പാപത്തിന്റെ കഠിനപ്പെടുത്തുന്ന ഫലങ്ങളിൽ നിന്നു ഒഴിഞ്ഞിരിക്കുക!
അവൾ തന്റെ ക്രിസ്തീയ സഹോദരീസഹോദരൻമാർക്കു വളരെ ഇഷ്ടപ്പെട്ടവളായിരുന്നു. സൗഹൃദമുള്ളവളും വ്യയം ചെയ്യുന്നവളും എന്ന നിലയിൽ അവളും അവളുടെ ഉൻമേഷവതിയായ കൊച്ചു മകളും വയൽസേവനത്തിലും യോഗങ്ങളിലും സന്തത സഹകാരികളും ആയിരുന്നു. എന്നാൽ അവൾ തന്റെ ജോലിസ്ഥലത്ത്—സഹസാക്ഷികളുടെ മുമ്പാകെതന്നെ—നിർലജ്ജമായി പുകവലിക്കുന്നതായി സഭാമൂപ്പൻമാർക്ക് റിപ്പോർട്ട് ലഭിച്ചു! ഈ കുററാരോപണത്തെ അഭിമുഖീകരിച്ചുകൊണ്ട് അവൾ പുകവലിയും പരസംഗവും സംബന്ധിച്ച് കുററസമ്മതം നടത്തി, ഇപ്രകാരം ശാന്തമായി പറയുകയും ചെയ്തു: “ഞാൻ ഈ സമയത്തുതന്നെ സത്യത്തിലായിരിക്കാൻ ആഗ്രഹിക്കുന്നതായി വിചാരിക്കുന്നില്ല.” പാപം അവളെ കഠിനപ്പെടുത്തി കഴിഞ്ഞിരുന്നു.
എബ്രായർ 3:13-ൽ അപ്പോസ്തലനായ പൗലോസ്, ഒരുവനു “പാപത്തിന്റെ വഞ്ചനാപരമായ ശക്തിയാൽ കഠിനപ്പെടാൻ” കഴിയും എന്നു മുന്നറിയിപ്പു നൽകി. ഇതു നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമിന്റെയും ഹവ്വായുടെയും കാര്യത്തിൽ സത്യമായിരുന്നു എന്നു തെളിഞ്ഞു. അവന്റെ അനുസരണക്കേടിനുള്ള തന്റെ നടപടിയിലേക്കു ശ്രദ്ധക്ഷണിച്ചുകൊണ്ട് ആദാം ഈ വികാര രഹിതമായ ഒഴികഴിവു നൽകി: “നീ എന്നോടുകൂടെയായിരിക്കാൻ തന്ന സ്ത്രീ ആ വൃക്ഷത്തിൽനിന്നുള്ള ഫലം എനിക്കുതന്നു, അതുകൊണ്ടു ഞാൻ തിന്നുകയും ചെയ്തു.” ആദാം തന്റെ സുഭഗയായ നവവധുവിന്റെ പ്രഥമദർശനത്തിൽ, “ഇതു ഒടുവിൽ എന്റെ അസ്ഥിയിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു” എന്നു പറയാൻ പ്രേരിതനായിത്തീർന്ന ആ ദിവസത്തിൽ നിന്ന് എങ്ങനെ മാറിപ്പോയിരുന്നു. ഇപ്പോൾ ഹവ്വാ “നീ എന്നോടു കൂടെയിരിപ്പാൻ തന്ന സ്ത്രീ” ആയിരുന്നു. ഹവ്വാ ദുർബലതയിൽ പാമ്പിനെ കുററപ്പെടുത്തി.—ഉല്പത്തി 2:23; 3:1-13.
