ബൈബിളിന്റെ വീക്ഷണം
നാം നമ്മുടെ നേർച്ചകൾ നിറവേററണമോ?
മററു വിധത്തിൽ സന്തുഷ്ടരായ ഒരു വിവാഹിത ദമ്പതികൾ തീവ്രമായി വേദനിപ്പിക്കുന്ന ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുന്നു. വർഷങ്ങൾക്കു മുമ്പു ഞെരുക്കുന്ന ഒരു കുടുംബപ്രശ്നത്തിൽ കുരുങ്ങിയപ്പോൾ തങ്ങളുടെ കഷ്ടങ്ങളിൽനിന്നു കരേററിയാൽ തങ്ങളുടെ വരുമാനത്തിന്റെ പത്തിൽ ഒരംശം ദൈവത്തിനു നല്കാമെന്ന് അവർ നേർച്ചനേർന്നു. എന്നാൽ ഇപ്പോൾ അവർ വൃദ്ധരായിത്തീരുകയും അപ്രതീക്ഷിതമായ സാമ്പത്തിക പ്രതിസന്ധികളാൽ ചുററപ്പെടുകയും ചെയ്തിരിക്കുന്നതിനാൽ, “ഞങ്ങൾ ഈ നേർച്ച നിറവേററാൻ നിർബന്ധിതരാണോ?” എന്ന് അവർ സംശയിക്കുന്നു.
അവരുടെ വിഷമസന്ധി, സംസാരത്തിലെ അമിത ധൃതിയ്ക്കെതിരായുള്ള ജ്ഞാനിയായ മമനുഷ്യന്റെ ബുദ്ധ്യുപദേശത്തിന് അടിവരയിടുന്നു: “നേർന്നിട്ടു കഴിക്കാതെയിരിക്കുന്നതിനെക്കാൾ നേരാതെയിരിക്കുന്നതു നല്ലതു. നിന്റെ വായ് നിന്റെ ദേഹത്തിന്നു പാപകാരണമാകരുതു; അബദ്ധവശാൽ വന്നുപോയി എന്നു നീ ദൂതന്റെ സന്നിധിയിൽ പറകയും അരുതു.”—സഭാപ്രസംഗി 5:5, 6.
മുടന്തൻന്യായങ്ങൾ പാടില്ല
കളിമട്ടിലുള്ള ശപഥങ്ങളും സൂത്രത്തിൽ വാഗ്ദാനങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നതും ഇന്നത്തെ അനുവാദാത്മക സമൂഹത്തിൽ സാധാരണമാണെങ്കിലും കൃത്രിമ ന്യായങ്ങൾ ദൈവം വിശ്വസിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാനാകില്ല; ബിസ്സിനസ്സുകാർക്കുപോലും അതിനെക്കാൾ മെച്ചമായി അറിയാം. ഒരു ബിസ്സിനസ്സ് പ്രസിദ്ധീകരണമായ ഇൻഡസ്ട്രി വീക്കലെ, “വ്യാപാര വിശ്വസ്തത: ഒരു വൈരുദ്ധ്യം?” എന്ന ലേഖനത്തിൽ ഇപ്രകാരം വിലപിക്കുന്നു: “ജനങ്ങൾ സത്യം പറയുമെന്നും ഉപായം പറയാതെ ശരിയായതു ചെയ്യുമെന്നും അവരുടെ പ്രതിബദ്ധതക്കു ചേർച്ചയിൽ ജീവിക്കുമെന്നും ഞങ്ങൾ ഇനി വിശ്വസിക്കയില്ല.” “ചെക്ക് അയച്ചിരുന്നല്ലോ, തപാൽ കുഴപ്പമായിരിക്കും” എന്നതുപോലെയുള്ള സൗകര്യപ്രദമായ നുണകൾ മനുഷ്യരായ ഉത്തമർണരുടെ മുമ്പാകെ വിലപ്പോയേക്കും, എന്നാൽ ദൂതൻമാരെ കബളിപ്പിക്കാൻ ഒരിക്കലും സാധ്യമല്ല.
