അധ്യായം ഇരുപത്തെട്ട്
പറുദീസ പുനഃസ്ഥാപിക്കപ്പെടുന്നു!
1. പറുദീസാ ജീവിതത്തിന്റെ പ്രത്യാശ മിക്ക മതങ്ങളും വെച്ചുപുലർത്തുന്നത് എന്തുകൊണ്ട്?
“പറുദീസയിൽ ജീവിക്കാനുള്ള മനുഷ്യന്റെ ആഗ്രഹം വളരെ തീവ്രവും പ്രബലവും സ്ഥായിയുമാണെന്നു തോന്നുന്നു. ദൈവവിശ്വാസമുള്ള മിക്കവർക്കും ഇങ്ങനെയൊരു ആഗ്രഹം ഉള്ളതായി കാണാം” എന്ന് ദി എൻസൈക്ലോപീഡിയ ഓഫ് റിലിജൻ അഭിപ്രായപ്പെടുന്നു. ഇതു തികച്ചും സ്വാഭാവികമാണ്. കാരണം, രോഗമോ മരണമോ ഇല്ലാത്ത മനോഹരമായ ഒരു ഉദ്യാനഭവനമായ പറുദീസയിലാണു മനുഷ്യ ജീവിതത്തിന്റെ തുടക്കമെന്ന് ബൈബിൾ പറയുന്നു. (ഉല്പത്തി 2:8-15) ആ സ്ഥിതിക്ക്, ലോകത്തിലെ മിക്ക മതങ്ങളും ഒരു പറുദീസാ ജീവിതത്തിന്റെ പ്രത്യാശ വെച്ചുപുലർത്തുന്നത് ആശ്ചര്യകരമല്ല.
2. ഭാവി പറുദീസയെ കുറിച്ചുള്ള യഥാർഥ പ്രത്യാശ നമുക്ക് എവിടെ കണ്ടെത്താനാകും?
2 ബൈബിളിന്റെ പല ഭാഗങ്ങളിലും, ഒരു ഭാവി പറുദീസയെ കുറിച്ചുള്ള യഥാർഥ പ്രത്യാശ നമുക്കു കാണാം. (യെശയ്യാവു 51:3) ഉദാഹരണത്തിന്, യെശയ്യാവു 35-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനത്തിന്റെ ഒരു ഭാഗം മരുപ്രദേശങ്ങൾ ഉദ്യാനങ്ങളും ഫലഭൂയിഷ്ഠമായ വയലുകളും ആയി മാറുന്നതിനെ കുറിച്ച് പറയുന്നു. ആ വാഗ്ദത്ത പറുദീസയിൽ അന്ധർ കാണും, ഊമർ സംസാരിക്കും, ബധിരർ കേൾക്കും. അവിടെ വിലാപമോ ദുഃഖമോ ഉണ്ടായിരിക്കുകയില്ല. അതിനർഥം മരണം പോലും ഉണ്ടായിരിക്കുകയില്ല എന്നാണ്. എത്ര അത്ഭുതകരമായ വാഗ്ദാനം! ആ പ്രവചനത്തിലെ വാക്കുകൾ നാം എങ്ങനെയാണു മനസ്സിലാക്കേണ്ടത്? അവ ഇക്കാലത്തു നമുക്കു പ്രത്യാശ വെച്ചുനീട്ടുന്നുവോ? യെശയ്യാവു 35-ാം അധ്യായം പരിചിന്തിക്കുന്നത് ആ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ നമ്മെ സഹായിക്കും
ഒരു ശൂന്യദേശം ആനന്ദിക്കുന്നു
3. യെശയ്യാവിന്റെ പ്രവചനമനുസരിച്ച്, ദേശത്തിന് എന്തു പരിവർത്തനം സംഭവിക്കും?
3 പുനഃസ്ഥാപിത പറുദീസയെ കുറിച്ചുള്ള യെശയ്യാവിന്റെ നിശ്വസ്ത പ്രവചനം പിൻവരുന്ന വാക്കുകളോടെ തുടങ്ങുന്നു: “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും. അതു മനോഹരമായി പൂത്തു ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും; ലെബാനോന്റെ മഹത്വവും കർമ്മേലിന്റെയും ശാരോന്റെയും ശോഭയും അതിന്നു കൊടുക്കപ്പെടും; അവർ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും.”—യെശയ്യാവു 35:1, 2.
4. യഹൂദന്മാരുടെ ദേശം ഒരു മരുഭൂമി പോലെ ആയിത്തീരുന്നത് എപ്പോൾ, എങ്ങനെ?
4 പൊ.യു.മു. 732-ലാണ് യെശയ്യാവ് ഈ വാക്കുകൾ എഴുതുന്നത്. ഏകദേശം 125 വർഷം കഴിഞ്ഞ് ബാബിലോണിയർ യെരൂശലേമിനെ നശിപ്പിക്കുകയും യഹൂദയിലെ ജനങ്ങളെ പ്രവാസികളായി കൊണ്ടുപോകുകയും ചെയ്യുന്നു. അവരുടെ മാതൃദേശം ആൾപ്പാർപ്പില്ലാതെ ശൂന്യമായി കിടക്കുന്നു. (2 രാജാക്കന്മാർ 25:8-11, 21-26) ഇസ്രായേൽ ജനത അവിശ്വസ്തർ ആയിത്തീർന്നാൽ അവർക്കു പ്രവാസത്തിലേക്കു പോകേണ്ടിവരുമെന്ന യഹോവയുടെ മുന്നറിയിപ്പിന് അങ്ങനെ നിവൃത്തിയുണ്ടാകുന്നു. (ആവർത്തനപുസ്തകം 28:15, 36, 37; 1 രാജാക്കന്മാർ 9:6-8) എബ്രായ ജനത അന്യദേശത്ത് പ്രവാസികൾ ആയിരിക്കുന്ന 70 വർഷത്തോളം, മുമ്പ് ജലസേചനം ചെയ്തിരുന്ന അവരുടെ വയലുകളും വൃക്ഷത്തോപ്പുകളും പരിപാലിക്കാൻ ആരുമില്ലാതെ മരുഭൂമിപോലെ ആയിത്തീരുന്നു.—യെശയ്യാവു 64:10; യിരെമ്യാവു 4:23-27; 9:10-12.
