ബൈബിൾ വിശേഷാശയങ്ങൾ ശലോമോന്റെ ഗീതം 1:1–8:14
യഥാർത്ഥ സ്നേഹം ജയംകൊള്ളുന്നു!
ഒരിക്കലും പരാജയമടയാത്ത സ്നേഹമുണ്ട് അത് സ്ഥിരവും സഹിച്ചുനിൽക്കുന്നതും വിജയിക്കുന്നതും ആണ്. യേശുക്രിസ്തുവിനും അവന്റെ “മണവാട്ടി”ക്കും അഥവാ അവന്റെ ആത്മജനനം പ്രാപിച്ച സഭയ്ക്കും മധ്യേ അത്തരം അചഞ്ചലമായ സ്നേഹം സ്ഥിതിചെയ്യുന്നു. (വെളിപ്പാട് 21:2, 9; എഫെസ്യർ 5:21-23) ഈ സ്നേഹം എത്ര മനോഹരമായിട്ടാണ് ശലോമോന്റെ ഗീതത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
ഏകദേശം 3000 വർഷങ്ങൾക്ക് മുമ്പ് യിസ്രായേലിലെ ജ്ഞാനിയായ ശലോമോൻ രാജാവിനാൽ രചിക്കപ്പെട്ട ഈ “അത്യുത്തമഗീതം” (1:1) ഒരു ആട്ടിടയനും ശൂനേം (ശൂലെം) എന്ന ഗ്രാമത്തിൽ നിന്നുള്ള ഒരു നാടൻ പെൺകുട്ടിക്കും മദ്ധ്യേ നിലനിന്ന സ്നേഹത്തെപ്പറ്റി പറയുന്നു. തന്റെ സർവസമ്പത്തും മാഹാത്മ്യവും കൊണ്ട് രാജാവിന് പോലും ശൂലേംകാരിയുടെ സ്നേഹംകവരാൻ സാധിച്ചില്ല, കാരണം അവൾ തന്റെ പ്രിയനായ ആട്ടിടയനോട് അത്ര വിശ്വസ്ത ആയിരുന്നു.
അർഹമായ അവധാനതയോടും വിലമതിപ്പോടും കൂടെ ഈ കാവ്യപുസ്തകം പാരായണം ചെയ്യുമ്പോൾ അത് പരിശുദ്ധി, ആർദ്രത, വിശ്വസ്തത, സ്ഥായിയായ സ്നേഹം എന്നിങ്ങനെ ക്രിസ്തീയ വിവാഹബന്ധത്തിന്റെ ആണിക്കല്ലുകളായ ഗുണങ്ങളെ സംബന്ധിച്ച് ചിന്തിക്കാൻ വളരെയധികം വക, ഏകാകികളും വിവാഹിതരും ആയ യഹോവയുടെ സേവകർക്ക് നൽകുന്നു. യഥാർഥ സ്നേഹത്തിന്റെ വിജയത്തെ വർണിക്കുന്ന ഈ ഗീതത്തിൽ നിന്ന് തീർച്ചയായും നമുക്കേവർക്കും പ്രയോജനമനുഭവിക്കാം.
ശൂനേംകാരി ശലോമോന്റെ പാളയത്തിൽ
ദയവായി ശലോമോന്റെ ഗീതം 1:1-14 വരെ വായിക്കുക: രാജകൂടാരങ്ങളിൽ വച്ച്, തന്റെ പ്രിയൻ തന്നോടൊപ്പം സാന്നിദ്ധ്യവാനാണ് എന്ന മട്ടിലായിരുന്നു ശൂലേംകാരി സംസാരിച്ചത്. ശലോമോൻ അവളുടെ സൗന്ദര്യത്തെ അത്യധികം സ്തുതിക്കുകയും അവളെ പൊന്നും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങൾ അണിയിക്കാം എന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. പക്ഷേ കന്യക അവന്റെ മുന്നേറ്റങ്ങളെ എതിർക്കുകയും തനിക്ക് ആട്ടിടയനോട് മാത്രമേ യഥാർത്ഥ സ്നേഹമുള്ളു എന്ന് അവനെ അറിയിക്കുകയും ചെയ്തു.
