അധ്യായം പന്ത്രണ്ട്
കുടുംബത്തിനു ഹാനിവരുത്തുന്ന പ്രശ്നങ്ങൾ നിങ്ങൾക്കു തരണം ചെയ്യാനാവും
1. ചില കുടുംബങ്ങളിൽ മറഞ്ഞിരിക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാം?
ഇപ്പോൾ കഴുകി മിനുക്കിയ ഒരു പഴയ കാർ. വഴിയാത്രക്കാർക്ക് അതു തിളക്കമുള്ളതായും മിക്കവാറും പുതിയതായും തോന്നും. എന്നാൽ പുറമേ കാണുന്നതിനടിയിൽ, വാഹനത്തിന്റെ ഉൾഭാഗം തുരുമ്പെടുത്തു ദ്രവിക്കുകയാണ്. അതുപോലെയാണു ചില കുടുംബങ്ങളുടെ അവസ്ഥ. പുറമേ നോക്കുമ്പോൾ എല്ലാം നന്നായി തോന്നും. എന്നാൽ പുഞ്ചിരിക്കുന്ന മുഖത്തിനുപിന്നിൽ ഭയവും വേദനയും മറഞ്ഞിരിപ്പുണ്ട്. മറ്റുള്ളവരുടെ കൺമറയത്തു ദ്രവിപ്പിക്കുന്ന ഘടകങ്ങൾ കുടുംബസമാധാനം കാർന്നുതിന്നുകയാണ്. ഇത്തരം ഭവിഷ്യത്തുകൾക്ക് ഇടയാക്കുന്ന രണ്ടു പ്രശ്നങ്ങളാണ് മദ്യാസക്തിയും അക്രമവും.
മദ്യാസക്തി വരുത്തുന്ന ഹാനി
2. (എ) ലഹരിപാനീയങ്ങളുടെ ഉപയോഗം സംബന്ധിച്ചുള്ള ബൈബിളിന്റെ വീക്ഷണമെന്ത്? (ബി) മദ്യാസക്തി എന്താണ്?
2 ലഹരിപാനീയങ്ങൾ മിതമായ അളവിൽ ഉപയോഗിക്കുന്നതിനെ ബൈബിൾ കുറ്റംവിധിക്കുന്നില്ല. എന്നാൽ അതു മദ്യപാനത്തെ കുറ്റംവിധിക്കുകതന്നെ ചെയ്യുന്നു. (സദൃശവാക്യങ്ങൾ 23:20, 21; 1 കൊരിന്ത്യർ 6:9, 10; 1 തിമൊഥെയൊസ് 5:23; തീത്തൊസ് 2:2, 3) എന്നാൽ മദ്യാസക്തിയിൽ മദ്യപാനത്തെക്കാൾ കൂടുതൽ ഉൾപ്പെടുന്നുണ്ട്. നിരന്തരം കുടിയിൽ ഏർപ്പെടുന്നതും അതിന്റെ ഉപയോഗത്തിന്മേൽ നിയന്ത്രണം നഷ്ടപ്പെടുന്നതുമാണത്. മദ്യാസക്തർ പ്രായപൂർത്തിയെത്തിയവരാകാം. യുവപ്രായക്കാർക്കും അത്തരക്കാരായിരിക്കാൻ കഴിയുമെന്നതു സങ്കടകരംതന്നെ.
3, 4. മദ്യാസക്തന്റെ ഇണയുടെയും കുട്ടികളുടെയും മേൽ മദ്യാസക്തിക്കുള്ള ഫലങ്ങൾ വർണിക്കുക.
3 മദ്യത്തിന്റെ ദുരുപയോഗത്തിനു കുടുംബസമാധാനം തകർക്കാൻ കഴിയുമെന്നു ബൈബിൾ ദീർഘനാൾ മുമ്പുതന്നെ സൂചിപ്പിച്ചിരുന്നു. (ആവർത്തനപുസ്തകം 21:18-21) മദ്യാസക്തിയുടെ ദ്രവിപ്പിക്കുന്ന ഭവിഷ്യത്തുകൾ മുഴുകുടുംബത്തിനും അനുഭവപ്പെടുന്നു. മദ്യാസക്തന്റെ കുടി നിർത്താനുള്ള, അല്ലെങ്കിൽ മുൻകൂട്ടിപ്പറയാനാവാത്ത അദ്ദേഹത്തിന്റെ പെരുമാറ്റരീതിയെ നേരിടാനുള്ള ശ്രമങ്ങളിൽ ആമഗ്നയായിത്തീർന്നേക്കാം ഭാര്യ.a മദ്യം ഒളിച്ചുവെക്കുക, അത് എറിഞ്ഞുകളയുക, പണം മാറ്റിവെക്കുക, അയാൾക്കു കുടുംബത്തോടും ജീവനോടും ദൈവത്തോടുപോലും സ്നേഹം തോന്നിപ്പിക്കാനുള്ള ശ്രമങ്ങൾനടത്തുക തുടങ്ങിയ പ്രവൃത്തികളിലൂടെയെല്ലാം അവൾ അതിനായി പാടുപെടുന്നു. എന്നാലും മദ്യാസക്തൻ കുടി നിറുത്തുന്നില്ല. അയാളുടെ കുടി നിയന്ത്രിക്കാനുള്ള തന്റെ ശ്രമങ്ങൾ ആവർത്തിച്ചാവർത്തിച്ചു പരാജയപ്പെടുമ്പോൾ, അവൾക്ക് ആശാഭംഗവും അപര്യാപ്തതയും തോന്നുന്നു. അവൾ ഭയം, കോപം, കുറ്റബോധം, പരിഭ്രമം, ഉത്കണ്ഠ, ആത്മാഭിമാനമില്ലായ്മ എന്നിവയാൽ കഷ്ടപ്പെടാൻ തുടങ്ങിയേക്കാം.