5. (എ) പറുദീസാതുല്യ അവസ്ഥകൾ യഹൂദാദേശത്തു പുനഃസ്ഥാപിക്കപ്പെട്ടത് എങ്ങനെ? (ബി) ഏത് അർഥത്തിലാണ് ആളുകൾ ‘യഹോവയുടെ മഹത്വം’ കാണുന്നത്?
5 എന്നിരുന്നാലും, ആ ദേശം എന്നേക്കും ശൂന്യമായി കിടക്കുകയില്ലെന്ന് യെശയ്യാ പ്രവചനം മുൻകൂട്ടി പറയുന്നു. അത് ഒരു യഥാർഥ പറുദീസയായി പുനഃസ്ഥാപിക്കപ്പെടും. “ലെബാനോന്റെ മഹത്വവും കർമ്മേലിന്റെയും ശാരോന്റെയും ശോഭയും” അതിനു ലഭിക്കും.a എങ്ങനെ? പ്രവാസത്തിൽനിന്നു മടങ്ങിവരുന്ന യഹൂദന്മാർ വയലുകളിൽ വീണ്ടും കൃഷിയും ജലസേചനവും ചെയ്യുന്നതിന്റെ ഫലമായി ദേശം മുമ്പത്തെ പോലെതന്നെ ഫലസമൃദ്ധമായിത്തീരുന്നു. എന്നാൽ അതിന്റെ മഹത്ത്വം യഹോവയ്ക്കു മാത്രമുള്ളതാണ്. കാരണം, അവന്റെ അനുഗ്രഹവും പിന്തുണയും ഉള്ളതുകൊണ്ടാണ് യഹൂദന്മാർക്ക് പറുദീസാതുല്യമായ അത്തരം അവസ്ഥകൾ ആസ്വദിക്കാൻ കഴിയുന്നത്. തങ്ങളുടെ ദേശത്തിന്റെ അത്ഭുതകരമായ പരിവർത്തനത്തിനു പിന്നിൽ യഹോവയാണെന്ന് ആളുകൾ മനസ്സിലാക്കുമ്പോൾ, “യഹോവയുടെ മഹത്വവും [അവരുടെ] ദൈവത്തിന്റെ തേജസ്സും” അവർക്കു കാണാൻ സാധിക്കുന്നു.
6. യെശയ്യാവിന്റെ വാക്കുകൾക്ക് വേറെ എന്തു നിവൃത്തി ഉണ്ടാകുന്നു?
6 എന്നിരുന്നാലും, പുനഃസ്ഥാപിത ഇസ്രായേൽ ദേശത്ത് യെശയ്യാവിന്റെ വാക്കുകൾക്ക് അതിനെക്കാൾ വലിയ നിവൃത്തിയുണ്ട്. ആത്മീയമായി പറഞ്ഞാൽ, ഇസ്രായേല്യർ വർഷങ്ങളോളം വരണ്ടതും മരുഭൂമിക്കു തുല്യവുമായ ഒരു അവസ്ഥയിൽ ആയിരുന്നു. ആ പ്രവാസികൾ ബാബിലോണിൽ ആയിരുന്നപ്പോൾ, നിർമലാരാധനയുടെമേൽ കനത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. അവിടെ അവർക്ക് ഒരു ആലയമോ യാഗപീഠമോ സംഘടിത പൗരോഹിത്യമോ ഉണ്ടായിരുന്നില്ല, ദൈനംദിന യാഗങ്ങൾ അർപ്പിക്കുക അസാധ്യമായിരുന്നു. എന്നാൽ ആ അവസ്ഥയ്ക്കു മാറ്റം വരുമെന്ന് യെശയ്യാവ് പ്രവചിക്കുന്നു. സെരുബ്ബാബേൽ, എസ്രാ, നെഹെമ്യാവ് തുടങ്ങിയവരുടെ നേതൃത്വത്തിൻ കീഴിൽ 12 ഇസ്രായേൽ ഗോത്രങ്ങളുടെയും പ്രതിനിധികൾ യെരൂശലേമിലേക്കു മടങ്ങി ആലയം പുനർനിർമിക്കുകയും യഹോവയെ സ്വാതന്ത്ര്യത്തോടെ ആരാധിക്കുകയും ചെയ്യുന്നു. (എസ്രാ 2:1, 2) ഇപ്പോൾ തീർച്ചയായും അവർ ഒരു ആത്മീയ പറുദീസയിലാണ്!
ആത്മാവിൽ ജ്വലിക്കുക
7, 8. യഹൂദ പ്രവാസികൾക്കു ക്രിയാത്മക മനോഭാവം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്, യെശയ്യാവിന്റെ വാക്കുകൾ അവർക്കു പ്രോത്സാഹനം നൽകുന്നത് എങ്ങനെ?
7 യെശയ്യാവു 35-ാം അധ്യായത്തിലെ വാക്കുകളിൽ ഒരു സന്തോഷധ്വനി കാണാം. അനുതപിക്കുന്നവർക്കു ലഭിക്കുന്ന ഒരു ശോഭന ഭാവിയെ കുറിച്ചാണ് പ്രവാചകൻ ഇവിടെ പറയുന്നത്. ഉറച്ച ബോധ്യത്തോടും ശുഭാപ്തിവിശ്വാസത്തോടും കൂടെയാണ് അവൻ സംസാരിക്കുന്നത്. രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം, പുനഃസ്ഥിതീകരണം അടുത്തിരിക്കുന്ന സമയത്ത്, പ്രവാസികളായ യഹൂദന്മാർക്ക് അതേ ബോധ്യവും ശുഭാപ്തിവിശ്വാസവും ആവശ്യമായിവരുന്നു. യെശയ്യാ പ്രവാചകൻ മുഖാന്തരം യഹോവ പ്രാവചനികമായി അവരെ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “തളർന്ന കൈകളെ ബലപ്പെടുത്തുവിൻ; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിൻ. മനോഭീതിയുള്ളവരോടു: ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ.”—യെശയ്യാവു 35:3, 4.
