ചെറുപ്പക്കാർ ചോദിക്കുന്നു . . .
‘ഞങ്ങൾക്ക് വെറുതെ സുഹൃത്തുക്കളായിരിക്കാൻ കഴിയില്ലേ?’
“ഞങ്ങൾ തമ്മിൽ യാതൊന്നും നടക്കുന്നില്ല.” മേരിa അവകാശപ്പെടുന്നു. “ഞങ്ങൾ വെറുതെ സംസാരിക്കുന്നു. നിങ്ങൾ എല്ലാവരെയും ഇങ്ങനെ സംശയ ദൃഷ്ടിയോടെ ഒളിഞ്ഞു നോക്കുകയാണെങ്കിൽ ലോകം എന്തായിത്തീരും? നിങ്ങളും അകത്തടച്ച ഒരാളെപ്പോലെ കഴിയേണ്ടിവരും!” സമപ്രായത്തിലുള്ള ഒരാൺകുട്ടിയോടൊപ്പം കാറിൽ ഒറ്റയ്ക്കു സമയം ചെലവഴിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മേരിയ്ക്ക് ആരോ മുന്നറിയിപ്പ് നൽകിയപ്പോൾ അവൾ തികച്ചും ആവേശത്തോടുകൂടിയ ഇത്തരം അവകാശവാദങ്ങൾ തൊടുത്തുവിട്ടു. സ്പഷ്ടമായും, അവൾ മുന്നറിയിപ്പ് വിലമതിച്ചില്ല. അവൾ ചിന്തിക്കുന്നത് ഇപ്രകാരമാണ്: ‘വെറുതെ സുഹൃത്തുക്കളായിരിക്കുന്നതിൽ എന്ത് അപകടസാദ്ധ്യതയാണുള്ളത്?’
അടുത്ത വീട്ടിൽ താമസിക്കുന്ന സുന്ദരിയായ ലൂയിസുമായുള്ള മൈക്കിളിന്റെ പ്രത്യേക അനുഭവം മുതൽ അവൻ ഏതാണ്ട് സമചിത്തതയോടുകൂടിയ ഒരു വീക്ഷണം വെച്ചുപുലർത്തുന്നു. ഈ ചെറുപ്പക്കാരൻ വിവരിക്കുന്നു: “ഞങ്ങൾ തമ്മിൽ അടുത്ത ഒരു ബന്ധമുണ്ടായിരുന്നു, എന്നാൽ വിവാഹം കഴിക്കാനുള്ള യാതൊരാശയവും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, ഞാൻ താമസിയാതെ ഒരു പ്രക്ഷുബ്ധാവസ്ഥയിൽ എന്നെത്തന്നെ കണ്ടെത്തി—എനിക്ക് എന്റെ മനസ്സിൽനിന്ന് ലൂയിസിനെ മാറ്റാനോ കഴിഞ്ഞില്ല. എന്റെ വികാരങ്ങൾ എന്റെ നിയന്ത്രണത്തിനതീതമാവുകയായിരുന്നു! അതുകൊണ്ട് തന്റെ കൂടെ ഒരു സായാഹ്നം ചെലവഴിക്കാൻ എന്നെ ക്ഷണിച്ച എന്റെ ഒരു കൂട്ടുകാരനോട് അതേ സായാഹ്നത്തിൽ ഞാൻ എന്റെ പ്രശ്നങ്ങൾ പറഞ്ഞു.” ‘അപകട മേഖല’യിൽ നിന്ന് നീങ്ങി. തന്റെ സൗഹൃദം എങ്ങോട്ട് വഴിതെളിക്കയായിരുന്നുവെന്ന് കുറെ കൂടുതൽ വ്യക്തമായി ചിന്തിക്കാൻ മൈക്കിൾ പ്രാപ്തനായിരുന്നു.