പാപത്താൽ അപരിഹാര്യമായി കഠിനപ്പെട്ട മറെറാരാൾ യൂദാസ് ഇസ്കര്യോത്താവ് ആയിരുന്നു. ആരംഭത്തിൽ അവന് ഒരു നല്ല ഹൃദയനിലയുണ്ടായിരുന്നിരിക്കണം, അല്ലെങ്കിൽ യേശു അവനെ ഒരു അപ്പോസ്തലനായി തിരഞ്ഞെടുക്കുകയില്ലായിരുന്നു. എന്നാൽ ഒരു സന്ദർഭത്തിൽ യേശുവിനാൽ ശാസിക്കപ്പെട്ടശേഷം യൂദാസ് നീരസത്തോടെ തന്റെ യജമാനനെ ഒററിക്കൊടുക്കാൻ ഗൂഢാലോചന നടത്തി. (മത്തായി 26:6-16) 12 പേരിൽ ഒരുവൻ യേശുവിനെ ഒററിക്കൊടുക്കുമെന്നു അവൻ വെളിപ്പെടുത്തിയപ്പോൾ നിരപരാധിത്വത്തിന്റെ സാക്ഷാൽ രൂപമെന്നപോലെ യൂദാസ് ഇപ്രകാരം ചോദിച്ചു: “അതു ഞാനല്ലല്ലോ, ആണോ?” (മത്തായി 26:25) ഒരു മനഃപൂർവ്വ പാപിക്കു മാത്രമേ അത്തരം നിർലജ്ജമായ നാട്യത്തിനു സാധിക്കയുള്ളു. പടയാളികൾ യേശുവിനെ അറസ്ററു ചെയ്യാൻ വന്നപ്പോൾ യൂദാസ്, എല്ലാററിലും വെച്ച്, ഊഷ്മളതയുടെയും സൗഹൃദത്തിന്റെയും പുരാതന അടയാളം—ചുബനം—തിരിച്ചറിയിക്കുന്നതിനുള്ള ചിഹ്നമായി തിരഞ്ഞെടുക്കുകയും ചെയ്തു. യേശു ഇപ്രകാരം ചോദിച്ചു, “യൂദാസ്, നീ ഒരു ചുംബനത്താലാണോ മനുഷ്യപുത്രനെ ഒററിക്കൊടുക്കുന്നത്?”—ലൂക്കോസ് 22:48.
പാപം കഠിനപ്പെടുത്തുന്നവിധം
പാപം ഒരു വ്യക്തിയിൽ അത്തരം നിയന്ത്രണം നേടുന്നത് എങ്ങനെയാണ്? എബ്രായർ 3:7-11-ൽ പൗലോസ് വിശ്വാസക്കുറവാകുന്ന പാപം യിസ്രായേൽ ജാതിയെ എങ്ങനെ ദുഷിപ്പിച്ചു എന്നു കാണിക്കുന്നു. സങ്കീർത്തനം 95:7-11 വരെ ഉദ്ധരിച്ചുകൊണ്ട് പൗലോസ് അവിടെ ഇങ്ങനെ പറയുന്നു: “അതുകൊണ്ടു പരിശുദ്ധാത്മാവു അരുളിചെയ്യുന്നതുപോലെതന്നെ: ‘ജനങ്ങളേ, ഇന്നു നിങ്ങൾ അവന്റെതന്നേ ശബ്ദം ശ്രദ്ധിക്കുന്നുവെങ്കിൽ മരുഭൂമിയിൽ വെച്ചു പരീക്ഷാദിവസത്തിൽ മത്സരത്താൽ കഠിന കോപത്തിനിടയാക്കിയ അവസരത്തിലെന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. അവിടെ വെച്ചു നിങ്ങളുടെ പിതാക്കൻമാർ എന്നെ പരീക്ഷിച്ചു നാല്പത് ആണ്ടു എന്റെ പ്രവൃത്തികളെ കണ്ടിട്ടും എന്നെ പരീക്ഷിച്ചു. അതുകൊണ്ടു എനിക്കു ആ തലമുറയോടു വെറുപ്പുതോന്നി, ഇപ്രകാരം പറയുകയും ചെയ്തു, “അവർ എപ്പോഴും തെററിപ്പോകുന്ന ഹൃദയമുള്ളവരും എന്റെ വഴികളെ അറിയാത്തവരും ആകുന്നു.” അതുകൊണ്ടു, “അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല” എന്നു ഞാൻ എന്റെ കോപത്തിൽ സത്യം ചെയ്തു.‘”