8 ദീർഘമായ പ്രവാസം അവസാനിക്കുമ്പോൾ, അതു പ്രവർത്തനത്തിനുള്ള ഒരു സമയമാണ്. ബാബിലോണിനോടു പ്രതികാരം ചെയ്യാൻ യഹോവ ഉപയോഗിക്കുന്ന ഉപകരണമായ പേർഷ്യൻ രാജാവായ സൈറസ് (കോരെശ്), യെരൂശലേമിൽ യഹോവയുടെ ആരാധന പുനഃസ്ഥാപിക്കുന്നതിനു കൽപ്പിച്ചിരിക്കുകയാണ്. (2 ദിനവൃത്താന്തം 36:22, 23) ബാബിലോണിൽനിന്ന് യെരൂശലേമിലേക്കുള്ള ദുഷ്കരമായ യാത്രയ്ക്ക് ആയിരക്കണക്കിന് എബ്രായ കുടുംബങ്ങൾ സംഘടിതരാകേണ്ടതുണ്ട്. അവർ അവിടെ എത്തിയശേഷം വീടുകൾ പണിയുകയും ആലയത്തിന്റെയും നഗരത്തിന്റെയും ബൃഹത്തായ നിർമാണ വേലയ്ക്കു വേണ്ട ഒരുക്കങ്ങൾ നടത്തുകയും ചെയ്യേണ്ടതുണ്ട്. ബാബിലോണിലുള്ള ചില യഹൂദന്മാർക്ക് ഇതെല്ലാം ഭാരിച്ച സംഗതികളായി തോന്നിയേക്കാം. എന്നിരുന്നാലും, തളർന്നിരിക്കാനോ ഭയപ്പെടാനോ ഉള്ള സമയമല്ല ഇത്. യഹൂദന്മാർ പരസ്പരം പ്രോത്സാഹിപ്പിക്കുകയും യഹോവയിലുള്ള വിശ്വാസം കെട്ടുപണി ചെയ്യുകയും വേണം. അവർ സുരക്ഷിതരായിരിക്കുമെന്ന് യഹോവ ഉറപ്പു കൊടുക്കുന്നു.
9. മടങ്ങിവരുന്ന യഹൂദന്മാരെ എന്തു മഹത്തായ ഭാവിയാണു കാത്തിരിക്കുന്നത്?
9 ബാബിലോണിയൻ അടിമത്തത്തിൽനിന്നു വിടുവിക്കപ്പെടുന്നവർക്ക് സന്തോഷിക്കുന്നതിനു നല്ല കാരണമുണ്ട്. എന്തെന്നാൽ, യെരൂശലേമിലേക്കു മടങ്ങിവരുന്ന അവരെ കാത്തിരിക്കുന്നത് മഹത്തായ ഒരു ഭാവിയാണ്. യെശയ്യാവ് മുൻകൂട്ടി പറയുന്നു: “അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും.”—യെശയ്യാവു 35:5, 6എ.
10, 11. യെശയ്യാവിന്റെ വാക്കുകൾക്ക് മടങ്ങിവരുന്ന യഹൂദന്മാരെ സംബന്ധിച്ചിടത്തോളം ആത്മീയ അർഥമാണുള്ളതെന്നു പറയാവുന്നത് എന്തുകൊണ്ട്?
10 ഈ വാക്യത്തിൽ, യഹോവ വ്യക്തമായും തന്റെ ജനത്തിന്റെ ആത്മീയ അവസ്ഥയെയാണ് ഉദ്ദേശിക്കുന്നത്. വിശ്വാസത്യാഗികൾ ആയതിന്റെ ഫലമായി അവർ ഇപ്പോൾ 70 വർഷത്തെ പ്രവാസം അനുഭവിച്ചുകഴിഞ്ഞിരിക്കുകയാണ്. എന്നാൽ, ആ ശിക്ഷണം നൽകിയപ്പോൾ യഹോവ അവരെ അന്ധരോ ഊമരോ ബധിരരോ മുടന്തരോ ആക്കിയില്ല. അക്കാരണത്താൽ, ഇസ്രായേൽ ജനതയെ പുനഃസ്ഥിതീകരിക്കുമ്പോൾ ശാരീരിക വൈകല്യങ്ങൾ സൗഖ്യമാക്കേണ്ട ആവശ്യം വരുന്നില്ല. യഹോവ പുനഃസ്ഥാപിക്കുന്നത് അവർക്കു നഷ്ടപ്പെട്ട സംഗതിയാണ്, അതായത് അവരുടെ ആത്മീയ ആരോഗ്യം.
11 ആത്മീയമായി സുബോധം വീണ്ടെടുക്കുന്നു എന്ന അർഥത്തിലാണ് അനുതാപമുള്ള യഹൂദന്മാർ സൗഖ്യം പ്രാപിക്കുന്നത്. അതായത്, അവരുടെ ആത്മീയ കാഴ്ചശക്തിയും യഹോവയുടെ വചനം കേൾക്കാനും അനുസരിക്കാനും സംസാരിക്കാനുമുള്ള പ്രാപ്തികളും പുനഃസ്ഥാപിക്കപ്പെടുന്നു. അങ്ങനെ യഹോവയോടു പറ്റിനിൽക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ച് അവർ ബോധവാന്മാർ ആയിത്തീരുന്നു. അവർ തങ്ങളുടെ നടത്തയാൽ ദൈവത്തിന് ആനന്ദസ്തുതി ‘ഘോഷിക്കുന്നു.’ മുമ്പ് “മുടന്തൻ” ആയിരുന്നവൻ യഹോവയുടെ ആരാധനയിൽ ഉത്സാഹിയും ഊർജസ്വലനും ആയിത്തീരുന്നു. അതേ, ആലങ്കാരിക അർഥത്തിൽ അവൻ ‘മാനിനെപ്പോലെ ചാടുന്നു.’
യഹോവ തന്റെ ജനത്തിനു നവോന്മേഷം പകരുന്നു
12. യഹോവ ആ ദേശത്തെ വെള്ളം നൽകി അനുഗ്രഹിക്കുന്നത് എങ്ങനെ?
