ലോകത്തിന്റെ വിചിത്ര സങ്കൽപ്പങ്ങളെ ത്യജിക്കുക, രാജ്യ യാഥാർത്ഥ്യങ്ങളെ പിന്തുടരുക
“മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.”—മത്തായി 6:33.
1. ആലങ്കാരിക ഹൃദയത്തെ സംബന്ധിച്ച് ദൈവത്തിന്റെ വചനം എന്തു മുന്നറിയിപ്പാണ് നൽകുന്നത്, അതു നമ്മെ വഞ്ചിക്കുന്ന മുഖ്യവിധങ്ങളിൽ ഒന്ന് എന്താണ്?
“സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.” (സദൃശവാക്യങ്ങൾ 4:23) ജ്ഞാനിയായ ശലോമോൻ രാജാവ് ഈ മുന്നറിയിപ്പു നൽകുക ആവശ്യമായിരുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ “ഹൃദയം എല്ലാററിനെക്കാളും കപടവും വിഷമവുമുള്ളതു” ആകുന്നു. (യിരെമ്യാവു 17:9) നമ്മുടെ ആലങ്കാരിക ഹൃദയത്തിന് നമ്മെ വഞ്ചിക്കാൻ കഴിയുന്ന മുഖ്യവിധങ്ങളിലൊന്ന് ലോകത്തിന്റേതായ വിചിത്ര സങ്കൽപ്പങ്ങളിൽ നാം മുഴുകാൻ ഇടയാക്കുക എന്നതാണ്. വിചിത്ര സങ്കൽപ്പങ്ങൾ എന്നു പറഞ്ഞാൽ എന്താണ്? അവ അയഥാർത്ഥ ഭാവനകൾ, ദിവാസ്വപ്നങ്ങൾ, അലസ മനസ്സിന്റെ അലഞ്ഞു തിരിയലുകൾ ആണ്. ഈ ദിവാസ്വപ്നങ്ങൾ ലോകത്തിന്റേതായ വിചിത്ര സങ്കൽപ്പങ്ങളാകുമ്പോൾ അവ വെറും സമയം പാഴാക്കൽ മാത്രമല്ല, മറിച്ച്, ഹാനികരവും കൂടെയാണ്. അതുകൊണ്ട് നാം അവയെ പൂർണ്ണമായും ത്യജിക്കണം. വാസ്തവത്തിൽ, യേശു അധർമ്മത്തെ വെറുത്തതുപോലെ നാമും ചെയ്യുന്നുവെങ്കിൽ ലോകത്തിന്റേതായ വിചിത്രസങ്കൽപ്പങ്ങളിൽ മുഴുകുന്നതിനെതിരെ നാം നമ്മുടെ ഹൃദയത്തെ കാത്തു സൂക്ഷിക്കും.—എബ്രായർ 1:8, 9.
2. ലോകത്തിന്റെ വിചിത്ര സങ്കൽപ്പങ്ങൾ എന്നാൽ എന്താണ്, നാം അവയെ ത്യജിക്കേണ്ടത് എന്തുകൊണ്ട്?
2 എന്നാൽ ലോകത്തിന്റെ വിചിത്ര സങ്കൽപ്പങ്ങൾ എന്നു വച്ചാൽ എന്താണ്? അത് സാത്താന്റെ അധികാരത്തിൻകീഴിൽ കിടക്കുന്ന ലോകത്തിന്റെ സവിശേഷതയായിരിക്കുന്ന വിചിത്ര സങ്കൽപ്പങ്ങളാണ്. അതു സംബന്ധിച്ച് അപ്പൊസ്തലനായ യോഹന്നാൻ ഇപ്രകാരം എഴുതി: “ജഡമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതെല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.” (1 യോഹന്നാൻ 2:16; 5:19) ക്രിസ്ത്യാനികൾ ലോകത്തിന്റെ വിചിത്രസങ്കൽപ്പങ്ങളെ ത്യജിക്കേണ്ടത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ അത്തരം വിചിത്ര സങ്കൽപ്പങ്ങൾ മനസ്സിലും ഹൃദയത്തിലും സ്വാർത്ഥാഭിലാഷങ്ങൾ ഉണർത്തുന്നു. തെററായ കാര്യങ്ങൾ ചെയ്യുന്നതിനെപ്പററിയുള്ള ദിവാസ്വപ്നങ്ങൾ വാസ്തവത്തിൽ ഒരു വ്യക്തി യഥാർത്ഥത്തിൽ ചെയ്യാൻ പോകുന്ന കാര്യങ്ങളുടെ ഒരു പൂർവ്വാഭ്യാസം മനസ്സിൽ നടത്തുന്നതുപോലെയായിരിക്കാൻ കഴിയും. ശിഷ്യനായ യാക്കോബ് നമുക്ക് ഇപ്രകാരം മുന്നറിയിപ്പ് നൽകുന്നു: “ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.”—യാക്കോബ് 1:14, 15.
മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ
3. സ്വാർത്ഥപരമായ വിചിത്ര സങ്കൽപ്പങ്ങളുടെ ദോഷം സംബന്ധിച്ചുള്ള ഏററം പ്രമുഖമായ മുന്നറിയിപ്പിൻ ദൃഷ്ടാന്തം ആരുടേതാണ്?