മെരീബാ എന്നും മസ്സാ എന്നും പേരുള്ള ഒരു സ്ഥലത്തുവെച്ചാണ് “കഠിനകോപത്തിനിടയാക്കിയ അവസരം” ഉണ്ടായത്. (സങ്കീർത്തനം 95:8) അവിടെ, ജൗജിപ്ററിൽ നിന്നുള്ള അവരുടെ അത്ഭുതകരമായ വിടുതലിനുശേഷം താമസിയാതെ, “ജനം മോശെയോടു വഴക്കടിക്കുകയും ഇങ്ങനെ പറയുകയും ചെയ്തു: ‘ഞങ്ങൾക്കു കുടിക്കാൻ വെള്ളം തരിക.‘” (പുറപ്പാട് 17:2) അവർ ജൗജിപ്ററിൻമേൽ ഉണ്ടായ പത്തു വിനാശകരമായ ബാധകളും ഇളകിമറിയുന്ന ചെങ്കടലിലെ വെള്ളം വിഭജിച്ചതും സ്വർഗ്ഗത്തിൽനിന്നു മന്നാ പൊഴിച്ചതും നേരത്തെ കണ്ടിരുന്നു എന്ന കാര്യം ഓർമ്മിക്കുക. എന്നിട്ടും അവർ “തങ്ങളുടെ ഹൃദയം തെററിപ്പോകാനിടയാക്കിയിരുന്നു.” അവർ യഹോവയുടെ വേലകൾ പ്രതിഫലിപ്പിക്കുന്നതിനുപകരം തങ്ങളുടെ സ്വാർത്ഥമോഹങ്ങളിൽ വളരെയധികം മുഴുകിപ്പോയിരുന്നു. അതുകൊണ്ട് അവർ ‘ദൈവത്തിന്റെ വഴികൾ അറിയുകയോ’ ഏതു സാഹചര്യത്തിലും യഹോവക്കു തങ്ങളെപോഷിപ്പിക്കാൻ കഴിയുമെന്നുള്ള വിശ്വാസം വളർത്തിയെടുക്കുകയോ ചെയ്തില്ല സമുദ്രത്തെ വിഭജിച്ച ദൈവം അശക്തനാണെന്നതുപോലെ അവർ, “ഞങ്ങൾക്കു വെള്ളം തരൂ!” എന്നു ആവശ്യപ്പെട്ടു. പിന്നീട് അവർ വാഗ്ദത്ത ദേശം പരിശോധിച്ച ഭയമുള്ള പത്തു ഒററുകാരുടെ മോശമായ റിപ്പോർട്ടു വിശ്വസിക്കുന്നതു തിരഞ്ഞെടുത്തതിൽ അതിശയമില്ല. (സംഖ്യാപുസ്തകം 13:32-14:4) അത്തരം അവിശ്വാസം നിമിത്തം യഹോവ ഇങ്ങനെ പ്രഖ്യാപിച്ചു: “അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല.”—സങ്കീർത്തനം 95:11.
ഇതിൽ നിന്നു ഒരു പാഠം സ്വീകരിച്ചുകൊണ്ട് പൗലോസ് ഇങ്ങനെ മുന്നറിയിപ്പ് നൽകി: “സഹോദരൻമാരേ, ജീവനുള്ള ദൈവത്തിൽ നിന്നും അകന്നുപോകുന്നതിനാൽ അവിശ്വാസമുള്ള ഒരു ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ. നിങ്ങൾ ആരും പാപത്തിന്റെ വഞ്ചനാശക്തിയാൽ കഠിനപ്പെടാതിരിക്കേണ്ടതിനു “ഇന്നു” എന്നു പറയുന്നടത്തോളം നാൾതോറും അന്യോന്യം യിസ്രായേല്യരുടെ “പാപം” അവിശ്വാസം ആയിരുന്നു. (എബ്രായർ 3:19 കാണുക; 12:1 താരതമ്യപ്പെടുത്തുക.) അവൻ ചെയ്ത എല്ലാ അത്ഭുതങ്ങളും ഉണ്ടായിരുന്നിട്ടും അതു അവരെ ‘ജീവനുള്ള ദൈവത്തിൽനിന്നു അകററികളയുവാൻ,’ യഹോവയിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെടുത്താൻ ഇടയാക്കി. ഒരു ധാർമ്മിക അപരാധത്തിലേക്കുള്ള ഭ്രംശം അനിവാര്യമായിരുന്നു.
