അധ്യായം നാല്
‘നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു’!
1. യഹോവ പ്രവചിക്കുന്നത് എന്തിന്, നിവൃത്തിയേറിയ പ്രവചനത്തോട് അവന്റെ ജനം എങ്ങനെ പ്രതികരിക്കേണ്ടതുണ്ട്?
ഭാവി പ്രവചിക്കാനുള്ള കഴിവാണ് സത്യദൈവത്തെ വ്യാജദൈവങ്ങളിൽ നിന്നു വ്യത്യസ്തനാക്കുന്ന ഒരു സംഗതി. എങ്കിലും, യഹോവ പ്രവചിക്കുമ്പോൾ തന്റെ ദൈവത്വം തെളിയിക്കുക എന്നതിനെക്കാൾ കവിഞ്ഞ ഉദ്ദേശ്യം അവനുണ്ട്. യെശയ്യാവു 43-ാം അധ്യായത്തിൽ വ്യക്തമാക്കിയിരിക്കുന്നതു പോലെ, യഹോവ പ്രവചനത്തെ തന്റെ ദൈവത്വത്തിനും അതുപോലെതന്നെ ഉടമ്പടി ജനതയോടുള്ള സ്നേഹത്തിനും ഒരു തെളിവായി ഉപയോഗിക്കുന്നു. അതുകൊണ്ട്, അവന്റെ ജനം നിവൃത്തിയേറിയ പ്രവചനത്തെ കുറിച്ച് നിശ്ശബ്ദർ ആയിരിക്കാൻ പാടില്ല, പകരം അതേക്കുറിച്ച് അവർ മറ്റുള്ളവർക്കു സാക്ഷ്യം നൽകേണ്ടതുണ്ട്. അതേ, അവർ യഹോവയുടെ സാക്ഷികൾ ആയിരിക്കേണ്ടതുണ്ട്!
2. (എ) യെശയ്യാവിന്റെ കാലത്ത് ഇസ്രായേല്യരുടെ ആത്മീയ അവസ്ഥ എന്താണ്? (ബി) യഹോവ തന്റെ ജനത്തിന്റെ കണ്ണു തുറക്കുന്നത് എങ്ങനെ?
2 ദുഃഖകരമെന്നു പറയട്ടെ, യെശയ്യാവിന്റെ കാലമായപ്പോഴേക്കും ഇസ്രായേല്യർ വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു. തന്മൂലം, യഹോവ ആ ജനത്തെ ആത്മീയ വൈകല്യം സംഭവിച്ചവരായി വീക്ഷിക്കുന്നു. “കണ്ണുണ്ടായിട്ടും കുരുടന്മാരായും ചെവിയുണ്ടായിട്ടും ചെകിടന്മാരായും ഇരിക്കുന്ന ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുവരുവിൻ.” (യെശയ്യാവു 43:8) ആത്മീയമായി കുരുടന്മാരും ചെകിടന്മാരും ആയിരിക്കുന്നവർക്ക് യഹോവയുടെ സജീവ സാക്ഷികളായി അവനെ എങ്ങനെ സേവിക്കാനാകും? അതിന് ഒറ്റ മാർഗമേയുള്ളൂ. അവരുടെ കണ്ണുകളും ചെവികളും അത്ഭുതകരമായി തുറക്കപ്പെടണം. യഹോവ അവ തുറക്കുകതന്നെ ചെയ്യുന്നു! എങ്ങനെ? ആദ്യം യഹോവ അവരെ കഠിനമായി ശിക്ഷിക്കുന്നു. അങ്ങനെ വടക്കേ ഇസ്രായേൽ രാജ്യത്തെ നിവാസികൾ പൊ.യു.മു. 740-ലും യഹൂദാ നിവാസികൾ പൊ.യു.മു. 607-ലും പ്രവാസത്തിലേക്കു പോകുന്നു. തുടർന്ന്, യഹോവ തന്റെ ജനത്തെ മോചിപ്പിക്കുകയും ആത്മീയമായി പുനരുജ്ജീവിപ്പിക്കപ്പെട്ട, അനുതാപമുള്ള ഒരു ശേഷിപ്പിനെ പൊ.യു.മു. 537-ൽ സ്വദേശത്തേക്കു മടക്കിവരുത്തുകയും ചെയ്തുകൊണ്ട് തന്റെ ജനത്തിനുവേണ്ടി ശക്തിയോടെ പ്രവർത്തിക്കുന്നു. തന്റെ ഈ ഉദ്ദേശ്യത്തിനു ഭംഗം വരുത്താൻ ആർക്കും സാധിക്കില്ലെന്ന് യഹോവയ്ക്ക് ഉറപ്പുണ്ട്. തന്മൂലം, 200 വർഷം മുമ്പുതന്നെ ഇസ്രായേലിന്റെ വിമോചനത്തെ കുറിച്ച്, അതു സംഭവിച്ചുകഴിഞ്ഞതു പോലെ അവൻ സംസാരിക്കുന്നു.
