“ജ്ഞാനിയുടെ നിയമം”—ജീവന്റെ ഉറവ്
“ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു” എന്ന് അപ്പൊസ്തലനായ പൗലൊസ് ആശ്ചര്യത്തോടെ പ്രസ്താവിച്ചു. (റോമർ 11:33) വിശ്വസ്ത ഗോത്രപിതാവായ ഇയ്യോബ് ഇപ്രകാരം പറഞ്ഞു: ‘[യഹോവയാം ദൈവം] ഹൃദയത്തിൽ ജ്ഞാനിയാണ്.’ (ഇയ്യോബ് 9:4, ഓശാന ബൈബിൾ) അതേ, ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവ് ജ്ഞാനത്തിൽ അതുല്യനാണ്. അത്തരമൊരു സ്രഷ്ടാവിന്റെ നിയമത്തെ അഥവാ ലിഖിത വചനത്തെ കുറിച്ച് എന്തു പറയാനാകും?
സങ്കീർത്തനക്കാരൻ പിൻവരുന്നവിധം പാടി: “യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു. യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിർമ്മലമായതു; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.” (സങ്കീർത്തനം 19:7, 8) പുരാതന ഇസ്രായേലിലെ ശലോമോൻ രാജാവ് ആ വാക്കുകളുടെ സത്യത ഗ്രഹിച്ചിട്ടുണ്ടാകണം. അവൻ പ്രസ്താവിച്ചു: “ജ്ഞാനിയുടെ ഉപദേശം [“നിയമം,” NW] ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.” (സദൃശവാക്യങ്ങൾ 13:14) ദൈവവചനത്തിൽ അടങ്ങിയിരിക്കുന്ന ബുദ്ധിയുപദേശം ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ജീവൻ അപകടപ്പെടുത്തുന്നത് ഒഴിവാക്കാനും നമ്മെ എങ്ങനെ സഹായിക്കുമെന്ന് സദൃശ്യവാക്യങ്ങൾ 13-ാം അധ്യായത്തിലെ ആദ്യത്തെ 13 വാക്യങ്ങളിൽ ശലോമോൻ വ്യക്തമാക്കി.
പഠിപ്പിക്കപ്പെടാവുന്നവർ ആയിരിക്കുക
“ജ്ഞാനമുള്ള മകൻ അപ്പന്റെ പ്രബോധനാഫലം [“അപ്പന്റെ ശിക്ഷണം ഉള്ളിടത്ത് മകൻ ജ്ഞാനിയാകുന്നു,” NW]; പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല,” എന്ന് സദൃശവാക്യങ്ങൾ 13:1 പ്രസ്താവിക്കുന്നു. ഒരു പിതാവ് നൽകുന്ന ശിക്ഷണം ലഘുവോ കഠിനമോ ആകാം. ആദ്യം പരിശീലനത്തിന്റെ രൂപത്തിലും അത് നിരസിച്ചാൽ ശിക്ഷയുടെ രൂപത്തിലും അതു ലഭിച്ചേക്കാം. പിതാവിന്റെ ശിക്ഷണം കൈക്കൊള്ളുന്ന മകൻ ജ്ഞാനിയാണ്.
“കർത്താവു [“യഹോവ,” NW] താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു [“സ്നേഹിക്കുന്നവനു ശിക്ഷണം നൽകുന്നു,” NW]; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്ന് ബൈബിൾ പറയുന്നു. (എബ്രായർ 12:6) സ്വർഗീയ പിതാവ് നമുക്ക് ശിക്ഷണം നൽകുന്ന ഒരു വിധം തന്റെ ലിഖിത വചനമായ ബൈബിളിലൂടെയാണ്. നാം വിലമതിപ്പോടെ ബൈബിൾ വായിക്കുകയും അതിൽനിന്നു പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കുകയും ചെയ്യുമ്പോൾ അവന്റെ വചനം യഥാർഥത്തിൽ നമുക്കു ശിക്ഷണം നൽകുകയാണ്. അതു നമ്മുടെ നന്മയ്ക്ക് ഉതകുന്നതാണ്. കാരണം, യഹോവ പറയുന്ന എല്ലാ കാര്യങ്ങളും നമ്മുടെ പ്രയോജനത്തിനാണ്.—യെശയ്യാവു 48:17.