4 മാതാവിന്റെയോ പിതാവിന്റെയോ മദ്യാസക്തിയുടെ ഭവിഷ്യത്തുകൾ കുട്ടികളെ ബാധിക്കാതെ പോകില്ല. ചിലർക്കു ദേഹോപദ്രവമേൽക്കുന്നു. മറ്റുള്ളവർക്കു ലൈംഗികദ്രോഹവും. മാതാവിന്റെയോ പിതാവിന്റെയോ മദ്യാസക്തിക്ക് അവർ തങ്ങളെത്തന്നെ കുറ്റപ്പെടുത്തിയേക്കാം. മദ്യാസക്തന്റെ സ്ഥിരതയില്ലാത്ത പെരുമാറ്റം നിമിത്തം മറ്റുള്ളവരിൽ വിശ്വാസമർപ്പിക്കാനുള്ള അവരുടെ പ്രാപ്തിതന്നെ പലപ്പോഴും തകർന്നുപോകുന്നു. വീട്ടിൽ സംഭവിക്കുന്ന സംഗതികളെക്കുറിച്ച് അവർക്കു സ്വൈര്യമായി സംസാരിക്കാൻ കഴിയാത്തതുകൊണ്ട്, കുട്ടികൾ തങ്ങളുടെ വികാരങ്ങളെ അടിച്ചമർത്താൻ പഠിച്ചേക്കാം. അതു പലപ്പോഴും ദോഷകരമായ ശാരീരിക ഭവിഷ്യത്തുകൾ ഉണ്ടാക്കിയേക്കാം. (സദൃശവാക്യങ്ങൾ 17:22) അത്തരം കുട്ടികളുടെ ഈ ആത്മവിശ്വാസമില്ലായ്മ, അല്ലെങ്കിൽ ആത്മാഭിമാനമില്ലായ്മ പ്രായപൂർത്തിയായാലും കണ്ടേക്കാം.
കുടുംബത്തിന് എന്തു ചെയ്യാൻ കഴിയും?
5. മദ്യാസക്തിയെ എങ്ങനെ കൈകാര്യം ചെയ്യാം, ഇതു ദുഷ്കരമായിരിക്കുന്നത് എന്തുകൊണ്ട്?
5 മദ്യാസക്തിയെ ചികിത്സിച്ചു ഭേദമാക്കാനാവില്ലെന്ന് അനേകം പ്രാമാണികരും പറയുന്നുണ്ടെങ്കിലും, സമ്പൂർണ വർജനം എന്ന പരിപാടിയിലൂടെ ഒരളവോളം സൗഖ്യം സാധ്യമാണെന്നു മിക്കവരും സമ്മതിക്കുന്നുണ്ട്. (മത്തായി 5:29 താരതമ്യം ചെയ്യുക.) എന്നിരുന്നാലും, തനിക്ക് ഒരു പ്രശ്നമുണ്ടെന്നു സാധാരണമായി മദ്യാസക്തൻ നിഷേധിക്കുന്നതുകൊണ്ട്, അയാളെക്കൊണ്ടു സഹായം സ്വീകരിപ്പിക്കുകയെന്നത് പറയുന്നത്ര എളുപ്പമല്ല. എന്നിരുന്നാലും, മദ്യാസക്തി തങ്ങളെ ബാധിച്ചിരിക്കുന്ന വിധത്തെ നേരിടാൻ കുടുംബാംഗങ്ങൾ നടപടി എടുക്കുമ്പോൾ, തനിക്ക് ഒരു പ്രശ്നമുണ്ടെന്നു മദ്യാസക്തൻ തിരിച്ചറിയാൻ തുടങ്ങിയേക്കാം. മദ്യാസക്തരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിൽ പരിചയസമ്പന്നനായ ഒരു ഡോക്ടർ ഇങ്ങനെ പറഞ്ഞു: “തങ്ങൾക്ക് ഏറ്റവും പ്രയോജനപ്രദമായ വിധത്തിൽ കേവലം തങ്ങളുടെ ദൈനംദിന കാര്യങ്ങളിലേർപ്പെടുകയാണ് ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട സംഗതിയെന്നു ഞാൻ വിചാരിക്കുന്നു. താനും കുടുംബത്തിലെ മറ്റുള്ളവരും തമ്മിലുള്ള അന്തരം എത്ര വലുതാണെന്ന വസ്തുതയുമായി മദ്യാസക്തൻ അധികമധികം ബോധവാനായിത്തീരുന്നു.”
6. ഒരംഗം മദ്യാസക്തനായുള്ള കുടുംബങ്ങൾക്കു മാർഗനിർദേശത്തിന്റെ ഏറ്റവും നല്ല ഉറവിടം ഏത്?
6 നിങ്ങളുടെ വീട്ടിൽ ഒരു മദ്യാസക്തനുണ്ടെങ്കിൽ, സാധിക്കുന്നത്ര ആരോഗ്യാവഹമായ വിധത്തിൽ ജീവിക്കുന്നതിനു നിങ്ങളെ സഹായിക്കാൻ ബൈബിളിന്റെ നിശ്വസ്ത ബുദ്ധ്യുപദേശത്തിനു കഴിയും. (യെശയ്യാവു 48:17; 2 തിമൊഥെയൊസ് 3:16, 17) മദ്യാസക്തിയെ വിജയകരമായി നേരിടാൻ കുടുംബങ്ങളെ സഹായിച്ചിട്ടുള്ള ഏതാനും തത്ത്വങ്ങൾ പരിചിന്തിക്കുക.
7. ഒരു കുടുംബാംഗം മദ്യാസക്തനാണെങ്കിൽ, ആരാണ് ഉത്തരവാദി?