12 വെള്ളമില്ലാത്ത ഒരു പറുദീസയെ കുറിച്ചു സങ്കൽപ്പിക്കുക പോലും സാധ്യമല്ല. ആദിമ പറുദീസയായ ഏദെനിൽ സമൃദ്ധമായി വെള്ളമുണ്ടായിരുന്നു. (ഉല്പത്തി 2:10-14) ഇസ്രായേല്യർക്കു ലഭിച്ച ദേശവും “താഴ്വരയിൽനിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള” ഒന്നായിരുന്നു. (ആവർത്തനപുസ്തകം 8:7) അപ്പോൾ, യെശയ്യാവ് നൽകുന്ന ഈ വാഗ്ദാനം തികച്ചും അനുയോജ്യമാണ്: “മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും. മരീചിക ഒരു പൊയ്കയായും വരണ്ടനിലം നീരുറവുകളായും തീരും; കുറുക്കന്മാരുടെ പാർപ്പിടത്തു, അവ കിടന്ന സ്ഥലത്തുതന്നെ, പുല്ലും ഓടയും ഞാങ്ങണയും വളരും.” (യെശയ്യാവു 35:6ബി, 7) ഇസ്രായേല്യർ വീണ്ടും തങ്ങളുടെ ദേശം പരിപാലിക്കാൻ തുടങ്ങുമ്പോൾ, കുറുക്കന്മാർ വിഹരിച്ചിരുന്ന ആ ശൂന്യ പ്രദേശങ്ങൾ തഴച്ചുവളരുന്ന സസ്യങ്ങൾകൊണ്ടു നിറയും. വരണ്ട, പൊടിനിറഞ്ഞ നിലം പപ്പൈറസും ഞാങ്ങണയും മറ്റു ജലസസ്യങ്ങളും വളരുന്ന ‘ചതുപ്പുനില’മായി രൂപാന്തരപ്പെടും.—ഇയ്യോബ് 8:11, ഓശാന ബൈ.
13. പുനഃസ്ഥിതീകൃത ജനതയ്ക്ക് സമൃദ്ധമായ എന്ത് ആത്മീയ ജലം ലഭ്യമായിരിക്കും?
13 അതിലും പ്രധാനം സത്യത്തിന്റെ ആത്മീയ ജലമാണ്. മാതൃദേശത്തേക്കു പുനഃസ്ഥിതീകരിക്കപ്പെടുന്ന യഹൂദന്മാർ അതു സമൃദ്ധമായി ആസ്വദിക്കും. യഹോവ തന്റെ വചനത്തിലൂടെ പരിജ്ഞാനവും പ്രോത്സാഹനവും ആശ്വാസവും പ്രദാനം ചെയ്യും. പ്രായമുള്ള വിശ്വസ്ത പുരുഷന്മാരും പ്രഭുക്കന്മാരും “വരണ്ട നിലത്തു നീർത്തോടുകൾപോലെ” ആയിരിക്കും. (യെശയ്യാവു 32:1, 2) എസ്രാ, നെഹെമ്യാവ്, യേശുവ, സെഖര്യാവ്, സെരുബ്ബാബേൽ, ഹഗ്ഗായി എന്നിങ്ങനെ സത്യാരാധന ഉന്നമിപ്പിക്കുന്നവർ തീർച്ചയായും യെശയ്യാവ് രേഖപ്പെടുത്തിയ പ്രവചനം നിവൃത്തിയായി എന്നതിന്റെ ജീവിക്കുന്ന തെളിവുകളായിരിക്കും.—എസ്രാ 5:1, 2; 7:6, 10; നെഹെമ്യാവു 12:47.
“വിശുദ്ധവഴി”
14. ബാബിലോണിൽനിന്ന് യെരൂശലേമിലേക്കുള്ള യാത്ര എങ്ങനെയുള്ളതെന്നു വിവരിക്കുക.
14 എങ്കിലും, ഭൗതികവും ആത്മീയവുമായ പറുദീസാ അവസ്ഥകൾ ആസ്വദിക്കണമെങ്കിൽ, പ്രവാസികളായ ആ യഹൂദന്മാർ ബാബിലോണിൽനിന്ന് യെരൂശലേമിലേക്കുള്ള ദീർഘവും അപകടം പിടിച്ചതുമായ യാത്ര നടത്തേണ്ടിവരും. നേരെയുള്ള മാർഗത്തിലൂടെ പോയാൽ വരണ്ട, വിജന പ്രദേശങ്ങളിലൂടെ അവർക്ക് 800 കിലോമീറ്റർ നടക്കേണ്ടിവരും. അത്ര ദുഷ്കരമല്ലാത്ത മാർഗമാണ് തിരഞ്ഞെടുക്കുന്നതെങ്കിലോ, 1,600 കിലോമീറ്റർ യാത്ര ചെയ്യേണ്ടിവരും. ഇതിൽ ഏതു മാർഗം തിരഞ്ഞെടുത്താലും അവർ മാസങ്ങളോളം പ്രതികൂല അവസ്ഥകളിൽ ആയിരിക്കും. മാത്രമല്ല, കാട്ടുമൃഗങ്ങളുടെയും മൃഗതുല്യരായ മനുഷ്യരുടെയും ആക്രമണ ഭീഷണിയുമുണ്ട്. എന്നാൽ, യെശയ്യാവിന്റെ പ്രചനത്തിൽ വിശ്വസിക്കുന്നവർ അമിതമായി ഉത്കണ്ഠപ്പെടുന്നില്ല. എന്തുകൊണ്ട്?
15, 16. (എ) സ്വദേശത്തേക്കു മടങ്ങുന്ന വിശ്വസ്തരായ യഹൂദന്മാർക്ക് യഹോവ അക്ഷരീയമായ എന്തു സംരക്ഷണം നൽകുന്നു? (ബി) വേറെ ഏത് അർഥത്തിലാണ് യഹോവ അവർക്കു സുരക്ഷിതമായ ഒരു പെരുവഴി പ്രദാനം ചെയ്യുന്നത്?
15 യെശയ്യാവ് മുഖാന്തരം യഹോവ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “അവിടെ ഒരു പെരുവഴിയും പാതയും ഉണ്ടാകും; അതിന്നു വിശുദ്ധവഴി എന്നു പേരാകും; ഒരു അശുദ്ധനും അതിൽകൂടി കടന്നുപോകയില്ല; അവൻ അവരോടുകൂടെ ഇരിക്കും; വഴിപോക്കർ, ഭോഷന്മാർപോലും, വഴിതെററിപ്പോകയില്ല. ഒരു സിംഹവും അവിടെ ഉണ്ടാകയില്ല; ഒരു ദുഷ്ടമൃഗവും അവിടെ കയറിവരികയില്ല; ആ വകയെ അവിടെ കാണുകയില്ല; വീണ്ടെടുക്കപ്പെട്ടവർ അവിടെ നടക്കും.” (യെശയ്യാവു 35:8, 9) യഹോവ തന്റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു! ഇപ്പോൾ അവർ “വീണ്ടെടുക്കപ്പെട്ടവർ” ആണ്. സ്വദേശത്തേക്കുള്ള അവരുടെ യാത്രയിൽ അവൻ അവർക്കു സംരക്ഷണം ഉറപ്പു നൽകുന്നു. ബാബിലോണിൽനിന്ന് യെരൂശലേമിലേക്ക് കല്ലുപാകിയ, വശങ്ങളിൽ വേലികെട്ടിയ, വലിയ ഒരു അക്ഷരീയ പാത ഉണ്ടായിരിക്കുമോ? ഇല്ല. തന്റെ ജനം അത്തരമൊരു പാതയിൽ ആയിരുന്നാലെന്ന പോലെ, യാത്രാമധ്യേ യഹോവ അവർക്ക് സംരക്ഷണം നൽകുന്നു.—സങ്കീർത്തനം 91:1-16 താരതമ്യം ചെയ്യുക.
