“മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം”
“അതു പറയേണ്ടിയിരുന്നില്ല” എന്നു നിങ്ങൾ എത്ര പ്രാവശ്യം പുലമ്പിയിട്ടുണ്ട്? ഇനിയും, തുറന്നു സംസാരിക്കാൻ കഴിയാതെപോയ മറ്റു സന്ദർഭങ്ങൾ നിങ്ങളുടെ ഓർമയിൽ തങ്ങിനിൽക്കുന്നുണ്ടാവാം. പൂർവാനുചിന്തനം നടത്തിയപ്പോൾ, ‘ഞാൻ എന്തെങ്കിലുമൊന്നു പറഞ്ഞിരുന്നെങ്കിൽ’ എന്നു നിങ്ങൾ കരുതിയിട്ടുണ്ടാവാം.
“മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം” എന്നു ബൈബിൾ പറയുന്നു. (സഭാപ്രസംഗി 3:7) എപ്പോൾ സംസാരിക്കണം, എപ്പോൾ മിണ്ടാതിരിക്കണം എന്നു തീരുമാനിക്കുക—അതാണു പ്രശ്നം. അനുചിതമായ സമയത്തു കാര്യങ്ങൾ ചെയ്യാനും പറയാനും നമ്മുടെ അപൂർണ മനുഷ്യ പ്രകൃതം നമ്മെ മിക്കപ്പോഴും നിർബന്ധിക്കുന്നു. (റോമർ 7:19) നമുക്കു നമ്മുടെ അനിയന്ത്രിതമായ നാവിന് എങ്ങനെ കടിഞ്ഞാണിടാം?—യാക്കോബ് 3:2.
നാവിനെ ഇണക്കാനുള്ള വിധങ്ങൾ
എപ്പോൾ സംസാരിക്കണമെന്നും എപ്പോൾ സംസാരിക്കാതിരിക്കണമെന്നും തീരുമാനിക്കാൻ നമ്മെ സഹായിക്കുന്നതിന്, സാധ്യമായ എല്ലാ സാഹചര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു നീണ്ട പട്ടികയുടെ ആവശ്യം നമുക്കില്ല. മറിച്ച്, ക്രിസ്തീയ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമായ ഗുണങ്ങളാൽ നാം നയിക്കപ്പെടേണ്ടതുണ്ട്. ആ ഗുണങ്ങൾ എന്തെല്ലാമാണ്?
തന്റെ ശിഷ്യന്മാരെ പ്രചോദിപ്പിക്കുന്ന പ്രഥമ ഗുണം സ്നേഹമാണെന്ന് യേശുക്രിസ്തു വിശദീകരിച്ചു. “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും” എന്ന് അവൻ പറഞ്ഞു. (യോഹന്നാൻ 13:35) നാം എത്രയധികം സഹോദര സ്നേഹം പ്രദർശിപ്പിക്കുന്നുവോ അത്രയധികം മെച്ചമായി നമ്മുടെ നാവിനെ നാം നിയന്ത്രിക്കും.
കൂടാതെ, അനുബന്ധമായ രണ്ടു ഗുണങ്ങൾ നമ്മെ അത്യധികം സഹായിക്കും. താഴ്മയാണ് അതിലൊന്ന്. ‘മററുള്ളവരെ നമ്മെക്കാൾ ശ്രേഷ്ഠർ എന്നു എണ്ണാൻ’ അതു നമ്മെ പ്രാപ്തരാക്കും. (ഫിലിപ്പിയർ 2:3) സൗമ്യതയാണു മറ്റൊരു ഗുണം. ‘ദോഷം സഹിക്കാൻ’ അതു നമ്മെ സഹായിക്കുന്നു. (2 തിമൊഥെയൊസ് 2:24, 25) ഈ ഗുണങ്ങൾ എങ്ങനെ പ്രകടിപ്പിക്കണമെന്ന കാര്യത്തിൽ യേശുക്രിസ്തു നമുക്കു പൂർണമാതൃകയാണ്.
