിൽ, അവൾ ഭർത്താവിന്റെ ദൃഷ്ടിയിൽ ബഹുമാനം നേടും. വാസ്തവത്തിൽ, അവൾ മുഴു കുടുംബത്തിനും ബഹുമാനം കൈവരുത്തും. അവളുടേത് ക്ഷണികമായ ഒരു ബഹുമതി ആയിരിക്കില്ല. “അനവധി സമ്പത്തിലും സൽകീർത്തിയും [‘സൽപേര്,’ ഓശാന ബൈ.] വെള്ളിയിലും പൊന്നിലും കൃപയും നല്ലതു.” (സദൃശവാക്യങ്ങൾ 22:1) ദൈവമുമ്പാകെ അവൾ നേടുന്ന സത്പേരിനു നിലനിൽക്കുന്ന മൂല്യമുണ്ട്.
എന്നാൽ കയ്യൂക്കുള്ള ഒരുവന്റെ, ‘ഒരു നിഷ്ഠൂരന്റെ,’ കാര്യം മറിച്ചാണ്. (സദൃശവാക്യങ്ങൾ 11:16, പുതിയ അന്താരാഷ്ട്ര ഭാഷാന്തരം) അയാളെ ദുഷ്ടന്മാരുടെയും യഹോവയുടെ ആരാധകരെ എതിർക്കുന്നവരുടെയും കൂട്ടത്തിൽ പെടുത്തിയിരിക്കുന്നു. (ഇയ്യോബ് 6:23; 27:13) അങ്ങനെയുള്ള ഒരു മനുഷ്യൻ ‘ദൈവത്തെ തന്റെ മുമ്പാകെ വെക്കുന്നില്ല.’ (സങ്കീർത്തനം 54:3) നിർദോഷികളെ അടിച്ചമർത്തുകയും സ്വാർഥപൂർവം അവരെ മുതലെടുക്കുകയും ചെയ്തുകൊണ്ട് അത്തരക്കാരനായ ഒരു മനുഷ്യൻ ‘പൊടിപോലെ വെള്ളി സ്വരൂപിച്ചേക്കാം.’ (ഇയ്യോബ് 27:16) എന്നാൽ, കാലാന്തരത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ അയാൾ കിടപ്പിലായേക്കാം, അയാൾ കണ്ണു തുറക്കുന്ന ഏതു ദിവസവും അയാളുടെ അവസാനത്തെ ദിവസം ആയിരിക്കാം. (ഇയ്യോബ് 27:19) അതോടെ അയാളുടെ സമ്പത്തും നേട്ടങ്ങളുമെല്ലാം പാഴായിപ്പോകും.—ലൂക്കൊസ് 12:16-21.
എത്ര വലിയ ഒരു പാഠമാണു സദൃശവാക്യങ്ങൾ 11:16 നൽകുന്നത്! ലാവണ്യവും കയ്യൂക്കും എന്തു കൊയ്യുമെന്നു സംക്ഷിപ്തമായി പ്രതിപാദിച്ചുകൊണ്ട് ഇസ്രായേലിലെ രാജാവു നീതി വിതയ്ക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
“സ്നേഹദയ” പ്രതിഫലങ്ങൾ കൈവരുത്തുന്നു
മനുഷ്യ ബന്ധങ്ങൾ സംബന്ധിച്ച് മറ്റൊരു പാഠം പഠിപ്പിച്ചുകൊണ്ട് ശലോമോൻ പറയുന്നു: “ദയാലുവായവൻ [“സ്നേഹദയ ഉള്ളവൻ,” NW] സ്വന്തപ്രാണന്നു നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.” (സദൃശവാക്യങ്ങൾ 11:17) “മറ്റുള്ളവരോടുള്ള ഒരാളുടെ പെരുമാറ്റം, അതു നല്ലതോ മോശമോ ആയിക്കൊള്ളട്ടെ, അയാളുടെ മേൽത്തന്നെ നിനയ്ക്കാത്തതോ അപ്രതീക്ഷിതമോ ആയ ഫലങ്ങൾ കൈവരുത്തും എന്നതാണ് ഈ സദൃശവാക്യത്തിന്റെ രത്നച്ചുരുക്കം” എന്ന് ഒരു പണ്ഡിതൻ പറയുന്നു. ലിസ എന്നു പേരുള്ള ഒരു യുവതിയുടെ കാര്യമെടുക്കുക.a സദുദ്ദേശ്യമുള്ള ഒരു വ്യക്തിയാണെങ്കിലും, അവൾ സമയനിഷ്ഠ ഉള്ളവളല്ല. പ്രസംഗപ്രവർത്തനത്തിനായി