നിലയ്ക്കാത്ത സ്നേഹം സാധ്യമോ?
“അതിന്റെ (സ്നേഹത്തിന്റെ) ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും (“യാഹിന്റെ ജ്വാലയും,” NW) തന്നേ.”—ഉത്ത. 8:6.
1, 2. ശലോമോന്റെ ഗീതത്തിന്റെ ശ്രദ്ധാപൂർവമുള്ള ഒരു പഠനത്തിൽനിന്ന് ആർക്കെല്ലാം പ്രയോജനം നേടാം, എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
‘അന്യോന്യം നോക്കുമ്പോൾ എന്തൊരു തിളക്കമാണ് അവരുടെ കണ്ണുകൾക്ക്. എത്ര ആർദ്രതയോടെയാണ് അവർ കരങ്ങൾ ചേർത്തു പിടിച്ചിരിക്കുന്നത്. അവർ അനുരാഗബദ്ധരാണെന്ന് ആർക്കും മനസ്സിലാകും!’ അൽപനേരംമുമ്പ് അവരുടെ വിവാഹശുശ്രൂഷ നിർവഹിച്ച സഭാമൂപ്പന്റെ മനസ്സിലൂടെ കടന്നുപോയതാണ് ആ ചിന്തകൾ. വിവാഹസത്കാരവേളയിൽ മന്ദമായി നടന്നുനീങ്ങുന്ന ആ നവമിഥുനങ്ങളെ നോക്കിനിൽക്കെ അദ്ദേഹം ഓർത്തു: ‘ഈ ദാമ്പത്യം കാലത്തിന്റെ പരിശോധനകളെ അതിജീവിക്കുമോ? വർഷങ്ങൾ പിന്നിടവെ അവരുടെ സ്നേഹബന്ധം ആഴമുള്ളതായിത്തീരുമോ? അതോ കുറെക്കഴിയുമ്പോൾ അവരുടെ സ്നേഹം ചിറകുവെച്ച് പറന്നകലുമോ? ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള സ്നേഹം അചഞ്ചലമായിനിന്ന് കാലത്തെ അതിജീവിക്കുമ്പോൾ ആ സ്നേഹബന്ധത്തിന്റെ മാറ്റ് വർധിക്കുന്നു. പക്ഷേ പല വിവാഹബന്ധങ്ങളും പാതിവഴിയിൽ തകർന്നുവീഴുന്നത് ഇന്നൊരു പതിവു കാഴ്ചയാണ്. അതുകൊണ്ടുതന്നെ, നിലയ്ക്കാത്ത സ്നേഹം സാധ്യമാണോ എന്ന ചോദ്യം ഇക്കാലത്ത് ഏറെ പ്രസക്തമാണ്.
2 പുരാതന ഇസ്രായേലിലെ ശലോമോൻ രാജാവിന്റെ കാലത്തുപോലും യഥാർഥസ്നേഹം വിരളമായിരുന്നു. തന്റെ നാളിലെ സമൂഹത്തിന്റെ സദാചാര പശ്ചാത്തലത്തെക്കുറിച്ച് ശലോമോൻ അഭിപ്രായപ്പെട്ടത്, “ആയിരംപേരിൽ (“നേരുള്ള,” ന്യൂ ഇൻഡ്യ ഭാഷാന്തരം) ഒരു പുരുഷനെ ഞാൻ കണ്ടെത്തി എങ്കിലും ഇത്രയും പേരിൽ ഒരു സ്ത്രീയെ കണ്ടെത്തിയില്ല” എന്നായിരുന്നു. അവൻ ഇങ്ങനെ തുടർന്നു: “ഒരു കാര്യം മാത്രം ഞാൻ കണ്ടിരിക്കുന്നു: ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു.” (സഭാ. 7:26-29) ബാലാരാധകരായിരുന്ന വിജാതീയ സ്ത്രീകളുടെ ദുസ്സ്വാധീനം നിമിത്തം അക്കാലത്ത് സദാചാരമൂല്യങ്ങൾ കുത്തനെ ഇടിഞ്ഞുപോയിരുന്നു. അതുകൊണ്ട് നല്ല ധാർമികനിലയുള്ള ഒരു സ്ത്രീയെയോ പുരുഷനെയോ കണ്ടെത്തുക ശലോമോന് ബുദ്ധിമുട്ടായിരുന്നു.a എങ്കിലും, ഒരു സ്ത്രീക്കും പുരുഷനും ഇടയിൽ നിലയ്ക്കാത്ത സ്നേഹം സാധ്യമാണെന്ന് അന്നേക്ക് രണ്ടു പതിറ്റാണ്ടു മുമ്പ് താൻ രചിച്ച ഉത്തമഗീതത്തിൽ അവൻ വ്യക്തമാക്കുന്നു. സുന്ദരമായ ആ കാവ്യചിത്രം, എന്താണ് യഥാർഥ സ്നേഹം, അത് എങ്ങനെ പ്രകടിപ്പിക്കാനാകും എന്നെല്ലാം വരച്ചുകാട്ടുന്നു. ഈ ബൈബിൾപ്പുസ്തകത്തിന്റെ ശ്രദ്ധാപൂർവമുള്ള പഠനത്തിൽനിന്ന് യഹോവയുടെ ആരാധകരായ വിവാഹിതർക്കും അവിവാഹിതർക്കും അത്തരം സ്നേഹം സംബന്ധിച്ച് നിരവധി കാര്യങ്ങൾ പഠിക്കാനാകും.