16 ആത്മീയ അപകടങ്ങളിൽനിന്നും ആ യഹൂദന്മാർക്കു സംരക്ഷണം ലഭിക്കുന്നു. ആലങ്കാരികമായ ആ പെരുവഴി “വിശുദ്ധവഴി” ആണ്. വിശുദ്ധ കാര്യങ്ങളെ അനാദരിക്കുന്നവർ അല്ലെങ്കിൽ ആത്മീയമായി അശുദ്ധരായ വ്യക്തികൾ അതിലൂടെ യാത്ര ചെയ്യാൻ യോഗ്യരല്ല; അത്തരക്കാർക്കു പുനഃസ്ഥാപിത ദേശത്തു പ്രവേശനമില്ല. ശരിയായ പ്രചോദനം ഉള്ളവർക്കേ അവിടേക്കു പോകാൻ അംഗീകാരം ലഭിക്കൂ. യഹൂദയിലേക്കും യെരൂശലേമിലേക്കും മടങ്ങുന്നവരിൽ ദേശീയത്വ ചിന്താഗതിയോ സ്വാർഥതാത്പര്യങ്ങളോ ലവലേശമില്ല. തങ്ങൾ മടങ്ങിപ്പോകുന്നതിന്റെ പ്രധാന കാരണം ദേശത്ത് യഹോവയുടെ നിർമല ആരാധന പുനഃസ്ഥാപിക്കുക എന്നതാണെന്ന് ആത്മീയ മനസ്കരായ ആ യഹൂദന്മാർക്ക് അറിയാം.—എസ്രാ 1:1-3.
യഹോവയുടെ ജനം ആനന്ദിക്കുന്നു
17. ദീർഘകാലമായി പ്രവാസത്തിൽ ആയിരുന്ന യഹൂദന്മാർക്ക് യെശയ്യാവിന്റെ പ്രവചനം ആശ്വാസമേകിയത് എങ്ങനെ?
17 യെശയ്യാ പ്രവചനത്തിന്റെ 35-ാം അധ്യായം സന്തോഷകരമായ ഒരു കുറിപ്പോടെയാണ് അവസാനിക്കുന്നത്: “യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവീർപ്പും ഓടിപ്പോകും.” (യെശയ്യാവു 35:10) പ്രവാസികളായ യഹൂദന്മാർക്ക് ആശ്വാസവും പ്രത്യാശയും പകർന്ന ഒരു പ്രവചനമായിരുന്നു അത്. എന്നാൽ പ്രവചനത്തിന്റെ വ്യത്യസ്ത വശങ്ങൾ എങ്ങനെ നിവൃത്തിയാകും എന്ന് അവർ അത്ഭുതപ്പെട്ടിരിക്കാം. അതിന്റെ പല വശങ്ങളും അവർക്ക് ഒരുപക്ഷേ മനസ്സിലായിക്കാണില്ല. എന്നിരുന്നാലും, അവർ ‘സീയോനിലേക്കു മടങ്ങിവരും’ എന്നതു പകൽപോലെ വ്യക്തമായിരുന്നു.
18. ബാബിലോണിലായിരുന്ന യഹൂദന്മാരുടെ ദുഃഖവും നെടുവീർപ്പും പുനഃസ്ഥാപിത ദേശത്ത് ആനന്ദത്തിനും സന്തോഷത്തിനും വഴിമാറുന്നത് എങ്ങനെ?
18 അതിനാൽ, പൊ.യു.മു. 537-ൽ സ്ത്രീകളും കുട്ടികളും ഏകദേശം 50,000 പുരുഷന്മാരും—7,000-ത്തിലധികം അടിമകളും അതിൽ ഉൾപ്പെട്ടിരുന്നു—യഹോവയിൽ പൂർണമായി ആശ്രയിച്ചുകൊണ്ട് യെരൂശലേമിലേക്കു തിരിക്കുന്നു. (എസ്രാ 2:64, 65) അവർക്കു ബാബിലോണിൽനിന്ന് യെരൂശലേമിൽ എത്താൻ നാലു മാസത്തെ യാത്രയുണ്ട്. ഏതാനും മാസങ്ങൾക്കു ശേഷം, യഹോവയുടെ യാഗപീഠം പണിതുകൊണ്ട് ആലയത്തിന്റെ പുനർനിർമാണത്തിനുള്ള ആദ്യ പടി ആരംഭിക്കുന്നു. അങ്ങനെ, യെശയ്യാവിന്റെ 200 വർഷം പഴക്കമുള്ള പ്രവചനം നിവൃത്തിയേറുന്നു. ബാബിലോണിൽവെച്ച് ദുഃഖിക്കുകയും നെടുവീർപ്പിടുകയും ചെയ്ത ആ ജനത പുനഃസ്ഥാപിത ദേശത്ത് ഘോഷിച്ചാനന്ദിക്കുന്നു. യഹോവ തന്റെ വാഗ്ദാനം നിവർത്തിച്ചിരിക്കുന്നു. അക്ഷരീയവും ആത്മീയവുമായ ഒരു പറുദീസ പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു!