മറ്റു രാജ്യഘോഷകരുമായി മുൻകൂട്ടി സമയം നിശ്ചയിച്ചിട്ടുണ്ടായിരിക്കുമെങ്കിലും സാധാരണഗതിയിൽ 30 മിനിട്ടെങ്കിലും വൈകിയേ അവൾ എത്തുമായിരുന്നുള്ളൂ. ലിസ തനിക്കുതന്നെ പ്രയോജനം കൈവരുത്തുന്ന ഒരു വിധത്തിലല്ല പ്രവർത്തിക്കുന്നത്. മറ്റുള്ളവർ തങ്ങളുടെ വിലപ്പെട്ട സമയം നഷ്ടമാകുന്നതിൽ അക്ഷമരാകുകയും പിന്നീട് അവളുമൊത്തുള്ള ക്രമീകരണങ്ങൾ ഒഴിവാക്കുകയും ചെയ്താൽ അവൾക്ക് അവരെ കുറ്റപ്പെടുത്താനാകുമോ?
ഒരു പരിപൂർണതാവാദി—എത്തിച്ചേരാൻ സാധിക്കാത്തത്ര ഉയർന്ന നിലവാരങ്ങൾ വെക്കുന്ന ഒരുവൻ—തന്നോടുതന്നെ ക്രൂരമായി പ്രവർത്തിക്കുന്നു. എല്ലായ്പോഴും എത്തിപ്പിടിക്കാനാവാത്ത ലാക്കുകൾ വെക്കുന്ന അയാൾ അവശനും നിരാശനും ആയിത്തീരും. നേരെ മറിച്ച്, വാസ്തവിക ബോധത്തോടെ ന്യായമായ ലാക്കുകൾ വെക്കുമ്പോൾ നമുക്കുതന്നെ പ്രയോജനകരമായ വിധത്തിലായിരിക്കും നാം പ്രവർത്തിക്കുന്നത്. ഒരുപക്ഷേ മറ്റുള്ളവരെ പോലെ വേഗത്തിൽ ആശയങ്ങൾ ഗ്രഹിക്കാൻ നമുക്കു കഴിഞ്ഞെന്നു വരില്ല. അല്ലെങ്കിൽ രോഗമോ വാർധക്യമോ നമുക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങളെ പരിമിതപ്പെടുത്തിയേക്കാം. നമ്മുടെ ആത്മീയ പുരോഗതി സംബന്ധിച്ചു നമുക്ക് ഒരിക്കലും നീരസപ്പെടാതിരിക്കാം. മറിച്ച്, നമ്മുടെ പരിമിതികൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ന്യായയുക്തത പുലർത്താൻ എപ്പോഴും ശ്രമിക്കാം. നമ്മുടെ പ്രാപ്തികൾക്കനുസരിച്ച് നാം ‘പരമാവധി പ്രവർത്തിക്കുമ്പോൾ’ നാം സന്തുഷ്ടരായിരിക്കും.—2 തിമൊഥെയൊസ് 2:15; ഫിലിപ്പിയർ 4:5, NW.
നീതിയുള്ള ഒരുവൻ തനിക്കുതന്നെ എങ്ങനെ പ്രയോജനം ചെയ്യുന്നുവെന്നും ക്രൂരനായ ഒരുവൻ തനിക്കുതന്നെ എങ്ങനെ ദ്രോഹം വരുത്തിവെക്കുന്നുവെന്നും കൂടുതലായി വിശദീകരിച്ചുകൊണ്ട് ജ്ഞാനിയായ രാജാവ് ഇങ്ങനെ പ്രസ്താവിക്കുന്നു: “ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതെക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും. നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിന്നായി പ്രവർത്തിക്കുന്നു. വക്രബുദ്ധികൾ യഹോവെക്കു വെറുപ്പു; നിഷ്കളങ്കമാർഗ്ഗികളോ അവന്നു പ്രസാദം. ദുഷ്ടന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കാം; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.”—സദൃശവാക്യങ്ങൾ 11:18-21.
