യുവജനങ്ങളേ, നിങ്ങൾ ഭാവിക്കായി അടിത്തറയിടുന്നുവോ?
“നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്—നിങ്ങൾക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി.” —യിരെമ്യാവു 29:11, പി.ഒ.സി. ബൈബിൾ.
1, 2. യുവപ്രായത്തെ ഏതു വ്യത്യസ്ത വിധങ്ങളിൽ വീക്ഷിക്കാം?
മുതിർന്ന പല ആളുകളും തങ്ങൾ പിന്നിട്ട യുവപ്രായത്തെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമായാണു വീക്ഷിക്കുന്നത്. ചെറുപ്പമായിരുന്നപ്പോൾ തങ്ങൾക്ക് ഉണ്ടായിരുന്ന പ്രസരിപ്പും ചുറുചുറുക്കുമൊക്കെ അവർ ഓർക്കുന്നു. ഉത്തരവാദിത്വഭാരം എന്തെന്നറിയാതെ പാറിപ്പറന്നുനടന്ന ആ കാലത്തെ കുറിച്ചുള്ള ഓർമകൾ അവർ മനസ്സിലിട്ടു താലോലിക്കുന്നു. നിറയെ അവസരവാഗ്ദാനങ്ങളുമായി ജീവിതം മുഴുവനും അവരുടെ മുന്നിൽ തുറന്നുകിടക്കുകയായിരുന്നു.
2 എന്നാൽ ചെറുപ്രായക്കാരായ നിങ്ങളെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ വ്യത്യസ്തമായിരിക്കാം. യുവത്വത്തിന്റേതായ വൈകാരികവും ശാരീരികവുമായ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിൽ നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടാകാം. സ്കൂളിൽ സമപ്രായക്കാരിൽനിന്നുള്ള ശക്തമായ സമ്മർദത്തെ നിങ്ങൾ നേരിടുന്നുണ്ടായിരിക്കാം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കാനും അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഉള്ള പ്രേരണയെ നിങ്ങൾക്ക് നിശ്ചയദാർഢ്യത്തോടെ ചെറുക്കേണ്ടതുണ്ടായിരിക്കാം. കൂടാതെ നിങ്ങളിൽ പലരും, നിഷ്പക്ഷത പോലെ നിങ്ങളുടെ വിശ്വാസത്തോടു ബന്ധപ്പെട്ട പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടാകാം. അതേ, യുവപ്രായം വെല്ലുവിളികൾ നിറഞ്ഞ ഒരു കാലമായിരിക്കാം. എങ്കിലും, ജീവിതാവസരങ്ങൾ തുറന്നുകിട്ടുന്ന ഒരു കാലം കൂടെയാണ് അത്. പക്ഷേ ചോദ്യമിതാണ്, ആ അവസരങ്ങൾ നിങ്ങൾ എങ്ങനെ ഉപയോഗിക്കും?
നിങ്ങളുടെ യുവത്വം ആസ്വദിക്കുക
3. ശലോമോൻ യുവജനങ്ങൾക്ക് എന്തു ബുദ്ധിയുപദേശവും മുന്നറിയിപ്പും നൽകുന്നു?
3 യുവത്വം ക്ഷണികമാണെന്ന് പ്രായമായവർ പറയും, അതു ശരിയാണുതാനും. ചുരുക്കം വർഷങ്ങൾകൊണ്ട് അത് അപ്രത്യക്ഷമാകും. അതിനാൽ യുവത്വം കൈവശമുള്ളപ്പോൾ അത് ആസ്വദിക്കുക! ശലോമോൻ രാജാവ് നൽകിയ ബുദ്ധിയുപദേശവും അതാണ്. അവൻ ഇങ്ങനെ എഴുതി: “യൌവനക്കാരാ, നിന്റെ യൌവനത്തിൽ സന്തോഷിക്ക; യൌവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്കു ഇഷ്ടമുള്ള വഴികളിലും നിനക്കു ബോധിച്ചവണ്ണവും നടന്നുകൊൾക.” എന്നാൽ അതോടൊപ്പം ശലോമോൻ യുവജനങ്ങൾക്ക് ഇങ്ങനെയൊരു മുന്നറിയിപ്പു കൂടെ നൽകി: “നിന്റെ ഹൃദയത്തിൽനിന്നു വ്യസനം അകററി, നിന്റെ ദേഹത്തിൽനിന്നു തിന്മ നീക്കിക്കളക.” എന്നിട്ട് അവൻ ഇപ്രകാരം കൂട്ടിച്ചേർത്തു: “ബാല്യവും യൌവനവും മായ അത്രേ.”—സഭാപ്രസംഗി 11:9, 10.
4, 5. യുവപ്രായക്കാർ ഭാവിക്കുവേണ്ടി ഒരുങ്ങുന്നത് ജ്ഞാനപൂർവകമായിരിക്കുന്നത് എന്തുകൊണ്ട്? ദൃഷ്ടാന്തീകരിക്കുക.
