അധ്യായം ഇരുപത്തൊമ്പത്
ഒരു രാജാവിന്റെ വിശ്വാസത്തിനു പ്രതിഫലം ലഭിക്കുന്നു
1, 2. ഹിസ്കീയാവ് ആഹാസിനെക്കാൾ മെച്ചപ്പെട്ട ഒരു രാജാവാണെന്ന് തെളിഞ്ഞത് എങ്ങനെ?
ഹിസ്കീയാവിന് 25 വയസ്സുള്ളപ്പോഴാണ് അവൻ യഹൂദയുടെ രാജാവാകുന്നത്. അവൻ എങ്ങനെയുള്ള ഒരു രാജാവാണെന്നു തെളിയുമായിരുന്നു? പിതാവായ ആഹാസിനെ അനുകരിച്ചുകൊണ്ട് വ്യാജ ദൈവങ്ങളെ ആരാധിക്കാൻ തന്റെ പ്രജകളെ അവൻ സ്വാധീനിക്കുമായിരുന്നോ? അതോ പൂർവപിതാവായ ദാവീദിനെപ്പോലെ യഹോവയെ ആരാധിക്കാൻ അവൻ ജനത്തെ പ്രോത്സാഹിപ്പിക്കുമായിരുന്നോ?—2 രാജാക്കന്മാർ 16:2.
2 ഹിസ്കീയാവ് ‘യഹോവയ്ക്കു പ്രസാദമുള്ളതു ചെയ്യാനാണ്’ ഉദ്ദേശിക്കുന്നത് എന്ന കാര്യം അവൻ അധികാരത്തിൽ വന്നയുടനെതന്നെ വ്യക്തമായി. (2 രാജാക്കന്മാർ 18:2, 3) ആദ്യ വർഷത്തിൽ, യഹോവയുടെ ആലയത്തിന്റെ കേടുപാടുകൾ തീർക്കാനും ആലയസേവനങ്ങൾ പുനഃരാരംഭിക്കാനും അവൻ ഉത്തരവിട്ടു. (2 ദിനവൃത്താന്തം 29:3, 7, 11) തുടർന്ന് അവൻ മഹത്തായ ഒരു പെസഹാ ആഘോഷം സംഘടിപ്പിച്ചു. പത്തു-ഗോത്ര ഇസ്രായേൽ രാജ്യം ഉൾപ്പെടെ മുഴു ജനതയെയും അതിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തു. അത് എത്ര അവിസ്മരണീയമായ ഒരു സംഭവമായിരുന്നു! ശലോമോൻ രാജാവിന്റെ കാലത്തിനുശേഷം അത്തരമൊരു ആഘോഷം നടന്നിട്ടേയില്ലായിരുന്നു.—2 ദിനവൃത്താന്തം 30:1, 25, 26.
3. (എ) ഹിസ്കീയാവ് സംഘടിപ്പിച്ച പെസഹാ ആഘോഷത്തിൽ പങ്കെടുത്ത ഇസ്രായേലിലെയും യഹൂദയിലെയും നിവാസികൾ എന്തു നടപടി സ്വീകരിച്ചു? (ബി) അവർ സ്വീകരിച്ച നിർണായക നടപടിയിൽനിന്ന് ഇന്നു ക്രിസ്ത്യാനികൾ എന്തു പഠിക്കുന്നു?
3 ആ പെസഹാ ആഘോഷത്തിന്റെ ഒടുവിൽ, സ്തംഭവിഗ്രഹങ്ങളെ തകർക്കാനും അശേരാപ്രതിഷ്ഠകളെയും പൂജാഗിരികളെയും വ്യാജ ദൈവങ്ങളുടെ ബലിപീഠങ്ങളെയും നശിപ്പിക്കാനും അവിടെ കൂടിവന്നവർ പ്രചോദിതരായി. അതിനുശേഷം, സത്യദൈവത്തെ സേവിക്കാനുള്ള ദൃഢനിശ്ചയത്തോടെ അവർ തങ്ങളുടെ നഗരങ്ങളിലേക്കു മടങ്ങി. (2 ദിനവൃത്താന്തം 31:1) ആരാധനയുമായി ബന്ധപ്പെട്ട മുമ്പത്തെ അവരുടെ മനോഭാവത്തിൽനിന്ന് എത്ര വിഭിന്നം! ‘സഭായോഗങ്ങളെ ഉപേക്ഷിക്കാതിരിക്കു’ന്നതിന്റെ പ്രാധാന്യം സത്യക്രിസ്ത്യാനികൾക്ക് ഇതിൽനിന്നു പഠിക്കാനാകും. പ്രാദേശിക സഭയിലെ യോഗങ്ങളോ വലിയ സമ്മേളനങ്ങളോ കൺവെൻഷനുകളോ ആകട്ടെ, അത്തരം കൂടിവരവുകളിലൂടെ നമുക്കു പ്രോത്സാഹനം ലഭിക്കുന്നു. മാത്രമല്ല, ഈ കൂടിവരവുകളിൽ “സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ” പരിശുദ്ധാത്മാവും സഹോദരങ്ങളും നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.—എബ്രായർ 10:23-25.
വിശ്വാസം പരിശോധിക്കപ്പെടുന്നു
4, 5. (എ) താൻ അസീറിയയ്ക്കു കീഴ്പെടുന്നില്ലെന്ന് ഹിസ്കീയാവ് പ്രകടമാക്കിയിരിക്കുന്നത് എങ്ങനെ? (ബി) യഹൂദയ്ക്കെതിരെ സൻഹേരീബ് എന്തു സൈനിക നീക്കമാണ് നടത്തിയിരിക്കുന്നത്, യെരൂശലേമിന്മേൽ പെട്ടെന്ന് ഒരു അസീറിയൻ ആക്രമണം ഉണ്ടാകുന്നതു തടയാൻ ഹിസ്കീയാവ് എന്തു നടപടി സ്വീകരിക്കുന്നു? (സി) പിന്നീട് ഉണ്ടാകാനിടയുള്ള അസീറിയൻ ആക്രമണത്തിൽനിന്ന് യെരൂശലേമിനെ സംരക്ഷിക്കാൻ ഹിസ്കീയാവ് എന്തെല്ലാം ഒരുക്കങ്ങൾ നടത്തുന്നു?
4 കഠിന പരിശോധനകളാണ് യെരൂശലേമിന്റെമേൽ വരാൻ പോകുന്നത്. തന്റെ പിതാവായ ആഹാസ് യഹോവയിൽ ആശ്രയിക്കാതെ അസീറിയക്കാരുമായി നടത്തിയ സഖ്യം ഹിസ്കീയാവ് വിച്ഛേദിച്ചിരിക്കുന്നു. അസീറിയയുമായി സഖ്യത്തിലായിരിക്കുന്ന ഫെലിസ്ത്യരെ അവൻ ജയിച്ചടക്കുക പോലും ചെയ്തിരിക്കുന്നു. (2 രാജാക്കന്മാർ 18:7, 8) ഈ സംഭവം അസീറിയൻ രാജാവിനെ കുപിതനാക്കിയിരിക്കുകയാണ്. അതേക്കുറിച്ചു നാം വായിക്കുന്നു: “ഹിസ്കീയാരാജാവിന്റെ പതിന്നാലാം ആണ്ടിൽ, അശ്ശൂർരാജാവായ സൻഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടേയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു.” (യെശയ്യാവു 36:1) നിർദയരായ അസീറിയൻ സൈന്യത്തിന്റെ പെട്ടെന്നുള്ള ആക്രമണത്തിൽനിന്ന് യെരൂശലേമിനെ രക്ഷിക്കാമെന്നു വിചാരിച്ച് കപ്പമായി 300 താലന്ത് വെള്ളിയും 30 താലന്ത് സ്വർണവും സൻഹേരീബിനു കൊടുക്കാമെന്ന് ഹിസ്കീയാവ് സമ്മതിക്കുന്നു.a—2 രാജാക്കന്മാർ 18:14.
