ധനത്തിന് നിങ്ങളെ സന്തുഷ്ടനാക്കാൻ കഴിയുമോ?
ശലോമോൻ രാജാവ് പണത്തിന്റെ മൂല്യം മനസ്സിലാക്കിയിരുന്നു. അവൻ എഴുതി: “സന്തോഷത്തിന്നായിട്ടു വിരുന്നുകഴിക്കുന്നു; വീഞ്ഞു ജീവനെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിന്നും ഉതകുന്നു.” (സഭാപ്രസംഗി 10:19) സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കുന്നത് അത്യന്തം ആസ്വാദ്യകരം ആയിരിക്കാം. എന്നാൽ അപ്പമോ വീഞ്ഞോ വാങ്ങണമെങ്കിൽ പണമാവശ്യമാണ്. ഭൗതിക വസ്തുക്കൾ വാങ്ങാനുള്ള അടിസ്ഥാനം പണമായതിനാൽ അതു “സകലത്തിന്നും ഉതകുന്നു.”
ശലോമോൻ ഒരു കോടീശ്വരൻ ആയിരുന്നെങ്കിലും ധനത്തിന് അതിന്റേതായ പരിമിതികളുണ്ടെന്ന് അവന് അറിയാമായിരുന്നു. ഒരു ഭൗതികത്വ ജീവിതഗതി സന്തുഷ്ടിയിലേക്കു നയിക്കുന്നില്ലെന്ന് അവൻ തിരിച്ചറിഞ്ഞു. അവൻ എഴുതി: “പണത്തെ സ്നേഹിക്കുന്നവൻ പണംകൊണ്ടും സമ്പത്തിനെ സ്നേഹിക്കുന്നവൻ ലാഭംകൊണ്ടും തൃപ്തനല്ല.”—സഭാപ്രസംഗി 5:10, ഓശാന ബൈബിൾ.
സമ്പന്നനായ ഒരു വ്യക്തിക്ക് തുടർന്നും കൂടുതൽ സമ്പത്തു ലഭിക്കുന്നുവെന്നു കരുതുക. ശലോമോൻ പറയുന്നു: “വസ്തുവക പെരുകുമ്പോൾ അതുകൊണ്ടു ഉപജീവിക്കുന്നവരും പെരുകുന്നു.” (സഭാപ്രസംഗി 5:11) ഒരുവന്റെ “വസ്തുവക”കൾ അല്ലെങ്കിൽ സ്വത്തുക്കൾ പെരുകുമ്പോൾ അവ സംരക്ഷിക്കുന്നതിനു കൂടുതൽ ആളുകൾ ആവശ്യമാണ്. അറ്റകുറ്റപ്പണിക്കാർ, കാര്യസ്ഥർ, പരിചാരകർ, കാവൽക്കാർ തുടങ്ങിയവർക്കെല്ലാം അവരുടെ സേവനങ്ങൾക്കായി ശമ്പളം നൽകണം. ക്രമത്തിൽ, അത് കൂടുതൽ പണം ആവശ്യമാക്കിത്തീർക്കുന്നു.
