‘നിന്റെ ഉദ്ദേശ്യങ്ങൾ സാധിക്കും’
“ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ. നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ.” സങ്കീർത്തനക്കാരനായ ദാവീദ് രചിച്ച ഒരു ഗീതത്തിലെ പ്രാർഥനയാണത്. (സങ്കീർത്തനം 51:10, 12) ബത്ത്-ശേബയുമായുള്ള പാപത്തിനുശേഷം അനുതപിച്ച ദാവീദ് ശരി ചെയ്യാൻ തക്കവണ്ണം തന്റെ ഹൃദയം നിർമലമാക്കാനും മനസ്സൊരുക്കമുള്ള ആത്മാവ് അഥവാ മാനസിക ചായ്വ് തനിക്കു നൽകാനുമായി യഹോവയാം ദൈവത്തോടു യാചിക്കുന്ന ഭാഗമാണിത്.
യഹോവ ശരിക്കും ഒരു പുതിയ ഹൃദയം നമ്മിൽ സൃഷ്ടിക്കുന്നുണ്ടോ, പുതിയതും മനസ്സൊരുക്കമുള്ളതുമായ ഒരാത്മാവ് ഉൾനട്ടുകൊണ്ടുപോലും? അതോ, ഒരു പുതിയ ഹൃദയം നേടാനും അതു നിലനിറുത്താനും ശ്രമിക്കേണ്ടതു നമ്മൾതന്നെയാണോ? ‘യഹോവ ഹൃദയത്തെ ശോധന ചെയ്യുന്നവനാണ്.’ പക്ഷേ നമ്മുടെ ഹൃദയത്തിൽ നടക്കുന്ന കാര്യങ്ങളിൽ യഹോവ എത്രത്തോളം ഇടപെടുന്നുണ്ട്? (സദൃശവാക്യങ്ങൾ 17:3; യിരെമ്യാവു 17:10) നമ്മുടെ ജീവിതം, ആന്തരം, പ്രവർത്തനങ്ങൾ തുടങ്ങിയവയുടെമേൽ യഹോവ എത്രമാത്രം പ്രഭാവം ചെലുത്തുന്നുണ്ട്?
ദൈവനാമം എട്ടു പ്രാവശ്യം ഉപയോഗിച്ചുകൊണ്ട് സദൃശവാക്യങ്ങൾ 16-ാം അധ്യായത്തിലെ ആദ്യത്തെ ഒമ്പതു വാക്യങ്ങൾ, ‘നമ്മുടെ ഉദ്ദേശ്യങ്ങൾ സാധിക്കത്തക്കവിധം’ ജീവിതം ദൈവത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിയുന്നതെങ്ങനെയെന്നു കാണിക്കുന്നു. (സദൃശവാക്യങ്ങൾ 16:3) 10 മുതൽ 15 വരെയുള്ള വാക്യങ്ങൾ ഒരു രാജാവിന്റെ അഥവാ ഭരണാധിപന്റെ ഉത്തരവാദിത്വത്തിലേക്കു നമ്മുടെ ശ്രദ്ധ തിരിക്കുന്നു.
ഹൃദയത്തെ ഒരുക്കുന്നത് ആർ?
“ഹൃദയത്തിലെ നിരൂപണങ്ങൾ [“ഹൃദയത്തെ ഒരുക്കുന്നത്,” NW] മനുഷ്യന്നുള്ളവ” എന്നു സദൃശവാക്യങ്ങൾ 16:1എ പറയുന്നു. അതിനർഥം, ഹൃദയത്തെ ഒരുക്കേണ്ട ഉത്തരവാദിത്വം നമ്മുടേതാണെന്നാണ്. യഹോവ അത്ഭുതകരമായി നമ്മുടെ ഹൃദയത്തെ ഒരുക്കുകയോ മനസ്സൊരുക്കമുള്ള ഒരാത്മാവ് നമുക്കു നൽകുകയോ ചെയ്യുന്നില്ല. അതിനായി നാംതന്നെ യത്നിക്കേണ്ടതുണ്ട്. അതായത്, അവന്റെ വചനമായ ബൈബിളിലെ സൂക്ഷ്മ പരിജ്ഞാനം നേടുക; പഠിച്ചതിനെക്കുറിച്ചു ധ്യാനിക്കുക; നമ്മുടെ ചിന്തയെ ദൈവത്തിന്റെ ചിന്തയുമായി അനുരൂപപ്പെടുത്തുക.—സദൃശവാക്യങ്ങൾ 2:10, 11.
