ചെറുപ്പക്കാർ ചോദിക്കുന്നു. . .
ആളുകൾ എന്നെ ഇഷ്ടപ്പെടാത്തതെന്തുകൊണ്ട്?
“നിങ്ങൾ അസാധാരണമായി ഉൽക്കൺഠാരഹിതനായ ഒരു വ്യക്തിയല്ലെങ്കിൽ ഏതെങ്കിലും ഘട്ടത്തിൽ ആളുകൾ നിങ്ങളെ വിരസനായി കണ്ടെത്തുന്നുണ്ടോ എന്ന് നിങ്ങളും ഉത്ക്കണ്ഠപ്പെട്ടിരിക്കും” എന്ന് എഴുത്തുകാരനായ ബത്ത് ലെവിൻ പറയുന്നു. ഉവ്വ്, നമ്മെ ഇഷ്ടപ്പെടാൻ ഇഷ്ടപ്പെടുന്നതും മററുള്ളവർ നമ്മിൽനിന്ന് ഒഴിഞ്ഞുമാറുന്നതായി തോന്നുമ്പോൾ നാം ഉത്ക്കണ്ഠപ്പെടുന്നതും സ്വാഭാവികവും ആരോഗ്യാവഹവുമാണ്. ‘എനിക്കെന്താണ് കുഴപ്പം?’ എന്ന് നാം അതിശയിച്ചേക്കാം.
തങ്ങളെ മററുള്ളവർക്ക് ഇഷ്ടമുണ്ടോ എന്ന ഉത്ക്കണ്ഠ ചില യുവാക്കളെ നിരാശയിലേക്ക് തള്ളിവിട്ടിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, ദേവ് മററു ചെറുപ്പക്കാർ തന്നെ മനഃപൂർവം ഒഴിവാക്കിയിരുന്നതായി വിചാരിച്ചു. ഈ നിരസനത്തിന്റെ ഫലമെന്തായിരുന്നു? “എനിക്ക് ഏകാന്തതയും വിലയില്ലായ്മയും പേടിപോലും അനുഭവപ്പെട്ടു,” എന്ന് ദേവ് ഓർമ്മിക്കുന്നു. “അത് ഞാൻ അഭിമുഖീകരിച്ചിട്ടുള്ളതിലേക്കും ഏററം വേദനാജനകമായ സാഹചര്യങ്ങളിലൊന്നായിരുന്നു.” നിങ്ങളെ ചിലപ്പോൾ മററുള്ളവർ അവഗണിക്കുന്നു എന്ന വിചാരം ഉണ്ടാകയാണെങ്കിലെന്ത്?
‘ആരും എന്നെ ഇഷ്ടപ്പെടുന്നില്ല’—അതോ അവർ ഇഷ്ടപ്പെടുന്നുണ്ടോ?
ഒന്നാമതായി, ഇഷ്ടപ്പെടുന്നില്ല എന്ന നിങ്ങളുടെ വിചാരം യാഥാർത്ഥ്യത്തിൽ വേരൂന്നിയതാണോ അതോ സാങ്കൽപ്പികമാണോ എന്ന് അപഗ്രഥിക്കാൻ ശ്രമിക്കുക. നിങ്ങളുടെ സ്കൂളിലൊ അയൽ പ്രദേശത്തൊ നിങ്ങൾ ഏററം ജനസമ്മതിയുള്ള ആളല്ല എന്ന വസ്തുത ആളുകൾ നിങ്ങളെ ഇഷ്ടപ്പെടുന്നില്ല എന്ന് അർത്ഥമാക്കുന്നുണ്ടോ? തീർച്ചയായും ഇല്ല! അത്തരം എല്ലാമല്ലെങ്കിൽ ഒന്നുമില്ല എന്ന ചിന്ത സ്വയംപരാജയപ്പെടുത്തലും അയഥാർത്ഥവുമാണ്. യഥാർത്ഥത്തിൽ ആരും ഇഷ്ടപ്പെടാത്ത ആൾ വളരെ അപൂർവമാണ്. ഒരുപക്ഷേ ചിലപ്പോഴെല്ലാം നിങ്ങളെ അവഗണിക്കുന്നു എന്ന വസ്തുത ആളുകൾക്ക് നിങ്ങളോടു ശത്രുതയുണ്ടെന്ന് അർത്ഥമാക്കുന്നില്ല.