ഒരു പുതിയ ജനതയുടെ പിറവി
19. പൊ.യു.മു. ആറാം നൂറ്റാണ്ടിൽ യെശയ്യാവിന്റെ പ്രവചനത്തിന് പരിമിതമായ ഒരു നിവൃത്തിയേ ഉണ്ടാകുന്നുള്ളൂ എന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
19 പൊ.യു.മു. ആറാം നൂറ്റാണ്ടിൽ യെശയ്യാവു 35-ാം അധ്യായത്തിന് പരിമിതമായ ഒരു നിവൃത്തിയേ ഉണ്ടാകുന്നുള്ളൂ. സ്വദേശത്ത് തിരിച്ചെത്തിയ യഹൂദന്മാർ ആസ്വദിക്കുന്ന പറുദീസാ അവസ്ഥകൾ ഏറെക്കാലം നീണ്ടുനിൽക്കുന്നില്ല. കാലാന്തരത്തിൽ, വ്യാജമത പഠിപ്പിക്കലുകളും ദേശീയത്വ ചിന്താഗതിയും നിർമല ആരാധനയെ കളങ്കപ്പെടുത്തുന്നു. ആത്മീയ അർഥത്തിൽ, യഹൂദന്മാർ വീണ്ടും ദുഃഖിക്കുകയും നെടുവീർപ്പിടുകയും ചെയ്യുന്നു. ഒടുവിൽ, സ്വന്തജനത എന്ന സ്ഥാനത്തുനിന്ന് യഹോവ അവരെ തള്ളിക്കളയുന്നു. (മത്തായി 21:43) വീണ്ടും അനുസരണക്കേട് കാണിക്കുന്നതിനാൽ അവരുടെ സന്തോഷം ശാശ്വതമല്ല. ഇതെല്ലാം യെശയ്യാവു 35-ാം അധ്യായത്തിന്റെ ഏറെ മഹത്തായ മറ്റൊരു നിവൃത്തിയിലേക്കു വിരൽ ചൂണ്ടുന്നു.
20. പൊ.യു. ഒന്നാം നൂറ്റാണ്ടിൽ ഏതു പുതിയ ഇസ്രായേൽ അസ്തിത്വത്തിൽ വന്നു?
20 യഹോവയുടെ തക്കസമയത്ത് മറ്റൊരു ഇസ്രായേൽ, ഒരു ആത്മീയ ഇസ്രായേൽ, അസ്തിത്വത്തിൽ വന്നു. (ഗലാത്യർ 6:16) ഭൗമിക ശുശ്രൂഷക്കാലത്ത് യേശു ഈ പുതിയ ഇസ്രായേലിന്റെ ജനനത്തിനു വേദിയൊരുക്കി. അവൻ നിർമല ആരാധന പുനഃസ്ഥാപിച്ചു. അവന്റെ പഠിപ്പിക്കലുകളുടെ ഫലമായി സത്യത്തിന്റെ ജലം വീണ്ടും പ്രവഹിക്കാൻ തുടങ്ങി. അവൻ ആളുകളുടെ ശാരീരികവും ആത്മീയവുമായ രോഗങ്ങൾ സുഖപ്പെടുത്തി. ദൈവരാജ്യ സുവാർത്താ പ്രസംഗത്തിന്റെ ഫലമായി ഉല്ലാസഘോഷം കേൾക്കാനായി. തന്റെ മരണത്തിനും പുനരുത്ഥാനത്തിനും ഏഴ് ആഴ്ചകൾക്കു ശേഷം മഹത്ത്വീകരിക്കപ്പെട്ട യേശു ക്രിസ്തീയ സഭ സ്ഥാപിച്ചു. അവന്റെ ചൊരിയപ്പെട്ട രക്തത്താൽ വീണ്ടെടുക്കപ്പെട്ട യഹൂദന്മാരും മറ്റുള്ളവരും ഉൾപ്പെടുന്ന ഒരു ആത്മീയ ഇസ്രായേൽ ദൈവത്തിന്റെ ആത്മീയ പുത്രന്മാരും യേശുവിന്റെ സഹോദരന്മാരും എന്ന നിലയിൽ ജനിക്കുകയും പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിക്കുകയും ചെയ്തു.—പ്രവൃത്തികൾ 2:1-4; റോമർ 8:16, 17; 1 പത്രൊസ് 1:18, 19.
21. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭയോടു ബന്ധപ്പെട്ട ഏതെല്ലാം സംഭവങ്ങൾ യെശയ്യാ പ്രവചനത്തിന്റെ ചില വശങ്ങളുടെ നിവൃത്തിയായി കാണാവുന്നതാണ്?
21 ആത്മീയ ഇസ്രായേലിലെ അംഗങ്ങൾക്ക് എഴുതവെ, പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട് പൗലൊസ് അപ്പൊസ്തലൻ യെശയ്യാവു 35:3-ലെ വാക്കുകളെ പരാമർശിച്ചു: “ആകയാൽ തളർന്ന കയ്യും കുഴഞ്ഞ മുഴങ്കാലും നിവിർത്തുവിൻ.” (എബ്രായർ 12:12) അങ്ങനെ, വ്യക്തമായും പൊ.യു. ഒന്നാം നൂറ്റാണ്ടിൽ യെശയ്യാവു 35-ാം അധ്യായത്തിലെ വാക്കുകൾക്ക് ഒരു നിവൃത്തി ഉണ്ടായി. അക്ഷരീയ അർഥത്തിൽ, യേശുവും ശിഷ്യന്മാരും അത്ഭുതകരമായി അന്ധർക്കു കാഴ്ചയും ചെകിടർക്ക് കേൾവി ശക്തിയും നൽകി. ‘മുടന്തരെ’ നടക്കാനും ഊമരെ സംസാരിക്കാനും അവർ പ്രാപ്തരാക്കി. (മത്തായി 9:32; 11:5; ലൂക്കൊസ് 10:9) അതിലും പ്രധാനമായി, നീതിഹൃദയരായ ആളുകൾ വ്യാജമതത്തിൽനിന്നു പുറത്തുവന്ന് ക്രിസ്തീയ സഭയ്ക്കുള്ളിലെ ആത്മീയ പറുദീസ ആസ്വദിക്കാൻ ഇടയായി. (യെശയ്യാവു 52:11; 2 കൊരിന്ത്യർ 6:16, 17) ബാബിലോണിൽനിന്നു മടങ്ങിയെത്തിയ യഹൂദന്മാരെ പോലെതന്നെ തങ്ങൾക്കും ധീരവും ക്രിയാത്മകവുമായ ഒരു മനോഭാവം ആവശ്യമാണെന്ന് അവർ തിരിച്ചറിഞ്ഞു.—റോമർ 12:11.