എന്നാൽ, ‘നിർമ്മലമായൊരു ഹൃദയത്തിനും’ ‘സ്ഥിരമായൊരാത്മാവിനും’ വേണ്ടിയുള്ള ദാവീദിന്റെ അപേക്ഷ കാണിക്കുന്നത് പാപത്തിലേക്കുള്ള തന്റെ ചായ്വും ഹൃദയം നിർമലമാക്കുന്നതിന് ദൈവികസഹായം ആവശ്യമാണെന്ന വസ്തുതയും അവൻ തിരിച്ചറിഞ്ഞുവെന്നാണ്. അപൂർണരായതിനാൽ നമുക്ക് “ജഡത്തിന്റെ പ്രവൃത്തിക”ളിലേർപ്പെടുന്നതിനുള്ള പ്രലോഭനമുണ്ടായേക്കാം. (ഗലാത്യർ 5:19-21) “ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, . . . അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള [നമ്മുടെ] അവയവങ്ങളെ മരിപ്പി”ക്കാൻ നമുക്ക് യഹോവയുടെ സഹായം ആവശ്യമാണ്. (കൊലൊസ്സ്യർ 3:5) പ്രലോഭനങ്ങൾക്കു വശംവദരാകാതിരിക്കുന്നതിനും നമ്മുടെ ഹൃദയത്തിലെ പാപഗ്രസ്തമായ പ്രവണതകൾ നീക്കുന്നതിനുമായി അവന്റെ സഹായം അഭ്യർഥിക്കുന്നത് എത്ര പ്രധാനമാണ്!
ഹൃദയത്തെ ഒരുക്കുന്നതിൽ മറ്റുള്ളവരെ നമുക്ക് സഹായിക്കാനാകുമോ? “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 12:18) നമ്മുടെ നാവ് സൗഖ്യദായകമായി വർത്തിക്കുന്നത് എപ്പോഴാണ്? ‘നാവിന്റെ ഉത്തരം യഹോവയാൽ’ വരുമ്പോൾ, അതായത് ആത്മീയമായി കൃത്യതയുള്ള വാക്കുകൾ സംസാരിക്കുമ്പോൾ.—സദൃശവാക്യങ്ങൾ 16:1ബി.
“ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളത്” എന്നു ബൈബിൾ പറയുന്നു. (യിരെമ്യാവു 17:9) നമ്മുടെ ആലങ്കാരിക ഹൃദയം സ്വയനീതീകരണത്തിനും ആത്മവഞ്ചനയ്ക്കും വശംവദമാണ്. ഈ അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിക്കൊണ്ട് പുരാതന ഇസ്രായേൽ രാജാവായ ശലോമോൻ പറയുന്നു: “മനുഷ്യന്നു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.”—സദൃശവാക്യങ്ങൾ 16:2.