സമ്മർദത്തിൻകീഴിലായിരിക്കുമ്പോൾ നമ്മുടെ നാവിനെ നിയന്ത്രിക്കുന്നതു കൂടുതൽ പ്രയാസകരമായിരിക്കുന്ന സ്ഥിതിക്ക്, യേശുവിന്റെ മരണത്തിന്റെ തലേ രാത്രിയെക്കുറിച്ച്, അവൻ ‘വ്യാകുലപ്പെട്ടിരുന്ന’ സമയത്തെക്കുറിച്ചു നമുക്കു പരിചിന്തിക്കാം. (മത്തായി 26:37, 38) മുഴു മനുഷ്യവർഗത്തിന്റെയും നിത്യ ഭാവി ദൈവത്തോടുള്ള യേശുവിന്റെ വിശ്വസ്തതയെ ആശ്രയിച്ചിരുന്നതിനാൽ അവന് അപ്രകാരം അനുഭവപ്പെട്ടതിൽ അതിശയിക്കാനില്ല.—റോമർ 5:19-21.
യേശുവിനെ സംബന്ധിച്ചിടത്തോളം, അതു തീർച്ചയായും തന്റെ പിതാവിനോടു സംസാരിക്കാനുള്ള ഒരു സമയമായിരുന്നു. തന്മൂലം, അവൻ തന്റെ ശിഷ്യന്മാരിൽ മൂന്നു പേരോട് ഉണർന്നിരിക്കാൻ ആവശ്യപ്പെട്ടിട്ടു പ്രാർഥിക്കാൻ പോയി. കുറച്ചുകഴിഞ്ഞ് അവൻ തിരികെ വന്നപ്പോൾ അവർ ഉറങ്ങുന്നതു കണ്ടു. അപ്പോൾ അവൻ പത്രോസിനോടു പറഞ്ഞു: “എന്നോടു കൂടെ ഒരു നാഴികപോലും ഉണർന്നിരിപ്പാൻ നിങ്ങൾക്കു കഴിഞ്ഞില്ലയോ?” സ്നേഹനിർഭരമായ ഈ ശാസനയോടൊപ്പം അവരുടെ ബലഹീനതകൾ തിരിച്ചറിയുന്നതായി പ്രകടമാക്കിയ വാക്കുകളുമുണ്ടായിരുന്നു. അവൻ ഇങ്ങനെ പറഞ്ഞു: “ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ.” പിന്നീട്, യേശു വീണ്ടും വന്നപ്പോഴും ശിഷ്യന്മാർ ഉറങ്ങുന്നതു കണ്ടു. അവൻ അവരോടു ദയാപുരസ്സരം സംസാരിച്ചു, എന്നിട്ട് “അവരെ വിട്ടു മൂന്നാമതും പോയി . . . പ്രാർത്ഥിച്ചു.”—മത്തായി 26:36-44.
മൂന്നാം തവണയും ശിഷ്യന്മാർ ഉറങ്ങുന്നതായി യേശു കണ്ടപ്പോൾ, അവൻ കർക്കശനായിരുന്നില്ല, മറിച്ച് അവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുന്നുവോ? ഇതാ സമയം അടുത്തിരിക്കുന്നു. മനുഷ്യപുത്രൻ പാപികളുടെ കൈകളിൽ ഏല്പിക്കപ്പെടുന്നു.” (മത്തായി 26:45, പി.ഒ.സി. ബൈബിൾ) ഹൃദയം നിറയെ സ്നേഹമുള്ള, യഥാർഥത്തിൽ സൗമ്യതയും താഴ്മയുമുള്ള ഒരു വ്യക്തിക്കു മാത്രമേ പ്രയാസമേറിയ അത്തരമൊരു സമയത്തു നാവ് ആ രീതിയിൽ ഉപയോഗിക്കാൻ കഴിയുമായിരുന്നുള്ളൂ.—മത്തായി 11:29; യോഹന്നാൻ 13:1.
അതിനുശേഷം, പെട്ടെന്നുതന്നെ യേശുവിനെ അറസ്റ്റുചെയ്തു വിചാരണ നടത്തി. ചിലപ്പോഴെല്ലാം, ക്രിസ്തീയ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുമ്പോൾ പോലും, മിണ്ടാതിരിക്കുന്നതു നല്ലതാണെന്ന് ഇവിടെ നാം പഠിക്കുന്നു. യേശുവിനെതിരെ ആരോപണം കെട്ടിച്ചമയ്ക്കുകയല്ലാതെ, സത്യം മനസ്സിലാക്കണമെന്ന യാതൊരു ഉദ്ദേശ്യവും മഹാപുരോഹിതന്മാർക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട്, സംഘർഷപൂരിതമായ ആ സാഹചര്യത്തിൽ യേശു നിശബ്ദനായി നിലകൊണ്ടു.—മത്തായി 7:6 താരതമ്യം ചെയ്യുക.
