പഠനലേഖനം 41
നമ്മുടെ “കരുണാസമ്പന്നനായ” ദൈവം
“യഹോവ എല്ലാവർക്കും നല്ലവൻ; ദൈവത്തിന്റെ പ്രവൃത്തികളിലെല്ലാം കരുണ കാണാം.”—സങ്കീ. 145:9.
ഗീതം 44 എളിയവന്റെ പ്രാർഥന
പൂർവാവലോകനംa
1. കരുണയുള്ള ആളെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്തായിരിക്കും നമ്മുടെ മനസ്സിലേക്കു വരുന്നത്?
കരുണയുള്ള ഒരാളെക്കുറിച്ച് ചിന്തിക്കുമ്പോൾ നല്ല ദയയും സ്നേഹവും അനുകമ്പയും ഉദാരതയും ഒക്കെയുള്ള ഒരാളായിരിക്കും നിങ്ങളുടെ മനസ്സിലേക്കു വരുന്നത്. യേശു പറഞ്ഞ നല്ല ശമര്യക്കാരനെക്കുറിച്ചുള്ള ആ കഥ നമ്മുടെ ഓർമയിലേക്കു വന്നേക്കാം. കവർച്ചക്കാരുടെ കൈയിൽ അകപ്പെട്ട ഒരു ജൂതനോടു മറ്റൊരു ജനതയിൽപ്പെട്ട ആ വ്യക്തി ‘കരുണ കാണിച്ചു.’ മുറിവേറ്റ ആ ജൂതനെ കണ്ട് “മനസ്സ് അലിഞ്ഞ” ആ ശമര്യക്കാരൻ സ്നേഹത്തോടെ അദ്ദേഹത്തിനു വേണ്ട സഹായമെല്ലാം ചെയ്തുകൊടുത്തു. (ലൂക്കോ. 10:29-37) ഈ ദൃഷ്ടാന്തം കരുണ എന്ന മനോഹരമായ ഗുണത്തെക്കുറിച്ചാണു നമ്മളെ പഠിപ്പിക്കുന്നത്. യഹോവ ദിവസവും ഓരോരോ വിധങ്ങളിൽ നമ്മളോടു കരുണ കാണിക്കുന്നുണ്ട്. വാസ്തവത്തിൽ ദൈവസ്നേഹത്തിന്റെ ഒരു വശമാണു കരുണ.
2. കരുണയുടെ മറ്റൊരു വശം ഏതാണ്?
2 ഇനി, കരുണയുടെ മറ്റൊരു വശത്തെക്കുറിച്ച് നമുക്കു ചിന്തിക്കാം. കരുണയുള്ള ഒരാൾ ശിക്ഷിക്കപ്പെടേണ്ട ഒരാൾക്കു ശിക്ഷ നൽകേണ്ടാ എന്നു തീരുമാനിച്ചേക്കാം. ആ വിധത്തിൽ യഹോവ നമ്മളോടു കരുണ കാണിച്ചുകൊണ്ടാണിരിക്കുന്നത്. സങ്കീർത്തനക്കാരൻ പറഞ്ഞു: “ദൈവം നമ്മുടെ പാപങ്ങൾക്കനുസൃതമായി നമ്മോടു പെരുമാറിയിട്ടില്ല.” (സങ്കീ. 103:10) എന്നാൽ മറ്റു ചിലപ്പോൾ കുറ്റക്കാർക്ക് യഹോവ കടുത്ത ശിക്ഷണംതന്നെ നൽകിയേക്കാം.
3. നമ്മൾ ഏതു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തും?
3 ഈ ലേഖനത്തിലൂടെ മൂന്നു ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ കണ്ടെത്തും. എന്തുകൊണ്ടാണ് യഹോവ കരുണ കാണിക്കുന്നത്? കടുത്ത ശിക്ഷണം നൽകുന്നതും കരുണയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? കരുണ കാണിക്കാൻ നമ്മളെ എന്തു സഹായിക്കും? ഈ ചോദ്യങ്ങൾക്കു ബൈബിൾ എന്ത് ഉത്തരം നൽകുന്നെന്നു നോക്കാം.
യഹോവ കരുണ കാണിക്കുന്നത് എന്തുകൊണ്ട്?
4. യഹോവ കരുണ കാണിക്കുന്നത് എന്തുകൊണ്ട്?
4 സ്നേഹമുള്ളതുകൊണ്ടാണ് യഹോവ കരുണ കാണിക്കുന്നത്. ദൈവം ‘കരുണാസമ്പന്നനാണ്’ എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. കാരണം അപൂർണരായ അഭിഷിക്തക്രിസ്ത്യാനികൾക്കു സ്വർഗീയ പ്രത്യാശ നൽകിക്കൊണ്ട് ദൈവം അവരോടു കരുണ കാണിച്ചു. (എഫെ. 2:4-7) എന്നാൽ അഭിഷിക്തക്രിസ്ത്യാനികളോടു മാത്രമല്ല യഹോവ കരുണ കാണിച്ചിട്ടുള്ളത്. സങ്കീർത്തനക്കാരനായ ദാവീദ് എഴുതി: “യഹോവ എല്ലാവർക്കും നല്ലവൻ; ദൈവത്തിന്റെ പ്രവൃത്തികളിലെല്ലാം കരുണ കാണാം.” (സങ്കീ. 145:9) യഹോവയ്ക്ക് ആളുകളോടു സ്നേഹമുള്ളതുകൊണ്ട് അവരോടു കരുണ കാണിക്കാൻ കാരണമുള്ളപ്പോഴെല്ലാം അങ്ങനെ ചെയ്യുന്നു.