◆1:2, 3—വീഞ്ഞ് എണ്ണ എന്നിവയോടുള്ള താരതമ്യം എന്തുകൊണ്ട് പ്രസക്തമായിരിക്കുന്നു?
വീഞ്ഞ് ഹൃദയത്തെ സന്തോഷിപ്പിക്കുകയും വിഷാദത്തിലാണ്ട ദേഹിയെ ശക്തീകരിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 104:15; സദൃശവാക്യങ്ങൾ 31:6) എണ്ണയുടെ സുഖദായകങ്ങളായ ഗുണവിശേഷങ്ങൾ നിമിത്തം വിശിഷ്ട അതിഥികളുടെമേൽ അത് ഒഴിച്ചിരുന്നു. (സങ്കീർത്തനം 104:15; സദൃശവാക്യങ്ങൾ 31:6) (സങ്കീർത്തനം 23:5; ലൂക്കൊസ് 7:38) അപ്രകാരം ശൂലേമ്യകന്യക ആട്ടിടയന്റെ “പ്രേമവചനങ്ങളും” അവന്റെ നാമവും ഓർക്കുകവഴി ശക്തീകരിക്കപ്പെടുകയും ആശ്വസിക്കപ്പെടുകയും ചെയ്തു. അതുപോലെ യേശുവിന്റെ അഭിഷിക്ത അനുഗാമികൾ അവനിൽനിന്ന് വേറിട്ട് ഇന്നും ഭൂമിയിൽ കഴിയുന്നുവെങ്കിലും തങ്ങളുടെ ഇടയനായ യേശുക്രിസ്തുവിന്റെ സ്നേഹവും ഉറപ്പുകളും ധ്യാനിക്കുകയാൽ അവർ പ്രോത്സാഹിതർ ആയിത്തീരുന്നു.
നമുക്കുവേണ്ടിയുള്ള പാഠം: ശലോമോൻ ശൂലേമ്യകന്യകയെ “സ്വർണ്ണ സരപ്പളികളും” “വെള്ളി മണികളും” അണിയിക്കുമായിരുന്നു. പക്ഷേ അവൾ ഈ ഭൗതിക പ്രലോഭനങ്ങളെ എതിർക്കുകയും ഇടയനോടുള്ള അടങ്ങാത്ത സ്നേഹം സംബന്ധിച്ച് ഉറപ്പായി സംസാരിക്കുകുയം ചെയ്തു. (1:11-14) അവളുടെ മനോഭാവത്തെ സംബന്ധിച്ച് പരിചിന്തിക്കുന്നത് ലോകത്തിന്റെ വശ്യമായ ഭൗതീകത്വത്തെ തള്ളിക്കളഞ്ഞുകൊണ്ട് തങ്ങളുടെ സ്വർഗീയ മണവാളനോട് വിശ്വസ്തമായി നിൽക്കുന്നതിനുള്ള “മണവാട്ടി” വർഗത്തിന്റെ നിശ്ചയദാർഢ്യത്തെ ശക്തീകരിക്കാനുപകരിക്കും. നമ്മുടെ പ്രത്യാശ ഭൗമികം ആയിരിക്കുകയും നാം വിവാഹം പരിചിന്തിക്കുകയും ആണെങ്കിൽ ഈ കന്യകയുടെ ദൃഷ്ടാന്തം ഭൗതീകമല്ല, ആത്മീയ താത്പര്യങ്ങൾക്ക് നമ്മുടെ പ്രഥമ ചിന്ത ആക്കാൻ നമ്മെ പ്രചോദിപ്പിക്കട്ടെ.