5 ഈ കപ്പം കൊടുക്കാൻ ആവശ്യമായ സ്വർണവും വെള്ളിയും രാജഭണ്ഡാരത്തിൽ ഇല്ലാത്തതിനാൽ, ആലയത്തിലുള്ള സകല അമൂല്യ ലോഹങ്ങളും ഹിസ്കീയാവ് എടുക്കുന്നു. സ്വർണം പൊതിഞ്ഞിരുന്ന ആലയവാതിലുകൾ പോലും പൊളിച്ചെടുത്ത് അവൻ സൻഹേരീബിന് കൊടുത്തയയ്ക്കുന്നു. ഈ നടപടി അസീറിയൻ രാജാവിനെ സന്തോഷിപ്പിക്കുന്നു, തത്ക്കാലത്തേക്കാണെന്നു മാത്രം. (2 രാജാക്കന്മാർ 18:15, 16, NW) അസീറിയക്കാർ ഏറെക്കാലത്തേക്കൊന്നും യെരൂശലേമിനെ ആക്രമിക്കാതെ വിട്ടേക്കില്ലെന്ന് ഹിസ്കീയാവു തിരിച്ചറിയുന്നു. അതിനാൽ, ആ ആക്രമണത്തെ ചെറുക്കാനുള്ള ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്. ആക്രമിച്ചെത്തുന്ന അസീറിയക്കാർക്കു വെള്ളം എടുക്കാൻ കഴിയുമായിരുന്ന ജലസ്രോതസ്സുകൾ യെരൂശലേമിലെ ജനങ്ങൾ അടച്ചുകളഞ്ഞു. ഹിസ്കീയാവ് നഗരത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും “അനവധി കുന്തവും പരിചയും” ഉൾപ്പെടെ തന്റെ ആയുധശേഖരം വർധിപ്പിക്കുകയും ചെയ്യുന്നു.—2 ദിനവൃത്താന്തം 32:4, 5.
6. ഹിസ്കീയാവ് ആശ്രയം വെക്കുന്നത് ആരിൽ?
6 എന്നിരുന്നാലും, ഹിസ്കീയാവ് ആശ്രയം വെക്കുന്നത് വിദഗ്ധമായ യുദ്ധതന്ത്രങ്ങളിലോ നഗരത്തിന്റെ പ്രതിരോധത്തിലോ ഒന്നുമല്ല, മറിച്ച് സൈന്യങ്ങളുടെ യഹോവയിലാണ്. അവൻ തന്റെ സൈനിക തലവന്മാരോട് ഇങ്ങനെ പറയുന്നു: “ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ; അശ്ശൂർരാജാവിനെയും അവനോടു കൂടെയുള്ള സകലപുരുഷാരത്തെയും ഭയപ്പെടരുതു; നിങ്ങൾ ഭ്രമിക്കരുതു; അവനോടുകൂടെയുള്ളതിലും വലിയൊരുവൻ നമ്മോടുകൂടെ ഉണ്ടു. അവനോടുകൂടെ മാംസഭുജമേയുള്ളു; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമ്മുടെ യുദ്ധങ്ങളെ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ടു.” അതിനോടുള്ള പ്രതികരണമായി, “ജനം യെഹൂദാരാജാവായ യെഹിസ്കീയാവിന്റെ വാക്കുകളിൽ ആശ്രയിച്ചു”തുടങ്ങുന്നു. (2 ദിനവൃത്താന്തം 32:7, 8) യെശയ്യാ പ്രവചനത്തിന്റെ 36 മുതൽ 39 വരെയുള്ള അധ്യായങ്ങൾ പരിചിന്തിക്കവെ, തുടർന്നു നടക്കുന്ന പുളകപ്രദമായ സംഭവങ്ങൾ മനസ്സിൽ കാണുക.
രബ്-ശാക്കേ അസീറിയയുടെ ആവശ്യം ഉന്നയിക്കുന്നു
7. ആരാണ് രബ്-ശാക്കേ, അവനെ യെരൂശലേമിലേക്ക് അയയ്ക്കുന്നത് എന്തിന്?
7 രണ്ടു പ്രധാനികളോടൊപ്പം രബ്-ശാക്കേയെ (ഇത് ഒരു വ്യക്തിനാമമല്ല, സൈനിക സ്ഥാനപ്പേരാണ്) സൻഹേരീബ് യെരൂശലേമിലേക്ക് അയയ്ക്കുന്നു. (2 രാജാക്കന്മാർ 18:17) ആ നഗരം തങ്ങൾക്കു കീഴടങ്ങണം എന്നതാണ് അവർ ഉന്നയിക്കുന്ന ആവശ്യം. നഗരത്തിനു വെളിയിൽവെച്ച് ഹിസ്കീയാവിന്റെ പ്രതിനിധികളുമായി അവർ കൂടിക്കാഴ്ച നടത്തുന്നു. ഹിസ്കീയാവിന്റെ രാജധാനിവിചാരകനായ എല്യാക്കീം, രായസക്കാരൻ (സെക്രട്ടറി) ശെബ്ന, വൃത്താന്തമെഴുത്തുകാരനായ ആസാഫിന്റെ മകൻ യോവാഹ് തുടങ്ങിയവർ ആയിരുന്നു ആ പ്രതിനിധികൾ.—യെശയ്യാവു 36:2, 3.
8. രബ്-ശാക്കേ യെരൂശലേമിനെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്നത് എങ്ങനെ?
8 രബ്-ശാക്കേയുടെ ലക്ഷ്യം വ്യക്തമാണ്: ഒരു ആക്രമണം കൂടാതെ കീഴടങ്ങാൻ യെരൂശലേമിനെ പ്രേരിപ്പിക്കുക. എബ്രായ ഭാഷയിൽ അവൻ ഇങ്ങനെ വിളിച്ചുപറയുന്നു: “നീ ആശ്രയിച്ചിരിക്കുന്ന ഈ ആശ്രയം എന്തു? . . . ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോടു മത്സരിച്ചിരിക്കുന്നതു?” (യെശയ്യാവു 36:4, 5) അവർ പൂർണമായി ഒറ്റപ്പെട്ടിരിക്കുന്നു എന്ന് ഓർമിപ്പിച്ചുകൊണ്ട് രബ്-ശാക്കേ ഭയന്നുപോയ യഹൂദന്മാരെ പരിഹസിക്കുന്നു. സഹായത്തിനായി അവർക്ക് ആരിലേക്കു തിരിയാൻ കഴിയും? “ചതെഞ്ഞ ഓടക്കോലായ” ഈജിപ്തിലേക്കോ? (യെശയ്യാവു 36:6) ഇപ്പോൾ ഈജിപ്ത് ചതഞ്ഞ ഒരു ഓടയ്ക്കു സമാനമാണ്; വാസ്തവത്തിൽ, ആ മുൻ ലോകശക്തിയുടെമേൽ എത്യോപ്യ താത്കാലികമായി അധീശത്വം പുലർത്തിയിരിക്കുന്നു. മാത്രമല്ല, ഈജിപ്തിലെ ഇപ്പോഴത്തെ ഫറവോനായ തിർഹാക്ക രാജാവ് ഈജിപ്തുകാരനല്ല, എത്യോപ്യക്കാരനാണ്. അസീറിയ ഉടനടി അവനെ തോൽപ്പിക്കും. (2 രാജാക്കന്മാർ 19:8, 9) ഈജിപ്തിന് അതിനെത്തന്നെ രക്ഷിക്കാനാകാത്ത സ്ഥിതിക്ക് യഹൂദയെ സഹായിക്കാൻ എങ്ങനെ കഴിയും!