തെറ്റുകൾ ന്യായീകരിക്കാനും, മോശമായ വ്യക്തിത്വഗുണങ്ങൾ മറച്ചുവെക്കാനും സ്വന്തം കൊള്ളരുതായ്മകൾക്കുനേരെ കണ്ണടയ്ക്കാനും സ്വസ്നേഹം നമ്മെ പ്രേരിപ്പിച്ചേക്കാം. എങ്കിലും, യഹോവയെ നമുക്ക് കബളിപ്പിക്കാനാവില്ല. അവൻ ആത്മാക്കളെ തൂക്കിനോക്കുന്നു. ഒരു വ്യക്തിയുടെ ആത്മാവ് എന്നത് അയാളുടെ പ്രമുഖ മാനസിക ചായ്വാണ്; അത് ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. മാനസിക ചായ്വിന്റെ വികാസം വലിയൊരളവുവരെ നമ്മുടെ ആലങ്കാരിക ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ, അതായത് വികാരങ്ങൾ, ചിന്തകൾ, ആന്തരങ്ങൾ എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. ‘ഹൃദയത്തെ ശോധന ചെയ്യുന്നവൻ’ ആത്മാവിനെയാണു തൂക്കിനോക്കുന്നത്. അവന്റെ വിധികൾ പക്ഷപാതരഹിതമാണ്. അതുകൊണ്ട് നമ്മുടെ ആത്മാവിനെ കാക്കുന്നതല്ലേ ബുദ്ധി?
“നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക”
പദ്ധതി മെനയുന്നതിൽ ചിന്താപ്രക്രിയ ഉൾപ്പെടുന്നു; നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തനങ്ങളിൽ ഒന്നാണത്. മിക്കപ്പോഴും പദ്ധതിയുടെ ചുവടുപിടിച്ചു പ്രവൃത്തികൾ വരുന്നു. നമ്മുടെ ഉദ്യമങ്ങൾ വിജയിക്കുമോ? ശലോമോൻ പറയുന്നു: ‘നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശ്യങ്ങൾ സാധിക്കും.’ (സദൃശവാക്യങ്ങൾ 16:3) നമ്മുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുകയെന്നാൽ അവനിൽ വിശ്വാസം അർപ്പിക്കുക, അവനിൽ ആശ്രയിക്കുക, അവന്റെ അധികാരത്തിനു കീഴ്പെടുക എന്നെല്ലാമാണ്; ആലങ്കാരികമായി പറഞ്ഞാൽ നമ്മുടെ ചുമലിൽനിന്നു ഭാരം അവന്റെ ചുമലിലേക്കു മാറ്റുക എന്നാണ്. സങ്കീർത്തനക്കാരൻ പിൻവരുംവിധം പാടി: “നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വഹിക്കും.”—സങ്കീർത്തനം 37:5.
എന്നുവരികിലും, നമ്മുടെ ഉദ്ദേശ്യങ്ങൾ സാധിക്കണമെങ്കിൽ അവ ദൈവവചനത്തിനു ചേർച്ചയിലുള്ളതും നല്ല ആന്തരത്തോടെയുള്ളതും ആയിരിക്കണം. കൂടാതെ, സഹായത്തിനും പിന്തുണയ്ക്കുമായി യഹോവയോടു പ്രാർഥിക്കുകയും ബൈബിളിന്റെ ബുദ്ധിയുപദേശങ്ങൾ പിൻപറ്റാൻ ബോധപൂർവം പരമാവധി ശ്രമിക്കുകയും വേണം. പ്രശ്നങ്ങളും പരിശോധനകളും നേരിടുമ്പോൾ നാം ‘നമ്മുടെ ഭാരങ്ങളെ യഹോവയുടെമേൽ ഇടേണ്ടത്’ വിശേഷാൽ പ്രധാനമാണ്; എന്തുകൊണ്ടെന്നാൽ ‘അവൻ നമ്മെ പുലർത്തും.’ “നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല” എന്നതു തീർച്ചയാണ്.—സങ്കീർത്തനം 55:22.
