പുസ്തകങ്ങളോടു പുസ്തകങ്ങൾ!
“പുസ്തകം ഓരോന്നുണ്ടാക്കുന്നതിന്നു അവസാനമില്ല.” എഴുതിയത് പുരാതന കാലത്തെ ജ്ഞാനിയായ ശലോമോൻ രാജാവ്. (സഭാപ്രസംഗി 12:12) 1995-ൽ 580 പേർക്ക് ശരാശരി ഒരു പുസ്തകമെന്ന അനുപാതത്തിൽ ബ്രിട്ടനിൽ പുതിയ പുസ്തകങ്ങൾ പുറത്തിറക്കുകയുണ്ടായി. അതോടെ പുതിയ പുസ്തക പ്രസാധനത്തിൽ ലോകത്തിലേക്കും മുൻപന്തിയിൽ നിൽക്കുന്ന രാഷ്ട്രമെന്ന പേരും അതിനു കൈവന്നു. ജനസംഖ്യയിൽ ഒന്നാം സ്ഥാനമുള്ള ചൈന, ബ്രിട്ടന്റെ 95,015 പുസ്തകങ്ങളോടുള്ള താരതമ്യത്തിൽ 92,972 പുസ്തകങ്ങൾ പുറത്തിറക്കിക്കൊണ്ട് രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനം ജർമനിക്കായിരുന്നു (67,206 പുസ്തകങ്ങൾ). അതേത്തുടർന്ന് ഐക്യനാടുകളും (49,276) ഫ്രാൻസും (41,234) സ്ഥാനംപിടിച്ചു. “ബ്രിട്ടൺ മുൻപന്തിയിൽ നിൽക്കാൻ മുഖ്യ കാരണം ഇംഗ്ലീഷ് ഭാഷയാണ്,” ലണ്ടനിലെ വാർത്താപത്രമായ ദ ഡെയ്ലി ടെലഗ്രാഫ് പ്രസ്താവിക്കുന്നു.
നിരവധി വർഷങ്ങളായി പുസ്തകവിൽപ്പന വിപണിക്ക് ഇടിവു സംഭവിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇപ്പോൾ ബ്രിട്ടനിലെ മുതിർന്നവരിൽ വെറും 80 ശതമാനമേ വർഷത്തിൽ ഒന്നോ അതിലധികമോ പുസ്തകങ്ങൾ വാങ്ങുന്നുള്ളൂ. എന്നാൽ തങ്ങൾ വാങ്ങുന്ന പുസ്തകങ്ങളെല്ലാം ആളുകൾ വായിക്കാറുണ്ടോ?
വിപുലമായി വിതരണം ചെയ്യപ്പെടുകയും ആളുകൾ വായിക്കുകയും ചെയ്യുന്നതിൽ തുടരുന്ന ഒരു ഗ്രന്ഥം ബൈബിളാണ്. അതിപ്പോൾ ഭാഗങ്ങളായോ മുഴുവനായോ 2,120-ലധികം ഭാഷകളിൽ ലഭ്യമാണ്. അതിന്റെ ഒരു പ്രതി സ്വന്തമായി ഇല്ലാത്തപക്ഷം ഒരെണ്ണം സ്വായത്തമാക്കുന്നതിനു നിങ്ങളുടെ സമീപത്തുള്ള വാച്ച് ടവർ സൊസൈറ്റിയുടെ ഓഫീസുമായി ബന്ധപ്പെടുക. നിങ്ങളുടെ കൈവശം ബൈബിൾ ഉണ്ടെങ്കിൽ ഈ മാസികയിലെ ലേഖനങ്ങളിൽ കാണുന്ന തിരുവെഴുത്തുകൾ അതിൽനിന്നു പരിശോധിക്കുക. അങ്ങനെ ചെയ്യുന്നതുമൂലം നിങ്ങൾ ബൈബിളിന്റെ ജീവദായകമായ പരിജ്ഞാനം കണ്ടെത്തും.