‘നന്മയുള്ളവന് ദൈവപ്രസാദം ലഭിക്കുന്നു’
സകല ജീവന്റെയും ഉറവ് യഹോവയാം ദൈവമാണ്. (സങ്കീർത്തനം 36:9) അതേ, ‘അവനിലാണ് നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്.’ (പ്രവൃത്തികൾ 17:28) അവനുമായി ഒരു അടുത്ത ബന്ധമുള്ളവരുടെമേൽ അവൻ വർഷിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ചു ചിന്തിക്കുമ്പോൾ നിങ്ങളുടെ ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞുതുളുമ്പുന്നില്ലേ? ‘ദൈവത്തിന്റെ കൃപാവരം നിത്യജീവനാണ്.’ (റോമർ 6:23) അതുകൊണ്ട് നാം യഹോവയുടെ അംഗീകാരം തേടേണ്ടത് എത്ര മർമപ്രധാനമാണ്!
‘ദൈവം കൃപ [“പ്രീതി,” NW] നൽകുന്നു’ എന്നു സങ്കീർത്തനക്കാരൻ ഉറപ്പുനൽകുന്നു. (സങ്കീർത്തനം 84:11) എന്നാൽ ആർക്കാണ് അവൻ അതു നൽകുന്നത്? ഇക്കാലത്ത് ആളുകൾ മറ്റുള്ളവരോട് പ്രീതി കാട്ടുന്നതു മിക്കപ്പോഴും വിദ്യാഭ്യാസം, സമ്പത്ത്, തൊലിയുടെ നിറം, വംശീയ പശ്ചാത്തലം എന്നിവയുടെയൊക്കെ അടിസ്ഥാനത്തിലാണ്. എന്നാൽ ദൈവം ആരോടാണു പ്രീതി കാട്ടുന്നത്? പുരാതന ഇസ്രായേലിലെ രാജാവായ ശലോമോൻ ഉത്തരം നൽകുന്നു: “ഉത്തമൻ [“നന്മയുള്ളവൻ,” NW] യഹോവയോടു പ്രസാദം പ്രാപിക്കുന്നു; ദുരുപായിക്കോ അവൻ ശിക്ഷ വിധിക്കുന്നു.”—സദൃശവാക്യങ്ങൾ 12:2.
നന്മയുള്ള, അതായത് സദ്ഗുണമുള്ള ഒരു വ്യക്തിയിൽ യഹോവ പ്രസാദിക്കുന്നു. ഉത്തമനായ ഒരുവന്റെ സദ്ഗുണങ്ങളിൽ ആത്മശിക്ഷണം, നിഷ്പക്ഷത, എളിമ, അനുകമ്പ, വിവേകം തുടങ്ങിയവ ഉൾപ്പെട്ടിരിക്കുന്നു. അയാളുടെ ചിന്തകൾ നീതിയുള്ളതും വാക്കുകൾ പ്രോത്സാഹജനകവും പ്രവൃത്തികൾ ന്യായയുക്തവും പ്രയോജനപ്രദവുമാണ്. നമ്മുടെ ദൈനംദിന ജീവിതത്തെ നന്മ ഏതു വിധത്തിൽ സ്വാധീനിക്കണമെന്നും ഈ ഗുണം പ്രകടമാക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ ഏവയാണെന്നും ബൈബിളിലെ സദൃശവാക്യങ്ങൾ എന്ന പുസ്തകത്തിന്റെ 12-ാം അധ്യായത്തിന്റെ ആദ്യഭാഗം വ്യക്തമാക്കുന്നു. ആ ഭാഗത്തു പ്രസ്താവിച്ചിരിക്കുന്ന കാര്യങ്ങൾ പരിചിന്തിക്കുന്നതിലൂടെ “നന്മ ചെയ്യാനുള്ള ഉൾക്കാഴ്ച” നമുക്കു ലഭിക്കും. (സങ്കീർത്തനം 36:3, NW) ജ്ഞാനപൂർവകമായ ഈ ബുദ്ധിയുപദേശം ബാധകമാക്കുന്നത് ദൈവാംഗീകാരം നേടാൻ നമ്മെ സഹായിക്കും.