‘യഹോവ സകലത്തെയും തന്റെ ഉദ്ദേശ്യത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു’
നമ്മുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുന്നതിനാൽ മറ്റെന്തു ഫലമുണ്ടാകും? ‘യഹോവ സകലത്തെയും തന്റെ ഉദ്ദേശ്യത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു’ എന്നു ജ്ഞാനിയായ രാജാവു പറയുന്നു. (സദൃശവാക്യങ്ങൾ 16:4എ) മുഴു അഖിലാണ്ഡത്തിന്റെയും സ്രഷ്ടാവ് ഉദ്ദേശ്യങ്ങളുള്ള ദൈവമാണ്. നാം നമ്മുടെ പ്രവൃത്തികളെ അവനു സമർപ്പിക്കുമ്പോൾ ജീവിതം ഒരിക്കലും വ്യർഥമായിരിക്കില്ല, പകരം ഉദ്ദേശ്യപൂർണമായിരിക്കും. ഭൂമിയെയും അതിലുള്ള മനുഷ്യനെയും സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യം നിത്യതയിലേക്കുള്ളതുമാണ്. (എഫെസ്യർ 3:11) അവൻ ഭൂമിയെ നിർമിച്ച് അതിനെ ഒരുക്കിയത് ‘പാർപ്പിനാണ്.’ (യെശയ്യാവു 45:18) മാത്രമല്ല, ഭൂമിയിൽ അവൻ മനുഷ്യനുവേണ്ടി ആദിയിൽ ഉദ്ദേശിച്ചത് യാഥാർഥ്യമായിത്തീരും എന്നതിനു രണ്ടുപക്ഷമില്ല. (ഉല്പത്തി 1:28) സത്യദൈവത്തിനു സമർപ്പിക്കപ്പെട്ട ഒരു ജീവിതം അനന്തവും എക്കാലത്തും അർഥപൂർണവുമായിരിക്കും.
“അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും” യഹോവ ഉണ്ടാക്കിയിരിക്കുന്നു. (സദൃശവാക്യങ്ങൾ 16:4ബി) ദൈവം ദുഷ്ടനെ സൃഷ്ടിച്ചിട്ടില്ല, കാരണം യഹോവയുടെ “പ്രവൃത്തി അത്ത്യുത്തമ”മാണ്. (ആവർത്തനപുസ്തകം 32:4) എന്നിരുന്നാലും, ദുഷ്ടന്മാർ അസ്തിത്വത്തിൽ വരുന്നതിനും ന്യായവിധി നിർവഹണത്തിനുള്ള ഉചിതമായ സമയം വരുന്നതുവരെ ജീവനോടെ തുടരുന്നതിനും അവൻ അനുവദിച്ചിരിക്കുന്നു. ഉദാഹരണമായി, ഈജിപ്തിലെ ഫറവോനോട് യഹോവ ഇപ്രകാരം പറഞ്ഞു: “എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.” (പുറപ്പാടു 9:16) പത്തു ബാധകളും ഫറവോന്റെയും അവന്റെ സൈന്യത്തിന്റെയും ചെങ്കടലിലെ നാശവും യഹോവയുടെ അതുല്യശക്തിയുടെ അവിസ്മരണീയ പ്രകടനങ്ങളായിരുന്നു.
തന്റെ ഉദ്ദേശ്യനിവൃത്തിക്കായി ദുഷ്ടന്മാർ പ്രവർത്തിക്കത്തക്കവിധം സാഹചര്യങ്ങളെ പരുവപ്പെടുത്താനും യഹോവയ്ക്കു കഴിയും, അവർ അറിയാതെതന്നെ. സങ്കീർത്തനക്കാരൻ ഇപ്രകാരം പ്രസ്താവിച്ചു: “മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം; ക്രോധശിഷ്ടത്തെ നീ [യഹോവ] അരെക്കു കെട്ടിക്കൊള്ളും.” (സങ്കീർത്തനം 76:10) തന്റെ ദാസന്മാർക്കെതിരായി പ്രവർത്തിക്കുന്നതിനു ശത്രുക്കളെ യഹോവ അനുവദിച്ചെന്നുവരാം. എന്നാൽ തന്റെ ദാസന്മാരെ തിരുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും മതിയായ അളവോളം മാത്രം; അതിൽ കൂടുതലെന്തും യഹോവ വഹിച്ചുകൊള്ളും.