9. യഹോവ തന്റെ ജനത്തെ ഉപേക്ഷിക്കുമെന്നു കരുതാൻ രബ്-ശാക്കേയെ പ്രേരിപ്പിക്കുന്നത് എന്ത്, എന്നാൽ വസ്തുത എന്താണ്?
9 യഹോവ തന്റെ ജനത്തിൽ സംപ്രീതനല്ലാത്തതിനാൽ അവൻ അവർക്കു വേണ്ടി പോരാടുകയില്ല എന്ന് രബ്-ശാക്കേ വാദിക്കുന്നു. അവൻ ഇങ്ങനെ പറയുന്നു: ‘അല്ല നീ എന്നോടു: ഞങ്ങളുടെ ദൈവമായ യഹോവയിൽ ഞങ്ങൾ ആശ്രയിക്കുന്നു എന്നു പറയുന്നുവെങ്കിൽ അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവു നീക്കിക്കളഞ്ഞല്ലോ.’ (യെശയ്യാവു 36:7) വാസ്തവത്തിൽ, പൂജാഗിരികളും യാഗപീഠങ്ങളും നീക്കിക്കളയുകവഴി യഹൂദന്മാർ യഹോവയെ ത്യജിക്കുകയല്ല, അവനിലേക്കു തിരിയുകയാണു ചെയ്തത്.
10. വാസ്തവത്തിൽ യഹൂദയുടെ സൈനികർ കൂടുതലാണോ കുറവാണോ എന്നത് അത്ര പ്രധാനമല്ലാത്തത് എന്തുകൊണ്ട്?
10 സൈനികമായി നോക്കിയാൽ യഹൂദന്മാർ തീർത്തും അശക്തരാണെന്ന് രബ്-ശാക്കേ അവരെ ഓർമിപ്പിക്കുന്നു. അവൻ ഗർവോടെ ഇങ്ങനെ വെല്ലുവിളിക്കുന്നു: “തക്ക കുതിരച്ചേവകരെ കയററുവാൻ നിനക്കു കഴിയുമെങ്കിൽ ഞാൻ രണ്ടായിരം കുതിരയെ നിനക്കു തരാം.” (യെശയ്യാവു 36:8) വാസ്തവത്തിൽ യഹൂദയുടെ കുതിരച്ചേവകർ കൂടുതലാണോ കുറവാണോ എന്ന സംഗതി അത്ര പ്രധാനമാണോ? അല്ല, കാരണം യഹൂദയുടെ രക്ഷ വലിയ സൈനിക ശക്തിയെ അല്ല ആശ്രയിച്ചിരിക്കുന്നത്. സദൃശവാക്യങ്ങൾ 21:31 പറയുന്നു: “കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു.” തുടർന്ന്, യഹോവയുടെ അനുഗ്രഹമുള്ളത് യഹൂദന്മാർക്കല്ല, അസീറിയക്കാർക്കാണ് എന്ന് രബ്-ശാക്കേ വാദിക്കുന്നു. അല്ലാത്തപക്ഷം, അസീറിയക്കാർക്ക് യഹൂദയുടെ പ്രദേശത്തേക്ക് ആക്രമിച്ചുകയറാൻ സാധിക്കുമായിരുന്നില്ലത്രേ.—യെശയ്യാവു 36:9, 10.
11, 12. (എ) “യെഹൂദാഭാഷയിൽ” സംസാരിക്കാൻ രബ്-ശാക്കേ നിർബന്ധം പിടിക്കുന്നത് എന്തുകൊണ്ട്, കേൾവിക്കാരായ യഹൂദരെ പ്രലോഭിപ്പിക്കാൻ അവൻ എന്തു പറയുന്നു? (ബി) രബ്-ശാക്കേയുടെ വാക്കുകൾ യഹൂദന്മാരുടെമേൽ എന്തു ഫലം ഉളവാക്കിയിരിക്കാം?
11 രബ്-ശാക്കേയുടെ വാദഗതി നഗരമതിലിൽനിന്നു കേൾക്കുന്ന ആളുകളെ എങ്ങനെ ബാധിക്കുമെന്നു ഹിസ്കീയാവിന്റെ പ്രതിനിധികൾ ഉത്കണ്ഠപ്പെടുന്നു. “അടിയങ്ങളോടു അരാംഭാഷയിൽ സംസാരിക്കേണമേ; അതു ഞങ്ങൾക്കു അറിയാം; മതിലിന്മേലുള്ള ജനം കേൾക്കേ ഞങ്ങളോടു യെഹൂദാഭാഷയിൽ സംസാരിക്കരുതേ,” ആ യഹൂദ ഉദ്യോഗസ്ഥന്മാർ അഭ്യർഥിക്കുന്നു. (യെശയ്യാവു 36:11) എന്നാൽ അരാംഭാഷയിൽ (സിറിയൻഭാഷ) സംസാരിക്കാൻ രബ്-ശാക്കേയ്ക്ക് യാതൊരു ഉദ്ദേശ്യവുമില്ല. യഹൂദന്മാരുടെ മനസ്സിൽ സംശയത്തിന്റെയും ഭയത്തിന്റെയും വിത്തു വിതച്ചുകൊണ്ട് കീഴടങ്ങാൻ അവരെ പ്രേരിപ്പിക്കാനും അങ്ങനെ ഒരു യുദ്ധം കൂടാതെ യെരൂശലേം പിടിച്ചടക്കാനുമാണ് അവൻ ആഗ്രഹിക്കുന്നത്! (യെശയ്യാവു 36:12) അതുകൊണ്ട് ആ അസീറിയക്കാരൻ പിന്നെയും “യെഹൂദാഭാഷയിൽ” സംസാരിക്കുന്നു. അവൻ യെരൂശലേം നിവാസികൾക്ക് ഈ മുന്നറിയിപ്പു കൊടുക്കുന്നു. “ഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; അവന്നു നിങ്ങളെ വിടുവിപ്പാൻ കഴികയില്ല.” അതിനുശേഷം, അസീറിയൻ ഭരണത്തിൻ കീഴിൽ യഹൂദർക്ക് എങ്ങനെയുള്ള ഒരു ജീവിതം ആസ്വദിക്കാനാകും എന്നു വർണിച്ചുകൊണ്ട് കേൾവിക്കാരെ പ്രലോഭിപ്പിക്കാൻ അവൻ ശ്രമിക്കുന്നു: “നിങ്ങൾ എന്നോടു സന്ധിചെയ്തു എന്റെ അടുക്കൽ പുറത്തുവരുവിൻ; നിങ്ങൾ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലം തിന്നുകയും താന്താന്റെ കിണററിലെ വെള്ളം കുടിക്കയും ചെയ്തുകൊൾവിൻ. പിന്നെ ഞാൻ വന്നു, നിങ്ങളുടെ ദേശത്തിന്നു തുല്യമായി ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൂട്ടിക്കൊണ്ടു പോകും.”—യെശയ്യാവു 36:13-17.
12 അസീറിയൻ ആക്രമണം മൂലം കൃഷി ചെയ്യാൻ കഴിയാത്തതിനാൽ, ഈ വർഷം യഹൂദന്മാർക്ക് വിളവെടുപ്പ് ഉണ്ടായിരിക്കുകയില്ല. നല്ല മുന്തിരിങ്ങ തിന്നുകയും തണുത്ത വെള്ളം കുടിക്കുകയും ചെയ്യാമെന്ന പ്രതീക്ഷ മതിലിങ്കൽ കേട്ടുനിന്നിരുന്ന യഹൂദന്മാർക്ക് വളരെ ആകർഷകമായി തോന്നിയിരിക്കാം. യഹൂദന്മാരുടെ മനോബലം കെടുത്താനുള്ള ശ്രമം രബ്-ശാക്കേ അതോടെ ഉപേക്ഷിക്കുന്നില്ല.