ശിക്ഷണം അനുപേക്ഷണീയം
ശലോമോൻ പറയുന്നു: “പ്രബോധനം [“ശിക്ഷണം,” NW] ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൃഗപ്രായൻ.” (സദൃശവാക്യങ്ങൾ 12:1) നന്മയുള്ളവൻ വ്യക്തിപരമായി മെച്ചപ്പെടാൻ ഉത്സുകനാണ്. അതുകൊണ്ട് ശിക്ഷണത്തിനായി അയാൾ അതിയായി വാഞ്ഛിക്കുന്നു. ക്രിസ്തീയ യോഗങ്ങളിൽനിന്നോ വ്യക്തിപരമായ സംഭാഷണങ്ങളിൽനിന്നോ ലഭിക്കുന്ന ബുദ്ധിയുപദേശം അയാൾ യാതൊരു മടിയും കൂടാതെ ബാധകമാക്കുന്നു. തിരുവെഴുത്തുകളിലെയും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിലെയും വാക്കുകൾ, മൃഗങ്ങളെ മേയ്ക്കാൻ ഉപയോഗിക്കുന്ന മുടിങ്കോലുകൾപോലെ നേരായ പാതയിൽ ഗമിക്കാൻ ആ വ്യക്തിയെ പ്രചോദിപ്പിക്കുന്നു. അയാൾ പരിജ്ഞാനം അന്വേഷിച്ചു കണ്ടെത്തുകയും തന്റെ പാതകളെ നേരെയാക്കാൻ അത് ഉപയോഗിക്കുകയും ചെയ്യുന്നു. അതേ, ശിക്ഷണത്തെ സ്നേഹിക്കുന്നവൻ പരിജ്ഞാനത്തെയും സ്നേഹിക്കുന്നു.
സത്യാരാധകർക്ക് ശിക്ഷണം, പ്രത്യേകിച്ച് ആത്മശിക്ഷണം, എത്ര അനിവാര്യമാണ്! ദൈവവചനം സംബന്ധിച്ച് ആഴമായ പരിജ്ഞാനം ഉണ്ടായിരുന്നെങ്കിൽ എന്നു നാം ആഗ്രഹിച്ചേക്കാം. ക്രിസ്തീയ ശുശ്രൂഷയിൽ കൂടുതൽ ഫലപ്രദരും ദൈവവചനത്തിന്റെ ഏറ്റവും മെച്ചപ്പെട്ട അധ്യാപകരും ആയിരിക്കാൻ നാം ആഗ്രഹിച്ചേക്കാം. (മത്തായി 24:14; 28:19, 20) എന്നാൽ ആ ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടാൻ ആത്മശിക്ഷണം കൂടിയേതീരൂ. ജീവിതത്തിന്റെ മറ്റു മേഖലകളിലും അത് ആവശ്യമാണ്. ഉദാഹരണത്തിന്, അധാർമിക മോഹങ്ങളെ ഉണർത്താൻ ഉദ്ദേശിച്ചുള്ള വിവരങ്ങൾക്ക് ഇക്കാലത്ത് യാതൊരു പഞ്ഞവുമില്ല. അതുകൊണ്ട്, അനുചിതമായ കാര്യങ്ങൾ വീക്ഷിക്കുന്നതിൽനിന്നു ദൃഷ്ടികളെ തടയാൻ ആത്മശിക്ഷണം ആവശ്യമല്ലേ? മാത്രമല്ല, ‘മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളതു ആയതിനാൽ’ മനസ്സിന്റെ ഏതെങ്കിലുമൊരു കോണിൽ അധാർമിക ചിന്ത നാമ്പെടുത്തേക്കാം. (ഉല്പത്തി 8:21) അത്തരമൊരു ചിന്തയെ വെച്ചുതാലോലിക്കാതിരിക്കാൻ ആത്മശിക്ഷണം ആവശ്യമാണ്.