4 ശലോമോൻ എന്താണ് അർഥമാക്കിയത് എന്നു നിങ്ങൾക്കു മനസ്സിലായോ? ഒരു ദൃഷ്ടാന്തം ചിന്തിക്കുക. യുവപ്രായത്തിലുള്ള ഒരു വ്യക്തിക്ക് വലിയൊരു സമ്മാനം, ഒരുപക്ഷേ ഭാരിച്ച സ്വത്തുതന്നെ, കിട്ടുകയാണെന്നിരിക്കട്ടെ. അയാൾ അതുകൊണ്ട് എന്തു ചെയ്യും? വേണമെങ്കിൽ യേശുവിന്റെ ഉപമയിലെ ധൂർത്തപുത്രനെ പോലെ തനിക്കു ബോധിച്ച വിധത്തിൽ ജീവിച്ചുകൊണ്ട് അവന് അതു മുഴുവനും ചെലവാക്കിക്കളയാം. (ലൂക്കൊസ് 15:11-23) പക്ഷേ പണമെല്ലാം തീരുമ്പോൾ എന്തു സംഭവിക്കും? യാതൊരു ഉത്തരവാദിത്വബോധവുമില്ലാതെ പെരുമാറിയതിൽ അവൻ തീർച്ചയായും ഖേദിക്കും! അതേസമയം, പണത്തിന്റെ നല്ലൊരു ഭാഗം ജ്ഞാനപൂർവം നിക്ഷേപിച്ചുകൊണ്ട് ഭാവിക്കായി അടിത്തറയിടുന്നതിന് അത് ഉപയോഗിക്കുന്നെങ്കിലോ? കുറെക്കാലം കഴിഞ്ഞ് ആ നിക്ഷേപങ്ങളുടെ ഫലം ആസ്വദിക്കുമ്പോൾ, യുവാവായിരിക്കെ ഉല്ലാസങ്ങൾക്കുവേണ്ടി തന്റെ പണം മുഴുവൻ ചെലവഴിക്കാതിരുന്നതിൽ ആ വ്യക്തി ദുഃഖിക്കുമെന്നു തോന്നുന്നുണ്ടോ? തീർച്ചയായുമില്ല!
5 നിങ്ങളുടെ യുവത്വത്തെ ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമായി കാണുക, അത് അങ്ങനെയാണുതാനും. നിങ്ങൾ അത് എങ്ങനെ ചെലവഴിക്കും? ഭാവിയെ കുറിച്ച് ഒട്ടും ചിന്തയില്ലാതെ തന്നിഷ്ടപ്രകാരം ജീവിച്ചുകൊണ്ടും ഉല്ലാസങ്ങൾക്കു പുറകെ പോയിക്കൊണ്ടും നിങ്ങൾക്കു വേണമെങ്കിൽ യുവത്വത്തിന്റേതായ ആ പ്രസരിപ്പും ചുറുചുറുക്കുമൊക്കെ പാഴാക്കിക്കളയാം. അങ്ങനെ ചെയ്യുന്നപക്ഷം നിങ്ങളുടെ കാര്യത്തിൽ ‘ബാല്യവും യൌവനവും മായ’ ആയിരിക്കും. നേരെ മറിച്ച്, നിങ്ങളുടെ യുവത്വം ഭാവിക്കുവേണ്ടി ഒരുങ്ങുന്നതിനായി വിനിയോഗിക്കുന്നെങ്കിൽ അത് എത്രയോ നന്നായിരിക്കും!
6. (എ) ശലോമോന്റെ ഏതു ബുദ്ധിയുപദേശം യുവജനങ്ങൾക്കു മാർഗദർശനം പ്രദാനം ചെയ്യുന്നു? (ബി) യുവപ്രായക്കാർക്കായി എന്തു ചെയ്യാൻ യഹോവ ആഗ്രഹിക്കുന്നു, ഒരു യുവവ്യക്തിക്ക് ഇതിൽനിന്ന് എങ്ങനെ പ്രയോജനം നേടാൻ കഴിയും?
6 യുവത്വം പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ നിങ്ങളെ സഹായിക്കാൻ കഴിയുന്ന ഒരു തത്ത്വം ശലോമോൻ നൽകിയിട്ടുണ്ട്. അവൻ ഇപ്രകാരം പറഞ്ഞു: “നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക.” (സഭാപ്രസംഗി 12:1) അപ്പോൾ വിജയത്തിന്റെ താക്കോൽ ഇതാണ്: യഹോവയെ ശ്രദ്ധിക്കുകയും അവന്റെ ഇഷ്ടം പ്രവർത്തിക്കുകയും ചെയ്യുക. പുരാതന ഇസ്രായേല്യർക്കുവേണ്ടി താൻ ചെയ്യാൻ ആഗ്രഹിക്കുന്നത് എന്താണെന്ന് യഹോവ അവരോടു പറഞ്ഞു: “നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്—നിങ്ങൾക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി.” (യിരെമ്യാവു 29:11, പി.ഒ.സി. ബൈ.) നിങ്ങൾക്കും ഒരു “ഭാവിയും പ്രത്യാശയും” നൽകാൻ യഹോവ ആഗ്രഹിക്കുന്നു. പ്രവൃത്തികളിലും ചിന്തകളിലും തീരുമാനങ്ങളിലും നിങ്ങൾ അവനെ ഓർക്കുന്നെങ്കിൽ നിങ്ങളുടെ ഭാവി ശുഭകരമായിരിക്കും, നിങ്ങളുടെ പ്രത്യാശ സാക്ഷാത്കരിക്കപ്പെടുകയും ചെയ്യും.—വെളിപ്പാടു 7:16, 17; വെളിപ്പാടു 21:3-5.
‘ദൈവത്തോട് അടുത്തു ചെല്ലുവിൻ’
7, 8. ഒരു യുവവ്യക്തിക്ക് എങ്ങനെ യഹോവയോട് അടുത്തു ചെല്ലാൻ കഴിയും?
7 ‘ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തുവരും’ എന്നു പറയുകവഴി യഹോവയെ ഓർമിക്കാൻ യാക്കോബ് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (യാക്കോബ് 4:8) യഹോവ സ്രഷ്ടാവും സ്വർഗീയ പരമാധികാരിയുമാണ്, എല്ലാ ആരാധനയ്ക്കും സ്തുതിക്കും അർഹനാണ്. (വെളിപ്പാടു 4:11) എങ്കിൽപ്പോലും നാം അവനോട് അടുത്തു ചെല്ലുന്നെങ്കിൽ നമ്മോട് അടുത്തുവരാൻ അവൻ സന്നദ്ധനാണ്. സ്നേഹപൂർവകമായ അത്തരം താത്പര്യം നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കുന്നില്ലേ?—മത്തായി 22:37.