3 ലോകത്തിന്റെ വിചിത്ര സങ്കൽപ്പങ്ങൾ ത്യജിക്കേണ്ടതു എന്തുകൊണ്ടെന്നു കാണിക്കുന്ന ദൃഷ്ടാന്തങ്ങൾ നമുക്കു പരിചിന്തിക്കാം. സ്വാർത്ഥപരമായ വിചിത്ര സങ്കൽപ്പങ്ങളിൽ മുഴുകുന്നതിൽ നിന്നുണ്ടാകുന്ന ദ്രോഹകരമായ ഫലത്തിന്റെ ഏററം മുന്തിയ ദൃഷ്ടാന്തം പിശാചായ സാത്താന്റേതു തന്നെയാണ്. അഖിലാണ്ഡ പരമാധികാരി എന്ന നിലയിലുള്ള യഹോവയുടെ അതുല്യമായ സ്ഥാനത്തെപ്പററി അസൂയ തോന്നുന്ന അളവോളം സ്വപ്രാധാന്യത്തിന്റെ വികാരങ്ങൾ വികാസം പ്രാപിക്കാൻ അവൻ അനുവദിച്ചു, ആരാധിക്കപ്പെടാൻ അവൻ ആഗ്രഹിക്കുകയും ചെയ്തു. (ലൂക്കോസ് 4:5-8) അയഥാർത്ഥമായ ഒരു വിചിത്രസങ്കൽപ്പം, അല്ലേ? തീർച്ചയായും! ഒരു ആയിരം വർഷത്തേക്ക് സാത്താൻ ബന്ധിക്കപ്പെടുമ്പോഴും വിശേഷിച്ച് രണ്ടാം മരണമായ “തീപ്പൊയ്ക”യിലേക്ക് അവൻ വലിച്ചെറിയപ്പെടുമ്പോഴും അത് സംശയാതീതമായി തെളിയിക്കപ്പെടും.—വെളിപ്പാട് 20:1-3, 10.
4. സാത്താൻ ഹവ്വായെ വഞ്ചിച്ചത് എങ്ങനെയാണ്?
4 ആദ്യ സ്ത്രീയായിരുന്ന ഹവ്വായുടെ സംഗതിയിൽ നമുക്കു മറെറാരു മുന്നറിയിപ്പിൻ ദൃഷ്ടാന്തമുണ്ട്. സാത്താന്റെ ദുരാഗ്രഹം സഫലമാക്കാനുള്ള ശ്രമത്തിൽ വിലക്കപ്പെട്ട കനി ഭക്ഷിച്ചാൽ ഹവ്വാ മരിക്കുകയില്ലെന്നും മറിച്ച്, നൻമയും തിൻമയും തിരിച്ചറിയുന്നവളായി അവൾ ദൈവത്തെപ്പോലെ ആയിത്തീരുമെന്നുമുള്ള വിചിത്ര സങ്കൽപ്പം അവളുടെ മനസ്സിൽ അവതരിപ്പിച്ചുകൊണ്ട് അവൻ അവളെ വശീകരിച്ചു. ആ വിചിത്ര സങ്കൽപ്പം അയഥാർത്ഥം, സ്വാർത്ഥപരം ആയിരുന്നോ? തീർച്ചയായും അങ്ങനെയായിരുന്നു. ഹവ്വായെയും അവളുടെ ഭർത്താവായ ആദാമിനെയും വിചാരണചെയ്തപ്പോൾ അവരുടെമേൽ യഹോവ ഉച്ചരിച്ച കുററവിധിയിൽ നിന്ന് നമുക്ക് കാണാൻ കഴിയുന്നതുപോലെ തന്നെ. അതിന്റെ ഫലമായി, അവർക്കുതന്നെയും അപൂർണ്ണരായിത്തീർന്ന അവരുടെ എല്ലാ സന്തതികൾക്കും പറുദീസയിൽ ജീവിക്കുന്നതിനുള്ള അവകാശം അവർ നഷ്ടമാക്കി.—ഉൽപത്തി 3:1-19; റോമർ 5:12.
5. ദൈവത്തിന്റെ ചില ദൂതപുത്രൻമാരുടെ വീഴ്ചക്ക് ഇടയാക്കിയത് എന്തായിരുന്നു, അവർക്ക് എന്തു ഫലത്തോടെ?
5 ദൈവത്തിന്റെ ചില ദൂതപുത്രൻമാരുടെ മുന്നറിയിപ്പിൻ ദൃഷ്ടാന്തവും നമുക്കുണ്ട്. (ഉൽപത്തി 6:1-4) യഹോവയുടെ സ്വർഗ്ഗീയ സാന്നിദ്ധ്യത്തിൽ തങ്ങൾ ആസ്വദിച്ച അനുഗ്രഹങ്ങളിൽ സംതൃപ്തരായിരിക്കുന്നതിനു പകരം ഭൂമിയിലെ സ്ത്രീകളെക്കുറിച്ചും അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് എത്ര ഉല്ലാസകരമായിരിക്കുമെന്നും ഉള്ള വിചിത്ര സങ്കൽപ്പങ്ങൾ അവർ വച്ചു പുലർത്തി. ഈ വിചിത്ര സങ്കൽപ്പങ്ങൾ അനുസരിച്ചു പ്രവർത്തിച്ചതിനാൽ ആ അനുസരണം കെട്ട ദൂതൻമാർ ഇപ്പോൾ യേശുക്രിസ്തുവിന്റെ ആയിരവർഷവാഴ്ചയുടെ അവസാനം തങ്ങൾക്കുണ്ടാകാൻ പോകുന്ന സമ്പൂർണ്ണ നാശം പ്രതീക്ഷിച്ച് ററാർട്ടറസ്സിലെ ആത്മീയാന്ധകാരത്തിൽ ബന്ധനത്തിൽ കഴിയുകയാണ്.—2 പത്രൊസ് 2:4; യൂദാ 6; വെളിപ്പാട് 20:10.
ലോകത്തിന്റെ വിചിത്ര സങ്കൽപ്പങ്ങളെ ത്യജിക്കുക
6, 7. ഭൗതിക ധനം സംബന്ധിച്ച ലോകത്തിന്റെ വിചിത്ര സങ്കൽപ്പങ്ങൾ ഉപദ്രവകരവും വഞ്ചനാത്മകവുമായിരിക്കുന്നത് എന്തുകൊണ്ടാണ്?
