ദൈവവചനം വായിച്ച് അവനെ സത്യത്തിൽ സേവിക്കുക
“യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും.”—സങ്കീർത്തനം 86:11.
1. അടിസ്ഥാനപരമായി, സത്യത്തെക്കുറിച്ച് ഈ മാസികയുടെ ആദ്യ ലക്കം എന്തു പറഞ്ഞു?
യഹോവ പ്രകാശവും സത്യവും അയച്ചുതരുന്നു. (സങ്കീർത്തനം 43:3) തന്റെ വചനമായ ബൈബിൾ വായിക്കുന്നതിനും സത്യം മനസ്സിലാക്കുന്നതിനുമുള്ള പ്രാപ്തിയും അവൻ നമുക്കു തരുന്നു. ഈ പത്രികയുടെ ആദ്യ പ്രതി—1879 ജൂലൈ—പറഞ്ഞു: “ജീവിതമരുഭൂവിലെ ഒരു ശാലീന ചെറുപുഷ്പംപോലെ, സത്യം വ്യാജമെന്ന നിബിഡമായ കളകളാൽ ചുറ്റപ്പെട്ടിരിക്കുകയും മിക്കവാറും ഞെരുക്കപ്പെടുകയുമാണ്. അതു കണ്ടെത്തണമെന്നുണ്ടെങ്കിൽ നിങ്ങൾ എല്ലായ്പോഴും ജാഗരൂകരായിരിക്കണം. അതിന്റെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ, വ്യാജമാകുന്ന കളകളെയും മതഭ്രാന്താകുന്ന മുൾച്ചെടികളെയും നിങ്ങൾ വകഞ്ഞുമാറ്റണം. നിങ്ങൾക്ക് അതു സ്വന്തമാക്കണമെന്നുണ്ടെങ്കിൽ, അതിനെ കുനിഞ്ഞ് എടുക്കേണ്ടിവരും. സത്യത്തിന്റെ ഒരു പുഷ്പംകൊണ്ട് തൃപ്തിയടയരുത്. ഒരെണ്ണം മതിയായിരുന്നെങ്കിൽ, കൂടുതൽ ഉണ്ടാകുമായിരുന്നില്ല. പറിച്ചുകൊണ്ടിരിക്കുക, കൂടുതലായി അന്വേഷിച്ചുകൊണ്ടിരിക്കുക.” ദൈവവചനം വായിച്ചുപഠിക്കുന്നതു സൂക്ഷ്മപരിജ്ഞാനം നേടാനും അവന്റെ സത്യത്തിൽ നടക്കാനും നമ്മെ പ്രാപ്തരാക്കുന്നു.—സങ്കീർത്തനം 86:11.
2. പുരാതന ഇസ്രായേലിൽ എസ്രായും മറ്റുള്ളവരും യഹൂദരെ ദൈവത്തിന്റെ ന്യായപ്രമാണം വായിച്ചു കേൾപ്പിച്ചപ്പോൾ എന്തു ഫലമുണ്ടായി?
2 പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 455-ൽ യെരുശലേമിന്റെ മതിലുകൾ പുനർനിർമിച്ചശേഷം, പുരോഹിതനായ എസ്രായും മറ്റുള്ളവരും യഹൂദന്മാരെ ദൈവത്തിന്റെ ന്യായപ്രമാണം വായിച്ചുകേൾപ്പിച്ചു. അതിനുശേഷമായിരുന്നു ആഹ്ലാദകരമായ കൂടാരപ്പെരുന്നാളും പാപങ്ങൾ ഏറ്റുപറയലും, “വിശ്വാസയോഗ്യമായ ഒരു ഉടമ്പടി” ഉണ്ടാക്കലും നടന്നത്. (നെഹെമ്യാവ് 8:1–9:38, NW) “അവർ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം തെളിവായി വായിച്ചുകേൾപ്പിക്കയും വായിച്ചതു ഗ്രഹിപ്പാൻതക്കവണ്ണം അർത്ഥം പറഞ്ഞുകൊടുക്കയും ചെയ്തു” എന്നു നാം വായിക്കുന്നു. (നെഹെമ്യാവു 8:8) യഹൂദന്മാർക്ക് എബ്രായ നന്നായി മനസ്സിലായില്ലെന്നും അരാമ്യ പരാവർത്തനം ഉണ്ടായിരുന്നുവെന്നും ചിലർ പറയുന്നു. എന്നാൽ പുസ്തകം കേവലം ഭാഷാശാസ്ത്രപരമായ പദപ്രയോഗങ്ങളെക്കുറിച്ചുള്ള വിശദീകരണം സൂചിപ്പിക്കുന്നില്ല. ജനങ്ങൾ ന്യായപ്രമാണത്തിന്റെ തത്ത്വങ്ങൾ ഗ്രഹിച്ച് അവ ബാധകമാക്കുന്നതിനുവേണ്ടി എസ്രായും മറ്റുള്ളവരും അതു വ്യാഖ്യാനിച്ചുകൊടുത്തിരുന്നു. ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും യോഗങ്ങളും ദൈവവചനത്തിന്റെ ‘അർഥം പറഞ്ഞുകൊടുക്കാൻ’ ഉപകരിക്കുന്നു. “പഠിപ്പിക്കാൻ യോഗ്യ”രായ നിയമിത മൂപ്പന്മാരും അതുതന്നെ ചെയ്യുന്നു.—1 തിമോത്തി 3:1, 2; 2 തിമോത്തി 2:24, NW.