അതേസമയം, ശാസന വെറുക്കുന്നവൻ ശിക്ഷണമോ പരിജ്ഞാനമോ ഇഷ്ടപ്പെടുന്നില്ല. ശാസന നിരസിക്കാനുള്ള മാനുഷിക പ്രവണതയ്ക്കു വശംവദനായി അയാൾ ബുദ്ധിയില്ലാത്ത ജന്തുവിനെപ്പോലെ—ധാർമിക മൂല്യങ്ങളില്ലാത്ത മൃഗത്തെപ്പോലെ—ആയിത്തീരുന്നു. നാം ഈ പ്രവണതയെ ശക്തമായി ചെറുത്തുനിൽക്കുകതന്നെ വേണം.
‘ഇളകിപ്പോകാത്ത വേര്’
നന്മയുള്ളവന് ഒരിക്കലും നീതികേട് അഥവാ അനീതി കാണിക്കാനാവില്ല. അതുകൊണ്ട് യഹോവയുടെ അംഗീകാരം ലഭിക്കുന്നതിന് നീതിയും ആവശ്യമാണ്. ദാവീദ് രാജാവ് പാടി: “യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ടു [“അംഗീകാരം,” NW] അവനെ മറെക്കും.” (സങ്കീർത്തനം 5:12) നീതിമാന്റെയും ദുഷ്ടന്റെയും അവസ്ഥകൾ വിപരീത താരതമ്യം ചെയ്തുകൊണ്ട് ശലോമോൻ പറയുന്നു: “ഒരു മനുഷ്യനും ദുഷ്ടതകൊണ്ടു സ്ഥിരപ്പെടുകയില്ല; നീതിമാന്മാരുടെ വേരോ ഇളകിപ്പോകയില്ല.”—സദൃശവാക്യങ്ങൾ 12:3.
ദുഷ്ടന്മാർ തഴച്ചുവളരുന്നതായി കാണപ്പെട്ടേക്കാം. സങ്കീർത്തനക്കാരനായ ആസാഫിന്റെ അനുഭവം ശ്രദ്ധിക്കുക. അവൻ പറയുന്നു: “എന്റെ കാലുകൾ ഏകദേശം ഇടറി; എന്റെ കാലടികൾ ഏറക്കുറെ വഴുതിപ്പോയി.” എന്തുകൊണ്ട്? ആസാഫ് ഉത്തരം നൽകുന്നു: “ദുഷ്ടന്മാരുടെ സൌഖ്യം കണ്ടിട്ടു എനിക്കു അഹങ്കാരികളോടു അസൂയ തോന്നി.” (സങ്കീർത്തനം 73:2, 3) തുടർന്ന് അവൻ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തിലേക്കു ചെന്നപ്പോൾ, യഹോവ അവരെ വഴുവഴുപ്പിലാണു നിറുത്തിയിരിക്കുന്നതെന്ന് അവൻ തിരിച്ചറിയാൻ ഇടയായി. (സങ്കീർത്തനം 73:17, 18) ദുഷ്ടന്മാർക്കു കൈവരുന്നുവെന്നു തോന്നുന്ന ഏതൊരു വിജയവും താത്കാലികമാണ്. അവരെക്കുറിച്ചു നാമെന്തിന് അസൂയപ്പെടണം?
നേരെമറിച്ച്, യഹോവയുടെ അംഗീകാരമുള്ളവർക്കു സ്ഥിരതയുണ്ട്. ഒരു വൃക്ഷത്തിന്റെ ശക്തമായ വേരുപടലത്തെ രൂപകാലങ്കാരമായി ഉപയോഗിച്ചുകൊണ്ട് ശലോമോൻ പറയുന്നു: “നീതിമാന്മാരുടെ വേരോ ഇളകിപ്പോകയില്ല.” (സദൃശവാക്യങ്ങൾ 12:3) കാലിഫോർണിയായിലെ സെക്വെയാ പോലുള്ള, ഒരു കൂറ്റൻ വൃക്ഷത്തിന്റെ മണ്ണിനടിയിലെ വേരുകൾ ഏക്കറുകളോളം വ്യാപിച്ചുകിടന്നേക്കാം. വെള്ളപ്പൊക്കവും കൊടുങ്കാറ്റുമൊക്കെ ഉണ്ടാകുമ്പോൾ കടപുഴകാതിരിക്കാൻ അതു വൃക്ഷത്തെ സഹായിക്കുന്നു. ഒരു കൂറ്റൻ സെക്വയാ വൃക്ഷത്തിന് ശക്തമായ ഒരു ഭൂകമ്പത്തെപ്പോലും ചെറുത്തുനിൽക്കാനാകും.