നമ്മുടെ ആത്മീയ ക്ഷേമത്തിൽ താത്പര്യമുള്ള ഒരു സഹവിശ്വാസിയിൽനിന്നുള്ള തിരുത്തലിന്റെ രൂപത്തിലും നമുക്കു ശിക്ഷണം ലഭിച്ചേക്കാം. ദൈവവചനത്തിന് അനുസൃതമായുള്ള സഹായകമായ ഏതൊരു ബുദ്ധിയുപദേശത്തെയും ആ വ്യക്തിയിൽനിന്നുള്ളതല്ല മറിച്ച് സത്യത്തിന്റെ മഹാ ഉറവായ ദൈവത്തിൽനിന്നുള്ളതായി വീക്ഷിക്കാവുന്നതാണ്. നാം അതിനെ യഹോവയിൽനിന്നുള്ളതായി സ്വീകരിക്കുന്നത് ജ്ഞാനം ആയിരിക്കും. നാം അപ്രകാരം ചെയ്യുകയും നമ്മുടെ ചിന്താരീതിയെ കരുപ്പിടിപ്പിക്കാനും തിരുവെഴുത്തു ഗ്രാഹ്യം മെച്ചപ്പെടുത്താനും നമ്മുടെ വഴികളെ തിരുത്താനും അതിനെ അനുവദിക്കുകയും ചെയ്യുമ്പോൾ ശിക്ഷണത്തിൽനിന്നു പ്രയോജനം നേടുകയായിരിക്കും ചെയ്യുക. ക്രിസ്തീയ യോഗങ്ങളിലൂടെയും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിലൂടെയും നമുക്കു ലഭിക്കുന്ന ബുദ്ധിയുപദേശത്തിന്റെ കാര്യത്തിലും അതുതന്നെ സത്യമാണ്. ലിഖിതമോ വാചികമോ ആയ ആ വാക്കുകളിലൂടെ പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കുന്നത് ആത്മശിക്ഷണത്തിനുള്ള ഒരു ഉത്തമ വിധമാണ്.
എന്നാൽ പരിഹാസി ശിക്ഷണം സ്വീകരിക്കുന്നില്ല. “ഏറ്റവും നല്ലത് എന്താണെന്ന് തനിക്കറിയാം എന്നു വിചാരിക്കുന്നതുകൊണ്ട് പഠിപ്പിക്കപ്പെടാനുള്ള മനഃസ്ഥിതി അവനില്ല” എന്ന് ഒരു പരാമർശ ഗ്രന്ഥം പറയുന്നു. ശിക്ഷണത്തിന്റെ ശക്തിയേറിയ ഒരു രൂപമായ ശാസന പോലും അവൻ സ്വീകരിക്കുന്നില്ല. എന്നാൽ പിതാവ് നൽകുന്ന ശിക്ഷണം തെറ്റാണെന്ന് അവന് എപ്പോഴെങ്കിലും തെളിയിക്കാനാകുമോ? യഹോവ ഒരിക്കലും തെറ്റു ചെയ്തിട്ടില്ല, ഇനി ഒരിക്കലും ചെയ്യുകയുമില്ല. ശിക്ഷണം നിരസിക്കുന്നതു മുഖാന്തരം പരിഹാസി സ്വയം പരിഹാസപാത്രമാവുക മാത്രമേ ചെയ്യുന്നുള്ളൂ. ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ഏതാനും വാക്കുകളിലൂടെ എത്ര മനോഹരമായാണ് പഠിപ്പിക്കപ്പെടാവുന്നവർ ആയിരിക്കുന്നതിന്റെ മൂല്യം ശലോമോൻ എടുത്തുകാട്ടുന്നത്!
നാവിനെ കാത്തുകൊള്ളുക!
സംസാരത്തിന്റെ കാര്യത്തിൽ നാം ദൈവവചനത്താൽ നയിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കാനായി ഇസ്രായേലിന്റെ രാജാവ് വായെ ഫലം കായ്ക്കുന്ന ഒരു വൃക്ഷത്തോട് ഉപമിക്കുന്നു. അവൻ പറയുന്നു: “തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും; ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നേ [“വഞ്ചകന്മാർ അക്രമമാണ് അഭിലഷിക്കുന്നത്,” പി.ഒ.സി. ബൈബിൾ].” (സദൃശവാക്യങ്ങൾ 13:2) വായുടെ ഫലം വാക്കുകളാണ്. വാക്കുകൾകൊണ്ട് ഒരുവൻ വിതയ്ക്കുന്നതെന്തോ അത് അയാൾ കൊയ്യും. “വാക്കുകൾ ദയാപുരസ്സരവും അയൽക്കാരുമായി സുഹൃദ്ബന്ധങ്ങൾ സ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ളതും ആണെങ്കിൽ അയാൾ നന്മ അനുഭവിക്കും, അയാളുടെ ജീവിതം സന്തുഷ്ടവും സമാധാനപൂർണവും ആയിരിക്കും” എന്ന് ഒരു പണ്ഡിതൻ പറയുന്നു. എന്നാൽ വഞ്ചകന്റെ കാര്യം അങ്ങനെയല്ല. അക്രമം പ്രവർത്തിക്കാനും മറ്റുള്ളവരെ ദ്രോഹിക്കാനുമാണ് അയാൾ ആഗ്രഹിക്കുന്നത്. അയാൾ അക്രമപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു, തിരിച്ച് അക്രമം ഏറ്റുവാങ്ങുന്നു. മരണക്കെണികൾ അയാളുടെ പടിവാതിൽക്കലുണ്ട്.