അത് വർഷങ്ങൾക്കു മുമ്പ് സ്ത്രീകളുടെ കുടുംബ വാരികയിൽ ഡോ. മരിയൻ ഹില്ലിയാർഡ് പറഞ്ഞതുപോലെയാണ്: “മണിക്കൂറിൽ ഏതാണ്ട് പത്ത് മൈൽ വേഗതയിൽ സഞ്ചരിക്കുന്ന എളുതായ ഒരു സൗഹൃദം, മണിക്കൂറിൽ നൂറുമൈൽ വേഗത്തിൽ ചലിക്കുന്ന ഗൂഢമായ ഒരു ലൈംഗികാവേശത്തിലേക്ക് മുന്നറിയിപ്പു കൂടാതെ നീങ്ങാവുന്നതാണ്.”
വൈകാരിക ഫലങ്ങൾ
“ഇളയ സ്ത്രീകളോട് സകല നിർമ്മലതയോടും കൂടെ സഹോദരിമാരെപ്പോലെ” പെരുമാറാൻ യുവാക്കളോട് ബൈബിൾ ആവശ്യപ്പെടുന്നു. (1 തിമൊഥെയോസ് 5:2) അനേകരും ഈ തത്വം വിജയകരമായി ബാധകമാക്കിയിട്ടുണ്ട്. പരിണതഫലമായി, അവർ എതിർ ലിംഗത്തിൽ പെട്ടവരുമായി ശുദ്ധവും നിർമ്മലവുമായ ഒരു സൗഹൃദം ആസ്വദിക്കുന്നു. അവർ ന്യായമായ പരിധികൾക്കുള്ളിൽ അവരുടെ ബന്ധങ്ങൾ നിലനിർത്താൻ ശ്രദ്ധയുള്ളവരാണ്. എന്നാൽ അത്തരമൊരു സൗഹൃദം നിയന്ത്രണാതീതമായിപ്പോകുമ്പോൾ എന്തു സംഭവിക്കുന്നു? പരിണമിച്ചേക്കാവുന്ന ധാർമ്മിക ഫലങ്ങളെക്കുറിച്ച് ഒരു മുൻലേഖനം മുന്നറിയിപ്പു നൽകുകയുണ്ടായി.b സന്തോഷകരമെന്നു പറയട്ടെ, മിക്ക ക്രിസ്തീയ യുവാക്കളും കാര്യങ്ങൾ അത്രമാത്രം പോകാൻ അനുവദിക്കയില്ല. എന്നിരുന്നാലും, അവിടെയും വൈകാരിക ഫലങ്ങൾ ഉണ്ടായേക്കാം.
പതിനാറ് വയസ്സുള്ള മൈക്ക് 14 വയസ്സുള്ള ഒരു പെൺകുട്ടിയുമായി ഒരു ബന്ധം വികസിപ്പിച്ചെടുത്തപ്പോൾ ഇത് മനസ്സിലാക്കി: “ആദ്യമൊക്കെ, ഞങ്ങൾ വെറുതെ സുഹൃത്തുക്കളായിരിക്കാൻ ആഗ്രഹിച്ചു. എന്നാൽ, രണ്ട് വ്യക്തികൾ എല്ലായ്പ്പോഴും അന്യോന്യം കണ്ടുകൊണ്ടിരിക്കുമ്പോൾ അവർക്ക് വെറുതെ സുഹൃത്തുക്കളായി നിലകൊള്ളാൻ സാദ്ധ്യമല്ല എന്ന് ഞാൻ പെട്ടെന്നുതന്നെ കണ്ടെത്തി. ഞങ്ങളുടെ ബന്ധം വളർന്നുകൊണ്ടേയിരുന്നു. താമസിയാതെ ഞങ്ങൾക്ക് അന്യോന്യം പ്രത്യേക വികാരങ്ങൾ ഉണ്ടായി തുടങ്ങി, ഞങ്ങൾക്ക് ഇപ്പോഴും അത് ഉണ്ടുതാനും.” രണ്ടുപേരും വിവാഹം കഴിക്കാനുള്ള ഒരു സ്ഥാനത്തല്ലാത്തതിനാൽ ആ വികാരങ്ങൾ അധികം മോഹഭംഗത്തിന്റെ ഒരു ഉറവാണ്. മൈക്ക് ഇപ്രകാരം ചോദിക്കുന്നത് അതിശയമല്ല: “ഞാൻ അത് തകർക്കാൻ ശ്രമിക്കണോ?”