പരസ്പരവാഞ്ഛ
1:15-3:5 വരെ വായിക്കുക: ഇടയൻ രാജപാളയത്തിൽ പ്രവേശിച്ച് തന്നെ മറ്റെല്ലാവരിലും അധികമായി വിലമതിച്ച എളിയ ശൂലേമ്യ കന്യകയോടുള്ള തന്റെ സ്നേഹം വാക്കുകളിലൂടെ പ്രകടമാക്കി. അവർ വേർപിരിക്കപ്പെട്ടപ്പോൾ തന്റെ പ്രിയനോടൊത്തുള്ള ആനന്ദപൂർവകങ്ങളായ സന്ദർഭങ്ങൾ കന്യക ഓർക്കുകയും അവൻ അവളുടെ അരികിലേക്ക് വേഗത്തിൽ വന്നണയാൻ അപേക്ഷിക്കുകയും ചെയ്തു. രാത്രിയിൽ അവൾ അവനുവേണ്ടി അതിയായി വാഞ്ഛിച്ചു.
◆2:1-3—ഈ അലങ്കാരപദങ്ങളാൽ അർത്ഥമാക്കപ്പെടുന്നതെന്താണ്?
ശൂലേമ്യബാലിക അവളെത്തന്നെ “തീര സമതലത്തിലെ ഒരു പനിനീർ പുഷ്പം” എന്നാണ് വിളിച്ചത്, കാരണം അനേക സാധാരണ പൂക്കളുടെ ഇടയിലൊന്നു മാത്രമാണ് താൻ എന്ന് സ്വയമേ വീക്ഷിച്ച ഒരു വിനയമുള്ള യുവതി ആയിരുന്നു അവൾ. ആട്ടിടയൻ പക്ഷേ അവൾ “മുള്ളുകൾക്കിടയിലെ ഒരു ലില്ലിപുഷ്പം” ആണ് എന്ന് തിരിച്ചറിഞ്ഞു. കാരണം അവൾ മനോജ്ഞയും സമർത്ഥയും യഹോവയോട് വിശ്വസ്തയും ആയിരുന്നു. കന്യകയ്ക്ക് ആട്ടിടയൻ “കാട്ടുമരങ്ങളുടെയിടയിലെ ഒരു ആപ്പിൾ വൃക്ഷം” പോലെ ആയിരുന്നു. എന്തെന്നാൽ അവൻ വളരെ കാമ്യമായ സ്വഭാവലക്ഷണങ്ങളും പ്രാപ്തികളും ഉള്ളവനും സമാനമായി ദൈവത്തോട് വിശ്വസ്തനും ആയിരുന്ന ഒരു ആത്മീയ മനസ്ഥിതിയുള്ള യുവാവായിരുന്നു. ഒരു ജീവിതപങ്കാളിയെത്തേടുന്ന വിവാഹിതനല്ലാത്ത ഒരു ക്രിസ്ത്യാനി ശൂലേമ്യ ബാലികയെയോ അവളുടെ പ്രിയനായ ആട്ടിടയനെയോ പോലെ ഉള്ള ഒരു വിശ്വസ്ത സഹവിശ്വാസിക്കുവേണ്ടി മാത്രമേ അന്വേഷിക്കാവൂ.
◆3:5—ഈ ആണ എന്തുകൊണ്ടാണ് ഈ മൃഗങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്?
ചെറുമാനുകളും പേടമാനുകളും ഇണക്കവും ഓമനത്വവും സൗന്ദര്യവും അതേസമയംതന്നെ കാലുറപ്പും വേഗതയുമുള്ള മൃഗങ്ങളാണ്. സാരാംശത്തിൽ കന്യക ഓമനത്വവും സൗന്ദര്യവുമുള്ള സർവസ്വത്തെക്കൊണ്ടും “യെരൂശലേം പുത്രിമാരെ” ബന്ധിപ്പിക്കുകയായിരുന്നു. ഈ ജീവികളാണെ തന്റെ പ്രിയനായ ഇടയനോടല്ലാതെ മറ്റാരോടെങ്കിലുമായി തന്നിൽ സ്നേഹം ഉണർത്താനൊരുമ്പെടുന്നതിൽ നിന്ന് ഒഴിഞ്ഞിരിക്കാൻ ഈ സ്ത്രീകളെ അവൾ ബാദ്ധ്യസ്ഥരാക്കുകയായിരുന്നു.