ശലോമോൻ തുടരുന്നു: “വായെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു; അധരങ്ങളെ പിളർക്കുന്നവന്നോ നാശം ഭവിക്കും.” (സദൃശവാക്യങ്ങൾ 13:3) മാനഹാനി, വ്രണിത വികാരങ്ങൾ, വഷളായ വ്യക്തിബന്ധങ്ങൾ എന്നിവ കൂടാതെ ശാരീരിക ദ്രോഹംപോലും ചിന്താശൂന്യവും മൗഢ്യവുമായ സംസാരത്തിന്റെ ഫലമായി ഉണ്ടായേക്കാം. കടിഞ്ഞാണില്ലാത്ത സംസാരം ദിവ്യ അപ്രീതിയും കൈവരുത്തും. കാരണം, പറയുന്ന വാക്കുകൾക്ക് ഓരോരുത്തരും ദൈവമുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടതുണ്ട്. (മത്തായി 12:36, 37) യഥാർഥത്തിൽ, നമ്മുടെ വായെ കർശനമായി നിയന്ത്രിച്ചുനിറുത്തുന്നത് നാശത്തിൽനിന്നു നമ്മെ രക്ഷിക്കും. എന്നാൽ, വായെ കാത്തുകൊള്ളാൻ നമുക്ക് എങ്ങനെ പഠിക്കാനാകും?
അതിനുള്ള ലളിതമായ ഒരു മാർഗം അധികം സംസാരിക്കാതിരിക്കുക എന്നതാണ്. “വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 10:19) സംസാരിക്കുന്നതിനു മുമ്പ് ചിന്തിക്കുക എന്നതാണ് മറ്റൊരു മാർഗം. നിശ്വസ്ത എഴുത്തുകാരൻ ഇപ്രകാരം പ്രഖ്യാപിക്കുന്നു: “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി [“ചിന്താശൂന്യമായി,” NW] സംസാരിക്കുന്നവർ ഉണ്ട്.” (സദൃശവാക്യങ്ങൾ 12:18) പറയുന്ന കാര്യങ്ങളെ കുറിച്ച് മുൻകൂട്ടി ചിന്തിക്കാത്തപ്പോൾ പറയുന്ന ആളും കേൾവിക്കാരും വ്രണപ്പെടാനിടയുണ്ട്. അതുകൊണ്ട് ബൈബിൾ ഈ പ്രായോഗിക ബുദ്ധിയുപദേശം നൽകുന്നു: “നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു.”—സദൃശവാക്യങ്ങൾ 15:28.
ഉത്സാഹി ആയിരിക്കുക
“മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണന്നോ പുഷ്ടിയുണ്ടാകും” എന്ന് ശലോമോൻ പ്രസ്താവിക്കുന്നു. (സദൃശവാക്യങ്ങൾ 13:4) “വെറും ആഗ്രഹം തികച്ചും നിഷ്ഫലമാണെന്നും കഠിനാധ്വാനമാണ് യഥാർഥത്തിൽ മൂല്യവത്തെന്നുമാണ് [ഈ പഴമൊഴിയുടെ] ആശയം. ആഗ്രഹങ്ങളുടെ ഇരകളാണ് മടിയന്മാർ. . . അത് അവരെ വിഴുങ്ങിക്കളയുന്നു. അവരുടെ അലസമായ ആഗ്രഹംകൊണ്ട് ഒന്നും ഉണ്ടാകുന്നില്ല” എന്ന് ഒരു പരാമർശ ഗ്രന്ഥം പറയുന്നു. എന്നാൽ ഉത്സാഹിയുടെ പ്രാണന്, മറ്റൊരു വിധത്തിൽ പറഞ്ഞാൽ അവരുടെ ആഗ്രഹത്തിനു തൃപ്തി ലഭിക്കുന്നു—അതിന് പുഷ്ടിയുണ്ടാകുന്നു.