നിങ്ങളുടെ സാഹചര്യത്തെ വസ്തുനിഷ്ഠമായും യാഥാർത്ഥ്യബോധത്തോടെയും വീക്ഷിക്കുക. നിങ്ങൾക്ക് ഒരുപക്ഷേ “ഒരു സഹോദരനേക്കാളും അടുത്തു പററിനിൽക്കുന്ന ഒരു സ്നേഹിതൻ” ഉണ്ടോ? (സദൃശവാക്യങ്ങൾ 18:24) അപ്പോൾ പ്രത്യക്ഷത്തിൽ ആരെങ്കിലും നിങ്ങളെ ഇഷ്ടമുള്ളവനായി കണ്ടെത്തുന്നു! നിങ്ങളുടെ കുടുംബത്തിലെ ബന്ധുക്കളെയും നോക്കുക. നിങ്ങളുടെ മാതാപിതാക്കളും സഹോദരൻമാരും സഹോദരികളും നിങ്ങളുടെ സഹവാസം ഇഷ്ടപ്പെടുന്നില്ലേ? ഇത് നിങ്ങൾക്ക് ആകർഷകമായ ഗുണങ്ങൾ ഉണ്ടെന്ന് സൂചിപ്പിക്കുന്നില്ലേ? എന്നിട്ടും നിങ്ങൾക്കു സംശയമുണ്ടെങ്കിൽ ആരോടെങ്കിലും—ഒരുപക്ഷേ വിശ്വസ്തനായ ഒരു സ്നേഹിതനോടൊ കുടുംബാംഗത്തോടൊ—നിങ്ങളെ സംബന്ധിച്ച് മററുള്ളവർ എന്തു വിചാരിക്കുന്നു എന്ന് അപഗ്രഥിക്കാൻ നിങ്ങളെ സഹായിക്കാൻ ആവശ്യപ്പെടുക. സാധാരണയായി സാഹചര്യം ദാരുണമെന്ന് നിങ്ങൾ വിചാരിക്കുന്നതിന് അടുത്തെങ്ങുമായിരിക്കയില്ല.
എന്നിരുന്നാലും, ചിലപ്പോൾ, ചില ആളുകൾ നിങ്ങളിൽ നിന്ന് അകന്നുമാറിക്കൊണ്ടിരിക്കയാണെന്ന് നിങ്ങളോട് ദയാപൂർവം പറയപ്പെട്ടേക്കാം. ഇത് പ്രയാസം കൈവരുത്തും. എന്നാൽ നിങ്ങളോട് സത്യം പറയാൻ തക്കവണ്ണം നിങ്ങൾക്കുവേണ്ടി കരുതുന്ന ആരെങ്കിലും ഉണ്ടെന്നുള്ളതിൽ നന്ദിയുള്ളവരായിരിക്കുക. (സദൃശവാക്യങ്ങൾ 27:6; ഗലാത്യർ 4:16) നിരാശിതരാകുന്നതിനു പകരം, നിങ്ങളുടെ പെരുമാററത്തിന്റെ ഏതു വശത്താണ് പ്രശ്നം ഉള്ളതെന്ന് കണ്ടുപിടിക്കാൻ പരിശ്രമിക്കുക.
“ഒഴുക്കു നിർത്തുക”
ദൃഷ്ടാന്തത്തിന്, നിങ്ങൾ കേവലം വളരെയധികം സംസാരിക്കുകയായിരിക്കുമോ? അമിതഭാഷികളായ ആളുകളെ മിക്കപ്പോഴും മററുള്ളവർ ഒഴിവാക്കുന്നു. തങ്ങൾക്കുതന്നെ സംസാരിക്കാൻ ആവശ്യത്തിനു സമയം ലഭിക്കുന്നില്ലെങ്കിൽ വഞ്ചിക്കപ്പെട്ടതായി ആളുകൾ വിചാരിക്കുന്നു. അമിതഭാഷിയായ ഒരാൾ സകല സംഭാഷണവും തന്നിൽ കേന്ദ്രീകരിക്കുമ്പോൾ ഇതു വിശേഷാൽ സത്യമാണ്. ഡാനററ് എന്ന് പേരുണ്ടായിരുന്ന ഒരു യുവതി ഇങ്ങനെ അനുസ്മരിക്കുന്നു: “സ്കൂളിൽ ഈ പെൺകുട്ടി തന്നേക്കുറിച്ചുതന്നെ എപ്പോഴും സംസാരിച്ചു. അവളുടെ പൊങ്ങച്ചം കാരണം മററു കുട്ടികൾക്ക് അവളെ ഇഷ്ടമില്ലായിരുന്നു. അവർ അവളോടു കൂടെയായിരിക്കുമ്പോൾ അവർ മര്യാദയോടെ പെരുമാറി, എന്നാൽ സാദ്ധ്യമാകുമ്പോഴൊക്കെ അവർ അവളെ ഒഴിവാക്കി.” അപ്പോൾ “മൂഢനായവൻ അനേകം വാക്കുകൾ സംസാരിക്കുന്നു” എന്നു ബൈബിൾ പറയുന്നത് ഉചിതമായിത്തന്നെയാണ്.—സഭാപ്രസംഗി 10:14.