നമുക്കുവേണ്ടിയുള്ള പാഠം: കന്യക “യെരൂശലേം പുത്രിമാരെ” അഥവാ രാജാവിനെ ശുശ്രൂഷിച്ച രാജ സദസ്സ്യരായ സ്ത്രീകളെ ‘പ്രേമത്തിന് ചായ്വു തോന്നുവോളം അതിനെ ഉണർത്തരുത്’ എന്ന ആണയിൻ കീഴിലാക്കി. (2:7; 3:5) ഇത് സൂചിപ്പിക്കുന്നത് വിവേചനയില്ലാതെ ആരോടും അനുരാഗം തോന്നാൻ സാധ്യമല്ല എന്നാണ്. കന്യകക്ക് താനെ ശലോമോനോട് യാതൊരു ആകർഷണവും തോന്നിയില്ല. വിവാഹബന്ധം പരിചിന്തിക്കുന്ന അവിവാഹിതനായ ക്രിസ്ത്യാനി യഥാർത്ഥമായി സ്നേഹിക്കാൻ കഴിയുന്ന യോഗ്യനോ യോഗ്യയോ ആയ യഹോവയുടെ ഒരു വിശ്വസ്ത ആരാധകനെയോ ആരാധകയെയോ മാത്രം പരിഗണിക്കുന്നത് അപ്പോൾ എത്ര ബുദ്ധിപൂർവകമാണ്!—1കൊരിന്ത്യർ 7:39.
കന്യക യെരൂശലേമിൽ
3:6-6:3 വരെ വായിക്കുക. ശലോമോൻ ആർഭാടപൂർവം യെരൂശലേമിലേക്ക് മടങ്ങി. അവിടെ ആട്ടിടയൻ കന്യകയുമായി ബന്ധപ്പെടുകയും പ്രേമവചനങ്ങൾ കൊണ്ട് അവളെ ശക്തീകരിക്കുകയും ചെയ്തു. അവളുടെ പ്രിയൻ വാതിൽക്കൽ മുട്ടിയപ്പോൾ അവൾ തുറക്കാൻ വൈകിപ്പോയതായും അവനെത്തേടി അവൾ വിശദമായ അന്വേഷണം നടത്തിയപ്പോൾ കാവൽക്കാർ അവളോട് ഹീനമായി പെരുമാറിയതായും അവൾ ഒരു സ്വപ്നത്തിൽ കണ്ടു. അവളുടെ പ്രിയൻ മികച്ചു നിൽക്കുന്നതെങ്ങനെ എന്ന് ചോദിച്ചപ്പോൾ അവൾ “യെരൂശലേം പുത്രിമാർക്ക്” അവനെ സംബന്ധിച്ചുള്ള ഒരു ഉജ്ജ്വലമായ വർണന നൽകി.
5:12—ആട്ടിടയന്റെ കണ്ണുകൾ പാലിൽ കുളിക്കുന്ന പ്രാവുകളെപ്പോലെ ആയിരിക്കുന്നതെങ്ങനെ?