ഈ വാക്യങ്ങൾ പല വിധങ്ങളിൽ ഒരു അടിസ്ഥാന ആശയം വ്യക്തമാക്കുന്നു: നീതി വിതച്ച് അതിന്റെ ഫലം കൊയ്യുക. ചെലവില്ലാതെ ലാഭം നേടാൻ ദുഷ്ടനായ ഒരുവൻ വഞ്ചനയും ചൂതും ഉപയോഗിച്ചേക്കാം. അത്തരം പ്രതിഫലം വ്യാജമായതിനാൽ, അയാൾ നിരാശപ്പെട്ടേക്കാം. സത്യസന്ധമായി ജോലി ചെയ്യുന്നവൻ തന്റെ യഥാർഥ പ്രതിഫലം നേടുന്നു, ആ സമ്പാദ്യം സുരക്ഷിതവുമാണ്. ദൈവത്തിന്റെ അംഗീകാരം നേടുന്ന നിർദോഷിക്കു ജീവന്റെ പ്രത്യാശ ഉണ്ട്. എന്നാൽ ദുഷ്ടന്റെ ഗതി എന്താണ്? ദുഷ്ടനു ശിക്ഷ ലഭിക്കാതിരിക്കയില്ല. (സദൃശവാക്യങ്ങൾ 2:21, 22) നീതി വിതയ്ക്കാനുള്ള എത്ര മികച്ച ഉദ്ബോധനം!
സുബോധമുള്ള വ്യക്തിക്കു യഥാർഥ സൗന്ദര്യം
“വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ” എന്നു ശലോമോൻ തുടർന്നു പറയുന്നു. (സദൃശവാക്യങ്ങൾ 11:22) ബൈബിൾ കാലങ്ങളിൽ മൂക്കുത്തികൾ പ്രചാരമാർജിച്ച ഒരു ആഭരണമായിരുന്നു. മൂക്കിന്റെ ഒരു വശമോ നാസാരന്ധ്രങ്ങളുടെ നടുത്തണ്ടോ തുളച്ചിട്ടിരുന്ന ഒരു സ്വർണ മൂക്കുത്തി ഒരു സ്ത്രീയുടെ ശരീരത്തിൽ പെട്ടെന്നു ശ്രദ്ധിക്കപ്പെടുന്ന ഒരു ആഭരണം ആയിരുന്നു. എന്നാൽ അത്തരം ഒരു നല്ല ആഭരണം പന്നിയുടെ മൂക്കിൽ എത്ര അനുചിതം ആയിരിക്കുമായിരുന്നു! പുറമേ സൗന്ദര്യമുള്ള എന്നാൽ “വിവേകമില്ലാത്ത” ഒരു വ്യക്തിയുടെ കാര്യത്തിലും അതു സമാനമാണ്. സ്ത്രീ ആയാലും പുരുഷൻ ആയാലും ആഭരണം ധരിക്കുന്നതു മാത്രം യാതൊരു പ്രയോജനവും ചെയ്യുകയില്ല. വാസ്തവത്തിൽ അതു തീർത്തും അനുചിതവും അനാകർഷകവും ആയിരിക്കും.
മറ്റുള്ളവരുടെ നോട്ടത്തിൽ നാം എങ്ങനെ കാണപ്പെടുന്നു എന്നതു സംബന്ധിച്ച് താത്പര്യം തോന്നുക സ്വാഭാവികമാണ്. എന്നാൽ നമ്മുടെ മുഖസൗന്ദര്യത്തെയോ ആകാരത്തെയോ സംബന്ധിച്ച് എന്തിന് അമിതമായി ഉത്കണ്ഠപ്പെടണം? അത്തരം പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലുള്ളതല്ല. ശാരീരികമായ ആകാരമല്ല പരമപ്രധാനം. നാം ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്യുന്നവരിൽ മിക്കവരും ശരാശരി സൗന്ദര്യമുള്ളവർ മാത്രമാണ് എന്നതു സത്യമല്ലേ? ശാരീരിക സൗന്ദര്യമല്ല സന്തുഷ്ടിയുടെ താക്കോൽ. നിലനിൽക്കുന്ന ദൈവിക ഗുണങ്ങളാകുന്ന ആന്തരിക സൗന്ദര്യമാണ് യഥാർഥത്തിൽ പ്രധാനം. അതുകൊണ്ട് വിവേകമുള്ളവരായി അത്തരം ഗുണങ്ങൾ വളർത്തിയെടുക്കാൻ നമുക്കു ശ്രമിക്കാം.
“ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും”
“നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നേ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ” എന്നു ശലോമോൻ പ്രസ്താവിക്കുന്നു. അത് എങ്ങനെയെന്നു ദൃഷ്ടാന്തീകരിച്ചുകൊണ്ട് അവൻ കൂട്ടിച്ചേർക്കുന്നു: “ഒരുത്തൻ വാരിവിതറീട്ടും വർദ്ധിച്ചുവരുന്നു; മറെറാരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു.”—സദൃശവാക്യങ്ങൾ 11:23, 24.
ദൈവവചനത്തിലെ ജ്ഞാനം നാം ഉത്സാഹപൂർവം വാരിവിതറുമ്പോൾ—മറ്റുള്ളവർക്കു പകർന്നു കൊടുക്കുമ്പോൾ—അതിന്റെ “വീതിയും നീളവും ഉയരവും” സംബന്ധിച്ചു നമുക്കുതന്നെയുള്ള ഗ്രാഹ്യം നാം തീർച്ചയായും വർധിപ്പിക്കുന്നു. (എഫെസ്യർ 3:18) നേരെ മറിച്ച്, അറിവ് ഉപയോഗിക്കാതെ വെച്ചുകൊണ്ടിരിക്കുന്നവന് അതു നഷ്ടമായേക്കാം. അതേ, “ലോഭമായി വിതെക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവൻ ധാരാളമായി കൊയ്യും.”—2 കൊരിന്ത്യർ 9:6.
‘ഔദാര്യമാനസൻ പുഷ്ടി [സമൃദ്ധി] പ്രാപിക്കും’ എന്നു രാജാവ് തുടർന്നു പറയുന്നു, “തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.” (സദൃശവാക്യങ്ങൾ 11:25) നാം നമ്മുടെ സമയവും വിഭവങ്ങളും സത്യാരാധന ഉന്നമിപ്പിക്കാൻ ഉപയോഗിക്കുമ്പോൾ യഹോവ നമ്മിൽ സംപ്രീതനാകുന്നു. (എബ്രായർ 13:15, 16) അവൻ ‘ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം അനുഗ്രഹം പകരും.’ (മലാഖി 3:10) ഇന്ന് അവന്റെ ദാസന്മാരുടെ ആത്മീയ സമൃദ്ധി ഒന്നു ശ്രദ്ധിക്കുക!
നീതിമാന്മാരുടെയും ദുഷ്ടന്മാരുടെയും പരസ്പര വിരുദ്ധങ്ങളായ ആഗ്രഹങ്ങൾ സംബന്ധിച്ച മറ്റൊരു ഉദാഹരണം നൽകിക്കൊണ്ട് ശലോമോൻ പറയുന്നു: “ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും; അതു വില്ക്കുന്നവന്റെ തലമേലോ അനുഗ്രഹം വരും.” (സദൃശവാക്യങ്ങൾ 11:26) വിലക്കുറവ് ഉള്ളപ്പോൾ ചരക്കുകൾ വാങ്ങുന്നതും അവയുടെ ലഭ്യത കുറയുകയും വില കുതിച്ചുയരുകയും ചെയ്യുന്നതുവരെ അവ വെച്ചുകൊണ്ടിരിക്കുന്നതും ലാഭം നേടിത്തന്നേക്കാം. ഉപഭോഗം കുറച്ച് ശേഖരം നിലനിറുത്തുന്നതുകൊണ്ട് കുറച്ചൊക്കെ നല്ല ഫലം ഉണ്ടായേക്കാമെങ്കിലും, ഇങ്ങനെ ചെയ്യുന്ന വ്യക്തിയെ സ്വാർഥനായി കണക്കാക്കി ആളുകൾ വെറുക്കും. എന്നാൽ, ഒരു അടിയന്തിര സാഹചര്യത്തിൽ കൊള്ളലാഭം കൊയ്യാതിരിക്കുന്ന വ്യക്തിയെ ആളുകൾ ഇഷ്ടപ്പെടും.