നിലനിൽക്കുന്ന പ്രയോജനങ്ങൾ
3. ബൈബിൾ വായനയിൽനിന്നു ലഭിക്കുന്ന ചില പ്രയോജനങ്ങൾ എന്തെല്ലാം?
3 ക്രിസ്തീയ കുടുംബങ്ങൾ ഒരുമിച്ചു ബൈബിൾ വായിക്കുമ്പോൾ, അവർ നിലനിൽക്കുന്ന പ്രയോജനങ്ങൾ അനുഭവിക്കാൻ സാധ്യതയുണ്ട്. അവർ ദൈവത്തിന്റെ നിയമങ്ങളുമായി പരിചിതരാകുകയും പഠിപ്പിക്കലുകൾ, പ്രാവചനിക സംഗതികൾ, മറ്റു വിഷയങ്ങൾ എന്നിവയെക്കുറിച്ചുള്ള സത്യം മനസ്സിലാക്കുകയും ചെയ്യുന്നു. ബൈബിളിന്റെ ഒരു ഭാഗം വായിച്ചതിനുശേഷം, കുടുംബനാഥൻ ചോദിച്ചേക്കാം: ഇതു നമ്മെ എങ്ങനെ ബാധിക്കണം? മറ്റു ബൈബിൾ പഠിപ്പിക്കലുകളുമായി ഇതിന് ഏതു തരത്തിൽ ബന്ധമുണ്ട്? സുവാർത്ത പ്രസംഗിക്കുന്നതിൽ ഈ ആശയങ്ങൾ നമുക്കെങ്ങനെ ഉപയോഗിക്കാം? ബൈബിൾ വായിക്കുമ്പോൾ ഒരു കുടുംബം വാച്ച് ടവർ പ്രസിദ്ധീകരണങ്ങളുടെ വിഷയസൂചികയോ മറ്റു വിഷയസൂചികകളോ ഉപയോഗിച്ചു ഗവേഷണം ചെയ്യുന്നെങ്കിൽ അവർക്കു വലിയ ഉൾക്കാഴ്ച ലഭിക്കുന്നു. തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ചയുടെ രണ്ടു വാല്യങ്ങൾ ഇതിനായി ഉപയോഗിക്കുന്നത് പ്രയോജനപ്രദമാണ്.
4. യോശുവ 1:8-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രബോധനം യോശുവ ബാധകമാക്കേണ്ടിയിരുന്നതെങ്ങനെ?
4 തിരുവെഴുത്തുകളിൽനിന്ന് എടുക്കുന്ന തത്ത്വങ്ങൾക്കു ജീവിതത്തിൽ നമ്മെ നയിക്കാനാവും. കൂടാതെ, ‘വിശുദ്ധ ലിഖിതങ്ങൾ’ വായിച്ചു പഠിക്കുന്നതു ‘നമ്മെ രക്ഷയ്ക്കു ജ്ഞാനികളാക്കാൻ’ കഴിയും. (2 തിമോത്തി 3:15, NW) ദൈവവചനം നമ്മെ നയിക്കാൻ നാം അനുവദിക്കുന്നെങ്കിൽ, നാം അവന്റെ സത്യത്തിൽ നടക്കുന്നതിൽ തുടരുകയും നമ്മുടെ നീതിനിഷ്ഠമായ ആഗ്രഹങ്ങൾ സാക്ഷാത്ക്കരിക്കപ്പെടുകയും ചെയ്യും. (സങ്കീർത്തനം 26:3; 119:130) എന്നാൽ, മോശയുടെ പിൻഗാമി യോശുവ ചെയ്തതുപോലെ, നാം ഗ്രാഹ്യം തേടേണ്ടതുണ്ട്. ‘ന്യായപ്രമാണ പുസ്തകം’ അവന്റെ വായിൽനിന്നു നീങ്ങിപ്പോകരുതായിരുന്നു, അവൻ അതു രാപകൽ വായിക്കണമായിരുന്നു. (യോശുവ 1:8) ‘ന്യായപ്രമാണ പുസ്തകം’ അവന്റെ വായിൽനിന്നു നീങ്ങിപ്പോകരുതായിരുന്നു എന്നത് അതു പറഞ്ഞിരുന്ന പ്രബോധനാത്മക വിവരങ്ങൾ മറ്റുള്ളവരോടു പറയുന്നതു യോശുവ നിർത്തരുതെന്ന് അർഥമാക്കി. ന്യായപ്രമാണം രാപകൽ വായിക്കുകയെന്നാൽ യോശുവ അതുസംബന്ധിച്ചു ധ്യാനിക്കണമെന്നും പഠിക്കണമെന്നുമായിരുന്നു അർഥം. സമാനമായി പൗലോസ് അപ്പോസ്തലൻ തിമോത്തിയെ അവന്റെ നടത്ത, ശുശ്രൂഷ, പഠിപ്പിക്കൽ എന്നിവ സംബന്ധിച്ച് “ധ്യാനിക്കാൻ”—വിചിന്തനം ചെയ്യാൻ—ഉദ്ബോധിപ്പിച്ചു. ഒരു ക്രിസ്തീയ മൂപ്പൻ എന്നനിലയിൽ, തന്റെ ജീവിതം മാതൃകാപരമായിരുന്നുവെന്നും താൻ തിരുവെഴുത്തു സത്യമാണു പഠിപ്പിക്കുന്നതെന്നും തിമോത്തി വിശേഷാൽ ശ്രദ്ധിക്കേണ്ടിയിരുന്നു.—1 തിമോത്തി 4:15, NW.