എന്നിരുന്നാലും, “നീ ദൈവപുത്രനായ ക്രിസ്തു തന്നെയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു” എന്നു മഹാപുരോഹിതൻ ആവശ്യപ്പെട്ടപ്പോൾ യേശു നിശബ്ദനായി നിലകൊണ്ടില്ല. (മത്തായി 26:63) യേശുവിനോട് ആണയിട്ടു ചോദിച്ചതുകൊണ്ട് അതു അവനു സംസാരിക്കാനുള്ള സമയമായിരുന്നു. അതുകൊണ്ട് അവൻ ഇങ്ങനെ മറുപടി പറഞ്ഞു: “നീ പറഞ്ഞുവല്ലോ; എന്നാൽ ഞാൻ നിന്നോടു പറയുന്നു, ഇപ്പോൾമുതൽ മനുഷ്യപുത്രൻ ശക്തിയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളിൽ വരുന്നതും നിങ്ങൾ കാണും.”—മത്തായി 26:64, പി.ഒ.സി. ബൈ.
അതിപ്രധാനമായ ആ ദിവസത്തിലുടനീളം യേശു തന്റെ നാവിന്മേൽ പൂർണ നിയന്ത്രണം പാലിച്ചു. അവന്റെ കാര്യത്തിൽ, സ്നേഹം, സൗമ്യത, താഴ്മ തുടങ്ങിയവ അവന്റെ വ്യക്തിത്വത്തിന്റെ കാതലായ ഭാഗങ്ങളായിരുന്നു. നാം സമ്മർദത്തിലായിരിക്കുമ്പോൾ നമ്മുടെ നാവിനെ നിയന്ത്രിക്കാൻ നമുക്ക് ഈ ഗുണങ്ങൾ എങ്ങനെ ഉപയോഗിക്കാം?
കോപിഷ്ഠരായിരിക്കുമ്പോൾ നാവിനെ നിയന്ത്രിക്കൽ
കോപിഷ്ഠരായിരിക്കുമ്പോൾ നമുക്കു മിക്കപ്പോഴും നാവിന്റെ നിയന്ത്രണം നഷ്ടമാകുന്നു. ഉദാഹരണത്തിന്, ഒരിക്കൽ പൗലോസിനും ബർന്നബാസിനുമിടയിൽ അഭിപ്രായവ്യത്യാസമുണ്ടായി. “മർക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ടു പോകുവാൻ ബർന്നബാസ് ഇച്ഛിച്ചു. പൌലോസോ പംഫുല്യയിൽനിന്നു തങ്ങളെ വിട്ടു പ്രവൃത്തിക്കു വരാതെ പോയവനെ കൂട്ടിക്കൊണ്ടു പോകുന്നതു യോഗ്യമല്ല എന്നു നിരൂപിച്ചു. അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ടു വേർപിരിഞ്ഞു.”—പ്രവൃത്തികൾ 15:37-39.
വർഷങ്ങളോളം നിർമാണ പദ്ധതിയിൽ വേല ചെയ്തിട്ടുള്ള മൈക്കിൾa വിവരിക്കുന്നു: “എനിക്കു നന്നായി അറിയാവുന്ന, ഞാൻ ആദരിച്ചിരുന്ന ഒരു വ്യക്തി നിർമാണ സ്ഥലത്തുണ്ടായിരുന്നു. എന്നാൽ അദ്ദേഹം എപ്പോഴും എന്റെ ജോലിയിൽ കുറ്റം കണ്ടെത്തുന്നതായി തോന്നി. എനിക്കു വേദനയും അലോരസവും തോന്നിയെങ്കിലും സ്വയം നിയന്ത്രിച്ചു. ഒരിക്കൽ, ഞാൻ ഒരു ജോലി ചെയ്തുതീർത്ത ഉടനെ അദ്ദേഹം ആ ജോലിയെ വിമർശിച്ചു, അതോടെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു.