ഗ്രന്ഥകാരനായ ഡെയിൽ കാർനഗി ഇങ്ങനെ പറഞ്ഞു: “മററുള്ളയാളുകൾക്ക് നിങ്ങളിൽ താല്പര്യമുളവാക്കാൻ ശ്രമിച്ചുകൊണ്ട് രണ്ടു വർഷംകൊണ്ട് നേടാൻ കഴിയുന്നതിനേക്കാൾ കൂടുതൽ സുഹൃത്തുക്കളെ രണ്ടു മാസംകൊണ്ടു നേടാൻ മററുള്ളവരിൽ നിങ്ങൾ താല്പര്യം പ്രകടമാക്കിയാൽ മതിയാകും.” അല്ലെങ്കിൽ സദൃശവാക്യങ്ങളുടെ പുസ്തകം പ്രസ്താവിക്കുന്നതുപോലെ: “മററുള്ളവരെ ധാരാളമായി നനക്കുന്നവൻതന്നെ ധാരാളമായി നനയ്ക്കപ്പെടും.” (സദൃശവാക്യങ്ങൾ 11:25) അതുകൊണ്ട് മററുള്ളവരിൽ താൽപര്യം കാണിക്കുക, മററുള്ളവർക്കു പറയാനുള്ളത് “കേൾക്കുന്നതിൽ വേഗതയുണ്ടായിരിക്ക.” (യാക്കോബ് 1:19) ശലോമോൻ രാജാവ് ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “വളരെയധികം സംസാരിക്കരുത്. . . . ബുദ്ധിപൂർവം ഒഴുക്കു നിർത്തുക!”—സദൃശവാക്യങ്ങൾ 10:19, ദി ലിവിംഗ് ബൈബിൾ
നിങ്ങൾക്കു താല്പര്യമുള്ള കാര്യങ്ങളെക്കുറിച്ചു സംസാരിക്കാൻ മററുള്ളവർ നിങ്ങൾക്കൊരവസരം തരുമ്പോൾ നിങ്ങൾ സന്തോഷിക്കുന്നില്ലേ? അതുകൊണ്ട് സംസാരിക്കുന്നതിലുള്ള സന്തോഷം മററുള്ളവർക്കും കൊടുക്കുക. തന്നിമിത്തം അവർ നിങ്ങളെ ഇഷ്ടപ്പെടും.