7 എല്ലാ കുറ്റവും ഏറ്റെടുക്കുന്നതു നിർത്തുക. “ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ” എന്നും “നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും” എന്നും ബൈബിൾ പറയുന്നു. (ഗലാത്യർ 6:5; റോമർ 14:12) കുടുംബാംഗങ്ങളാണ് ഉത്തരവാദികൾ എന്നു ധ്വനിപ്പിക്കാൻ മദ്യാസക്തൻ ശ്രമിച്ചേക്കാം. ഉദാഹരണത്തിന്, അയാൾ ഇങ്ങനെ പറഞ്ഞേക്കാം: “നിങ്ങൾ എന്നോടു നന്നായി പെരുമാറിയിരുന്നെങ്കിൽ, ഞാൻ കുടിക്കുമായിരുന്നില്ല.” മറ്റുള്ളവർ അയാളോടു യോജിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കിയാൽ, കുടി തുടരാനാവും അവർ അയാളെ പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ സാഹചര്യങ്ങളുടെയോ മറ്റാളുകളുടെയോ ബലിയാടാകുകയാണെങ്കിൽപ്പോലും, മദ്യാസക്തരുൾപ്പെടെ നാമെല്ലാവരും നമ്മുടെ പ്രവൃത്തികൾക്ക് ഉത്തരവാദികളാണ്.—ഫിലിപ്പിയർ 2:12 താരതമ്യം ചെയ്യുക.
8. തന്റെ പ്രശ്നത്തിന്റെ ഭവിഷ്യത്തുകൾ നേരിടാൻ മദ്യാസക്തനെ സഹായിക്കാവുന്ന ഏതാനും വിധങ്ങളേവ?
8 മദ്യാസക്തനെ കുടിയുടെ ഭവിഷ്യത്തുകളിൽനിന്ന് എല്ലായ്പോഴും സംരക്ഷിക്കണമെന്നു നിങ്ങൾക്കു തോന്നരുത്. രോഷാകുലനായ ഒരുവനെക്കുറിച്ചുള്ള ഒരു ബൈബിൾ സദൃശവാക്യം തത്തുല്യമായി മദ്യാസക്തനു ബാധകമാക്കാവുന്നതാണ്: “കോപശീലനെ രക്ഷിക്കാൻനോക്കിയാൽ അത് ആവർത്തിക്കേണ്ടിവരും.” (സുഭാഷിതങ്ങൾ 19:19, പി.ഒ.സി. ബൈ.) മദ്യാസക്തന്റെ കുടിയുടെ ഭവിഷ്യത്തുകൾ അയാൾതന്നെ അനുഭവിക്കട്ടെ. അയാൾ വൃത്തികേടാക്കിയതെല്ലാം അയാൾതന്നെ വൃത്തിയാക്കട്ടെ. അല്ലെങ്കിൽ കുടിയും കൂത്താട്ടവും കഴിഞ്ഞുള്ള രാവിലെ അയാൾതന്നെ തൊഴിലുടമയെ ഫോണിൽ വിളിച്ച് വിശദീകരണം കൊടുക്കട്ടെ.
9, 10. മദ്യാസക്തരുള്ള കുടുംബാംഗങ്ങൾ സഹായം സ്വീകരിക്കേണ്ടത് എന്തുകൊണ്ട്, പ്രത്യേകിച്ച് ആരുടെ സഹായം അവർ തേടണം?
9 മറ്റുള്ളവരിൽനിന്നു സഹായം സ്വീകരിക്കുക. സദൃശവാക്യങ്ങൾ 17:17 [NW] ഇങ്ങനെ പറയുന്നു: “ഒരു യഥാർഥ സ്നേഹിതൻ എല്ലാ സമയത്തും സ്നേഹിക്കുന്നു, കഷ്ടതയുള്ള നാളിലേക്കു ജനിച്ച ഒരു സഹോദരനുമാണവൻ.” നിങ്ങളുടെ കുടുംബത്തിൽ ഒരു മദ്യാസക്തനുള്ളപ്പോൾ, അതു കഷ്ടതയുള്ള സമയമാണ്. നിങ്ങൾക്കു സഹായം ആവശ്യമാണ്. സഹായത്തിനായി ‘യഥാർഥ സ്നേഹിതന്മാരി’ൽ ആശ്രയിക്കാൻ മടിവിചാരിക്കരുത്. (സദൃശവാക്യങ്ങൾ 18:24) പ്രസ്തുത പ്രശ്നം മനസ്സിലാക്കുന്ന, അല്ലെങ്കിൽ സമാനമായ സ്ഥിതിവിശേഷം അഭിമുഖീകരിച്ചിട്ടുള്ള മറ്റുള്ളവരുമായി സംസാരിക്കുന്നതു നിമിത്തം എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നതിനെ സംബന്ധിച്ചു പ്രായോഗിക നിർദേശം നിങ്ങൾക്കു ലഭിച്ചേക്കാം. എന്നാൽ സമനിലയുള്ളവരായിരിക്കുക. നിങ്ങളുടെ “സ്വകാര്യ സംഭാഷണം” രഹസ്യമായി സൂക്ഷിക്കുമെന്നു നിങ്ങൾക്കു വിശ്വാസമുള്ളവരുമായി സംസാരിക്കുക.—സദൃശവാക്യങ്ങൾ 11:13, NW.