യഥാർഥസ്നേഹം സാധ്യം!
3. ഒരു പുരുഷനും സ്ത്രീക്കും ഇടയിൽ യഥാർഥസ്നേഹം സാധ്യമായിരിക്കുന്നത് എന്തുകൊണ്ട്?
3 ഉത്തമഗീതം 8:6 വായിക്കുക. സ്നേഹത്തെ വർണിക്കാനായി ഉപയോഗിച്ചിരിക്കുന്ന “ദിവ്യജ്വാല” അഥവാ “യാഹിന്റെ ജ്വാല” (NW) എന്നത് അർഥസമ്പുഷ്ടമായ ഒരു പദപ്രയോഗമാണ്. യഥാർഥസ്നേഹത്തിന്റെ പ്രഭവകേന്ദ്രം യഹോവയായതുകൊണ്ട് അത്തരം സ്നേഹത്തെ “യാഹിന്റെ ജ്വാല” എന്നു വിളിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്. സ്നേഹിക്കാനുള്ള പ്രാപ്തിയോടെ തന്റെ സ്വരൂപത്തിലാണ് അവൻ മനുഷ്യനെ സൃഷ്ടിച്ചത്. (ഉല്പ. 1:26, 27) ആദ്യമനുഷ്യനായ ആദാമിന് ആദ്യസ്ത്രീയായ ഹവ്വായെ യഹോവ സമ്മാനിച്ചപ്പോൾ ആദാമിന്റെ അധരങ്ങളിൽ ആദ്യത്തെ അനുരാഗകവിത വിരിഞ്ഞു. ഹവ്വായ്ക്കും ആദാമിനോട് അഗാധമായ അടുപ്പം തോന്നി എന്നതിന് സംശയമില്ല. കാരണം, ‘അവളെ എടുത്തത്’ അവനിൽനിന്നായിരുന്നു. (ഉല്പ. 2:21-23) സ്നേഹിക്കാനുള്ള പ്രാപ്തി യഹോവ മനുഷ്യർക്ക് നൽകിയിരിക്കുന്നതുകൊണ്ട് ഒരു പുരുഷനും സ്ത്രീക്കും അചഞ്ചലവും അറ്റുപോകാത്തതും ആയ നിത്യസ്നേഹത്തിൽ തുടരുക സാധ്യമാണ്.
4, 5. ഉത്തമഗീതത്തിന്റെ കഥാസംഗ്രഹം സ്വന്തം വാക്കുകളിൽ പറയുക.
4 നിലയ്ക്കാത്തതും നിലനിൽക്കുന്നതും ആയിരിക്കുന്നതിനു പുറമേ, സ്ത്രീപുരുഷ സ്നേഹത്തിന് മറ്റു ചില സവിശേഷതകളുമുണ്ട്. അവയിൽച്ചിലത് ഉത്തമഗീതത്തിൽ ശലോമോൻ മനോഹരമായി വരച്ചിട്ടിരിക്കുന്നു. ഒരു സംഗീതനാടകത്തെ അനുസ്മരിപ്പിക്കുന്ന ശൈലിയിൽ രചിച്ചിരിക്കുന്ന ഈ ലഘുകാവ്യം, ശൂനേം (ശൂലേം) ഗ്രാമത്തിൽനിന്നുള്ള ഒരു പെൺകൊടിയും അവളുടെ പ്രിയതമനായ ആട്ടിടയനും തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്നതാണ്. അവൾ ഒരു മുന്തിരിത്തോപ്പിൽ കാവൽ നിൽക്കുകയായിരുന്നു. അവിടെയടുത്ത് കൂടാരമടിച്ചിരുന്ന ശലോമോൻ രാജാവ് ആ പെൺകൊടിയുടെ അഴകിൽ മയങ്ങി, അവളെ ആളയച്ച് കൂടാരത്തിലേക്ക് കൊണ്ടുപോയി. എങ്കിലും ഇടയനുമായി അവൾ പ്രണയത്തിലാണെന്ന് ആദ്യംമുതൽതന്നെ വ്യക്തമാകുന്നുണ്ട്. ശലോമോൻ അവളുടെ സ്നേഹം പിടിച്ചുവാങ്ങാൻ ശ്രമിക്കുമ്പോൾ, അവൾ വഴങ്ങുന്നില്ല. പകരം തന്റെ പ്രിയനോടൊപ്പമായിരിക്കാനുള്ള അതിയായ ആഗ്രഹം അവൾ നിർഭയം രാജാവിനെ അറിയിക്കുന്നു. (ഉത്ത. 1:4-14) ഇടയച്ചെറുക്കൻ രാജാവിന്റെ പാളയത്തിൽ നുഴഞ്ഞു കയറി തന്റെ പ്രിയതമയുടെ അടുത്തെത്തുമ്പോൾ അവരുടെ സ്നേഹത്തിന്റെ ആഴം വെളിപ്പെടുത്തുന്ന മധുരമനോഹരമായ വാക്കുകൾ അവരുടെ അധരങ്ങളിൽനിന്ന് പൊഴിയുന്നു.—ഉത്ത. 1:15-17.