ശൂലേം കന്യകയുടെ കണ്ണുകൾ മൃദുലമസൃണം ആയിരുന്നതുകൊണ്ട് മുൻപ് അവയെ പ്രാവിൻ കണ്ണുകളോട് സാദൃശ്യപ്പെടുത്തിയിരുന്നു. (1:15; 4:1) അതേ കാരണം കൊണ്ട് ഇടയൻ കന്യകയെ തന്റെ പ്രാവ് എന്നും വിളിച്ചു. (5:2) ഇവിടെ പ്രേമവിവശയായ ബാലിക ആട്ടിടയന്റെ കണ്ണുകളെ പാലിൻ പൊയ്കകളിൽ നീരാടുന്ന നീല—ചാരവർണമുള്ള പ്രാവുകളോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നു. (5:8, 12) സാദ്ധ്യതയനുസരിച്ച് ഈ ഉപമ ആട്ടിടയന്റെ കണ്ണുകളിലെ തിളങ്ങുന്ന വെള്ളയാൽ ചുറ്റപ്പെട്ട കറുത്ത കൃഷ്ണമണിയെയാണ് പരാമർശിക്കുന്നത്.
നമുക്കുവേണ്ടിയുള്ള പാഠം: ശൂലേം കന്യക “കെട്ടിയടച്ച ഒരു തോട്ടം” പോലെ ആയിരുന്നു. (4:12) മിക്കപ്പോഴും പുരാതന യിസ്രായേലിലെ ഒരു തോട്ടം വൈവിദ്ധ്യമാർന്ന സസ്യഫലങ്ങൾ, പുഷ്പങ്ങൾ, വൃക്ഷങ്ങൾ എന്നിവയും ഒരു നല്ല നീർത്തോടും സഹിതം ഉള്ള ഒരു ഉദ്യാനതുല്യമായ തനി പറുദീസാ ആയിരിക്കും. സാധാരണ അതിനു ചുറ്റും ഒരു വേലിയോ മതിലോ കെട്ടി അടക്കുമായിരുന്നു. പൂട്ടുള്ള ഒരു ഗേറ്റിലൂടെ മാത്രമേ അതിലേക്ക് പ്രവേശിക്കാൻ കഴിയുമായിരുന്നുള്ളൂ. (യെശയ്യാവ് 5:5) ശൂലേം കന്യകയുടെ ധാർമികശുദ്ധിയും കോമളത്വവും ആട്ടിടയന്റെ ദൃഷ്ടിയിൽ അപൂർവ ഭംഗിയുള്ളതും ഫല സമൃദ്ധിയുള്ളതും പരിമളം പരത്തുന്നതും ഹർഷോന്മാദജനകമായ സുഖാനുഭൂതി പകരുന്നതുമായ ഒരു ഉദ്യാനം പോലെയായിരുന്നു. അവളുടെ രാഗം ഏതു പുരുഷനും പ്രാപ്യമായിരുന്നില്ല. കാരണം അവൾ യഥാർഥ ഉടമയ്ക്കു മാത്രം പ്രവേശനം അനുവലദിക്കുന്നതും സ്വാഗതാർഹരല്ലാത്തവർക്കെതിരെ “കെട്ടി അടച്ചതും ആയ ഒരു തോട്ടം”പോലെ പരിശുദ്ധ ആയിരുന്നു. ധാർമിക നെറിവിലും വിശ്വസ്തതയിലും ശൂലേമ്യബാലിക ഇതുവരെ വിവാഹം ചെയ്തിട്ടില്ലാത്ത ഇന്നുള്ള ക്രിസ്തീയ സ്ത്രീകൾക്ക് ഒരു ശ്രേഷ്ഠ മാതൃക വെച്ചു.
“യാഹിൻ ജ്വാല”
6:4-8:14 വരെ വായിക്കുക. കന്യകയുടെ സൗന്ദര്യത്തെ ശലോമോൻ പ്രകീർത്തിച്ചു. പക്ഷെ അവൾ അവനെ തിരസ്കരിക്കുകയും ഇടയനോടുള്ള തന്റെ ഗാഢാനുരാഗം പ്രഖ്യാപിക്കുകുയം ചെയ്തു. അവളുടെ സ്നേഹം നേടിയെടുക്കാൻ കഴിയാതെ ശലോമോൻ അവളെ വീട്ടിലേക്ക് വിട്ടയക്കുന്നു. സ്ഥിരത തെളിയിച്ച പക്വമതിയായ ഒരു സ്ത്രീയായി അവൾ തന്റെ പ്രിയനോടൊപ്പം ശൂലേമിലേക്കു മടങ്ങിപ്പോയി. അവൾക്കും ആട്ടിടയനും മദ്ധ്യേയുണ്ടായിരുന്ന സ്നേഹം മരണംപോലെ ശക്തവും അതിന്റെ ജ്വലനം “യാഹിൻ ജ്വാലപോലെയും ആയിരുന്നു.”
