അധ്യായം 10
നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സത്യത്തെ അഭിമുഖീകരിക്കാൻ മനസ്സൊരുക്കമുളളവനാണോ?
1, 2. (എ) സത്യത്തിന് നമുക്ക് എങ്ങനെ പ്രയോജനം ചെയ്യാൻ കഴിയും? (ബി) യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും വരുന്ന യഥാർത്ഥ ഉറവെന്താണെന്നാണ് നിങ്ങൾ വിശ്വസിക്കുന്നത്?
സത്യം അറിയുക എന്നത് വിലതീരാത്തതായിരിക്കാൻ കഴിയും. ജ്ഞാനപൂർവ്വം ഉപയോഗിക്കപ്പെടുന്നെങ്കിൽ അതിന് നിങ്ങളെ ഉപദ്രവത്തിൽനിന്നും നഷ്ടത്തിൽ നിന്നും സംരക്ഷിക്കാനും നിങ്ങളുടെ സന്തോഷത്തിനും സുരക്ഷിതത്വത്തിനും സംഭാവന ചെയ്യാനും കഴിയും. ഈ തലമുറയ്ക്കു ഭാവിയിൽ സംഭവിക്കാനിരിക്കുന്നതു സംബന്ധിച്ചുളള സത്യത്തിന്റെ കാര്യത്തിൽ ഇതു വിശേഷിച്ചും അങ്ങനെ തന്നെയാണ്.
2 ഈ പുസ്തകത്തിൽ സമർപ്പിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങളുടെ വെളിച്ചത്തിൽ മനുഷ്യർക്ക് യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും കൈവരുത്താൻ കഴിയില്ല എന്ന് നിങ്ങൾ സമ്മതിച്ചേക്കും. ബൈബിൾ പറയുന്നതാണ് സത്യമെന്ന് നിങ്ങൾ തിരിച്ചറിഞ്ഞേക്കാം—മനുഷ്യവർഗ്ഗം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ തന്റെ രാജ്യം മുഖേന ദൈവത്തിനു മാത്രമേ കഴിയുകയുളളു എന്നതു തന്നെ. അപ്പോൾ സത്യമാണെന്ന് നിങ്ങൾക്ക് ഇപ്പോൾ അറിയാവുന്ന കാര്യങ്ങളോടുളള ചേർച്ചയിൽ നിങ്ങളുടെ ജീവിതഗതി രൂപപ്പെടുത്തുന്നത് ബുദ്ധിപൂർവ്വകമായിരിക്കില്ലേ? (യാക്കോബ് 1:22) ഇതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
3. ഒരു വ്യക്തി ദൈവത്തിന്റെ നൂതനക്രമത്തിൽ ജീവിക്കാനാഗ്രഹിക്കുന്നുവെങ്കിൽ അയാൾ തന്റെ ജീവിതത്തിൽ വരുത്തേണ്ട മാററങ്ങൾ എത്ര പ്രധാനമാണ്?
3 ദൈവം തന്റെ നീതിയുളള നൂതന ക്രമത്തിന്റെ ഭാഗമായി സ്വീകരിക്കുന്നവർ എത്തിച്ചേരേണ്ട ചില നിലവാരങ്ങൾ ബൈബിൾ വിവരിക്കുന്നുണ്ട്. ഈ നിലവാരങ്ങൾ അപ്പോൾ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരുടെയും ജീവിതത്തിൽ ഇപ്പോൾ മാററങ്ങൾ വരുത്തുന്നത് ആവശ്യമാക്കിത്തീർക്കുന്നു. ഒരു മാനുഷ നിലപാടിൽ നോക്കുമ്പോൾ എല്ലാവരുടെയും ഇന്നത്തെ ജീവിതം മോശമായി കണക്കാക്കേണ്ടതില്ല എന്നതു സത്യം തന്നെ. എന്നിരുന്നാലും ബൈബിൾ നിലവാരങ്ങളിലേക്കുളള മാററത്തിൽ ജീവിതത്തെ സംബന്ധിച്ച തികച്ചും പുതുതായ ഒരു കാഴ്ചപ്പാട് ഉൾപ്പെടുന്നു. അതുകൊണ്ടാണ് റോമർ 12:2 ഇപ്രകാരം പറയുന്നത്: “ഈ വ്യവസ്ഥിതിക്ക് അനുരൂപമാകുന്നത് വിട്ടിട്ട് നല്ലതും സ്വീകാര്യയോഗ്യവും പൂർണ്ണവുമായ ദൈവേഷ്ടം നിങ്ങൾക്കുതന്നെ ഉറപ്പു വരുത്തേണ്ടതിന് നിങ്ങളുടെ മനസ്സു പുതുക്കി രൂപാന്തരപ്പെടുക.”
4. നാം യഥാർത്ഥമായി ‘സത്യത്തിന്റെ മാർഗ്ഗത്തിൽ നടക്കാൻ’ പോകുകയാണെങ്കിൽ ശരിയെന്തെന്നും തെറെറന്തെന്നും നാം എന്തിന്റെ അടിസ്ഥാനത്തിൽ നിർണ്ണയിക്കണം?