ഫലഭൂയിഷ്ഠമായ മണ്ണിൽ ആഴ്ന്നിറങ്ങി പടർന്നുകിടക്കുന്ന അത്തരം വേരുകളെപ്പോലെ, നമ്മുടെ മനസ്സുകളും ഹൃദയവും ദൈവവചനത്തിൽ ഉടനീളം ചൂഴ്ന്നിറങ്ങുകയും അതിലെ ജീവദായക ജലം വലിച്ചെടുക്കുകയും വേണം. നമ്മുടെ വിശ്വാസം അങ്ങനെ വേരുറച്ചതും ശക്തവും ആയിത്തീരുന്നു, നമ്മുടെ പ്രത്യാശയ്ക്കു സ്ഥിരതയും ഉറപ്പും കൈവരുന്നു. (എബ്രായർ 6:19) അങ്ങനെ നാം “[വ്യാജ] ഉപദേശത്തിന്റെ ഓരോ കാററിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയി”ത്തീരുകയില്ല. (എഫെസ്യർ 4:14) തീർച്ചയായും, കൊടുങ്കാറ്റു സമാനമായ പരിശോധനകളുടെ ഫലം നമുക്ക് അനുഭവപ്പെടും, മാത്രമല്ല, പ്രതികൂല സമയത്ത് നാം ഭീതിയിലാകുകയും ചെയ്തേക്കാം. എങ്കിലും, നമ്മുടെ ‘വേര് ഇളകിപ്പോകുകയില്ല.’
‘കാര്യപ്രാപ്തിയുള്ള സ്ത്രീ ഭർത്താവിന് ഒരു കിരീടം’
‘ഏതൊരു പുരുഷന്റെയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ട്’ എന്ന ചൊല്ല് മിക്കവർക്കും അറിയാം. പിന്തുണയേകുന്ന ഒരു ഭാര്യയുടെ പ്രാധാന്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ശലോമോൻ പറയുന്നു: “സാമർത്ഥ്യമുള്ള [“കാര്യപ്രാപ്തിയുള്ള,” NW] സ്ത്രീ ഭർത്താവിന്നു ഒരു കിരീടം; നാണംകെട്ടവളോ അവന്റെ അസ്ഥികൾക്കു ദ്രവത്വം.” (സദൃശവാക്യങ്ങൾ 12:4) കാര്യപ്രാപ്തിയുള്ള എന്ന വാക്കിൽ നന്മയുടെ അനേകം ഘടകങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു. സദൃശവാക്യങ്ങൾ 31-ാം അധ്യായത്തിൽ വിശദീകരിച്ചിരിക്കുന്ന പ്രകാരമുള്ള, ഒരു നല്ല ഭാര്യയുടെ സദ്ഗുണങ്ങളിൽ അധ്വാനശീലം, വിശ്വസ്തത, ജ്ഞാനം എന്നിവ അടങ്ങിയിരിക്കുന്നു. ഈ ഗുണങ്ങളുള്ള ഒരു സ്ത്രീ അവളുടെ ഭർത്താവിന് ഒരു കിരീടമാണ്. കാരണം, അവളുടെ നല്ല നടത്ത അയാൾക്കു ബഹുമതി കൈവരുത്തുകയും മറ്റുള്ളവരുടെ മതിപ്പ് നേടിക്കൊടുക്കുകയും ചെയ്യുന്നു. അംഗീകാരം നേടിയെടുക്കാനായി അവൾ ഉത്കടമായി ശ്രമിക്കുകയോ അയാളുമായി മത്സരിക്കുകയോ ചെയ്യുന്നില്ല. മറിച്ച് അവൾ ഭർത്താവിന് ഒരു പൂരക സഹായിയാണ്.