13, 14. രബ്-ശാക്കേയുടെ വാദമുഖങ്ങൾ ശമര്യയുടെ കാര്യത്തിൽ പ്രസക്തമായിരുന്നെങ്കിലും, യഹൂദയുടെ കാര്യത്തിൽ അങ്ങനെ അല്ലായിരുന്നത് എന്തുകൊണ്ട്?
13 വാദമുഖങ്ങളാകുന്ന തന്റെ ആയുധശേഖരത്തിൽനിന്ന് രബ്-ശാക്കേ മറ്റൊരു ആയുധം പുറത്തെടുക്കുന്നു. ‘യഹോവ നമ്മെ വിടുവിക്കും’ എന്നു ഹിസ്കീയാവ് പറയുന്നതു വിശ്വസിക്കരുതെന്ന് അവൻ യഹൂദന്മാർക്കു മുന്നറിയിപ്പു കൊടുക്കുന്നു. അസീറിയൻ ആക്രമണത്തെ ചെറുത്തുനിൽക്കാൻ ശമര്യയിലെ ദൈവങ്ങൾക്കു കഴിഞ്ഞില്ലെന്ന കാര്യം രബ്-ശാക്കേ യഹൂദന്മാരെ ഓർമിപ്പിക്കുന്നു. അസീറിയ കീഴ്പെടുത്തിയ മറ്റു രാജ്യങ്ങളിലെ ദൈവങ്ങളുടെ കാര്യമോ? അവൻ ഇങ്ങനെ ചോദിക്കുന്നു: “ഹമാത്തിലെയും അർപ്പാദിലെയും ദേവന്മാർ എവിടെ? സെഫർവ്വയീമിലെ ദേവന്മാരും എവിടെ? അവർ ശമര്യയെ എന്റെ കയ്യിൽനിന്നു വിടുവിച്ചിട്ടുണ്ടോ?”—യെശയ്യാവു 36:18-20.
14 വിശ്വാസത്യാഗം ഭവിച്ച ശമര്യയും ഹിസ്കീയാവിന്റെ കീഴിലുള്ള യെരൂശലേമും തമ്മിൽ വലിയ അന്തരമുണ്ടെന്ന കാര്യം വ്യാജ ദൈവങ്ങളെ ആരാധിക്കുന്ന രബ്-ശാക്കേ തീർച്ചയായും മനസ്സിലാക്കുന്നില്ല. ശമര്യയിലെ വ്യാജദൈവങ്ങൾക്ക് ആ പത്തു-ഗോത്ര രാജ്യത്തെ രക്ഷിക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല. (2 രാജാക്കന്മാർ 17:7, 17, 18) നേരെമറിച്ച്, ഹിസ്കീയാവിന്റെ കീഴിലുള്ള യെരൂശലേം വ്യാജദൈവങ്ങളെ ഉപേക്ഷിച്ച് വീണ്ടും യഹോവയെ സേവിക്കുന്നു. എന്നാൽ, യഹൂദയുടെ മൂന്നു പ്രതിനിധികൾ ഇക്കാര്യം രബ്-ശാക്കേയ്ക്കു വിശദീകരിച്ചു കൊടുക്കാൻ മുതിരുന്നില്ല. “എന്നാൽ ജനം മിണ്ടാതിരുന്നു അവനോടു ഒന്നും ഉത്തരം പറഞ്ഞില്ല; അവനോടു ഉത്തരം പറയരുതെന്നു രാജകല്പന ഉണ്ടായിരുന്നു.” (യെശയ്യാവു 36:21) എല്യാക്കീമും ശെബ്നയും യോവാഹും ഹിസ്കീയാവിന്റെ അടുക്കലേക്കു മടങ്ങി രബ്-ശാക്കേ പറഞ്ഞ കാര്യങ്ങൾ രാജാവിനെ ഔദ്യോഗികമായി അറിയിക്കുന്നു.—യെശയ്യാവു 36:22.
ഹിസ്കീയാവ് എടുക്കുന്ന തീരുമാനം
15. (എ) ഹിസ്കീയാവ് എന്തു തീരുമാനത്തെ അഭിമുഖീകരിക്കുന്നു? (ബി) യഹോവ തന്റെ ജനത്തിന് എന്ത് ഉറപ്പു നൽകുന്നു?
15 ഹിസ്കീയാവ് ഇപ്പോൾ ഒരു തീരുമാനമെടുത്തേ പറ്റൂ. യെരൂശലേം അസീറിയയ്ക്കു കീഴടങ്ങണോ? അതോ, ഈജിപ്തുമായി സഖ്യം കൂടണോ? അതുമല്ലെങ്കിൽ, ഉറച്ചുനിന്ന് അസീറിയയ്ക്കെതിരെ യുദ്ധം ചെയ്യണോ? ഹിസ്കീയാവ് വലിയ സമ്മർദത്തിലാണ്. യെശയ്യാ പ്രവാചകൻ മുഖാന്തരം യഹോവയോടു കാര്യങ്ങൾ ആരായാനായി എല്യാക്കീമിനെയും ശെബ്നയെയും പുരോഹിതന്മാരിൽ മൂപ്പന്മാരെയും അവന്റെ അടുക്കലേക്കു പറഞ്ഞയച്ചിട്ട് ഹിസ്കീയാവ് ആലയത്തിലേക്കു ചെല്ലുന്നു. (യെശയ്യാവു 37:1, 2) രട്ടുടുത്തുകൊണ്ട് രാജാവിന്റെ ദൂതന്മാർ യെശയ്യാവിന്റെ അടുക്കൽ ചെന്ന് ഇങ്ങനെ പറയുന്നു: “ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസമത്രേ . . . ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ രബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂർരാജാവു അയച്ചു പറയിക്കുന്ന വാക്കു നിന്റെ ദൈവമായ യഹോവ പക്ഷേ കേൾക്കും; നിന്റെ ദൈവമായ യഹോവ കേട്ടിരിക്കുന്ന വാക്കിന്നു പ്രതികാരം ചെയ്യും.” (യെശയ്യാവു 37:3-5) അതേ, അസീറിയക്കാർ ജീവനുള്ള ദൈവത്തെയാണു വെല്ലുവിളിക്കുന്നത്! അത് യഹോവ കേൾക്കാതിരിക്കുമോ? യെശയ്യാവ് മുഖാന്തരം യഹോവ യഹൂദന്മാർക്ക് ഈ ഉറപ്പു നൽകുന്നു: “അശ്ശൂർരാജാവിന്റെ ഭൃത്യന്മാർ എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കു നിമിത്തം ഭയപ്പെടേണ്ടാ. ഞാൻ അവന്നു ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാൻ അവനെ അവന്റെ സ്വന്തദേശത്തുവെച്ചു വാൾകൊണ്ടു വീഴുമാറാക്കും.”—യെശയ്യാവു 37:6, 7.
16. സൻഹേരീബ് എങ്ങനെയുള്ള കത്തുകൾ അയയ്ക്കുന്നു?