3. ഭാവിയിൽ പ്രവാസത്തിലേക്കു പോകാനിരിക്കുന്ന ഇസ്രായേല്യർക്ക് യഹോവ എന്തു പ്രോത്സാഹനം നൽകുന്നു?
3 “യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നേ. നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്റെ മീതെ കവികയില്ല; നീ തീയിൽകൂടി നടന്നാൽ വെന്തുപോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല. നിന്റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ.”—യെശയ്യാവു 43:1-3എ.
4. യഹോവ ഇസ്രായേലിന്റെ സ്രഷ്ടാവ് ആയിരിക്കുന്നത് എങ്ങനെ, സ്വദേശത്തേക്കു മടങ്ങുന്നതു സംബന്ധിച്ച് അവൻ തന്റെ ജനത്തിന് എന്ത് ഉറപ്പു നൽകുന്നു?
4 ഇസ്രായേൽ യഹോവയുടെ സ്വന്ത ജനത ആയതിനാൽ അവന് അവരോട് ഒരു പ്രത്യേക താത്പര്യമുണ്ട്. അബ്രാഹാമ്യ ഉടമ്പടിയുടെ നിവൃത്തിയായി അവൻതന്നെ സൃഷ്ടിച്ച ജനതയാണ് അവർ. (ഉല്പത്തി 12:1-3) അതുകൊണ്ട്, സങ്കീർത്തനം 100:3 ഇങ്ങനെ പറയുന്നു: “യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി; നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ.” ഇസ്രായേലിന്റെ സ്രഷ്ടാവും വീണ്ടെടുപ്പുകാരനുമായ യഹോവ അവരെ സ്വദേശത്തേക്കു സുരക്ഷിതമായി തിരികെ കൊണ്ടുവരും. വെള്ളവും കവിഞ്ഞൊഴുകുന്ന നദികളും ചുട്ടുപൊള്ളുന്ന മരുഭൂമികളും ഒന്നും അവരുടെ യാത്രയ്ക്കു പ്രതിബന്ധമാവുകയോ അവർക്കു ഹാനി വരുത്തുകയോ ഇല്ല. അതിനും ഏകദേശം ആയിരം വർഷം മുമ്പ് വാഗ്ദത്തദേശത്തേക്കു യാത്ര ചെയ്ത അവരുടെ പൂർവപിതാക്കന്മാർക്കും സമാനമായ സാഹചര്യങ്ങൾ ഒരു തടസ്സമായില്ല എന്ന് ഓർക്കുക.
5. (എ) യഹോവയുടെ വാക്കുകൾ ആത്മീയ ഇസ്രായേലിന് എങ്ങനെ ആശ്വാസം പകരുന്നു? (ബി) ആത്മീയ ഇസ്രായേലിന്റെ സഹകാരികൾ ആരാണ്, ആർ ഇവരെ മുൻനിഴലാക്കി?