“അടക്കിവെച്ചിരുന്ന വികാരമെല്ലാം അണപൊട്ടിയൊഴുകി. കോപാവേശത്താൽ പൊട്ടിത്തെറിച്ച നിമിഷം. ഞങ്ങൾക്കു ചുറ്റുമുണ്ടായിരുന്നവരിൽ അതുളവാക്കുമായിരുന്ന മോശമായ അഭിപ്രായത്തെക്കുറിച്ചു ഞാൻ ചിന്തിച്ചില്ല. അന്നു ശേഷിച്ച സമയം അദ്ദേഹത്തോടു സംസാരിക്കാനോ അദ്ദേഹത്തെ കാണാനോ ഞാൻ ആഗ്രഹിച്ചില്ല. ശരിയായ രീതിയിലായിരുന്നില്ല ആ പ്രശ്നം കൈകാര്യം ചെയ്തത് എന്നു ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു. ഒന്നും മിണ്ടാതെ, ഞാൻ കുറച്ചൊന്നു തണുത്തശേഷം സംസാരിക്കുന്നതായിരുന്നു ഏറെ നല്ലത്.”
സന്തോഷകരമെന്നു പറയട്ടെ, പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ക്രിസ്തീയ സ്നേഹം ഈ രണ്ടു വ്യക്തികളെ പ്രേരിപ്പിച്ചു. മൈക്കിൾ വിശദീകരിക്കുന്നു: “തുറന്ന ആശയവിനിമയത്തിനുശേഷം ഞങ്ങൾ അന്യോന്യം മെച്ചമായി മനസ്സിലാക്കി. ഇപ്പോൾ ഞങ്ങൾക്കിടയിൽ ബലിഷ്ഠമായ ഒരു സുഹൃദ്ബന്ധമുണ്ട്.”
മൈക്കിൾ മനസ്സിലാക്കിയതുപോലെ, നമുക്കു കോപംതോന്നുമ്പോൾ ചിലപ്പോഴൊക്കെ മൗനം പാലിക്കുന്നതു ബുദ്ധിയാണ്. “ശാന്തമാനസൻ ബുദ്ധിമാൻ തന്നേ” എന്നു സദൃശവാക്യങ്ങൾ 17:27 പറയുന്നു. വിവേചനയും സഹോദര സ്നേഹവും, വീണ്ടുവിചാരമില്ലാതെ മുറിവേൽപ്പിക്കുന്ന കാര്യങ്ങൾ പറയുന്നതിനുള്ള പ്രേരണയെ അടക്കിനിർത്താൻ നമ്മെ സഹായിക്കും. നാം വ്രണിതരായെന്നു വരികിൽ, സമാധാനം പുനഃസ്ഥാപിക്കണമെന്ന ഉദ്ദേശ്യത്തിൽ സൗമ്യതയും താഴ്മയും കലർന്ന മനോഭാവത്തോടെ മറ്റേ വ്യക്തിയോട് ഒറ്റയ്ക്കു സംസാരിക്കുക. നേരത്തെ കോപത്താൽ പൊട്ടിത്തെറിച്ചിരുന്നുവെങ്കിലോ? അങ്ങനെയെങ്കിൽ നമ്മുടെ ഗർവം കളഞ്ഞു താഴ്മയോടെ ഒത്തുതീർപ്പിലെത്തുന്നതിന് അവസരം തേടാൻ സ്നേഹം നമുക്കു പ്രചോദനമേകും. അതു സംസാരിക്കാനുള്ള, ആത്മാർഥമായ ആശയവിനിമയത്തിലൂടെ ഖേദം പ്രകടിപ്പിക്കാനും മുറിവേറ്റ വികാരങ്ങൾ സുഖപ്പെടുത്താനുമുള്ള സമയമാണ്.—മത്തായി 5:23, 24.
