-
യഹോവയെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന് പഠിക്കാം
-
-
2. യഹോവയുടെ ചില ഗുണങ്ങൾ എന്തൊക്കെയാണ്?
നമുക്കു കാണാൻ കഴിയില്ലെങ്കിലും യഹോവ ഒരു യഥാർഥ വ്യക്തിയാണ്. യഹോവയുടെ ഗുണങ്ങളെക്കുറിച്ച് കൂടുതൽ അറിയുമ്പോൾ നമ്മൾ ആ ദൈവത്തെ കൂടുതൽ സ്നേഹിക്കും. ബൈബിൾ പറയുന്നു: “യഹോവ നീതിയെ സ്നേഹിക്കുന്നു; ദൈവം തന്റെ വിശ്വസ്തരെ ഉപേക്ഷിക്കില്ല.” (സങ്കീർത്തനം 37:28) കൂടാതെ, യഹോവ “വാത്സല്യവും കരുണയും നിറഞ്ഞ” ദൈവമാണ്. പ്രത്യേകിച്ച്, കഷ്ടപ്പാട് അനുഭവിക്കുന്നവരോട്. (യാക്കോബ് 5:11) “യഹോവ ഹൃദയം തകർന്നവരുടെ അരികിലുണ്ട്; മനസ്സു തകർന്നവരെ ദൈവം രക്ഷിക്കുന്നു.” (സങ്കീർത്തനം 34:18) നമ്മുടെ പ്രവൃത്തികൾ യഹോവയെ ദുഃഖിപ്പിക്കുകയോ സന്തോഷിപ്പിക്കുകയോ ചെയ്യും എന്ന കാര്യം നിങ്ങൾക്ക് അറിയാമോ? ഒരാൾ തെറ്റു ചെയ്യാൻ തീരുമാനിക്കുമ്പോൾ അതു യഹോവയെ വിഷമിപ്പിക്കുന്നു. (സങ്കീർത്തനം 78:40, 41) എന്നാൽ, ഒരാൾ ശരിയായ കാര്യം ചെയ്യുമ്പോൾ അതു യഹോവയെ സന്തോഷിപ്പിക്കുന്നു.—സുഭാഷിതങ്ങൾ 27:11 വായിക്കുക.
-
-
യഹോവയോട് സ്നേഹമുണ്ടെന്ന് എങ്ങനെ തെളിയിക്കാം?ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന് പഠിക്കാം
-
-
യഹോവയോട് സ്നേഹമുണ്ടെന്ന് എങ്ങനെ തെളിയിക്കാം?
ബൈബിൾ പഠിച്ചുതുടങ്ങിയപ്പോൾ നിങ്ങൾക്കു ദൈവത്തോടുള്ള സ്നേഹം മുമ്പത്തെക്കാൾ കൂടിയില്ലേ? ആ സ്നേഹവും അടുപ്പവും ഇനിയുമിനിയും കൂട്ടണമെന്നു തോന്നുന്നില്ലേ? ഓർക്കുക, നിങ്ങളുടെ സ്നേഹം കൂടുന്നതു കാണുമ്പോൾ യഹോവയും നിങ്ങളെ കൂടുതൽ സ്നേഹിക്കും, നിങ്ങൾക്കുവേണ്ടി കരുതും. എന്നാൽ നമ്മൾ യഹോവയെ സ്നേഹിക്കുന്നുണ്ടെന്ന് എങ്ങനെ കാണിക്കും?
1. യഹോവയെ സ്നേഹിക്കുന്നുണ്ടെന്ന് എങ്ങനെ കാണിക്കാം?
യഹോവയെ അനുസരിച്ചുകൊണ്ട് നമുക്ക് യഹോവയോടുള്ള സ്നേഹം കാണിക്കാം. (1 യോഹന്നാൻ 5:3 വായിക്കുക.) തന്നെ അനുസരിക്കാൻ യഹോവ ആരെയും നിർബന്ധിക്കുന്നില്ല. അനുസരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവസരം ദൈവം ഓരോരുത്തർക്കും കൊടുക്കുന്നുണ്ട്. എന്തുകൊണ്ട്? കാരണം, നമ്മൾ ‘ഹൃദയപൂർവം അനുസരിക്കാനാണ്’ യഹോവ ആഗ്രഹിക്കുന്നത്. (റോമർ 6:17) അതായത്, ഒരു കടമയായിട്ടല്ല തന്നോടുള്ള ഇഷ്ടംകൊണ്ട് അനുസരിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. യഹോവയ്ക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടും ഇഷ്ടമില്ലാത്തവ ഒഴിവാക്കിക്കൊണ്ടും നമുക്ക് യഹോവയെ സ്നേഹിക്കാം. ഇതിനു സഹായിക്കുന്ന വിധത്തിലാണ് ഈ പുസ്തകത്തിന്റെ 3, 4 ഭാഗങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
2. യഹോവയെ സ്നേഹിക്കുന്നത് അത്ര എളുപ്പമല്ലാത്തത് എന്തുകൊണ്ട്?
