വിദ്യാഭ്യാസവും പണവും ഭാവി സുരക്ഷിതമാക്കുമോ?
ഉയർന്ന വിദ്യാഭ്യാസവും സമ്പത്തും സുരക്ഷിതമായ ഒരു ഭാവി തരുമെന്നാണ് പലരും ചിന്തിക്കുന്നത്. ഒരു യൂണിവേഴ്സിറ്റി പഠനമുള്ള ആൾക്ക് ജോലിയിലും കുടുംബത്തിലും സമൂഹത്തിലും ഒക്കെ മികച്ചുനിൽക്കാൻ കഴിയുമെന്ന് അവർ കരുതുന്നു. കൂടാതെ നല്ല പഠിപ്പുണ്ടെങ്കിൽ നല്ല ശമ്പളമുള്ള ജോലി കിട്ടും. അങ്ങനെ ഒരുപാട് പണം ഉണ്ടാക്കുമ്പോൾ സന്തോഷം ഉണ്ടാകും എന്ന് അവർക്കു തോന്നുന്നു.
പലരുടെയും തിരഞ്ഞെടുപ്പ്
ചൈനയിൽനിന്നുള്ള സാങ്ചെൻ പറയുന്നത് നോക്കുക: “പട്ടിണിയൊന്നും ഇല്ലാതെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയണമെങ്കിൽ ഒരു യൂണിവേഴ്സിറ്റി ഡിഗ്രിയും ഉയർന്ന ശമ്പളമുള്ള ജോലിയും വേണമെന്ന് ഞാൻ ചിന്തിച്ചു.”
നല്ലൊരു ഭാവി കിട്ടാൻ, പേരുകേട്ട യൂണിവേഴ്സിറ്റികളിലൊക്കെ പഠിക്കാനായി പലരും വിദേശരാജ്യങ്ങളിലേക്കുപോലും പോകുന്നു. കോവിഡ് 19-ഉം അതിന്റെ നിയന്ത്രണങ്ങളും ഒക്കെ വരുന്നതുവരെ ഇത്തരത്തിൽ വിദേശത്തേക്കു പോകുന്നവരുടെ എണ്ണം കൂടുതൽ ആയിരുന്നു. ഒരു സംഘടന 2012-ൽ അതെക്കുറിച്ച് ഇങ്ങനെ റിപ്പോർട്ട് ചെയ്തു: “വിദേശത്തുപോയി പഠിക്കുന്ന വിദ്യാർഥികളിൽ 52 ശതമാനവും ഏഷ്യക്കാരാണ്.”
മിക്ക മാതാപിതാക്കളും എങ്ങനെയെങ്കിലും തങ്ങളുടെ മക്കളെ വിദേശത്ത് വിട്ട് പഠിപ്പിക്കാൻ വളരെയധികം കഷ്ടപ്പെടുന്നു. തായ്വാനിൽനിന്നുള്ള കിഷ്യാങ് ഓർക്കുന്നു: “എന്റെ പപ്പയും മമ്മിയും വലിയ കാശുകാരൊന്നും അല്ലായിരുന്നു. പക്ഷേ ഞങ്ങൾ നാലു മക്കളെയും യു.എസ്.എ-യിലെ ഒരു കോളേജിൽ വിട്ടാണ് അവർ പഠിപ്പിച്ചത്.” ഈ കുടുംബത്തിന്റെ കാര്യംപോലെ പലരും വലിയ കടബാധ്യത വരുത്തിയാണ് മക്കൾക്കു വിദ്യാഭ്യാസം കൊടുക്കുന്നത്.
ഗുണം ചെയ്തോ?
വിദ്യാഭ്യാസം പല വിധങ്ങളിൽ ജീവിതത്തിന് ഗുണം ചെയ്യുന്നുണ്ട്. പക്ഷേ വിചാരിച്ചതുപോലുള്ള ഒരു ജീവിതം അതു തരുന്നില്ലെന്ന് പല വിദ്യാർഥികളും മനസ്സിലാക്കുന്നു. ഉദാഹരണത്തിന്, കുറെ കടം ഒക്കെ വരുത്തിവെച്ച് വർഷങ്ങളോളം കഷ്ടപ്പെട്ട് പഠിച്ചിട്ടും ആഗ്രഹിക്കുന്ന ജോലിയൊന്നും പലർക്കും കിട്ടാറില്ല. സിംഗപ്പൂരിലെ ബിസിനെസ്സ് ടൈംസിൽ വന്ന റെയ്ച്ചൽ മോയിയുടെ റിപ്പോർട്ട് ഇതായിരുന്നു: “തൊഴിലില്ലാത്ത ബിരുദധാരികളുടെ എണ്ണം വർധിച്ചുവരുകയാണ്.” തായ്വാനിൽ ജീവിക്കുന്ന ഡോക്ടറേറ്റ് നേടിയ ജിയാൻജി പറയുന്നു: “പഠിച്ച കോഴ്സുമായി ഒരു ബന്ധവുമില്ലാത്ത ജോലിയാണ് പലരും ചെയ്യുന്നത്. അവർക്കു വേറെ വഴിയൊന്നുമില്ല.”