10 ക്രിസ്തീയ മൂപ്പന്മാരിൽ വിശ്വാസമർപ്പിക്കാൻ പഠിക്കുക. ക്രിസ്തീയ സഭയിലെ മൂപ്പന്മാർക്കു സഹായത്തിന്റെ വലിയ ഒരു ഉറവായിരിക്കാൻ കഴിയും. ദൈവവചനത്തിൽ വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളവരും അതിലെ തത്ത്വങ്ങളുടെ ബാധകമാക്കലിൽ പരിചയസമ്പന്നരുമാണു പക്വതയുള്ള ഈ പുരുഷന്മാർ. “കാറ്റിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയു”മാണെന്നു തെളിയാൻ അവർക്കാവും. (യെശയ്യാവു 32:2) ദോഷകരമായ സ്വാധീനങ്ങളിൽനിന്നു മുഴുസഭയെയും സംരക്ഷിക്കുകമാത്രമല്ല ക്രിസ്തീയ മൂപ്പന്മാർ ചെയ്യുന്നത്, അവർ ആശ്വസിപ്പിക്കുകയും നവോന്മേഷം പകരുകയും പ്രശ്നങ്ങളുള്ള വ്യക്തികളിൽ വ്യക്തിപരമായ താത്പര്യമെടുക്കുകയും ചെയ്യുന്നു. അവരുടെ സഹായം മുഴുവനായി പ്രയോജനപ്പെടുത്തുക.
11, 12. മദ്യാസക്തരുള്ള കുടുംബങ്ങൾക്ക് ഏറ്റവും വലിയ സഹായം പ്രദാനം ചെയ്യുന്നത് ആർ, ആ സഹായം നൽകപ്പെടുന്നതെങ്ങനെ?
11 സർവോപരി, യഹോവയിൽനിന്നു ശക്തിയാർജിക്കുക. ബൈബിൾ ഊഷ്മളതയോടെ നമുക്കിങ്ങനെ ഉറപ്പുനൽകുന്നു: “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.” (സങ്കീർത്തനം 34:18) മദ്യാസക്തിയുള്ള ഒരു കുടുംബാംഗവുമൊത്തു ജീവിക്കുന്നതിലെ സമ്മർദം നിമിത്തം ഹൃദയം നുറുങ്ങിയവരും മനസ്സു തകർന്നവരുമായി നിങ്ങൾക്കു തോന്നുന്നെങ്കിൽ, “യഹോവ സമീപസ്ഥൻ” എന്ന് അറിയുക. നിങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ എത്ര പ്രയാസകരമാണെന്ന് അവൻ മനസ്സിലാക്കുന്നുണ്ട്.—1 പത്രൊസ് 5:6, 7.
12 യഹോവ തന്റെ വചനത്തിൽ പറയുന്നതു വിശ്വസിക്കുക, അതിന് ഉത്കണ്ഠയെ നേരിടുന്നതിനു നിങ്ങളെ സഹായിക്കാൻ കഴിയും. (സങ്കീർത്തനം 130:3, 4; മത്തായി 6:25-34; 1 യോഹന്നാൻ 3:19, 20) ദൈവവചനം പഠിച്ച് അതിന്റെ തത്ത്വങ്ങൾ അനുസരിച്ചു ജീവിക്കുന്നതു നിങ്ങളെ ദൈവാത്മാവിന്റെ സഹായം സ്വീകരിക്കാനുള്ള സ്ഥാനത്താക്കുന്നു. അതിനാകട്ടെ, ദിവസേന “സാധാരണയിലും കവിഞ്ഞ ശക്തി” നൽകി നിങ്ങളെ സജ്ജരാക്കാനും കഴിയും.—2 കൊരിന്ത്യർ 4:7, NW.b
13. അനേകം കുടുംബങ്ങൾക്കു ഹാനിവരുത്തുന്ന രണ്ടാമത്തെ പ്രശ്നമെന്ത്?
13 മദ്യത്തിന്റെ ദുരുപയോഗം അനേകം കുടുംബങ്ങൾക്കു ഹാനിവരുത്തുന്ന മറ്റൊരു പ്രശ്നത്തിലേക്കു നയിച്ചേക്കാം—വീട്ടിലെ അക്രമം.
വീട്ടിലെ അക്രമത്താലുള്ള ഹാനി
14. വീട്ടിലെ അക്രമം ആരംഭിച്ചത് എന്ന്, ഇന്നത്തെ സ്ഥിതിവിശേഷം എന്താണ്?
14 മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ അക്രമാസക്തമായ പ്രവൃത്തി കയീൻ, ഹാബേൽ എന്നീ രണ്ടു സഹോദരന്മാർ ഉൾപ്പെട്ട, വീട്ടിലെ അക്രമ സംഭവമായിരുന്നു. (ഉല്പത്തി 4:8) അന്നുമുതൽ ഇങ്ങോട്ട്, വീടുകളിലെ അക്രമത്തിന്റെ സകല വിധങ്ങളാലും മനുഷ്യവർഗം ഉപദ്രവിക്കപ്പെടുകയാണ്. ഭാര്യമാരെ തല്ലുന്ന ഭർത്താക്കന്മാരും ഭർത്താക്കന്മാരെ ആക്രമിക്കുന്ന ഭാര്യമാരും ഇളംപ്രായത്തിലുള്ള തങ്ങളുടെ കുട്ടികളെ ക്രൂരമായി മർദിക്കുന്ന മാതാപിതാക്കളും പ്രായംചെന്ന തങ്ങളുടെ മാതാപിതാക്കളോടു ദുഷ്പെരുമാറ്റം നടത്തുന്ന വളർച്ചയെത്തിയ കുട്ടികളും ഉണ്ട്.
15. വീട്ടിലെ അക്രമത്താൽ കുടുംബാംഗങ്ങൾ വൈകാരികമായി ബാധിക്കപ്പെടുന്നതെങ്ങനെ?