ശരിയായത് അല്ലെങ്കിൽ നീതിയായത് ആഗ്രഹിക്കുന്നതിൽ തുടരാൻ നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇസ്രായേലിന്റെ രാജാവ് പറയുന്നു: “നന്മെക്കായി ഉത്സാഹിക്കുന്നവൻ രഞ്ജന സമ്പാദിക്കുന്നു; തിന്മയെ തിരയുന്നവന്നോ അതു തന്നേ കിട്ടും. തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; നീതിമാന്മാരോ പച്ചയിലപോലെ തഴെക്കും.”—സദൃശവാക്യങ്ങൾ 11:27, 28.
നീതിമാൻ പ്രാണനെ രക്ഷിക്കുന്നു
മൗഢ്യമായ പ്രവൃത്തി മോശമായ പരിണതഫലങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയെന്നു ദൃഷ്ടാന്തീകരിച്ചുകൊണ്ട് ശലോമോൻ പ്രസ്താവിക്കുന്നു: “സ്വഭവനത്തെ വലെക്കുന്നവന്റെ അനുഭവം വായുവത്രെ.” (സദൃശവാക്യങ്ങൾ 11:29എ) സ്വന്തം ദുഷ്പ്രവൃത്തി ‘ആഖാനെ വലെച്ചു,’ തത്ഫലമായി അവനെയും കുടുംബാംഗങ്ങളെയും കല്ലെറിഞ്ഞു കൊന്നു. (യോശുവ 7-ാം അധ്യായം) ഇന്ന്, ഒരു ക്രിസ്തീയ കുടുംബത്തിൽ ശിരഃസ്ഥാനം വഹിക്കുന്ന വ്യക്തിയും മറ്റുള്ളവരും ദുഷ്പ്രവൃത്തിയിൽ ഉൾപ്പെടുന്നതിന്റെ ഫലമായി ക്രിസ്തീയ സഭയിൽനിന്നു പുറത്താക്കപ്പെട്ടേക്കാം. ദൈവകൽപ്പനകൾ പാലിക്കുന്നതിൽ വ്യക്തിപരമായി പരാജയപ്പെടുകയും തന്റെ കുടുംബത്തിനുള്ളിൽ ഗുരുതരമായ ദുഷ്പ്രവൃത്തി അനുവദിക്കുകയും ചെയ്തതിനാൽ അയാൾ സ്വഭവനത്തെ വലയ്ക്കുന്നു. അയാളും ഒരുപക്ഷേ കുടുംബത്തിലെ മറ്റുള്ളവരും അനുതാപമില്ലാത്ത ദുഷ്പ്രവൃത്തിക്കാർ എന്ന നിലയിൽ ക്രിസ്തീയ സഹവാസത്തിൽനിന്നു നീക്കപ്പെടുന്നു. (1 കൊരിന്ത്യർ 5:11-13) അയാൾക്ക് എന്താണു കിട്ടുക? വായു അഥവാ കാറ്റ് മാത്രം, അതായത് യഥാർഥ മൂല്യമോ പ്രാധാന്യമോ ഇല്ലാത്ത ഒന്ന്.
“ഭോഷൻ ജ്ഞാനഹൃദയന്നു ദാസനായ്തീരും” എന്ന് ആ വാക്യം തുടർന്നു പറയുന്നു. (സദൃശവാക്യങ്ങൾ 11:29ബി) മൂഢനായ ഒരു വ്യക്തിക്കു പ്രായോഗിക ജ്ഞാനം ഇല്ലാത്തതിനാൽ, അയാളെ വലിയ ഉത്തരവാദിത്വങ്ങൾ ഭരമേൽപ്പിക്കാനാവില്ല. മാത്രമല്ല, തന്റെ വ്യക്തിപരമായ കാര്യങ്ങൾ നന്നായി നിർവഹിക്കാത്തതു നിമിത്തം ഏതെങ്കിലും വിധത്തിൽ അയാൾ മറ്റൊരു വ്യക്തിയോടു കടപ്പെട്ടിരിക്കുന്ന അവസ്ഥ ഉളവാകുകയും ചെയ്തേക്കാം. ജ്ഞാനരഹിതനായ അത്തരം ഒരാൾ ‘ജ്ഞാനഹൃദയനു ദാസൻ’ ആയിത്തീർന്നേക്കാം. അതുകൊണ്ട് എല്ലാ ഇടപാടുകളിലും നാം നല്ല വിവേകവും പ്രായോഗിക ജ്ഞാനവും പ്രകടമാക്കുന്നതു വളരെ പ്രധാനമാണ്.