5. യഹോവയുടെ കരുണയെക്കുറിച്ച് യേശു എങ്ങനെയാണു പഠിച്ചത്?
5 കരുണ കാണിക്കാൻ യഹോവയ്ക്ക് എത്ര ഇഷ്ടമാണെന്നു മറ്റാരെക്കാളും നന്നായി യേശുവിന് അറിയാം. കാരണം മനുഷ്യചരിത്രത്തിന്റെ തുടക്കംമുതൽ യഹോവ ചെയ്ത കാര്യങ്ങളെല്ലാം യേശു കണ്ടിട്ടുണ്ട്. (സുഭാ. 8:30, 31) പാപികളായ മനുഷ്യരോട് യഹോവ കരുണ കാണിച്ച ധാരാളം സന്ദർഭങ്ങൾ യേശുവിനു നന്നായി അറിയാം. (സങ്കീ. 78:37-42) യേശു ആളുകളെ പഠിപ്പിച്ചപ്പോൾ തന്റെ പിതാവിന്റെ ഈ മനോഹരമായ ഗുണത്തെക്കുറിച്ച് പലപ്പോഴും എടുത്തുപറഞ്ഞു.
6. തന്റെ പിതാവിന്റെ കരുണയെ യേശു വർണിച്ചത് എങ്ങനെ?
6 കഴിഞ്ഞ ലേഖനത്തിൽ യേശു പറഞ്ഞ, ധൂർത്തപുത്രനെക്കുറിച്ചുള്ള ദൃഷ്ടാന്തകഥ നമ്മൾ ചർച്ച ചെയ്തിരുന്നല്ലോ. അതിലൂടെ ആളുകളോടു കരുണ കാണിക്കാൻ യഹോവ എത്രമാത്രം ആഗ്രഹിക്കുന്നു എന്നു യേശു വ്യക്തമാക്കി. ആ മകൻ വീടു വിട്ട് പോയി “കുത്തഴിഞ്ഞ ജീവിതം നയിച്ച് തന്റെ സ്വത്തെല്ലാം ധൂർത്തടിച്ചു.” (ലൂക്കോ. 15:13) പിന്നീട് മാനസാന്തരം വന്ന ആ മകൻ മോശമായ ജീവിതമൊക്കെ അവസാനിപ്പിച്ച്, തന്നെത്തന്നെ താഴ്ത്തി അപ്പന്റെ അടുത്തേക്കു മടങ്ങിവന്നു. മകൻ തിരിച്ചുവന്നപ്പോൾ അപ്പൻ എന്തു ചെയ്തു? യേശു പറഞ്ഞു: “ദൂരെവെച്ചുതന്നെ അപ്പൻ അവനെ തിരിച്ചറിഞ്ഞു. മനസ്സ് അലിഞ്ഞ് അപ്പൻ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ച് സ്നേഹത്തോടെ ചുംബിച്ചു.” ആ അപ്പൻ മകനെ കുറ്റപ്പെടുത്തുകയോ വഴക്കു പറയുകയോ ഒന്നും ചെയ്തില്ല. പകരം അദ്ദേഹം അവനോടു ക്ഷമിക്കുകയും അവനെ തന്റെ കുടുംബത്തിന്റെ ഭാഗമായി തിരികെ സ്വീകരിക്കുകയും ചെയ്തുകൊണ്ട് കരുണ കാണിച്ചു. ആ മകൻ ചെയ്തത് വലിയ പാപംതന്നെയായിരുന്നു. എങ്കിലും അവൻ മാനസാന്തരപ്പെട്ടതുകൊണ്ട് അപ്പൻ അവനോടു ക്ഷമിക്കാൻ തയ്യാറായി. ആ ദൃഷ്ടാന്തത്തിലെ, കരുണയുള്ള അപ്പൻ ചിത്രീകരിക്കുന്നത് യഹോവയെയാണ്. ശരിക്കും മാനസാന്തരപ്പെടുന്ന പാപികളോടു ക്ഷമിക്കാൻ യഹോവ എത്രമാത്രം ആഗ്രഹിക്കുന്നെന്നു യേശു ഈ ദൃഷ്ടാന്തത്തിലൂടെ കാണിച്ചു.—ലൂക്കോ. 15:17-24.