അതുപോലെ ഇന്നു ഒരു ക്രിസ്ത്യാനിയുടെ അവിശ്വാസത്തിനു ‘തന്റെ ഹൃദയത്തെ ചീത്തയാക്കുന്നതിനു,’ ഹൃദയത്തിന്റെ സ്വാഭാവിക ചായ്വിനു കീഴടങ്ങാൻ ഇടയാക്കുന്നതിനു കഴിയും. “ഹൃദയം എല്ലാററിലും വഞ്ചകവും സാഹസികവും ആകുന്നു. ആർക്ക് അതു ഗ്രഹിക്കാൻ കഴിയും?” (യിരെമ്യാവ് 17:9, 10) തുടർച്ചയായ അനന്തര ഫലങ്ങൾക്കു കാഞ്ചിവലിച്ചുകൊണ്ട് തെററായ ചിന്തകളും മോഹങ്ങളും ഹൃദയത്തിൽ നിറയാൻ തുടങ്ങുന്നു. “എന്നാൽ ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. ക്രമത്തിൽ പാപം പൂർണ്ണമാകുമ്പോൾ മരണം കൈവരുത്തുന്നു.—യാക്കോബ് 1:14, 15.
പാപം ഒരാളെ കഠിനപ്പെടുത്തുമ്പോൾ
ഒരു മനുഷ്യൻ പരസംഗിയെന്നനിലയിലുള്ള തന്റെ പാപത്തെ വിദഗ്ദ്ധമായി മറച്ചുവെച്ചുകൊണ്ട് ഒരു മൂപ്പൻ എന്ന നിലയിൽ വിപുലമായ പദവികൾ ആസ്വദിച്ചിരുന്നു. വിവാഹത്തിനുശേഷംപോലും അയാൾ അധാർമ്മികത തുടർന്നു. എന്നിട്ടും, മററുള്ളവരെ വിധിക്കുന്ന നീതിന്യായ കമ്മററികളിൽ സേവിച്ചുകൊണ്ടുപോലും നിരപരാധിത്വത്തിന്റെ ഒരു മുഖഭാവം പ്രദർശിപ്പിക്കുന്നതിനു അയാൾക്കു ഒരു പ്രയാസവുമില്ലായിരുന്നു. പാപം അയാളെ കഠിനപ്പെടുത്താൻ തുടങ്ങിയിരുന്നു. പെട്ടെന്നു അയാൾ ബൈബിളിന്റെ അടിസ്ഥാന ഉപദേശങ്ങളിൽപോലും സംശയിക്കാൻ തുടങ്ങി. ഒടുവിൽ തന്റെ തെററു ഏററുപറയുന്നതിനു നിർബന്ധിതനായിത്തീരുകയും തന്റെ തോൾവെട്ടിച്ചുകൊണ്ട്, “ഇപ്പോൾ എന്തു വ്യത്യാസമാണുളവാക്കുന്നത്?” എന്നു പറയുകയും ചെയ്യുന്നതിനു മാത്രമേ കഴിഞ്ഞുള്ളു.