ഹീനമായ പെരുമാറ്റം
ഒരുപക്ഷേ, നിങ്ങൾ മററുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതായിരിക്കാം പ്രശ്നം. ദൃഷ്ടാന്തമായി ആ ബുദ്ധിശാലിയുടെ അഥവാ എല്ലാം അറിയാവുന്നവന്റെ കാര്യം പരിഗണിക്കുക—എപ്പോഴും വിദഗ്ദ്ധമായ പരിഹാസത്തോടും മുറിപ്പെടുത്തുന്ന തമാശയോടും അല്ലെങ്കിൽ ആഹ്ലാദത്തോടുകൂടിയ പുച്ഛത്തോടും കൂടെ മററുള്ളവരെ അലോസരപ്പെടുത്താനുള്ള സാമർത്ഥ്യമുള്ള യുവാവാണ് അവൻ. ഇനി വെറുതെ തർക്കിക്കാനും തന്റെ അഭിപ്രായങ്ങൾ എല്ലാവരുടെയുംമേൽ അടിച്ചേൽപ്പിക്കാനും ഇഷ്ടപ്പെടുന്ന വ്യക്തിയുണ്ട്, അല്ലെങ്കിൽ തന്റെ വ്യക്തിപരമായ നിലവാരങ്ങൾക്കൊപ്പം ജീവിക്കാത്ത ഏതൊരുവനേയും പെട്ടെന്നു കുററംവിധിക്കുന്ന “അതിനീതിമാനായ” വ്യക്തിയുണ്ട്. (സഭാപ്രസംഗി 7:16) ഉച്ചത്തിൽ സംസാരിച്ചു ബഹളമുണ്ടാക്കിക്കൊണ്ട് കേവലം ബുദ്ധിമുട്ടിക്കുന്ന ആളെ സംബന്ധിച്ചെന്ത്? അങ്ങനെയുള്ളവരോടു കൂടെയായിരിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ല, ഉണ്ടോ? എന്നാൽ മററുള്ളവർ നിങ്ങളെക്കുറിച്ച് ചിലപ്പോൾ ഇങ്ങനെ വിചാരിക്കുന്നുണ്ടായിരിക്കുമോ?
ഹീനമൊ ക്ഷോഭജനകമൊ ആയ പെരുമാററം ചിരി ഇളക്കിവിട്ടേക്കാം, എന്നാൽ സൗഹൃദം വളർത്തുന്നതിന് അത് അധികമൊന്നും ചെയ്യുന്നില്ല. യഥാർത്ഥത്തിൽ ആരോടുകൂടെയായിരിക്കുമ്പോഴാണ് നിങ്ങൾക്കു കൂടുതൽ സുഖമനുഭവപ്പെടുന്നത്—മര്യാദയും ആദരവുമുള്ള ഒരാളോടുകൂടെയായിരിക്കുമ്പോഴോ താൻ മററുള്ളവരെ ഇടിച്ചുസംസാരിക്കുന്നതിൽ വിദഗ്ദ്ധനാണെന്ന് വിഭാവന ചെയ്യുന്ന ഒരാളോടുകൂടെയായിരിക്കുമ്പോഴോ? ഒടുവിൽ പറഞ്ഞ തരക്കാരായ ചില യുവാക്കളെ അനുസ്മരിച്ചുകൊണ്ട് ചെറുപ്പമായിരുന്ന ഷെല്ലി പറയുന്നു: “പുറമെ ഞങ്ങൾ അവരുടെ പ്രവർത്തനങ്ങളിൽ പുഞ്ചിരിക്കും, എന്നാൽ അകമെ ഞങ്ങൾ അവരുടെ സഹാനുഭാവമില്ലായ്മയിൽ നീരസപ്പെടുമായിരുന്നു.”
അതുകൊണ്ട് “സകലവും പിറുപിറുപ്പും വാദങ്ങളും കൂടാതെ ചെയ്തുകൊണ്ടിരിക്കുക” എന്നാണ് ബൈബിൾ ബുദ്ധിയുപദേശിക്കുന്നത്. (ഫിലിപ്യർ 2:14) ആവശ്യമില്ലാത്ത കശപിശയും കളിയാക്കലും നിന്ദിക്കലും സ്വയനീതിയോടുകൂടിയ കുററപ്പെടുത്തലും മററുള്ളവരെ അകററുക മാത്രമെ ചെയ്യുന്നുള്ളു. നിങ്ങൾ “സഹാനുഭാവം” പ്രകടമാക്കുകയും “നിങ്ങളുടെ സംസാരം എപ്പോഴും കൃപയോടുകൂടിയതായിരിക്കാൻ അനുവദിക്കയും” ചെയ്യുന്നെങ്കിൽ ആളുകൾ നിങ്ങളെ വളരെ കൂടുതൽ ഇഷ്ടപ്പെടും.—1 പത്രോസ് 3:8; കൊലോസ്യർ 4:6.