‘എന്നാൽ ഞാൻ എന്റെ സുഹൃത്തിനെക്കുറിച്ച് ആ വിധത്തിൽ ചിന്തിക്കുന്നേയില്ല’ എന്ന് ആരെങ്കിലും തടസ്സവാദം ഉന്നയിച്ചേക്കാം. ഞാൻ അവനിലേക്ക് [അല്ലെങ്കിൽ അവളിലേക്ക്] ആകർഷിക്കപ്പെട്ടിട്ടില്ല. ഞാൻ ലൈംഗികാനുഭൂതിയോടെ അവനുമായി ഒരിക്കലും ഇടപെടുകയേയില്ല.’ ഒരുപക്ഷേ. എന്നാൽ, സദൃശവാക്യം മുന്നറിയിപ്പു നൽകുന്നു: “തന്റെ സ്വന്ത ഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢനാണ്.” (സദൃശവാക്യങ്ങൾ 28:26) നമ്മുടെ ഹൃദയങ്ങൾക്ക് നമ്മെ ചതിക്കുന്നതിനോ വഞ്ചിക്കുന്നതിനോ, നമ്മുടെ യഥാർത്ഥ ആന്തരങ്ങൾ സംബന്ധിച്ച് നമ്മെ അന്ധരാക്കുന്നതിനോ കഴിയും.
ദൈവം തന്റെ പ്രവാചകനായ യിരെമ്യാവിലൂടെ ഇത് സംബന്ധിച്ച് നമുക്ക് മുന്നറിയിപ്പ് നൽകുന്നു: “ഹൃദയം മറ്റെന്തിനേക്കാളും കപടവും സാഹസികവുമാണ്. അത് ആർക്ക് അറിയാൻ കഴിയും? യഹോവയായ ഞാൻ ഹൃദയത്തെ പരിശോധിക്കുന്നു, വൃക്കകളെ ശോധന ചെയ്യുന്നു, ഓരോരുത്തനും അവനവന്റെ പ്രവൃത്തികൾക്കനുസരിച്ചും അവനവന്റെ ഇടപെടലുകളുടെ ഫലത്തിനനുസരിച്ചും പകരം കൊടുക്കുകപോലും ചെയ്യുന്നു.”—യിരെമ്യാവ് 17:9, 10.
ഉദാഹരണത്തിന്, ഒരു ക്രിസ്തീയ യുവതി സ്കൂളിലെ ഒരു യുവാവുമായി ഏതാണ്ട് അടുപ്പത്തിലായി. അവനുമായി ബൈബിളിലെ ആശയങ്ങൾ പങ്കുവെക്കാൻ കഴിയുന്നതിനാൽ ഇത് ഉത്തമാണെന്ന് അവൾ ന്യായവാദം ചെയ്തു. എന്നാൽ ബൈബിളിനെക്കുറിച്ച് സംസാരിക്കുന്നതിനെക്കാളധികം, യുവാവ് മറ്റെന്തിലോ കൂടുതൽ താല്പര്യമെടുത്തിരുന്നുവെന്ന് അധികം താമസിയാതെ സ്പഷ്ടമായി. “അവൻ എന്നോട് കൂടുതൽ കൂടുതൽ അടുപ്പത്തിലായത് എന്റെ പക്ഷത്തെ യാതൊരു തെറ്റിനാലുമല്ല” എന്ന് അവർ അവകാശപ്പെടുന്നു. എന്നാലും, അവളെ സംബന്ധിച്ചിടത്തോളം വികാരം അങ്ങോട്ടുമിങ്ങോട്ടും ഉള്ളതല്ല.
