വിട്ടിലുകളെപ്പോലെ തന്നെ
വേനൽക്കാലത്ത് ഒരു പുൽപ്പരപ്പിലൂടെ ഉലാത്തുമ്പോൾ എണ്ണമററ വിട്ടിലുകൾ നിങ്ങളുടെ വഴിയിൽനിന്നു ചാടിപ്പോകുന്നതു നിങ്ങൾ കണ്ടിട്ടുണ്ടോ? നിങ്ങൾ കാര്യമായി അവയെ ശ്രദ്ധിച്ചില്ലെങ്കിലും അവ എല്ലായിടത്തും ഉള്ളതായി തോന്നി. ഏതായാലും, അവ നിരുപദ്രവകാരികളും അവഗണിക്കപ്പെടേണ്ടവയുമായി കാണപ്പെടുന്നു.
എങ്കിലും ഫലത്തിൽ വിട്ടിലുകളുടെ നിസ്സാരത്വം അവയെ മനുഷ്യവർഗത്തിന്റെ ഒരു അനുയോജ്യ പ്രതീകമാക്കുന്നു. ചില പ്രമുഖ വ്യക്തികൾ വളരെ പ്രധാനപ്പെട്ടവരായി സ്വയം കരുതിയേക്കാമെങ്കിലും, നമ്മുടെ സ്രഷ്ടാവ് മറിച്ചാണു വിചാരിക്കുന്നത്. അവിടുത്തെ പ്രവാചകനായ യെശയ്യാവ് ഇപ്രകാരം പറഞ്ഞു: “ഭൂവൃത്തത്തിൻ മീതെ അധിവസിക്കുന്ന ഒരുവനുണ്ട്, അതിലെ നിവാസികൾ വിട്ടിലുകളെപ്പോലെയാണ്.”—യെശയ്യാവ് 40:22, NW.
ബുദ്ധിയിലും ശക്തിയിലും മനുഷ്യർ വിട്ടിലിനെക്കാൾ വളരെ ശ്രേഷ്ഠരായിരിക്കുന്നതുപോലെ യഹോവയാം ദൈവത്തിന്റെ മാഹാത്മ്യവും ശക്തിയും ജ്ഞാനവും കേവലം മനുഷ്യരുടെ മണ്ഡലത്തെക്കാൾ അവിടുത്തെ വളരെയധികം ഉയർത്തുന്നു. എന്നിരുന്നാലും ദൈവത്തിന്റെ ഏററവും ഉന്നതമായ ഗുണം സ്നേഹമാണ്. അവിടുത്തെ കിടയററ സ്നേഹം നമ്മെ ശ്രദ്ധിക്കാനും സഹായിക്കാനും രക്ഷിക്കാനും അവിടുത്തെ പ്രേരിപ്പിക്കുന്നു—നാം അവിടുത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നെങ്കിൽ. നാം നിസ്സാര വിട്ടിലുകളെപ്പോലെയാണെങ്കിൽപ്പോലും യഹോവ സ്നേഹപൂർവം നമ്മോട് ഇടപെടുന്നു. സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു? ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു. അവൻ എളിയവനെ പൊടിയിൽനിന്നു എഴുന്നേല്പിക്കയും” ചെയ്യുന്നു.—സങ്കീർത്തനം 113:5-7.
ഈ സങ്കീർത്തനം വിശദീകരിക്കുന്നതുപോലെ താഴ്മയുള്ളവനു യഹോവ സ്നേഹപൂർവം സഹായം വെച്ചുനീട്ടുന്നു. അതേ, ‘ദൈവത്തെ യഥാർഥത്തിൽ കണ്ടെത്തേണ്ടതിന് അവിടുത്തെ താഴ്മയോടെ അന്വേഷിക്കുന്നവരെ’ അവിടുന്ന് സഹായിക്കുന്നു. (പ്രവൃത്തികൾ 17:27) ദൈവത്തെ നിശ്ചയമായും കണ്ടെത്തുകയും സേവിക്കുകയും ചെയ്യുന്നവർ അവിടുത്തെ ദൃഷ്ടികളിൽ വിലയേറിയവരായിത്തീരുകപോലും ചെയ്യുന്നു. (യെശയ്യാവു 43:4, 10 താരതമ്യം ചെയ്യുക.) എളിയ വിട്ടിൽ അങ്ങനെ നമ്മുടെ സ്വന്തം നിസ്സാരത്വത്തെയും നമ്മുടെ സർവശക്തനായ സ്രഷ്ടാവിന്റെ സ്നേഹത്തെയും കുറിച്ചു നമ്മേ അനുസ്മരിപ്പിക്കാൻ ഉതകുന്നു, അനുസരണമുള്ള മനുഷ്യർക്ക് അവിടുന്ന് തന്റെ സഖിത്വവും അനർഹദയയും പ്രദാനം ചെയ്യുന്നു. നിങ്ങൾ ദൈവസ്നേഹത്തോടു വിലമതിപ്പു പ്രകടമാക്കുന്നുവോ?