8 പലവിധങ്ങളിൽനാംയഹോവയോട് അടുത്തു ചെല്ലുന്നു. ഉദാഹരണത്തിന് പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ പറഞ്ഞു: “പ്രാർത്ഥനയിൽ ഉററിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ.” (കൊലൊസ്സ്യർ 4:2) മറ്റു വാക്കുകളിൽ പറഞ്ഞാൽ, പ്രാർഥനാശീലം വളർത്തിയെടുക്കുക. നിങ്ങളുടെ പിതാവോ സഭയിലെ സഹക്രിസ്ത്യാനികളിൽ ആരെങ്കിലുമോ നിങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് പ്രാർഥിച്ചു കഴിയുമ്പോൾ ആമേൻ പറയുന്നതിൽ മാത്രം ഒതുങ്ങിനിൽക്കുന്നതായിരിക്കരുത് യഹോവയുമായുള്ള നിങ്ങളുടെ ബന്ധം. നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ ഹൃദയം യഹോവയുടെ മുമ്പാകെ തുറന്നിട്ടുണ്ടോ? നിങ്ങൾ ചിന്തിക്കുന്നതും ഭയക്കുന്നതുമായ കാര്യങ്ങൾ, നേരിടുന്ന വെല്ലുവിളികൾ, ഇവയെ കുറിച്ചൊക്കെ യഹോവയോടു പറഞ്ഞിട്ടുണ്ടോ? ഏതെങ്കിലും മനുഷ്യരുമായി സംസാരിക്കാൻ നിങ്ങൾക്കു മടി തോന്നുന്ന കാര്യങ്ങൾ അവനെ അറിയിച്ചിട്ടുണ്ടോ? സത്യസന്ധമായ, ഹൃദയം തുറന്നുള്ള പ്രാർഥനകൾ മനസ്സിന് സമാധാനം കൈവരുത്തും. (ഫിലിപ്പിയർ 4:6, 7) അത്തരം പ്രാർഥനകൾ യഹോവയുമായി അടുക്കാനും അതുപോലെ അവൻ നമ്മോട് അടുത്തുവരുന്നത് അനുഭവിച്ചറിയാനും നമ്മെ സഹായിക്കും.
9. യഹോവയ്ക്കു ശ്രദ്ധ കൊടുക്കാൻ ഒരു യുവവ്യക്തിക്ക് എങ്ങനെ കഴിയും?
9 “പിന്നത്തേതിൽ നീ ജ്ഞാനിയാകേണ്ടതിന്നു ആലോചന കേട്ടു പ്രബോധനം കൈക്കൊൾക” എന്ന നിശ്വസ്ത വചനത്തിൽ യഹോവയോട് അടുത്തു ചെല്ലാനുള്ള മറ്റൊരു വിധം നാം കാണുന്നു. (സദൃശവാക്യങ്ങൾ 19:20) അതേ, യഹോവയ്ക്ക് ശ്രദ്ധ കൊടുക്കുകയും അവനെ അനുസരിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ ഭാവിക്കായി അടിത്തറ ഇടുകയായിരിക്കും. അങ്ങനെയെങ്കിൽ യഹോവയ്ക്കു ശ്രദ്ധ കൊടുക്കുന്നുണ്ടെന്നു നിങ്ങൾക്ക് എങ്ങനെ പ്രകടമാക്കാം? നിങ്ങൾ ക്രമമായി യോഗങ്ങളിൽ സംബന്ധിക്കുകയും പരിപാടികൾക്കു ശ്രദ്ധ കൊടുക്കുകയും ചെയ്യുന്നുണ്ട് എന്നതിനു സംശയമില്ല. മാത്രമല്ല, കുടുംബ ബൈബിളധ്യയനത്തിനു സന്നിഹിതനായിക്കൊണ്ട് നിങ്ങൾ “അപ്പനെയും അമ്മയെയും ബഹുമാനി”ക്കുകയും ചെയ്യുന്നുണ്ട്. (എഫെസ്യർ 6:1-3; എബ്രായർ 10:24, 25) ഇതെല്ലാം അഭിനന്ദനീയമാണ്. എന്നാൽ ഇവയ്ക്കു പുറമേ, യോഗങ്ങൾക്കു തയ്യാറാകാനും ബൈബിൾ ക്രമമായി വായിക്കാനും ഗവേഷണം നടത്താനും നിങ്ങൾ ‘സമയം വിലയ്ക്കു വാങ്ങുന്നുണ്ടോ?’ വായിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കിക്കൊണ്ട് ‘ജ്ഞാനി’യായി നടക്കാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ? (എഫെസ്യർ 5:15-17, NW; സങ്കീർത്തനം 1:1-3) ഉണ്ടെങ്കിൽ നിങ്ങൾ യഹോവയോട് അടുത്തു ചെല്ലുകയായിരിക്കും.
10, 11. യഹോവയ്ക്കു ശ്രദ്ധ കൊടുക്കുമ്പോൾ യുവപ്രായക്കാർക്ക് മഹത്തായ എന്തു പ്രയോജനങ്ങൾ കൈവരുന്നു?