മനസ്സാക്ഷിയില്ലാത്തവനും പിടിച്ചുപറിക്കാരനുമായ ഒരു ഉത്തമർണൻ നിർഭാഗ്യരായ ഇരകളിൽനിന്നു ബലാത്കാരേണ അന്യായപ്പലിശ വാങ്ങാൻ ഗുണ്ടകളെ ഉപയോഗിക്കുന്നതുപോലെ, നേർച്ചകൾ നടപ്പിലാക്കാൻ ദൈവം ദൂതൻമാരെ ഉപയോഗിക്കുന്നുവെന്ന് ഇതിനർഥമില്ല. നേരെമറിച്ചു ദൈവം സ്നേഹപൂർവം തന്റെ ദൂതൻമാരെ “രക്ഷ പ്രാപിപ്പാനുള്ളവരുടെ [കെട്ടുപണിചെയ്യുന്ന] ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളാ”ക്കുന്നു. (എബ്രായർ 1:14) അങ്ങനെയായിരിക്കെ, നമ്മുടെ ആത്മാർഥ പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുന്നതിൽ ദൂതൻമാർക്ക് ഒരു പങ്കുവഹിക്കാൻ കഴിയും, അങ്ങനെ ചെയ്യുന്നുമുണ്ട്.
എന്നിരുന്നാലും നമ്മുടെ പ്രാർഥനകളിൽ നാം പൊള്ളയായ വാഗ്ദാനങ്ങൾ ചെയ്യുന്നതു തുടരുകയാണെങ്കിൽ, നമുക്കു ദൈവാനുഗ്രഹം ന്യായമായും പ്രതീക്ഷിക്കാൻ കഴിയുമോ? ജ്ഞാനിയായ മനുഷ്യൻ പ്രസ്താവിക്കുന്നു: “ദൈവം നിന്റെ വാക്കുനിമിത്തം കോപിച്ചു നിന്റെ കൈകളുടെ പ്രവൃത്തിയെ [ചുരുങ്ങിയത് ഒരു പരിധിവരെയെങ്കിലും] നശിപ്പിക്കുന്നതു എന്തിനു?”—സഭാപ്രസംഗി 5:6ബി.
അതിനാൽ ഒഴികഴിവുകൾ പറയാതെ നമ്മുടെ നേർച്ചകൾ നിറവേററാൻ നമ്മെ പ്രേരിപ്പിക്കേണ്ടതു പ്രതികാരംചെയ്യുന്ന ഒരു ദൂതനോടുള്ള ഭയമല്ല. മറിച്ച്, ദൈവവുമായുള്ള നമ്മുടെ നല്ല ഒരു ബന്ധം നാം മൂല്യവത്തായി കരുതുകയും നമ്മുടെ പ്രവർത്തനങ്ങളുടെമേൽ ദൈവപ്രീതി സത്യസന്ധമായി ആഗ്രഹിക്കുകയും വേണം. മേൽപരാമർശിച്ച ദമ്പതികൾ അതു മനോഹരമായി പ്രകടിപ്പിച്ചതുപോലെ, “ദൈവമുമ്പാകെ ഞങ്ങൾക്ക് ഒരു ശുദ്ധ മനസ്സാക്ഷി ഉണ്ടായിരിക്കാനും അവിടുത്തെ ഇഷ്ടാനുസരണം പ്രവർത്തിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.”
ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുക
നേർച്ച കഴിക്കുന്നതുസംബന്ധിച്ച് ഒരു ശുദ്ധ മനസ്സാക്ഷി ഉണ്ടായിരിക്കുന്നതിനു നാം നമ്മോടുതന്നെ സത്യസന്ധരായിരിക്കണം. ദൃഷ്ടാന്തമായി, വലിയ ഒരു തുക ഒരാൾ നിങ്ങൾക്കു കടപ്പെട്ടിരിക്കുന്നെന്നും എന്നാൽ ഏതോ അനർഥം നിമിത്തം അയാളിപ്പോൾ തുക നിങ്ങൾക്കു മടക്കിത്തരാൻ കഴിയാത്ത അവസ്ഥയിലാണെന്നും സങ്കല്പിക്കുക. നിങ്ങൾ ഏതായിരിക്കും കൂടുതൽ ഇഷ്ടപ്പെടുക—തിരിച്ചുനൽകുക അസാധ്യമാണെന്നു പറഞ്ഞുകൊണ്ട് അയാൾ മുഴുകടവും നിരാകരിക്കുന്നതിനെയാണോ അതോ ചുരുങ്ങിയപക്ഷം സാധിക്കുന്നതുപോലെ ചെറിയ ഗഡുക്കളായി ക്രമമായി തന്നുതീർക്കാൻ ഏർപ്പാടെങ്കിലും ചെയ്യുന്നതിനെയാണോ?