ഒരു “മിണ്ടാപ്പൂച്ച” ആയിരിക്കരുത്
സംസാരം മുഴുവൻ ഏറെറടുക്കുന്ന ഒരാൾ ഹീനനായിരിക്കാൻ കഴിയുമെന്നിരിക്കെ സംഭാഷണവേളയിൽ ഒന്നും പറയാനില്ലാത്ത വ്യക്തി വിരസത ഉളവാക്കിയേക്കാം. അസിസ്ററൻറ് മനഃശാസ്ത്ര പ്രൊഫസ്സറായ മാർക്ക് ആർ. ലീറി പറയുന്നു: “ഞാൻ ചോദ്യങ്ങൾ ചോദിക്കുകയോ മൂളുകയോ മാത്രമാണെങ്കിൽ ആരും എന്നെക്കുറിച്ച് യാതൊന്നും മനസ്സിലാക്കുന്നില്ല, ഞാൻ കൊള്ളാവുന്ന ഒരു പങ്കാളിയല്ല. നിങ്ങൾ സംഭാഷണത്തെ ഭരിക്കാനാഗ്രഹിക്കുന്നില്ല, എന്നാൽ നിങ്ങൾ ഒരു മിണ്ടാപ്പൂച്ചയായിരിക്കാനുമാഗ്രഹിക്കുന്നില്ല.”
“സംസാരിക്കാൻ ഒരു സമയമുണ്ട്.” (സഭാപ്രസംഗി 3:7) അതുകൊണ്ട് നിങ്ങളോടുതന്നെ ചോദിക്കുക, ‘സംഭാഷണം തുടങ്ങുമ്പോൾ മൗനമവലംബിച്ചുകൊണ്ട് ഞാൻ മററുള്ളവരെ മുഷിപ്പിക്കുകയോ അലോസരപ്പെടുത്തുകയോ ആയിരുന്നോ?’ എങ്കിൽ കൂടുതൽ സംഭാഷണാസക്തി പ്രകടമാക്കുക! നിങ്ങൾ പറയുന്നത് ഗംഭീരമായിരിക്കേണ്ടതില്ല, എന്നാൽ അത് നിങ്ങൾക്കു മററുള്ളവരിലുള്ള താൽപ്പര്യം പ്രകടമാക്കാൻ മതിയായതായിരിക്കണം. രസകരമായ കാര്യങ്ങൾ പറയുന്നത് ഒരു പ്രശ്നമാണെങ്കിൽ ചോദ്യങ്ങൾ ചോദിക്കുന്നത് പരീക്ഷിച്ചുനോക്കുക. “തക്ക സമയത്തു പറയുന്ന ഒരു വാക്ക് വെള്ളിക്കൊത്തുപണികളോടുകൂടിയ സ്വർണ്ണ ആപ്പിളുകൾ പോലെയാകുന്നു” എന്ന് ബൈബിൾ പറയുന്നു.—സദൃശവാക്യങ്ങൾ 25:11.
മറ്റുള്ളവർക്ക് പ്രിയങ്കരരായിത്തീരുക
ഒരുപക്ഷേ നിങ്ങൾ പരിഹരിക്കേണ്ട ചില വ്യക്തിത്വവൈകല്യങ്ങൾ നിങ്ങൾക്കു ഇപ്പോൾ കാണാൻ കഴിയുന്നുണ്ടായിരിക്കാം. നേരത്തെ പറഞ്ഞതുപോലെ, അനഭിലഷണീയ സ്വഭാവരീതികൾ ചൂണ്ടിക്കാണിക്കുന്നതിൽ ഒരു കുടുംബാംഗമോ ഒരു ഉററ സുഹൃത്തോ സഹായിച്ചേക്കാം. കൃത്യമായ ചോദ്യങ്ങൾ ചോദിക്കുക, അവരുടെ സത്യസന്ധമായ ഉത്തരങ്ങൾ ശ്രദ്ധിക്കാൻ തക്ക ധൈര്യം പ്രകടമാക്കുക. ഒരു ന്യൂനത സമ്മതിക്കുന്നതിന് യഥാർത്ഥ ആന്തരികശക്തി ആവശ്യമാണ്, അതു തിരുത്തുന്നതിന് അതിലേറെ ശക്തി ആവശ്യമാണ്.