അത്തരമൊരു സാഹചര്യം ഒരുവന്റെ സന്തുഷ്ടിയെ നേരിട്ടു ബാധിക്കുന്നു. പൊ.യു.മു. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കുചരിത്രകാരനായ സെനോഫോൺ ധനികനായിത്തീർന്ന ഒരു ദരിദ്രന്റെ അഭിപ്രായങ്ങൾ എഴുതിവെച്ചു:
“എന്ത്, ഞാൻ എത്രകണ്ട് സമ്പാദിക്കുന്നുവോ അത്രകണ്ട് സന്തുഷ്ടനായി ജീവിക്കുന്നു എന്നാണോ . . . നിങ്ങൾ വാസ്തവത്തിൽ കരുതുന്നത്? തിന്നുകയും കുടിക്കുകയും ഉറങ്ങുകയും ചെയ്യുന്ന കാര്യത്തിൽ,” അദ്ദേഹം തുടരുന്നു, “ഞാൻ ദരിദ്രനായിരുന്ന കാലത്തെ അപേക്ഷിച്ച് അത് ഒരു തരി ഉല്ലാസം പോലും കൂടുതൽ തരുന്നില്ല എന്നുള്ളതു നിങ്ങൾക്കറിയില്ല. ധാരാളം ഉണ്ടായിരിക്കുന്നതിനാൽ എനിക്കു ലഭിക്കുന്ന ഏക നേട്ടം, മുൻകാലത്തെ അപേക്ഷിച്ച് കൂടുതൽ ആളുകൾക്കായി കരുതാനും മറ്റുള്ളവർക്കു കൂടുതൽ വിതരണം ചെയ്യാനുമുള്ള ഉത്തരവാദിത്വവും കൂടുതൽപേരെ പോറ്റിപ്പുലർത്തുന്നതിന്റെ വൈഷമ്യവും ഉണ്ടെന്നുള്ളതാണ്. ഇപ്പോൾ അനേകം ഭൃത്യന്മാർ ഭക്ഷണപാനീയങ്ങൾക്കും വസ്ത്രത്തിനുമായി എന്നെ ആശ്രയിക്കുന്നു, അതേസമയം ചിലർക്ക് വൈദ്യന്മാരുടെ ആവശ്യമുണ്ട്; ആടുകളെ ചെന്നായ്ക്കൾ ആക്രമിച്ചതിന്റെ കഥയുമായി, അല്ലെങ്കിൽ ചെങ്കുത്തായ സ്ഥലത്തുനിന്നു കാള വീണ് ചത്തെന്നോ കന്നുകാലികളിൽ ഏതെങ്കിലും രോഗം പടർന്നുപിടിച്ചെന്നോ പറയാനായി ഒരുവൻ എന്റെ അടുത്തുവരുന്നു. അതുകൊണ്ട് അൽപ്പംമാത്രം ഉണ്ടായിരുന്ന മുൻ കാലത്തെ അപേക്ഷിച്ച് ഇപ്പോൾ ധാരാളം സ്വത്ത് സ്വായത്തമാക്കിയിരിക്കുന്നതിനാൽ എനിക്കിപ്പോൾ കൂടുതൽ പ്രശ്നങ്ങൾ ഉള്ളതായി . . . തോന്നുന്നു.”
കൂടുതൽ കൂടുതൽ സമ്പത്തിനായി ആളുകൾ നെട്ടോട്ടം ഓടുന്നതിന്റെ മറ്റൊരു കാരണം യേശു പറഞ്ഞ പ്രകാരം “ധനത്തിന്റെ വഞ്ചകശക്തി”യാൽ ആളുകൾ മയക്കപ്പെടുന്നതാണ്. (മത്തായി 13:22, NW) അവർ വഞ്ചിക്കപ്പെടുകയാണ്. കാരണം അത്യാസക്തിയോടെ തേടുന്ന ഈ ധനത്തിൽനിന്നു ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന സംതൃപ്തിയും സന്തുഷ്ടിയും അവർ ഒരിക്കലും കണ്ടെത്തുന്നില്ല. പരിമിത സമ്പത്തിന് ചെയ്യാനാകാത്തതു വർധിച്ച സമ്പത്തിന് ചെയ്യാനാകുമെന്ന് അവർ ന്യായവാദം ചെയ്യുന്നു. അതുകൊണ്ട് കൂടുതൽ നേടാനായി അവർ നിരന്തരം പരിശ്രമിക്കുന്നു.
പണസ്നേഹം സന്തുഷ്ടിയിലേക്കു നയിക്കുന്നില്ല
സ്വത്തിനെക്കുറിച്ചുള്ള ആകുലത നിമിത്തം ധനികന് രാത്രിയിൽ സമാധാനത്തോടെ കിടന്നുറങ്ങാൻ കഴിയാതെവന്നേക്കാം. ശലോമോൻ എഴുതുന്നു: “വേലചെയ്യുന്ന മനുഷ്യൻ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല.”—സഭാപ്രസംഗി 5:12.