15 വീട്ടിലെ അക്രമംകൊണ്ടുണ്ടാകുന്ന ഹാനി തീർച്ചയായും ശാരീരിക പാടുകളിൽ ഒതുങ്ങുന്നതല്ല. തല്ലുകൊണ്ടിട്ടുള്ള ഒരു ഭാര്യ ഇങ്ങനെ പറഞ്ഞു: “വളരെയധികം കുറ്റബോധവും നാണക്കേടും നേരിടേണ്ടതായുണ്ട്. മിക്ക ദിവസങ്ങളിലും രാവിലെ കിടക്കയിൽനിന്ന് എഴുന്നേൽക്കാനേ തോന്നുകയില്ല. അതു കേവലമൊരു പേക്കിനാവാണെന്നാവും ആശ്വസിക്കുക.” വീട്ടിലെ അക്രമം നിരീക്ഷിക്കുകയോ അനുഭവിക്കുകയോ ചെയ്യുന്ന കുട്ടികൾ വളർന്നു തങ്ങളുടേതായ കുടുംബങ്ങൾ ഉണ്ടാകുമ്പോൾ അവർതന്നെ അക്രമാസക്തരായിത്തീർന്നേക്കാം.
16, 17. വൈകാരികമായ ദുഷ്പെരുമാറ്റം എന്ത്, അതിനാൽ കുടുംബാംഗങ്ങൾ ബാധിക്കപ്പെടുന്നതെങ്ങനെ?
16 ദേഹോപദ്രവത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല വീട്ടിലെ അക്രമം. പലപ്പോഴും അക്രമം വാചികമാണ്. സദൃശവാക്യങ്ങൾ 12:18 ഇങ്ങനെ പറയുന്നു: “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു.” വീട്ടിലെ അക്രമത്തിന്റെ സവിശേഷതയായ ഈ ‘കുത്തുകളി’ൽ പരിഹാസപ്പേർവിളിയും ആക്രോശങ്ങളും നിരന്തര വിമർശനവും, ഇടിച്ചുതാഴ്ത്തുന്ന ആക്ഷേപവാക്കുകളും, ദേഹോപദ്രവ ഭീഷണികളും ഉൾപ്പെടുന്നു. വൈകാരിക അക്രമത്തിന്റെ മുറിവുകൾ അദൃശ്യമാണ്, പലപ്പോഴും അവ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാറുമില്ല.
17 കുട്ടികളുടെ നേർക്കുള്ള വൈകാരിക ദണ്ഡനമാണു വിശേഷാൽ സങ്കടകരം. നിരന്തരമുള്ള വിമർശനവും കുട്ടിയുടെ പ്രാപ്തികളെയും ബുദ്ധിയെയും, അല്ലെങ്കിൽ വ്യക്തി എന്നനിലയിലുള്ള മൂല്യത്തെയും കുറച്ചുകാണിക്കലും അതിലുൾപ്പെടുന്നു. അത്തരം വാചിക ദുരുപയോഗത്തിനു കുട്ടിയുടെ മനോവീര്യം കെടുത്താനാവും. എല്ലാ കുട്ടികൾക്കും ശിക്ഷണം ആവശ്യമാണെന്നതു സത്യംതന്നെ. എന്നാൽ ബൈബിൾ പിതാക്കന്മാരെ ഇങ്ങനെ പ്രബോധിപ്പിക്കുന്നു: “നിങ്ങളുടെ മക്കൾ നിരുത്സാഹിതരായി തീരാതിരിക്കേണ്ടതിന് അവരെ പ്രകോപിപ്പിക്കരുത്.”—കൊലോസ്യർ 3:21, NW.
വീട്ടിലെ അക്രമം ഒഴിവാക്കേണ്ട വിധം
18. വീട്ടിലെ അക്രമത്തിന്റെ ആരംഭം എവിടെനിന്ന്, അതു നിർത്താനുള്ള മാർഗമായി ബൈബിൾ എന്തു കാണിച്ചുതരുന്നു?
18 വീട്ടിലെ അക്രമത്തിന്റെ ആരംഭം ഹൃദയത്തിൽനിന്നും മനസ്സിൽനിന്നുമാണ്. നാം പ്രവർത്തിക്കുന്ന വിധം ആരംഭിക്കുന്നതു നാം എങ്ങനെ ചിന്തിക്കുന്നു എന്നതിൽനിന്നാണ്. (യാക്കോബ് 1:14, 15) അക്രമിയുടെ ചിന്താരീതിക്കു മാറ്റംവരുത്തിയാലേ അക്രമം നിലയ്ക്കുകയുള്ളൂ. (റോമർ 12:2) അതു സാധ്യമാണോ? സാധ്യമാണ്. ദൈവവചനത്തിന് ആളുകൾക്കു മാറ്റംവരുത്താനുള്ള ശക്തിയുണ്ട്. “ശക്തമായി കെട്ടിയുറപ്പിച്ച” നാശോന്മുഖ വീക്ഷണങ്ങൾപോലും പിഴുതെറിയാൻ അതിനു കഴിയും. (2 കൊരിന്ത്യർ 10:4, NW; എബ്രായർ 4:12) ആളുകൾ പുതിയ വ്യക്തിത്വം ധരിച്ചിരിക്കുന്നുവെന്നു പറയാൻമാത്രം അത്രയ്ക്കു പൂർണമായ ഒരു പരിവർത്തനം അവർക്കു വരുത്താൻ സഹായിക്കുന്നതിനു ബൈബിളിനെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്തിനു കഴിയും.—എഫെസ്യർ 4:22-24; കൊലൊസ്സ്യർ 3:8-10.
19. ഒരു ക്രിസ്ത്യാനി വിവാഹിത ഇണയെ വീക്ഷിക്കേണ്ടതും ഇണയോട് ഇടപെടേണ്ടതും എങ്ങനെ?