കപട ഭക്തിയുടെ ഗതിക്കു ഒരുവന്റെ മനസ്സാക്ഷിയെ “ചൂടുപിടിപ്പിച്ച ഇരുമ്പു”കൊണ്ട് പൊള്ളിച്ചാലെന്നതുപോലെ നിർജ്ജീവമാക്കാൻ കഴിയും. (1 തിമൊഥെയോസ് 4:2) സദൃശവാക്യങ്ങൾ ഇപ്രകാരം പറഞ്ഞുകൊണ്ട് ഇതിനെ വിശദീകരിക്കുന്നു: “ഒരു വ്യഭിചാരിണിയുടെ വഴി ഇപ്രകാരമാണ്: അവൾ തിന്നു വായ് തുടച്ചിട്ട് ഇങ്ങനെ പറഞ്ഞു: ‘ഞാൻ ഒരു തെററും ചെയ്തിട്ടില്ല.‘” (സദൃശവാക്യങ്ങൾ 30:20) കഠിനപ്പെട്ട പാപി ഇപ്രകാരം സങ്കല്പ്പിക്കപോലും ചെയ്യുന്നു: “ദൈവം മറന്നിരിക്കുന്നു. അവൻ തന്റെ മുഖം മറെച്ചിരിക്കുന്നു.” (സങ്കീർത്തനം 10:11) ഒരുവൻ എത്ര ദീർഘമായി പാപത്തിൽ തുടരുന്നുവോ അത്രയധികം അയാളുടെ ഹൃദയം “കൊഴുപ്പുപോലെ തന്നെ നിർവികാര”മായിത്തീർന്നുകൊണ്ട് അപകട സാദ്ധ്യത വർദ്ധിക്കുന്നു. (സങ്കീർത്തനം 119:70) ഒരു യുവാവ് ഇപ്രകാരം സമ്മതിച്ചു പറഞ്ഞു: “ആദ്യമായി ഞാൻ പരസംഗം ചെയ്തപ്പോൾ അതു എന്റെ ഉള്ളിൽ ശരിയായും മുറിവുണ്ടാക്കി. എന്നാൽ ഓരോ പ്രാവശ്യവും അതിനുശേഷം അതു എളുപ്പമാക്കിത്തീർത്തു, അതു എനിക്കു ഒരു വലിയ പ്രശ്നമേയല്ലാതായിത്തീർന്നതുവരെ ഞാൻ എത്തിച്ചേർന്നു.”
തീർച്ചയായും ഹൃദയം ആ തെററിനെ ന്യായീകരിക്കുന്നതിനുള്ള വഴികൾ അന്വേഷിക്കുന്നു. ഒരു യുവാവ് തന്റെ കൂട്ടുകാരിയുമായി പരസംഗം ചെയ്തശേഷം, “നാം വിവാഹിതരാകാൻ പോകയാണ്! എന്നു രണ്ടാളുകൾ പരസ്പരം ഒരാൾ മറെറാരാൾക്കുള്ളതാണ് എന്നു തീരുമാനിച്ചാൽ അപ്പോൾ അവർ യഹോവയുടെ ദൃഷ്ടിയിൽ മിക്കവാറും വിവാഹിതരാണ് എന്നു ബൈബിൾ പറയുക തന്നെ ചെയ്യുന്നു” എന്നും പറഞ്ഞുകൊണ്ട് അവൾ മൂപ്പൻമാരുടെ സഹായത്തിനു പോകുന്നതിൽ നിന്നും അവളെ തടഞ്ഞു. എത്ര സ്വാർത്ഥപൂർവ്വവും വഞ്ചനാത്മകവുമായ ന്യായീകരണം! ഖേദകരമെന്നു പറയട്ടെ, പാപത്തിന്റെ ഒരു ഗതി വികാസം പ്രാപിക്കയും അതു കൊലപാതകത്തിലേക്കു—ഗർഭഛിദ്രം!—നയിക്കയും ചെയ്തു. പിന്നീട് ആ യുവതി ഇപ്രകാരം സമ്മതിച്ചു പറഞ്ഞു: “നിങ്ങൾ യഥാർത്ഥത്തിൽ വളരെ ഉദാസീനമായി തുടങ്ങുന്നു, നിങ്ങൾക്കു സ്വയമായി ശാസിക്കാൻ കഴിയുമെന്നു വിചാരിക്കാൻ തുടങ്ങുകയും ചെയ്യുന്നു.” സമാനമായി തുടർച്ചയായ പരസംഗത്തിൽ വീണുപോയ ഒരു ചെറുപ്പക്കാരൻ ഇപ്രകാരം കുററസമ്മതം നടത്തി: “‘ഞാൻ ആഗ്രഹിക്കുന്ന ഏതു സമയത്തും എനിക്കു നിർത്താൻ കഴിയും. ഒററ പ്രാവശ്യം കൂടി കുടിക്കട്ടെ’ എന്നു പറയുന്ന ഒരു കുടിയനെപ്പോലെയാണ് അത്. അപ്രകാരം നിങ്ങൾ മൂപ്പൻമാരുടെ അടുക്കൽ പോകുന്നതു നീട്ടിവെക്കുന്നു.” പാപി തന്നെതന്നേ കബളിപ്പിക്കാൻ തുടങ്ങത്തക്കവണ്ണം മററുള്ളവരെ കബളിപ്പിക്കാൻ വളരെ നിപുണനായിത്തീരുന്നു. “എന്തുകൊണ്ടെന്നാൽ അയാൾ തന്റെ തെററിനെ തന്റെ സ്വന്തം കണ്ണുകളാൽ കണ്ടു വെറുക്കാതിരിക്കേണ്ടതിനു തന്നോടു തന്നേ വളരെ മൃദുവായി പെരുമാറിയിരിക്കുന്നു.”—സങ്കീർത്തനം 36:2.