സമ്പത്തു നഷ്ടപ്പെട്ടേക്കാമെന്ന ആകുലത അതിരുകവിയുമ്പോൾ നിദ്രാരാഹിത്യം മാത്രമല്ല ഫലം. പിശുക്കനെ വർണിച്ചുകൊണ്ടു ശലോമോൻ എഴുതുന്നു: “അവന്റെ ജീവകാലം ഒക്കെയും ഇരുട്ടിലും വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു.” (സഭാപ്രസംഗി 5:17) തന്റെ സമ്പത്തിൽ സന്തോഷമടയുന്നതിനു പകരം ഭക്ഷണത്തിനായി പണം ചെലവഴിക്കേണ്ടി വരുന്നതിൽ പോലും അസംതൃപ്തനായിട്ട് അവൻ ‘വ്യസനത്തോടെ’ ഭക്ഷിക്കുന്നു. അത്തരം വികലമായ മാനസിക വീക്ഷണം അനാരോഗ്യത്തിന് ഇടയാക്കിയേക്കാം. തുടർന്ന്, അനാരോഗ്യം കൂടുതൽ സമ്പത്തു സ്വരുക്കൂട്ടുന്നതിൽ നിന്ന് പിശുക്കനെ തടയുന്നു. തന്നിമിത്തം അയാളുടെ ആകുലത വീണ്ടും വർധിക്കുന്നു.
ഇത് ഒരുപക്ഷേ പൗലൊസ് അപ്പോസ്തലൻ എഴുതിയതിനെക്കുറിച്ചു നിങ്ങളെ ഓർമിപ്പിച്ചേക്കാം: “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു . . . ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.” (1 തിമൊഥെയൊസ് 6:9, 10) പണത്തിനു പിന്നാലെയുള്ള പരക്കംപാച്ചിലിൽ ആളുകൾ വഞ്ചിക്കുകയും നുണപറയുകയും മോഷ്ടിക്കുകയും വേശ്യാവൃത്തിയിൽ ഏർപ്പെടുകയും കൊലപാതകം നടത്തുകയുംപോലും ചെയ്യുന്നു. ധനം കൈവശമാക്കാനും നിലനിർത്താനുമുള്ള ശ്രമത്തിൽ ആളുകൾ വൈകാരികവും ശാരീരികവും ആത്മീയവുമായ വേദനകൾക്ക് അധീനരാകുന്നു എന്നതാണ് ഫലം. ഇതു സന്തുഷ്ടിയിലേക്കുള്ള ഒരു പാത പോലെ തോന്നുന്നുണ്ടോ? തീർച്ചയായുമില്ല!
ഉള്ളതുകൊണ്ടു തൃപ്തരായിരിക്കൽ
ധനം സംബന്ധിച്ച സമനിലയോടുകൂടിയ ഒരു വീക്ഷണത്തെക്കുറിച്ച് ശലോമോനു കൂടുതൽ പറയാനുണ്ടായിരുന്നു. അവൻ എഴുതി: “അവൻ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നതു പോലെ നഗ്നനായി തന്നേ മടങ്ങിപ്പോകും; തന്റെ പ്രയത്നത്തിന്റെ ഫലമായിട്ടു അവൻ കയ്യിൽ ഒരു വസ്തുവും കൊണ്ടുപോകയില്ല. ഞാൻ ശുഭവും ഭംഗിയുമായി കണ്ടതു: ദൈവം ഒരുത്തന്നു കൊടുക്കുന്ന ആയുഷ്കാലമൊക്കെയും അവൻ തിന്നു കുടിച്ചു സൂര്യന്നു കീഴെ താൻ പ്രയത്നിക്കുന്ന തന്റെ സകലപ്രയത്നത്തിലും സുഖം അനുഭവിക്കുന്നതു തന്നേ; അതല്ലോ അവന്റെ ഓഹരി.”—സഭാപ്രസംഗി 5:15, 18.
നാം ജീവനോടിരിക്കാത്ത ഒരു കാലത്തേക്കുവേണ്ടി സമ്പത്തു കുന്നുകൂട്ടാൻ ശ്രമിക്കുന്നതല്ല സന്തുഷ്ടിയുടെ അടിസ്ഥാനമെന്ന് ഈ വാക്കുകൾ പ്രകടമാക്കുന്നു. നമ്മുടെ കഠിനാധ്വാനത്തിന്റെ ഫലങ്ങളിൽ സംതൃപ്തർ ആയിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നതാണ് ഏറെ മെച്ചം. തിമൊഥെയൊസിനുള്ള തന്റെ നിശ്വസ്ത ലേഖനത്തിൽ പൗലൊസ് അപ്പോസ്തലൻ പിൻവരുന്ന വിധം പറഞ്ഞുകൊണ്ട് സമാനമായൊരു ആശയം പ്രകടിപ്പിച്ചു: “ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.”—1 തിമൊഥെയൊസ് 6:7, 8; ലൂക്കൊസ് 12:16-21 താരതമ്യം ചെയ്യുക.