6 നമുക്ക് ഇപ്പോൾ സാത്താൻ പ്രോൽസാഹനം നൽകുന്ന ഏററം സാധാരണവും അപകടകരവുമായ വിചിത്ര സങ്കൽപ്പങ്ങളിലൊന്നു പരിഗണിക്കാം. ലോകത്തിന്റെ വിചിത്ര സങ്കൽപ്പങ്ങളിൽ മുഴുകാൻ എല്ലാവിധ മാദ്ധ്യമങ്ങളിലൂടെയും നാം പ്രലോഭിപ്പിക്കപ്പെടുന്നു. അവ മിക്കപ്പോഴും ധനത്തിനുവേണ്ടിയുള്ള തീവ്രമായ അഭിലാഷത്തിൽ നിന്ന് ഉളവാകുന്നു. ധനം ഉണ്ടായിരിക്കുന്നതിൽ അതിൽതന്നെ തെറെറാന്നുമില്ല. ദൈവഭക്തരായിരുന്ന അബ്രഹാമും ഇയ്യോബും ദാവീദ് രാജാവും വളരെ സമ്പന്നരായിരുന്നു, എന്നാൽ അവർക്ക് ഭൗതിക ധനത്തിനുവേണ്ടി തീവ്രമായ ആഗ്രഹമില്ലായിരുന്നു. ഭൗതികധനം സംബന്ധിച്ച വിചിത്ര സങ്കൽപ്പങ്ങൾ ധനസമ്പാദനത്തിനുവേണ്ടി അനേക വർഷങ്ങൾ കഠിനമായി അദ്ധ്വാനിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. അത്തരം വിചിത്ര സങ്കൽപ്പങ്ങൾ കുതിരപ്പന്തയം, ഭാഗ്യക്കുറി വാങ്ങൽ എന്നിവ പോലെയുള്ള എല്ലാത്തരം ഭാഗ്യപരീക്ഷണങ്ങളിലും ഉൾപ്പെടാനും അവരെ പ്രോൽസാഹിപ്പിക്കുന്നു. ധനത്തെ സംബന്ധിച്ചു നമുക്ക് മിഥ്യാ ധാരണകൾ വച്ചുപുലർത്താതിരിക്കാം. ഭൗതിക ധനം സുരക്ഷിതത്വം പ്രദാനം ചെയ്യുമെന്നു നമ്മൾ കരുതുന്നുവെങ്കിൽ, തികച്ചും യഥാർത്ഥമായ ഈ സദൃശവാക്യം പരിഗണിക്കുക: “ക്രോധദിവസത്തിൽ സമ്പത്തു ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.” (സദൃശവാക്യങ്ങൾ 11:4) വാസ്തവമായും, “മഹോപദ്രവ”ത്തെ അതിജീവിക്കുന്നതിന് ഭൗതിക ധനം ഒരു പ്രകാരത്തിലും ഉപകരിക്കുകയില്ല.—മത്തായി 24:21; വെളിപ്പാട് 7:9, 14.
7 ഭൗതിക ധനത്തിന് എളുപ്പത്തിൽ നമ്മെ വഞ്ചിക്കാൻ കഴിയും. അതുകൊണ്ടാണ് നമ്മോട് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നത്: “ധനവാന്നു തന്റെ സമ്പത്തു ഉറപ്പുള്ള പട്ടണം; അത് അവന്നു ഉയർന്ന മതിൽ ആയിത്തോന്നുന്നു.” (സദൃശവാക്യങ്ങൾ 18:11) അതെ, “അവന്നു തോന്നു”ക മാത്രം ചെയ്യുന്നു, കാരണം അനിയന്ത്രിതമായ പണപ്പെരുപ്പത്തിന്റെയും സാമ്പത്തിക തകർച്ചയുടെയും രാഷ്ട്രീയ പ്രക്ഷുബ്ധതയുടെയും അല്ലെങ്കിൽ മാരകമായ രോഗങ്ങളുടെയും സമയങ്ങളിൽ ഭൗതിക ധനം കാര്യമായ യാതൊരു സംരക്ഷണവും വച്ചു നീട്ടുന്നില്ല. നമ്മുടെ ആശ്രയം ഭൗതിക ധനത്തിൽ വയ്ക്കുന്നതിന്റെ മൗഢ്യത്തെ സംബന്ധിച്ചു യേശുക്രിസ്തു മുന്നറിയിപ്പു നൽകി. (ലൂക്കോസ് 12:13-21) അപ്പൊസ്തലനായ പൗലോസിന്റെ മുന്നറിയിപ്പിൻ വാക്കുകളും നമുക്കുണ്ട്: “ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.”—1 തിമൊഥെയൊസ് 6:10.
8. ലൈംഗിക സ്വഭാവത്തിലുള്ള ലോകത്തിന്റെ വിചിത്ര സങ്കൽപ്പങ്ങൾ എത്ര വ്യാപകമാണ്, അത് എന്തു അപകടങ്ങൾക്കിടയാക്കുന്നു?