ഉത്തരവാദിത്വം ഏൽക്കാൻ ആഗ്രഹിക്കാത്തതു നിമിത്തം യഹോവയ്ക്ക് തങ്ങളെത്തന്നെ സമർപ്പിക്കാതെ മാറിനിൽക്കുന്നവരെ കുറിച്ച് എന്തു പറയാവുന്നതാണ്? ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിക്കാനുള്ള ആഗ്രഹം അവർ പ്രകടിപ്പിച്ചേക്കാം, എന്നാൽ അതു സംബന്ധിച്ച് എന്തെങ്കിലും ചെയ്യാൻ അവർ സന്നദ്ധരാണോ? ‘മഹോപദ്രവത്തിൽനിന്ന് പുറത്തുവരുന്നവർക്കുള്ള’ (NW) ഒരു വ്യവസ്ഥ അവർ യേശുവിന്റെ മറുവിലയാഗത്തിൽ വിശ്വാസം അർപ്പിച്ച്, യഹോവയ്ക്ക് തങ്ങളെത്തന്നെ സമർപ്പിച്ച്, ജലസ്നാപനത്താൽ തങ്ങളുടെ സമർപ്പണത്തെ പ്രതീകപ്പെടുത്തിയിരിക്കണം എന്നതാണ്.—വെളിപ്പാടു 7:14, 15.
ക്രിസ്തീയ സഭയിൽ മേൽവിചാരക സ്ഥാനത്തിനായി എത്തിപ്പിടിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത് എന്നും പരിചിന്തിക്കുക. ഈ നല്ല വേല എത്തിപ്പിടിക്കാനുള്ള ആഗ്രഹം തീർച്ചയായും അഭിനന്ദനാർഹമാണ്, തിരുവെഴുത്തുകൾ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. (1 തിമൊഥെയൊസ് 3:1) എന്നാൽ, ആഗ്രഹം മാത്രം പോരാ. ഒരു സ്ഥാനത്തിനായി യോഗ്യത പ്രാപിക്കുന്നതിന്, ആവശ്യമായ ഗുണങ്ങളും പ്രാപ്തികളും വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ഉത്സാഹത്തോടെയുള്ള വ്യക്തിപരമായ ശ്രമം അതിന് അനിവാര്യമാണ്.
നീതി—ഒരു സംരക്ഷണം
നീതിമാൻ ദൈവിക ഗുണങ്ങൾ നട്ടുവളർത്തുകയും സത്യം സംസാരിക്കുകയും ചെയ്യുന്നു. ഭോഷ്ക് അഥവാ നുണ പറയുന്നത് യഹോവയുടെ നിയമത്തിന് എതിരാണെന്ന് അയാൾ തിരിച്ചറിയുന്നു. (സദൃശവാക്യങ്ങൾ 6:16-19; കൊലൊസ്സ്യർ 3:9) ഇതിനോടുള്ള ബന്ധത്തിൽ ശലോമോൻ പ്രസ്താവിക്കുന്നു: “നീതിമാൻ ഭോഷ്കു വെറുക്കുന്നു; ദുഷ്ടനോ ലജ്ജയും നിന്ദയും വരുത്തുന്നു [“ദുഷ്ടന്മാരോ ലജ്ജാപൂർവം പ്രവർത്തിക്കുകയും തങ്ങൾക്കുതന്നെ അപമാനം വരുത്തുകയും ചെയ്യുന്നു,” NW].” (സദൃശവാക്യങ്ങൾ 13:5) നീതിമാൻ ഭോഷ്ക്കു പറയാതിരിക്കുക മാത്രമല്ല, അതിനെ യഥാർഥത്തിൽ വെറുക്കുകയും ചെയ്യുന്നു. എത്രതന്നെ നിരുപദ്രവകരമായി കാണപ്പെട്ടാലും നുണകൾ മനുഷ്യർക്കിടയിലെ നല്ല ബന്ധങ്ങൾക്ക് തുരങ്കംവെക്കുന്നു എന്ന് അയാൾക്കറിയാം. മാത്രമല്ല, നുണ പറയുന്നവന്റെ വിശ്വാസ്യത തകരുന്നു. നുണ പറഞ്ഞുകൊണ്ടോ മറ്റേതെങ്കിലും വിധത്തിലോ ദുഷ്ടൻ ലജ്ജാപൂർവം പ്രവർത്തിക്കുന്നു, അങ്ങനെ തനിക്കുതന്നെ അപമാനം വരുത്തുന്നു.
ദൈവദൃഷ്ടിയിൽ ശരിയായതു ചെയ്യുന്നത് പ്രയോജനകരമാണെന്നു കാണിക്കാനായി ജ്ഞാനിയായ ശലോമോൻ പറയുന്നു: “നീതി സന്മാർഗ്ഗിയെ കാക്കുന്നു; ദുഷ്ടതയോ പാപിയെ മറിച്ചുകളയുന്നു.” (സദൃശവാക്യങ്ങൾ 13:6) നീതി കോട്ട പോലെ ഒരു വ്യക്തിയെ സംരക്ഷിക്കുന്നു, എന്നാൽ ദുഷ്ടത അവനെ തകർത്തുകളയുന്നു.