16 ഈ അവസരത്തിൽ സൻഹേരീബ് ലിബ്നയിൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് അവൻ രബ്-ശാക്കേയെ തന്റെ അടുക്കലേക്കു വിളിപ്പിക്കുന്നു. യെരൂശലേമിനെ ആക്രമിക്കാനുള്ള തന്റെ പരിപാടി അവൻ പിന്നത്തേക്കു മാറ്റിവെക്കുന്നു. (യെശയ്യാവു 37:8) രബ്-ശാക്കേ മടങ്ങിപ്പോയെങ്കിലും, ഹിസ്കീയാവ് അനുഭവിക്കുന്ന സമ്മർദത്തിനു യാതൊരു കുറവുമില്ല. യെരൂശലേം കീഴടങ്ങാൻ വിസമ്മതിച്ചാൽ അതിലെ നിവാസികൾക്ക് എന്തെല്ലാം അനുഭവിക്കേണ്ടിവരും എന്നു സൂചിപ്പിച്ചുകൊണ്ട് ഭീഷണിപ്പെടുത്തുന്ന കത്തുകൾ സൻഹേരീബ് അവർക്ക് അയയ്ക്കുന്നു: “അശ്ശൂർരാജാക്കന്മാർ സകലദേശങ്ങളോടും ചെയ്തതും അവെക്കു ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ വിടുവിക്കപ്പെടുമോ? . . . എന്റെ പിതാക്കന്മാർ നശിപ്പിച്ചുകളഞ്ഞ ജാതികളുടെ ദേവന്മാർ അവരെ വിടുവിച്ചിട്ടുണ്ടോ? ഹമാത്ത്രാജാവും അർപ്പാദ്രാജാവും സെഫർവ്വയീംപട്ടണം, ഹേന, ഇവ്വ എന്നിവെക്കു രാജാവായിരുന്നവനും എവിടെ?” (യെശയ്യാവു 37:9-13) ചെറുത്തുനിൽക്കുന്നത് ഭോഷത്വമാണ്, അതു കൂടുതൽ പ്രശ്നങ്ങൾ വരുത്തിവെക്കുകയേ ഉള്ളൂ എന്നാണ് ഫലത്തിൽ അസീറിയ പറയുന്നത്.
17, 18. (എ) യഹോവയുടെ സംരക്ഷണം അഭ്യർഥിക്കാൻ ഹിസ്കീയാവിനെ പ്രേരിപ്പിക്കുന്നത് എന്ത്? (ബി) യെശയ്യാവ് മുഖാന്തരം യഹോവ സൻഹേരീബിന് എങ്ങനെ ഉത്തരം നൽകുന്നു?
17 താൻ എടുക്കുന്ന തീരുമാനത്തിന്റെ അനന്തരഫലങ്ങളെ കുറിച്ചു വളരെ ഉത്കണ്ഠാകുലനായ ഹിസ്കീയാവ് ആലയത്തിൽ ചെന്ന് യഹോവയുടെ മുമ്പാകെ സൻഹേരീബിന്റെ കത്തുകൾ നിരത്തിവെക്കുന്നു. (യെശയ്യാവു 37:14) യഹോവ അസീറിയൻ ഭീഷണി കേൾക്കണമെന്ന ഹൃദയംഗമമായ പ്രാർഥന ഹിസ്കീയാവ് ഇങ്ങനെ ഉപസംഹരിക്കുന്നു: “ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (യെശയ്യാവു 37:15-20) ഹിസ്കീയാവ് സ്വരക്ഷയെ കുറിച്ചല്ല മുഖ്യമായും ചിന്തിക്കുന്നത്, മറിച്ച് അസീറിയ യെരൂശലേമിനെ തോൽപ്പിക്കുകയാണെങ്കിൽ യഹോവയുടെ നാമത്തിന്മേൽ വരാൻ പോകുന്ന നിന്ദയെ കുറിച്ചാണ് എന്നത് ഈ പ്രാർഥനയിൽനിന്നു വ്യക്തമാണ്.
18 യെശയ്യാവ് മുഖാന്തരം ഹിസ്കീയാവിന്റെ പ്രാർഥനയ്ക്ക് യഹോവ ഉത്തരം നൽകുന്നു. യെരൂശലേം അസീറിയയ്ക്കു കീഴടങ്ങരുത്; അതു ചെറുത്തുനിൽക്കണം. സൻഹേരീബിനോട് എന്നവണ്ണം യഹോവയുടെ സന്ദേശം യെശയ്യാവ് സുധീരം അറിയിക്കുന്നു: “സീയോൻപുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ [പരിഹാസപൂർവം] തലകുലുക്കുന്നു.” (യെശയ്യാവു 37:21, 22) തുടർന്നുള്ള വാക്യങ്ങളിൽ യഹോവ ഫലത്തിൽ ഇങ്ങനെ പറയുന്നു: ‘ഇസ്രായേലിന്റെ പരിശുദ്ധനെ വെല്ലുവിളിക്കാൻ മാത്രം നീ ആരാണ്? എനിക്കു നിന്റെ പ്രവൃത്തികൾ അറിയാം. നീ വല്ലാത്ത ദുരാഗ്രഹിയും അഹങ്കാരിയുമാണ്. നീ സ്വന്തം സൈനിക ശക്തിയിൽ ആശ്രയിക്കുകയും വളരെ ദേശങ്ങൾ പിടിച്ചടക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ നീ അജയ്യനല്ല. ഞാൻ നിന്റെ ആസൂത്രണങ്ങളെ വൃഥാവാക്കും. ഞാൻ നിന്നെ ജയിച്ചടക്കും. നീ മറ്റുള്ളവരോടു ചെയ്തതുപോലെ ഞാൻ നിന്നോടു ചെയ്യും. ഞാൻ നിന്നെ മൂക്കിൽ കൊളുത്തിട്ട് അസീറിയയിലേക്കു തിരികെ കൊണ്ടുപോകും!’—യെശയ്യാവു 37:23-29.
“ഇതു നിനക്കു അടയാളമാകും”
19. യഹോവ ഹിസ്കീയാവിന് എന്ത് അടയാളം നൽകുന്നു, അതിന്റെ അർഥമെന്ത്?
19 യെശയ്യാവിന്റെ പ്രവചനം നിവൃത്തിയേറും എന്നതു സംബന്ധിച്ച് ഹിസ്കീയാവിന് എന്ത് ഉറപ്പാണുള്ളത്? യഹോവ ഉത്തരം നൽകുന്നു: “ഇതു നിനക്കു അടയാളമാകും: നിങ്ങൾ ഈ ആണ്ടിൽ പടുവിത്തു വിളയുന്നതും രണ്ടാം ആണ്ടിൽ താനേ കിളുർത്തുവിളയുന്നതും തിന്നും; മൂന്നാം ആണ്ടിൽ നിങ്ങൾ വിതെച്ചുകൊയ്യുകയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും.” (യെശയ്യാവു 37:30) നഗരത്തിൽ കുടുങ്ങിപ്പോയ യഹൂദന്മാർക്ക് യഹോവ ആഹാരം പ്രദാനം ചെയ്യും. അസീറിയൻ അധിനിവേശം നിമിത്തം വിത്തു വിതയ്ക്കുക അസാധ്യമാണെങ്കിലും, തലേ വർഷത്തെ കൊയ്ത്തിന്റെ കാലാപെറുക്കി അവർ ഭക്ഷിക്കും. പിറ്റേ വർഷം ശബത്തു വർഷമാണ്. അതിനാൽ ആ വർഷം എത്ര കഠിന സാഹചര്യം ഉണ്ടായാൽ പോലും അവർ വയലുകളിൽ കൃഷി ചെയ്യാൻ പാടില്ല. (പുറപ്പാടു 23:11) തന്റെ വാക്കു കേട്ടാൽ അവരുടെ ആഹാരത്തിനായി വയലിൽ ധാരാളം ധാന്യം വിളയുമെന്ന് യഹോവ വാഗ്ദാനം ചെയ്യുന്നു. പിറ്റേ വർഷം, സാധാരണപോലെ അവർ വിത്തു വിതയ്ക്കുകയും തങ്ങളുടെ അധ്വാനഫലം അനുഭവിക്കുകയും ചെയ്യും.