താഴ്മയുള്ള തന്റെ സേവകരെ പിന്തുണയ്ക്കുമെങ്കിലും അഹങ്കാരികളെയും ധിക്കാരികളെയും യഹോവ എന്തു ചെയ്യും? ഇസ്രായേൽ രാജാവ് പറയുന്നു: “ഗർവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പു; അവന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കുന്നു.” (സദൃശവാക്യങ്ങൾ 16:5) “ഗർവ്വമുള്ള”വർ ഒന്നിച്ചുകൂടി ഗൂഢാലോചന നടത്തുമെങ്കിലും അവർക്ക് ശിക്ഷ ലഭിക്കാതിരിക്കില്ല. ആ സ്ഥിതിക്ക്, നാം എത്ര ജ്ഞാനമുള്ളവരായാലും എത്ര കാര്യപ്രാപ്തിയുള്ളവരായാലും ഏതെല്ലാം സേവന പദവികൾ ആസ്വദിക്കുന്നവരായാലും താഴ്മ നട്ടുവളർത്തുന്നതല്ലേ ബുദ്ധി?
“യഹോവാഭയംകൊണ്ട്”
പാപത്തിൽ ജനിച്ചതിനാൽ നമ്മുടെ ചായ്വ് തെറ്റിലേക്കാണ്. (റോമർ 3:23; 5:12) തെറ്റായ ഗതിയിലേക്കു നയിക്കുന്ന പദ്ധതി മെനയുന്നത് ഒഴിവാക്കാൻ നമ്മെ എന്തു സഹായിക്കും? സദൃശവാക്യങ്ങൾ 16:6 ഇപ്രകാരം പറയുന്നു: “ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവഭക്തികൊണ്ടു [“യഹോവാഭയംകൊണ്ട്,” NW] മനുഷ്യർ ദോഷത്തെ വിട്ടകലുന്നു.” യഹോവ തന്റെ സ്നേഹദയയും വിശ്വസ്തതയുംകൊണ്ട് നമ്മുടെ അകൃത്യങ്ങളെ പോക്കുമ്പോൾ യഹോവാഭയം പാപം ചെയ്യുന്നതിൽനിന്നു നമ്മെ തടയുന്നു. ദൈവത്തോടു സ്നേഹവും അവന്റെ സ്നേഹദയയോടു വിലമതിപ്പും ഉണ്ടായിരിക്കുമ്പോൾത്തന്നെ അവനെ അപ്രീതിപ്പെടുത്തുന്നതിലുള്ള ഭയം നട്ടുവളർത്തുന്നത് എത്ര പ്രധാനമാണ്!
ദൈവികഭയം നമ്മുടെ ഹൃദയത്തിൽ എത്തിച്ചേരുന്നത് ദൈവത്തിന്റെ ഗംഭീരശക്തിയെപ്രതി നാം ആദരവും ബഹുമാനവും നട്ടുവളർത്തുമ്പോഴാണ്. സൃഷ്ടിയിൽ പ്രതിഫലിച്ചുകാണുന്ന അവന്റെ ശക്തിയെക്കുറിച്ചു ചിന്തിക്കുക! സൃഷ്ടിയിലെ ദൈവിക ശക്തിയുടെ പ്രകടനത്തെക്കുറിച്ച് ഓർമിപ്പിച്ചത് തന്റെ ചിന്താഗതിയിൽ പൊരുത്തപ്പെടുത്തൽ വരുത്താൻ പൂർവപിതാവായ ഇയ്യോബിനെ സഹായിച്ചു. (ഇയ്യോബ് 42:1-6) തന്റെ ജനത്തോടുള്ള ദൈവത്തിന്റെ ഇടപെടലുകളെ സംബന്ധിച്ചുള്ള ബൈബിൾ വിവരണങ്ങൾ വായിക്കുന്നതും ധ്യാനിക്കുന്നതും ചിന്താഗതിയിൽ പൊരുത്തപ്പെടുത്തൽ വരുത്താൻ നമ്മെയും സഹായിക്കുന്നില്ലേ? സങ്കീർത്തനക്കാരൻ പാടി: “വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ; അവൻ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ.” (സങ്കീർത്തനം 66:5) യഹോവയുടെ സ്നേഹദയ നിസ്സാരമായിക്കാണരുത്. യിസ്രായേല്യർ “മത്സരിച്ചു അവന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; അതുകൊണ്ടു അവൻ [യഹോവ] അവർക്കു ശത്രുവായ്തീർന്നു താൻ തന്നേ അവരോടു യുദ്ധം ചെയ്തു.” (യെശയ്യാവു 63:10) എന്നാൽ “ഒരുത്തന്റെ വഴികൾ യഹോവെക്കു ഇഷ്ടമായിരിക്കുമ്പോൾ അവൻ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു.” (സദൃശവാക്യങ്ങൾ 16:7) യഹോവാഭയം എത്ര വലിയൊരു സംരക്ഷണമാണ്!