5 ശൂലേംകാരത്തിയെയുംകൊണ്ട് ശലോമോൻ യെരുശലേമിലേക്ക് മടങ്ങി. ഇടയച്ചെറുക്കൻ അവരെ പിന്തുടരുന്നു. (ഉത്ത. 4:1-5, 8, 9) അവളുടെ ഹൃദയംകവരാനുള്ള ശലോമോന്റെ സകല ശ്രമങ്ങളും നിഷ്ഫലമായി. (ഉത്ത. 6:4-7; 7:1-10) ഒടുവിൽ, വീട്ടിലേക്ക് തിരികെപ്പോകാൻ രാജാവ് അവളെ അനുവദിക്കുന്നു. ഒരു ‘ചെറുമാനിനെപ്പോലെ’ തന്റെ പ്രിയതമൻ തന്റെ അടുക്കലേക്ക് കുതിച്ചെത്തിയിരുന്നെങ്കിൽ എന്ന് യുവതി ആഗ്രഹിക്കുന്നിടത്ത് ഈ കാവ്യശില്പം പൂർണമാകുന്നു.—ഉത്ത. 8:14.
6. ഈ കാവ്യനാടകത്തിലെ ഓരോ സംഭാഷണവും ഏതു കഥാപാത്രത്തിന്റേതാണെന്ന് തിരിച്ചറിയുക ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്?
6 അർഥസമ്പുഷ്ടവും അതിമനോഹരവും ആയ ഒരു കലാസൃഷ്ടിയാണ് ശലോമോന്റെ “ഉത്തമഗീതം.” (ഉത്ത. 1:1) എങ്കിലും ഓരോ സംഭാഷണശകലവും ആത്മഗതവും സ്വപ്നവർണനയും ഏതു കഥാപാത്രത്തിന്റേതാണെന്ന് എല്ലായിടത്തും കവി വെളിപ്പെടുത്തുന്നില്ല. ഒരു ബൈബിൾ നിഘണ്ടു പറയുന്ന പ്രകാരം, “കഥ, കഥാവിവരണം, കഥാപാത്രങ്ങൾ, സംഭവക്രമം എന്നിവയ്ക്കൊന്നുമല്ല മുഖ്യപ്രാധാന്യം.” ഈ ഭാവഗാനത്തിന്റെ ഭാഷയ്ക്കും കാവ്യഭംഗിക്കും കോട്ടംതട്ടാതിരിക്കാൻ ആയിരുന്നിരിക്കണം സംഭാഷണങ്ങൾ ആരുടേതാണെന്ന് നേരിട്ട് പറയാതെ വിട്ടിരിക്കുന്നത്. എങ്കിലും ആരൊക്കെ, ആരോട്, എന്തൊക്കെ പറയുന്നു എന്ന് ഓരോരുത്തരുടെയും സംഭാഷണത്തിൽനിന്ന് ഊഹിക്കാവുന്നതേയുള്ളൂ.b
‘നിന്റെ പ്രേമ(പ്രകടനങ്ങൾ) വീഞ്ഞിലും രസകരമാകുന്നു’
7, 8. ഉത്തമഗീതത്തിൽ ഉടനീളം കാണുന്ന “പ്രേമ”പ്രകടനങ്ങൾ അഥവാ ‘സ്നേഹപ്രകടനങ്ങൾ’ സംബന്ധിച്ച് എന്തു പറയാനാകും? ഉദാഹരണങ്ങൾ പറയുക.