പക്ഷേ അവൾ ഇപ്രകാരം സമ്മതിച്ചു പറയുന്നത് രസകരം തന്നെ: “ഞാൻ അവനിലേക്ക് ചാഞ്ഞിരിക്കയാണെന്ന് എന്റെ അമ്മ ശാഠ്യപൂർവ്വം വിശ്വസിച്ചുകൊണ്ടേയിരുന്നു.” അമ്മമാർ പെട്ടെന്ന് കാര്യാകാര്യ വിവേചനം നടത്തുന്നവരാണ്. നിസ്സംശയമായും, തന്റെ മകൾ കബളിപ്പിക്കപ്പെടുന്നതായി ഈ അമ്മ കാണുന്നു. എന്തുതന്നെയായിരുന്നാലും, അവൾ വൈകാരികമായി ഉൾപ്പെട്ടിട്ടില്ലായിരുന്നെങ്കിൽ, സുഹൃദ്ബന്ധം നിലനിർത്തുന്നതിനെക്കുറിച്ച് അവൾ ഇത്രകണ്ട് മർക്കടമുഷ്ടി പിടിക്കയില്ലായിരുന്നു എന്ന് ചിന്തിക്കുന്നത് ന്യായയുക്തമല്ലേ? അവളുടെ യുവസുഹൃത്തിനെ സഹായിക്കുന്നതിൽ അവൾ ആത്മാർത്ഥമായ ഒരു താല്പര്യം കാഴ്ചവെക്കുമ്പോൾ, അവന് അവളോടുണ്ടാകുന്ന ഗാഢമായ വികാരങ്ങൾ ‘അവളുടെ യാതൊരു തെറ്റുമല്ല’ എന്ന് അവൾക്ക് പറയാൻ കഴിയുമോ? “ഏറ്റം പെട്ടെന്ന് ആകർഷിക്കപ്പെടുന്നത് പുരുഷനാണ്” എന്ന് കുടുംബം, സമൂഹം, വ്യക്തി എന്ന പുസ്തകം പറയുന്നു. ദൃഷ്ടി സൗന്ദര്യത്തിലേക്ക് നിഷ്ക്കളങ്കമായി തിരിക്കുന്നതുപോലും ഒരു പുരുഷനെ വൈകാരികമായും ലൈംഗികമായും നിഷ്പ്രയാസം ഉണർത്തിയേക്കാം.
ഒരു യുവാവ് ഒരു യുവതിക്ക് പ്രത്യേക ശ്രദ്ധ നൽകുമ്പോഴും ഇതേ കാര്യം സംഭവിക്കുന്നു. എതിർ ലിംഗത്തിൽ പെട്ടവർ നൽകുന്ന ശ്രദ്ധയോട് പുരുഷൻമാരേക്കാൾ അല്പം സാവധാനത്തിലായിരിക്കും സ്ത്രീകൾ പ്രതികരിക്കുന്നത്. എന്നാൽ അന്തിമായി അവർ പ്രതികരിച്ചാൽ, ഉണർത്തപ്പെട്ട അവരുടെ വികാരങ്ങൾ പലപ്പോഴും വളരെ അഗാധമായിരിക്കും. അതിനാൽ വിപരീതലിംഗത്തിൽ പെട്ടവരുമായുള്ള സൗഹൃദം കൂടുതൽ അടുപ്പത്തിലാകാൻ അനുവദിക്കുന്ന ആരും തന്നെത്തന്നെ വിഡ്ഢിയാക്കുകയാണ്. കാരണം ഒരാളുടെ വികാരങ്ങൾ ജ്വലിക്കാത്തിടത്തുപോലും മറ്റേയാളിന്റെ വികാരങ്ങൾ ജ്വലിച്ചേക്കാം.