20. അസീറിയൻ ആക്രമണത്തിൽനിന്നു രക്ഷപ്പെടുന്നവർ ഏതു വിധത്തിൽ “താഴേ വേരൂന്നി മീതെ ഫലം കായിക്കും”?
20 യഹോവ തന്റെ ജനത്തെ എളുപ്പം പറിച്ചുമാറ്റാനാവാത്ത ഒരു ചെടിയോട് ഉപമിക്കുന്നു: ‘യെഹൂദാഗൃഹത്തിൽ രക്ഷപ്പെട്ടവർ വീണ്ടും താഴേ വേരൂന്നി മീതെ ഫലം കായിക്കും.’ (യെശയ്യാവു 37:31, 32) അതേ, യഹോവയിൽ ആശ്രയിക്കുന്നവർക്കു തെല്ലും ഭയപ്പെടേണ്ടതില്ല. അവരും അവരുടെ സന്തതികളും നിലത്തു വേരൂന്നി നിൽക്കും.
21, 22. (എ) സൻഹേരീബിനെ കുറിച്ച് എന്തു പ്രവചിക്കപ്പെടുന്നു? (ബി) സൻഹേരീബിനെ സംബന്ധിച്ചുള്ള യഹോവയുടെ വാക്കുകൾ എപ്പോൾ, എങ്ങനെ നിവൃത്തിയേറുന്നു?
21 യെരൂശലേമിന് എതിരെയുള്ള സൻഹേരിബിന്റെ ഭീഷണി സംബന്ധിച്ചോ? യഹോവ ഇങ്ങനെ ഉത്തരം നൽകുന്നു: “അവൻ ഈ നഗരത്തിലേക്കു വരികയില്ല; ഒരു അമ്പു അവിടെ എയ്കയുമില്ല; അതിന്റെ നേരെ പരിചയോടുകൂടെ വരികയില്ല; അതിന്നെതിരെ വാടകോരുകയുമില്ല. അവൻ വന്ന വഴിക്കുതന്നേ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയുമില്ല.” (യെശയ്യാവു 37:33, 34) അസീറിയയും യെരൂശലേമും തമ്മിൽ യുദ്ധമേ ഉണ്ടാകുകയില്ല. എങ്കിലും അതിശയകരമെന്നു പറയട്ടെ, ഒരു യുദ്ധം പോലുമില്ലാതെ പരാജയപ്പെടുന്നത് യഹൂദ അല്ല, അസീറിയ ആയിരിക്കും.
22 പറഞ്ഞതുപോലെതന്നെ, യഹോവ ഒരു ദൂതനെ അയയ്ക്കുന്നു. സൻഹേരീബിന്റെ സൈന്യത്തിൽ ഏറ്റവും മികച്ച സൈനികരിൽ 1,85,000 പേരെ ആ ദൂതൻ വധിക്കുന്നു. സാധ്യതയനുസരിച്ച്, ഇതു സംഭവിക്കുന്നത് ലിബ്നയിൽ വെച്ചാണ്. സൻഹേരീബ് ഉണർന്നെണീറ്റു നോക്കുമ്പോൾ തന്റെ സൈന്യത്തിലെ നായകന്മാരും മുഖ്യന്മാരും വീരന്മാരും മരിച്ചുകിടക്കുന്നത് കാണുന്നു. ലജ്ജിതനായ അവൻ നീനെവേയിലേക്കു തിരികെ പോകുന്നു. കനത്ത പരാജയം നേരിട്ടിട്ടും അവൻ തന്റെ പുറജാതീയ ദൈവമായ നിസ്രോക്കിനെ ആരാധിക്കുന്നതിൽ തുടരുന്നു. ഏതാനും വർഷങ്ങൾക്കു ശേഷം നിസ്രോക്കിന്റെ ആലയത്തിൽ ആരാധന നടത്തിക്കൊണ്ടിരിക്കുമ്പോൾ സൻഹേരീബിനെ അവന്റെ രണ്ടു പുത്രന്മാർതന്നെ വധിക്കുന്നു. അങ്ങനെ ഒരിക്കൽ കൂടി, നിസ്രോക്ക് അശക്തനാണെന്നു തെളിയുന്നു.—യെശയ്യാവു 37:35-38.
ഹിസ്കീയാവിന്റെ വിശ്വാസം വീണ്ടും ബലിഷ്ഠമാക്കപ്പെടുന്നു
23. സൻഹേരീബ് ആദ്യമായി യഹൂദയ്ക്കെതിരെ വരുമ്പോൾ ഹിസ്കീയാവ് ഏതു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു, അനന്തരഫലങ്ങൾ എന്തെല്ലാം?
23 സൻഹേരീബ് ആദ്യമായി യഹൂദയ്ക്കെതിരെ വരുന്ന സമയത്ത് ഹിസ്കീയാവ് രോഗം പിടിപെട്ടു കിടപ്പിലാകുന്നു. അവൻ മരിക്കുമെന്ന് യെശയ്യാവ് പറയുന്നു. (യെശയ്യാവു 38:1) 39 വയസ്സുള്ള ആ രാജാവ് ആകെ അസ്വസ്ഥനാണ്. സ്വന്തക്ഷേമത്തെയും ജനത്തിന്റെ ഭാവിയെയും കുറിച്ച് അവൻ ഉത്കണ്ഠാകുലനാണ്. യെരൂശലേമും യഹൂദയും അസീറിയൻ ആക്രമണ ഭീഷണിയിലാണല്ലോ, ഹിസ്കീയാവ് മരിച്ചാൽ രാജ്യത്തിനു വേണ്ടി ആരാണു യുദ്ധം ചെയ്യുക? അധികാരം ഏറ്റെടുക്കാൻ കഴിയുന്ന പുത്രന്മാരാരും ഹിസ്കീയാവിന് ഇല്ലതാനും. തന്നോടു കരുണ കാണിക്കാൻ ഹിസ്കീയാവ് യഹോവയോട് ഉള്ളുരുകി പ്രാർഥിക്കുന്നു.—യെശയ്യാവു 38:2, 3.
24, 25. (എ) ഹിസ്കീയാവിന്റെ പ്രാർഥനയ്ക്ക് യഹോവ കരുണാപൂർവം ഉത്തരം നൽകുന്നത് എങ്ങനെ? (ബി) യെശയ്യാവു 38:7, 8-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം യഹോവ എന്ത് അത്ഭുതം പ്രവർത്തിക്കുന്നു?
24 രാജകൊട്ടാരമുറ്റം വിടുന്നതിനു മുമ്പുതന്നെ, യഹോവ യെശയ്യാവിനെ മറ്റൊരു സന്ദേശവുമായി രാജാവിന്റെ കിടക്കയ്ക്ക് അരികിലേക്ക് അയയ്ക്കുന്നു: “ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു. ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും. ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കയ്യിൽനിന്നു വിടുവിക്കും; ഈ നഗരത്തെ ഞാൻ കാത്തുരക്ഷിക്കും.” (യെശയ്യാവു 38:4-6; 2 രാജാക്കന്മാർ 20:4, 5) ഒരു അസാധാരണ അടയാളം നൽകിക്കൊണ്ട് യഹോവ തന്റെ വാഗ്ദാനം സ്ഥിരീകരിക്കുന്നു: “ആഹാസിന്റെ ഘടികാരത്തിൽ സൂര്യഗതി അനുസരിച്ചു ഇറങ്ങിപ്പോയിരിക്കുന്ന നിഴലിനെ ഞാൻ പത്തു പടി പിന്നോക്കം തിരിയുമാറാക്കും.”—യെശയ്യാവു 38:7, 8എ.