5 യഹോവയുടെ വാക്കുകൾ ആത്മജാത “പുതിയ സൃഷ്ടി”യിലെ അംഗങ്ങളായ ആധുനിക നാളിലെ ആത്മീയ ഇസ്രായേലിന്റെ ശേഷിപ്പിനും ആശ്വാസം പകരുന്നു. (2 കൊരിന്ത്യർ 5:17) മനുഷ്യവർഗ്ഗമാകുന്ന “വെളളത്തി”ൻ മുന്നിലേക്കു ധൈര്യപൂർവം കാലെടുത്തുവെച്ചിരിക്കുന്ന അവർ, പ്രതീകാത്മക പ്രളയത്തിൽ ദൈവത്തിന്റെ സ്നേഹനിർഭരമായ സംരക്ഷണം ആസ്വദിച്ചിരിക്കുന്നു. ശത്രുക്കളിൽനിന്നുള്ള തീ അവർക്കു ഹാനി വരുത്തുന്നതിനു പകരം അവരെ ശുദ്ധീകരിക്കുകയാണു ചെയ്യുന്നത്. (സെഖര്യാവു 13:9; വെളിപ്പാടു 12:15-17) ദൈവത്തിന്റെ ആത്മീയ ജനതയോടു ചേർന്നിരിക്കുന്ന “വേറെ ആടുക”ളിലെ “മഹാപുരുഷാര”ത്തിനും യഹോവയുടെ സംരക്ഷണം ഉണ്ട്. (യോഹന്നാൻ 10:16; വെളിപ്പാടു 7:9) ഈജിപ്തിൽനിന്ന് ഇസ്രായേല്യരോടൊപ്പം വിട്ടുപോന്ന പരദേശികളായ “സമ്മിശ്രപുരുഷാര”വും ബാബിലോണിലെ പ്രവാസത്തിൽനിന്നു സ്വതന്ത്രരാക്കപ്പെട്ടവരോടൊപ്പം മടങ്ങിയ യഹൂദേതര വ്യക്തികളും ഇവരെ മുൻനിഴലാക്കി.—പുറപ്പാടു 12:38; എസ്രാ 2:1, 43, 55, 58.
6. (എ) ജഡിക ഇസ്രായേലിനെ, (ബി) ആത്മീയ ഇസ്രായേലിനെ വീണ്ടെടുക്കുന്നതിനോടുള്ള ബന്ധത്തിൽ താൻ നീതിയുള്ള ദൈവമാണെന്ന് യഹോവ പ്രകടമാക്കിയത് എങ്ങനെ?
6 മേദ്യരുടെയും പേർഷ്യക്കാരുടെയും സേനകളെ ഉപയോഗിച്ച് തന്റെ ജനത്തെ ബാബിലോണിൽനിന്നു രക്ഷിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്യുന്നു. (യെശയ്യാവു 13:17-19; 21:2, 9; 44:28; ദാനീയേൽ 5:28) നീതിയുള്ള ദൈവം എന്ന നിലയിൽ യഹോവ മെദോ-പേർഷ്യൻ “ദാസന്മാർക്ക്” ഇസ്രായേലിനു വേണ്ടി ഉചിതമായ വീണ്ടെടുപ്പുവില നൽകും. “നിന്റെ മറുവിലയായി ഞാൻ മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു. നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവന്നു പകരം ജാതികളെയും കൊടുക്കുന്നു.” (യെശയ്യാവു 43:3ബി, 4) ദൈവം മുൻകൂട്ടി പറഞ്ഞതു പോലെ പേർഷ്യൻ സാമ്രാജ്യം, ഈജിപ്തിനെയും (മിസ്രയീം) എത്യോപ്യയെയും (കൂശ്) സമീപത്തുള്ള സെബയെയും കീഴടക്കി എന്നതിനു ചരിത്രം സാക്ഷ്യം വഹിക്കുന്നു. (സദൃശവാക്യങ്ങൾ 21:18) സമാനമായി, യഹോവ 1919-ൽ യേശുക്രിസ്തു മുഖാന്തരം ആത്മീയ ഇസ്രായേലിന്റെ ശേഷിപ്പിനെ അടിമത്തത്തിൽനിന്നു വിടുവിച്ചു. തന്റെ സേവനത്തിന് യേശുവിനു പ്രതിഫലം ആവശ്യമില്ലായിരുന്നു. അവൻ പുറജാതീയ ഭരണാധികാരി ആയിരുന്നില്ല. അവൻ സ്വന്തം ആത്മീയ സഹോദരങ്ങളെയാണു വിടുവിച്ചത്. തന്നെയുമല്ല, 1914-ൽ യഹോവ അവന് “ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും” നൽകിയിരുന്നു.—സങ്കീർത്തനം 2:8.