4 അത്തരമൊരു മാററം നാം ശരിയെന്തെന്നും തെറെറന്തെന്നും നിർണ്ണയിക്കുന്നത് എങ്ങനെ എന്നതിനെ ബാധിക്കും. കഴിഞ്ഞകാലങ്ങളിൽ നാം മററുളളവരുടെ അഭിപ്രായങ്ങളെ ആശ്രയിക്കുകയോ നമുക്കുതന്നെ നിലവാരങ്ങൾ വയ്ക്കുകയോ ചെയ്തിട്ടുണ്ടായിരിക്കാം. എന്നാൽ ആദാമും ഹവ്വായും അപകടകരമായ പരിണത ഫലങ്ങളോടെ അവരുടെ ഭരണാധികാരി എന്ന നിലയിൽ ദൈവത്തെ തളളിക്കളയാൻ ഇടയാക്കിയത് ഇതേ വീക്ഷണം തന്നെയാണെന്നു ഇപ്പോൾ നാം തിരിച്ചറിയുന്നു. നാം ദൈവത്തിന്റെ അംഗീകാരം ആഗ്രഹിക്കുന്നെങ്കിൽ ശരിയെന്ത് തെറെറന്ത് എന്നതു സംബന്ധിച്ച് ശരിയായ നിലവാരത്തിനുവേണ്ടി നാം അവനിലേക്കു നോക്കണം. ആ നിലവാരങ്ങൾ ദൈവത്തിന്റെ വചനമായ ബൈബിളിൽ നിഷ്പ്രയാസം കണ്ടെത്താൻ കഴിയും. സങ്കീർത്തനം 119:151 പറയും പ്രകാരം: ‘അവന്റെ കല്പനകളെല്ലാം സത്യമാണ്.’ അതുകൊണ്ട് അവയോട് അനുരൂപപ്പെടുന്നത് ‘സത്യത്തിന്റെ മാർഗ്ഗത്തിൽ നടക്കു’ന്നതിനെ അർത്ഥമാക്കുന്നു. (സങ്കീർത്തനം 86:11) അതല്ലയോ നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നത്?
ബുദ്ധിയുപദേശത്തിന്റെയും ശിക്ഷണത്തിന്റെയും ആവശ്യം
5. (എ) നാം നമ്മുടെ ജീവിതത്തിൽ മാററങ്ങൾ വരുത്താൻപോകുകയാണെങ്കിൽ നമ്മെ സംബന്ധിച്ചുതന്നെയുളള എന്തു സത്യത്തെ അഭിമുഖീകരിക്കാൻ നാം മനസ്സുളളവരായിരിക്കണം? (ബി) മിക്കപ്പോഴും തെററു സമ്മതിക്കുന്നതിൽനിന്ന് ഒരു വ്യക്തിയെ തടയുന്നതെന്ത്, എന്തു ഫലങ്ങളോടെ?
5 ഒരുവൻ തന്റെ ജീവിതത്തിൽ മാററം വരുത്തുന്നതിന് അയാൾ അതിന്റെ ആവശ്യം കാണേണ്ടതുണ്ട്. “പാപം ചെയ്യാത്ത മനുഷ്യനില്ല” എന്ന് ബൈബിൾ പറയുന്നു. (1 രാജാക്കൻമാർ 8:46) എന്നിരുന്നാലും അനേകം ആളുകളും തെററു സമ്മതിക്കുന്നതിന് മനസ്സില്ലാത്തവരാണ്. എന്തുകൊണ്ട്? അഹങ്കാരം അവർക്ക് തടസ്സമായി നിൽക്കുന്നു. വിനീതമായി തങ്ങളുടെ തെററുകൾ സമ്മതിക്കുന്നതിനു പകരം അവർ മിക്കപ്പോഴും മററുളളവരെ കുററപ്പെടുത്തുന്നു. ഇതു പ്രശ്നത്തെ കൂടുതൽ വഷളാക്കുക മാത്രമേയുളളു.
6. നാം ശിക്ഷണത്തിനുവേണ്ടി ഏത് ഉറവിലേക്കു നോക്കണം, എന്തുകൊണ്ട്?
6 നാം അപൂർണ്ണരാണെന്നതും എല്ലായ്പ്പോഴും പിൻപറേറണ്ട ശരിയായ ഗതി നാം തിരിച്ചറിയുന്നില്ലെന്നുളളതും അത്രയും തന്നെ വലിയ പ്രശ്നമാണ്. ഹാനികരമായ ഒരു ഗതി തികച്ചും ശരിയാണെന്ന് വിചാരിക്കാൻ തക്കവണ്ണം നാം വഞ്ചിക്കപ്പെടുകപോലും ചെയ്തേക്കാം. (സദൃശവാക്യങ്ങൾ 16:25) അതുകൊണ്ട് നാം എല്ലായ്പ്പോഴും നമ്മുടെ തന്നെയും നമ്മുടെ സഹമനുഷ്യരുടെയും ഉത്തമ താല്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിന് മനുഷ്യനെക്കാൾ ഉന്നതമായ ഒരു ഉറവിൽ നിന്നുളള ശിക്ഷണം നമുക്ക് ആവശ്യമാണ്. സദൃശവാക്യങ്ങൾ 3:11 ആ ഉറവിനെ തിരിച്ചറിയിക്കുന്നു: “എന്റെ മകനെ യഹോവയുടെ ശിക്ഷണത്തെ നിരസിക്കരുത്.”