7. യഹോവയുടെ ജ്ഞാനം കരുണയുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
7 അതുല്യമായ ജ്ഞാനമുള്ളതുകൊണ്ട് യഹോവ കരുണ കാണിക്കുന്നു. യഹോവയുടെ ജ്ഞാനം വെറും നിർവികാരമായ ഒരു ഗുണമല്ല. പകരം “ഉയരത്തിൽനിന്നുള്ള ജ്ഞാനം” ‘കരുണയും സത്ഫലങ്ങളും നിറഞ്ഞതാണെന്ന്’ ബൈബിൾ പറയുന്നു. (യാക്കോ. 3:17) യഹോവ സ്നേഹമുള്ള ഒരു അപ്പനെപ്പോലെയാണ്. തന്റെ മക്കളോടു കരുണ കാണിച്ചാൽ അത് അവർക്കു ഗുണം ചെയ്യുമെന്ന് യഹോവയ്ക്ക് അറിയാം. (സങ്കീ. 103:13; യശ. 49:15) യഹോവ അവരോടു കരുണ കാണിക്കുന്നതുകൊണ്ടാണ് അപൂർണരാണെങ്കിലും അവർക്കു ഭാവിയെക്കുറിച്ച് ഒരു പ്രത്യാശയുള്ളത്. അതുകൊണ്ട് കരുണ കാണിക്കാൻ കാരണമുള്ളപ്പോഴെല്ലാം അങ്ങനെ ചെയ്യാൻ അതിരറ്റ ജ്ഞാനം യഹോവയെ പ്രേരിപ്പിക്കുന്നു. അതേസമയം യഹോവ കരുണ കാണിക്കുന്നതു സമനിലയോടെയാണ്. ജ്ഞാനിയായ ദൈവം ഒരിക്കലും തെറ്റിന്റെ നേരെ കണ്ണടച്ചുകളഞ്ഞുകൊണ്ട് കരുണ കാണിക്കില്ല.
8. ചിലപ്പോൾ ഏതു നടപടി സ്വീകരിക്കേണ്ടിവന്നേക്കാം, എന്തുകൊണ്ട്?
8 യഹോവയുടെ ഒരു ദാസൻ മനഃപൂർവം തെറ്റു ചെയ്യുന്നതിൽ തുടരുന്നു എന്നിരിക്കട്ടെ. അപ്പോഴോ? അയാളുമായുള്ള ‘കൂട്ടുകെട്ട് ഉപേക്ഷിക്കണം’ എന്നു ദൈവപ്രചോദിതനായി പൗലോസ് എഴുതി. (1 കൊരി. 5:11) മാനസാന്തരപ്പെടാത്ത പാപികളെ സഭയിൽനിന്ന് പുറത്താക്കും. വിശ്വസ്തരായ സഹോദരങ്ങളെ സംരക്ഷിക്കാനും യഹോവയുടെ നിലവാരങ്ങളെ ആദരിക്കുന്നെന്നു കാണിക്കാനും അത് ആവശ്യമാണ്. എന്നാൽ ഒരാളെ പുറത്താക്കുന്നതു ദൈവത്തിന്റെ കരുണയാണെന്നു ചിന്തിക്കാൻ ചിലർക്കെങ്കിലും വിഷമം തോന്നിയേക്കാം. എന്തുകൊണ്ടാണ് അതു കരുണയാണെന്നു പറയുന്നത്? നമുക്കു നോക്കാം.
ഒരാളെ പുറത്താക്കുന്നതു കരുണയാണോ?
9-10. എബ്രായർ 12:5, 6 അനുസരിച്ച് പുറത്താക്കൽ നടപടി കരുണയുടെ തെളിവായിരിക്കുന്നത് എങ്ങനെ? അതു മനസ്സിലാക്കാൻ ഏതു ദൃഷ്ടാന്തം നമ്മളെ സഹായിക്കും?
9 നമുക്കു നന്നായി അറിയാവുന്ന, നമ്മൾ ഒരുപാടു സ്നേഹിക്കുന്ന ഒരു വ്യക്തി “മേലാൽ യഹോവയുടെ സാക്ഷികളിൽ ഒരാളല്ല” എന്ന ഒരു അറിയിപ്പു സഭയിൽ കേൾക്കുമ്പോൾ നമുക്ക് ഒത്തിരി സങ്കടമാകും. ആ വ്യക്തിയെ പുറത്താക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നു ചിലപ്പോൾ നമ്മൾ ചിന്തിച്ചേക്കാം. ഒരാളെ പുറത്താക്കുന്നതു ശരിക്കും കരുണയാണോ? അതെ. ശിക്ഷണം കിട്ടേണ്ട ഒരാൾക്ക് അതു കൊടുക്കാതിരിക്കുന്നതു ജ്ഞാനമോ കരുണയോ സ്നേഹമോ അല്ല. (സുഭാ. 13:24) മാനസാന്തരമില്ലാത്ത ഒരു പാപിയെ പുറത്താക്കുന്നത് അദ്ദേഹത്തിനു ഗുണം ചെയ്യുമോ? ചെയ്യുമെന്നാണു പല അനുഭവങ്ങളും കാണിക്കുന്നത്. മൂപ്പന്മാർ അങ്ങനെയൊരു തീരുമാനമെടുത്തതു തങ്ങളുടെ തെറ്റു തിരിച്ചറിയാനും മാനസാന്തരപ്പെടാനും മാറ്റം വരുത്താനും യഹോവയിലേക്കു തിരിച്ചുവരാനും പുറത്താക്കപ്പെട്ട വ്യക്തികളെ സഹായിച്ചിട്ടുണ്ട്.—എബ്രായർ 12:5, 6 വായിക്കുക.