‘നമുക്ക് സുഹൃത്തുക്കളായിരിക്കാം’ എന്ന് പറയുന്നത് പ്രത്യുപകാരമില്ലാത്ത പ്രണയവേദന ദീർഘിപ്പിച്ചേക്കാം, പലപ്പോഴും ദീർഘിപ്പിക്കുന്നുമുണ്ട്. നിങ്ങളുടെ യൗവനം—അത് പരമാവധി ആസ്വദിക്കുക എന്ന പ്രസിദ്ധീകരണം വിവരിക്കുന്ന പ്രകാരം: “സാധാരണയായി ഒരു സ്ത്രീയിൽ താല്പര്യം പ്രകടമാക്കിക്കൊണ്ട് ഒരു പുരുഷനാണ് പ്രേമാഭ്യർത്ഥന നടത്തുന്നതിൽ മുൻകൈ എടുക്കുന്നത്. അയാൾ സത്യസന്ധനും അതു സംബന്ധിച്ച് ഗൗരവമുള്ളവനുമാണെങ്കിൽ ആ സ്ത്രീയ്ക്ക് അയാൾ വിവാഹത്തെപ്പറ്റി ചിന്തിക്കുകയെങ്കിലും ചെയ്യുന്നു എന്ന് വിശ്വസിക്കാൻ മതിയായ കാരണവുമുണ്ട്.”c അതുകൊണ്ട് തുടർച്ചയായ സഹവാസം, വിവാഹത്തിന്റെ വീക്ഷണത്തിൽ പ്രേമാഭ്യർത്ഥന നടത്തുന്നതായി എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെട്ടേക്കാം.
പ്രണയരോഗിയായിരിക്കുന്ന ഒരു സുഹൃത്തിനോട് അവന്റെ അല്ലെങ്കിൽ അവളുടെ വികാരങ്ങൾ പങ്കുവെക്കുന്നില്ല എന്ന് അറിയിക്കുമ്പോൾ അതിന് ശക്തിയേറിയ വൈകാരികാഘാതം ഏൽപ്പിക്കാൻ കഴിയും എന്നത് സത്യമാണ്. എന്നാൽ ബന്ധം തുടർന്നുകൊണ്ടുപോകുന്നത് ഇടപാടു തീർക്കേണ്ട ദിവസം താമസിപ്പിക്കലാണ്. ബൈബിൾ ഇപ്രകാരം പറയുന്നു: “തന്റെ കൂട്ടുകാരനെ ചതിച്ചിട്ട്, ‘ഞാൻ തമാശ കാണിക്കുകയല്ലായിരുന്നോ?’ എന്നു പറയുന്ന മനുഷ്യൻ തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനേപ്പോലെയാകുന്നു.” (സദൃശവാക്യങ്ങൾ 26:18, 19) “ചതിക്കുക” എന്ന് വിവർത്തനം ചെയ്തിരിക്കുന്ന മൂല എബ്രായ പദത്തിന് “വഞ്ചിക്കുക, വഴിതെറ്റിക്കുക” എന്നും അർത്ഥമുണ്ടായിരിക്കാൻ കഴിയും. ഒരു സൗഹൃദം ഒരു ഉടമ്പടിയോ ഉത്തരവാദിത്വമോ ഇല്ലാതെ വെറും രസത്തിനുവേണ്ടിയുള്ള വെറുമൊരു ഉപായമാണെങ്കിൽ, ഇത് വഴിതെറ്റിക്കലായിരിക്കയില്ലേ? ആരെങ്കിലും വിവാഹം കഴിക്കാനുള്ള പ്ലാൻ മനസ്സിലില്ലാതെ എതിർലിംഗത്തിൽപ്പെട്ട മറ്റൊരാളിൽ അമിതമായ ശ്രദ്ധ നൽകുന്നെങ്കിൽ ഇത് വഞ്ചനയായിരിക്കയില്ലേ? യാതൊരു ദ്രോഹകരമായ ആന്തരവും ഇല്ലാതിരുന്നേക്കാം എന്നത് സത്യംതന്നെ. എന്നാൽ ഇത് മറ്റേയാളിന്റെ വികാരങ്ങളോടുള്ള ചിന്തയില്ലായ്മയും ഒരളവുവരെ സ്വാർത്ഥതയും വെളിപ്പെടുത്തുകയില്ലേയോ? ‘പക്ഷേ ഞങ്ങൾ വെറുതെ സുഹൃത്തുക്കളായിരുന്നു’ അല്ലെങ്കിൽ ‘ഞാൻ ഒരിക്കലും യാതൊരു വാഗ്ദാനവും നൽകിയിട്ടില്ല’ എന്നു പറഞ്ഞുകൊണ്ട് പ്രശ്നം തള്ളിമാറ്റാൻ ശ്രമിക്കുന്നത്, ഒരുപക്ഷേ പരിത്യജിക്കപ്പെട്ടയാളിന് നല്ലതായിരിക്കയില്ല.