7. (എ) യഹോവയിൽനിന്നുളള ശിക്ഷണം നമ്മിലേക്ക് എത്തുന്നതെങ്ങനെ? (ബി) നാം അത്തരം ശിക്ഷണം സ്വീകരിക്കുന്നതും ബാധകമാക്കുന്നതും നമ്മെ സംബന്ധിച്ച് എന്തു പ്രകടമാക്കുന്നു?
7 യഹോവ എങ്ങനെയാണ് ശിക്ഷണം നൽകുന്നത്? അവന്റെ വചനമായ വിശുദ്ധ ബൈബിളിലൂടെ. അതുകൊണ്ട് നാം ബൈബിൾ വായിക്കുമ്പോഴോ അല്ലെങ്കിൽ അതിലെ ബുദ്ധിയുപദേശം ഒരു സഹവിശ്വാസിയാൽ നമ്മുടെ ശ്രദ്ധയിലേക്കു വരുത്തപ്പെടുകയും നാം ഏതെങ്കിലും വിധത്തിൽ കുറവുളളവരാണെന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോഴോ നാം ദൈവത്തിന്റെ ശിക്ഷണം സ്വീകരിക്കുകയാണ്. ആ ശിക്ഷണത്തെ ശരിയെന്ന് സ്വീകരിക്കുകയും അതു സംബന്ധിച്ച് ആവശ്യമായത് ചെയ്യുകയും ചെയ്യുന്നതിനാൽ നാം സത്യത്തെ അഭിമുഖീകരിക്കുകയാണെന്ന് നാം തെളിയിക്കുന്നു. നമുക്ക് മാർഗ്ഗനിർദ്ദേശം നൽകാനുളള ദൈവത്തിന്റെ അവകാശത്തെ നാം സമ്മതിക്കുകയും തന്റെ നൂതനക്രമത്തിലൂണ്ടായിരിക്കാൻ അവൻ ആഗ്രഹിക്കുന്ന തരം ആളുകളാണ് നാമെന്ന് പ്രകടമാക്കുകയും ചെയ്യുന്നു. അതെ, നമ്മുടെ ജീവൻ നാം ദിവ്യശിക്ഷണത്തിന് ശ്രദ്ധ കൊടുക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു!—സദൃശവാക്യങ്ങൾ 4:13.
8. (എ) നാം ശിക്ഷണം സ്വീകരിക്കുന്നതായി നാട്യം കാണിച്ചിട്ട് യഥാർത്ഥത്തിൽ നമ്മുടെ രീതികൾക്ക് മാററം വരുത്തിയില്ലെങ്കിൽ നാം വാസ്തവത്തിൽ നമ്മെത്തന്നെ ഉപദ്രവിക്കുകയായിരിക്കുന്നതെന്തുകൊണ്ട്? (ബി) നാം എവിടെയായിരുന്നാലും യഹോവ നമ്മെ കാണുന്നുവെന്നറിയുന്നത് ആശ്വാസകരമായിരിക്കുന്നതെന്തുകൊണ്ട്?
8 തീർച്ചയായും ദൈവത്തിന്റെ ശിക്ഷണത്തിൽ നിന്ന് പ്രയോജനം അനുഭവിക്കുന്നതിന് നാം നമ്മോടു തന്നെ സത്യസന്ധരായിരിക്കേണ്ടതുണ്ട്. മററുളളവരാൽ നിരീക്ഷിക്കപ്പെടുമ്പോൾ ഒരു നാട്യം കാണിക്കുകയും അല്ലാത്തപ്പോൾ നമ്മുടെ മുൻരീതികളിലേക്കു തിരിച്ചുപോകയും ചെയ്താൽ അതു നമുക്ക് യാതൊരു പ്രയോജനവും ചെയ്യുകയില്ല. നാം കപടഭക്തരുടെ ഭാഗം അഭിനയിക്കുന്നത് നമ്മുടെ മനസ്സാക്ഷികളെ മന്ദീഭവിപ്പിക്കുക മാത്രമേയുളളു. മനുഷ്യർ ആദരവോടെ നമ്മെ വീക്ഷിച്ചേക്കാമെങ്കിലും നമുക്ക് സ്രഷ്ടാവിനെ വഞ്ചിക്കാൻ കഴിയുകയില്ല. സദൃശവാക്യങ്ങൾ 15:3 നമ്മോടു പറയുന്നു: “യഹോവയുടെ കണ്ണുകൾ ദുഷ്ടൻമാരെയും നല്ലവരെയും നിരീക്ഷിച്ചുകൊണ്ട് എല്ലായിടത്തുമുണ്ട്.” യഹോവ നിരീക്ഷിക്കുന്നുണ്ടെന്നുളള അറിവ് തെററു ചെയ്യുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കേണ്ടതാണ്. അതേ സമയം അവൻ ‘നല്ലവരെ’ പ്രീതിയോടെ വീക്ഷിക്കുന്നു എന്ന ഉറപ്പിൽ നമുക്ക് പ്രോത്സാഹനം കണ്ടെത്താൻ കഴിയും.