22. ആധുനികകാലത്ത് ആത്മാർഥതയുള്ളവരും സത്യാന്വേഷികളുമായ ക്രിസ്ത്യാനികൾ ബാബിലോണിയൻ പ്രവാസത്തിലേക്കു പോയത് എങ്ങനെ?
22 നമ്മുടെ കാലത്തെ സംബന്ധിച്ചെന്ത്? യെശയ്യാവിലെ ആ പ്രവചനത്തിന് ഇന്നത്തെ ക്രിസ്തീയ സഭ ഉൾപ്പെടുന്ന മറ്റൊരു നിവൃത്തി, ഒരു സമ്പൂർണ നിവൃത്തി ഉണ്ടോ? ഉണ്ട്. അപ്പൊസ്തലന്മാരുടെ മരണശേഷം യഥാർഥ അഭിഷിക്ത ക്രിസ്ത്യാനികളുടെ എണ്ണം വളരെ കുറഞ്ഞു, വ്യാജ ക്രിസ്ത്യാനികൾ അഥവാ ‘കളകൾ’ ലോകരംഗത്തു തഴച്ചുവളരുകയും ചെയ്തു. (മത്തായി 13:36-43; പ്രവൃത്തികൾ 20:30; 2 പത്രൊസ് 2:1-3) 19-ാം നൂറ്റാണ്ടിൽ ആത്മാർഥതയുള്ള വ്യക്തികൾ ക്രൈസ്തവലോകത്തിൽനിന്നു വിട്ടുപോരുകയും ശുദ്ധാരാധന കണ്ടെത്താനുള്ള അന്വേഷണം തുടങ്ങുകയും ചെയ്തെങ്കിലും തിരുവെഴുത്തു വിരുദ്ധമായ പഠിപ്പിക്കലുകളാൽ അവരുടെ ഗ്രാഹ്യം അപ്പോഴും കളങ്കപ്പെട്ടിരുന്നു. 1914-ൽ യേശു മിശിഹൈക രാജാവ് എന്ന നിലയിൽ സിംഹാസനസ്ഥനായെങ്കിലും, പെട്ടെന്നുതന്നെ ഈ ആത്മാർഥ സത്യാന്വേഷികളുടെ ഭാവി ഇരുളടഞ്ഞതായി കാണപ്പെട്ടു. ബൈബിൾ പ്രവചനത്തിന്റെ നിവൃത്തി എന്ന നിലയിൽ രാഷ്ട്രങ്ങൾ “അവരോടു പടവെട്ടി അവരെ ജയിച്ചു.” സുവാർത്ത പ്രസംഗിക്കാനുള്ള ഈ ആത്മാർഥ ക്രിസ്ത്യാനികളുടെ ശ്രമങ്ങൾ വിജയിച്ചില്ല. ഫലത്തിൽ, അവർ ബാബിലോണിയൻ പ്രവാസത്തിലേക്കു പോയതുപോലെ ആയിരുന്നു.—വെളിപ്പാടു 11:7, 8.
23, 24. 1919 മുതൽ ദൈവജനത്തിന്റെ ഇടയിൽ യെശയ്യാവിന്റെ വാക്കുകൾ ഏതെല്ലാം വിധങ്ങളിൽ നിവൃത്തിയേറിയിരിക്കുന്നു?
23 എന്നിരുന്നാലും, 1919-ൽ സ്ഥിതിഗതികൾക്കു മാറ്റം വന്നു. യഹോവ തന്റെ ജനത്തെ അടിമത്തത്തിൽനിന്നു വിടുവിച്ചു. മുമ്പ് തങ്ങളുടെ ആരാധനയെ ദുഷിപ്പിച്ചിരുന്ന വ്യാജ പഠിപ്പിക്കലുകൾ അവർ ഉപേക്ഷിക്കാൻ തുടങ്ങി. തത്ഫലമായി, അവർ സൗഖ്യമാക്കപ്പെടുകയും ഒരു ആത്മീയ പറുദീസയിലേക്കു വരുകയും ചെയ്തു. ആ പറുദീസ ഇന്നു ഭൂമിയിലെങ്ങും വ്യാപിച്ചിരിക്കുന്നു. ആത്മീയമായ ഒരു അർഥത്തിൽ, കുരുടർ കാണാനും ചെകിടർ കേൾക്കാനും പഠിക്കുകയാണ്. അവർ ദൈവാത്മാവിന്റെ പ്രവർത്തനവിധം സംബന്ധിച്ച് തികച്ചും ഉണർവുള്ളവരും യഹോവയോടു പറ്റിനിൽക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ച് എപ്പോഴും ബോധമുള്ളവരും ആണ്. (1 തെസ്സലൊനീക്യർ 5:6; 2 തിമൊഥെയൊസ് 4:5) സത്യക്രിസ്ത്യാനികൾ മേലാൽ ഊമരല്ല. അവർ ‘ഉല്ലസിച്ചു ഘോഷിക്കാൻ,’ ബൈബിൾ സത്യങ്ങൾ മറ്റുള്ളവരോടു പ്രഖ്യാപിക്കാൻ ശുഷ്കാന്തിയുള്ളവരാണ്. (റോമർ 1:15) ആത്മീയമായി ബലഹീനർ അഥവാ “മുടന്തർ” ആയിരുന്നവർ ഇപ്പോൾ ഉത്സാഹവും സന്തോഷവും പ്രകടിപ്പിക്കുന്നു. ആലങ്കാരിക അർഥത്തിൽ, ‘മാനിനെപ്പോലെ ചാടാൻ’ അവർക്കു കഴിയുന്നു.