പ്രശ്നങ്ങൾ ഒഴിവാക്കൽ
“പ്രായോഗിക ജ്ഞാനം കാത്തുസൂക്ഷിക്കാൻ ” സദൃശവാക്യം 2:7 ചെറുപ്പക്കാരെ ബുദ്ധിയുപദേശിക്കുന്നു. അതുകൊണ്ട് ബുദ്ധിയുള്ള ചെറുപ്പക്കാർ—തങ്ങൾ വിവാഹത്തിനുവേണ്ടി ഒരുങ്ങിക്കഴിയുന്നതുവരെ—എതിർലിംഗത്തിൽപെട്ടവരുമായുള്ള സൗഹൃദം കൂടുതൽ അടുപ്പത്തിലാകുന്നത് ഒഴിവാക്കുന്നു. ഒരു ലൈംഗികാഗ്രഹം വികസിപ്പിക്കുന്നതൊഴിവാക്കാൻ കൂട്ടമായ പ്രവർത്തനങ്ങൾ ആരോഗ്യകരമായ ഒരു മാർഗ്ഗമായിരുന്നേക്കാം. അപ്പോൾപോലും, സുഹൃത്തുക്കളുടെ ഒരു ചെറിയ മണ്ഡലത്തിനുള്ളിൽ നിങ്ങളെത്തന്നെ ഒതുക്കിനിർത്തേണ്ടതെന്തുകൊണ്ട്? എന്തായിരുന്നാലും, ഒരു ചെറിയ കൂട്ടത്തിനുള്ളിൽപോലും ശൃംഗാരപരമായ വികാരങ്ങൾ തലപൊക്കിയേക്കാം. കൂട്ടമായ പ്രവർത്തനങ്ങളിൽ ഒന്നോ രണ്ടോ പ്രായം കൂടിയ ആളുകളെ ഉൾപ്പെടുത്തുന്നത് മറ്റൊരു സംരക്ഷണമാണ്.
പക്ഷേ, ഈ സംരക്ഷണങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും, ആരെങ്കിലും നിങ്ങളുടെ പ്രതികരണം ഇല്ലാതെതന്നെ നിങ്ങളോട് ലൈംഗിക താല്പര്യങ്ങൾ വികസിപ്പിച്ചെടുത്തെങ്കിലെന്ത്? എത്രയും പെട്ടെന്നുതന്നെ കാര്യങ്ങൾ വിശദീകരിക്കുക, അങ്ങനെ നിങ്ങൾ രണ്ടുപേരും എവിടെ നിലകൊള്ളുന്നുവെന്ന് മനസ്സിലാക്കുക. ബൈബിൾ ശുപാർശ ചെയ്യുന്നു, “നിങ്ങളിൽ ഓരോരുത്തനും തന്റെ അയൽക്കാരനോട് സത്യം സംസാരിക്കുക.” (എഫേസ്യർ 4:25) നിങ്ങളുടെ വിചാരങ്ങൾ തുറന്നു പറയുന്നത് പ്രശ്നം ശമിപ്പിക്കുന്നില്ലെങ്കിൽ, ആ വ്യക്തിയിൽനിന്ന് അല്പം അകന്നു നിൽക്കുന്നത് നന്നായിരിക്കും. ഇങ്ങനെ ന്യായവാദം ചെയ്യരുത്: ‘കൊള്ളാം, ഇപ്പോൾ സംഗതികൾ വളരെ വ്യക്തമായി, അതുകൊണ്ട് പ്രശ്നം തീർന്നതായി നമുക്ക് കണക്കാക്കാം. എന്നാൽ ഇനി നല്ല സുഹൃത്തുക്കളായി തുടരുന്നതിൽനിന്ന് നമ്മെ തടയാൻ യാതൊന്നുമില്ല.’ പലപ്പോഴും ലൈംഗിക വികാരങ്ങൾ ഉള്ളിൽ നീറിക്കൊണ്ടിരിക്കുന്നു, ഒരാൾ ആശിക്കുന്നത് മറ്റേയാൾ ഒരിക്കൽ തന്റെ മനസ്സ് മാറ്റുമെന്നാണ്.