25 യഹൂദ ചരിത്രകാരനായ ജോസീഫസ് പറയുന്നതനുസരിച്ച്, രാജകൊട്ടാരത്തിനുള്ളിൽ കൽനടകളും അതിനടുത്തായി ഒരു തൂണും ഉണ്ടായിരുന്നു. സൂര്യകിരണങ്ങൾ ആ തൂണിൽ പതിക്കുമ്പോൾ അതിന്റെ നിഴൽ നടകളിൽ വീഴുമായിരുന്നു. അങ്ങനെ വീഴുന്ന നിഴലിന്റെ ദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ സമയം കണക്കാക്കാനാകുമായിരുന്നു. ഇപ്പോൾ യഹോവ ഒരു അത്ഭുതം പ്രവർത്തിക്കും. സാധാരണപോലെ ആ നടയിലേക്കു നിഴൽ ഇറങ്ങുമ്പോൾ, അതു പത്തു പടി തിരികെ വരാൻ അവൻ ഇടയാക്കും. അത്തരമൊരു കാര്യത്തെ കുറിച്ച് ആരാണു കേട്ടിട്ടുള്ളത്? ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “അങ്ങനെ സൂര്യൻ ഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന പത്തു പടി തിരിഞ്ഞുപോന്നു.” (യെശയ്യാവു 38:8ബി) താമസിയാതെ, ഹിസ്കീയാവ് സുഖം പ്രാപിക്കുന്നു. ആ വാർത്ത ബാബിലോണിൽ പോലും എത്തുന്നു. അതേക്കുറിച്ചു കേൾക്കുന്ന ബാബിലോണിയൻ രാജാവ് വസ്തുതകൾ അറിയാൻ യെരൂശലേമിലേക്ക് ദൂതന്മാരെ അയയ്ക്കുന്നു.
26. ഹിസ്കീയാവിന് ആയുസ്സ് നീട്ടിക്കൊടുത്തതിന്റെ ഒരു ഫലം എന്ത്?
26 ഹിസ്കീയാവ് യഹോവയുടെ അനുകമ്പയാൽ അത്ഭുതകരമായി സുഖം പ്രാപിച്ച് മൂന്നു വർഷത്തിനുശേഷം, അവന്റെ മൂത്ത പുത്രനായ മനശ്ശെ ജനിക്കുന്നു. വളർന്നുവരുമ്പോൾ, മനശ്ശെ ദൈവം കാട്ടിയ അനുകമ്പയോട് വിലമതിപ്പു കാണിക്കുന്നില്ല. വാസ്തവത്തിൽ ദൈവം ആ അനുകമ്പ കാട്ടിയതുകൊണ്ടാണ് അവൻ ജനിച്ചതു പോലും! അതിനോടു വിലമതിപ്പില്ലാതെ, ജീവിതത്തിൽ ഏറിയ കാലവും അവൻ യഹോവയുടെ ദൃഷ്ടിയിൽ ഒന്നിനൊന്നു നികൃഷ്ടമായ കാര്യങ്ങൾ ചെയ്തുപോന്നു.—2 ദിനവൃത്താന്തം 32:24; 33:1-6.
ഹിസ്കീയാവിന്റെ വിലയിരുത്തലിൽ വരുന്ന പിഴവ്
27. ഹിസ്കീയാവ് ഏതെല്ലാം വിധങ്ങളിൽ യഹോവയോടു വിലമതിപ്പു പ്രകടമാക്കുന്നു?
27 തന്റെ പൂർവപിതാവായ ദാവീദിനെ പോലെ, ഹിസ്കീയാവ് വിശ്വാസമുള്ള ഒരു പുരുഷനാണ്. ദൈവവചനത്തെ അവൻ അമൂല്യമായി കരുതുന്നു. സദൃശവാക്യങ്ങൾ 25:1 പറയുന്നപ്രകാരം, ബൈബിളിൽ സദൃശവാക്യങ്ങൾ 25 മുതൽ 29 വരെയുള്ള ഭാഗങ്ങൾ സമാഹരിക്കുന്നതിനു ക്രമീകരണം ചെയ്തത് അവനാണ്. 119-ാം സങ്കീർത്തനം രചിച്ചതും അവനാണെന്നു ചിലർ വിശ്വസിക്കുന്നു. സുഖം പ്രാപിച്ചശേഷം അവൻ രചിക്കുന്ന ഹൃദയസ്പർശിയായ കൃതജ്ഞതാ ഗീതം ആഴമായ വികാരങ്ങൾ ഉള്ള ഒരു മനുഷ്യനാണ് അവനെന്നു പ്രകടമാക്കുന്നു. യഹോവയെ അവന്റെ ആലയത്തിൽ “ജീവപര്യന്തം” സ്തുതിക്കാൻ കഴിയുന്നതാണ് ജീവിതത്തിലെ അതിപ്രധാന സംഗതിയെന്ന് അവൻ നിഗമനം ചെയ്യുന്നു. (യെശയ്യാവു 38:9-20) നിർമലാരാധന സംബന്ധിച്ച് നമുക്കെല്ലാവർക്കും അതേ മനോഭാവം ഉണ്ടായിരിക്കട്ടെ!
28. അത്ഭുതകരമായി സുഖം പ്രാപിച്ച ശേഷം, വിലയിരുത്തലിൽ ഹിസ്കീയാവ് എന്തു പിഴവു വരുത്തുന്നു?
28 വിശ്വസ്തനാണെങ്കിലും, മറ്റുള്ളവരെ പോലെ ഹിസ്കീയാവും അപൂർണനാണ്. യഹോവ അവനെ സുഖപ്പെടുത്തി കുറെ കാലത്തിനുശേഷം, തന്റെ വിലയിരുത്തലിൽ അവൻ ഗുരുതരമായ ഒരു പിഴവു വരുത്തുന്നു. യെശയ്യാവ് ഇപ്രകാരം വിശദീകരിക്കുന്നു: “ആ കാലത്തു ബലദാന്റെ മകനായ മെരോദക്-ബലദാൻ ബാബേൽരാജാവു ഹിസ്കീയാവിന്നു രോഗം പിടിച്ചിട്ടു സുഖമായി എന്നു കേട്ടതുകൊണ്ടു അവന്നു എഴുത്തും സമ്മാനവും കൊടുത്തയച്ചു. ഹിസ്കീയാവു അവരെക്കുറിച്ചു സന്തോഷിച്ചു തന്റെ ഭണ്ഡാരഗൃഹവും പൊന്നും വെള്ളിയും സുഗന്ധവർഗ്ഗവും പരിമളതൈലവും ആയുധശാല ഒക്കെയും തന്റെ ഭണ്ഡാരത്തിലുള്ള സകലവും അവരെ കാണിച്ചു; തന്റെ രാജധാനിയിലും തന്റെ ആധിപത്യത്തിൽ പെട്ട സകലത്തിലും ഹിസ്കീയാവു അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.”—യെശയ്യാവു 39:1, 2.b
29. (എ) ബാബിലോണിൽ നിന്നെത്തിയ പ്രതിനിധികളെ തന്റെ സമ്പത്തു കാണിക്കാൻ ഹിസ്കീയാവിനെ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കാം? (ബി) വിലയിരുത്തലിൽ ഹിസ്കീയാവ് വരുത്തിയ പിഴവിന്റെ അനന്തരഫലങ്ങൾ എന്തെല്ലാമായിരിക്കും?