19 വിവാഹിത ഇണയെക്കുറിച്ചുള്ള കാഴ്ചപ്പാട്. ദൈവവചനം ഇങ്ങനെ പറയുന്നു: “ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു.” (എഫെസ്യർ 5:28) ‘ബലഹീനപാത്രം എന്ന് ഓർത്ത്, ഭാര്യക്കു ഭർത്താവു ‘ബഹുമാനം കൊടുക്ക’ണമെന്നും ബൈബിൾ പറയുന്നു. (1 പത്രൊസ് 3:7) “തങ്ങളുടെ ഭർത്താക്കന്മാരെ സ്നേഹിക്കാ”നും അവരോട് “ആഴമായ ആദരവ്” ഉണ്ടായിരിക്കാനും ഭാര്യമാർ അനുശാസിക്കപ്പെടുന്നു. (തീത്തൊസ് 2:4; എഫെസ്യർ 5:33) ഭാര്യയെ ശാരീരികമായോ വാചികമായോ ആക്രമിക്കുന്നെങ്കിൽ, താൻ തന്റെ ഭാര്യയെ വാസ്തവത്തിൽ ആദരിക്കുന്നുവെന്ന് തീർച്ചയായും ദൈവഭയമുള്ള ഒരു ഭർത്താവിനും സത്യസന്ധമായി പറയാൻ കഴിയില്ല. ഭർത്താവിനു നേരേ അലറുന്ന, അല്ലെങ്കിൽ പരിഹാസത്തോടെ അഭിസംബോധന ചെയ്യുന്ന, അദ്ദേഹത്തെ നിരന്തരം ശാസിക്കുന്ന, ഒരു ഭാര്യക്കും താൻ അദ്ദേഹത്തെ വാസ്തവത്തിൽ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നു പറയാൻ കഴിയില്ല.
20. തങ്ങളുടെ കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ ആരുടെ മുമ്പാകെ ഉത്തരവാദികളാണ്, മാതാപിതാക്കൾക്കു തങ്ങളുടെ കുട്ടികളെക്കുറിച്ച് യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകൾ ഉണ്ടായിരിക്കരുതാത്തത് എന്തുകൊണ്ട്?
20 കുട്ടികളെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട്. മാതാപിതാക്കളിൽനിന്നുള്ള സ്നേഹവും ശ്രദ്ധയും കുട്ടികൾ അർഹിക്കുന്നുണ്ട്, അതേ, അവർക്കത് ആവശ്യവുമാണ്. ദൈവവചനം കുട്ടികളെ “യഹോവ നൽകുന്ന അവകാശ”മെന്നും “പ്രതിഫല”മെന്നും വിളിക്കുന്നു. (സങ്കീർത്തനം 127:3) ആ അവകാശത്തെ പരിപാലിക്കാൻ മാതാപിതാക്കൾ യഹോവയുടെ മുമ്പാകെ ഉത്തരവാദികളാണ്. ബൈബിൾ “ശിശുവിന്റെ സ്വഭാവം,” ബാല്യകാലത്തിന്റെ “ഭോഷത്വം” എന്നിവയെക്കുറിച്ചു സംസാരിക്കുന്നുണ്ട്. (1 കൊരിന്ത്യർ 13:11, NW; സദൃശവാക്യങ്ങൾ 22:15) കുട്ടികളിൽ ഭോഷത്വം കാണാനിടയായാൽ മാതാപിതാക്കൾ അതിശയിക്കരുത്. യുവപ്രായക്കാർ പ്രായപൂർത്തിയെത്തിയവരല്ല. ഒരു കുട്ടിയുടെ പ്രായം, കുടുംബപശ്ചാത്തലം, പ്രാപ്തി എന്നിവയ്ക്ക് അനുയോജ്യമായതിൽ കവിഞ്ഞു മാതാപിതാക്കൾ ആവശ്യപ്പെടരുത്.—ഉല്പത്തി 33:12-14 കാണുക.
21. വൃദ്ധരായ മാതാപിതാക്കളെ വീക്ഷിക്കുന്നതിനും അവരുമായി ഇടപെടുന്നതിനുമുള്ള ദൈവികവിധം എന്ത്?
21 വൃദ്ധരായ മാതാപിതാക്കളെക്കുറിച്ചുള്ള കാഴ്ചപ്പാട്. ലേവ്യപുസ്തകം 19:32 ഇങ്ങനെ പറയുന്നു: “നരച്ചവന്റെ മുമ്പാകെ എഴുന്നേല്ക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും . . . വേണം.” അങ്ങനെ ദൈവനിയമം വൃദ്ധരോട് ആദരവും ഉയർന്ന പരിഗണനയും ഊട്ടിവളർത്തി. പ്രായംചെന്ന മാതാവോ പിതാവോ അമിതമായി ആവശ്യപ്പെടുന്നു അല്ലെങ്കിൽ രോഗിയാണ് എന്നും ഒരുപക്ഷേ പെട്ടെന്നു പ്രവർത്തിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നില്ലെന്നും തോന്നുമ്പോൾ ഇത് ഒരു വെല്ലുവിളിയായിരിക്കാം. അപ്പോഴും, “തങ്ങളുടെ മാതാപിതാക്കളോടുള്ള കടമകൾ നിറവേറ്റാ”ൻ കുട്ടികൾ അനുസ്മരിക്കപ്പെടുന്നുണ്ട്. (1 തിമോത്തേയോസ് 5:4, പി.ഒ.സി. ബൈ.) ഒരുപക്ഷേ സാമ്പത്തികമായി അവരെ സഹായിച്ചുകൊണ്ടുപോലും, അവരോടു മാന്യതയോടും ആദരവോടുംകൂടെ ഇടപെടണമെന്നാണ് ഇതിനർഥം. വൃദ്ധരായ മാതാപിതാക്കളോടു ശാരീരികമായോ മറ്റുവിധങ്ങളിലോ മോശമായി പെരുമാറുന്നതു ബൈബിൾ നമ്മോടു പ്രവർത്തിക്കാൻ പറയുന്ന വിധത്തിനു കടകവിരുദ്ധമാണ്.