സന്തുഷ്ടിയിലേക്കുള്ള താക്കോൽ
ശലോമോനു ധനവും ദൈവികജ്ഞാനവും സമൃദ്ധമായുണ്ടായിരുന്നു. എന്നാൽ അവൻ സന്തുഷ്ടിയെ ജ്ഞാനവുമായിട്ടാണ് ബന്ധപ്പെടുത്തിയത്, പണവുമായിട്ടല്ല. അവൻ പറഞ്ഞു: “ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW]. അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു. അതു മുത്തുകളിലും വിലയേറിയതു; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന്നു തുല്യമാകയില്ല. അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു. അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു. അതിനെ പിടിച്ചുകൊള്ളുന്നവർക്കു അതു ജീവ വൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” NW].—സദൃശവാക്യങ്ങൾ 3:13-18.
ജ്ഞാനം ഭൗതിക സ്വത്തിനെക്കാൾ മികച്ചതായിരിക്കുന്നത് എന്തുകൊണ്ട്? ശലോമോൻ എഴുതി: “ജ്ഞാനം ഒരു ശരണം [“സംരക്ഷണം,” NW], ദ്രവ്യവും ഒരു ശരണം [“സംരക്ഷണം,” NW], ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത.” (സഭാപ്രസംഗി 7:12) ആവശ്യമുള്ളവ വാങ്ങാൻ ഉടമസ്ഥനെ പ്രാപ്തനാക്കിക്കൊണ്ട് പണം ഒരളവിലുള്ള സംരക്ഷണം നൽകുമ്പോൾ, ജീവനെ അപകടപ്പെടുത്തിയേക്കാവുന്ന സാഹസങ്ങൾ ചെയ്യുന്നതിൽനിന്ന് ജ്ഞാനം ഒരുവനെ സംരക്ഷിക്കുന്നു. യഥാർഥ ജ്ഞാനം ഒരുവനെ അകാല മരണത്തിൽനിന്നു രക്ഷിച്ചേക്കുമെന്നു മാത്രമല്ല, അത് ഉചിതമായ ദൈവഭയത്തിൽ അധിഷ്ഠിതമായതിനാൽ നിത്യജീവൻ ലഭിക്കുന്നതിലേക്കും നയിക്കും.
ദൈവികജ്ഞാനം സന്തുഷ്ടിയിലേക്കു നയിക്കുന്നത് എന്തുകൊണ്ട്? എന്തെന്നാൽ യഥാർഥ സന്തുഷ്ടി യഹോവയാം ദൈവത്തിൽനിന്നു മാത്രമേ വരികയുള്ളൂ. അത്യുന്നതനെ അനുസരിക്കുന്നതിലൂടെ മാത്രമേ യഥാർഥ സന്തുഷ്ടി നേടാൻ കഴിയൂ എന്ന് അനുഭവം തെളിയിക്കുന്നു. നിലനിൽക്കുന്ന സന്തുഷ്ടി ദൈവവുമായുള്ള ഒരു അംഗീകൃതനിലയിൽ അധിഷ്ഠിതമാണ്. (മത്തായി 5:3-10) ബൈബിൾ പഠനത്തിലൂടെ മനസ്സിലാക്കുന്നത് ബാധകമാക്കുന്നതിനാൽ നാം ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം’ നട്ടുവളർത്തും. (യാക്കോബ് 3:17) ധനത്തിന് ഒരിക്കലും നേടിത്തരാനാകാത്ത സന്തുഷ്ടി അതു പ്രദാനം ചെയ്യും.
[4, 5 പേജുകളിലെ ചിത്രങ്ങൾ]
ഒരുവനെ സന്തുഷ്ടനാക്കുന്നത് എന്താണെന്നു ശലോമോൻ രാജാവിന് അറിയാമായിരുന്നു. നിങ്ങൾക്കോ?