◆6:4—“മനോഹര നഗരം” ഏതായിരുന്നു?
ഈ പ്രയോഗത്തെ “മനോഹാര്യത, ആനന്ദപൂർവകത” എന്നെല്ലാം അർത്ഥം വരുന്ന “തിർസ്സാ” എന്ന് രേഖപ്പെടുത്താവുന്നതാണ്. യിസ്രായേലിന്റെ വടക്കേ രാജ്യത്തിന്റെ ആദ്യ തലസ്ഥാനമായിത്തീർന്നിരുന്ന മനോഹാര്യതക്ക് കീർത്തി നേടിയിരുന്ന ഒരു നഗരം ആയിരുന്നു ഇത്.—1 രാജാക്കൻമാർ 14:7; 16:5, 6, 8, 15.
◆7:4—കന്യകയുടെ കഴുത്ത് “ദന്തഗോപുരം” പോലെ ആയിരിക്കുന്നതെങ്ങനെ?
അതിന് ദന്തത്തിന്റെ മിനുസ്സവും ഗോപുരത്തിന്റെ മെലിവും ഉണ്ടായിരുന്നു. മുൻപ് “ദാവീദിന്റെ ഗോപുരത്തോട്, ഒരുപക്ഷേ, യെരൂശലേമിന്റെ കിഴക്കേ മതിലിങ്കലുള്ള രാജഗൃഹത്തിന്റെ ഗോപുരത്തോട് അവളുടെ കഴുത്ത് സാദൃശ്യപ്പെടുത്തപ്പെട്ടിരുന്നു. അതിൻമേൽ “വീരൻമാരുടെ ആയിരം പരിചകൾ തൂക്കിയിട്ടിരിക്കുന്നു.” അത് സൂചിപ്പിക്കുന്നത് ശൂലേം കന്യകയുടെ പ്രൗഢമായ കഴുത്ത് വൃത്താഭരണങ്ങൾ കോർത്ത മാല കൊണ്ട് സുന്ദരമാക്കിയിരിക്കുന്നുവെന്നാണ്.—4:4; നെഹെമ്യാവ് 3:25-27.
◆8:6-7—“സ്നേഹം മരണത്തോളം ശക്തം” ആയിരിക്കുന്നതെങ്ങനെയാണ്?
മരണം വീഴ്ച വരുത്താതെ പാപികളായ മനുഷ്യരുടെ ജീവൻ അപഹരിച്ചിരിക്കുന്നു. യഥാർത്ഥ സ്നേഹവും അത്രമാത്രംതന്നെ ശക്തമാണ്. മരിച്ചവരുടെ ജഢം ആവശ്യപ്പെടുന്നതിൽ ഷിയോൾ (ശവക്കുഴി) എത്രത്തോളമോ അത്രത്തോളംതന്നെ കർക്കശമാണ് അനന്യാമായ അനുരാഗം നിഷ്ക്കർഷിക്കുന്നതിൽ അത്തരം സ്നേഹവും. മനുഷ്യരിൽ സ്നേഹിക്കുന്നതിനുള്ള ഈ കഴിവ്, യഹോവയാം ദൈവം വെച്ചിരിക്കെ, ഈ ഗുണം അവനിൽ നിന്ന് പുറപ്പെടുന്നതാകയാൽ അതിനെ വളരെ ഉചിതമായി “യാഹിൻ ജ്വാല” എന്നു നാമകരണം ചെയ്തിരിക്കുന്നു. സമ്പന്നനായ ശലോമോൻ രാജാവിനുപോലും അത്തരം സ്നേഹം വിലയ്ക്കു വാങ്ങാൻ കഴിയുമായിരുന്നില്ല.