ലേഖനത്തിൽ നേരത്തെ പറഞ്ഞ ദേവ് കുറെ ആത്മപരിശോധന നടത്തുകയും തന്റെ പ്രശ്നത്തിന്റെ കാതലായ വശം സ്ഥിതിചെയ്യുന്നത് തന്റെ സ്വാർത്ഥവിചാരത്തിലാണെന്ന് കണ്ടെത്തുകയുംചെയ്തു. അയാൾക്ക് മററുള്ളവരിൽ തീരെ താല്പര്യമില്ലാതായതുകൊണ്ട് അയാൾ തന്റെ വ്യക്തിപരമായ ആകാരത്തിലും ശുചിത്വത്തിലും ശ്രദ്ധിക്കാതായി! എന്നിരുന്നാലും ദേവ് ആവശ്യമായ മാററങ്ങൾ വരുത്തി. ഇന്ന് അയാളെ എല്ലാവർക്കും നല്ല ഇഷ്ടമാണ്, ചെറുപ്പക്കാരും പ്രായമുള്ളവരുമായ അനേകരുടെ സഖിത്വം അയാൾ ആസ്വദിക്കുകയും ചെയ്യുന്നു.
തീർച്ചയായും എങ്ങനെയും മററുള്ളവരുടെ പ്രീതി നേടാൻ ശ്രമിക്കുന്നത് പ്രയോജനകരമല്ല. ഡോ. തിയോഡർ ഐ. റൂബിൻ ഇങ്ങനെ വിശദീകരിക്കുന്നു: “സങ്കടകരമെന്നു പറയട്ടെ, എല്ലാ സമയത്തും എല്ലാവരും ആരെയും ഇഷ്ടപ്പെടുന്നില്ല. അങ്ങോട്ടു കാണിക്കുന്ന പ്രിയമൊ നാട്യമൊ പ്രീതിനേടാനുള്ള ഉപായമോ കൂടുതലായി ഒട്ടുംതന്നെ സ്നേഹം ഉളവാക്കുന്നില്ല. ചിലർ നമ്മെ ഇഷ്ടപ്പെടുന്നു, ചിലർ നമ്മെ ഇഷ്ടപ്പെടുന്നില്ല. എങ്ങനെയായാലും, സ്നേഹത്തിനുവേണ്ടിയുള്ള വഞ്ചകമായ നീക്കങ്ങളെ മിക്കവർക്കും സഹിക്കാൻ കഴിയില്ല; വഞ്ചകൻ തന്നെത്തന്നെ ഇഷ്ടപ്പെടുന്നുമില്ല.” തീർച്ചയായും യേശുക്രിസ്തു ഇങ്ങനെ മുന്നറിയിപ്പു നൽകി: “സകല മനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോഴൊക്കെ ഹാ കഷ്ടം.” (ലൂക്കോസ് 6:26) ശരിയായ തത്വങ്ങൾക്കുവേണ്ടി നിങ്ങൾ നിലകൊള്ളുന്നു എന്ന വസ്തുത തന്നെ ചിലരെ അപ്രീതിപ്പെടുത്തേണ്ടതാണ്.—ലൂക്കോസ് 6:22.
അതുകൊണ്ട്, പ്രീതിയും പ്രസന്നതയും പ്രിയവും ഉള്ളവരായിരിക്കാൻ ന്യായമായ ശ്രമം ചെയ്യുക. എന്നാൽ മററുള്ളവരുടെ അംഗീകാരം നേടാൻ വേണ്ടി മാത്രം ശരിയായതിൽ വിട്ടുവീഴ്ച പാടില്ല. ബൈബിൾ കാലങ്ങളിലെ ശമുവേൽ ബാലൻ ശരിയായതിനുവേണ്ടി ഉറച്ച നിലപാടു സ്വീകരിച്ചു. ഫലമെന്തായിരുന്നു? അവൻ “യഹോവയുടെ നിലപാടിലും മനുഷ്യരുടെ നിലപാടിലും കൂടുതൽ ഇഷ്ടനായി” വളർന്നുകൊണ്ടിരുന്നു. (1 ശമുവേൽ 2:26) അല്പം ശ്രമത്താലും നിശ്ചയദാർഢ്യത്താലും നിങ്ങൾക്കും അങ്ങനെ ആകാം. (g88 8/22)
[12-ാം പേജിലെ ചിത്രം]
മുഴു സംസാരവും ഏറെറടുക്കാൻ നിർബന്ധം പിടിക്കുന്ന ഒരാളിൽ നിന്ന് ആളുകൾ അകന്നു മാറും
[13-ാം പേജിലെ ചിത്രം]
യാതൊന്നും പറയാൻ ഇല്ലാത്ത ഒരാളിലേക്ക് ആളുകൾ ആകർഷിക്കപ്പെടുന്നില്ല