10 പുറത്താക്കൽ നടപടി കരുണയുടെ തെളിവാണെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ദൃഷ്ടാന്തം നോക്കാം. തന്റെ ആട്ടിൻകൂട്ടത്തിലെ ഒരു ആടിനു സുഖമില്ലെന്ന് ഒരു ഇടയൻ ശ്രദ്ധിക്കുന്നു. ഈ രോഗത്തിനു ചികിത്സിക്കാൻ ആ ആടിനെ ബാക്കിയുള്ളവയുടെ കൂട്ടത്തിൽനിന്നും മാറ്റേണ്ടതുണ്ടെന്ന് ഇടയന് അറിയാം. ആടുകൾ പൊതുവേ കൂട്ടത്തോടൊപ്പം ആയിരിക്കാൻ ഇഷ്ടപ്പെടുന്ന ജീവികളാണ്. ഒറ്റയ്ക്കാകുമ്പോൾ അതിനു വല്ലാത്ത അസ്വസ്ഥത തോന്നിയേക്കാം. എന്നിട്ടും ഇടയൻ അങ്ങനെ ചെയ്യുന്നു. അതു ക്രൂരതയാണോ? ഒരിക്കലുമല്ല. കാരണം അങ്ങനെ ചെയ്തില്ലെങ്കിൽ മറ്റുള്ളവയ്ക്കുംകൂടെ രോഗം വരുമെന്ന് അയാൾക്ക് അറിയാം. രോഗം വന്ന ആടിനെ കൂട്ടത്തിൽനിന്ന് മാറ്റുന്നതിലൂടെ ആ ആട്ടിൻകൂട്ടത്തെ മുഴുവൻ സംരക്ഷിക്കുകയാണ് അയാൾ.—ലേവ്യ 13:3, 4 താരതമ്യം ചെയ്യുക.
11. (എ) ചില സന്ദർഭങ്ങളിൽ തെറ്റുകാരനെ പുറത്താക്കേണ്ടത് എന്തുകൊണ്ട്? (ബി) പുറത്താക്കപ്പെട്ടവർക്ക് എന്തൊക്കെ സഹായം ലഭ്യമാണ്?
11 സഭയിൽനിന്ന് പുറത്താക്കപ്പെടുന്ന ഒരാളെ രോഗം വന്ന ആടിനോടു നമുക്കു താരതമ്യം ചെയ്യാം. ആത്മീയാർഥത്തിൽ അയാൾ രോഗിയാണ്. (യാക്കോ. 5:14) ചില ശാരീരികരോഗങ്ങൾപോലെതന്നെ ആത്മീയരോഗവും മറ്റുള്ളവരിലേക്കു പകരാം. അതുകൊണ്ട് ചില സന്ദർഭങ്ങളിൽ ആത്മീയരോഗം ബാധിച്ച വ്യക്തികളെ സഭയിൽനിന്ന് മാറ്റിനിറുത്തേണ്ടത് ആവശ്യമായി വന്നേക്കാം. ഈ ശിക്ഷണനടപടി ആട്ടിൻകൂട്ടത്തിലെ വിശ്വസ്തരായ ആളുകളോടുള്ള യഹോവയുടെ സ്നേഹത്തിന്റെ തെളിവാണ്. മാത്രമല്ല, അതു തന്റെ തെറ്റു തിരിച്ചറിയാനും മാനസാന്തരപ്പെടാനും പുറത്താക്കപ്പെട്ട വ്യക്തിയെയും സഹായിച്ചേക്കാം. പുറത്താക്കപ്പെട്ട ആൾക്കും മീറ്റിങ്ങിനു വരാനാകും. അവിടെ കേൾക്കുന്ന കാര്യങ്ങൾ ആത്മീയാരോഗ്യം വീണ്ടെടുക്കാൻ ആ വ്യക്തിയെ സഹായിക്കും. അദ്ദേഹത്തിനു വായിക്കാനും പഠിക്കാനും വേണ്ടി സഭയിൽനിന്ന് പ്രസിദ്ധീകരണങ്ങൾ വാങ്ങാം. കൂടാതെ JW പ്രക്ഷേപണപരിപാടിയും കാണാനാകും. അദ്ദേഹം മാറ്റം വരുത്തുന്നതായി കാണുമ്പോൾ യഹോവയുമായുള്ള ബന്ധത്തിലേക്കു തിരികെ വരാൻ അദ്ദേഹത്തെ സഹായിക്കുന്നതിനുവേണ്ടി മൂപ്പന്മാർ ഇടയ്ക്കിടെ ചില ഉപദേശങ്ങളൊക്കെ നൽകിയേക്കാം.b
12. മാനസാന്തരപ്പെടാത്ത ഒരു പാപിയോടു മൂപ്പന്മാർക്കു സ്നേഹവും കരുണയും കാണിക്കാനുള്ള മാർഗം എന്താണ്?
12 എന്നാൽ ഒരു കാര്യം മനസ്സിൽപ്പിടിക്കുക. മാനസാന്തരപ്പെടാത്ത പാപികളെ മാത്രമേ പുറത്താക്കുകയുള്ളൂ. പുറത്താക്കാനുള്ള തീരുമാനം വളരെ ഗൗരവമുള്ളതാണെന്നു മൂപ്പന്മാർക്ക് അറിയാം. അതുകൊണ്ട് നന്നായി ചിന്തിച്ചിട്ടേ അവർ അങ്ങനെയൊരു തീരുമാനം എടുക്കുകയുള്ളൂ. യഹോവ ശിക്ഷണം നൽകുന്നത് ‘ന്യായമായ തോതിലാണ്’ എന്ന് അവർക്ക് അറിയാം. (യിരെ. 30:11) മൂപ്പന്മാർക്കു സഹോദരങ്ങളോടു സ്നേഹമുണ്ട്. അതുകൊണ്ട് അവർക്ക് ആത്മീയഹാനി വരുത്തുന്ന ഒന്നും ചെയ്യാൻ അവർ ആഗ്രഹിക്കുന്നില്ല. എന്നാൽ ചിലപ്പോഴെങ്കിലും തെറ്റുകാരനെ കുറച്ച് കാലത്തേക്കു സഭയിൽനിന്ന് മാറ്റിനിറുത്താൻ അവർ തീരുമാനിച്ചേക്കാം. അത് ആ വ്യക്തിയോടുള്ള സ്നേഹവും കരുണയും ആണ്.