10 സദൃശവാക്യങ്ങളുടെ ആരംഭത്തിൽ ആ ബൈബിൾ പുസ്തകത്തിന്റെ ഉദ്ദേശ്യം നിശ്വസ്ത എഴുത്തുകാരൻ വിവരിക്കുന്നു. ‘ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും പരിജ്ഞാനം, നീതി, ന്യായം, നേർ എന്നിവെക്കായി പ്രബോധനം ലഭിപ്പാനും’ ഒരുവനെ സഹായിക്കേണ്ടതിനും ‘അല്പബുദ്ധികൾക്കു സൂക്ഷ്മബുദ്ധിയും ബാലന്നു പരിജ്ഞാനവും വകതിരിവും നല്കുവാനും’ ആണ് അത് എഴുതപ്പെട്ടത് എന്ന് അവൻ പറയുന്നു. (സദൃശവാക്യങ്ങൾ 1:1-4) അതുകൊണ്ട് സദൃശവാക്യങ്ങളിലെയും ബൈബിളിന്റെ മറ്റു പുസ്തകങ്ങളിലെയും വചനങ്ങൾ നിങ്ങൾ വായിക്കുകയും പിൻപറ്റുകയും ചെയ്യുന്നെങ്കിൽ നീതിയും നേരും ജീവിതത്തിൽ നട്ടുവളർത്താൻ നിങ്ങൾക്കു കഴിയും. അത് യഹോവയെ സന്തോഷിപ്പിക്കുമാറ് ഒരു ഉറ്റ ബന്ധത്തിലേക്കു നിങ്ങളെ കൊണ്ടുവരും. (സങ്കീർത്തനം 15:1-5) ന്യായബോധം, സൂക്ഷ്മബുദ്ധി, പരിജ്ഞാനം, വകതിരിവ് എന്നിവ നിങ്ങൾ എത്രയധികം നട്ടുവളർത്തുന്നുവോ അത്രയധികം മെച്ചമായിരിക്കും നിങ്ങളുടെ തീരുമാനങ്ങൾ.
11 ഒരു യുവവ്യക്തി ഈ രീതിയിൽ ജ്ഞാനപൂർവം പ്രവർത്തിക്കണമെന്നു പ്രതീക്ഷിക്കുന്നത് ന്യായയുക്തമാണോ? തീർച്ചയായും, കാരണം യുവപ്രായക്കാരായ പല ക്രിസ്ത്യാനികളും അങ്ങനെ ചെയ്യുന്നുണ്ട്. തത്ഫലമായി മറ്റുള്ളവർ അവരെ ആദരിക്കുന്നു, ആരും അവരുടെ ‘യൗവനത്തെ തുച്ഛീകരി’ക്കുന്നില്ല. (1 തിമൊഥെയൊസ് 4:12) അവരുടെ മാതാപിതാക്കൾ ഉചിതമായും അവരെ കുറിച്ച് അഭിമാനിക്കുന്നു. അവർ തന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതായി യഹോവ പറയുന്നു. (സദൃശവാക്യങ്ങൾ 27:11) ചെറുപ്പമാണെങ്കിലും ഈ നിശ്വസ്ത വചനം തങ്ങൾക്കും ബാധകമാണെന്ന് അവർക്ക് ഉറപ്പുണ്ടായിരിക്കാം: “നിർദോഷിയെ വീക്ഷിക്കുകയും നേരുള്ളവനെ ശ്രദ്ധിക്കുകയും ചെയ്യുക, എന്തെന്നാൽ ആ മനുഷ്യന്റെ ഭാവി സമാധാനപൂർണമായിരിക്കും.”—സങ്കീർത്തനം 37:37, NW.
നല്ല തിരഞ്ഞെടുപ്പുകൾ നടത്തുക
12. യുവജനങ്ങൾ നടത്തുന്ന സുപ്രധാന തിരഞ്ഞെടുപ്പുകളിൽ ഒന്ന് ഏതാണ്, ആ തിരഞ്ഞെടുപ്പിന് നീണ്ടുനിൽക്കുന്ന അനന്തരഫലങ്ങൾ ഉള്ളത് എന്തുകൊണ്ട്?
12 യുവപ്രായം തിരഞ്ഞെടുപ്പുകൾ നടത്തേണ്ട ഒരു കാലമാണ്, അവയിൽ ചിലതിന് നിലനിൽക്കുന്ന അനന്തരഫലങ്ങളുണ്ട്. നിങ്ങൾ ഇപ്പോൾ നടത്തുന്ന ചില തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ വരുംകാലങ്ങളിൽ നിങ്ങളെ ബാധിക്കും. ജ്ഞാനപൂർവകമായ തിരഞ്ഞെടുപ്പുകൾ സന്തുഷ്ടവും വിജയപ്രദവുമായ ഒരു ജീവിതം പ്രദാനം ചെയ്യും. ബുദ്ധിശൂന്യമായ തിരഞ്ഞെടുപ്പുകൾക്കാകട്ടെ നിങ്ങളുടെ മുഴു ജീവിതത്തെയും തകരാറിലാക്കാൻ കഴിയും. നിങ്ങൾ നടത്തേണ്ട രണ്ടു തിരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ ഇത് എങ്ങനെ സത്യമായിരിക്കുമെന്നു പരിചിന്തിക്കാം. നിങ്ങൾ തിരഞ്ഞെടുക്കുന്ന സഹവാസമാണ് ആദ്യത്തേത്. ഏതുതരം സഹവാസമാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത്? അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? നിശ്വസ്ത സദൃശവാക്യം പറയുന്നതു ശ്രദ്ധിക്കുക: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” (സദൃശവാക്യങ്ങൾ 13:20) മറ്റു വാക്കുകളിൽ പറഞ്ഞാൽ നാം ആരുമായാണോ സഹവസിക്കുന്നത്, കാലക്രമേണ നാം അവരെപ്പോലെ ആയിത്തീരും—ഒന്നുകിൽ ജ്ഞാനികൾ അല്ലെങ്കിൽ ഭോഷന്മാർ. ഇതിൽ ഏതുതരം വ്യക്തി ആയിത്തീരാനാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത്?
13, 14. (എ) സഹവാസത്തിൽ, ആളുകളുമായി നേരിട്ടു സമ്പർക്കം പുലർത്തുന്നതിനു പുറമേ മറ്റെന്തുകൂടെ ഉൾപ്പെടുന്നു? (ബി) യുവപ്രായക്കാർ ഏത് അബദ്ധം ഒഴിവാക്കണം?