ഒരു സ്ത്രീ എങ്ങനെ ലജ്ജാകരമായി പ്രവർത്തിച്ചേക്കാം? എന്തായിരിക്കാം അതിന്റെ ഫലം? ലജ്ജാകരമായ ഈ നടത്തയിൽ കലഹസ്വഭാവം മുതൽ പരസംഗം വരെ ഉൾപ്പെട്ടേക്കാം. (സദൃശവാക്യങ്ങൾ 7:10-23; 19:13) ഒരു ഭാര്യയുടെ അത്തരം പ്രവൃത്തികൾ ഭർത്താവിനെ ഇടിച്ചുകളയുന്നതിനേ ഉതകൂ. “ശരീരത്തിന്റെ ചട്ടക്കൂടിനെ നശിപ്പിക്കുന്ന ഒരു രോഗംപോലെ അവൾ അയാളുടെ നാശത്തിന് ഇടയാക്കുന്നു”വെന്ന അർഥത്തിൽ അവൾ ‘അവന്റെ അസ്ഥികൾക്ക് ദ്രവത്വം’ പോലെയാണെന്ന് ഒരു പരാമർശ ഗ്രന്ഥം പറയുന്നു. അതിനു സമാനമായ ആധുനിക പദം ‘കാൻസർ’—പടിപടിയായി ഒരു വ്യക്തിയുടെ ഓജസ്സ് ചോർത്തിക്കളയുന്ന മാരക രോഗം—ആയിരിക്കാം എന്നു മറ്റൊരു പരാമർശകൃതി അഭിപ്രായപ്പെടുന്നു. കാര്യപ്രാപ്തിയുള്ള ഒരു ഭാര്യയുടെ സദ്ഗുണങ്ങൾ പ്രതിഫലിപ്പിക്കുകവഴി ക്രിസ്തീയ ഭാര്യമാർക്കു ദൈവാംഗീകാരം ലഭിക്കാൻ ഇടയാകട്ടെ.
ചിന്ത, പ്രവർത്തനം, അനന്തരഫലം
ചിന്തകൾ പ്രവർത്തനത്തിലേക്കു നയിക്കുന്നു. പ്രവർത്തനങ്ങൾ അനന്തരഫലങ്ങളിലേക്കും. അടുത്തതായി, നീതിമാനെ ദുഷ്ടനുമായി താരതമ്യം ചെയ്തുകൊണ്ട്, ചിന്തകളിൽനിന്നു പ്രവർത്തനങ്ങളിലേക്കുള്ള ഒരു മാറ്റത്തെ ശലോമോൻ വ്യക്തമാക്കുന്നു. അവൻ പറയുന്നു: “നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം, ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ. ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ പറഞ്ഞൊക്കുന്നു; [“രക്തത്തിനു പതിയിരിക്കുന്നു,” പി.ഒ.സി ബൈബിൾ] നേരുള്ളവരുടെ വാക്കോ അവരെ വിടുവിക്കുന്നു.”—സദൃശവാക്യങ്ങൾ 12:5, 6.
നന്മയുള്ളവരുടെ ചിന്തപോലും ധാർമികമായി ശുദ്ധിയുള്ളതും, നിഷ്പക്ഷവും നീതിപൂർവകവുമായ കാര്യങ്ങൾ സംബന്ധിച്ചുള്ളവയുമാണ്. നീതിമാന്മാരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രചോദകഘടകമായി വർത്തിക്കുന്നതു ദൈവത്തോടും സഹമനുഷ്യരോടുമുള്ള സ്നേഹം ആയതുകൊണ്ട്, അവരുടെ ആന്തരം നല്ലതായിരിക്കും. അതേസമയം, ദുഷ്ടന്മാരെ പ്രേരിപ്പിക്കുന്നത് സ്വാർഥതയാണ്. തത്ഫലമായി അവരുടെ പദ്ധതികൾ—ലക്ഷ്യപ്രാപ്തിക്കായി അവർ അവലംബിക്കുന്ന മാർഗങ്ങൾ—ചതി നിറഞ്ഞതാണ്. അവരുടെ പ്രവർത്തനങ്ങളാകട്ടെ വഞ്ചകവും. ഒരുപക്ഷേ കോടതിയിൽ, വ്യാജാരോപണങ്ങൾകൊണ്ടു നിഷ്കളങ്കനുവേണ്ടി കെണിയൊരുക്കാൻ അവർ മടിക്കുന്നില്ല. തങ്ങളുടെ നിഷ്കളങ്കരായ ഇരകളെ ദ്രോഹിക്കാൻ ആഗ്രഹിക്കുന്നതിനാൽ അവരുടെ വാക്കുകൾ “രക്തത്തിനു പതിയിരിക്കു”കയാണ് എന്നു പറയാൻ കഴിയും. ദുഷ്ടന്മാരുടെ ഗൂഢപദ്ധതികളെ കുറിച്ചുള്ള അറിവും ജാഗരൂകരായിരിക്കാൻ വേണ്ട ജ്ഞാനവും ഉള്ളതിനാൽ ഈ അപകടത്തെ ഒഴിവാക്കാൻ നേരുള്ളവർക്കു സാധിക്കുന്നു. ജാഗ്രതയില്ലാത്തവർക്കു മുന്നറിയിപ്പു നൽകിക്കൊണ്ട് ദുഷ്ടരുടെ ദുരുപായങ്ങളിൽനിന്ന് അവരെ രക്ഷിക്കാൻപോലും നേരുള്ളവർക്കു കഴിഞ്ഞേക്കാം.
ദുഷ്ടനും നീതിമാനും എന്ത് സംഭവിക്കും? ശലോമോൻ ഉത്തരം നൽകുന്നു: “ദുഷ്ടന്മാർ മറിഞ്ഞുവീണു ഇല്ലാതെയാകും; നീതിമാന്മാരുടെ ഭവനമോ നിലനില്ക്കും.” (സദൃശവാക്യങ്ങൾ 12:7) ഭവനം എന്നത് “വീടിനെയും ആ വ്യക്തി വിലയേറിയതായി കണക്കാക്കുന്ന സകലതിനെയുമാണ് പരാമർശിക്കുന്നത്. അവ യഥാർഥത്തിൽ ജീവിക്കാൻ അയാളെ പ്രാപ്തനാക്കുന്നു”വെന്ന് ഒരു പരാമർശ ഗ്രന്ഥം അഭിപ്രായപ്പെടുന്നു. അതിന് നീതിമാന്മാരുടെ കുടുംബത്തെയും സന്തതികളെയും പോലും അർഥമാക്കാനാകും. അത് എന്തുതന്നെ ആയിരുന്നാലും, സദൃശവാക്യത്തിലെ ആശയം വ്യക്തമാണ്: പ്രതികൂല സാഹചര്യത്തിൽ നീതിമാൻ ഉറച്ചുനിൽക്കും.
താഴ്മ പ്രതിഫലദായകം
വിവേകത്തിന്റെ മൂല്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഇസ്രായേൽ രാജാവ് പ്രസ്താവിക്കുന്നു: “മനുഷ്യൻ തന്റെ ബുദ്ധിക്കു ഒത്തവണ്ണം [“വിവേകമുള്ള വായ് നിമിത്തം,” NW] ശ്ലാഘിക്കപ്പെടുന്നു; വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.” (സദൃശവാക്യങ്ങൾ 12:8) വിവേകമുള്ള ഒരാൾ കടിഞ്ഞാണില്ലാതെ സംസാരിക്കുകയില്ല. വാക്കുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കാൻ “വിവേകമുള്ള വായ്” സഹായിക്കുന്നതിനാൽ അയാൾ ചിന്തിച്ചു സംസാരിക്കുകയും മറ്റുള്ളവരുമായി സമാധാനപരമായ ബന്ധങ്ങൾ നിലനിറുത്തുകയും ചെയ്യുന്നു. മൗഢ്യമോ വിമർശനാത്മകമോ ആയ ചോദ്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ വിവേകമുള്ള ഒരു വ്യക്തിക്ക് ‘വാക്ക് അടക്കിവെക്കാൻ’ സാധിക്കുന്നു. (സദൃശവാക്യങ്ങൾ 17:27) അത്തരമൊരു വ്യക്തി പ്രശംസിക്കപ്പെടും, യഹോവ അയാളിൽ പ്രസാദിക്കുകയും ചെയ്യും. “വക്രബുദ്ധി”യിൽനിന്ന് ഉരുത്തിരിയുന്ന വികലമായ ആശയങ്ങളുമായി നടക്കുന്ന ഒരുവനിൽനിന്ന് അയാൾ എത്ര വ്യത്യസ്തനാണ്!