5. നമുക്കു ദൈവത്തിന്റെ സത്യം കണ്ടെത്തണമെങ്കിൽ, എന്താണ് ആവശ്യമായിരിക്കുന്നത്?
5 ദൈവത്തിന്റെ സത്യം ഒരു അമൂല്യ നിധിയാണ്. അതു കണ്ടെത്താൻ കുഴിക്കൽ, തിരുവെഴുത്തുകൾ സംബന്ധിച്ചു സ്ഥിരോത്സാഹത്തോടുകൂടിയ അന്വേഷണം, ആവശ്യമാണ്. മഹദ് പ്രബോധകന്റെ ശിശുസമാന വിദ്യാർഥികളാകുന്നെങ്കിൽമാത്രമേ, നാം ജ്ഞാനം നേടി യഹോവയെക്കുറിച്ചു ഭക്ത്യാദരവോടുകൂടിയ ഭയം മനസ്സിലാക്കാനിടവരുകയുള്ളൂ. (സദൃശവാക്യങ്ങൾ 1:7; യെശയ്യാവു 30:20, 21) തീർച്ചയായും, നാം സംഗതികളെ തിരുവെഴുത്തുപരമായി തെളിയിക്കണം. (1 പത്രൊസ് 2:1, 2) ബെരോവയിലെ യഹൂദന്മാർ “തെസ്സലൊനീക്കയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു [പൗലോസ് പറഞ്ഞവ] അങ്ങനെ തന്നെയോ എന്നു ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോന്നു.” അങ്ങനെ ചെയ്തതിനു ബെരോവക്കാർ ശകാരിക്കപ്പെടുകയല്ല, പ്രശംസിക്കപ്പെടുകയാണു ചെയ്തത്.—പ്രവൃത്തികൾ 17:10, 11.
6. തിരുവെഴുത്തുകൾ ശോധനചെയ്തതു ചില യഹൂദന്മാർക്കു ഗുണമായിഭവിച്ചില്ലെന്നു യേശുവിനു സൂചിപ്പിക്കാൻ കഴിഞ്ഞതെന്തുകൊണ്ട്?
6 യേശു ചില യഹൂദന്മാരോടു പറഞ്ഞു: “നിങ്ങൾ തിരുവെഴുത്തുകളെ ശോധന ചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന്നു എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല.” (യോഹന്നാൻ 5:39, 40) അവർ തിരുവെഴുത്തുകൾ ശോധനചെയ്തതു ശരിയായ ലക്ഷ്യത്തോടെ—അവ അവരെ ജീവനിലേക്കു നയിക്കുമെന്ന ലക്ഷ്യത്തോടെ—തന്നെയായിരുന്നു. തീർച്ചയായും, യേശുവിനെ ജീവന്റെ മാർഗമായി ചൂണ്ടിക്കാണിച്ചിരുന്ന മിശിഹൈക പ്രവചനങ്ങൾ തിരുവെഴുത്തുകളിൽ ഉൾക്കൊണ്ടിരുന്നു. എന്നാൽ യഹൂദന്മാർ അവനെ കൈക്കൊണ്ടില്ല. അതുകൊണ്ട്, തിരുവെഴുത്തുകളെ ശോധന ചെയ്തത് അവർക്കു ഗുണമായിഭവിച്ചില്ല.
7. ബൈബിളിനെക്കുറിച്ചുള്ള ഗ്രാഹ്യം വർധിക്കാൻ എന്ത് ആവശ്യമാണ്, എന്തുകൊണ്ട്?
7 നമ്മുടെ ബൈബിൾ ഗ്രാഹ്യം വളരുന്നതിന്, ദൈവാത്മാവിന്റെ, അഥവാ പ്രവർത്തനനിരതമായ ശക്തിയുടെ മാർഗനിർദേശം നമുക്കാവശ്യമാണ്. “ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു,” അങ്ങനെ അവയുടെ അർഥം ലഭ്യമാക്കുന്നു. (1 കൊരിന്ത്യർ 2:10) തെസലോനിക്യയിലെ ക്രിസ്ത്യാനികൾ തങ്ങൾ കേട്ട ഏതു പ്രവചനങ്ങളുടെ കാര്യത്തിലും “സകലവും ശോധന ചെയ്തു”നോക്കേണ്ടിയിരുന്നു. (1 തെസ്സലൊനീക്യർ 5:20, 21) പൗലോസ് തെസലോനിക്യർക്ക് എഴുതിയപ്പോൾ (പൊ.യു. 50-നോടടുത്ത്), അതിനോടകംതന്നെ എഴുതപ്പെട്ടിരുന്ന ഗ്രീക്കു തിരുവെഴുത്തുകളുടെ ഒരേ ഒരു ഭാഗം മത്തായിയുടെ സുവിശേഷമായിരുന്നു. അതുകൊണ്ട്, തെസലോനിക്യർക്കും ബെരോവക്കാർക്കും, സാധ്യതയനുസരിച്ച് എബ്രായ തിരുവെഴുത്തുകളുടെ ഗ്രീക്കു സെപ്റ്റ്വജിൻറ് ഭാഷാന്തരം പരിശോധിച്ചുകൊണ്ട് സകലതും ശോധന ചെയ്തുനോക്കാനാവുമായിരുന്നു. അവർക്കു തിരുവെഴുത്തുകൾ വായിച്ചുപഠിക്കേണ്ടിയിരുന്നു, അതുപോലെതന്നെയാണു നമ്മുടെ കാര്യവും.