7 ശൂലേംകാരത്തിപ്പെണ്ണിന്റെയും ആട്ടിടയന്റെയും “പ്രേമം” അഥവാ ‘സ്നേഹപ്രകടനങ്ങൾ’ ഉത്തമഗീതത്തിൽ എവിടെയും ദൃശ്യമാണ്. 3,000 വർഷങ്ങൾക്കു മുമ്പുള്ള പൗരസ്ത്യദേശത്തിന്റെ പശ്ചാത്തലത്തിൽവേണം ആ ‘സ്നേഹപ്രകടനങ്ങളെ’ നാം നോക്കിക്കാണാൻ. അവയിൽ പലതും ഇക്കാലത്തെ വായനക്കാർക്ക് അപരിചിതവും വിചിത്രവും ആയി തോന്നിയേക്കാം. എന്നിരുന്നാലും, അവയെല്ലാം അർഥപൂർണമാണെന്നു മാത്രമല്ല അവർ പ്രകടിപ്പിക്കുന്ന വികാരങ്ങൾ അടിസ്ഥാനപരമായി നമുക്കാർക്കും അന്യവുമല്ല. ദൃഷ്ടാന്തത്തിന്, ഇടയൻ ആ കന്യകയുടെ ശാലീനസുന്ദരമായ മിഴികളെ ‘പ്രാവിൻകണ്ണുകളോട്’ ഉപമിച്ചു. (ഉത്ത. 1:15) അവളാകട്ടെ പ്രിയതമന്റെ കണ്ണുകളെ പ്രാവിൻകണ്ണുകളോടല്ല, പ്രാവുകളോടുതന്നെയാണ് ഉപമിച്ചത്. (ഉത്തമഗീതം 5:12 വായിക്കുക.) അവന്റെ കണ്ണിലെ വെള്ളയ്ക്കു നടുവിലെ കൃഷ്ണമണി പാൽക്കുളത്തിൽ മുങ്ങിക്കുളിക്കുന്ന പ്രാവിനെപ്പോലെ സുന്ദരമാണെന്ന് അവൾക്കു തോന്നി.
8 ഈ ഗീതത്തിലെ സ്നേഹപ്രകടനങ്ങളുടെ വർണനകളെല്ലാം ശാരീരിക സൗന്ദര്യത്തിലേക്കുമാത്രം ശ്രദ്ധ ക്ഷണിക്കുന്നവയല്ല. തന്റെ പ്രതിശ്രുതവധുവിന്റെ സംസാരത്തെക്കുറിച്ച് ആട്ടിടയൻ പറയുന്നത് ശ്രദ്ധിക്കുക. (ഉത്തമഗീതം 4:7, 11 വായിക്കുക.) “നിന്റെ അധരം തേൻകട്ട പൊഴിക്കുന്നു.” എന്താണ് അതിന്റെ അർഥം? തേൻകട്ടയിൽനിന്ന് അഥവാ തേൻകൂടിൽനിന്ന് നേരിട്ടെടുക്കുന്ന തേനിന് പിഴിഞ്ഞ് മാറ്റിവെച്ച തേനിനെക്കാൾ സുഗന്ധവും മധുരവും ഏറും. “നിന്റെ നാവിൻ കീഴിൽ തേനും പാലും ഉണ്ട്” എന്നു പറയുമ്പോൾ അവളുടെ സംസാരം പാലും തേനും പോലെ ഹൃദ്യവും മധുരവും ആണെന്നാണ് അവൻ പറയുന്നത്. “എന്റെ പ്രിയേ, നീ സർവ്വാംഗസുന്ദരി; നിന്നിൽ യാതൊരു ഊനവും ഇല്ല” എന്നു പറയുമ്പോൾ ശാരീരിക സൗന്ദര്യത്തെ മാത്രമല്ല അവൻ ഉദ്ദേശിച്ചതെന്ന് വ്യക്തം.
9. (എ) ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്ത്? (ബി) ദമ്പതികൾക്കിടയിൽ സ്നേഹപ്രകടനങ്ങൾ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
9 സ്നേഹവും ആർദ്രവികാരങ്ങളും ഒന്നുമില്ലാത്ത കേവലമൊരു കരാറോ ഔപചാരിക ഉടമ്പടിയോ അല്ല വിവാഹക്രമീകരണം. വാസ്തവത്തിൽ സ്നേഹം ക്രിസ്തീയ വിവാഹത്തിന്റെ മുഖമുദ്രയാണ്. എന്നാൽ ചോദ്യമിതാണ്: ഏതുതരം സ്നേഹം? ബൈബിൾതത്ത്വങ്ങളിൽ അധിഷ്ഠിതമായ സ്നേഹമാണോ അത്? (1 യോഹ. 4:8) അതിൽ കുടുംബാംഗങ്ങൾ തമ്മിലുള്ള സഹജസ്നേഹം ഉൾപ്പെടുമോ? ആത്മാർഥ സുഹൃത്തുക്കൾക്കിടയിൽ കാണാൻ കഴിയുന്ന ഊഷ്മളവും ആർദ്രവുമായ അടുപ്പം ഇതിൽപ്പെടുമോ? (യോഹ. 11:3) അത് അനുരാഗമാണോ? (സദൃ. 