“അന്യോന്യം സത്യസന്ധമായി സംസാരിക്കുക”
9. (എ) സത്യം സംസാരിക്കുന്ന കാര്യത്തിൽ, ലോകത്തിൽ സാധാരണയായി അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്ത്? എന്തുകൊണ്ട്? (ബി) അതുകൊണ്ട് ഒരു വ്യക്തി “ഈ വ്യവസ്ഥിതിക്ക് അനുരൂപമാകുന്നത് വിട്ടു”കളയാൻ പോകുകയാണെങ്കിൽ എന്തു മാററം ആവശ്യമാണ്?
9 ബൈബിളിനോട് കർശനമായി പററിനിൽക്കുന്നു എന്ന് അവകാശപ്പെടുന്നില്ലെങ്കിലും മിക്കയാളുകളും സത്യസന്ധതയില്ലാത്തവരായി തങ്ങളെത്തന്നെ പരിഗണിക്കുന്നില്ല. എന്നാൽ എല്ലായ്പ്പോഴും സത്യം സംസാരിക്കുന്നവർ എത്രപേരുണ്ട്? സാധാരണയായി അനേകമാളുകളും സത്യം മറച്ചു വയ്ക്കുകയോ തങ്ങളുടെ സ്വന്തം ലക്ഷ്യങ്ങൾ സാധിക്കുന്നതിന് സഹായിക്കുമെന്ന് അവർ വിശ്വസിക്കുന്ന കാര്യങ്ങൾ മാത്രം സംസാരിക്കുകയോ ചെയ്യുന്നു. ലോകത്തിൽ ഇതു സാധാരണമെന്ന് വീക്ഷിക്കപ്പെടുന്നെങ്കിലും അതു ഇതിനെ ശരിയാക്കിത്തീർക്കുന്നില്ല. ദൈവത്തിൽനിന്ന് അന്യപ്പെട്ട മനുഷ്യവർഗ്ഗലോകം “ദുഷ്ടനായവന്റെ അധികാരത്തിൽ കിടക്കുകയാണ്.” ആ “ദുഷ്ടൻ,” പിശാചായ സാത്താനാണ്, “ഭോഷ്ക്കിന്റെ പിതാവ്.” ഭോഷ്ക്ക് പറച്ചിൽ അവനിൽനിന്ന് ഉത്ഭവിച്ചു. (1 യോഹന്നാൻ 5:19; യോഹന്നാൻ 8:44) അതുകൊണ്ട് ഒരു വ്യക്തി “ഈ വ്യവസ്ഥിതിക്കനുരൂപമാകുന്നത് വിട്ടു”കളയാൻ പോകുകയാണെങ്കിൽ അയാൾ സത്യസന്ധത സംബന്ധിച്ച തന്റെ വീക്ഷണത്തിൽ തികച്ചും ഒരു മാററം വരുത്തേണ്ടതാവശ്യമാണെന്ന് കണ്ടെത്തുന്നുവെങ്കിൽ അത് അയാളെ അത്ഭുതപ്പെടുത്തേണ്ടതില്ല.
10. വഞ്ചനയുടെ ദൂഷിത വലയം യഥാർത്ഥ സമാധാനത്തിനും സുരക്ഷിതത്വത്തിനുമെതിരായി പ്രവർത്തിക്കുന്നതെങ്ങനെ?
10 സത്യസന്ധരായിരിക്കാൻ നല്ല കാരണമുണ്ട്. എല്ലായ്പ്പോഴും—വീട്ടിലും തൊഴിൽ അല്ലെങ്കിൽ ബിസിനസ്സ് സ്ഥലത്തും വിനോദങ്ങളിലും സാമൂഹ്യ ബന്ധങ്ങളിലും—സത്യസന്ധരായിരിക്കുന്നതിലുളള പരാജയത്തേക്കാൾ സമാധാനത്തിനും സുരക്ഷിതത്വത്തിനും തുരങ്കം വയ്ക്കുന്ന മറെറാന്നുമില്ല. ആളുകൾ വാക്കുപാലിക്കാത്തപ്പോൾ, അവർ വഞ്ചിക്കുകയോ ചതിക്കുകയോ ചെയ്യുമ്പോൾ ആർക്കും നേട്ടമുണ്ടാകുന്നില്ല. വഞ്ചനയ്ക്കിരയായിത്തീരുന്നവർ മിക്കപ്പോഴും കഠിനരും കോപിഷ്ഠരുമായിത്തീരുന്നു. വൈകാരികവും മാനസികവുമായ സമ്മർദ്ദങ്ങൾക്കു പുറമേ വഞ്ചന ശാരീരിക ക്ഷതത്തിനും മരണത്തിനുപോലും കാരണമായിത്തീരാം. ഉദാഹരണത്തിന് മോശമായ പണിയും ഗുണനിലവാരമില്ലാത്ത വസ്തുക്കളും വഞ്ചനാത്മകമായ അവകാശവാദങ്ങളും ഗൗരവതരമായ അപകടങ്ങൾക്ക് സംഭാവന ചെയ്തിട്ടുണ്ട്. തന്റെ സ്വന്തം വഞ്ചനയാൽ തനിക്ക് നേട്ടമുണ്ടാക്കാമെന്ന് വിചാരിക്കുന്നയാൾ അതേ സമയം മററുളളവരുടെ വഞ്ചനയാൽ നഷ്ടമനുഭവിക്കുകയാണ്. തൊഴിലാളികളും പതിവുകാരും മോഷ്ടിക്കുന്നതിനാൽ അയാളും സാധനങ്ങൾക്കും സേവനങ്ങൾക്കും കൂടിയ വില കൊടുക്കുന്നുണ്ട്. ഇപ്രകാരം വഞ്ചന ഒരു ദൂഷിത വലയം സൃഷ്ടിക്കുന്നു. കൂടുതൽ കൂടുതൽ ആളുകൾ മററുളളവരിൽനിന്ന് മുതലെടുക്കുമ്പോൾ ഇച്ഛാഭംഗങ്ങളും അക്രമവും ദ്രോഹങ്ങളും മരണങ്ങളും പെരുകുന്നു.