13 സഹവാസം എന്ന പദത്തെ കുറിച്ചു ചിന്തിക്കുമ്പോൾ, ആളുകളോടൊപ്പം ആയിരിക്കുക എന്ന ആശയമായിരിക്കാം നിങ്ങളുടെ മനസ്സിൽ വരുന്നത്. അതു ശരിയുമാണ്, എന്നാൽ അതു മാത്രമല്ല അതിൽ ഉൾപ്പെട്ടിരിക്കുന്നത്. ടെലിവിഷൻ കാണുമ്പോൾ, പാട്ട് കേൾക്കുമ്പോൾ, നോവൽ വായിക്കുമ്പോൾ, സിനിമ കാണുമ്പോൾ, ഇന്റർനെറ്റിലെ ചില സൈറ്റുകൾ സന്ദർശിക്കുമ്പോൾ ഒക്കെ നിങ്ങൾ സഹവാസം ആസ്വദിക്കുകയാണ്. ആ സഹവാസം അക്രമാസക്തവും അധാർമികവുമായ ചായ്വുകളെ ഊട്ടിവളർത്തുന്നെങ്കിൽ, മയക്കുമരുന്നിന്റെ ഉപയോഗവും അമിത മദ്യപാനവും പോലുള്ള ബൈബിൾ വിരുദ്ധമായ സംഗതികളെ പ്രോത്സാഹിപ്പിക്കുന്നെങ്കിൽ, യഹോവ ഇല്ല എന്ന മട്ടിൽ പ്രവർത്തിക്കുന്ന ‘മൂഢനുമായി’ നിങ്ങൾ സഹവസിക്കുകയാണു ചെയ്യുന്നത്.—സങ്കീർത്തനം 14:1.
14 ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുകയും സഭാപ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടുകയും ചെയ്യുന്ന ഒരു വ്യക്തി ആയതുകൊണ്ട് അക്രമത്തെ ചിത്രീകരിക്കുന്ന ഒരു സിനിമ കാണുന്നതോ നല്ല ഈണമുള്ളതെങ്കിലും ചോദ്യംചെയ്യത്തക്ക വരികളുള്ള പാട്ടുകൾ കേൾക്കുന്നതോ ഒന്നും നിങ്ങളെ യാതൊരു പ്രകാരത്തിലും സ്വാധീനിക്കുകയില്ലെന്നു നിങ്ങൾക്കു തോന്നുന്നുണ്ടാകാം. ഇന്റർനെറ്റിലെ ഒരു അശ്ലീല വെബ്സൈറ്റിലൂടെ പെട്ടെന്നൊന്നു കണ്ണോടിക്കുന്നതുകൊണ്ട് കുഴപ്പമൊന്നും വരില്ലെന്നു നിങ്ങൾ കരുതുന്നുണ്ടാകാം. എന്നാൽ നിങ്ങൾക്കു തെറ്റുപറ്റിയെന്നാണ് പൗലൊസ് അപ്പൊസ്തലൻ പറയുന്നത്! അവൻ ഈ മുന്നറിയിപ്പു നൽകുന്നു: “മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.” (1 കൊരിന്ത്യർ 15:33, NW) ദുഃഖകരമെന്നു പറയട്ടെ, സത്സ്വഭാവികളായ പല യുവക്രിസ്ത്യാനികളുടെയും നല്ല ശീലങ്ങൾ ബുദ്ധിശൂന്യമായ സഹവാസങ്ങളാൽ പാഴായിപ്പോയിട്ടുണ്ട്. അതുകൊണ്ട് അത്തരം സഹവാസങ്ങൾ ഒഴിവാക്കാൻ ദൃഢചിത്തരായിരിക്കുക. അങ്ങനെ ചെയ്യുന്നെങ്കിൽ, “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ” എന്ന പൗലൊസിന്റെ ബുദ്ധിയുപദേശം പിൻപറ്റുകയായിരിക്കും നിങ്ങൾ.—റോമർ 12:2.
15. യുവജനങ്ങൾ നടത്തേണ്ട രണ്ടാമത്തെ തിരഞ്ഞെടുപ്പ് എന്താണ്, ഇതുമായി ബന്ധപ്പെട്ട് അവരുടെമേൽ എന്തു സമ്മർദം ഉണ്ടായേക്കാം?
15 നിങ്ങൾ നേരിടുന്ന മറ്റൊരു തിരഞ്ഞെടുപ്പ് ഇതാണ്: സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം നിങ്ങൾ എന്തു ചെയ്യണമെന്നു തീരുമാനിക്കേണ്ട ഒരു സമയം വരും. തൊഴിലവസരങ്ങൾ കുറവായ ഒരു ദേശത്താണു നിങ്ങൾ താമസിക്കുന്നതെങ്കിൽ, കൂടുതലൊന്നും ചിന്തിക്കാതെ ലഭ്യമായതിൽ ഏറ്റവും നല്ല തൊഴിൽ സ്വീകരിക്കാനുള്ള സമ്മർദം നിങ്ങൾക്ക് ഉണ്ടായേക്കാം. ഇനി നിങ്ങൾ ഒരു സമ്പന്ന ദേശത്താണു ജീവിക്കുന്നതെങ്കിൽ തൊഴിലുകൾ സംബന്ധിച്ച് നിങ്ങളുടെ മുമ്പാകെ പല തിരഞ്ഞെടുപ്പുകൾ ഉണ്ടായിരിക്കാം, ഇവയിൽ ചിലത് തികച്ചും പ്രലോഭിപ്പിക്കുന്നവ ആയിരിക്കാം. നിങ്ങളുടെ ക്ഷേമത്തിലുള്ള ആത്മാർഥമായ താത്പര്യത്തോടെ നിങ്ങളുടെ മാതാപിതാക്കളും അധ്യാപകരും സാമ്പത്തിക ഭദ്രതയോ ഒരുപക്ഷേ സമ്പത്തുതന്നെയോ നേടിത്തരുന്ന ഒരു ജീവിതമാർഗം തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചേക്കാം. എന്നാൽ അതിനു വേണ്ടിയുള്ള പരിശീലനം യഹോവയുടെ സേവനത്തിനായി ചെലവഴിക്കേണ്ട സമയത്തിന്റെ സിംഹഭാഗവും അപഹരിച്ചേക്കാം.