5:15-20) ദമ്പതികൾക്കിടയിൽ വേണ്ട നിഷ്കപടവും നിലയ്ക്കാത്തതുമായ സ്നേഹത്തിൽ ഇവയെല്ലാം ഉൾപ്പെടുന്നു എന്നതാണ് വാസ്തവം! സ്നേഹം പ്രകടിപ്പിക്കുമ്പോഴാണ് ഏറ്റവും നന്നായി അത് അനുഭവവേദ്യമാകുന്നത്. അന്യോന്യമുള്ള സ്നേഹപ്രകടനങ്ങൾക്ക് ഒട്ടും സമയം കിട്ടാത്തവിധം ഭാര്യാഭർത്താക്കന്മാർ നിത്യജീവിതത്തിന്റെ തിരക്കുകളിൽ മുങ്ങിപ്പോകാതെ ശ്രദ്ധിക്കേണ്ടത് വളരെ ഗൗരവം അർഹിക്കുന്ന കാര്യമാണ്! വിവാഹബന്ധത്തിൽ സന്തുഷ്ടിയും സുരക്ഷിതബോധവും ആസ്വദിക്കാനാകണമെങ്കിൽ അത്തരം സ്നേഹപ്രകടനങ്ങൾ കൂടിയേ തീരൂ. ചില സംസ്കാരങ്ങളിൽ വിവാഹങ്ങൾ മാതാപിതാക്കൾ ആലോചിച്ചുറപ്പിക്കുന്ന രീതിയാണ് ഉള്ളത്. വരനും വധുവിനും കല്യാണദിവസംവരെ പരസ്പരം അത്ര പരിചയമൊന്നും കണ്ടെന്നുവരില്ല. അത്തരം സാഹചര്യങ്ങളിൽ, സ്നേഹം വളരുന്നതിനും ദാമ്പത്യം പരിപുഷ്ടിപ്പെടുന്നതിനും, വിവാഹശേഷം സ്നേഹം വാക്കുകളിൽ പ്രകടിപ്പിക്കാൻ ദമ്പതികൾ ബോധപൂർവമുള്ള ശ്രമം നടത്തേണ്ടത് പ്രധാനമാണ്.
10. “പ്രേമ”പ്രകടനങ്ങളുടെ മധുരസ്മരണകൾക്ക് വിവാഹബന്ധത്തെ എങ്ങനെ ബലിഷ്ഠമാക്കാനാകും?
10 ഭാര്യാഭർത്താക്കന്മാർക്കിടയിലുള്ള സ്നേഹപ്രകടനങ്ങൾക്ക് മറ്റൊരു പ്രയോജനം കൂടിയുണ്ട്. “വെള്ളിമണികളോടുകൂടിയ സുവർണ്ണസരപ്പളി ഉണ്ടാക്കിത്തരാം” എന്നു പറഞ്ഞ് ശലോമോൻ രാജാവ് ശൂലേംകാരത്തിപ്പെണ്ണിനെ പ്രലോഭിപ്പിച്ചു. “ചന്ദ്രനെപ്പോലെ സൌന്ദര്യവും സൂര്യനെപ്പോലെ നിർമ്മലതയും” ഉള്ളവൾ എന്നു വിളിച്ചുകൊണ്ട് രാജാവ് അവളെ വാനോളം പുകഴ്ത്തി. (ഉത്ത. 1:9-11; 6:10) പക്ഷേ രാജാവിന്റെ ചക്കരവാക്കുകളിൽ വീഴാതെ തന്റെ പ്രിയനായ ഇടയച്ചെറുക്കനോടുള്ള വിശ്വസ്തത അവൾ മുറുകെപ്പിടിച്ചു. അകന്നുകഴിയേണ്ടിവന്നപ്പോൾ അവളെ ആശ്വസിപ്പിക്കുകയും പിടിച്ചുനിൽക്കാൻ സഹായിക്കുകയും ചെയ്തത് എന്താണ്? അവൾ പറയുന്നത് നോക്കുക. (ഉത്തമഗീതം 1:2, 3 വായിക്കുക.) ഇടയന്റെ “പ്രേമ”പ്രകടനങ്ങളുടെ മധുരസ്മരണകളായിരുന്നു അവളെ സഹായിച്ചത്. അവന്റെ സ്നേഹപ്രകടനങ്ങളും വാക്കുകളും “വീഞ്ഞിലും രസകര”മായും അവന്റെ ‘നാമം സൌരഭ്യമായ, പകർന്ന തൈലംപോലെയും’ അവൾക്ക് അനുഭവപ്പെട്ടു. (സങ്കീ. 23:5; 104:15) അതെ, വാക്കാലും നോക്കാലും പ്രവർത്തനങ്ങളാലും പ്രകടിപ്പിക്കപ്പെട്ട സ്നേഹത്തിന്റെ മധുരസ്മരണകളാണ് നിലയ്ക്കാത്ത സ്നേഹത്തിന്റെ രഹസ്യം. ഭാര്യാഭർത്താക്കന്മാർ കൂടെക്കൂടെ, അന്യോന്യം സ്നേഹപ്രകടനങ്ങൾ നടത്തേണ്ടത് എത്ര പ്രധാനമാണ്!
‘പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഉണർത്തരുത്’
11. പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഉണർത്തരുതെന്ന് ശൂലേംകന്യ നിശ്ചയദാർഢ്യത്തോടെ പറഞ്ഞതിൽനിന്ന് അവിവാഹിതക്രിസ്ത്യാനികൾക്ക് എന്തു പഠിക്കാം?