11. വഞ്ചനയെയും ഭോഷ്കു പറച്ചിലിനെയും കുറിച്ച് യഹോവ എങ്ങനെ വിചാരിക്കുന്നു?
11 ഇത്തരം ദുഷ്ഫലങ്ങളുടെ കാഴ്ചപ്പാടിൽ “യഹോവയാം ദൈവം വെറുക്കുക തന്നെ ചെയ്യുന്ന” കാര്യങ്ങളിൽ ഭോഷ്ക്കു പറച്ചിലും കളള സത്യവും കളള തൂക്കങ്ങളും കളള ത്രാസ്സുകളും ഉൾപ്പെടുന്നത് അതിശയമല്ല. (സദൃശവാക്യങ്ങൾ 6:16-19; 20:23) ദൈവം തന്നെ സ്നേഹിക്കുന്നവർക്കായി കരുതിയിരിക്കുന്ന അനുഗ്രഹങ്ങളിൽ പതിവായി ഭോഷ്ക്കു പറയുന്നവർക്ക് യാതൊരു പങ്കും ഉണ്ടായിരിക്കുകയില്ല. (വെളിപ്പാട് 21:8) നീതിയുളള ഒരു ദൈവത്തിൽനിന്ന് നാം പ്രതീക്ഷിക്കേണ്ടത് ഇതു തന്നെയല്ലേ? തങ്ങളുടെ അയൽക്കാർക്ക് നഷ്ടം വരുത്തിക്കൊണ്ട് ചതിപ്രയോഗത്താൽ ലാഭം ഉണ്ടാക്കാനാഗ്രഹിക്കുന്നവരെ ദൈവം തുടർന്ന് അനുവദിക്കുകയാണെങ്കിൽ, അവന്റെ നൂതനക്രമത്തിൽ ആർക്കെങ്കിലും എങ്ങനെ സുരക്ഷിതത്വം തോന്നാൻ കഴിയും?
12, 13. (എ) സത്യസന്ധമായ സംസാരത്തെക്കുറിച്ച് ബൈബിൾ തന്നെ എന്തു പറയുന്നു? (ബി) നമുക്ക് യഹോവയെ അവന്റെ സാക്ഷികളെന്നനിലയിൽ സേവിക്കാൻ കഴിയുമോയെന്നതിനോട് നമ്മുടെ സത്യസന്ധതയ്ക്കു എന്തു ബന്ധമുണ്ട്?
12 അതുകൊണ്ട് “അന്യോന്യം സത്യം സംസാരിക്കുക” എന്ന് ബൈബിൾ കല്പിക്കുമ്പോൾ അതു നിസ്സാരമായി എടുക്കേണ്ടതല്ല. (സെഖര്യാവ് 8:16; എഫേസ്യർ 4:25) വാഗ്ദത്തങ്ങളോ കരാറുകളോ സംബന്ധിച്ചുളള നമ്മുടെ “ഉവ്വ്” ഉവ്വ് എന്നും നമ്മുടെ “ഇല്ല” ഇല്ല എന്നും അർത്ഥമാക്കണം. (യാക്കോബ് 5:12) “സത്യത്തിന്റെ ദൈവമായ യഹോവ”യെ പ്രതിനിധാനം ചെയ്യാൻ നാം ആഗ്രഹിക്കുന്നെങ്കിൽ നാം എല്ലായ്പ്പോഴും സത്യം സംസാരിക്കുന്നവരായിരിക്കണം. (സങ്കീർത്തനം 31:5) ഒരു വ്യക്തി സത്യം പറയുന്നില്ലെങ്കിൽ അയാൾക്ക് ദൈവത്തിന്റെയോ സഹമനുഷ്യരുടെയോ ആദരവ് നേടാൻ കഴിയുകയില്ല. ദൈവത്തിന്റെ സാക്ഷികളിലൊരാളെന്ന നിലയിൽ അവനെ പ്രതിനിധാനം ചെയ്യാനും കഴിയുകയില്ല. സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുകയുണ്ടായി: “ദുഷ്ടനോട് ദൈവം ഇങ്ങനെ പറയേണ്ടി വരും: ‘എന്റെ ചട്ടങ്ങൾ വിവരിക്കാനും നിന്റെ വായിൽ എന്റെ നിയമം വഹിക്കാനും നിനക്കെന്ത് അവകാശം? നീ നിന്റെ വായ് വഷളത്തത്തിന് തുറന്നിരിക്കുന്നു. നിന്റെ നാവ് നീ വഞ്ചനയോട് ബന്ധിച്ചിരിക്കുന്നു.’”—സങ്കീർത്തനം 50:16, 19.