മൗനം പരിഹാരമല്ലാത്തപ്പോൾ
നമ്മെ നീരസപ്പെടുത്തുന്ന വ്യക്തിയുമായി സംസാരം നിർത്താൻ കോപമോ നീരസമോ ഇടയാക്കുന്നു. ഇതു വളരെയധികം ഹാനികരമായിരിക്കാം. “ഞങ്ങളുടെ വിവാഹജീവിതത്തിലെ ആദ്യവർഷം, ഞാൻ ഭർത്താവിനോടു ദിവസങ്ങളോളം സംസാരിക്കാതിരുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്” എന്നു മരിയ സമ്മതിച്ചു പറയുന്നു.b “അതു മിക്കപ്പോഴും വലിയ പ്രശ്നങ്ങൾ നിമിത്തമൊന്നുമായിരുന്നില്ല, മറിച്ച്, ചെറിയ അസ്വാരസ്യങ്ങൾ നിമിത്തമായിരുന്നു. ഈ നീരസങ്ങളെല്ലാം ഞാൻ ഊട്ടിവളർത്തി, ഒടുവിൽ അവ ഒരു പർവതസമാന പ്രതിബന്ധമായിത്തീർന്നു. എന്റെ സഹനം അതിർവരമ്പു ലംഘിച്ച നിമിഷം വന്നെത്തി. എനിക്കുണ്ടായിരുന്ന നൈരാശ്യം മാറിപ്പോകുന്നതുവരെ ഞാൻ ഭർത്താവുമായുള്ള സംസാരം നിർത്തി.”
“ഒരു ബൈബിൾ വാക്യം—‘സൂര്യൻ അസ്തമിക്കുവോളം നിങ്ങളുടെ കോപം വെച്ചുകൊണ്ടിരിക്കരുതു’ എന്നത്—എന്റെ ചിന്താഗതിയിൽ മാറ്റംവരുത്താൻ എന്നെ സഹായിച്ചു. ആശയവിനിയമം മെച്ചപ്പെടുത്താൻ ഞാനും ഭർത്താവും കഠിനമായി പ്രയത്നിച്ചു. തന്മൂലം പ്രശ്നങ്ങൾ ഉയർന്നുവന്നില്ല. അത് എളുപ്പമായിരുന്നില്ല, എന്നാൽ പത്തു വർഷത്തെ വിവാഹ ജീവിതത്തിനുശേഷം, ഇത്തരം നിർദയമായ മൗനത്തിന്റെ ഘട്ടങ്ങൾ വളരെ വിരളമായേ സംഭവിക്കാറുള്ളൂ എന്നു പറയുന്നതിൽ എനിക്കു സന്തോഷമുണ്ട്. എന്നിരുന്നാലും, ഈ പ്രവണതയെ നിയന്ത്രിക്കാൻ ഞാൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നു സമ്മതിച്ചേ മതിയാകൂ,” മരിയ കൂട്ടിച്ചേർക്കുന്നു.—എഫെസ്യർ 4:26.
മരിയ കണ്ടെത്തിയപോലെ, രണ്ടുപേരുടെയിടയിൽ പിരിമുറുക്കമുണ്ടായിരിക്കുമ്പോൾ ആശയവിനിയമം നിർത്തിവയ്ക്കുന്നത് ഒരു പരിഹാരമല്ല. അത്തരം സാഹചര്യങ്ങളിൽ, നീരസം വളരാനാണു സാധ്യത. തന്നെയുമല്ല, ബന്ധത്തിനു കോട്ടംതട്ടിയെന്നും വരാം. അഭിപ്രായവ്യത്യാസമുള്ളപ്പോൾ നാം ‘വേഗത്തിൽ ഇണങ്ങ’ണമെന്ന് യേശു പറഞ്ഞു. (മത്തായി 5:25) ‘തക്കസമയത്തു പറഞ്ഞ വാക്കി’ന്, ‘സമാധാനം പിന്തുടരു’ന്നതിനു നമ്മെ സഹായിക്കാൻ കഴിയും.—സദൃശവാക്യങ്ങൾ 25:11; 1 പത്രൊസ് 3:11.
നമുക്കു സഹായം ആവശ്യമുള്ളപ്പോഴും നാം തുറന്നു സംസാരിക്കണം. എന്തെങ്കിലും ആത്മീയ പ്രശ്നത്താൽ നാം കഷ്ടപ്പെടുന്നുവെങ്കിൽ, മറ്റുള്ളവരെ ഭാരപ്പെടുത്താൻ നമുക്കു വൈക്ലബ്യം തോന്നിയേക്കാം. എന്നാൽ നാം മൗനം പാലിച്ചാൽ പ്രശ്നം കൂടുതൽ വഷളായേക്കാം. നിയുക്ത മൂപ്പന്മാർ നമുക്കുവേണ്ടി കരുതുന്നു. കൂടാതെ, നാം അവരെ അനുവദിക്കുന്നപക്ഷം, നമ്മെ സഹായിക്കാൻ അവർ ഉത്സുകരാണ്. നാം സംസാരിക്കേണ്ട സമയമാണത്.—യാക്കോബ് 5:13-16.