എല്ലാവർക്കും ജീവത്പ്രധാനം
8. നിയമിത മൂപ്പന്മാർ ബൈബിൾ പരിജ്ഞാനത്തിൽ മികച്ചുനിൽക്കേണ്ടത് എന്തുകൊണ്ട്?
8 നിയമിത മൂപ്പന്മാർ ബൈബിൾ പരിജ്ഞാനത്തിൽ മികച്ചുനിൽക്കണം. അവർ “പഠിപ്പിക്കാൻ യോഗ്യ”രും ‘വിശ്വസ്ത വചനം മുറുകെപ്പിടിക്കുന്നവ’രുമായിരിക്കണം. മേൽവിചാരകനായിരുന്ന തിമോത്തി ‘സത്യത്തിന്റെ വചനം ശരിയായി കൈകാര്യം ചെയ്യേ’ണ്ടിയിരുന്നു. (1 തിമോത്തി 3:2; തീത്തൊസ് 1:9; 2 തിമോത്തി 2:15, NW) അവന്റെ പിതാവ് ഒരു അവിശ്വാസിയായിരുന്നിട്ടും, അവനിൽ ‘കാപട്യരഹിതമായ വിശ്വാസം’ അങ്കുരിപ്പിച്ചുകൊണ്ട് അവന്റെ അമ്മ യൂനിക്കയും വല്യമ്മ ലോവീസും ബാല്യംമുതൽ അവനെ വിശുദ്ധ തിരുവെഴുത്തുകൾ പഠിപ്പിച്ചിരുന്നു. (2 തിമൊഥെയൊസ് 1:5; 3:15) വിശ്വാസികളായ പിതാക്കന്മാർ തങ്ങളുടെ മക്കളെ “യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്കരണത്തിലും” വളർത്തിക്കൊണ്ടുവരേണ്ടതാകുന്നു, ‘ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ള’ മൂപ്പന്മാർ വിശേഷിച്ചും. (എഫെസ്യർ 6:4; തീത്തൊസ് 1:6) അപ്പോൾ, നമ്മുടെ സാഹചര്യം എന്തുതന്നെയായാലും, ദൈവവചനം വായിച്ചുപഠിച്ചു ബാധകമാക്കേണ്ട ആവശ്യത്തെ നാം വളരെ ഗൗരവമായി എടുക്കണം.
9. സഹക്രിസ്ത്യാനികളുമൊത്തു ബൈബിൾ പഠിക്കേണ്ടതെന്തുകൊണ്ട്?
9 സഹവിശ്വാസികളൊരുമിച്ചും നാം ബൈബിൾ പഠിക്കണം. തന്റെ ബുദ്ധ്യുപദേശം തെസലോനിക്യ ക്രിസ്ത്യാനികൾ പരസ്പരം ചർച്ചചെയ്യണമെന്നു പൗലോസ് ആഗ്രഹിച്ചു. (1 തെസ്സലൊനീക്യർ 4:18) സത്യത്തെക്കുറിച്ചുള്ള ഗ്രാഹ്യത്തിനു മൂർച്ചകൂട്ടാൻ തിരുവെഴുത്തുകൾ പരിശോധിക്കുന്നതിൽ അർപ്പിതരായ മറ്റു വിദ്യാർഥികളോടൊപ്പം ചേരുന്നതിനെക്കാൾ നല്ല മാർഗമില്ല. “ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു” എന്ന സദൃശവാക്യം സത്യമാണ്. (സദൃശവാക്യങ്ങൾ 27:17) ഇരുമ്പുകൊണ്ടുള്ള ഒരു ഉപകരണം ഉപയോഗിക്കാതെയും മൂർച്ചകൂട്ടാതെയും വെച്ചിരുന്നാൽ അതിനു തുരുമ്പു പിടിക്കാം. അതുപോലെ, നാം ക്രമമായി കൂടിവരുകയും ദൈവത്തിന്റെ സത്യവചനം വായിച്ചുപഠിച്ചതിൽനിന്നും അതിനെക്കുറിച്ചു ധ്യാനിച്ചതിൽനിന്നും നാം നേടിയ പരിജ്ഞാനം പങ്കുവെച്ചുകൊണ്ട് പരസ്പരം മൂർച്ചകൂട്ടുകയും ചെയ്യേണ്ടതുണ്ട്. (എബ്രായർ 10:24, 25) മാത്രമല്ല, ആത്മീയ ഒളിമിന്നലുകളിൽനിന്നു നാം പ്രയോജനം നേടുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ഒരു മാർഗമാണിത്.—സങ്കീർത്തനം 97:11; സദൃശവാക്യങ്ങൾ 4:18.
10. സത്യത്തിൽ നടക്കുകയെന്നതിന്റെ അർഥമെന്ത്?