13 എന്നാൽ ഒരു വ്യക്തിക്ക് സത്യസന്ധനും പരമാർത്ഥിയുമായിരിക്കാനും ഈ ലോകത്തിൽ തുടർന്ന് ജീവിക്കാനും കഴിയുമോ? എന്ന് ചിലർ സംശയിച്ചേക്കാം. മററുളള എല്ലാവരും ചെയ്യുന്നതു ചെയ്യാതെ അയാൾക്ക് ബിസിനസ്സിൽ ‘പുരോഗമിക്കാൻ’ കഴിയുമോ?
സത്യം ബാധകമാക്കുന്നവരെ ദൈവം പരിപാലിക്കും
14. വഞ്ചകരാകാതെ ഈ ലോകത്തിൽ ഉപജീവനം തേടുക സാദ്ധ്യമാണെന്നു വിലമതിക്കാൻ ബൈബിൾ നമ്മെ സഹായിക്കുന്നതെങ്ങനെ?
14 വഞ്ചന കാണിക്കാതെ ഉപജീവനം തേടാൻ ഒരു വ്യക്തിക്കു കഴിയുകയില്ല എന്നു പറയുന്നത് ദൈവം തന്നെ സ്നേഹിക്കുന്നവരെ പരിപാലിക്കുകയില്ല എന്നു പറയുന്നതിന് തുല്യമായിരിക്കും. എന്നാൽ ഇതു ആയിരക്കണക്കിനു വർഷങ്ങളിലെ ദൈവദാസൻമാരുടെ അനുഭവത്തിനു വിപരീതമാണ്. (എബ്രായർ 13:5, 6) സങ്കീർത്തനക്കാരനായ ദാവീദ് ഇപ്രകാരം പറഞ്ഞു: “ഞാൻ ഒരു യുവാവായിരുന്നു, ഞാൻ വൃദ്ധനുമായിരിക്കുന്നു, എന്നിട്ടും നീതിമാനായ ഒരുത്തനും പൂർണ്ണമായി ഉപേക്ഷിക്കപ്പെട്ടതായോ അവന്റെ സന്തതി അപ്പത്തിനുവേണ്ടി തെരയുന്നതായോ ഞാൻ കണ്ടിട്ടില്ല.” (സങ്കീർത്തനം 37:25) നീതിമാൻമാരായ ആളുകൾക്ക് പ്രയാസങ്ങളൊ ഞെരുക്കകാലങ്ങളൊ അനുഭവപ്പെടുന്നില്ലെന്ന് ഇതിനർത്ഥമില്ല. ദാവീദുതന്നെ ഒരു കാലത്തേയ്ക്കു ഒരു സമുദായ ഭ്രഷ്ടനായി ജീവിക്കാൻ നിർബന്ധിതനായിരുന്നു. എന്നാൽ അവന് ജീവിതത്തിലെ അവശ്യ വസ്തുക്കൾ ഉണ്ടായിരുന്നു.
15. ജീവൻ നിലനിർത്താൻ നമുക്കു ഭൗതിക വസ്തുക്കൾ ലഭിക്കുന്നതിലുളള ദൈവത്തിന്റെ താല്പര്യത്തെക്കുറിച്ച് യേശു എന്തു പറഞ്ഞു?
15 സത്യാരാധനയുടെ ഭാഗത്തെ ആകർഷണം ഭൗതിക നേട്ടത്തിന്റെതല്ല. എന്നിരുന്നാലും “ഇന്നത്തേക്കുളള അപ്പം” ലഭിക്കാനുളള തങ്ങളുടെ ശ്രമങ്ങളുടെ മേൽ ദൈവത്തിന്റെ അനുഗ്രഹമുണ്ടാകുന്നതിന് അവനോട് പ്രാർത്ഥിക്കുന്നത് ഉചിതമാണെന്ന് യേശു തന്റെ അനുഗാമികളെ പഠിപ്പിക്കുകതന്നെ ചെയ്തു. (ലൂക്കോസ് 11:2, 3) ജീവന കാര്യങ്ങൾക്കുവേണ്ടിയുളള അവരുടെ ആവശ്യത്തെ അംഗീകരിച്ചുകൊണ്ട് അവൻ തന്റെ ശിഷ്യൻമാർക്ക് ഇപ്രകാരം ഉറപ്പു നൽകി: “നിങ്ങൾക്ക് ഇവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വർഗ്ഗീയ പിതാവ് അറിയുന്നു.” എന്നാൽ അവൻ അവരെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “അപ്പോൾ ഒന്നാമതായി രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടിരിക്കുക, ഈ മററുളളവയെല്ലാം നിങ്ങൾക്ക് കൂട്ടപ്പെടും.” (മത്തായി 6:25-34) നിങ്ങൾ അതു വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ മററുളള ആളുകൾ ദൈവത്തിന്റെ നീതിയുളള നിലവാരങ്ങളെ തളളിക്കളയുന്നതുകൊണ്ടു മാത്രം നിങ്ങൾ അങ്ങനെ ചെയ്യാൻ പരീക്ഷിക്കപ്പെടുകയില്ല. പകരം 1 തിമൊഥെയോസ് 6:6-8-ൽ രേഖപ്പെടുത്തിയിരിക്കുന്നതിന്റെ ജ്ഞാനത്തെ നിങ്ങൾ വിലമതിക്കും. അതിങ്ങനെ പറയുന്നു: “തീർച്ചയായും, ഇത്, സ്വയംപര്യാപ്തതയോടുകൂടിയ ഈ ദൈവിക ഭക്തി വലിയ ഒരു ആദായ മാർഗ്ഗമാകുന്നു. എന്തുകൊണ്ടെന്നാൽ നാം ലോകത്തിലേക്കു യാതൊന്നും കൊണ്ടുവന്നിട്ടില്ല, നമുക്ക് യാതൊന്നും പുറത്തുകൊണ്ടുപോകാനും കഴിയുകയില്ല. അതുകൊണ്ട് ആഹാരവും വസ്ത്രവും ഉണ്ടെങ്കിൽ നാം ഈ കാര്യങ്ങളാൽ തൃപ്തരായിരിക്കും.”