നടിക്കരുത്
മനുഷ്യ പ്രകൃതത്തെ കുറിച്ചുള്ള ഗ്രാഹ്യം പ്രകടമാക്കിക്കൊണ്ട് ഇസ്രായേലിന്റെ രാജാവ് പറയുന്നു: “ഒന്നും ഇല്ലാഞ്ഞിട്ടും ധനികൻ എന്നു നടിക്കുന്നവൻ ഉണ്ടു; വളരെ ധനം ഉണ്ടായിട്ടും ദരിദ്രൻ എന്നു നടിക്കുന്നവനും ഉണ്ട്.” (സദൃശവാക്യങ്ങൾ 13:7) ഒരു വ്യക്തി പുറമെ കാണുന്നതുപോലെ ആയിരിക്കണമെന്നില്ല. ദരിദ്രരായ ചിലർ ധനികരാണെന്നു നടിച്ചേക്കാം. മറ്റുള്ളവരെ കാണിക്കാനോ, വിജയികളാണെന്ന ധാരണ ഉളവാക്കാനോ അല്ലെങ്കിൽ കേവലം മുഖം രക്ഷിക്കാനോ ആയിരിക്കാം അവർ അതു ചെയ്യുന്നത്. തന്റെ സ്വത്ത് മറച്ചുവെക്കാനായി ഒരു ധനികൻ ദരിദ്രനാണെന്നും നടിച്ചേക്കാം.
ഇല്ലാത്തത് കാണിക്കുന്നതും ഉള്ളത് മറച്ചുവെക്കുന്നതും നന്നല്ല. നമുക്ക് ഭൗതിക ആസ്തി കുറവാണെങ്കിൽ, ധനികരായി കാണപ്പെടാൻ വേണ്ടി ആഡംബരങ്ങൾക്കായി പണം ചെലവഴിക്കുന്നതു നിമിത്തം നമ്മുടെയും കുടുംബത്തിന്റെയും അവശ്യ കാര്യങ്ങൾ നിറവേറ്റാനാവാതെ വന്നേക്കാം. ധനികനെങ്കിലും ദരിദ്രനെന്ന് നടിക്കുന്നത് ഒരുവനെ ഒരു പിശുക്കനാക്കിത്തീർത്തേക്കാം. അങ്ങനെ ആത്മാഭിമാനവും ഉദാരമതി ആയിരിക്കുന്നതിൽനിന്നു ലഭിക്കുന്ന സന്തോഷവും അയാൾക്കു നഷ്ടമാകുന്നു. (പ്രവൃത്തികൾ 20:35) സത്യസന്ധത മെച്ചപ്പെട്ട ജീവിതത്തിൽ കലാശിക്കുന്നു.
ആഗ്രഹങ്ങളെ ലളിതമാക്കി നിറുത്തുക
“മനുഷ്യന്റെ ജീവന്നു മറുവില അവന്റെ സമ്പത്തു തന്നേ; ദരിദ്രനോ ഭീഷണിപോലും കേൾക്കേണ്ടിവരുന്നില്ല” എന്നു ശലോമോൻ പറയുന്നു. (സദൃശവാക്യങ്ങൾ 13:8) ഈ ജ്ഞാനമൊഴിയിൽ അടങ്ങിയിരിക്കുന്ന പാഠം എന്താണ്?
ധനം ഉണ്ടായിരിക്കുന്നതുകൊണ്ട് നേട്ടങ്ങളുണ്ട്, എന്നാൽ അത് എല്ലായ്പോഴും പ്രയോജനകരമല്ല. നാം ജീവിക്കുന്ന, കുഴപ്പങ്ങൾ നിറഞ്ഞ ഇക്കാലത്ത് ധനികരെയും അവരുടെ കുടുംബാംഗങ്ങളെയും തട്ടിക്കൊണ്ടുപോയി മോചനദ്രവ്യത്തിനായി ബന്ദികളാക്കുന്നത് പലപ്പോഴും നാം കാണുന്നു. തന്റെയോ ഒരു കുടുംബാംഗത്തിന്റെയോ ജീവൻ രക്ഷിക്കാനായി മറുവില അഥവാ മോചനദ്രവ്യം കൊടുക്കാൻ ധനികനായ ഒരാൾക്ക് ചിലപ്പോൾ കഴിഞ്ഞെന്നു വരാം. എന്നാൽ, തട്ടിക്കൊണ്ടുപോകപ്പെട്ട വ്യക്തി മിക്കപ്പോഴും വധിക്കപ്പെടുന്നു. ആ ഭീഷണി ധനികർക്ക് എല്ലായ്പോഴുമുണ്ട്.