8 മററു വിചിത്രസങ്കൽപ്പങ്ങൾ നിയമവിരുദ്ധ ലൈംഗികതയോട് ബന്ധപ്പെട്ടിരിക്കുന്നു. ചില ടെലിഫോൺ നമ്പറുകൾ ഡയൽചെയ്യുന്നതിനാലും അശ്ലീല സന്ദേശങ്ങൾ ശ്രദ്ധിക്കുന്നതിനാലും ലഭ്യമാകുന്ന വൃത്തികെട്ട ഭാഷയുടെ ജനപ്രീതിയിൽ നിന്ന് പാപപൂർണ്ണമായ മാനുഷപ്രകൃതി ലൈംഗിക വിചിത്ര സങ്കൽപ്പങ്ങളിലെ മുഴുകൽ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നു കാണാൻ കഴിയും. ഐക്യനാടുകളിൽ ടെലിഫോണിലൂടെ ലഭിക്കുന്ന അശ്ലീല സംസാരം അനേകകോടി ഡോളറിന്റെ ഒരു വമ്പൻ ബിസിനസ്സാണ്. നിയമവിരുദ്ധ ലൈംഗികതയിൽ നമ്മുടെ മനസ്സുകൾ വ്യാപരിക്കാൻ നാം അനുവദിക്കുകയാണെങ്കിൽ നാം ശുദ്ധിയുള്ള ക്രിസ്ത്യാനികളായി കാണപ്പെടുക മാത്രം ചെയ്യുന്ന കപടവേഷക്കാരായിരിക്കുകയില്ലേ? അത്തരം വിചിത്ര സങ്കൽപ്പങ്ങൾ അധാർമ്മികമായ ബന്ധങ്ങളിലേക്കു നയിച്ചേക്കാമെന്ന അപകടവുമില്ലേ? ഇതു സംഭവിച്ചിട്ടുണ്ട്, പരസംഗമോ വ്യഭിചാരമോ ചെയ്തതിന്റെ പേരിൽ ചിലർ ക്രിസ്തീയ സഭയിൽ നിന്ന് പുറത്താക്കപ്പെടാനും ഇടയായിട്ടുണ്ട്. മത്തായി 5:27, 28-ലെ യേശുവിന്റെ വാക്കുകളുടെ വീക്ഷണത്തിൽ തുടർച്ചയായി അത്തരം വിചിത്ര സങ്കൽപ്പങ്ങളിൽ മുഴുകുന്നവരെല്ലാം തങ്ങളുടെ ഹൃദയങ്ങളിൽ വ്യഭിചാരം ചെയ്യുന്നതു സംബന്ധിച്ചു കുററക്കാരല്ലേ?
9. ലോകത്തിന്റെ വിചിത്ര സങ്കൽപ്പങ്ങൾക്കെതിരെ നമുക്കു മുന്നറിയിപ്പു നൽകാൻ തിരുവെഴുത്തുകളിൽ എന്തു നല്ല ബുദ്ധ്യുപദേശമുണ്ട്?
9 അത്തരം വിചിത്ര സങ്കൽപ്പങ്ങളിൽ മുഴുകാനുള്ള നമ്മുടെ പാപപൂർണ്ണമായ ഹൃദയങ്ങളുടെ ചായ്വിനെ ചെറുക്കുന്നതിന് പൗലോസിന്റെ മുന്നറിയിപ്പു നാം മനസ്സിൽ പിടിക്കേണ്ടതുണ്ട്: “അവന്നു [ദൈവത്തിനു] മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവന്നുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു.” (എബ്രായർ 4:13) “അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറച്ചുനിന്ന” മോശെയെപ്പോലെയായിരിക്കാൻ നാം എല്ലായ്പ്പോഴും ആഗ്രഹിക്കണം. (എബ്രായർ 11:27) അതെ, ലോകത്തിന്റേതായ വിചിത്ര സങ്കൽപ്പങ്ങൾ യഹോവക്ക് അപ്രീതികരമാണെന്നും അവക്കു നമ്മെ ഉപദ്രവിക്കാൻ മാത്രമേ കഴിയുകയുള്ളുവെന്നും നാം നമ്മോടുതന്നെ പറഞ്ഞുകൊണ്ടിരിക്കണം. ദൈവാത്മാവിന്റെ സകല ഫലങ്ങളും, വിശേഷിച്ചും ആത്മനിയന്ത്രണം, നട്ടുവളർത്തുന്നിൽ നാം താൽപ്പരരായിരിക്കണം, എന്തുകൊണ്ടെന്നാൽ നാം ജഡത്തിൽ വിതച്ചാൽ ജഡത്തിൽ നിന്ന് നാശം കൊയ്യും എന്ന വസ്തുതയിൽ നിന്ന് നമുക്ക് രക്ഷപ്പെടാനാവില്ല.—ഗലാത്യർ 5:22, 23; 6:7, 8.
രാജ്യത്തിന്റെ യാഥാർത്ഥ്യങ്ങൾ
10, 11. (എ) ഒരു സ്രഷ്ടാവുണ്ട് എന്ന യാഥാർത്ഥ്യത്തിന് അനുകൂലമായി വാദിക്കാൻ എന്തു വസ്തുതകളുണ്ട്? (ബി) ബൈബിൾ യഥാർത്ഥത്തിൽ ദൈവത്തിന്റെ വചനമാണ് എന്നുള്ളതിന് എന്തു തെളിവാണുള്ളത്? (സി) ദൈവരാജ്യത്തിന്റെ രാജാവ് യഥാർത്ഥത്തിൽ സ്ഥിതിചെയ്യുന്നുണ്ട് എന്നുള്ളതിന് എന്തു തെളിവുണ്ട്?