16. ഈ തിരുവെഴുത്തു തത്വങ്ങളുടെ നമ്മുടെ ഭാഗത്തെ ബാധകമാക്കലിന് നമ്മെ കാത്തു സൂക്ഷിക്കാൻ കഴിയുന്നതെങ്ങനെ?
16 ഈ ബുദ്ധിയുപദേശം അനുസരിക്കുന്നതിന് ഇന്ന് ലോകത്തിൽ സാധാരണയായിരിക്കുന്നതിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ആവശ്യമാണ്. അപ്പോൾ ‘മനസ്സു പുതുക്കുന്നതിൽ’ ഇതുംകൂടി ഉൾപ്പെട്ടിരിക്കുന്നു. ജീവിതത്തിലെ അവശ്യ വസ്തുക്കളിലുളള സംതൃപ്തി പണത്തിന്റെയും ഭൗതിക വസ്തുക്കളുടെയും തേട്ടം ജീവിതത്തിലെ മുഖ്യലക്ഷ്യമാക്കുന്നതും ഇവ ലഭിക്കാൻവേണ്ടി മററുളളവരെക്കൊണ്ട് മുതലെടുക്കാൻ തക്കവണ്ണം പരീക്ഷിക്കപ്പെടുന്നതും തടയുന്നു. (സദൃശവാക്യങ്ങൾ 28:20; മത്തായി 6:24; 1 തിമൊഥെയോസ് 6:9, 10) ധനത്തെ തങ്ങളുടെ ലക്ഷ്യമാക്കുന്നവർ അത് സുരക്ഷിതത്വത്തേയും സന്തുഷ്ടിയെയും പ്രതിനിധാനം ചെയ്യുന്നു എന്ന് വിചാരിച്ചേക്കാം. എന്നാൽ മറിച്ച് അതു ബൈബിൾ പറയുന്നതു പോലെയാണ്: “വെളളിയെ സ്നേഹിക്കുന്നവൻ വെളളികൊണ്ടും യാതൊരു ധന സ്നേഹിയും ആദായം കൊണ്ടും തൃപ്തിപ്പെടുകയില്ല.” (സഭാപ്രസംഗി 5:10) ധാരാളമുളളവർ കൂടുതൽ ആഗ്രഹിക്കുന്നു. മിക്കപ്പോഴും അതു കിട്ടുന്നതിനുവേണ്ടി അവർ തങ്ങളുടെ ആരോഗ്യവും തങ്ങളുടെ കുടുംബജീവിതവും ബലികഴിക്കുന്നു. സുരക്ഷിതത്വം തോന്നുന്നതിനു പകരം അവർ തങ്ങൾക്കുളളതു നഷ്ടപ്പെടുന്നതിന്റെ ഭയത്തിൽ കഴിയുന്നു.
17. (എ) ഒരു വ്യക്തി ഭൗതികധനം സമ്പാദിക്കാൻ അതിയായി ആഗ്രഹിക്കുമ്പോൾ അയാൾ ഏതു സത്യത്തെ അവഗണിക്കുകയാണ്? (ബി) ഉപജീവനം തേടുന്നതിൽ സത്യസന്ധതയുടെ തത്വങ്ങൾ ബാധകമാക്കുന്നത് പ്രായോഗികമാണെന്നുളളതിന് എന്തു തെളിവുണ്ട്?