10 തിരുവെഴുത്തുകളെക്കുറിച്ചുള്ള നമ്മുടെ പഠനത്തിൽ, സങ്കീർത്തനക്കാരനെപ്പോലെ നമുക്കു ദൈവത്തോട് ഉചിതമായി പ്രാർഥിക്കാം: “നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ; അവ എന്നെ നടത്തുമാറാകട്ടെ.” (സങ്കീർത്തനം 43:3) ദൈവാംഗീകാരമുണ്ടാവാൻ നാം ആഗ്രഹിക്കുന്നെങ്കിൽ, നാം അവന്റെ സത്യത്തിൽ നടക്കണം. (3 യോഹന്നാൻ 3, 4) ഇതിൽ അവന്റെ നിബന്ധനകൾക്കു ചേർച്ചയിൽ ജീവിക്കുന്നതും വിശ്വസ്തതയോടെയും ആത്മാർഥതയോടെയും അവനെ സേവിക്കുന്നതും ഉൾപ്പെടുന്നു. (സങ്കീർത്തനം 25:4, 5; യോഹന്നാൻ 4:23, 24) യഹോവയുടെ വചനത്തിൽ വെളിപ്പെടുത്തുകയും “വിശ്വസ്തനും വിവേകിയുമായ അടിമ”യുടെ പ്രസിദ്ധീകരണങ്ങളിൽ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നപ്രകാരം, നാം അവനെ സത്യത്തിൽ സേവിക്കണം. (മത്തായി 24:45-47, NW) ഇതിന് തിരുവെഴുത്തുകളെക്കുറിച്ചുള്ള സൂക്ഷ്മമായ പരിജ്ഞാനം ആവശ്യമാണ്. അപ്പോൾ, നാം ദൈവവചനം എങ്ങനെയാണു വായിച്ചുപഠിക്കേണ്ടത്? ഉല്പത്തി 1-ാം അധ്യായം 1-ാം വാക്യംമുതൽ 66 പുസ്തകങ്ങളും നാം വായിക്കണമോ? വേണം. തന്റെ ഭാഷയിൽ സമ്പൂർണ ബൈബിൾ ലഭ്യമായിട്ടുള്ള ഓരോ ക്രിസ്ത്യാനിയും ഉല്പത്തിമുതൽ വെളിപ്പാടുവരെ വായിക്കണം. ‘വിശ്വസ്ത അടിമ’യിലൂടെ ദൈവം ലഭ്യമാക്കിയിട്ടുള്ള തിരുവെഴുത്തു സത്യത്തിന്റെ സിംഹഭാഗത്തെക്കുറിച്ചുമുള്ള നമ്മുടെ ഗ്രാഹ്യം വർധിപ്പിക്കുകയാവണം ബൈബിളും ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും വായിക്കുന്നതിലെ നമ്മുടെ ലക്ഷ്യം.
ദൈവവചനം ഉറക്കെ വായിക്കുക
11, 12. യോഗങ്ങളിൽ ബൈബിൾ ഉറക്കെ വായിക്കുന്നതു പ്രയോജനപ്രദമായിരിക്കുന്നത് എന്തുകൊണ്ട്?
11 തനിച്ചായിരിക്കുമ്പോൾ നാം നിശബ്ദമായി വായിച്ചേക്കാം. എന്നിരുന്നാലും, പുരാതന നാളുകളിൽ വ്യക്തിപരമായ വായന ഉറക്കെയാണു നടത്തിയിരുന്നത്. എത്യോപ്യനായ ഷണ്ഡൻ തന്റെ രഥത്തിൽ യാത്രചെയ്യവേ, അദ്ദേഹം യെശയ്യാ പ്രവചനം വായിക്കുന്നതായി സുവിശേഷകനായ ഫിലിപ്പോസ് കേട്ടത് അതുകൊണ്ടായിരുന്നു. (പ്രവൃത്തികൾ 8:27-30) “വായിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന്റെ പ്രാഥമിക അർഥം “വിളിക്കുക” എന്നാണ്. അതുകൊണ്ട് ആദ്യമൊക്കെ നിശബ്ദമായി വായിച്ച് അർഥം ഗ്രഹിക്കാനാവാത്തവർ ഓരോ വാക്കും ഉറക്കെ ഉച്ചരിക്കുന്നതിൽ നിരുത്സാഹിതരാകരുത്. ദൈവത്തിന്റെ ലിഖിത വചനം വായിച്ചു സത്യം മനസ്സിലാക്കുകയെന്നതാണ് മുഖ്യസംഗതി.
12 ക്രിസ്തീയ യോഗങ്ങളിൽ ബൈബിൾ ഉറക്കെ വായിച്ചുകേൾക്കുന്നതു പ്രയോജനപ്രദമാണ്. സഹപ്രവർത്തകനായ തിമോത്തിയെ പൗലോസ് അപ്പോസ്തലൻ ഉദ്ബോധിപ്പിച്ചു: “ഞാൻ വരുവോളം വായന [“പരസ്യവായന,” NW], പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (1 തിമൊഥെയൊസ് 4:13) പൗലോസ് കൊലോസ്യരോടു പറഞ്ഞു: “നിങ്ങളുടെ ഇടയിൽ ഈ ലേഖനം വായിച്ചു തീർന്നശേഷം ലവുദിക്യസഭയിൽകൂടെ വായിപ്പിക്കയും ലവുദിക്യസഭയിൽനിന്നുള്ളതു നിങ്ങളും വായിക്കയും ചെയ്വിൻ.” (കൊലൊസ്സ്യർ 4:16) മാത്രമല്ല, വെളിപാട് 1:3 [NW] പറയുന്നു: “ഈ പ്രവചനത്തിലെ വാക്കുകൾ ഉറക്കെ വായിക്കുന്നവനും അവ കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ അനുഷ്ഠിക്കുന്നവരും സന്തുഷ്ടരാകുന്നു; എന്തെന്നാൽ നിയമിതസമയം അടുത്തിരിക്കുന്നു.” അതുകൊണ്ട്, പരസ്യപ്രസംഗകൻ സഭയോടു പറയുന്ന സംഗതികളെ പിന്താങ്ങാൻ ബൈബിളിൽനിന്നു വാക്യങ്ങൾ വായിക്കണം.