“നീതിമാന്നു ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടുന്നു” എന്നു ജ്ഞാനിയായ രാജാവ് നമുക്ക് ഉറപ്പു തരുന്നു. (സദൃശവാക്യങ്ങൾ 11:30) ഇത് എങ്ങനെയാണു സംഭവിക്കുന്നത്? തന്റെ സംസാരത്താലും നടത്തയാലും നീതിമാനായ ഒരാൾ മറ്റുള്ളവരെ ആത്മീയമായി പോഷിപ്പിക്കുന്നു. യഹോവയെ സേവിക്കാൻ അവർക്കു പ്രോത്സാഹനം ലഭിക്കുന്നു, ഒടുവിൽ യഹോവ നൽകുന്ന ജീവന് അവർ അർഹരായിത്തീർന്നേക്കാം.
‘പാപിക്ക് എത്ര അധികം പ്രതിഫലം കിട്ടുന്നു’
മുകളിൽ പരാമർശിച്ച സദൃശവാക്യങ്ങൾ നീതി വിതയ്ക്കാൻ എത്ര വലിയ പ്രോത്സാഹനമാണു നമുക്കു നൽകുന്നത്! “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും” എന്ന തത്ത്വം മറ്റൊരു വിധത്തിൽ ബാധകമാക്കിക്കൊണ്ട് ശലോമോൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “നീതിമാന്നു ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ ദുഷ്ടന്നും പാപിക്കും എത്ര അധികം?”—സദൃശവാക്യങ്ങൾ 11:31.
നീതിമാൻ ശരിയായതു ചെയ്യാൻ ശ്രമിച്ചാലും, അയാൾക്കു ചിലപ്പോൾ തെറ്റു പറ്റുന്നു. (സഭാപ്രസംഗി 7:20) സ്വന്തം തെറ്റുകൾക്ക് അയാൾക്കു ശിക്ഷണരൂപത്തിൽ “പ്രതിഫലം” ലഭിക്കും. എന്നാൽ, മനപ്പൂർവം മോശമായ ഒരു ഗതി സ്വീകരിക്കുകയും നീതിമാർഗത്തിലേക്കു തിരിയാൻ യാതൊരു ശ്രമവും നടത്താതിരിക്കുകയും ചെയ്യുന്ന ദുഷ്ടന്റെ കാര്യമോ? അയാൾ വലിയ “പ്രതിഫല”ത്തിന്—കടുത്ത ശിക്ഷയ്ക്ക്—അർഹനല്ലേ? “നീതിമാൻ പ്രയാസേന രക്ഷപ്രാപിക്കുന്നു എങ്കിൽ അഭക്തന്റെയും പാപിയുടെയും ഗതി എന്താകും?” എന്നു പത്രൊസ് അപ്പൊസ്തലൻ എഴുതി. (1 പത്രൊസ് 4:18) അതുകൊണ്ട് നമ്മുടെതന്നെ പ്രയോജനത്തിനായി നീതിയിൽ വിത്തു വിതയ്ക്കാൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം.
[അടിക്കുറിപ്പ്]
a പകരമായി മറ്റൊരു പേരാണ് ഉപയോഗിച്ചിരിക്കുന്നത്.
[28-ാം പേജിലെ ചിത്രം]
“ലാവണ്യം” അബീഗയിലിന് “ബഹുമാനം” കൈവരുത്തി
[30-ാം പേജിലെ ചിത്രങ്ങൾ]
‘ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു, നീതിമാൻ വാസ്തവമായ പ്രതിഫലവും’
[31-ാം പേജിലെ ചിത്രം]
‘ധാരാളമായി വിതച്ച് ധാരാളമായി കൊയ്യുക’