പാപത്തിന്റെ കെണിയെ ഒഴിവാക്കുക
“ഒരുവൻ ഹൃദയം കൊണ്ടു വിശ്വാസം പ്രകടമാക്കുന്ന”തിനാൽ ഒരു ക്രിസ്ത്യാനി അതിനെ കാത്തുസൂക്ഷിക്കാൻ അങ്ങേയററം പ്രവർത്തിക്കണം. (റോമർ 10:10; സദൃശവാക്യങ്ങൾ 4:23) പ്രാർത്ഥനയും മീററിംഗുകളും വ്യക്തിപരമായ പഠനവും നമ്മുടെ ഹൃദയങ്ങൾ കെട്ടുപണിചെയ്യുന്ന ചിന്തകളാൽ നിറഞ്ഞുവരാൻ സഹായിക്കുന്നു. പലപ്പോഴും നമ്മുടെ മനസ്സിൽ ചീത്തവിചാരങ്ങൾ പ്രവേശിക്കുമെന്നതു സത്യമാണ്. എന്നാൽ അങ്ങനെ സംഭവിക്കുമ്പോൾ നമുക്കു കേവലം അതു മനസ്സിൽ വെച്ചുകൊണ്ടിരിക്കുന്നതിനെ ഒഴിവാക്കാൻ കഴിയും. തെററു ചെയ്യാൻ നമുക്കു എപ്പോഴെങ്കിലും പ്രേരണ ഉണ്ടാകുന്നതായി കണ്ടെത്തിയാൽ നാം ഉടൻ തന്നേ പ്രാർത്ഥനയിൽ യഹോവയിങ്കലേക്കു പോകണം. (സങ്കീർത്തനം 55:22) കൂടാതെ ‘വിശുദ്ധൻമാർക്കു ഉചിതമായിരിക്കുന്നതുപോലെതന്നെ, പരസംഗവും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നമ്മുടെയിടയിൽ പേർ പറകപോലും അരുത്.’ (എഫേസ്യർ 5:3) ഈ വിധത്തിൽ “പാപവും മരണവും ഉളവാക്കുന്ന” പ്രവർത്തനത്തിന്റെ ശൃംഖലക്കു തുടക്കമിടുന്നതിനു മുമ്പുതന്നെ അതിനു വിരാമമിടുന്നു.
പാപത്തിന്റെ ആസ്വാദനം “താല്ക്കാലികം” മാത്രമാണെന്നും ഓർമ്മിക്കുക (എബ്രായർ 11:25) പെട്ടെന്നൊ പിന്നീടോ “നിങ്ങൾ നിങ്ങളുടെ പാപഫലം അനുഭവിക്കും,” കൈപ്പേറിയ അനന്തരഫലങ്ങൾ അഭിമുഖീകരിക്കേണ്ടതുണ്ടായിരിക്കയും ചെയ്യും. (സംഖ്യാപുസ്തകം 32:23) നിങ്ങളോടു തന്നെ ചോദിക്കുക: ’ഞാൻ യഥാർത്ഥത്തിൽ പാപത്താൽ കഠിനപ്പെടാൻ ആഗ്രഹിക്കുന്നുവോ? അതു ഇപ്പോൾ ഉല്ലാസപ്രദമായിരുന്നേക്കാമെങ്കിലും അന്തിമമായി അതു എന്നെ എങ്ങനെ ബാധിക്കും?’