“ന്യായരഹിതമായ വലിയ വരവിനെക്കാൾ നീതിയോടെയുള്ള അല്പം നല്ലത്” എന്ന് ജ്ഞാനിയായ രാജാവ് പ്രസ്താവിക്കുന്നു. (സദൃശവാക്യങ്ങൾ 16:8) സദൃശവാക്യങ്ങൾ 15:16 പറയുന്നതിങ്ങനെ: “ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാൾ യഹോവാഭക്തിയോടുകൂടെ അല്പധനം ഉള്ളതു നന്ന്.” നീതിയുള്ള ഗതിയിൽ ചരിക്കുന്നതിന് ദൈവത്തോടുള്ള ഭയാദരവു കൂടിയേതീരൂ.
“മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു”
തെറ്റും ശരിയും സ്വയം തിരഞ്ഞെടുക്കാനുള്ള ധാർമിക സ്വാതന്ത്ര്യത്തോടെയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. (ആവർത്തനപുസ്തകം 30:19, 20) നമ്മുടെ ആലങ്കാരിക ഹൃദയത്തിന്, ലഭ്യമായ പല മാർഗങ്ങൾ വിലയിരുത്തി അവയിൽനിന്ന് ഒന്നോ അതിലധികമോ തിരഞ്ഞെടുക്കാനുള്ള കഴിവുണ്ട്. അത്തരം തിരഞ്ഞെടുപ്പുകൾ നടത്തുന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നു സൂചിപ്പിച്ചുകൊണ്ട് ശലോമോൻ പറയുന്നു: “മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു.” അതിനുശേഷം, ‘അവന്റെ കാലടികളെ യഹോവ ക്രമപ്പെടുത്തുന്നു.’ (സദൃശവാക്യങ്ങൾ 16:9) യഹോവയ്ക്കു നമ്മുടെ കാലടികളെ നയിക്കാനാകും എന്നതിനാൽ ‘നമ്മുടെ ഉദ്ദേശ്യങ്ങൾ സാധിക്കുന്നതിനായി’ ദിവ്യസഹായം തേടുന്നതു ജ്ഞാനമാണ്.
നാം കണ്ടുകഴിഞ്ഞതുപോലെ ഹൃദയം വഞ്ചകമാണ്; തെറ്റായ ന്യായവാദങ്ങൾ നടത്താൻ അതിനു കഴിയും. ഉദാഹരണത്തിന്, ഒരുവൻ തെറ്റു ചെയ്യുന്നുവെന്നിരിക്കട്ടെ. അയാളുടെ ഹൃദയം സ്വയനീതീകരണം നടത്തിയേക്കാം. തെറ്റായ ആ ഗതി ഉപേക്ഷിക്കുന്നതിനു പകരം ‘ദൈവം സ്നേഹവാനും ദയാലുവും കരുണയുള്ളവനും ക്ഷമാശീലനും ആണല്ലോ’ എന്ന് ആ വ്യക്തി ചിന്തിച്ചേക്കാം. അയാൾ തന്റെ ഹൃദയത്തിൽ ഇപ്രകാരം പറയുന്നു: “ദൈവം മറന്നിരിക്കുന്നു, അവൻ തന്റെ മുഖം മറെച്ചിരിക്കുന്നു; അവൻ ഒരുനാളും കാണുകയില്ല.” (സങ്കീർത്തനം 10:11) എന്നാൽ ദൈവത്തിന്റെ കരുണയെ മുതലെടുക്കാൻ ശ്രമിക്കുന്നത് അനുചിതവും അപകടകരവുമാണ്.