പഠനത്തിന്റെ വിഷയാനുക്രമ വിധം
13. ബൈബിൾ സത്യങ്ങൾ പഠിക്കുന്നതിനുള്ള ഏറ്റവും പുരോഗമനപരമായ വിധമെന്ത്, തിരുവെഴുത്തുകൾ കണ്ടുപിടിക്കാൻ നമ്മെ എന്തിനു സഹായിക്കാനാവും?
13 തിരുവെഴുത്തു സത്യങ്ങൾ പഠിക്കുന്നതിനുള്ള ഏറ്റവും പുരോഗമനപരമായ വിധമാണു വിഷയാനുക്രമ പഠനം. പുസ്തകം, അധ്യായം, വാക്യം എന്നിവപ്രകാരം ബൈബിൾ പദങ്ങൾ അവയുടെ സാഹചര്യമനുസരിച്ച് അക്ഷരമാല ക്രമത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന കൺകോർഡൻസുകൾ ഒരു പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ കണ്ടുപിടിക്കുന്നത് എളുപ്പമാക്കുന്നു. അത്തരം തിരുവെഴുത്തുകളെ പരസ്പരം സമരസപ്പെടുത്താനാവും, കാരണം ബൈബിളിന്റെ ഗ്രന്ഥകർത്താവ് പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറയുന്നില്ല. തന്റെ പരിശുദ്ധാത്മാവിനാൽ, 16 നൂറ്റാണ്ടുകളിലൂടെ അവൻ ഏതാണ്ടു 40 പുരുഷന്മാരെ ബൈബിൾ എഴുതാൻ നിശ്വസ്തമാക്കി. വിഷയാനുക്രമത്തിൽ അതു പഠിക്കുന്നതു സത്യം മനസ്സിലാക്കുന്നതിനുള്ള, കാലം തെളിയിച്ച വിധമാണ്.
14. എബ്രായ, ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ ഒരുമിച്ചു പഠിക്കേണ്ടതെന്തുകൊണ്ട്?
14 ബൈബിൾ സത്യത്തോടുള്ള നമ്മുടെ വിലമതിപ്പ് ക്രിസ്തീയ തിരുവെഴുത്തുകളും എബ്രായ തിരുവെഴുത്തുകളും വായിച്ചുപഠിക്കാൻ നമ്മെ പ്രചോദിപ്പിക്കണം. ദൈവോദ്ദേശ്യവുമായി ഗ്രീക്കു തിരുവെഴുത്തുകൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇതു പ്രകടമാക്കുകയും എബ്രായ തിരുവെഴുത്തുകളിലെ പ്രവചനങ്ങളുടെമേൽ പ്രകാശം ചൊരിയുകയും ചെയ്യും. (റോമർ 16:24-27; എഫെസ്യർ 3:4-6; കൊലൊസ്സ്യർ 1:26) ഇക്കാര്യത്തിൽ വളരെ സഹായകമാണ് വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം. മൂല ബൈബിൾ പാഠങ്ങളെയും അതിന്റെ പശ്ചാത്തലത്തെയും ശൈലി പ്രയോഗങ്ങളെയും കുറിച്ചു ലഭ്യമായിരിക്കുന്ന വർധിച്ച വിവരങ്ങൾ പ്രയോജനപ്പെടുത്തിയിട്ടുള്ള സമർപ്പിത ദൈവദാസന്മാരാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്. “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ യഹോവ പ്രദാനം ചെയ്തിരിക്കുന്ന ബൈബിൾ പഠന സഹായികളും ജീവത്പ്രധാനമാണ്.
15. ബൈബിളിൽ അവിടെന്നും ഇവിടെന്നുമായി ഉദ്ധരിക്കുന്നത് ഉചിതമാണെന്നു നിങ്ങളെങ്ങനെ തെളിയിക്കും?
15 ചിലർ പറഞ്ഞേക്കാം, ‘നിങ്ങളുടെ പ്രസിദ്ധീകരണങ്ങൾ ബൈബിളിൽനിന്ന് ആയിരക്കണക്കിന് ഉദ്ധരണികൾ നടത്തുന്നുണ്ട്, എന്നാൽ എന്തിനാ നിങ്ങൾ അവിടെന്നും ഇവിടെന്നും ഉദ്ധരിക്കുന്നത്?’ ബൈബിളിന്റെ 66 പുസ്തകങ്ങളിൽനിന്ന് അവിടെന്നും ഇവിടെന്നും ഉദ്ധരിക്കുന്നതിലൂടെ, പ്രസിദ്ധീകരണങ്ങൾ ഒരു പഠിപ്പിക്കലിന്റെ സത്യത തെളിയിക്കാൻ പല നിശ്വസ്ത സാക്ഷികളുടെയും മൊഴിയെടുക്കുന്നു. യേശുതന്നെയും പ്രബോധനത്തിന്റെ കാര്യത്തിൽ ഈ വിധം ഉപയോഗിച്ചു. ഗിരിപ്രഭാഷണം നിർവഹിച്ചപ്പോൾ അവൻ എബ്രായ തിരുവെഴുത്തുകളിൽനിന്ന് 21 ഉദ്ധരണികൾ നടത്തി. ആ പ്രഭാഷണത്തിൽ പുറപ്പാടിൽനിന്നു മൂന്നും ലേവ്യപുസ്തകത്തിൽനിന്നു രണ്ടും സംഖ്യാപുസ്തകത്തിൽനിന്ന് ഒന്നും ആവർത്തനപുസ്തകത്തിൽനിന്ന് ആറും രണ്ട് രാജാക്കന്മാരിൽനിന്ന് ഒന്നും സങ്കീർത്തനങ്ങളിൽനിന്നു നാലും യെശയ്യാവിൽനിന്നു മൂന്നും യിരെമ്യാവിൽനിന്ന് ഒന്നും വീതം ഉദ്ധരണികൾ ഉണ്ട്. ഇതു ചെയ്യുന്നതിലൂടെ, യേശു ‘എന്തോ ഏതോ തെളിയിക്കാൻ ശ്രമിക്കുക’യായിരുന്നോ? അല്ല. കാരണം “ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചതു.” അത് അങ്ങനെയാവാൻ കാരണം ദൈവത്തിന്റെ ലിഖിത വചനത്തിന്റെ ആധികാരികതയാൽ യേശു തന്റെ പഠിപ്പിക്കലുകളെ പിന്താങ്ങി എന്നതായിരുന്നു. (മത്തായി 7:29) അങ്ങനെതന്നെ പൗലോസ് അപ്പോസ്തലനും ചെയ്തു.