നിർധനനായ ഒരാൾക്ക് അത്തരം ഉത്കണ്ഠയില്ല. ധനികർക്കുള്ള അനേകം ഭൗതികവസ്തുക്കളോ സുഖസൗകര്യങ്ങളോ അയാൾക്ക് ഇല്ലായിരിക്കാമെങ്കിലും, അയാൾ തട്ടിക്കൊണ്ടുപോകലിന് ഇരയാകാനുള്ള സാധ്യത വളരെ കുറവാണ്. നമ്മുടെ ആഗ്രഹങ്ങൾ ലളിതമാക്കി നിറുത്തുന്നതിന്റെയും ധനം വാരിക്കൂട്ടാനായി സമയവും ഊർജവും ചെലവിടാതിരിക്കുന്നതിന്റെയും ഒരു പ്രയോജനം ഇതാണ്.—2 തിമൊഥെയൊസ് 2:4.
“വെളിച്ച”ത്തിൽ സന്തോഷിക്കുക
യഹോവയുടെ മാർഗത്തിൽ കാര്യങ്ങൾ ചെയ്യുന്നത് നമുക്ക് ഏറ്റവുമധികം പ്രയോജനങ്ങൾ കൈവരുത്തുന്നുവെന്ന് തുടർന്നും ശലോമോൻ പ്രകടമാക്കുന്നു. അവൻ പറയുന്നു: “നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്കോ കെട്ടുപോകും.”—സദൃശവാക്യങ്ങൾ 13:9.
ജീവിതത്തിലെ നമ്മുടെ മാർഗത്തെ പ്രകാശിപ്പിക്കാനായി നാം ആശ്രയിക്കുന്നതെന്തോ അതിനെയാണ് വിളക്ക് പ്രതീകപ്പെടുത്തുന്നത്. ‘ദൈവവചനം നീതിമാന്റെ കാലിന്നു ദീപവും അവന്റെ പാതെക്കു പ്രകാശവും ആകുന്നു.’ (സങ്കീർത്തനം 119:105) അതിൽ സ്രഷ്ടാവിന്റെ അനന്തമായ അറിവും ജ്ഞാനവും അടങ്ങിയിരിക്കുന്നു. ദൈവേഷ്ടത്തെയും അവന്റെ ഉദ്ദേശ്യത്തെയും കുറിച്ചുള്ള ഗ്രാഹ്യം നാം എത്ര വർധിപ്പിക്കുന്നുവോ നമ്മെ നയിക്കുന്ന ആത്മീയ വെളിച്ചം അത്ര പ്രശോഭിതമായിരിക്കും. സന്തോഷത്തിനുള്ള എത്ര നല്ല ഉറവാണ് അത്! ലൗകിക ജ്ഞാനത്താലോ “ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്ന” കാര്യത്താലോ നാം എന്തിനു വ്യതിചലിക്കപ്പെടണം?—1 തിമൊഥെയൊസ് 6:20; 1 കൊരിന്ത്യർ 1:20; കൊലൊസ്സ്യർ 2:8.
ദുഷ്ടനെ സംബന്ധിച്ചിടത്തോളം, അവന്റെ വിളക്ക് എത്ര ശോഭയോടെ കത്തുന്നതായി തോന്നിയാലും അവന് എത്ര ഐശ്വര്യസമൃദ്ധി ഉള്ളതായി കാണപ്പെട്ടാലും അവന്റെ വിളക്ക് കെട്ടുപോകും. കാലിടറുന്ന ഇരുട്ടിൽ അവൻ ചെന്നുപെടും. കൂടാതെ, അവന് “ഭാവിയില്ല.”—സദൃശവാക്യങ്ങൾ 24:20, പി.ഒ.സി. ബൈ.
ഒരു പ്രത്യേക സാഹചര്യത്തിൽ ഏതു നടപടി സ്വീകരിക്കണമെന്ന് ഉറപ്പില്ലാത്തപ്പോൾ നാം എന്തു ചെയ്യണം? നടപടി എടുക്കാനുള്ള അധികാരം നമുക്കുണ്ടോ എന്ന് നിശ്ചയമില്ലാത്തപ്പോഴോ? സദൃശവാക്യങ്ങൾ 13:10 മുന്നറിയിപ്പു നൽകുന്നു: “അഹങ്കാരംകൊണ്ടു [“ധിക്കാരംകൊണ്ടു,” NW] വിവാദംമാത്രം ഉണ്ടാകുന്നു.” ചെയ്യാനുള്ള അധികാരമില്ലാതെയോ അറിവില്ലാതെയോ പ്രവർത്തിക്കുന്നത് ധിക്കാരമാണ്, അത് തീർച്ചയായും മറ്റുള്ളവരുമായി പ്രശ്നങ്ങൾ ഉണ്ടാകുന്നതിലേക്കു നയിക്കും. അറിവും വിവേകവുമുള്ള മറ്റ് ആളുകളുമായി ആലോചിക്കുന്നതായിരിക്കില്ലേ മെച്ചം? “ആലോചന കേൾക്കുന്നവരുടെ പക്കലോ ജ്ഞാനം ഉണ്ട്” എന്ന് ജ്ഞാനിയായ ശലോമോൻ പറയുന്നു.