10 ലോകത്തിന്റെ വിചിത്ര സങ്കൽപ്പങ്ങളെ ത്യജിക്കാനുള്ള ഏററം നല്ല മാർഗ്ഗം രാജ്യ യാഥാർത്ഥ്യങ്ങളെ പിന്തുടരുകയാണ്. ദൈവത്താൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന രാജ്യയാഥാർത്ഥ്യങ്ങൾ ലോകത്തിന്റെ വിചിത്ര സങ്കൽപ്പങ്ങൾക്ക് കടകവിരുദ്ധമായി നിലകൊള്ളുന്നു. ദൈവം ഒരു യാഥാർത്ഥ്യമാണോ? അവന്റെ അസ്തിത്വം സംബന്ധിച്ച് യാതൊരു സംശയവുമില്ല. ദൃശ്യമായിരിക്കുന്ന അവന്റെ സൃഷ്ടികൾ ആ വസ്തുതക്കു സാക്ഷ്യം വഹിക്കുന്നു. (റോമർ 1:20) നൂറിലേറെ വർഷങ്ങൾക്കു മുമ്പ് വാച്ച്ടവർ സൊസൈററി പ്രസിദ്ധീകരിച്ച യുഗങ്ങളുടെ ദൈവിക നിർണ്ണയം എന്ന പുസ്തകം പറഞ്ഞത് നമ്മുടെ ഓർമ്മയിലേക്ക് വരുത്തപ്പെടുന്നു: “ഒരു ദൂരദർശിനിയിലൂടെയോ അല്ലെങ്കിൽ തന്റെ സ്വാഭാവിക കണ്ണുകളിലൂടെയോ ആകാശത്തേക്കു നോക്കാനും സൃഷ്ടിയുടെ അപരിമേയത്വവും അതിന്റെ പൊരുത്തം, സൗന്ദര്യം, ക്രമം, പരസ്പര യോജിപ്പ്, വൈവിദ്ധ്യം എന്നിവയും കാണാനും കഴിയുന്ന ഒരുവൻ എന്നിട്ടും ഇവയുടെയെല്ലാം സ്രഷ്ടാവ് ജ്ഞാനത്തിലും ശക്തിയിലും അയാളേക്കാൾ വളരെ ശ്രേഷ്ഠനാണ് എന്നതിനെ സംശയിക്കുന്നുവെങ്കിൽ, അല്ലെങ്കിൽ ആ ക്രമമെല്ലാം ഒരു സ്രഷ്ടാവിനെക്കൂടാതെ യാദൃച്ഛികമായി വന്നു എന്നു ഒരു നിമിഷനേരത്തേക്കുപോലും വിചാരിക്കുന്നുവെങ്കിൽ, അയാൾ ബൈബിൾ അയാളെ ഏതു പേരിനാൽ വിളിക്കുന്നുവോ അത്തരം ഒരു മൂഢനായി (ന്യായബോധത്തെ അവഗണിക്കുന്നവൻ അല്ലെങ്കിൽ അതില്ലാത്തവൻ) ഉചിതമായും പരിഗണിക്കപ്പെടാൻ തക്കവണ്ണം അയാൾക്ക് വിശേഷബുദ്ധി നഷ്ടപ്പെടുകയോ അയാൾ അത് അവഗണിക്കുകയോ ചെയ്തിരിക്കുന്നു.”—സങ്കീർത്തനം 14:1.
11 രാജ്യത്തെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം നാം ബൈബിളിൽ നിന്നു പഠിക്കുന്നു. ബൈബിൾ വാസ്തവമായും ദൈവത്തിന്റെ എഴുതപ്പെട്ട വചനമാണോ? തീർച്ചയായും, അതിന്റെ പരസ്പര യോജിപ്പ്, ശാസ്ത്രീയ കൃത്യത, ആളുകളുടെ ജീവിതത്തിനു മാററം വരുത്താനുള്ള അതിന്റെ ശക്തി, വിശേഷിച്ച് അതിലെ പ്രവചനങ്ങളുടെ നിവൃത്തി എന്നിവയിൽ നിന്നെല്ലാം കാണാൻ കഴിയുന്നതുപോലെ തന്നെ.a ദൈവരാജ്യത്തിന്റെ രാജാവായ യേശുക്രിസ്തുവിനെ സംബന്ധിച്ചെന്ത്? അവൻ യഥാർത്ഥത്തിൽ ജീവിച്ചിരുന്നോ? സുവിശേഷ വിവരണങ്ങളും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിലെ ദിവ്യനിശ്വസ്ത ലേഖനങ്ങളും അസന്ദിഗ്ദ്ധമായും വാചാലമായും യേശുക്രിസ്തു ഒരു ചരിത്രപുരുഷനാണെന്നുള്ളതിനു സാക്ഷ്യം വഹിക്കുന്നു. യേശുവിന്റെ ചരിത്രയാഥാർത്ഥ്യത്തിന് ഒരു വ്യക്തിയെന്ന നിലയിൽ അവനെ പരാമർശിക്കുന്ന യഹൂദ തൽമൂദിന്റെ സാക്ഷ്യവുമുണ്ട്. പൊ. യു. ഒന്നാം നൂററാണ്ടിലെ യഹൂദ, റോമൻ ചരിത്രകാരൻമാരും അങ്ങനെ ചെയ്യുന്നുണ്ട്.
12, 13. ദൈവരാജ്യം ഒരു യാഥാർത്ഥ്യമാണ് എന്നുള്ളതിന് എന്തു വസ്തുതകൾ സാക്ഷ്യം വഹിക്കുന്നു?
12 രാജ്യത്തിന്റെ തന്നെ യാഥാർത്ഥ്യം സംബന്ധിച്ചെന്ത്? പ്രമുഖനായ ഒരു പ്രെസ്ബിറേററിയൻ സഭാംഗത്തിന്റെ ഈ പരിഭവത്തിൽ നിന്ന് കാണാൻ കഴിയുന്നതുപോലെ ക്രൈസ്തവലോകത്താൽ അത് പൊതുവേ അവഗണിക്കപ്പെട്ടിരിക്കുന്നു: “തന്റെ ജനങ്ങൾക്കു രാജ്യം ഒരു യാഥാർത്ഥ്യമാണെന്ന് ഒരു ശുശ്രൂഷകൻ അവരോട് വിശദീകരിക്കാൻ ശ്രമിക്കുന്നതു ഞാൻ കേട്ടിട്ട് ഇപ്പോൾ തീർച്ചയായും മുപ്പതിലേറെ വർഷങ്ങളായിരിക്കുന്നു.” എന്നിരുന്നാലും, രാജ്യം മുഖാന്തരമുള്ള യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണമാണ് അവന്റെ വചനത്തിന്റെ വിഷയം. ഇപ്രകാരം പറഞ്ഞുകൊണ്ട് ദൈവം തന്നെ രാജ്യം സംബന്ധിച്ചുള്ള ആദ്യ വാഗ്ദാനം നൽകി: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പത്തി 3:15) രാജ്യം ഇസ്രയേൽ എന്ന രാഷ്ട്രത്താൽ മുൻനിഴലാക്കപ്പെട്ടു, വിശേഷിച്ചും ശലോമോൻ രാജാവിന്റെ ഭരണകാലത്ത്. (സങ്കീർത്തനം 72) കൂടാതെ യേശുവിന്റെ പ്രസംഗ വിഷയം രാജ്യമായിരുന്നു. (മത്തായി 4:17) മത്തായി 13-ാം അദ്ധ്യായത്തിലേതുപോലുള്ള തന്റെ അനേകം ഉപമകളിൽ അവൻ അതു വിശേഷവൽക്കരിച്ചു. രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കാനും ഒന്നാമതായി അത് അന്വേഷിക്കാനും യേശു നമ്മോടു പറഞ്ഞു. (മത്തായി 6:9, 10, 33) വാസ്തവത്തിൽ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ ദൈവരാജ്യം ഏതാണ്ട് 150 പ്രാവശ്യം പരാമർശിക്കപ്പെട്ടിട്ടുണ്ട്.