ഇതേ ന്യായവാദത്താൽ, ഒരുവന്റെ മുഴു സമയമോ മററു വിഭവങ്ങളോ ഉചിതമായ ക്രിസ്തീയ പ്രവർത്തനങ്ങൾക്കു സമർപ്പിക്കാമെന്നു ധൃതിയിൽ നേർന്ന ഒരു നേർച്ച നിറവേററാനാകുന്നില്ലെന്നു സങ്കല്പിക്കുക. നിലവിലുള്ള സാഹചര്യങ്ങൾ അനുവദിക്കുന്നതനുസരിച്ചു നേർച്ച നിറവേററുന്നതിനോട് അടുത്തുവരാൻ തക്കവണ്ണമെങ്കിലും പ്രവർത്തിക്കാൻ നമ്മൾ കർത്തവ്യബദ്ധരായിരിക്കേണ്ടതല്ലേ? പൗലോസ് എഴുതി: “മനസ്സൊരുക്കം ഉണ്ടെങ്കിൽ” നമുക്കു കൊടുക്കാൻ അധികമുണ്ടെങ്കിലും അല്പമേ ഉള്ളെങ്കിലും “ദൈവപ്രസാദം ലഭിക്കും”. (2 കൊരിന്ത്യർ 8:12) എന്നാൽ ബൈബിൾസത്യത്തിന്റെ ഒരു സൂക്ഷ്മ പരിജ്ഞാനം ലഭിക്കുന്നതിനു മുമ്പു നടത്തിയ നേർച്ചകളെ സംബന്ധിച്ചെന്ത്?
തെററായ അല്ലെങ്കിൽ തിരുവെഴുത്തുവിരുദ്ധമായ നേർച്ചകൾ
ഒരു നേർച്ച അശുദ്ധമോ അധാർമികമോ ആണെന്നു നാം മനസ്സിലാക്കുന്നെങ്കിൽ, ചൂടുള്ള കൽക്കരിക്കഷണംപോലെ അതു നാം പെട്ടെന്നു വിട്ടുകളയണം. (2 കൊരിന്ത്യർ 6:16-18) അശുദ്ധ നേർച്ചകൾക്കുള്ള ഉദാഹരണങ്ങൾ:
▫ വ്യാജ ദേവൻമാർക്കോ ദേവികൾക്കോ നേർന്നിട്ടുള്ള നേർച്ചകൾ, ബാബിലോനിലെ “ആകാശരാജ്ഞി”യെപ്പോലുള്ളവർക്ക് നേർന്നിട്ടുള്ളവ.—യിരെമ്യാവു 44:23, 25.
▫ നിയമവിരുദ്ധ നേർച്ചകൾ, അപ്പോസ്തലനായ പൗലോസിനെ കൊല്ലാതെ ഇനി ഒരു ഭക്ഷണവും കഴിക്കയില്ല എന്നു ശപഥംചെയ്ത 40 പേരുടേതുപോലുള്ളവ.—പ്രവൃത്തികൾ 23:13, 14.
▫ വിശ്വാസത്യാഗികളുടെ നേർച്ചകൾ, “ഭൂതങ്ങളുടെ ഉപദേശങ്ങളെ” “ആശ്രയിച്ചു ഭോഷ്കു പറയു”കയും “വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികൾ സ്തോത്രത്തോടെ അനുഭവിപ്പാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വർജ്ജിക്കേണം എന്നു കല്പിക്കയും ചെയ്യു”ന്നവ.—1 തിമൊഥെയൊസ് 4:1-3.
അതുകൊണ്ടു വ്യക്തമായും നമുക്കു ചില കഴിഞ്ഞകാല നേർച്ചകളെ അസാധുവായി പ്രഖ്യാപിക്കേണ്ടി വന്നേക്കാം. എന്നാൽ തിരുവെഴുത്തുവിരുദ്ധമായി ഒന്നുംതന്നെ ഉൾപ്പെട്ടിട്ടില്ലാത്ത നേർച്ചകളെ സംബന്ധിച്ചു നാമെന്തിനു പഴുത് അന്വേഷിക്കണം? നമ്മുടെ ഇപ്പോഴത്തെ സൂക്ഷ്മ പരിജ്ഞാനം കഴിഞ്ഞകാല നേർച്ചകളോടു കൂടുതൽ ബഹുമാനം പ്രകടിപ്പിക്കാൻ നമ്മെ നിർബന്ധിതരാക്കുന്നില്ലേ?