“ഒത്ത വെള്ളിക്കോലും ത്രാസും യഹോവക്കുള്ളവ”
ഒരു രാജാവിന്റെ ഹൃദയത്തെയും പ്രവർത്തനങ്ങളെയും പറ്റിയാണ് ശലോമോൻ അടുത്തതായി പ്രസ്താവിക്കുന്നത്: “രാജാവിന്റെ അധരങ്ങളിൽ അരുളപ്പാടുണ്ടു; ന്യായവിധിയിൽ അവന്റെ വായ് പിഴെക്കുന്നതുമില്ല.” (സദൃശവാക്യങ്ങൾ 16:10) അവരോധിത രാജാവായ യേശുക്രിസ്തുവിന്റെ കാര്യത്തിൽ ഇതു സത്യമായിത്തന്നെ ഭവിക്കും. ഭൂമിമേലുള്ള അവന്റെ വാഴ്ച ദൈവേഷ്ടത്തിനു ചേർച്ചയിലായിരിക്കും.
നീതിയുടെയും ന്യായത്തിന്റെയും പ്രഭവസ്ഥാനത്തിലേക്ക് ജ്ഞാനിയായ ശലോമോൻ വിരൽചൂണ്ടുന്നു: “ഒത്ത വെള്ളിക്കോലും ത്രാസും യഹോവക്കുള്ളവ; സഞ്ചിയിലെ പടി ഒക്കെയും അവന്റെ പ്രവൃത്തിയാകുന്നു.” (സദൃശവാക്യങ്ങൾ 16:11) ഒത്ത വെള്ളിക്കോലും ത്രാസും യഹോവ നൽകിയതാണ്. ആ മാനദണ്ഡങ്ങൾ സ്വന്ത ഇഷ്ടപ്രകാരം രാജാവ് നിശ്ചയിക്കേണ്ടതല്ല. ഭൂമിയിലായിരിക്കെ യേശു ഇപ്രകാരം പറഞ്ഞു: “എനിക്കു സ്വതേ ഒന്നും ചെയ്വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.” ദൈവം “ന്യായവിധി എല്ലാം . . . കൊടുത്തിരിക്കുന്ന” പുത്രനിൽനിന്ന് നമുക്ക് സമ്പൂർണനീതി പ്രതീക്ഷിക്കാനാകും.—യോഹന്നാൻ 5:22, 30.
യഹോവയെ പ്രതിനിധീകരിക്കുന്ന ഒരു രാജാവിൽനിന്നു നമുക്ക് മറ്റെന്തുകൂടെ പ്രതീക്ഷിക്കാം? “ദുഷ്ടത പ്രവർത്തിക്കുന്നതു രാജാക്കന്മാർക്കു വെറുപ്പു; നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നത്” എന്നു ഇസ്രായേൽ രാജാവു പറയുന്നു. (സദൃശവാക്യങ്ങൾ 16:12) മിശിഹൈകരാജ്യം യഹോവയുടെ നീതിനിഷ്ഠമായ തത്ത്വങ്ങളാലാണ് നയിക്കപ്പെടുന്നത്. അതിന് “ദുഷ്ടസിംഹാസന”വുമായി യാതൊരു സഖ്യതയുമില്ല.—സങ്കീർത്തനം 94:20; യോഹന്നാൻ 18:36; 1 യോഹന്നാൻ 5:19.