13 രാജ്യം ശക്തിയും അധികാരവുമുള്ള ഒരു യഥാർത്ഥ ഗവൺമെൻറാണ്, ന്യായമായ എല്ലാ പ്രതീക്ഷകളും അതു നിവർത്തിക്കുകയും ചെയ്യും. അതിന് ബൈബിളിൽ കാണപ്പെടുന്ന ഒരു നിയമ സംഹിതയുണ്ട്. രാജ്യം ഇപ്പോൾതന്നെ അനേക കാര്യങ്ങൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നു. അതിനു വിശ്വസ്തരായ പ്രജകളുണ്ട്—40,00,000-ത്തിലധികം യഹോവയുടെ സാക്ഷികൾ. മത്തായി 24:14-ന്റെ നിവൃത്തിയായി 211 രാജ്യങ്ങളിൽ അവർ ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. അവരുടെ 1991 എന്ന സേവനവർഷത്തിൽ അവർ രാജ്യദൂതു പ്രസംഗിക്കുന്നതിനുവേണ്ടി 95,18,70,021 മണിക്കൂറുകൾ ചെലവഴിച്ചു. ജനലക്ഷങ്ങൾ ബൈബിൾ സത്യത്തിന്റെ “നിർമ്മലഭാഷ” പഠിക്കവേ ഈ പ്രവർത്തനം അനുഭവവേദ്യവും നിലനിൽക്കുന്നതുമായ ഫലങ്ങൾ ഉൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു.—സെഫന്യാവ് 3:9.
രാജ്യ യാഥാർത്ഥ്യങ്ങൾ പിന്തുടരൽ
14. ദൈവരാജ്യം ഒരു യാഥാർത്ഥ്യമാണ് എന്നതിനോടുള്ള നമ്മുടെ വിലമതിപ്പിനെ നമുക്ക് എങ്ങനെ ബലിഷ്ഠമാക്കാൻ കഴിയും?
14 അപ്പോൾ നമുക്ക് എങ്ങനെ രാജ്യ താൽപ്പര്യങ്ങൾ പിന്തുടരാൻ കഴിയും? നമ്മുടെ പ്രത്യാശ ശക്തമായ ബോദ്ധ്യത്തിൻമേൽ സുരക്ഷിതമായി അടിസ്ഥാനപ്പെടുത്തിയതായിരിക്കണം. ദൈവത്തിന്റെ വാഗ്ദത്തം ചെയ്യപ്പെട്ട പുതിയ ലോകം നമുക്ക് യഥാർത്ഥമായിരിക്കണം. (2 പത്രൊസ് 3:13) ദൈവം [നമ്മുടെ] “കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല” എന്ന വാഗ്ദത്തത്തിൽ നമുക്ക് വിശ്വാസമുണ്ടായിരിക്കയും വേണം. (വെളിപ്പാട് 21:4) ഇത് ഒരു വിചിത്ര സങ്കൽപ്പമല്ലെന്ന് നമുക്കെങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും? അത് നിശ്ചയമായും ദൈവത്തിന്റെ തക്ക സമയത്തു നിവൃത്തിയാകും, കാരണം അവനു ഭോഷ്കു പറയുക അസാദ്ധ്യമാണ്. (തീത്തൊസ് 1:1, 2; എബ്രായർ 6:18) നാം ഈ വാഗ്ദത്തങ്ങളെക്കുറിച്ചു ധ്യാനിക്കേണ്ടതുണ്ട്. നാം ദൈവത്തിന്റെ പുതിയ ലോകത്തിൽ ആയിരിക്കുന്നതായും അതിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതായും ഭാവനയിൽ കാണുന്നത് അയഥാർത്ഥമായ ഒരു വിചിത്ര സങ്കൽപ്പമല്ല, മറിച്ച് അത് വിശ്വാസമുണ്ടെന്നുള്ളതിന്റെ തെളിവാണ്. പൗലോസ് നിർവ്വചിച്ച പ്രകാരം വിശ്വാസം എന്നത് “പ്രത്യാശിക്കുന്ന കാര്യങ്ങളുടെ ഉറപ്പു ലഭിച്ച പ്രതീക്ഷയും കാണപ്പെടാത്തതെങ്കിലും യാഥാർത്ഥ്യങ്ങളുടെ പ്രത്യക്ഷപ്രകടനവുമാണ്.” (എബ്രായർ 11:1, NW) ക്രമമായി, ദൈവവചനത്തിൽ നിന്നും അത് മനസ്സിലാക്കാനും ബാധകമാക്കാനും നമ്മെ സഹായിക്കുന്ന ക്രിസ്തീയ പ്രസിദ്ധീകരണങ്ങളിൽ നിന്നും ഭക്ഷിച്ചുകൊണ്ട് നമുക്കു നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കാം. ഔപചാരികമായും അനൗപചാരികമായും രാജ്യത്തെപ്പററി മററുള്ളവരോടു സംസാരിക്കാൻ നാം എത്രയധികം സമയം ചെലവഴിക്കുന്നുവോ അത്രയധികം നാം അതിലുള്ള നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുകയും നമ്മുടെ പ്രത്യാശയെ ശോഭനമാക്കുകയും ചെയ്യും.