16, 17. തൊഴിൽ സംബന്ധിച്ച് സമനിലയോടു കൂടിയ വീക്ഷണം ഉണ്ടായിരിക്കാൻ ഒരു യുവവ്യക്തിയെ വിവിധ തിരുവെഴുത്തുകൾ സഹായിക്കുന്നത് എങ്ങനെയെന്നു വിശദീകരിക്കുക.
16 ഒരു തീരുമാനം എടുക്കുന്നതിനു മുമ്പ് ബൈബിൾ പരിശോധിക്കാൻ ഓർമിക്കുക. ഉപജീവനത്തിനായി വേല ചെയ്യാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ട് നമ്മുടെ ആവശ്യങ്ങൾക്കായി കരുതാനുള്ള ഉത്തരവാദിത്വം നമുക്കുതന്നെയാണ്. (2 തെസ്സലൊനീക്യർ 3:10-12) എന്നിരുന്നാലും ജീവിതമാർഗം തിരഞ്ഞെടുക്കുന്നതിൽ അതിലുമധികം ഉൾപ്പെട്ടിട്ടുണ്ട്. പിൻവരുന്ന തിരുവെഴുത്തുകൾ വായിച്ച് ജീവിതമാർഗം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ സമനില പാലിക്കാൻ അവയ്ക്ക് ഒരു യുവവ്യക്തിയെ എങ്ങനെ സഹായിക്കാനാകും എന്നു ചിന്തിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു: സദൃശവാക്യങ്ങൾ 30:8, 9; സഭാപ്രസംഗി 7:11, 12; മത്തായി 6:33; 1 കൊരിന്ത്യർ 7:31; 1 തിമൊഥെയൊസ് 6:9, 10. ഈ വാക്യങ്ങൾ വായിച്ചുകഴിഞ്ഞപ്പോൾ, ഈ വിഷയം സംബന്ധിച്ച യഹോവയുടെ വീക്ഷണം നിങ്ങൾക്കു കാണാനാകുന്നുണ്ടോ?
17 യഹോവയുടെ സേവനത്തെക്കാൾ പ്രാധാന്യം ഒരിക്കലും ലൗകിക തൊഴിലിനു കൊടുക്കാൻ പാടില്ല. ഹൈസ്കൂൾ വിദ്യാഭ്യാസംകൊണ്ട് നിങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി കരുതാൻ മതിയായ ഒരു തൊഴിൽ കണ്ടെത്താൻ കഴിയുമെങ്കിൽ നന്ന്. ഹൈസ്കൂളിനു ശേഷം നിങ്ങൾക്കു കൂടുതലായ എന്തെങ്കിലും പരിശീലനം ആവശ്യമാണെങ്കിൽ അതേക്കുറിച്ച് മാതാപിതാക്കളുമായി ചർച്ച ചെയ്യുക. എന്നാൽ “കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ” അതായത്, ആത്മീയ കാര്യങ്ങൾ ഒരിക്കലും മറന്നുകളയരുത്. (ഫിലിപ്പിയർ 1:9, 10, NW) യിരെമ്യാവിന്റെ സെക്രട്ടറി ആയിരുന്ന ബാരൂക്കിനു പറ്റിയ പിശക് നിങ്ങൾക്കു പറ്റരുത്. തന്റെ സേവന പദവിയോടുള്ള വിലമതിപ്പ് അവനു നഷ്ടമായി, അവൻ ‘തനിക്കായിട്ടു വലിയ കാര്യങ്ങളെ ആഗ്രഹിച്ചു.’ (യിരെമ്യാവു 45:5) ലോകത്തിലെ യാതൊരു ‘വലിയ കാര്യവും’ യഹോവയുമായി അടുക്കാൻ അല്ലെങ്കിൽ യെരൂശലേമിന്റെ നാശത്തെ അതിജീവിക്കാൻ തന്നെ സഹായിക്കില്ല എന്നത് ഒരു നിമിഷത്തേക്ക് അവൻ മറന്നുപോയി. ഇന്നും കാര്യങ്ങൾ അങ്ങനെതന്നെയാണ്.
ആത്മീയ കാര്യങ്ങൾ വിലമതിക്കുക
18, 19. (എ) നിങ്ങളുടെ പ്രദേശത്തുള്ളവരിൽ മിക്കവരും എന്തു കെടുതി അനുഭവിക്കുന്നു, അവരോടു നിങ്ങൾക്കുള്ള വികാരം എന്തായിരിക്കണം? (ബി) പലർക്കും ആത്മീയ വിശപ്പു തോന്നാത്തത് എന്തുകൊണ്ട്?