24 ഈ പുനഃസ്ഥിതീകൃത ക്രിസ്ത്യാനികൾ “വിശുദ്ധവഴി”യിലാണു നടക്കുന്നത്. മഹാബാബിലോണിൽനിന്ന് ആത്മീയ പറുദീസയിലേക്കു നയിക്കുന്ന ഈ “വഴി” ആത്മീയമായി ശുദ്ധരായ എല്ലാ ആരാധകർക്കും വേണ്ടി തുറന്നുകിടക്കുന്നു. (1 പത്രൊസ് 1:13-16) അവർക്ക് യഹോവ സംരക്ഷണമേകുമെന്ന ഉറച്ച ബോധ്യം ഉണ്ടായിരിക്കാനാകും. സത്യാരാധന തുടച്ചുനീക്കാനുള്ള സാത്താന്റെ ദുഷ്ട ശ്രമങ്ങൾ വിജയിക്കുകയില്ലെന്നും അവർക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്. (1 പത്രൊസ് 5:8) ദൈവത്തിന്റെ വിശുദ്ധ വഴിയിൽ നടക്കുന്നവരെ ദുഷിപ്പിക്കാൻ അനുസരണം കെട്ടവരെയോ മൃഗസമാന വ്യക്തികളെയോ അനുവദിക്കുകയില്ല. (1 കൊരിന്ത്യർ 5:11) ഈ സംരക്ഷിത ചുറ്റുപാടിൽ, യഹോവയുടെ വീണ്ടെടുക്കപ്പെട്ടവർ—അഭിഷിക്തരും ‘വേറെ ആടുകളും’—ഏക സത്യദൈവത്തെ സേവിക്കുന്നതിൽ സന്തോഷിക്കുന്നു.—യോഹന്നാൻ 10:16.
25. യെശയ്യാവു 35-ാം അധ്യായത്തിന് ഒരു അക്ഷരീയ നിവൃത്തി ഉണ്ടായിരിക്കുമോ? വിശദീകരിക്കുക.
25 ഭാവിയിൽ യെശയ്യാവിന്റെ പ്രവചനത്തിന് ഒരു അക്ഷരീയ നിവൃത്തി ഉണ്ടാകുമോ? തീർച്ചയായും. ഒന്നാം നൂറ്റാണ്ടിൽ യേശുവും അവന്റെ അപ്പൊസ്തലന്മാരും നടത്തിയ അത്ഭുതകരമായ സൗഖ്യമാക്കലുകൾ, ഭാവിയിൽ അത്തരം സൗഖ്യമാക്കലുകൾ വലിയ അളവിൽ നടത്താനുള്ള യഹോവയുടെ ആഗ്രഹത്തിന്റെയും പ്രാപ്തിയുടെയും സൂചന ആയിരുന്നു. ഭൂമിയിൽ സമാധാനപൂർണമായ അവസ്ഥകളിലെ നിത്യജീവനെ കുറിച്ച് നിശ്വസ്ത സങ്കീർത്തനങ്ങൾ പറയുന്നു. (സങ്കീർത്തനം 37:9, 11, 29) പറുദീസാ ജീവിതം യേശു വാഗ്ദാനം ചെയ്തു. (ലൂക്കൊസ് 23:43) ബൈബിളിലെ അവസാന പുസ്തകമായ വെളിപ്പാടിലും അക്ഷരീയ പറുദീസയെ കുറിച്ചുള്ള വാഗ്ദാനം കാണാം. അതു നിവൃത്തിയേറുമ്പോൾ അന്ധരും ചെകിടരും മുടന്തരും ഊമരുമെല്ലാം അക്ഷരീയമായി, ശാശ്വതമായി സൗഖ്യമാക്കപ്പെടും. ദുഃഖവും നെടുവീർപ്പും പൊയ്പോകും, അവിടെ നിത്യാനന്ദം കളിയാടും.—വെളിപ്പാടു 7:9, 16, 17; 21:3, 4.
26. യെശയ്യാവിന്റെ വാക്കുകൾ ഇന്നു ക്രിസ്ത്യാനികളെ ബലപ്പെടുത്തുന്നത് എങ്ങനെ?
26 അക്ഷരീയ പറുദീസയുടെ പുനഃസ്ഥാപനത്തിനായി കാത്തിരിക്കുന്ന സത്യക്രിസ്ത്യാനികൾക്ക് ഇപ്പോൾ പോലും ആത്മീയ പറുദീസയുടെ പ്രയോജനങ്ങൾ ആസ്വദിക്കാൻ കഴിയുന്നു. പീഡാനുഭവങ്ങളെയും കഷ്ടങ്ങളെയും അവർ ശുഭാപ്തിവിശ്വാസത്തോടെ നേരിടുന്നു. യഹോവയിലുള്ള അചഞ്ചല വിശ്വാസത്തോടെ അവർ പരസ്പരം പ്രോത്സാഹിപ്പിക്കുകയും പിൻവരുന്ന പ്രബോധനത്തിനു ചെവി കൊടുക്കുകയും ചെയ്യുന്നു: “തളർന്ന കൈകളെ ബലപ്പെടുത്തുവിൻ; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിൻ. മനോഭീതിയുള്ളവരോടു: ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ . . . എന്നു പറവിൻ.” പിൻവരുന്ന പ്രാവചനിക ഉറപ്പിലും അവർക്ക് പൂർണ വിശ്വാസമുണ്ട്: “ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവൻ വന്നു നിങ്ങളെ രക്ഷിക്കും.”—യെശയ്യാവു 35:3, 4.
[അടിക്കുറിപ്പ്]
a ഏദെൻതോട്ടത്തിനു സമാനമായിരുന്ന പുരാതന ലെബാനോൻ നിബിഡ വനങ്ങളും പ്രൗഢമായ ദേവദാരു മരങ്ങളും ഉണ്ടായിരുന്ന ഒരു ഫലസമൃദ്ധ ദേശമായിരുന്നു എന്ന് തിരുവെഴുത്തുകൾ പറയുന്നു. (സങ്കീർത്തനം 29:5; 72:16; യെഹെസ്കേൽ 28:11-13) ശാരോൻ, അരുവികൾക്കും ഓക്കുമരങ്ങൾക്കും പ്രസിദ്ധമായിരുന്നപ്പോൾ കർമ്മേൽ മുന്തിരിത്തോട്ടങ്ങൾക്കും ഫലവൃക്ഷത്തോപ്പുകൾക്കും പൂവണിഞ്ഞ കുന്നിൻ ചെരിവുകൾക്കും പേരുകേട്ടതായിരുന്നു.
[370-ാം പേജിലെ ചിത്രം]
[375-ാം പേജിലെ ചിത്രങ്ങൾ]
മരുപ്രദേശങ്ങൾ പുല്ലും ഞാങ്ങണയും വളരുന്ന നല്ല നീരോട്ടമുള്ള സ്ഥലങ്ങളായി മാറും
[378-ാം പേജിലെ ചിത്രം]
യേശു ആളുകളുടെ ആത്മീയവും ശാരീരികവുമായ രോഗങ്ങൾ സുഖപ്പെടുത്തി