11 അവിവാഹിതരായ ക്രിസ്ത്യാനികൾക്ക്, വിശേഷിച്ചും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നവർക്ക് പ്രയോജനം ചെയ്യുന്ന ചില നല്ല പാഠങ്ങളും ശലോമോന്റെ ഉത്തമഗീതത്തിലുണ്ട്. ശൂലേംകന്യക്ക് ശലോമോനോട് എന്തെങ്കിലും അടുപ്പമോ അനുരാഗമോ തോന്നിയില്ല. യെരുശലേം പുത്രിമാരായ അന്തഃപുരസ്ത്രീകളോട് നിശ്ചയദാർഢ്യത്തോടെ അവൾ പറഞ്ഞു: “പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു, ഉണർത്തുകയുമരുത്.” (ഉത്ത. 2:7; 3:5) എന്തുകൊണ്ട്? കാരണം കണ്ണിൽക്കാണുന്ന ആരോടും പ്രണയബന്ധം വളർത്തിയെടുക്കുന്നത് അപക്വവും അനുചിതവും ആയതുകൊണ്ടുതന്നെ! അതുകൊണ്ട്, വിവാഹത്തെക്കുറിച്ച് ഗൗരവത്തോടെ ചിന്തിക്കുന്ന ഒരു ക്രിസ്ത്യാനി തനിക്ക് യഥാർഥമായും സ്നേഹിക്കാൻ കഴിയുന്ന ഒരാളെ കണ്ടെത്തുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുന്നതാണ് ബുദ്ധി.
12. ശൂലേമ്യപെൺകൊടി എന്തുകൊണ്ടാണ് ആട്ടിടയനെ സ്നേഹിച്ചത്?
12 ശൂലേമ്യപെൺകൊടി എന്തുകൊണ്ടാണ് ആട്ടിടയനെ സ്നേഹിച്ചത്? അവൻ “ചെറുമാനി”നെപ്പോലെ സുന്ദരനും അവന്റെ കൈകൾ ‘സ്വർണദണ്ഡുകൾ’ പോലെ കരുത്തുറ്റതും അവന്റെ കാലുകൾ “വെൺകൽത്തൂണുകൾ” പോലെ ശക്തവും മനോഹരവും ആയിരുന്നു എന്നത് നേരാണ്. എന്നാൽ അവൻ സുമുഖനും ദൃഢഗാത്രനും മാത്രമല്ല ആയിരുന്നത്. “വനവൃക്ഷങ്ങൾക്കിടയിൽ ആപ്പിൾമരം പോലെ”യായിരുന്നു ‘യുവാക്കന്മാരുടെ മധ്യത്തിൽ അവളുടെ പ്രാണപ്രിയൻ.’ യഹോവയുടെ വിശ്വസ്തദാസിയായ ഒരു പെൺകുട്ടിക്ക് ഒരു പുരുഷനെക്കുറിച്ച് ഇങ്ങനെ തോന്നണമെങ്കിൽ അയാൾ തീർച്ചയായും ആത്മീയമനസ്കൻ ആയിരുന്നിരിക്കണം.—ഉത്ത. 2:3, 9 പി.ഒ.സി; 5:14, 15, ന്യൂ ഇൻഡ്യ ഭാഷാന്തരം.
13. ആട്ടിടയൻ ശൂലേംകന്യയെ സ്നേഹിച്ചത് എന്തുകൊണ്ട്?
13 ശൂലേമ്യപെൺകൊടിയുടെ കാര്യമോ? അന്ന് “അറുപതു രാജ്ഞികളും എൺപതു വെപ്പാട്ടികളും അസംഖ്യം കന്യകമാരും” അന്തഃപുരത്തിലുണ്ടായിരുന്ന ഒരു രാജാവിന്റെ മനംകവരാൻപോന്ന സൗന്ദര്യം ആ തരുണിക്ക് ഉണ്ടായിരുന്നെങ്കിലും “താഴ്വരകളിലെ താമരപ്പൂ” പോലെ ഒരു തനി നാടൻ പെൺകുട്ടിയായിട്ടാണ് അവൾ സ്വയം വിലയിരുത്തിയത്. മനോവിനയവും താഴ്മയും ഉണ്ടായിരുന്ന ഒരു ശാലീനസുന്ദരിയായിരുന്നു അവൾ എന്ന് വ്യക്തം. ഇടയന്മാർക്ക് സുപരിചിതമായിരുന്ന ‘മുള്ളുകളുടെ ഇടയിലെ താമരപോലെ’ ആയിരുന്നു അവൾ! അതെ, ശൂലേംകന്യ യഹോവയോട് വിശ്വസ്തയായിരുന്നു.—ഉത്ത. 2:1, 2; 6:8.