29 അസീറിയയ്ക്ക് യഹോവയുടെ ദൂതനിൽനിന്ന് കനത്ത പരാജയം നേരിട്ടെങ്കിലും, ആ രാജ്യം ബാബിലോൺ ഉൾപ്പെടെ പല രാഷ്ട്രങ്ങൾക്കും ഇപ്പോഴും ഒരു ഭീഷണിയാണ്. ഭണ്ഡാരത്തിലുള്ള സകലവും കാണിച്ചുകൊണ്ട് ബാബിലോണിയൻ രാജാവിൽ മതിപ്പുളവാക്കാനും അങ്ങനെ ഭാവിയിൽ ആ രാജ്യവുമായി സഖ്യത്തിൽ ഏർപ്പെടാനും ഹിസ്കീയാവ് ആഗ്രഹിച്ചിരിക്കാം. എന്നിരുന്നാലും, യഹൂദാ നിവാസികൾ അവരുടെ ശത്രുക്കളുമായി ചങ്ങാത്തം കൂടാൻ യഹോവ ആഗ്രഹിക്കുന്നില്ല; അവർ തന്നിൽ ആശ്രയിക്കാനാണ് അവൻ ആഗ്രഹിക്കുന്നത്! യെശയ്യാ പ്രവാചകൻ മുഖാന്തരം യഹോവ ഹിസ്കീയാവിന് ഭാവി കാര്യങ്ങൾ വെളിപ്പെടുത്തി കൊടുക്കുന്നു: “നിന്റെ രാജധാനിയിൽ ഉള്ളതൊക്കെയും നിന്റെ പിതാക്കന്മാർ ഇന്നുവരെ ശേഖരിച്ചുവെച്ചിട്ടുള്ളതും ഒട്ടൊഴിയാതെ ബാബേലിലേക്കു എടുത്തു കൊണ്ടുപോകുന്ന കാലം വരുന്നു! നീ ജനിപ്പിച്ചവരായി നിന്നിൽനിന്നുത്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവർ കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ രാജധാനിയിൽ ഷണ്ഡന്മാരായിരിക്കും.” (യെശയ്യാവു 39:3-7) അതേ, ഹിസ്കീയാവ് ഏതു രാഷ്ട്രത്തിന്റെ മതിപ്പ് നേടാനാണോ ആഗ്രഹിച്ചത് ആ രാഷ്ട്രംതന്നെ യെരൂശലേമിലെ നിക്ഷേപങ്ങൾ കൊള്ളയടിക്കുകയും ആ നഗരത്തിലെ പൗരന്മാരെ അടിമത്തത്തിലേക്കു കൊണ്ടുപോകുകയും ചെയ്യും. ഹിസ്കീയാവ് തന്റെ നിക്ഷേപങ്ങൾ ബാബിലോണിയരെ കാണിച്ചത് അവരുടെ അത്യാഗ്രഹം വർധിക്കാൻ മാത്രമാണ് ഉതകുന്നത്.
30. ഹിസ്കീയാവ് നല്ല മനോഭാവം പ്രകടമാക്കിയത് എങ്ങനെ?
30 ഈ സംഭവത്തെ പരാമർശിച്ചുകൊണ്ട് 2 ദിനവൃത്താന്തം 32:26 ഇങ്ങനെ പ്രസ്താവിക്കുന്നു: “തന്റെ ഗർവ്വത്തെക്കുറിച്ചു യെഹിസ്കീയാവും യെരൂശലേംനിവാസികളും തങ്ങളെത്തന്നെ താഴ്ത്തി; അതുകൊണ്ടു യഹോവയുടെ കോപം യെഹിസ്കീയാവിന്റെ കാലത്തു അവരുടെമേൽ വന്നില്ല.”
31. ഹിസ്കീയാവിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങളുടെ പരിണതി എന്തായിരുന്നു, അതു നമ്മെ എന്തു പഠിപ്പിക്കുന്നു?
31 അപൂർണനെങ്കിലും, ഹിസ്കീയാവ് വിശ്വാസമുള്ളവൻ ആയിരുന്നു. തന്റെ ദൈവമായ യഹോവ ആർദ്ര വികാരങ്ങളുള്ള ഒരു യഥാർഥ വ്യക്തിയാണെന്ന് അവന് അറിയാമായിരുന്നു. സമ്മർദം നേരിട്ടപ്പോൾ അവൻ യഹോവയോടു മനമുരുകി പ്രാർഥിച്ചു, യഹോവ അവന് ഉത്തരം നൽകുകയും ചെയ്തു. ശിഷ്ട കാലമൊക്കെയും യഹോവയാം ദൈവം സമാധാനം നൽകി അവനെ അനുഗ്രഹിച്ചു. അതിൽ ഹിസ്കീയാവ് കൃതജ്ഞത ഉള്ളവനായിരുന്നു. (യെശയ്യാവു 39:8) ഇന്നു നമ്മെ സംബന്ധിച്ചും യഹോവ ഒരു യഥാർഥ വ്യക്തി ആയിരിക്കണം. പ്രശ്നങ്ങൾ ഉയർന്നുവരുമ്പോൾ ജ്ഞാനത്തിനും പോംവഴിക്കുമായി നമുക്കും ഹിസ്കീയാവിനെ പോലെ യഹോവയിലേക്കു നോക്കാം. കാരണം, അവൻ ‘ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്ന’ ദൈവമാണ്. (യാക്കോബ് 1:5) നാം സഹിച്ചുനിൽക്കുകയും യഹോവയിൽ വിശ്വാസം പ്രകടമാക്കുകയും ചെയ്യുന്നപക്ഷം, ഇപ്പോഴും ഭാവിയിലും അവൻ “തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു” എന്നതു നമ്മുടെ കാര്യത്തിൽ നിവൃത്തിയേറുമെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും.—എബ്രായർ 11:6.
[അടിക്കുറിപ്പുകൾ]
a ഇന്നത്തെ കണക്കനുസരിച്ച്, അതിന് 40 കോടിയിലധികം രൂപയുടെ മൂല്യം വരും.
b സൻഹേരീബ് പരാജയപ്പെട്ടപ്പോൾ ചുറ്റുമുള്ള രാഷ്ട്രങ്ങൾ സ്വർണവും വെള്ളിയും മറ്റ് അമൂല്യ വസ്തുക്കളും സമ്മാനങ്ങളായി ഹിസ്കീയാവിനു കൊണ്ടുവന്ന് കൊടുത്തു. അങ്ങനെ “യെഹിസ്കീയാവിന്നു അനവധി ധനവും മാനവും ഉണ്ടായി” എന്നും “അവൻ അന്നുമുതൽ സകലജാതികളുടെയും ദൃഷ്ടിയിൽ ഉന്നതനായിത്തീർന്നു” എന്നും 2 ദിനവൃത്താന്തം 32:22, 23, 27-ൽ നാം വായിക്കുന്നു. അസീറിയക്കാർക്കു കപ്പം കൊടുത്തതിന്റെ ഫലമായി ശൂന്യമായ ഹിസ്കീയാവിന്റെ ഭണ്ഡാരം തനിക്കു കിട്ടിയ സമ്മാനങ്ങൾകൊണ്ട് അവൻ നിറച്ചു.
[383-ാം പേജിലെ ചിത്രം]
അസീറിയ ആക്രമിക്കുമ്പോൾ ഹിസ്കീയാ രാജാവ് യഹോവയിൽ ആശ്രയിക്കുന്നു
[384-ാം പേജിലെ ചിത്രം]
[389-ാം പേജിലെ ചിത്രം]
യഹോവയുടെ ബുദ്ധിയുപദേശം ആരായാൻ രാജാവ് ദൂതന്മാരെ യെശയ്യാവിന്റെ അടുക്കലേക്ക് അയയ്ക്കുന്നു
[390-ാം പേജിലെ ചിത്രം]
അസീറിയയുടെ പരാജയത്തിലൂടെ യഹോവയുടെ നാമത്തിനു മഹത്ത്വമുണ്ടാകണമേ എന്ന് ഹിസ്കീയാവ് പ്രാർഥിക്കുന്നു
[393-ാം പേജിലെ ചിത്രം]
യഹോവയുടെ ദൂതൻ 1,85,000 അസീറിയക്കാരെ കൊല്ലുന്നു