നമുക്കുവേണ്ടിയുള്ള പാഠം: ശലോമോൻ രാജാവിന്റെ സന്നിധിയിൽ ശൂലേം കന്യകക്കുണ്ടായ അനുഭവം ഗഹനമായ ഒരു പരിശോധന ആയിരുന്നു. അതിൽ അവൾ വിജയിയായി പുറത്തുവന്നു. സ്വാഗതാർഹരല്ലാത്തവരോ അനാരോഗ്യപ്രദരോ ആയ ആളുകളുടെ മുമ്പാകെ തുറന്നു പോകുന്നത് തടയുന്നതിന് ഒരു ദേവദാരുവിന്റെ സാക്ഷാകൊണ്ട് പൂട്ടേണ്ട അനായാസം വിജാവരിയിൽ തിരിയുന്ന ഒരു വാതിൽ പോലെ അവൾ സ്നേഹത്തിലോ വിശുദ്ധിയിലോ അസ്ഥിര ആയിരുന്നില്ല. ഈ ലോകത്തിന്റെ സകല ഭൗതിക ആകർഷണങ്ങൾക്കുമെതിരെ ഒരു മതിൽപോലെ ഉറച്ചുനിന്നുകൊണ്ട് കന്യക രാജാവിന്റെ എല്ലാ പ്രലോഭനങ്ങൾക്കും മീതെ ജയം പ്രാപിച്ചു. ദൈവത്തിലുള്ള ആശ്രയവും ശൂലേം കന്യകയുടെ ശ്രേഷ്ഠ ഉദാഹരണത്തിന്റെ അനുസ്മരണവും മുഖേന ഇന്ന് ക്രിസ്തീയ സ്ത്രീകൾക്ക് അതുപോലെ യഹോവയുടെ സ്തുതിക്കായി നൻമയുടെ തത്വങ്ങൾക്കുവേണ്ടി ദൃഢനില കാക്കുന്ന വ്യക്തികളെന്നവണ്ണം അവരുടെ ശ്രേഷ്ഠത തെളിയിക്കാൻ കഴിയും.—8:8-10.
സുനിശ്ചിതമായും സ്നേഹം മുഖ്യ പ്രതിപാദ്യം ആക്കി എഴുതിയ ഈ “ഉത്തമഗീതം” യേശുവിനും അവന്റെ സ്വർഗീയ “മണവാട്ടി” ആയിരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവർക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന ബന്ധത്തോടുള്ള നമ്മുടെ വിലമതിപ്പ് വർദ്ധിപ്പിക്കുന്നു. പ്രലോഭനങ്ങളുടെയും പരീക്ഷകളുടെയും മുമ്പാകെ ശൂലേമ്യ ബാലിയുടെയും ആട്ടിടയന്റെയും നിർമലത അനുകരിക്കാൻ ശ്രമിക്കുന്നതിൽ നിന്നും യഹോവയോട് ഭക്തിയുള്ള സകല യുവതിയുവാക്കന്മാർക്കും യുവ ഭാര്യാ ഭർത്താക്കന്മാർക്കും പ്രയോജനം അനുഭവിക്കാൻ കഴിയും. ദൈവവചനത്തിന്റെ ഈ ശ്രേഷ്ഠഭാഗം വിജയപ്രദമായ സ്നേഹത്തിന്റെ ഉറവിടമായ യഹോവയോട് എക്കാലവും വിശ്വസ്തരായിരിക്കാൻ നമ്മെ എല്ലാം പ്രചോദിപ്പിക്കേണ്ടതാണ്.