13. കൊരിന്തിലെ ഒരു ക്രിസ്ത്യാനിയെ പുറത്താക്കേണ്ടിവന്നത് എന്തുകൊണ്ട്?
13 മാനസാന്തരപ്പെടാത്ത ഒരു പാപിയുടെ കാര്യത്തിൽ പൗലോസ് അപ്പോസ്തലൻ ചെയ്തത് എന്താണെന്നു നമുക്കു നോക്കാം. കൊരിന്ത് സഭയിലെ ഒരു ക്രിസ്ത്യാനി സ്വന്തം അപ്പന്റെ ഭാര്യയുടെകൂടെ അധാർമികജീവിതം നയിക്കുകയായിരുന്നു. എത്ര മോശമായ ഒരു കാര്യമായിരുന്നു അത്! ഇത്തരം കാര്യങ്ങൾ പ്രവർത്തിക്കുന്നവരെ എന്തു ചെയ്യണമെന്നു മുമ്പ് ഇസ്രായേല്യരോട് യഹോവ വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു: “അപ്പന്റെ ഭാര്യയുമായി ബന്ധപ്പെടുന്നവൻ അപ്പനു മാനക്കേട് ഉണ്ടാക്കിയിരിക്കുന്നു. അവരെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്.” (ലേവ്യ 20:11) പക്ഷേ, ഈ മനുഷ്യന്റെ കാര്യത്തിൽ മരണശിക്ഷ വിധിക്കാനുള്ള അധികാരം പൗലോസിന് ഇല്ലായിരുന്നു. എന്നാൽ അയാളെ സഭയിൽനിന്ന് പുറത്താക്കാൻ പൗലോസ് അവിടെയുള്ളവരോടു പറഞ്ഞു. അയാളുടെ അധാർമികപ്രവൃത്തി സഭയിലുള്ള മറ്റുള്ളവരെയും മോശമായി സ്വാധീനിക്കുന്നുണ്ടായിരുന്നു. ‘ഇതൊന്നും അത്ര വലിയ തെറ്റല്ല’ എന്നുപോലും പലരും ചിന്തിച്ചുതുടങ്ങി.—1 കൊരി. 5:1, 2, 13.
14. കൊരിന്ത് സഭയിലെ പുറത്താക്കപ്പെട്ട ഒരാളോടു പൗലോസ് എങ്ങനെയാണു കരുണ കാണിച്ചത്, എന്തുകൊണ്ട്? (2 കൊരിന്ത്യർ 2:5-8, 11)
14 കുറച്ച് കാലം കഴിഞ്ഞപ്പോൾ ആ മനുഷ്യൻ ജീവിതത്തിൽ വലിയ മാറ്റങ്ങൾതന്നെ വരുത്തിയെന്നു പൗലോസ് അറിയാൻ ഇടയായി. പാപിയായ ആ മനുഷ്യൻ ശരിക്കും മാനസാന്തരപ്പെട്ടു. അയാൾ സഭയ്ക്കു നാണക്കേടുണ്ടാക്കി എന്നുള്ളതു ശരിയാണ്. പക്ഷേ അയാൾക്കു കൂടുതൽ ‘കടുത്ത’ ശിക്ഷണം നൽകാൻ പൗലോസ് ആഗ്രഹിച്ചില്ല. അതുകൊണ്ട് “ദയയോടെ അയാളോടു ക്ഷമിക്കുകയും അയാളെ ആശ്വസിപ്പിക്കുകയും” ചെയ്യാൻ പൗലോസ് അവിടത്തെ മൂപ്പന്മാരോടു പറഞ്ഞു. അതിന്റെ കാരണവും പൗലോസുതന്നെ പറയുന്നുണ്ട്: “ഇല്ലെങ്കിൽ അയാൾ കടുത്ത ദുഃഖത്തിൽ ആണ്ടുപോകും.” മാനസാന്തരപ്പെട്ട ആ മനുഷ്യനോടു പൗലോസിന് അലിവ് തോന്നി. ആ മനുഷ്യൻ അങ്ങേയറ്റം ദുഃഖത്തിലായി മനസ്സു തകർന്ന് ദൈവത്തിന്റെ ക്ഷമ തേടുന്നതു നിറുത്തിക്കളയാൻ പൗലോസ് ആഗ്രഹിച്ചില്ല.—2 കൊരിന്ത്യർ 2:5-8, 11 വായിക്കുക.
15. തെറ്റു ചെയ്ത ഒരാളോടു മൂപ്പന്മാർക്ക് എങ്ങനെ സമനിലയോടെ ഇടപെടാം?