7. പുരാതന കാലത്തെയും ആധുനിക കാലത്തെയും തന്റെ ജനത്തോട് യഹോവയ്ക്കുള്ള വികാരമെന്ത്?
7 വീണ്ടെടുത്ത പ്രവാസികളോടുള്ള തന്റെ ആർദ്ര വികാരങ്ങൾ യഹോവ തുറന്നു പ്രകടിപ്പിക്കുന്നത് എങ്ങനെയെന്നു ശ്രദ്ധിക്കുക. അവർ തനിക്ക് ‘വില ഏറിയവരും’ ‘മാന്യരും’ ആണെന്നും താൻ അവരെ ‘സ്നേഹിക്കുന്നു’ എന്നും അവൻ അവരോടു പറയുന്നു. (യിരെമ്യാവു 31:3) ഇന്നത്തെ തന്റെ വിശ്വസ്ത ദാസന്മാരോട് അതേ വികാരമാണ്—വാസ്തവത്തിൽ അതിലും കൂടുതലാണെങ്കിലേ ഉള്ളൂ—അവനുള്ളത്. അഭിഷിക്ത ക്രിസ്ത്യാനികൾ ജന്മനാ ദൈവവുമായുള്ള ബന്ധത്തിലേക്കു വന്നവരല്ല, മറിച്ച് സ്രഷ്ടാവിനോടുള്ള തങ്ങളുടെ വ്യക്തിപരമായ സമർപ്പണത്തെ തുടർന്നുള്ള ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ വന്നവരാണ്. ഇവരെ യഹോവയാം ദൈവം തന്നിലേക്കും തന്റെ പുത്രനിലേക്കും ആകർഷിക്കുകയും തന്റെ നിയമങ്ങളും തത്ത്വങ്ങളും അവരുടെ സ്വീകാര്യക്ഷമമായ ഹൃദയങ്ങളിൽ എഴുതുകയും ചെയ്തിരിക്കുന്നു.—യിരെമ്യാവു 31:31-34; യോഹന്നാൻ 6:44.
8. പ്രവാസികളെ ആശ്വസിപ്പിക്കുംവിധം യഹോവ എന്ത് ഉറപ്പു നൽകുന്നു, തങ്ങളുടെ വിമോചനത്തെ അവർ എങ്ങനെ വീക്ഷിക്കും?
8 പ്രവാസികളെ കൂടുതലായി ആശ്വസിപ്പിച്ചുകൊണ്ട് യഹോവ ഇങ്ങനെ പറയുന്നു: “ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; നിന്റെ സന്തതിയെ ഞാൻ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറുനിന്നു നിന്നെ ശേഖരിക്കയും ചെയ്യും. ഞാൻ വടക്കിനോടു: തരിക എന്നും തെക്കിനോടു: തടുത്തുവെക്കരുതെന്നും കല്പിക്കും; ദൂരത്തുനിന്നു എന്റെ പുത്രന്മാരെയും ഭൂമിയുടെ അററത്തുനിന്നു എന്റെ പുത്രിമാരെയും എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പിക്കും.” (യെശയ്യാവു 43:5-7) തന്റെ പുത്രന്മാരെയും പുത്രിമാരെയും മോചിപ്പിക്കുന്നതിനും അവരുടെ പ്രിയപ്പെട്ട സ്വദേശത്തേക്കു തിരികെ കൊണ്ടുവരുന്നതിനും ഉള്ള സമയമാകുമ്പോൾ ഭൂമിയുടെ അതിവിദൂര ഭാഗങ്ങൾ പോലും യഹോവയ്ക്കു കയ്യെത്താവുന്ന ദൂരത്ത് ആയിരിക്കും. (യിരെമ്യാവു 30:10, 11) ഇസ്രായേലിന്റെ വീക്ഷണത്തിൽ ഈ വിമോചനം, ഈജിപ്തിൽ നിന്നുള്ള തങ്ങളുടെ വിമോചനത്തെക്കാൾ ഏറെ മഹത്തരമായിരിക്കും എന്നതിന് തെല്ലും സംശയമില്ല.—യിരെമ്യാവു 16:14, 15.