വ്യാജപ്രതീക്ഷകൾ സംബന്ധിച്ച് ജാഗ്രത പാലിക്കുക
പണം പ്രയോജനപ്രദമായ കാര്യങ്ങൾക്ക് ഉതകിയേക്കാം. ആവശ്യത്തിന് പണം ഉണ്ടായിരിക്കുന്നതാണ്, ദാരിദ്ര്യത്തിലായിരിക്കുകയോ ഞെരുങ്ങി കഴിയുകയോ ചെയ്യുന്നതിനെക്കാൾ നല്ലത്. (സഭാപ്രസംഗി 7:11, 12) എന്നാൽ, അന്യായ മാർഗത്തിലൂടെ സമ്പാദിച്ച ധനത്തിന്റെ പ്രയോജനങ്ങൾ എന്നു നാം കരുതുന്നത് വഞ്ചകമായിരിക്കാൻ കഴിയും. ശലോമോൻ ഈ മുന്നറിയിപ്പു നൽകുന്നു: “അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞു കുറഞ്ഞുപോകും; അദ്ധ്വാനിച്ചു സമ്പാദിക്കുന്നവനോ വർദ്ധിച്ചു വർദ്ധിച്ചു വരും.”—സദൃശവാക്യങ്ങൾ 13:11.
ഉദാഹരണത്തിന്, ചൂതുകളിയുടെ വശീകരണത്തെ കുറിച്ചു ചിന്തിക്കുക. ചൂതുകളിക്കുന്ന ഒരു വ്യക്തി വലിയൊരു തുക ലഭിക്കുമെന്ന പ്രതീക്ഷയിൽ, താൻ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം ചെലവഴിച്ചേക്കാം. എന്നാൽ, കുടുംബത്തിന്റെ ക്ഷേമത്തെ അവഗണിച്ചുകൊണ്ട് അത് എത്രയോ കൂടെക്കൂടെ ചെയ്യുന്നു! ഇനി, ചൂതുകളിയിൽ വിജയിച്ചാലോ? അധ്വാനിക്കാതെ ലഭിച്ചതായതുകൊണ്ട് ആ പണത്തിന് വളരെ കുറച്ചു മൂല്യമേ അയാൾ കൽപ്പിക്കാനിടയുള്ളൂ. കൂടാതെ, ഈ പുതു സമ്മാനം കൈകാര്യം ചെയ്യാനുള്ള പ്രാപ്തിയും അയാൾക്ക് ഇല്ലായിരിക്കാം. ലഭിച്ച അത്രയും വേഗത്തിൽത്തന്നെ ആ പണം ഇല്ലാതാകാനും സാധ്യതയില്ലേ? അതേസമയം, അധ്വാനിച്ച് അൽപ്പാൽപ്പമായി ഉണ്ടാക്കിയെടുക്കുന്ന പണം ഒന്നിനൊന്നു വർധിച്ചുവരും. അത് ഒരുവന്റെ പ്രയോജനത്തിനായി ഉപയോഗിക്കുകയും ചെയ്യാം.
“ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നേ” എന്നു ശലോമോൻ പ്രസ്താവിക്കുന്നു. (സദൃശവാക്യങ്ങൾ 13:12) നിറവേറാത്ത പ്രതീക്ഷകൾ തീർച്ചയായും ഹൃദയത്തെ ക്ഷീണിപ്പിക്കുന്ന നിരാശയിലേക്കു നയിക്കും. ദൈനംദിന ജീവിതത്തിൽ ഇങ്ങനെ സംഭവിക്കാറുണ്ട്. എന്നിരുന്നാലും, ദൈവവചനത്തിൽ അടിയുറച്ച പ്രതീക്ഷകളുടെ കാര്യത്തിൽ അത് അങ്ങനെയല്ല. അവ നിറവേറുമെന്ന് നമുക്ക് പൂർണ ബോധ്യമുണ്ടായിരിക്കാനാകും. താമസം എന്നു തോന്നുന്നതുപോലും നിരാശയ്ക്ക് ഇടയാക്കാനുള്ള സാധ്യത കുറവാണ്.