ഇനി തങ്ങൾ തിരഞ്ഞെടുത്ത മേഖലയിൽത്തന്നെ ജോലി കിട്ടിയവരുടെ കാര്യമോ? അപ്പോഴും തങ്ങൾ ആഗ്രഹിക്കുന്ന ജീവിതമല്ല അതു തരുന്നതെന്ന് അവർ സമ്മതിക്കുന്നു. ഉദാഹരണത്തിന് തായ്ലൻഡിൽനിന്നുള്ള നീറാന്റെ കാര്യം നോക്കാം. യൂറോപ്പിലെ ഒരു യൂണിവേഴ്സിറ്റിയിൽ പോയി പഠിച്ച നീറന് താൻ ആഗ്രഹിച്ചതുപോലുള്ള ഒരു ജോലിതന്നെ കിട്ടി. അദ്ദേഹം പറയുന്നു: “ഡിഗ്രിയുണ്ടായിരുന്നതുകൊണ്ട് പ്രതീക്ഷിച്ചതുപോലെതന്നെ എനിക്കു നല്ല ശമ്പളമുള്ള ജോലിയാണു കിട്ടിയത്. പക്ഷേ ശമ്പളം കൂടുന്നതനുസരിച്ച് ജോലിയും ജോലി ചെയ്യേണ്ട സമയവും കൂടും. ഇത്രയൊക്കെ ചെയ്തിട്ടും അവസാനം എന്നെ ഉൾപ്പെടെ പലരെയും കമ്പനി പറഞ്ഞുവിട്ടു. ഒരു ജോലിക്കും സ്ഥിരതയില്ലെന്ന് ഞാൻ അപ്പോൾ മനസ്സിലാക്കി.”
കൂടുതൽ സമ്പത്തും നല്ല ജീവിതവും ഒക്കെ ഉണ്ടെന്നു തോന്നുന്ന ആളുകൾക്കും കുടുംബപ്രശ്നങ്ങളും രോഗങ്ങളും പണത്തെക്കുറിച്ചുള്ള ആവലാതിയും ഒക്കെ ഉണ്ട്. ജപ്പാനിലെ കാറ്റ്സൂ റ്റോഷി പറയുന്നു: “എനിക്ക് പണത്തിനൊന്നും ഒരു കുറവും ഇല്ല. പക്ഷേ മറ്റുള്ളവർക്ക് എന്നോട് അസൂയയായിരുന്നു. അവർ വളരെ മോശമായി പെരുമാറി. ഇതൊക്കെ കാരണം എനിക്ക് ഒരു സന്തോഷവുമില്ല.” വിയറ്റ്നാമിൽ കഴിയുന്ന ലാം എന്ന സ്ത്രീ പറയുന്നു: “സാമ്പത്തികഭദ്രതയ്ക്കുവേണ്ടി വലിയ ജോലികളുടെ പിന്നാലെപോകുന്ന പലരെയും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ആ ജോലി കിട്ടിക്കഴിയുമ്പോൾ കാര്യങ്ങൾ നേരെ തിരിയും. അത് അവരുടെ ടെൻഷൻ കൂട്ടുന്നു, ആരോഗ്യപ്രശ്നമോ വിഷാദമോ പോലും വരുത്തിവെക്കുന്നു.”
ഇന്നു പലരും ഫ്രാങ്ക്ളിനെപ്പോലെ ഉന്നതവിദ്യാഭ്യാസവും പണവും ഒന്നും അല്ല ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം എന്ന നിഗമനത്തിലെത്തുന്നുണ്ട്. അതുകൊണ്ട് അവരിൽ ചിലർ മികച്ച ഒരു ഭാവി കിട്ടാൻ നല്ലൊരു വ്യക്തിയായിരിക്കാനും മറ്റുള്ളവർക്കു നന്മ ചെയ്യാനും ശ്രമിക്കുന്നു. അത്തരം ഒരു ജീവിതം സുരക്ഷിതമായ ഭാവി ഉറപ്പുതരുമോ? അടുത്ത ലേഖനം ഈ ചോദ്യത്തിന് ഉത്തരം തരും.