15 യഹോവയെപ്പോലെ മൂപ്പന്മാരും കരുണ കാണിക്കാൻ പറ്റുന്നിടത്ത് സ്നേഹത്തോടെ കരുണ കാണിക്കുന്നു. എന്നാൽ കടുത്ത ശിക്ഷണം നൽകേണ്ട സാഹചര്യങ്ങളിൽ അവർ അതു നൽകാതിരിക്കുകയുമില്ല. കാരണം ശിക്ഷണം നൽകേണ്ടിടത്ത് അതു നൽകാതിരിക്കുന്നതു കരുണയല്ല, മറിച്ച് തെറ്റിനു നേരെയുള്ള കണ്ണടയ്ക്കലാണെന്ന് അവർക്ക് അറിയാം. പക്ഷേ മൂപ്പന്മാർ മാത്രമാണോ കരുണ കാണിക്കേണ്ടത്?
കരുണയുള്ളവരായിരിക്കാൻ നമ്മളെ എന്തു സഹായിക്കും?
16. സുഭാഷിതങ്ങൾ 21:13 അനുസരിച്ച് കരുണ കാണിക്കാൻ തയ്യാറാകാത്തവരോട് യഹോവ എങ്ങനെ ഇടപെടും?
16 യഹോവയെ അനുകരിച്ചുകൊണ്ട് കരുണ കാണിക്കാൻ ക്രിസ്ത്യാനികളായ നമ്മളെല്ലാം ശ്രമിക്കുന്നു. അതിന്റെ ഒരു കാരണം നമ്മൾ കരുണ കാണിച്ചില്ലെങ്കിൽ യഹോവ നമ്മുടെ പ്രാർഥന കേൾക്കില്ല എന്നതാണ്. (സുഭാഷിതങ്ങൾ 21:13 വായിക്കുക.) അതുകൊണ്ട് നമ്മൾ കഠിനഹൃദയരാകാതെ മറ്റുള്ളവരോടു കരുണ കാണിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. കഷ്ടതയിലായിരിക്കുന്ന സഹോദരങ്ങൾ ആരെങ്കിലും സഹായത്തിനായി നിലവിളിക്കുമ്പോൾ ആ “എളിയവന്റെ നിലവിളി” കേൾക്കാൻ നമ്മൾ തയ്യാറാകണം. അതുപോലെ യാക്കോബിന്റെ ലേഖനത്തിൽ കാണുന്ന ഈ ഉപദേശവും നമ്മൾ മനസ്സിൽപ്പിടിക്കണം: “കരുണ കാണിക്കാത്തയാൾക്കു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും.” (യാക്കോ. 2:13) നമുക്കുതന്നെ കരുണ ലഭിക്കേണ്ടതുണ്ട് എന്നു താഴ്മയോടെ നമ്മൾ ഓർക്കുന്നെങ്കിൽ സാധ്യതയനുസരിച്ച് മറ്റുള്ളവരോടു കരുണ കാണിക്കാൻ നമ്മൾ കൂടുതൽ ഒരുക്കമായിരിക്കും. മാനസാന്തരപ്പെട്ട ഒരാൾ സഭയിലേക്കു തിരികെ വരുമ്പോൾ നമ്മൾ പ്രത്യേകിച്ചു കരുണ കാണിക്കേണ്ടതുണ്ട്.
17. ദാവീദ് രാജാവ് എങ്ങനെയാണു കരുണ കാണിച്ചത്?
17 കഠിനഹൃദയരായിരിക്കാതെ മറ്റുള്ളവരോടു കരുണ കാണിക്കാൻ ചില ബൈബിൾ ദൃഷ്ടാന്തങ്ങൾ നമ്മളെ സഹായിക്കും. ഉദാഹരണത്തിന്, ദാവീദ് രാജാവിന്റെ കാര്യം നോക്കാം. അദ്ദേഹം പലപ്പോഴും ആളുകളോട് ആത്മാർഥമായി കരുണ കാണിച്ചിട്ടുണ്ട്. ശൗൽ ദാവീദിനെ കൊല്ലാൻ ശ്രമിച്ചപ്പോഴും ദാവീദ് തിരിച്ച് ദൈവത്തിന്റെ അഭിഷിക്തരാജാവിനോടു കരുണ കാണിച്ചു. ദാവീദ് ഒരിക്കലും ശൗലിനോടു പ്രതികാരം ചെയ്യുകയോ അദ്ദേഹത്തെ ഉപദ്രവിക്കുകയോ ചെയ്തില്ല.—1 ശമു. 24:9-12, 18, 19.
18-19. ദാവീദ് കരുണ കാണിക്കാതിരുന്ന രണ്ടു സന്ദർഭങ്ങൾ ഏതൊക്കെയാണ്?
18 ദാവീദ് പക്ഷേ എല്ലായ്പോഴും കരുണയുള്ളവനായിരുന്നില്ല. ഉദാഹരണത്തിന്, ഒരു പരുക്കൻ പ്രകൃതക്കാരനായിരുന്ന നാബാൽ ഒരിക്കൽ ദാവീദിന്റെകൂടെയുള്ളവരോടു മര്യാദയില്ലാതെ സംസാരിക്കുകയും ദാവീദിനും കൂട്ടർക്കും ഭക്ഷണം കൊടുക്കാൻ വിസമ്മതിക്കുകയും ചെയ്തു. അതെക്കുറിച്ച് കേട്ടപ്പോൾ ദാവീദിനു നല്ല ദേഷ്യം വന്നു. നാബാലിനെയും അയാളുടെ വീട്ടിലെ മുഴുവൻ ആണുങ്ങളെയും കൊല്ലാൻ ദാവീദ് തീരുമാനിച്ചു. നാബാലിന്റെ ഭാര്യയായ അബീഗയിൽ നല്ല ദയയും ക്ഷമയും ഉള്ളവളായിരുന്നു. അബീഗയിൽ പെട്ടെന്നുതന്നെ കുറെ ഭക്ഷണം ഉണ്ടാക്കിക്കൊണ്ട് ദാവീദിനെ ചെന്നുകണ്ടു. അതുകൊണ്ട് ദാവീദ് നാബാലിനെയും അയാളുടെ ആളുകളെയും കൊന്നില്ല.—1 ശമു. 25:9-22, 32-35.