നിങ്ങളുടെ കഴിഞ്ഞകാലത്തെയും ഭാവിയിലെയും നേർച്ചകളെ പരിഗണിക്കുക
നമ്മുടെ ആരാധനയോട് ഇനിമേൽ ഏതെങ്കിലും നേർച്ച കൂട്ടിച്ചേർക്കുന്നെങ്കിൽ അതിനു മുമ്പു നാം ഗൗരവമായി ചിന്തിക്കണം. ക്രിസ്തീയ ആരാധനയിൽ ചെലവഴിക്കുന്ന ഒരാളുടെ സമയം വർധിപ്പിക്കുന്നതോ അമിതാഹാരം ഭക്ഷിക്കുന്നതിൽനിന്നും വിട്ടുനിൽക്കുന്നതോ പോലെ, വെറുതെ എന്തെങ്കിലും ചെയ്യാനോ ചെയ്യാതിരിക്കാനോ ഒരു വ്യക്തിയെ പ്രേരിപ്പിക്കാൻ നേർച്ചകളെ ഉപയോഗപ്പെടുത്തരുത്. എന്നുവരികിലും യേശു എല്ലാ ശപഥങ്ങളെയും എതിർത്തില്ല. ഉദാഹരണത്തിന്, നിയമ കോടതികളിൽ ആവശ്യമായിവരുന്നതു പോലുള്ളവയെ. എന്നാൽ അവിടുന്നു വിവേചനാരഹിതമായ ശപഥങ്ങളെ സംബന്ധിച്ചു വ്യക്തമായി പരിധി വെച്ചിട്ടുണ്ട്, എന്തുകൊണ്ടെന്നാൽ അവിടുന്ന് ഇപ്രകാരം മുന്നറിയിപ്പു നൽകിയിരിക്കുന്നു: “കള്ളസ്സത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കർത്താവിന്നു നിവർത്തിക്കേണം എന്നും പൂർവ്വൻമാരോടു അരുളിച്ചെയ്തിരുന്നു, ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുത്.” (മത്തായി 5:33, 34) അവിടുന്ന് ഇങ്ങനെ ഒരു നിലപാട് എടുത്തത് എന്തുകൊണ്ടായിരുന്നു? നേർച്ചകളുടെ ഔചിത്യം മുമ്പത്തെക്കാൾ കുറഞ്ഞു പോയിരുന്നോ?
പുരാതന കാലത്തെ വിശ്വസ്തരുടെ നേർച്ചകൾ മിക്കപ്പോഴും സോപാധികമായിരുന്നു. ‘ഈ വിഷമസന്ധിയെ തരണം ചെയ്യാൻ അങ്ങ് എന്നെ സഹായിക്കുമെങ്കിൽ അങ്ങയുടെ പേർക്കു ഞാൻ ഇന്നിന്ന കാര്യങ്ങൾ ചെയ്തുകൊള്ളാം’ എന്നു ഗൗരവതരമായ ഒരു പ്രാർഥനയിൽ അവർ യഹോവയോടു വാഗ്ദാനം ചെയ്തേക്കാം. എന്നാൽ യേശു പറഞ്ഞു: “നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.” തന്റെ കാലത്തെ വിശ്വസ്തരായവരെ സോപാധികമായ ഒരു നേർച്ച നേരാൻ പ്രോത്സാഹിപ്പിക്കുന്നതിൽനിന്നു തികച്ചും വ്യത്യസ്തമായി യേശു അവർക്ക് ഇങ്ങനെ ഉറപ്പുനൽകി: “ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; . . . നിങ്ങൾക്കു ലഭിക്കും.”—യോഹന്നാൻ 16:23, 24.
യേശുവിന്റെ നാമത്തിൽ അല്ലെങ്കിൽ അവിടുത്തെ സ്ഥാനത്തിൽ ഉള്ള ഉററവിശ്വാസം, “അധരങ്ങൾ കൊണ്ടു നിർവിചാരമായി” ദൈവത്തോടു പ്രതിജ്ഞ ചെയ്തതു നിറവേററാൻ—ശ്രമിച്ചിട്ടും—കഴിയാത്തതിനാൽ ഇപ്പോഴും കുററബോധം തോന്നുന്ന ആരേയും ആശ്വസിപ്പിക്കും. (ലേവ്യപുസ്തകം 5:4-6) അതുകൊണ്ടു നമ്മുടെ മുൻ നേർച്ചകൾ നിസ്സാരമായി എടുക്കാതിരിക്കെ, നമുക്കു യേശുവിന്റെ നാമത്തിൽ പ്രാർഥിക്കാമെന്നു മാത്രമല്ല, യേശുവിന്റെ മറുവിലയാഗത്തെ നമ്മുടെ പാപങ്ങൾക്കുവേണ്ടി ഉപകരിക്കുന്നതിനു ദൈവത്തോട് അപേക്ഷിക്കാനും യേശുവിന്റെ നാമത്തിൽ നമ്മോടു ക്ഷമിക്കുന്നതിനു യാചിക്കാനും കഴിയും. അങ്ങനെ നമുക്കു “ദുർമ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം” പ്രാപിക്കാൻ കഴിയും.—എബ്രായർ 10:21, 22. (g93 4/8)
[20-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Priests taking vows at Montmartre