ഭാവിയെക്കുറിച്ച് പ്രതീക്ഷ തരുന്ന പഠിപ്പിക്കലുകൾ
നമ്മളെ കോരിത്തരിപ്പിക്കുന്ന പല മാറ്റങ്ങളും ഉടൻതന്നെ ഉണ്ടാകുമെന്ന് ദൈവം ഉറപ്പുതന്നിരിക്കുന്നു. ദൈവം ഇന്നത്തെ കഷ്ടപ്പാടുകളെല്ലാം മാറ്റും. ഭൂമിയിൽ മനുഷ്യർക്ക് സന്തോഷത്തോടെ ജീവിക്കാൻ കഴിയും. (സങ്കീർത്തനം 37:11) അതു നമുക്കു വിശ്വസിക്കാനാകുമോ? ഉറപ്പായും. കാരണം “നുണ പറയാൻ ദൈവം മനുഷ്യനല്ല.” (സംഖ്യ 23:19) ഭാവിയിൽ നമ്മുടെ സ്രഷ്ടാവ് ചെയ്യാൻപോകുന്ന ചില കാര്യങ്ങൾ കാണാം.
ദൈവം ദുഷ്ടരെ നശിപ്പിക്കും
“ദുഷ്ടന്മാർ പുല്ലുപോലെ മുളച്ചുപൊങ്ങുന്നതും ദുഷ്പ്രവൃത്തിക്കാരെല്ലാം തഴച്ചുവളരുന്നതും എന്നേക്കുമായി നശിച്ചുപോകാനാണ്.”—സങ്കീർത്തനം 92:7.
കഴിഞ്ഞ ലേഖനങ്ങളിൽ കണ്ടതുപോലെ മോശമായ കാര്യങ്ങൾ ഒന്നിനൊന്നു കൂടിക്കൊണ്ടിരിക്കുകയാണ്. അതിൽ ഒട്ടും അതിശയിക്കാനില്ല. കാരണം “അവസാനകാലത്ത്” ആളുകളുടെ സ്വഭാവം തീരെ മോശമായിത്തീരുമെന്ന് ബൈബിളിൽ 2 തിമൊഥെയൊസ് 3:1-5 വരെ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. എന്തിന്റെ അവസാനം? ഇന്നത്തെ ലോകത്തിൽ ദൈവത്തെ അനുസരിക്കാത്ത ആളുകളുടെ അവസാനം. മോശം സ്വഭാവരീതികൾ മാറ്റാൻ മനസ്സുകാണിക്കാത്ത അത്തരം ആളുകളെ ദൈവം പെട്ടെന്നുതന്നെ നശിപ്പിക്കും. പിന്നെ, ദൈവത്തെ അനുസരിക്കുന്ന നല്ല ആളുകൾ മാത്രമേ ഈ ഭൂമിയിൽ ഉണ്ടായിരിക്കുകയുള്ളൂ. “നീതിമാന്മാർ ഭൂമി കൈവശമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.”—സങ്കീർത്തനം 37:29.
ദൈവം സാത്താനെ തകർത്തുകളയും
“സമാധാനം നൽകുന്ന ദൈവം പെട്ടെന്നുതന്നെ സാത്താനെ . . . തകർത്തുകളയും.”—റോമർ 16:20.
സാത്താനും ഭൂതങ്ങളും ഉൾപ്പെടെ എല്ലാ ദുഷ്ടതകളും പൊയ്പോകുമ്പോൾ ഭൂമി സമാധാനംകൊണ്ട് നിറയും. നമ്മുടെ സ്രഷ്ടാവ് ഇങ്ങനെ ഉറപ്പുതരുന്നു: ‘ആരും നിങ്ങളെ പേടിപ്പിക്കില്ല.’—മീഖ 4:4.
രോഗവും മരണവും ദൈവം ഇല്ലാതാക്കും
“ദൈവത്തിന്റെ കൂടാരം മനുഷ്യരുടെകൂടെ. . . . ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല.”—വെളിപാട് 21:3, 4.