15. ക്രിസ്തീയ ശുശ്രൂഷ സംബന്ധിച്ച് നമുക്ക് എന്ത് കടപ്പാടുണ്ട്?
15 നമ്മുടെ ശുശ്രൂഷയുടെ ഗുണം മെച്ചപ്പെടുത്തിക്കൊണ്ടും നാം രാജ്യ യാഥാർത്ഥ്യങ്ങളോടുള്ള യോജിപ്പിൽ പ്രവർത്തിക്കേണ്ടതുണ്ട്. ഇനിയും വളരെയധികം വേല ചെയ്യാനുള്ളതുകൊണ്ടു നമുക്ക് നമ്മുടെ ശുശ്രൂഷയുടെ ഗുണം എങ്ങനെ മെച്ചപ്പെടുത്താൻ കഴിയും? (മത്തായി 9:37, 38) പഠിക്കാൻ കഴിയാത്തവണ്ണം ഒരുവന് പ്രായം ഒരിക്കലും അധികമാകുന്നില്ല എന്ന ചൊല്ല് സത്യമാണ്. എത്രയേറെ വർഷങ്ങളായി നാം സാക്ഷീകരണ വേലയിൽ പങ്കുപററുന്നവരായിരുന്നാലും നമുക്ക് മെച്ചപ്പെടാൻ കഴിയും. ദൈവവചനം കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ഫലപ്രദരായിത്തീരുന്നതിനാൽ രാജാവായ യേശുക്രിസ്തുവിന്റെ ശബ്ദം കേൾക്കുന്നതിനു മററുള്ളവരെ സഹായിക്കാൻ നാം കൂടുതൽ പ്രാപ്തരായിത്തീരുന്നു. (യോഹന്നാൻ 10:16 താരതമ്യം ചെയ്യുക.) ആളുകളുടെ നിത്യവിധിയാണ് ഉൾപ്പെട്ടിരിക്കുന്നത് എന്ന് നാം ഗൗനിക്കുമ്പോൾ അവർ എവിടെ നിൽക്കുന്നു, “ചെമ്മരിയാടു”കളാണോ “കോലാടു”കളാണോ എന്നു പ്രകടമാക്കാൻ അവർക്ക് ആവർത്തിച്ച് അവസരങ്ങൾ നൽകാൻ വേണ്ടി നന്നായി നമ്മുടെ പ്രദേശം പ്രവർത്തിച്ചു തീർക്കാൻ നാം ആഗ്രഹിക്കണം. (മത്തായി 25:31-46) തീർച്ചയായും, അതിന്റെ അർത്ഥം വീട്ടിലില്ലാത്തവരുടെയും വിശേഷിച്ച് രാജ്യദൂതിൽ താൽപ്പര്യമുള്ളവരുടെയും ശ്രദ്ധാപൂർവ്വമായ രേഖ സൂക്ഷിക്കുക എന്നതാണ്.
രാജ്യം അന്വേഷിക്കുന്നതിൽ തുടരുക
16. രാജ്യ യാഥാർത്ഥ്യങ്ങളെ പിന്തുടരുന്നതിൽ ഒരു നല്ല ദൃഷ്ടാന്തം വച്ചിരിക്കുന്നത് ആരാണ്? അവർ രാജ്യം “പിടിച്ചടക്കു”ന്നത് എങ്ങനെയാണ്?
16 രാജ്യയാഥാർത്ഥ്യങ്ങൾ അന്വേഷിക്കുന്നതിൽ തുടരുന്നതിന് ആത്മാർത്ഥമായ ശ്രമം ആവശ്യമാണ്. അഭിഷിക്ത ക്രിസ്ത്യാനികളിൽ ശേഷിപ്പുള്ളവരുടെ തീക്ഷ്ണതയുള്ള ദൃഷ്ടാന്തത്താൽ നാം പ്രോൽസാഹിതരാകുന്നില്ലേ? അവർ ദശകങ്ങളായി രാജ്യ യാഥാർത്ഥ്യങ്ങളെ പിന്തുടർന്നുകൊണ്ടാണിരുന്നിട്ടുള്ളത്. ഈ അന്വേഷണം യേശുവിന്റെ വാക്കുകളിൽ ഇപ്രകാരം വർണ്ണിക്കപ്പെട്ടു: “യോഹന്നാൻ സ്നാപകന്റെ നാളുകൾ മുതൽ ഇന്നോളം ആളുകൾ തള്ളിക്കയറുന്ന ലക്ഷ്യം സ്വർഗ്ഗരാജ്യമാണ്, തള്ളിക്കയറുന്നവർ അത് പിടിച്ചടക്കുന്നു.” (മത്തായി 11:12, NW) ശത്രുക്കൾ രാജ്യം പിടിച്ചടക്കുന്നു എന്നതല്ല ഇവിടത്തെ ആശയം. മറിച്ച് രാജ്യം ലഭിക്കാനുള്ളവരുടെ നിരയിലായിരിക്കുന്നവരുടെ പ്രവർത്തനത്തെ സംബന്ധിച്ചാണിത്. ഒരു ബൈബിൾ പണ്ഡിതൻ ഇപ്രകാരം പറഞ്ഞു: “സമീപസ്തമായിക്കൊണ്ടിരിക്കുന്ന മശിഹൈക രാജ്യത്തിനുവേണ്ടിയുള്ള ഉൽസാഹപൂർവ്വവും ചെറുക്കാനാവാത്തതുമായ ശ്രമവും കഠിന പോരാട്ടവുമാണ് ഈ വിധത്തിൽ വർണ്ണിക്കപ്പെട്ടിരിക്കുന്നത്.” രാജ്യം സ്വന്തമാക്കാൻ വേണ്ടി അഭിഷിക്തർ സർവ്വശ്രമവും ചെയ്തിരിക്കുന്നു. ദൈവത്തിന്റെ സ്വർഗ്ഗീയ രാജ്യത്തിന്റെ ഭൗമിക പ്രജകളായിരിക്കാനുള്ള യോഗ്യത സമ്പാദിക്കുന്നതിന് അതുപോലുള്ള കഠിന ശ്രമം “വേറെ ആടുകളു”ടെ ഭാഗത്തും ആവശ്യമാണ്.—യോഹന്നാൻ 10:16.