14. ഉത്തമഗീതത്തിലെ സ്നേഹത്തെക്കുറിച്ചുള്ള വർണന വിവാഹംകഴിക്കാൻ ആഗ്രഹിക്കുന്ന ക്രിസ്ത്യാനികൾക്ക് എന്തു പാഠം പകർന്നു നൽകുന്നു?
14 “കർത്താവിൽ മാത്രമേ വിവാഹം കഴിക്കാവൂ” എന്ന ശക്തമായ ബുദ്ധിയുപദേശം തിരുവെഴുത്തുകൾ നൽകുന്നു. (1 കൊരി. 7:39) വിവാഹംകഴിക്കാൻ ആഗ്രഹിക്കുന്ന ഒരു ക്രിസ്ത്യാനി അവിശ്വാസികളുമായുള്ള പ്രേമബന്ധങ്ങളിൽ ചെന്നുചാടാതിരിക്കാൻ സൂക്ഷിക്കുകയും യഹോവയുടെ വിശ്വസ്തരായ ആരാധകർക്കിടയിൽനിന്ന് മാത്രം ഇണയെ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യും. മാത്രവുമല്ല, വിവാഹത്തിൽ സമാധാനവും ആത്മീയകാര്യങ്ങളിലുള്ള ഐക്യവും നിലനിറുത്തിക്കൊണ്ട് ജീവിതയാഥാർഥ്യങ്ങളെ നേരിടാനാകണമെങ്കിൽ ദൈവത്തിലുള്ള ശക്തമായ വിശ്വാസവും അവനോടുള്ള ഭക്തിയും ആവശ്യമാണ്. കല്യാണംകഴിക്കാൻ ആഗ്രഹിക്കുമ്പോൾ അത്തരം ഗുണങ്ങൾ വളർത്തിയെടുത്തിട്ടുള്ളവരെ വേണം അന്വേഷിക്കാൻ. ഉത്തമഗീതത്തിലെ ഇടയനും യുവതിയും പരസ്പരം കണ്ടെത്തിയതും ഈ ആത്മീയ ഗുണങ്ങൾതന്നെയാണ്.
എന്റെ മണവാട്ടി “കെട്ടി അടെച്ചിരിക്കുന്ന ഒരു തോട്ടം”
15. ദൈവഭക്തരായ അവിവാഹിത ക്രിസ്ത്യാനികൾക്ക് ശൂലേംകന്യക മാതൃകയായിരിക്കുന്നത് എങ്ങനെ?
15 ഉത്തമഗീതം 4:12 വായിക്കുക. ഇടയൻ തന്റെ പ്രിയതമയെ “കെട്ടി അടെച്ചിരിക്കുന്ന ഒരു തോട്ടം” എന്ന് വർണിക്കുന്നത് എന്തുകൊണ്ടാണ്? വേലിയോ മതിലോ ഉള്ള ഒരു ഉദ്യാനത്തിൽ പൊതുജനത്തിന് പ്രവേശനം ഉണ്ടായിരിക്കുകയില്ല. താഴിട്ട് പൂട്ടിയിരിക്കുന്ന ഒരു കവാടം അതിന് ഉണ്ടായിരിക്കും. അതിലൂടെ മാത്രമേ ഉള്ളിലേക്ക് പ്രവേശനം ലഭ്യമായിരിക്കയുള്ളൂ. ശൂലേംകാരത്തി അത്തരം ഒരു തോട്ടം പോലെയാണ്. കാരണം അവളുടെ പ്രതിശ്രുതവരനായ ആട്ടിടയനു മാത്രമായിരുന്നു അവളുടെ ഹൃദയത്തിലേക്ക് പ്രവേശനമുണ്ടായിരുന്നത്. അവളുടെ സ്നേഹം അവനു മാത്രമായിരുന്നു. രാജാവിന്റെ വശീകരണശ്രമങ്ങൾക്കൊന്നും വഴിപ്പെടാതെ ഉറപ്പുള്ള ഒരു “മതിൽ” ആണ് താനെന്ന് അവൾ തെളിയിച്ചു. അതെ, ആരുടെ മുന്നിലും മലർക്കെത്തുറക്കുന്ന “ഒരു വാതിൽ” ആയിരുന്നില്ല അവൾ. (ഉത്ത. 8:8-10) സമാനമായി, ദൈവഭക്തരായ അവിവാഹിത ക്രിസ്ത്യാനികൾ തങ്ങളുടെ പ്രണയാനുരാഗങ്ങൾ ഭാവി ഇണയ്ക്കായി മാത്രം മാറ്റിവെക്കുന്നു.
16. വിവാഹനിശ്ചയത്തിനുശേഷം ഒരുമിച്ച് സമയം ചെലവിടുന്ന കാര്യത്തിൽ (കോർട്ട്ഷിപ്പ്) ഉത്തമഗീതത്തിൽനിന്ന് എന്തു പഠിക്കാൻ കഴിയും?