ഉദാഹരണത്തിന്, ദൈവത്തിന്റെ പുതിയ ലോകം ആസന്നമാണെന്ന് നമുക്കറിയാം. (2 പത്രൊസ് 3:13) ദൈവത്തിന്റെ വാഗ്ദാനങ്ങളുടെ നിവൃത്തിക്കായി ആകാംക്ഷാനിർഭരരായി സന്തോഷത്തോടെ നാം കാത്തിരിക്കുകയാണ്. പുതിയ ലോകം വന്നെത്തുന്നതുവരെയുള്ള സമയം, “കർത്താവിന്റെ വേലയിൽ” തിരക്കുള്ളവരായിരിക്കാനും സഹവിശ്വാസികളെ പ്രോത്സാഹിപ്പിക്കാനും യഹോവയുമായി കൂടുതൽ അടുത്ത ഒരു ബന്ധം സ്ഥാപിക്കാനുമായി നാം ഉപയോഗിക്കുമ്പോൾ എന്തായിരിക്കും ഫലം? ‘ഹൃദയം ക്ഷീണിക്കു’ന്നതിനു പകരം നാം സന്തോഷഭരിതരാകും. (1 കൊരിന്ത്യർ 15:58; എബ്രായർ 10:24, 25; യാക്കോബ് 4:8) ദീർഘകാലമായുള്ള ഒരു ആഗ്രഹം നിറവേറുമ്പോൾ അത് ഒരു ജീവവൃക്ഷം ആണ്, അതായത് ഊർജദായകവും നവോന്മേഷപ്രദവുമാണ്.
ദൈവ നിയമം—ജീവന്റെ ഉറവ്
ദൈവത്തെ അനുസരിക്കേണ്ടതിന്റെ ആവശ്യം വ്യക്തമാക്കിക്കൊണ്ട് സദൃശവാക്യങ്ങൾ 13:13 പറയുന്നു: “വചനത്തെ നിന്ദിക്കുന്നവൻ അതിന്നു ഉത്തരവാദി [‘നിന്ദിച്ചിരിക്കുന്ന കടക്കാരനിൽനിന്ന് പണയം പിടിച്ചെടുക്കപ്പെടും,’ NW]. കല്പനയെ ഭയപ്പെടുന്നവനോ പ്രതിഫലം പ്രാപിക്കുന്നു.” ഒരു കടക്കാരൻ വായ്പ തിരിച്ചുകൊടുക്കാതിരുന്നുകൊണ്ട് വാക്കുപാലിക്കുന്നില്ലെങ്കിൽ അയാൾ പണയം വെച്ചിരിക്കുന്നത് എന്തോ അത് അയാൾക്കു നഷ്ടമാകും. സമാനമായി, ദൈവ കൽപ്പനകൾ പാലിക്കാതിരുന്നാൽ നമുക്കും നഷ്ടമുണ്ടാകും. ഏതു തരത്തിലുള്ള നഷ്ടം?
“ജ്ഞാനിയുടെ ഉപദേശം [“നിയമം,”NW] ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.” (സദൃശവാക്യങ്ങൾ 13:14) സർവജ്ഞാനിയായ ദൈവമായ യഹോവയുടെ നിയമം ഇല്ലാതെ ജീവിക്കുകയെന്നാൽ, മെച്ചപ്പെട്ടതും ദീർഘവുമായ ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്ന മാർഗനിർദേശം ഇല്ലാതിരിക്കുക എന്നാണർഥം. അത് എത്ര വലിയ ഒരു നഷ്ടമായിരിക്കും! അതുകൊണ്ട്, ദൈവവചനത്തിന് അടുത്ത ശ്രദ്ധ കൊടുക്കുകയും നമ്മുടെ ചിന്തകളെയും സംസാരത്തെയും പ്രവർത്തനങ്ങളെയും സ്വാധീനിക്കാൻ അതിനെ അനുവദിക്കുകയും ചെയ്യുക എന്നതാണ് ജ്ഞാനമാർഗം.—2 കൊരിന്ത്യർ 10:5; കൊലൊസ്സ്യർ 1:10.
[23 -ാംപേജിലെ ചിത്രങ്ങൾ]
തിരുവെഴുത്തു ബുദ്ധിയുപദേശം ബാധകമാക്കുന്നത് ആത്മശിക്ഷണത്തിനുള്ള ഒരു ഉത്തമ വിധമാണ്
[24, 25 പേജുകളിലെ ചിത്രങ്ങൾ]
“നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു”
[24, 25 പേജുകളിലെ ചിത്രങ്ങൾ]
“കർത്താവിന്റെ വേലയിൽ” തിരക്കുള്ളവരായിരിക്കുന്നത് നമ്മെ സന്തോഷഭരിതരാക്കുന്നു