17. ലോകത്തിന്റെ വിചിത്ര സങ്കൽപ്പങ്ങളെ പിന്തുടരുന്നവരുടെ ഓഹരി എന്തായിരിക്കും?
17 സത്യമായും, അവസരത്തിന്റേതായ ഒരു പ്രത്യേക കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ലോകത്തിന്റെ വിചിത്ര സങ്കൽപ്പങ്ങളെ അനുധാവനം ചെയ്യുന്നവർ എന്നെങ്കിലും ഒരു ദിവസം നഗ്നമായ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാൻ തക്കവണ്ണം ഉണരും. അവരുടെ അവസ്ഥ ഈ വാക്കുകളിൽ നന്നായി വിവരിക്കപ്പെട്ടിരിക്കുന്നു: “വിശന്നിരിക്കുന്നവൻ താൻ ഭക്ഷിക്കുന്നു എന്നു സ്വപ്നം കണ്ടിട്ടു ഉണരുമ്പോൾ വിശന്നിരിക്കുന്നതുപോലെയും ദാഹിച്ചിരിക്കുന്നവൻ താൻ പാനംചെയ്യുന്നു എന്നു സ്വപ്നം കണ്ടിട്ടു ഉണരുമ്പോൾ ക്ഷീണിച്ചും ദാഹിച്ചും ഇരിക്കുന്നതുപോലെയും . . . ഇരിക്കും.” (യെശയ്യാവ് 29:8) തീർച്ചയായും ലോകത്തിന്റെ വിചിത്ര സങ്കൽപ്പങ്ങൾ ആരെയും ഒരിക്കലും സംതൃപ്തരും സന്തുഷ്ടരും ആക്കുകയില്ല.
18. രാജ്യ യാഥാർത്ഥ്യത്തിന്റെ വീക്ഷണത്തിൽ നാം ഏതു ഗതി പിന്തുടരണം, എന്തു ഭാവി പ്രതീക്ഷയുടെ വീക്ഷണത്തിൽ?
18 യഹോവയുടെ രാജ്യം ഒരു യാഥാർത്ഥ്യമാണ്. അത് സജീവമായി ഭരണം നടത്തുന്നുണ്ട്, അതേസമയം ഈ ദുഷ്ടവ്യവസ്ഥിതി പെട്ടെന്നുള്ളതും നിത്യവുമായ ഒരു നാശത്തെ അഭിമുഖീകരിക്കുന്നു. അതുകൊണ്ട് പൗലോസിന്റെ ബുദ്ധ്യുപദേശം കാര്യമായി എടുക്കുക; “ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക.” (1 തെസ്സലൊനീക്യർ 5:6) നാം നമ്മുടെ ഹൃദയങ്ങളെയും മനസ്സുകളെയും രാജ്യ യാഥാർത്ഥ്യങ്ങളിൽ കേന്ദ്രീകരിക്കുന്നതിനും അതുവഴി നിത്യാനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിനും ഇടയാകട്ടെ. ആ രാജ്യത്തിന്റെ രാജാവു നമ്മോട് ഇപ്രകാരം പറയുന്നതായി കേൾക്കുന്നതും നമ്മുടെ ഓഹരിയായിരിക്കട്ടെ: “എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.”—മത്തായി 25:34.
[അടിക്കുറിപ്പ്]
a ദ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ചിരിക്കുന്ന ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (The Bible—God’s Word or Man’s) എന്ന പുസ്തകം കാണുക.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ ലോകത്തിന്റെ വിചിത്ര സങ്കൽപ്പങ്ങൾ എന്താണ്, നാം അവയെ ത്യജിക്കേണ്ടത് എന്തുകൊണ്ട്?
◻ ഏതു ദൃഷ്ടാന്തങ്ങൾ ലോകത്തിന്റെ വിചിത്ര സങ്കൽപ്പങ്ങളിൽ മുഴുകുന്നതിന്റെ മൗഢ്യം പ്രകടമാക്കുന്നു?
◻ സ്രഷ്ടാവ്, അവന്റെ എഴുതപ്പെട്ട വചനം, യേശുക്രിസ്തു, രാജ്യം ഇവ യാഥാർത്ഥ്യമാണ് എന്ന് ഏതു വസ്തുതകൾ തെളിയിക്കുന്നു?
◻ രാജ്യ യാഥാർത്ഥ്യങ്ങളിലുള്ള നമ്മുടെ വിശ്വാസം നമുക്ക് എങ്ങനെ ബലിഷ്ഠമാക്കാൻ കഴിയും?
[15-ാം പേജിലെ ചിത്രം]
ഭൗതിക ധനത്തിനുവേണ്ടിയുള്ള അത്യാഗ്രഹമാണ് മിക്കപ്പോഴും ലോകത്തിന്റെ വിചിത്ര സങ്കൽപ്പങ്ങൾക്ക് ഇടയാക്കുന്നത്
[16-ാം പേജിലെ ചിത്രം]
രാജ്യ യാഥാർത്ഥ്യങ്ങൾ പിന്തുടരുന്നതിനുള്ള ഒരു മാർഗ്ഗം സുവാർത്ത പ്രസംഗിക്കുക എന്നതാണ്
[17-ാം പേജിലെ ചിത്രം]
ഉൽസാഹപൂർവ്വം ദൈവത്തിന്റെ വചനം പഠിച്ചുകൊണ്ട് നിങ്ങൾ രാജ്യയാഥാർത്ഥ്യങ്ങളെ പിന്തുടരുന്നുണ്ടോ?