18 ക്ഷാമബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ ചിത്രങ്ങൾ ടിവി-യിലോ പത്രങ്ങളിലോ നിങ്ങൾ കണ്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് അവരോട് അനുകമ്പ തോന്നിയിട്ടുണ്ടാകും. നിങ്ങളുടെ പ്രദേശത്തുള്ളവരോടു നിങ്ങൾക്ക് അതുപോലുള്ള അനുകമ്പ തോന്നുന്നുണ്ടോ? എന്തുകൊണ്ടാണ് അങ്ങനെ ചോദിക്കുന്നത്? അവരിൽ ഭൂരിഭാഗവും ഒരർഥത്തിൽ ക്ഷാമത്തിന്റെ കെടുതികൾ അനുഭവിക്കുന്നവരാണ് എന്നതിനാൽത്തന്നെ. ആ ക്ഷാമത്തെ കുറിച്ച് ആമോസ് മുൻകൂട്ടി പറഞ്ഞിരുന്നു: “അപ്പത്തിന്നായുള്ള വിശപ്പല്ല വെള്ളത്തിന്നായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങളെ കേൾക്കേണ്ടതിന്നുള്ള വിശപ്പുതന്നേ ഞാൻ ദേശത്തേക്കു അയക്കുന്ന നാളുകൾ വരുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.”—ആമോസ് 8:11.
19 എന്നാൽ ആത്മീയ ക്ഷാമത്തിന്റെ പിടിയിലമർന്നിരിക്കുന്നവരിൽ മിക്കവരും “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ” അല്ല. (മത്തായി 5:3, NW) പലർക്കും ആത്മീയ വിശപ്പ് അനുഭവപ്പെടുന്നേയില്ല. ചിലർക്ക് തങ്ങൾ നന്നായി പോഷിപ്പിക്കപ്പെടുന്നുണ്ടെന്നു പോലും തോന്നിയേക്കാം. അങ്ങനെ തോന്നാൻ കാരണം അവർ ഭൗതികത്വം, ശാസ്ത്രീയ ഊഹാപോഹങ്ങൾ, ധാർമികത സംബന്ധിച്ച ലൗകിക ചിന്താഗതികൾ തുടങ്ങി യാതൊരു മൂല്യവുമില്ലാത്ത “ലോകത്തിന്റെ ജ്ഞാന”ത്താൽ തങ്ങളെത്തന്നെ പോഷിപ്പിക്കുന്നു എന്നതാണ്. ആധുനിക “ജ്ഞാനം” ബൈബിൾ പഠിപ്പിക്കലുകളെ പഴഞ്ചനാക്കുന്നതായി ചിലർ കരുതുന്നു. എന്നാൽ ‘ലോകം [അതിന്റെ] ജ്ഞാനത്താൽ ദൈവത്തെ അറിഞ്ഞിട്ടില്ല.’ ലോകത്തിന്റെ ജ്ഞാനം ദൈവത്തോട് അടുക്കാൻ നിങ്ങളെ സഹായിക്കുകയില്ല. ആ ജ്ഞാനം “ദൈവസന്നിധിയിൽ” വെറും ‘ഭോഷത്വമാണ്.’—1 കൊരിന്ത്യർ 1:20, 21; 3:19.
20. യഹോവയെ ആരാധിക്കാത്തവരെ അനുകരിക്കാനുള്ള ആഗ്രഹം ന്യായയുക്തമല്ലാത്തത് എന്തുകൊണ്ട്?
20 ചിത്രങ്ങളിൽ കാണുന്ന, വിശന്നുവലയുന്ന ആ കുട്ടികളെ പോലെ ആയിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ? തീർച്ചയായുമില്ല! എങ്കിലും ക്രിസ്തീയ കുടുംബങ്ങളിലെ ചില യുവപ്രായക്കാർ തങ്ങൾക്കു ചുറ്റുമുള്ള, ആത്മീയ ക്ഷാമത്തിന്റെ പിടിയിലമർന്ന ആളുകളെ പോലെ ആയിരിക്കാൻ ആഗ്രഹിക്കുന്നതായി തോന്നുന്നു. അവർ കരുതുന്നത് ലോകത്തിലെ ചെറുപ്പക്കാർ യാതൊരു അല്ലലുമില്ലാതെ ജീവിതം ആസ്വദിക്കുകയാണെന്നായിരിക്കാം. എന്നാൽ ആ ചെറുപ്പക്കാർ യഹോവയിൽനിന്ന് അന്യപ്പെട്ടവരാണെന്ന വസ്തുത അവർ മറക്കുന്നു. (എഫെസ്യർ 4:17, 18) ആത്മീയ ക്ഷാമത്തിന്റെ കെടുതികളും അവർ വിസ്മരിക്കുന്നു. കൗമാരപ്രായക്കാർക്കിടയിലെ ആഗ്രഹിക്കാത്ത ഗർഭധാരണം, അധാർമികത, പുകവലി, മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം എന്നിവയുടെ ശാരീരികവും വൈകാരികവുമായ ഭവിഷ്യത്തുകൾ അവയിൽ ചിലതു മാത്രമാണ്. ആത്മീയ ക്ഷാമം അധികാരത്തോടുള്ള മത്സര മനോഭാവത്തിനും അടിസ്ഥാനപരമായ പ്രത്യാശയില്ലായ്മയ്ക്കും ലക്ഷ്യബോധമില്ലായ്മയ്ക്കും കാരണമാകുന്നു.
21. യഹോവയെ ആരാധിക്കാത്തവരുടെ തെറ്റായ മനോഭാവങ്ങൾ സ്വീകരിക്കുന്നതിൽനിന്ന് നമ്മെത്തന്നെ എങ്ങനെ സംരക്ഷിക്കാം?