16. റോമർ 15:7-13-ൽ പൗലോസ് ഏതെല്ലാം തിരുവെഴുത്ത് ഉദ്ധരണികൾ നടത്തി?
16 റോമർ 15:7-13-ൽ കാണുന്ന തിരുവെഴുത്തു ഭാഗത്ത്, പൗലോസ് ന്യായപ്രമാണം, പ്രവാചകന്മാർ, സങ്കീർത്തനങ്ങൾ എന്നിങ്ങനെ മൂന്ന് എബ്രായ തിരുവെഴുത്തു ഭാഗങ്ങളിൽനിന്ന് ഉദ്ധരിച്ചു. യഹൂദന്മാരും വിജാതീയരും ദൈവത്തെ മഹത്ത്വപ്പെടുത്തുമെന്നും അതിനാൽ ക്രിസ്ത്യാനികൾ എല്ലാ ജനതകളിലെയും ആളുകളെ സ്വാഗതം ചെയ്യണമെന്നും അവൻ പ്രകടമാക്കി. പൗലോസ് പറഞ്ഞു: ‘ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിനായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ. പിതാക്കന്മാർക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നു ക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു. “അതുകൊണ്ടു ഞാൻ ജാതികളുടെ ഇടയിൽ നിന്നെ വാഴ്ത്തി നിന്റെ നാമത്തിന്നു സ്തുതി പാടും” എന്നു എഴുതിയിരിക്കുന്നുവല്ലോ [സങ്കീർത്തനം 18:49-ൽ]. മറ്റൊരേടത്തു [ആവർത്തനപുസ്തകം 32:43-ൽ]: “ജാതികളേ, അവന്റെ ജനത്തോടു ഒന്നിച്ചു ആനന്ദിപ്പിൻ” എന്നും പറയുന്നു. “സകലജാതികളുമായുള്ളോരേ, കർത്താവിനെ സ്തുതിപ്പിൻ, സകല വംശങ്ങളും അവനെ സ്തുതിക്കട്ടെ” എന്നും പറയുന്നു [സങ്കീർത്തനം 117:1-ൽ]. “യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേൽക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശ വെക്കും” എന്നു യെശയ്യാവു [11:1, 10] പറയുന്നു. എന്നാൽ പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകലസന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറെക്കുമാറാകട്ടെ.’ ഈ വിഷയാനുക്രമ വിധത്താൽ, ബൈബിൾ സത്യങ്ങൾ സ്ഥാപിക്കാൻ തിരുവെഴുത്തുകൾ ഉദ്ധരിക്കേണ്ടത് എപ്രകാരമെന്നു പൗലോസ് പ്രകടമാക്കി.
17. ക്രിസ്ത്യാനികൾ മുഴുബൈബിളിന്റെ അവിടെന്നും ഇവിടെന്നുമായി ഉദ്ധരിക്കുന്നത് ഏതു മുൻമാതൃകയോടുള്ള ചേർച്ചയിലാണ്?