22. വീട്ടിലെ അക്രമം തരണംചെയ്യുന്നതിനുള്ള മുഖ്യഗുണം എന്താണ്, അത് എങ്ങനെ ഉപയോഗപ്പെടുത്താൻ കഴിയും?
22 ആത്മനിയന്ത്രണം നട്ടുവളർത്തുക. സദൃശവാക്യങ്ങൾ 29:11 ഇങ്ങനെ പറയുന്നു: “മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.” നിങ്ങൾക്കെങ്ങനെ നിങ്ങളുടെ കോപത്തെ നിയന്ത്രിക്കാൻ കഴിയും? ആശാഭംഗത്തെ ഉള്ളിൽ നീറിപുകയാൻ അനുവദിക്കാതെ, പൊന്തിവരുന്ന ഭിന്നതകൾ പെട്ടെന്നു പരിഹരിക്കുക. (എഫെസ്യർ 4:26, 27) നിങ്ങൾക്കു സംയമനം നഷ്ടപ്പെടുകയാണെന്നു തോന്നുന്നെങ്കിൽ, രംഗം വിടുക. നിങ്ങളിൽ ആത്മനിയന്ത്രണം ഉളവാക്കാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുക. (ഗലാത്യർ 5:22, 23) ഒന്നു നടക്കാനിറങ്ങുന്നതോ ഏതെങ്കിലും ശാരീരിക വ്യായാമത്തിൽ ഏർപ്പെടുന്നതോ നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാൻ സഹായിച്ചേക്കാം. (സദൃശവാക്യങ്ങൾ 17:14, 27) “കോപത്തിനു താമസ”മുള്ളവനായിരിക്കാൻ ശ്രമിക്കുക.—സദൃശവാക്യങ്ങൾ 14:29, NW.
വേർപിരിയണമോ ഒരുമിച്ചു കഴിയണമോ?
23. ക്രിസ്തീയ സഭയിലെ ഒരംഗം ഒരുപക്ഷേ തന്റെ കുടുംബാംഗങ്ങൾക്കു ദേഹോപദ്രവം ഏൽപ്പിക്കുന്നതുൾപ്പെടെ, ആവർത്തിച്ചും അനുതാപരഹിതമായും അക്രമാസക്തമായ കോപാവേശത്തിനു വഴങ്ങുന്നപക്ഷം എന്തു സംഭവിച്ചേക്കാം?
23 ദൈവം കുറ്റംവിധിക്കുന്ന വേലകളിൽ ബൈബിൾ “പക, പിണക്കം, . . . ക്രോധം” എന്നിവ ഉൾപ്പെടുത്തുകയും “ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല” എന്നു പ്രസ്താവിക്കുകയും ചെയ്യുന്നു. (ഗലാത്യർ 5:19-21) അതുകൊണ്ട്, ഒരുപക്ഷേ ഇണയെയോ കുട്ടികളെയോ ദേഹോപദ്രവം ഏൽപ്പിക്കുന്നത് ഉൾപ്പെടെ, ആവർത്തിച്ചും അനുതാപരഹിതമായും അക്രമാസക്തമായ കോപാവേശത്തിനു വഴങ്ങുന്ന, ക്രിസ്ത്യാനിയെന്ന് അവകാശപ്പെടുന്ന ഏതൊരാളെയും ക്രിസ്തീയ സഭയിൽനിന്നു പുറത്താക്കാവുന്നതാണ്. (2 യോഹന്നാൻ 9, 10 താരതമ്യം ചെയ്യുക.) ദുഷ്പെരുമാറ്റം നടത്തുന്ന വ്യക്തികളിൽനിന്നു സഭ ഈ വിധത്തിൽ ശുദ്ധമായി കാത്തുസൂക്ഷിക്കപ്പെടുന്നു.—1 കൊരിന്ത്യർ 5:6, 7; ഗലാത്യർ 5:9.
24. (എ) ദുഷ്പെരുമാറ്റം അനുഭവിക്കുന്ന ഇണകൾ എന്തു ചെയ്യാൻ തീരുമാനിച്ചേക്കാം? (ബി) സദുദ്ദേശ്യമുള്ള സുഹൃത്തുക്കളും മൂപ്പന്മാരും ദുഷ്പെരുമാറ്റം അനുഭവിക്കുന്ന ഒരു ഇണയെ എങ്ങനെ സഹായിച്ചേക്കാം, എന്നാൽ അവർ എന്തു ചെയ്യരുത്?