19 ഇനി മറ്റൊരു സന്ദർഭം നോക്കാം. ദാവീദ് ഗുരുതരമായ പാപം ചെയ്തപ്പോൾ ആ തെറ്റു മനസ്സിലാക്കിക്കൊടുക്കാൻവേണ്ടി നാഥാൻ പ്രവാചകൻ ദാവീദിനോട് ഒരു കഥ പറഞ്ഞു. പാവപ്പെട്ട ഒരു മനുഷ്യൻ വളരെ ഓമനിച്ചുവളർത്തിയ ആടിനെ ധനവാനായ ഒരു മനുഷ്യൻ പിടിച്ചുകൊണ്ട് പോയി. അയാൾക്ക് ആകെയുള്ള ആടായിരുന്നു അത്. അതെക്കുറിച്ച് കേട്ടപ്പോൾ ദാവീദിനു നല്ല ദേഷ്യം വന്നു. ദാവീദ് പറഞ്ഞു: “യഹോവയാണെ, ഇതു ചെയ്തവൻ മരിക്കണം!” (2 ശമു. 12:1-6) ശരിക്കും മോശയുടെ നിയമം അറിയാവുന്ന ആളായിരുന്നു ദാവീദ്. ആ നിയമമനുസരിച്ച് ആരെങ്കിലും ഒരു ആടിനെ മോഷ്ടിച്ചാൽ നഷ്ടപരിഹാരമായി നാല് ആടിനെ പകരം കൊടുക്കണം. (പുറ. 22:1) അല്ലാതെ കള്ളനെ കൊന്നുകളയാൻ നിയമമില്ലായിരുന്നു. എന്നാൽ കഥയിലെ കള്ളൻ ചെയ്ത പാപം അത്ര ഗുരുതരമല്ലായിരുന്നെങ്കിലും ദാവീദ് അയാൾക്കു വധശിക്ഷയാണു വിധിച്ചത്. പക്ഷേ അതിലും വലിയ പാപമായിരുന്നു ദാവീദ് ചെയ്തത്. എന്നിട്ടും യഹോവ അദ്ദേഹത്തോടു കരുണ കാണിച്ചു. ആ പാപം ക്ഷമിച്ചു.—2 ശമു. 12:7-13.
20. ദാവീദിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
20 ദാവീദിനു വല്ലാത്ത ദേഷ്യം വന്നപ്പോഴാണു നാബാലിനെയും അയാളുടെ ആളുകളെയും കൊല്ലണമെന്നു തീരുമാനിച്ചത്. പിന്നീട് നാഥാൻ പറഞ്ഞ ദൃഷ്ടാന്തത്തിലെ, ആടിനെ പിടിച്ചുകൊണ്ട് പോയ ആ മനുഷ്യൻ മരിക്കണമെന്നു ദാവീദ് പറഞ്ഞു. ദാവീദ് ശരിക്കും നല്ല ദയയുള്ള ഒരു മനുഷ്യനാണ്. എന്നിട്ടും ഇത്ര കടുത്ത ശിക്ഷ വിധിച്ചത് എന്തുകൊണ്ടാണെന്നു നമുക്കു തോന്നിയേക്കാം. അതു മനസ്സിലാക്കാൻ ദാവീദിന്റെ അപ്പോഴത്തെ മാനസികാവസ്ഥ നമുക്കു നോക്കാം. താൻ ചെയ്ത തെറ്റിനെക്കുറിച്ച് ഓർത്ത് ദാവീദിന് അപ്പോൾ മനസ്സാക്ഷിക്കുത്ത് തോന്നുന്നുണ്ടായിരുന്നു. യഹോവയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന് ഉലച്ചിൽ തട്ടിയിരുന്നു. ഈ രണ്ടു സംഭവങ്ങളും നമ്മളെ ഒരു കാര്യം പഠിപ്പിക്കുന്നു. യഹോവയുമായുള്ള ഒരാളുടെ ബന്ധത്തിനു വിള്ളൽ വീഴുമ്പോൾ അയാൾ കരുണയില്ലാതെ മറ്റുള്ളവരെ വിധിച്ചേക്കാം. യേശു പറഞ്ഞ ഈ മുന്നറിയിപ്പു നമുക്ക് ഓർക്കാം: “നിങ്ങളെ വിധിക്കാതിരിക്കണമെങ്കിൽ നിങ്ങളും വിധിക്കുന്നതു നിറുത്തുക! കാരണം നിങ്ങൾ വിധിക്കുന്ന രീതിയിൽ നിങ്ങളെയും വിധിക്കും.” (മത്താ. 7:1, 2) അതുകൊണ്ട് കഠിനഹൃദയരാകാതെ ദൈവത്തെപ്പോലെ ‘കരുണാസമ്പന്നരാകാൻ’ നമുക്കു ശ്രമിക്കാം.