9. ഏതു രണ്ടു വിധങ്ങളിലാണ് യഹോവ തന്റെ രക്ഷാ പ്രവൃത്തികളെ തന്റെ നാമവുമായി ബന്ധിപ്പിക്കുന്നത്?
9 ഇസ്രായേൽ തന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന ജനമാണെന്ന് ഓർമിപ്പിക്കുകവഴി അവരെ വിടുവിക്കാനുള്ള തന്റെ വാഗ്ദാനം സംബന്ധിച്ച് യഹോവ അവർക്ക് ഉറപ്പേകുന്നു. (യെശയ്യാവു 54:5, 6) അതിലുപരി, യഹോവ തന്റെ നാമത്തെ വിമോചനത്തെ കുറിച്ചുള്ള തന്റെ വാഗ്ദാനങ്ങളോടു ബന്ധിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, തന്റെ പ്രാവചനിക വചനം നിവൃത്തിയേറുമ്പോൾ തനിക്ക് മഹത്ത്വം കൈവരുന്നുവെന്ന് അവൻ ഉറപ്പുവരുത്തുന്നു. ജീവനുള്ള ഏക സത്യദൈവത്തിന് അർഹതപ്പെട്ട മഹത്ത്വം ബാബിലോണിനെ കീഴടക്കുന്നവനുപോലും ലഭിക്കുകയില്ല.
ദൈവങ്ങൾ വിചാരണയിൽ
10. ജനതകളുടെയും അവരുടെ ദൈവങ്ങളുടെയും മുമ്പാകെ യഹോവ എന്തു വെല്ലുവിളി ഉയർത്തുന്നു?
10 ഇസ്രായേലിനെ മോചിപ്പിക്കാനുള്ള തന്റെ വാഗ്ദാനത്തെ, യഹോവ ഇപ്പോൾ ജനതകളുടെ ദൈവങ്ങളെ വിചാരണ ചെയ്യാനുള്ള ഒരു സാർവത്രിക വ്യവഹാരത്തിന് അടിസ്ഥാനമായി ഉപയോഗിക്കുന്നു. അതേക്കുറിച്ചു നാം ഇങ്ങനെ വായിക്കുന്നു: “സകലജാതികളും ഒന്നിച്ചുകൂടട്ടെ, വംശങ്ങൾ ചേർന്നുവരട്ടെ: അവരിൽ [അവരുടെ ദൈവങ്ങളിൽ] ആർ ഇതു പ്രസ്താവിക്കയും, പണ്ടു പ്രസ്താവിച്ചതു കേൾപ്പിച്ചുതരികയും ചെയ്യുന്നു? അവർ [അവരുടെ ദൈവങ്ങൾ] നീതീകരിക്കപ്പെടേണ്ടതിന്നു സാക്ഷികളെ കൊണ്ടുവരട്ടെ; അവർ കേട്ടിട്ടു സത്യം തന്നെ എന്നു പറയട്ടെ.” (യെശയ്യാവു 43:9) ലോകജനതകളുടെ മുമ്പാകെ യഹോവ ശക്തമായ ഒരു വെല്ലുവിളി ഉയർത്തുന്നു. ഫലത്തിൽ അവൻ അവരോടു പറയുന്നത് ഇതാണ്: നിങ്ങളുടെ ദൈവങ്ങൾ ‘കൃത്യതയോടെ ഭാവി മുൻകൂട്ടി പറഞ്ഞുകൊണ്ട് ദൈവങ്ങളാണെന്നു തെളിയിക്കട്ടെ.’ സത്യദൈവത്തിനു മാത്രമേ അണുവിട തെറ്റാതെ ഭാവി പ്രവചിക്കാൻ സാധിക്കൂ എന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ ഈ പരീക്ഷണം വ്യാജ ദൈവങ്ങളെ തുറന്നുകാട്ടും. (യെശയ്യാവു 48:5) സർവശക്തനായ ദൈവം മറ്റൊരു വ്യവസ്ഥ കൂടി മുന്നോട്ടു വെക്കുന്നു: സത്യദൈവങ്ങൾ എന്ന് അവകാശപ്പെടുന്ന ഏവരും തങ്ങളുടെ പ്രവചനങ്ങൾക്കും അവയുടെ നിവൃത്തിക്കും സാക്ഷികളെ ഹാജരാക്കണം. സ്വാഭാവികമായും, ഈ നിയമ വ്യവസ്ഥയിൽനിന്ന് യഹോവ തന്നെത്തന്നെയും ഒഴിവാക്കുന്നില്ല.