“നീതിമാന് അനേകം ദുരിതങ്ങൾ ഉണ്ടാകുന്നു” എന്ന് ബൈബിൾ പറയുന്നു. (സങ്കീർത്തനം 34:19) നമുക്ക് എല്ലാവർക്കും നമ്മുടേതായ കുറവുകളുണ്ട്. അതിനു പുറമേ, സാമ്പത്തിക പ്രശ്നങ്ങളും മറ്റുള്ളവരിൽനിന്നുള്ള മോശമായ പെരുമാറ്റവും മറ്റു ബുദ്ധിമുട്ടുകളും ഉണ്ട്. പ്രശ്നങ്ങളുള്ളപ്പോൾ യഹോവയ്ക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നത് എളുപ്പമായിരിക്കില്ല. കാരണം, തെറ്റായ കാര്യങ്ങൾ ചെയ്യാനാണ് നമുക്ക് എളുപ്പം. എന്നാൽ യഹോവ പറയുന്ന കാര്യങ്ങൾ നമ്മൾ അങ്ങനെതന്നെ അനുസരിക്കുകയാണെങ്കിലോ? അപ്പോൾ മറ്റെന്തിനെക്കാളും അധികം നമ്മൾ യഹോവയെ സ്നേഹിക്കുന്നു എന്ന് കാണിക്കുകയാണ്. കൂടാതെ, നമ്മൾ വിശ്വസ്തരാണെന്ന് തെളിയിക്കുകയുമായിരിക്കും. അതായത് എന്തുവന്നാലും യഹോവയോടു പറ്റിനിൽക്കും. അപ്പോൾ യഹോവ നമ്മളോടും വിശ്വസ്തനായിരിക്കും, നമ്മളെ ഒരിക്കലും കൈവിടുകയുമില്ല.—സങ്കീർത്തനം 4:3 വായിക്കുക.
ആഴത്തിൽ പഠിക്കാൻ
നമ്മുടെ അനുസരണം യഹോവയെ സന്തോഷിപ്പിക്കുന്നത് എന്തുകൊണ്ടാണ്? യഹോവയെ അനുസരിച്ചുകൊണ്ട് തുടർന്നും നമുക്ക് എങ്ങനെ വിശ്വസ്തരായി ജീവിക്കാം? ഇക്കാര്യങ്ങൾ നോക്കാം.
3. നമ്മൾകൂടി ഉൾപ്പെടുന്ന ഒരു വിവാദവിഷയം
ഇയ്യോബ് എന്ന ബൈബിൾ പുസ്തകത്തിൽ സാത്താന്റെ ഒരു ആരോപണം കാണാം. അത് ഇയ്യോബിനെതിരെ മാത്രമല്ല യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും എതിരെയുള്ള ഒന്നാണ്. ഇയ്യോബ് 1:1, 6-22; 2:1-10 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ഇയ്യോബ് യഹോവയെ അനുസരിക്കുന്നതിന്റെ കാരണം എന്താണെന്നാണ് സാത്താൻ പറഞ്ഞത്?—ഇയ്യോബ് 1:9-11 കാണുക.
നമ്മൾ ഉൾപ്പെടെ എല്ലാ മനുഷ്യരെക്കുറിച്ചും സാത്താൻ എന്താണു പറഞ്ഞത്?—ഇയ്യോബ് 2:4 കാണുക.
ഇയ്യോബ് 27:5ബി വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ഇയ്യോബ് യഹോവയെ ശരിക്കും സ്നേഹിക്കുന്നുണ്ടെന്ന് എങ്ങനെയാണ് തെളിയിച്ചത്?
4. യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുക
സുഭാഷിതങ്ങൾ 27:11 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ജ്ഞാനത്തോടെ തീരുമാനങ്ങളെടുത്ത് നമ്മൾ യഹോവയെ അനുസരിക്കുമ്പോൾ യഹോവയ്ക്ക് എന്തു തോന്നും, എന്തുകൊണ്ട്?