അതേ, വിവേകി പ്രശംസിക്കപ്പെടുന്നു, എന്നാൽ അടുത്ത സദൃശവാക്യം താഴ്മയുടെ മൂല്യം നമ്മെ പഠിപ്പിക്കുന്നു. അതു പറയുന്നു: “മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന്നു മുട്ടുള്ളവനെക്കാൾ ലഘുവായി മതിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവൻ ശ്രേഷ്ഠൻ ആകുന്നു.” (സദൃശവാക്യങ്ങൾ 12:9) സമൂഹത്തിൽ ഉയർന്ന സ്ഥാനം നിലനിറുത്താനുള്ള ശ്രമത്തിൽ കയ്യിലുള്ളതെല്ലാം ചെലവാക്കി ജീവിതാവശ്യങ്ങൾ നിറവേറ്റാനാകാതെ വലയുന്നതിനെക്കാൾ, അൽപ്പസമ്പത്തും ഒരു ഭൃത്യനും ഉള്ള എളിയവനായിരിക്കുന്നതാണ് ഏറെ മെച്ചം എന്നാണ് ശലോമോൻ ഉദ്ദേശിക്കുന്നതെന്നു തോന്നുന്നു. വരുമാനത്തിൽ ഒതുങ്ങി ജീവിക്കാനുള്ള എത്ര നല്ല ബുദ്ധിയുപദേശമാണ് ഇത് നമുക്കു നൽകുന്നത്!
കാർഷിക ജീവിതത്തിൽനിന്ന് നന്മ സംബന്ധിച്ച പാഠങ്ങൾ
കാർഷിക ജീവിതത്തെ ഒരു ദൃഷ്ടാന്തമായി ഉപയോഗിച്ചുകൊണ്ട്, ശലോമോൻ നന്മ സംബന്ധിച്ച രണ്ടു പാഠങ്ങൾ പഠിപ്പിക്കുന്നു. അവൻ പറയുന്നു, “നീതിമാൻ തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു; ദുഷ്ടന്മാരുടെ ഉള്ളമോ ക്രൂരമത്രെ.” (സദൃശവാക്യങ്ങൾ 12:10) നീതിമാൻ തന്റെ മൃഗങ്ങളോടു ദയ കാണിക്കുന്നു. അവയ്ക്ക് എന്താണ് ആവശ്യമെന്ന് അയാൾക്കറിയാം, അവയുടെ ക്ഷേമത്തിൽ അയാൾ തത്പരനുമാണ്. എന്നാൽ, ദുഷ്ടൻ തന്റെ മൃഗത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നുണ്ടെന്നു പറഞ്ഞേക്കാമെങ്കിലും, അവയ്ക്കു വേണ്ടതൊന്നും ചെയ്യുന്നില്ല. അയാൾക്ക് സ്വാർഥ ഉദ്ദേശ്യങ്ങളാണുള്ളത്. മൃഗങ്ങളിൽനിന്നു തനിക്കു ലഭിച്ചേക്കാവുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അയാൾ അവയോടു പെരുമാറുന്നത്. മൃഗങ്ങൾക്കായി താൻ വേണ്ടവിധം കരുതുന്നുവെന്ന് അയാൾ വിചാരിക്കുന്നതു വാസ്തവത്തിൽ അവയോടു കാട്ടുന്ന ക്രൂരത ആയിരിക്കാം.
മൃഗങ്ങളോടു ദയയോടെ പെരുമാറണമെന്നുള്ള തത്ത്വം ഓമനമൃഗങ്ങളുടെ കാര്യത്തിലും ബാധകമാണ്. ഓമനമൃഗങ്ങളെ വളർത്താൻ തുടങ്ങിയിട്ട്, അവയെ അവഗണിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തുകൊണ്ട് അനാവശ്യമായി കഷ്ടപ്പെടുത്തുന്നത് എത്ര ക്രൂരമായിരിക്കും! ഗുരുതരമായ രോഗമോ പരിക്കോ നിമിത്തം ദയനീയാവസ്ഥയിൽ ആയിരിക്കുന്ന ഒരു മൃഗത്തിന്റെ കാര്യത്തിൽ, അതിനെ കൊന്നുകളയുന്നതാകാം ദയാപ്രവൃത്തി.