21 അതുകൊണ്ട് സ്കൂളിലായിരിക്കെ, യഹോവയുടെ ആരാധകരല്ലാത്തവരുമായി ഇടപഴകേണ്ടിവരുമ്പോൾ അവരുടെ മനോഭാവം നിങ്ങളെ സ്വാധീനിക്കാൻ അനുവദിക്കരുത്. (2 കൊരിന്ത്യർ 4:18) ചിലർ ആത്മീയ കാര്യങ്ങളെ പുച്ഛിച്ചു സംസാരിച്ചേക്കാം. കൂടാതെ മാധ്യമങ്ങൾ, അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും മദ്യപിച്ച് ലക്കുകെടുന്നതും സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുന്നതുമൊക്കെ സാധാരണ സംഗതികളാണെന്ന ആശയം വളരെ തന്ത്രപരമായ രീതിയിൽ അവതരിപ്പിച്ചേക്കാം. അത്തരം സ്വാധീനങ്ങളെ ചെറുക്കുക. ‘വിശ്വാസവും നല്ല മനസ്സാക്ഷിയും മുറുകെ പിടിക്കുന്ന’ ആളുകളുമായി പതിവായി സഹവസിക്കുന്നതിൽ തുടരുക. എപ്പോഴും ‘കർത്താവിന്റെ വേലയിൽ വർദ്ധിച്ചുവരുന്നവരായിരിക്കുക.’ (1 തിമൊഥെയൊസ് 1:19, NW; 1 കൊരിന്ത്യർ 15:58) വയൽസേവനവും യോഗങ്ങളും ഉൾപ്പെടെയുള്ള സഭാപ്രവർത്തനങ്ങളിൽ തിരക്കോടെ പങ്കുപറ്റുക. സ്കൂൾപഠനകാലത്തുതന്നെ ഇടയ്ക്കിടെ സഹായ പയനിയറിങ്ങിൽ ഏർപ്പെടുക. ഈ വിധത്തിൽ നിങ്ങളുടെ ആത്മീയ വീക്ഷണത്തെ കരുത്തുറ്റതാക്കുക, അങ്ങനെ ചെയ്യുന്നെങ്കിൽ നിങ്ങൾക്കു സമനില നഷ്ടമാവുകയില്ല.—2 തിമൊഥെയൊസ് 4:5, NW.
22, 23. (എ) ഒരു യുവ ക്രിസ്ത്യാനി പലപ്പോഴും മറ്റുള്ളവർക്കു മനസ്സിലാക്കാനാകാത്ത തീരുമാനങ്ങൾ എടുത്തേക്കാവുന്നത് എന്തുകൊണ്ട്? (ബി) യുവജനങ്ങൾ എന്തു ചെയ്യാൻ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു?
22 കാര്യങ്ങളെ കുറിച്ചു നിങ്ങൾക്കുള്ള ആത്മീയ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഒരുപക്ഷേ നിങ്ങൾ ചില തീരുമാനങ്ങൾ എടുത്തേക്കാം. എന്നാൽ മറ്റുള്ളവർക്ക് ഒരുപക്ഷേ അതു മനസ്സിലാക്കാൻ കഴിഞ്ഞെന്നുവരില്ല. ഉദാഹരണത്തിന്, ഒരു യുവ ക്രിസ്ത്യാനി പഠനത്തിലും സംഗീതത്തിലും ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. എന്നാൽ മുഴുസമയ സുവിശേഷകനെന്ന നിലയിൽ പയനിയർ സേവനത്തിൽ ഏർപ്പെടുന്നതിനായി വിദ്യാഭ്യാസത്തിനു ശേഷം അവൻ തന്റെ പിതാവിനോടൊപ്പം ‘വിൻഡോ ക്ലീനിങ്’ ബിസിനസ്സിൽ പങ്കുചേരാൻ തീരുമാനിച്ചു. അവന്റെ തീരുമാനത്തിനുള്ള കാരണങ്ങൾ അധ്യാപകർക്കു മനസ്സിലായതേയില്ല, എന്നാൽ യഹോവയോട് അടുത്തുചെന്നിട്ടുള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് അതു മനസ്സിലായിട്ടുണ്ടാകും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
23 യുവത്വത്തിന്റെ അമൂല്യമായ ആസ്തികൾ എങ്ങനെ ഉപയോഗിക്കണമെന്നതിനെ സംബന്ധിച്ചു നിങ്ങൾ ചിന്തിക്കവേ, “സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപി”ക്കുക. (1 തിമൊഥെയൊസ് 6:19) യൗവനകാലത്തും, ജീവിതത്തിലുടനീളവും, നിങ്ങളുടെ ‘സ്രഷ്ടാവിനെ ഓർക്കാൻ’ ദൃഢചിത്തരായിരിക്കുക. വിജയപ്രദമായ ഒരു ഭാവിക്കായി—നിത്യഭാവിക്കായി—അടിത്തറയിടാനുള്ള ഏക മാർഗം അതാണ്.
നിങ്ങളുടെ അഭിപ്രായം എന്ത്?
• ഭാവിക്കായി ആസൂത്രണം ചെയ്യുന്നതിൽ ഏത് നിശ്വസ്ത ബുദ്ധിയുപദേശം യുവജനങ്ങളെ സഹായിക്കുന്നു?
• ഒരു യുവവ്യക്തിക്ക് ‘ദൈവത്തോട് അടുത്തു ചെല്ലാൻ’ കഴിയുന്ന ചില വിധങ്ങൾ ഏവ?
• ഭാവിയെ ബാധിക്കുന്ന ഏതു ചില തീരുമാനങ്ങളാണ് ഒരു യുവവ്യക്തിക്ക് എടുക്കേണ്ടിവരുന്നത്?
[15-ാം പേജിലെ ചിത്രങ്ങൾ]
സ്വന്തം കാര്യങ്ങളിൽ മാത്രം മുഴുകി യുവത്വ ത്തിന്റേതായ പ്രസരിപ്പും ചുറുചുറുക്കുമെല്ലാം നിങ്ങൾ പാഴാക്കിക്കളയുമോ?
[16, 17 പേജുകളിലെ ചിത്രം]
ജ്ഞാനികളായ യുവക്രിസ്ത്യാനികൾ തങ്ങളുടെ ആത്മീയ കാഴ്ച മങ്ങാതെ സൂക്ഷിക്കുന്നു