രാജാവിന്റെ മുഖപ്രസാദം സമ്പാദിക്കുക
മഹത്ത്വവും പ്രതാപവുമുള്ള ഒരു രാജാവിന്റെ പ്രജകൾ എന്തു ചെയ്യണം? ശലോമോൻ പ്രസ്താവിക്കുന്നതിങ്ങനെ: “നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്കു പ്രസാദം; നേർ പറയുന്നവനെ അവർ സ്നേഹിക്കുന്നു. രാജാവിന്റെ ക്രോധം മരണദൂതന്നു തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.” (സദൃശവാക്യങ്ങൾ 16:13, 14) യഹോവയുടെ ആരാധകർ ഈ വാക്കുകൾ ശിരസ്സാവഹിച്ചുകൊണ്ട് രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയിൽ ഉത്സാഹത്തോടെ ഏർപ്പെടുന്നു. (മത്തായി 24:14; 28:19, 20) ഇത്തരത്തിൽ തങ്ങളുടെ അധരങ്ങൾ ഉപയോഗിക്കുന്നത് മിശിഹൈക രാജാവിനെ സംപ്രീതനാക്കുന്നുവെന്ന് അവർക്കറിയാം. ശക്തനായ ഒരു മാനുഷ ഭരണാധിപന്റെ അപ്രീതിക്കു പാത്രമാകുന്നതിനു പകരം അവന്റെ പ്രീതി നേടുന്നതായിരുന്നു ബുദ്ധി. അതിലും എത്രയോ ജ്ഞാനമാണ് മിശിഹൈക രാജാവിന്റെ അംഗീകാരം നേടുന്നത്!
ശലോമോൻ തുടരുന്നു: “രാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ടു; അവന്റെ പ്രസാദം പിന്മഴെക്കുള്ള മേഘം പോലെയാകുന്നു.” (സദൃശവാക്യങ്ങൾ 16:15) രാജാവിന്റെ ‘മുഖപ്രകാശം’ എന്നത് അവന്റെ അംഗീകാരം നേടുന്നതിനെ അർഥമാക്കുന്നു, ‘യഹോവയുടെ മുഖപ്രകാശം’ ദിവ്യ അംഗീകാരത്തെ അർഥമാക്കുന്നതുപോലെതന്നെ. (സങ്കീർത്തനം 44:3; 89:15) മഴമേഘങ്ങൾ വിളകളുടെ വളർച്ചയ്ക്ക് ആവശ്യമായ വെള്ളം ഉറപ്പു നൽകുന്നതുപോലെ രാജാവിന്റെ മുഖപ്രസാദം വരാനിരിക്കുന്ന നല്ലകാലത്തിന്റെ തെളിവാണ്. മിശിഹൈക രാജാവിന്റെ ഭരണത്തിനു കീഴിൽ ജീവിതം അനുഗൃഹീതവും ഐശ്വര്യപൂർണവും ആയിരിക്കും. ശലോമോൻ രാജാവിന്റെ ഭരണം ചെറിയതോതിൽ അങ്ങനെയായിരുന്നു.—സങ്കീർത്തനം 72:1-17.
സൂര്യനു കീഴെയുള്ള സകലത്തിന്മേലും ദൈവരാജ്യം നിയന്ത്രണം ഏറ്റെടുക്കാൻ നോക്കിപ്പാർത്തിരിക്കവേ ഹൃദയത്തെ നിർമലമാക്കാൻ നമുക്ക് അവന്റെ സഹായം തേടാം; യഹോവയിൽ ആശ്രയിക്കുകയും ദൈവഭയം നട്ടുവളർത്തുകയും ചെയ്യാം. അങ്ങനെ ചെയ്താൽ ‘നമ്മുടെ ഉദ്ദേശ്യങ്ങൾ സാധിക്കും,’ തീർച്ച.—സദൃശവാക്യങ്ങൾ 16:3.
[18-ാം പേജിലെ ചിത്രം]
യഹോവ “അനർത്ഥദിവസത്തിന്നായി ദുഷ്ടനെ” ഉണ്ടാക്കിയിരിക്കുന്നു എന്നതിന്റെ അർഥമെന്ത്?