കാർഷിക ജീവിതത്തിന്റെ മറ്റൊരു വശം—കൃഷിയിറക്കൽ—ദൃഷ്ടാന്തമായി ഉപയോഗിച്ചുകൊണ്ട് ശലോമോൻ പറയുന്നു: “മണ്ണിൽ അദ്ധ്വാനിക്കുന്നവനു യഥേഷ്ടം ആഹാരം കിട്ടും.” തീർച്ചയായും അർഥപൂർണമായ കഠിനാധ്വാനം പ്രതിഫലദായകമാണ്. എന്നാൽ, “പാഴ്വേല ചെയ്യുന്നവൻ ബുദ്ധിശൂന്യനാണ്.” (സദൃശവാക്യങ്ങൾ 12:11, പി.ഒ.സി. ബൈബിൾ) നല്ല ന്യായനിർണയം അഥവാ ഗ്രാഹ്യം ഇല്ലാത്തതിനാൽ, ‘ബുദ്ധിശൂന്യനായ’ വ്യക്തി വ്യർഥവും മൂല്യരഹിതവുമായ ഊഹക്കച്ചവടങ്ങളിൽ ഏർപ്പെടുന്നു. ഈ രണ്ടു വാക്യങ്ങളിലെയും പാഠം വ്യക്തമാണ്: കരുണയുള്ളവനും കഠിനാധ്വാനിയും ആയിരിക്കുക.
നീതിമാൻ ഫലം നൽകുന്നു
“ദുഷ്ടൻ ദോഷികളുടെ കവർച്ച ആഗ്രഹിക്കുന്നു” എന്നു ജ്ഞാനിയായ രാജാവ് പറയുന്നു. (സദൃശവാക്യങ്ങൾ 12:12എ) ദുഷ്ടൻ അത് എങ്ങനെയാണു ചെയ്യുന്നത്? ദുഷിച്ച മാർഗങ്ങളിലൂടെ നേടിയ കൊള്ളമുതൽ ആഗ്രഹിച്ചുകൊണ്ട്.
നന്മയുള്ളവനെപ്പറ്റി എന്തു പറയാനാകും? അത്തരമൊരു മനുഷ്യൻ ശിക്ഷണം ഇഷ്ടപ്പെടുന്നവനും വിശ്വാസത്തിൽ നന്നായി വേരുറച്ചവനുമാണ്. അയാൾ നീതിമാനും വിവേകിയും താഴ്മയുള്ളവനും അനുകമ്പയുള്ളവനും ഉത്സാഹിയുമാണ്. ശലോമോൻ തുടർന്നു പറയുന്നു: “നീതിമാന്മാരുടെ വേരോ ഫലം നല്കുന്നു.” (സദൃശവാക്യങ്ങൾ 12:12ബി) “നീതിമാന്റെ വേരോ, ഉറച്ചു നില്ക്കുന്നു” എന്ന് ഓശാന ബൈബിൾ പറയുന്നു. അത്തരമൊരു വ്യക്തി ഉറച്ച അടിസ്ഥാനമുള്ളവനും സുരക്ഷിതനുമാണ്. തീർച്ചയായും, ‘നന്മയുള്ളവന് ദൈവപ്രസാദം ലഭിക്കുന്നു.’ അതുകൊണ്ട് നമുക്ക് ‘യഹോവയിൽ ആശ്രയിച്ചു നന്മ’ ചെയ്യാം.—സങ്കീർത്തനം 37:3.
[31 -ാം പേജിലെ ചിത്രങ്ങൾ]
കരുത്തുറ്റ ഒരു വൃക്ഷത്തെപ്പോലെ, നീതിമാന്റെ വിശ്വാസം വേരുറച്ചതാണ്