24 ദുഷ്പെരുമാറ്റമുള്ള, സ്വഭാവമാറ്റത്തിന്റേതായ ലക്ഷണമൊന്നും കാണിക്കാത്ത ഇണയിൽനിന്നു ദേഹോപദ്രവമേൽക്കുന്ന ക്രിസ്ത്യാനികളുടെ കാര്യമോ? ഏതെങ്കിലും കാരണത്താൽ ചിലർ ദുഷ്പെരുമാറ്റമുള്ള ഇണയോടൊപ്പംതന്നെ താമസിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തങ്ങളുടെ ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യം—ഒരുപക്ഷേ ജീവൻതന്നെയും—അപകടത്തിലാണെന്നു മനസ്സിലാക്കി മറ്റു ചിലർ വിട്ടുപിരിയുകയും ചെയ്തിരിക്കുന്നു. വീട്ടിലെ അക്രമത്തിനു ബലിയാടാകുന്ന വ്യക്തി അത്തരം സന്ദർഭങ്ങളിൽ എന്തു ചെയ്യാൻ തീരുമാനിക്കുന്നുവെന്നത് യഹോവയുടെ മുമ്പാകെ വ്യക്തിപരമായ ഒരു തീരുമാനമാണ്. (1 കൊരിന്ത്യർ 7:10, 11) സദുദ്ദേശ്യമുള്ള സുഹൃത്തുക്കളും ബന്ധുക്കളും, അല്ലെങ്കിൽ ക്രിസ്തീയ മൂപ്പന്മാരും സഹായവും ബുദ്ധ്യുപദേശവും നൽകാൻ ആഗ്രഹിച്ചേക്കാം. എന്നാൽ ഏതെങ്കിലുമൊരു പ്രത്യേക നടപടിക്രമം കൈക്കൊള്ളാൻ അക്രമത്തിന് ഇരയായ വ്യക്തിയെ അവർ നിർബന്ധിക്കരുത്. അത് അയാളുടെയോ അവളുടെയോ സ്വന്തം തീരുമാനമായിരിക്കണം.—റോമർ 14:4; ഗലാത്യർ 6:5.
ഹാനികരമായ പ്രശ്നങ്ങൾക്ക് ഒരു അവസാനം
25. കുടുംബത്തെ സംബന്ധിച്ചുള്ള യഹോവയുടെ ഉദ്ദേശ്യമെന്ത്?
25 യഹോവ ആദാമിനെയും ഹവ്വായെയും വിവാഹത്തിൽ ഒരുമിപ്പിച്ചപ്പോൾ, മദ്യാസക്തിയോ അക്രമമോ പോലുള്ള ഹാനികരമായ പ്രശ്നങ്ങളാൽ കുടുംബങ്ങൾ തകരണമെന്ന് അവൻ ഒരിക്കലും ഉദ്ദേശിച്ചില്ല. (എഫെസ്യർ 3:14, 15) സ്നേഹവും സമാധാനവും തഴച്ചുവളരുകയും ഓരോ അംഗത്തിനും തന്റെ മാനസികവും വൈകാരികവും ആത്മീയവുമായ ആവശ്യങ്ങൾ തികവിൽ നിറവേറ്റപ്പെടുകയും ചെയ്യുന്ന ഒരു സ്ഥലമായിരിക്കണമായിരുന്നു കുടുംബം. എന്നിരുന്നാലും, പാപത്തിന്റെ കടന്നുവരവോടെ, കുടുംബജീവിതം പെട്ടെന്ന് അധഃപതിച്ചു.—സഭാപ്രസംഗി 8:9 താരതമ്യം ചെയ്യുക.
26. യഹോവയുടെ നിബന്ധനകൾക്കു ചേർച്ചയിൽ ജീവിക്കുന്നവരെ എന്തു ഭാവി കാത്തിരിക്കുന്നു?
26 കുടുംബത്തെ സംബന്ധിച്ചുള്ള തന്റെ ഉദ്ദേശ്യം യഹോവ ഉപേക്ഷിച്ചിട്ടില്ലെന്നതു സന്തോഷകരംതന്നെ. ആളുകൾ “നിർഭയമായി വസിക്കു”ന്ന, ‘ആരും അവരെ ഭയപ്പെടുത്തുകയില്ലാ’ത്ത സമാധാനപൂർണമായ ഒരു പുതിയ ലോകം ആനയിക്കുമെന്ന് അവൻ വാഗ്ദാനം ചെയ്യുന്നു. (യെഹെസ്കേൽ 34:28) ആ കാലത്ത്, മദ്യാസക്തിയും വീട്ടിലെ അക്രമവും ഇന്നു കുടുംബങ്ങൾക്കു ഹാനിവരുത്തുന്ന മറ്റെല്ലാ പ്രശ്നങ്ങളും കഴിഞ്ഞകാല സംഭവങ്ങൾമാത്രമായിത്തീരും. ആളുകൾ പുഞ്ചിരി തൂകും, അതു ഭയവും വേദനയും മറയ്ക്കുന്നതിനല്ല, മറിച്ച്, അതു “സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കു”ന്നതുകൊണ്ടാണ്.—സങ്കീർത്തനം 37:11.
a ഞങ്ങൾ മദ്യാസക്തിക്കു കീഴ്പെടുന്ന വ്യക്തിയെ പുരുഷനായിട്ടാണു പരാമർശിക്കുന്നതെങ്കിലും, ഇക്കാര്യത്തിൽ ബാധകമാകുന്ന തത്ത്വങ്ങൾ തത്തുല്യമായി മദ്യാസക്തയ്ക്കും ബാധകമാണ്.
b ചില രാജ്യങ്ങളിൽ, മദ്യാസക്തരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിൽ വൈദഗ്ധ്യം നേടിയ ചികിത്സാകേന്ദ്രങ്ങളും ആശുപത്രികളും പുനഃസ്ഥിതീകരണ പരിപാടികളും ഉണ്ട്. അത്തരം സഹായം സ്വീകരിക്കണമോ വേണ്ടയോ എന്നതു വ്യക്തിപരമായ തീരുമാനമാണ്. വാച്ച് ടവർ സൊസൈറ്റി ഏതെങ്കിലും ഒരു പ്രത്യേക ചികിത്സ ശുപാർശ ചെയ്യുന്നില്ല. എന്നിരുന്നാലും, സഹായം തേടുമ്പോൾ, തിരുവെഴുത്തു തത്ത്വങ്ങൾ വിട്ടുവീഴ്ച ചെയ്യുന്ന പ്രവർത്തനങ്ങളിൽ അകപ്പെട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.