21-22. ഏതെല്ലാം വിധങ്ങളിൽ നമുക്ക് ആളുകളോടു കരുണ കാണിക്കാം?
21 കരുണ എന്നതു വെറുതേ ഉള്ളിൽ തോന്നുന്ന ഒരു വികാരമല്ല. അതിൽ പ്രവൃത്തി ഉൾപ്പെട്ടിട്ടുണ്ട്. കരുണയുള്ളവർ മറ്റുള്ളവർക്കു സഹായം ചെയ്യാൻ തയ്യാറാകും. അതുകൊണ്ട് നമ്മുടെ കുടുംബത്തിലോ സഭയിലോ സമൂഹത്തിലോ സഹായം ആവശ്യമുള്ളവർ ആരാണെന്നു കണ്ടെത്താൻ നമുക്കു ശ്രമിക്കാം. കരുണ കാണിക്കാൻ നമുക്കു ധാരാളം അവസരങ്ങൾ ഉണ്ട്. മനസ്സു വിഷമിച്ചിരിക്കുന്ന ആരെയെങ്കിലും ആശ്വസിപ്പിക്കാൻ നമുക്കാകുമോ? ഭക്ഷണം ഉണ്ടാക്കിക്കൊടുത്തുകൊണ്ടോ മറ്റെന്തെങ്കിലും ചെയ്തുകൊടുത്തുകൊണ്ടോ നമുക്ക് ആരെയെങ്കിലും സഹായിക്കാനാകുമോ? സഭയിലേക്കു പുനഃസ്ഥിതീകരിക്കപ്പെട്ട ഒരാൾക്ക് ആശ്വാസവും പ്രോത്സാഹനവും ആവശ്യമുണ്ടോ? ഇനി, ആശ്വാസം നൽകുന്ന സന്തോഷവാർത്ത ആരോടെങ്കിലും പറയാൻ നമുക്കാകുമോ? ശരിക്കും പറഞ്ഞാൽ നമ്മൾ കണ്ടുമുട്ടുന്നവരോടു കരുണ കാണിക്കാനുള്ള ഏറ്റവും നല്ല ഒരു വിധമാണ് ഇത്.—ഇയ്യോ. 29:12, 13; റോമ. 10:14, 15; യാക്കോ. 1:27.
22 ഓരോരുത്തരുടെയും ആവശ്യം എന്താണെന്നു ചിന്തിക്കുന്നെങ്കിൽ ആളുകളോടു കരുണ കാണിക്കാൻ നമുക്കു കുറെ അവസരങ്ങൾ കിട്ടും. അങ്ങനെ നമ്മൾ മറ്റുള്ളവരോടു കരുണ കാണിക്കുമ്പോൾ “കരുണാസമ്പന്നനായ” ദൈവത്തിന്, നമ്മുടെ സ്വർഗീയ പിതാവിന്, ഒരുപാട് സന്തോഷമാകും.
ഗീതം 43 നന്ദി അർപ്പിക്കുന്ന ഒരു പ്രാർഥന
a യഹോവയുടെ ഏറ്റവും മനോഹരമായ ഗുണങ്ങളിൽ ഒന്നാണു കരുണ. നമ്മൾ ഓരോരുത്തരും അതു വളർത്തിയെടുക്കണം. യഹോവ എന്തുകൊണ്ടാണു കരുണ കാണിക്കുന്നത്? യഹോവ ശിക്ഷണം നൽകുന്നതു കരുണയോടെയാണെന്നു പറയാവുന്നത് എന്തുകൊണ്ട്? ഈ മനോഹരമായ ഗുണം നമുക്ക് എങ്ങനെ കാണിക്കാം? ഇതെല്ലാമാണ് ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യുന്നത്.
b പുനഃസ്ഥിതീകരിക്കപ്പെട്ടവർക്കു വീണ്ടും എങ്ങനെ പഴയതുപോലെ ദൈവവുമായുള്ള ബന്ധത്തിലേക്കു വരാമെന്നും അതിനു മൂപ്പന്മാർക്ക് അവരെ എങ്ങനെ സഹായിക്കാമെന്നും കാണാൻ ഈ ലക്കത്തിലെ “യഹോവയുമായുള്ള സ്നേഹബന്ധം വീണ്ടും ശക്തമാക്കുക” എന്ന ലേഖനം കാണുക.
c ചിത്രക്കുറിപ്പ്: വഴിപിഴച്ചുപോയ മകൻ തിരികെ വരുന്നതു വീടിന്റെ മുകളിൽനിന്ന് കാണുന്ന അപ്പൻ അവനെ കെട്ടിപ്പിടിക്കാനായി ഓടിച്ചെല്ലുന്നു.
d ചിത്രക്കുറിപ്പ്: കുറ്റബോധത്താൽ ഭാരപ്പെട്ടിരുന്ന ദാവീദ് രാജാവ്, നാഥാൻ പറഞ്ഞ ദൃഷ്ടാന്തകഥ കേട്ടപ്പോൾ ആ ധനവാൻ മരിക്കണമെന്നു ദേഷ്യത്തോടെ പറയുന്നു