സാത്താനും ആദാമും ഹവ്വയും, ഇനി നമ്മുടെതന്നെ അപൂർണതകളും കാരണം ഉണ്ടായ കഷ്ടപ്പാടുകളും രോഗങ്ങളും എല്ലാം ദൈവം ഇല്ലാതാക്കും. പിന്നെ ‘മരണംപോലും ഉണ്ടായിരിക്കില്ല.’ ദൈവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ആളുകൾ എന്നും ജീവിക്കും. എവിടെ ആയിരിക്കും അവർ ജീവിക്കുന്നത്?
നമ്മുടെ സ്രഷ്ടാവ് ഈ ഭൂമിയെ ഒരു പറുദീസയാക്കി മാറ്റും
“വിജനഭൂമിയും വരണ്ടുണങ്ങിയ ദേശവും സന്തോഷിച്ചുല്ലസിക്കും, മരുപ്രദേശം ആനന്ദിച്ച് കുങ്കുമംപോലെ പൂക്കും.”—യശയ്യ 35:1.
ദുഷ്ടതയെല്ലാം ദൈവം നീക്കിക്കളയുമ്പോൾ ഭൂമി ഒരു പറുദീസയാകും. അവിടെ ഭംഗിയുള്ള പാർക്കുകളും തോട്ടങ്ങളും ഉണ്ടായിരിക്കും, എല്ലാവർക്കും മതിവരുവോളം ഭക്ഷണവും. (സങ്കീർത്തനം 72:16) ശുദ്ധമായ സമുദ്രങ്ങളും തടാകങ്ങളും നദികളും ഒക്കെയായിരിക്കും അവിടെ ഉണ്ടായിരിക്കുക. അതിൽ ജീവികൾ നീന്തിത്തുടിക്കും. ‘മലിനീകരണം’ എന്ന വാക്കുതന്നെ ആളുകൾ മറന്നുപോകും. സ്വന്തമായി വീടുകൾ പണിത് ആളുകൾ അതിൽ താമസിക്കും. താമസിക്കാൻ വീടോ കഴിക്കാൻ ഭക്ഷണമോ ഇല്ലെന്ന് ആരും പിന്നെ പറയില്ല.—യശയ്യ 65:21, 22.
ദൈവം മരിച്ചവരെ തിരികെജീവനിലേക്കു കൊണ്ടുവരും
‘പുനരുത്ഥാനം ഉണ്ടാകും.’—പ്രവൃത്തികൾ 24:15.
നിങ്ങളുടെ പ്രിയപ്പെട്ടവർ ആരെങ്കിലും മരിച്ചുപോയിട്ടുണ്ടെങ്കിൽ അവരെ വീണ്ടും കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? ഭൂമി ഒരു പറുദീസയാകുമ്പോൾ നമ്മുടെ സർവശക്തനായ ദൈവം മരിച്ചുപോയവരെയെല്ലാം തിരികെ ജീവനിലേക്കു കൊണ്ടുവരും. നിങ്ങൾ അവരെ തിരിച്ചറിയും, അവർ നിങ്ങളെയും തിരിച്ചറിയും. അത് എത്ര സന്തോഷം നിറഞ്ഞ നിമിഷങ്ങളായിരിക്കും! അങ്ങനെ സംഭവിക്കുമെന്ന് എന്താണ് ഇത്ര ഉറപ്പ്? കൊച്ചുകുട്ടികളടക്കം പലരെയും ദൈവം തിരികെ ജീവനിലേക്കു കൊണ്ടുവന്നിട്ടുണ്ട്, അവർ കുടുംബത്തോടൊപ്പം വീണ്ടും സന്തോഷത്തോടെ ജീവിച്ചു. യേശു പലപ്പോഴും മരിച്ചവരെ ജീവനിലേക്കു കൊണ്ടുവന്നത് മറ്റുള്ളവർ കാൺകെ ആയിരുന്നു.—ലൂക്കോസ് 8:49-56; യോഹന്നാൻ 11:11-14, 38-44.