17 ധനത്തിന്റെ പിന്നാലെ പായുന്ന ഒരു വ്യക്തി യേശു പറഞ്ഞതുപോലെ, “ഒരു വ്യക്തിക്കു സമൃദ്ധിയുളളപ്പോൾപോലും അവന്റെ ജീവൻ അവനു കൈവശമുളള വസ്തുക്കളിൽ നിന്ന് സംജാതമാകുന്നില്ല” എന്ന വസ്തുതയെ തിരിച്ചറിയുന്നില്ല. (ലൂക്കോസ് 12:15) തന്റെ ദാസൻമാർക്കുവേണ്ടി കരുതാനുളള ദൈവത്തിന്റെ പ്രാപ്തിയിൽ വിശ്വാസമർപ്പിക്കുന്നതാണ് അധികം മെച്ചം. ഇരുനൂറിലധികം രാജ്യങ്ങളിൽ യഹോവയുടെ ദശലക്ഷക്കണക്കിന് സാക്ഷികൾക്കിടയിൽ ദൈവം അത്തരം കരുതൽ ചെയ്യുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവുണ്ട്. സകലരൂപത്തിലുമുളള ഗവൺമെൻറിൻ കീഴിലും നിയമാനുസൃതമായ ഏതു തൊഴിലിലും സകല വർഗ്ഗത്തിലും പശ്ചാത്തലത്തിലും പെട്ട സാക്ഷികൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേററിക്കൊണ്ട് സന്തുഷ്ടമായ ജീവിതം നയിക്കാൻ കഴിയുന്നു. സത്യസന്ധത പ്രതികൂലമായി ബാധിക്കുന്നതായി തോന്നുമ്പോൾപോലും കരുതാനുളള ദൈവത്തിന്റെ പ്രാപ്തിയിലുളള അവരുടെ വിശ്വാസത്തിന് പ്രതിഫലം ലഭിച്ചിട്ടുണ്ട്. അവർ സഹമനുഷ്യരുടെ ആദരവ് നേടിയിട്ടുണ്ട്. ആശ്രയിക്കാൻ കൊളളാവുന്നവരുമായി ഇടപെടാൻ ഇപ്പോഴും ആളുകൾ ആഗ്രഹിക്കുന്നതുകൊണ്ട് തൊഴിലാളികളെന്നനിലയിൽ അവർക്ക് മുൻഗണന ലഭിച്ചിട്ടുമുണ്ട്. എന്നാൽ തങ്ങളുടെ സത്യസന്ധത നിമിത്തം നേരുളളവർ ഒരു ശുദ്ധ മനസ്സാക്ഷി ആസ്വദിക്കുന്നു എന്നതാണ് അതിലും പ്രധാനമായിരിക്കുന്നത്.
18, 19. (എ) ഈ ആളുകൾ ദൈവത്തിന്റെ നിലവാരങ്ങളോട് അനുരൂപപ്പെടുന്നതിന് തങ്ങളുടെ ജീവിതത്തിൽ മാററങ്ങൾ വരുത്തിയിരിക്കുന്നതെന്തുകൊണ്ട്? (ബി) തന്റെ നൂതനക്രമത്തിലേക്ക് കടക്കാൻ തക്കവണ്ണം സംരക്ഷിക്കുന്നതിന് ദൈവം അന്വേഷിക്കുന്നത് ഏതുതരം ആളുകളെയാണ്?
18 യഹോവയുടെ സാക്ഷികളായിത്തീരുന്നതിനു മുമ്പ് അവർ ഏറിയ തോതിലോ കുറഞ്ഞതോതിലോ ലോകത്തിന്റെ മാതൃകയോട് ഒത്തു പോയിരുന്നു. എന്നാൽ ബൈബിളിന്റെ പഠനവും അതിലെ സത്യങ്ങളെ അഭിമുഖീകരിക്കുന്നതും അവർ ദുരാചാരങ്ങൾ ഉപേക്ഷിക്കുന്നതിനിടയാക്കി. എന്നാൽ ഇപ്പോൾ “നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കേണ്ടതിന് അവർ പൂർണ്ണമായി നല്ല വിശ്വസ്തത പ്രദർശിപ്പിക്കാൻ” കഠിനശ്രമം ചെയ്യുകയാണ്. (തീത്തോസ് 2:10) സത്യത്തെ അഭിമുഖീകരിക്കുന്നതും തങ്ങളുടെ ജീവിതത്തിൽ മാററങ്ങൾ വരുത്തുന്നതും അവർക്ക് എല്ലായ്പ്പോഴും എളുപ്പമായിരുന്നിട്ടില്ല. എന്നാൽ സത്യത്തോടുളള സ്നേഹം അതിനു ചേർച്ചയായി പ്രവർത്തിക്കാൻ അവരെ സഹായിച്ചിരിക്കുന്നു.
19 നിങ്ങൾക്ക് സത്യത്തോട് അതുപോലുളള സ്നേഹമുണ്ടോ? ഉണ്ടെങ്കിൽ തന്റെ നൂതനക്രമത്തിലേക്കു സംരക്ഷിച്ചു കടത്താൻ ദൈവം അന്വേഷിക്കുന്ന തരത്തിലുളള ആളാണ് നിങ്ങൾ. ദൈവത്താൽ സ്വീകരിക്കപ്പെടുന്നതിന് നിങ്ങൾ “ആത്മാവോടും സത്യത്തോടും കൂടെ ആരാധിക്കേണ്ടതുണ്ട്.” (യോഹന്നാൻ 4:24) ഇതു നിങ്ങളെ നിങ്ങൾക്ക് ചുററുമുളള ലോകത്തിൽനിന്ന് വ്യത്യസ്തനായി അടയാളപ്പെടുത്തും. യഹോവയെ പ്രസാദിപ്പിക്കുന്നതിന് ചുററുമുളള ലോകത്തിൽനിന്ന് നിങ്ങൾ വ്യത്യസ്തരായിരിക്കേണ്ട മററു വിധങ്ങളുമുണ്ട്. ഇവ ഏവയാണ്?
[113-ാം പേജിലെ ചിത്രം]
ഒരു വ്യക്തിക്ക് സത്യസന്ധനും വിശ്വസ്തനും ആയിരിക്കുകയും അപ്പോഴും ഈ ലോകത്തിൽ സാമ്പത്തികമായി അതിജീവിക്കുകയും ചെയ്യാൻ കഴിയുമോ?