16 ഒരു പൂക്കാലത്ത് പകൽനേരം തന്നോടൊപ്പം ഒന്നു നടക്കാൻ പോരുന്നോ എന്ന് ഇടയൻ ചോദിച്ചപ്പോൾ ശൂലേംകന്യയുടെ ആങ്ങളമാർ അവളെ വിട്ടില്ല. പകരം, പോയി മുന്തിരിത്തോട്ടത്തിന് കാവൽ നിൽക്കാനാണ് അവർ അവളോട് പറഞ്ഞത്. എന്തുകൊണ്ടായിരുന്നു അവർ അങ്ങനെ പ്രതികരിച്ചത്? അവർക്ക് അവളെ വിശ്വാസമില്ലായിരുന്നോ? അവൾക്ക് തെറ്റായ എന്തെങ്കിലും ഉദ്ദേശ്യമുണ്ടായിരുന്നെന്ന് അവർ സംശയിക്കുകയായിരുന്നോ? വാസ്തവത്തിൽ, പ്രലോഭനകരമായ ഒരു സാഹചര്യത്തിൽ തങ്ങളുടെ പെങ്ങൾ ചെന്നുപെടാതിരിക്കാൻ മുൻകരുതൽ എടുക്കുകയായിരുന്നു അവർ. (ഉത്ത. 1:6; 2:10-15) ഇവിടെ അവിവാഹിത ക്രിസ്ത്യാനികൾക്ക് ഒരു പാഠമുണ്ട്: വിവാഹനിശ്ചയാനന്തര കാലയളവിൽ പ്രതിശ്രുതവധൂവരന്മാർ തങ്ങളുടെ ബന്ധം നിർമലമായി കാത്തുസൂക്ഷിക്കാൻ വേണ്ട മുൻകരുതലുകൾ കണിശമായും എടുത്തിരിക്കണം. ആളൊഴിഞ്ഞ എവിടെയെങ്കിലും ഭാവി ഇണയോടൊപ്പം ഒറ്റയ്ക്കായിരിക്കരുത്. ആരുടെയെങ്കിലും കൺവെട്ടത്തായിരിക്കണം അവർ ഒരുമിച്ചായിരിക്കുന്നത്. നിർമലമായ സ്നേഹപ്രകടനങ്ങൾ ഉചിതമായിരുന്നേക്കാമെങ്കിലും പ്രലോഭനകരമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധവേണം.
17, 18. ശലോമോന്റെ ഉത്തമഗീതത്തിന്റെ പരിചിന്തനത്തിൽനിന്ന് നിങ്ങൾ എങ്ങനെ പ്രയോജനം നേടിയിരിക്കുന്നു?
17 ക്രിസ്തീയ ദമ്പതികൾ സാധാരണഗതിയിൽ ദാമ്പത്യത്തിലേക്ക് ചുവടുവെക്കുന്നത് ഹൃദയംനിറഞ്ഞ പരസ്പരപ്രിയത്തോടും സ്നേഹത്തോടും കൂടെയാണ്. എന്നും നിലനിൽക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് യഹോവ വിവാഹക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, ദമ്പതികൾ തങ്ങളുടെ സ്നേഹജ്വാലയെ സദാ ജ്വലിപ്പിച്ചു നിറുത്താൻ പ്രയത്നിക്കുകയും സ്നേഹത്തിന് പൂത്തുലയാൻ പറ്റിയ ഒരു അന്തരീക്ഷം കുടുംബത്തിൽ നിലനിറുത്തുകയും വേണം.—മർക്കോ. 10:6-9.
18 കല്യാണംകഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ആത്മാർഥമായി സ്നേഹിക്കാൻ കഴിയുന്ന ഒരാളെ കണ്ടെത്താൻ നിങ്ങൾ ആഗ്രഹിക്കും. അങ്ങനെ ഒരു ബന്ധത്തിലേക്കു കടന്നാൽപ്പിന്നെ, ഉത്തമഗീതത്തിൽ വരച്ചിട്ടിരിക്കുന്നതുപോലെ ആ സ്നേഹത്തെ കെടുത്താനാകാത്ത ഒരു തീക്ഷ്ണജ്വാലയായി ഉജ്ജ്വലിപ്പിച്ചു നിറുത്താനും നിങ്ങൾ ശ്രദ്ധവെക്കും. ഒരു ഇണയെ തിരയുന്നവരായാലും ശരി, ഇപ്പോൾത്തന്നെ വിവാഹിതരായാലും ശരി “യാഹിന്റെ ജ്വാല”യായ പരിപാവനസ്നേഹം നിങ്ങൾക്കും അനുഭവവേദ്യമാകട്ടെ!—ഉത്ത. 8:6.
b പുതിയ ലോക ഭാഷാന്തരം (ഇംഗ്ലീഷ്) ബൈബിളിൽ ഉത്തമഗീതത്തിന്റെ “ഉള്ളടക്ക ബാഹ്യരേഖ” കാണുക. പേജ് 926-927.