17 പത്രോസ് അപ്പോസ്തലന്റെ ആദ്യത്തെ നിശ്വസ്ത ലേഖനത്തിൽ ന്യായപ്രമാണം, പ്രവാചകന്മാർ, സങ്കീർത്തനങ്ങൾ എന്നീ ഭാഗങ്ങളിലുള്ള പത്തു പുസ്തകങ്ങളിൽനിന്നായി 34 ഉദ്ധരണികൾ ഉണ്ട്. തന്റെ രണ്ടാമത്തെ ലേഖനത്തിൽ, പത്രോസ് മൂന്നു പുസ്തകങ്ങളിൽനിന്ന് ആറു പ്രാവശ്യം ഉദ്ധരിക്കുന്നു. മത്തായിയുടെ സുവിശേഷത്തിൽ ഉല്പത്തിമുതൽ മലാഖിവരെയുള്ള ഭാഗത്തുനിന്നു 122 ഉദ്ധരണികൾ ഉണ്ട്. ഗ്രീക്കു തിരുവെഴുത്തുകളിലെ 27 പുസ്തകങ്ങളിലായി ഉല്പത്തിമുതൽ മലാഖിവരെയുള്ള ഭാഗത്തുനിന്നു നേരിട്ടുള്ള ഉദ്ധരണികൾ 320 എണ്ണവും, കൂടാതെ എബ്രായ തിരുവെഴുത്തുകളിൽനിന്നുള്ള നൂറുകണക്കിനു പരാമർശങ്ങളും ഉണ്ട്. യേശു ഏർപ്പെടുത്തിയതും അവന്റെ അപ്പോസ്തലന്മാർ പിൻപറ്റിയതുമായ ആ മുൻമാതൃകയോടുള്ള ചേർച്ചയിൽ, ആധുനികനാളിലെ ക്രിസ്ത്യാനികൾ തിരുവെഴുത്തു വിഷയങ്ങളെക്കുറിച്ചുള്ള വിഷയാനുക്രമ പഠനം നടത്തുമ്പോൾ, അവർ മുഴു ബൈബിളിന്റെ അവിടെന്നും ഇവിടെന്നും ഉദ്ധരിക്കുന്നു. എബ്രായ, ഗ്രീക്കു തിരുവെഴുത്തുകളിലെ ഒട്ടുമിക്ക തിരുവെഴുത്തുകളും നിറവേറുന്ന ഈ “അവസാന നാളുകളി”ൽ ഇതു വിശേഷാൽ സമുചിതമാണ്. (2 തിമോത്തി 3:1, NW) ‘വിശ്വസ്ത അടിമ’ തന്റെ പ്രസിദ്ധീകരണങ്ങളിൽ ബൈബിളിന്റെ അത്തരം ഉപയോഗം നടത്തുന്നു, എന്നാൽ ദൈവവചനത്തോട് ഒരിക്കലും എന്തെങ്കിലും കൂട്ടുകയോ അതിൽനിന്ന് എന്തെങ്കിലും നീക്കുകയോ ചെയ്യുന്നില്ല.—സദൃശവാക്യങ്ങൾ 30:5, 6; വെളിപ്പാടു 22:18, 19.
എന്നും സത്യത്തിൽ നടക്കുക
18. ‘സത്യത്തിൽ നടക്കേ’ണ്ടത് എന്തുകൊണ്ട്?
18 നാം ബൈബിളിൽനിന്ന് എന്തെങ്കിലും നീക്കിക്കളയരുത്, കാരണം ദൈവവചനത്തിലെ ക്രിസ്തീയ പഠിപ്പിക്കലുകൾ മുഴുവനും ‘സത്യം’ അഥവാ “സുവിശേഷത്തിന്റെ സത്യം” ആകുന്നു. ഈ സത്യത്തോടുള്ള പറ്റിനിൽക്കൽ—അതിൽ ‘നടക്കൽ’—രക്ഷയ്ക്കു മർമപ്രധാനമാണ്. (ഗലാത്യർ 2:5; 2 യോഹന്നാൻ 4; 1 തിമൊഥെയൊസ് 2:3, 4) ക്രിസ്ത്യാനിത്വം “സത്യമാർഗ്ഗം” ആയതിനാൽ, അതിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മറ്റുള്ളവരെ സഹായിച്ചുകൊണ്ട്, നാം “സത്യത്തിന്നു കൂട്ടുവേലക്കാർ” ആയിത്തീരുന്നു.—2 പത്രൊസ് 2:2; 3 യോഹന്നാൻ 8.
19. നമുക്കെങ്ങനെ “സത്യത്തിൽ നടന്നുകൊണ്ടിരി”ക്കാനാവും?
19 “സത്യത്തിൽ നടന്നുകൊണ്ടിരിക്ക”ണമെങ്കിൽ, നാം ബൈബിൾ വായിക്കുകയും ‘വിശ്വസ്ത അടിമ’യിലൂടെ ദൈവം പ്രദാനം ചെയ്യുന്ന ആത്മീയ സഹായം പ്രയോജനപ്പെടുത്തുകയും വേണം. (3 യോഹന്നാൻ 4, NW) നമ്മുടെതന്നെ നന്മയ്ക്കും യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയും ദിവ്യോദ്യേശത്തെയും കുറിച്ചു മറ്റുള്ളവരെ പഠിപ്പിക്കാനുള്ള സ്ഥാനത്തായിരിക്കുന്നതിനും വേണ്ടി നാമിതു ചെയ്യുമാറാകട്ടെ. യഹോവയുടെ ആത്മാവ് നമ്മെ തന്റെ വചനം മനസ്സിലാക്കാനും സത്യത്തിൽ അവനെ സേവിക്കുന്നതിൽ വിജയിക്കാനും സഹായിക്കുന്നതിൽ നമുക്കു നന്ദിയുള്ളവരായിരിക്കാം.
നിങ്ങളുടെ ഉത്തരങ്ങളെന്തെല്ലാം?
◻ ബൈബിൾ വായനയിൽനിന്നുള്ള നിലനിൽക്കുന്ന ചില പ്രയോജനങ്ങളെന്തെല്ലാം?
◻ സഹവിശ്വാസികളുമൊത്ത് ബൈബിൾ പഠിക്കേണ്ടതെന്തുകൊണ്ട്?
◻ ബൈബിളിൽ ഉടനീളമുള്ള വ്യത്യസ്ത ഭാഗങ്ങളിൽനിന്ന് ഉദ്ധരിക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
◻ ‘സത്യത്തിൽ നടക്കുക’ എന്നതിന്റെ അർഥമെന്ത്, നമുക്ക് അതെങ്ങനെ ചെയ്യാനാവും?
[17-ാം പേജിലെ ചിത്രം]
മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളെ തിരുവെഴുത്തുകൾ പഠിപ്പിക്കുവിൻ
[18-ാം പേജിലെ ചിത്രം]
യേശു തന്റെ ഗിരിപ്രഭാഷണത്തിൽ, എബ്രായ തിരുവെഴുത്തുകളുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഉദ്ധരിച്ചു