5. നിങ്ങൾക്ക് യഹോവയോടു വിശ്വസ്തരായിരിക്കാൻ കഴിയും
മറ്റുള്ളവരോട് യഹോവയെക്കുറിച്ച് പറയാൻ യഹോവയോടുള്ള സ്നേഹം നമ്മളെ പ്രചോദിപ്പിക്കും. യഹോവയോടുള്ള വിശ്വസ്തത ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽപ്പോലും അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കും. വീഡിയോ കാണുക. അതിനു ശേഷം ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
യഹോവയെക്കുറിച്ച് മറ്റുള്ളവരോടു പറയാൻ നിങ്ങൾക്ക് എപ്പോഴെങ്കിലും ബുദ്ധിമുട്ടു തോന്നിയിട്ടുണ്ടോ?
ഭയം മറികടക്കാൻ വീഡിയോയിൽ കണ്ട ഗ്രേസനെ സഹായിച്ചത് എന്താണ്?
യഹോവ സ്നേഹിക്കുന്നതിനെ സ്നേഹിക്കുകയും യഹോവ വെറുക്കുന്നതിനെ വെറുക്കുകയും ചെയ്താൽ യഹോവയോടു വിശ്വസ്തരായിക്കാൻ നമുക്ക് എളുപ്പമായിരിക്കും. സങ്കീർത്തനം 97:10 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
നിങ്ങൾ ഇതുവരെ പഠിച്ചതിൽനിന്ന് യഹോവ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളും വെറുക്കുന്ന ചില കാര്യങ്ങളും പറയാമോ?
നല്ലതിനെ സ്നേഹിക്കാനും മോശമായതിനെ വെറുക്കാനും നമുക്ക് എങ്ങനെ പഠിക്കാം?
6. യഹോവയെ അനുസരിക്കുന്നത് നമുക്ക് പ്രയോജനം ചെയ്യും
യഹോവയെ അനുസരിക്കുന്നതാണ് എപ്പോഴും നല്ലത്. യശയ്യ 48:17, 18 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
നമുക്ക് ഏറ്റവും നല്ലത് എന്താണെന്ന് എപ്പോഴും യഹോവയ്ക്ക് അറിയാം. ഇക്കാര്യം നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? എന്തുകൊണ്ട്?
ബൈബിളിനെക്കുറിച്ചും യഹോവയെക്കുറിച്ചും ഇതുവരെ പഠിച്ചതിൽനിന്ന് നിങ്ങൾക്ക് എന്തൊക്കെ പ്രയോജനങ്ങൾ ലഭിച്ചു?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “പിന്നേ, നമ്മൾ ചെയ്യുന്ന കാര്യങ്ങളൊക്കെ നോക്കാനല്ലേ ദൈവത്തിനു നേരം!”
നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ഒന്നുകിൽ യഹോവയെ സന്തോഷിപ്പിക്കും, അല്ലെങ്കിൽ ദുഃഖിപ്പിക്കും. ഇതു തെളിയിക്കാൻ ഏതു ബൈബിൾവാക്യം നിങ്ങൾ ഉപയോഗിക്കും?
ചുരുക്കത്തിൽ
യഹോവ പറയുന്നത് അനുസരിച്ചുകൊണ്ടും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽപ്പോലും യഹോവയോട് വിശ്വസ്തരായിരുന്നുകൊണ്ടും നമുക്ക് യഹോവയെ സ്നേഹിക്കുന്നെന്ന് കാണിക്കാം.
ഓർക്കുന്നുണ്ടോ?
ഇയ്യോബിനെക്കുറിച്ചുള്ള വിവരണത്തിൽനിന്ന് നിങ്ങൾ എന്താണ് പഠിച്ചത്?
യഹോവയോടു സ്നേഹമുണ്ടെന്ന് നിങ്ങൾ എങ്ങനെ തെളിയിക്കും?
യഹോവയോട് എപ്പോഴും വിശ്വസ്തരായിരിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
കൂടുതൽ മനസ്സിലാക്കാൻ
യഹോവയോടും സഭയോടും എങ്ങനെ വിശ്വസ്തരായിരിക്കാം എന്നു മനസ്സിലാക്കുക.
മനുഷ്യർക്ക് എതിരെ സാത്താൻ പറഞ്ഞിരിക്കുന്ന തെറ്റായ ആരോപണങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുക.
“ഇയ്യോബ് നിർമലനായി നിലകൊള്ളുന്നു” (ബൈബിൾ നൽകുന്ന സന്ദേശം, ഭാഗം 6)
കുട്ടികൾക്കുപോലും യഹോവയെ സ്നേഹിക്കാൻ കഴിയുന്നത് എങ്ങനെയെന്നു നോക്കുക.
തെറ്റു ചെയ്യാൻ കൂട്ടുകാർ നിർബന്ധിക്കുമ്പോഴും ചെറുപ്പക്കാർക്ക് എങ്ങനെ യഹോവയോടു വിശ്വസ്തത കാണിക്കാം?
-