എന്നിരുന്നാലും, ഒരുവൻ ഇപ്പോൾ തന്നെ തെററായ ഒരു ഗതിയുടെ കുടുക്കിൽ അകപ്പെട്ടിരിക്കയാണെന്നു കണ്ടെത്തുന്നു എങ്കിൽ എന്ത്? ക്രിസ്തീയ പ്രവർത്തനത്തിന്റെ ഒരു സ്ഫോടനത്താൽ ഒരുവനു പാപ “പരിഹാരം ചെയ്യാൻ” കഴിയുമെന്നു നിഗമനം ചെയ്യരുത്. അനുതാപമുണ്ടായിരുന്ന ദാവീദു രാജാവു, “ദൈവത്തിനുള്ള യാഗങ്ങൾ ഒരു തകർന്ന ദേഹിയാകുന്നു” എന്നു പറഞ്ഞു. (സങ്കീർത്തനം 51:17) ആത്മീയ രോഗികൾക്കുള്ള ബൈബിളിന്റെ ഉപദേശം: മൂപ്പൻമാരിലേക്കു പോവുക! എന്നതാണ്. (യാക്കോബ് 5:14, 15) ഈ പക്വതയുള്ള പുരുഷൻമാർ ഒരു ക്ഷീണിതനെ ആത്മീയ ആരോഗ്യത്തിലേക്കു തിരിച്ചു വരുത്തുന്നതിനു തങ്ങൾക്കു ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. അതു ബൈബിൾ പറയുന്നതിനനുസരണമാണ്: “തന്റെ ലംഘനങ്ങളെ മറെക്കുന്നവൻ വിജയിക്കയില്ല, എന്നാൽ അവയെ ഏററുപറഞ്ഞു ഉപേക്ഷിക്കുന്നവനോടു കരുണ കാണിക്കും.” (സദൃശവാക്യങ്ങൾ 28:13) ഒരു മനുഷ്യൻ ഒടുവിൽ തന്റെ പാപങ്ങൾ മൂപ്പൻമാരോടു ഏററുപറഞ്ഞശേഷം ഇപ്രകാരം പറഞ്ഞു: “ഒരു വലിയ ഭാരം എന്റെ തോളിൽ നിന്നു എടുത്തുമാററിയതുപോലെ ആയിരുന്നു.”—സങ്കീർത്തനം 32:1-5 താരതമ്യം ചെയ്യുക.
ഈ ലോകം അധികമധികം ദുഷിച്ചതായിത്തീരവേ ഒരു ക്രിസ്ത്യാനിക്കു തന്റെ നിർമ്മലത കാക്കുന്നതു ഇതിലും കൂടിയ വെല്ലുവിളിയായിത്തീരും. എങ്കിലും ഓർമ്മിക്കുക: “പാപി നൂറുപ്രാവശ്യം ദോഷം ചെയ്യുകയും തന്റെ ഇഷ്ടാനുസരണം വളരെകാലം തുടരുകയും ചെയ്യുന്നുണ്ടെങ്കിലും, . . . സത്യദൈവത്തെ ഭയപ്പെടുന്നവർക്ക് നൻമവരും.” (സഭാപ്രസംഗി 8:12) അതുകൊണ്ടു യഹോവയാം ദൈവത്തെ ഭയപ്പെടുക! അവൻ പാപത്തിന്റെ കഠിനപ്പെടുത്തുന്ന ഫലങ്ങളിൽ നിന്നു രക്ഷപ്പെടുന്നതിനു നിങ്ങളെ സഹായിക്കും. (w86 4/1)
[28-ാം പേജിലെ ചിത്രം]
യിസ്രായേല്യർ മോശെയോടു വെള്ളം ആവശ്യപ്പെട്ടപ്പോൾ അവർ ഒരു കഠിനമായ മനോഭാവം പ്രകടമാക്കി