ഈ നിർദ്ദേശങ്ങൾ പിൻപറ്റുന്നത് അത്ര എളുപ്പമായിരിക്കയില്ല. എന്നാൽ ഓർക്കുക: എതിർലിംഗത്തിൽ പെട്ടവരുമായുള്ള യഥാർത്ഥ അടുപ്പം വിവാഹത്തിനുമാത്രമുള്ളതാണെന്ന് സ്രഷ്ടാവ് കൽപ്പിച്ചിരിക്കുന്നു: “അനന്തരം യഹോവയാം ദൈവം അരുളിച്ചെയ്തു: ‘മനുഷ്യൻ ഏകനായി തുടരുന്നത് അവന് നന്നല്ല. ഞാൻ അവന് ഒരു പൂരകമെന്ന നിലയിൽ അവനു വേണ്ടി ഒരു സഹായിയെ ഉണ്ടാക്കാൻ പോകുകയാണ്.’ ഇക്കാരണത്താൽ ഒരു പുരുഷൻ തന്റെ അപ്പനേയും അമ്മയേയും വിട്ട് ഭാര്യയോട് പറ്റിനിൽക്കും, അവർ ഒരു ദേഹമായിരിക്കും.” യേശു ആ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് വിവാഹത്തിന്റെ ഗൗരവത്തെ ഊന്നിപ്പറഞ്ഞു: “ആകയാൽ ദൈവം കൂട്ടിച്ചേർത്തതിനെ യാതൊരു മനുഷ്യനും വേർപിരിക്കാതിരിക്കട്ടെ.”—ഉല്പത്തി 2:17, 24; മത്തായി 19:5, 6.
എതിർ ലിംഗത്തിൽപ്പെട്ടവരുമായുള്ള സൗഹൃദം ന്യായമായ പരിധികൾക്കുള്ളിൽ നിർത്തുക. അങ്ങനെ അധികം തലവേദനയും സങ്കടവും ഒഴിവാക്കുക. (g86 3/22)
[അടിക്കുറിപ്പുകൾ]
a ചില പേരുകൾ മാറിയിട്ടുണ്ട്
b ദയവായി ഉണരുക!യുടെ 1986 മാർച്ച് 8-ലെ ലക്കത്തിൽ കാണുന്ന “‘വെറുതെ സുഹൃത്തുക്ക’ളായിരിക്കുന്നതിലെ തെറ്റ് എന്താണ്?” എന്ന ലേഖനം കാണുക.
c വാച്ച്റ്റവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ന്യൂയോർക്ക്, ഇൻക്. 1976-ൽ പ്രസിദ്ധീകരിച്ചത്.
[15-ാം പേജിലെ ആകർഷകവാക്യം]
ഒരാളുടെ വികാരങ്ങൾ മറ്റെയാൾ പങ്കുവെക്കുന്നില്ല എന്ന് അറിയുന്നത് ഒരു ശക്തിയേറിയ വൈകാരികാഘാതമായിരിക്കാൻ കഴിയും
[14-ാം പേജിലെ ചിത്രം]
രണ്ട് വ്യക്തികൾ എല്ലായ്പ്പോഴും അന്യോന്യം കണ്ടുകൊണ്ടിരിക്കുമ്പോൾ അവർക്ക് വെറുതെ സുഹൃത്തുക്കളായി നിലകൊള്ളാൻ സാദ്ധ്യമല്ല