സർവോപരി, യേശു ചെയ്തപോലെ ഹൃദയസ്പർശിയായ പ്രാർഥനയിലൂടെ നാം യഹോവയുമായി പതിവായി സംസാരിക്കണം. വാസ്തവത്തിൽ, നമുക്കു നമ്മുടെ സ്വർഗീയ പിതാവിന്റെ മുമ്പിൽ ‘ഹൃദയം പകരാം.’—സങ്കീർത്തനം 62:8; എബ്രായർ 5:7 താരതമ്യം ചെയ്യുക.
ദൈവരാജ്യത്തെക്കുറിച്ചു “സംസാരിപ്പാൻ ഒരു കാലം”
അന്ത്യം വരുന്നതിനുമുമ്പു പൂർത്തിയാക്കേണ്ട ഒരു ദിവ്യ നിയോഗമാണു ക്രിസ്തീയ ശുശ്രൂഷ. അതുകൊണ്ട്, യഹോവയുടെ ദാസർ രാജ്യത്തിന്റെ സുവാർത്ത പ്രഘോഷിക്കുന്നതു മുമ്പെന്നത്തെക്കാളും മർമപ്രധാനമാണ്. (മർക്കൊസ് 13:10) അപ്പോസ്തലന്മാരെപ്പോലെ, സത്യക്രിസ്ത്യാനികൾക്കു ‘തങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല.’—പ്രവൃത്തികൾ 4:20.
സകലരും സുവാർത്ത കേൾക്കാൻ ആഗ്രഹിക്കുന്നില്ലെന്നതു ശരിതന്നെ. വാസ്തവത്തിൽ, പ്രസംഗവേലയ്ക്കായി തന്റെ ശിഷ്യന്മാരെ അയച്ചപ്പോൾ, ‘യോഗ്യൻ ആർ എന്നു അന്വേഷിപ്പിൻ’ എന്നു യേശു അവരെ ഉപദേശിച്ചു. തന്നെ ആരാധിക്കാൻ യഹോവ ആരെയും നിർബന്ധിക്കുന്നില്ലാത്തതിനാൽ, രാജ്യസന്ദേശം പിടിവാശിയോടെ തിരസ്കരിക്കുന്നവരോടു നാം നിർബന്ധപൂർവം തുടർന്നു സംസാരിക്കുകയില്ല. (മത്തായി 10:11-14) എന്നാൽ, “നിത്യജീവനുവേണ്ടി ഉചിതമായി നിയോഗിക്കപ്പെട്ടവ”രോടു യഹോവയുടെ രാജത്വത്തെക്കുറിച്ചു സംസാരിക്കാൻ നാം ആഹ്ലാദമുള്ളവരാണ്.—പ്രവൃത്തികൾ 13:48, NW; സങ്കീർത്തനം 145:10-13.
സ്നേഹം, സൗമ്യത, താഴ്മ എന്നിവ, വീണ്ടുവിചാരമില്ലാതെ സംസാരിക്കുന്നതിനോ സംഘർഷപൂരിതമായ നിശബ്ദതയിലേക്കു വഴുതിവീഴുന്നതിനോ ഉള്ള അപൂർണ പ്രവണതയെ നിയന്ത്രിക്കുന്നതിനു നമ്മെ സഹായിക്കാൻ കഴിയുന്ന ഗുണങ്ങളാണ്. ഈ ഗുണങ്ങളിൽ നാം വളർന്നുവരുമ്പോൾ, സംസാരിക്കാനും സംസാരിക്കാതിരിക്കാനുമുള്ള ഉചിതമായ സമയമേതാണെന്നു വിവേചിച്ചറിയാൻ നാം ഏറെ സജ്ജരായിരിക്കും.
[അടിക്കുറിപ്പുകൾ]
a അദ്ദേഹത്തിന്റെ യഥാർഥ പേരല്ല.
b അദ്ദേഹത്തിന്റെ യഥാർഥ പേരല്ല.
[23-ാം പേജിലെ ചിത്രം]
നല്ല ആശയവിനിമയത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്