11. യഹോവ തന്റെ ജനത്തിന് എന്തു നിയമനം നൽകുന്നു, തന്റെ ദൈവത്വം സംബന്ധിച്ച് യഹോവ എന്തു വെളിപ്പെടുത്തുന്നു?
11 അശക്തരായ വ്യാജ ദൈവങ്ങൾക്കു സാക്ഷികളെ ഹാജരാക്കാൻ കഴിയുന്നില്ല. അതിനാൽ സാക്ഷിവിസ്താരക്കൂട് ലജ്ജാകരമാംവിധം ഒഴിഞ്ഞുകിടക്കുന്നു. ഇപ്പോൾ ദൈവത്വം സ്ഥാപിക്കുന്നതിനുള്ള യഹോവയുടെ ഊഴമാണ്. തന്റെ ജനത്തിന്റെ നേരെ നോക്കിക്കൊണ്ട് യഹോവ പറയുന്നു: “നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു . . . എനിക്കുമുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല. ഞാൻ തന്നേ പ്രസ്താവിക്കയും രക്ഷിക്കയും കേൾപ്പിക്കയും ചെയ്തതു; അതുകൊണ്ടു നിങ്ങൾ എന്റെ സാക്ഷികൾ . . . ഞാൻ ദൈവം തന്നേ. ഇന്നും ഞാൻ അനന്യൻ തന്നേ; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ [എന്റെ കൈ] തടുക്കും?”—യെശയ്യാവു 43:10-13.
12, 13. (എ) യഹോവയുടെ ജനത്തിനു സമൃദ്ധമായ എന്തു തെളിവുകൾ സമർപ്പിക്കാനുണ്ട്? (ബി) ആധുനിക നാളിൽ യഹോവയുടെ നാമം പ്രാമുഖ്യത നേടിയിരിക്കുന്നത് എങ്ങനെ?
12 യഹോവയുടെ വാക്കുകൾക്കുള്ള ഉത്തരമായി സന്തുഷ്ടരായ സാക്ഷികളെക്കൊണ്ട് സാക്ഷിവിസ്താരക്കൂട് പെട്ടെന്നുതന്നെ നിറഞ്ഞുകവിയുന്നു. അവരുടെ സാക്ഷ്യം സുവ്യക്തവും അവിതർക്കിതവുമാണ്. ‘യഹോവ അരുളിച്ചെയ്തിട്ടുള്ള സകലവും സംഭവിച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ല’ എന്ന് യോശുവയെ പോലെ അവരും സാക്ഷ്യപ്പെടുത്തുന്നു. (യോശുവ 23:14) ഇസ്രായേല്യർ പ്രവാസത്തിലേക്കു പോകുന്നതിനെയും പ്രവാസത്തിൽനിന്ന് അത്ഭുതകരമായി മോചിപ്പിക്കപ്പെടുന്നതിനെയും കുറിച്ച് ഏക ശബ്ദത്തിലെന്നവണ്ണം മുൻകൂട്ടി പറഞ്ഞ യെശയ്യാവ്, യിരെമ്യാവ്, യെഹെസ്കേൽ തുടങ്ങിയ പ്രവാചകന്മാരുടെ വാക്കുകൾ ഇപ്പോഴും യഹോവയുടെ ജനത്തിന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. (യിരെമ്യാവു 25:11, 12) ഇസ്രായേല്യരുടെ വിമോചകനായ കോരെശ് ജനിക്കുന്നതിനു വളരെക്കാലം മുമ്പുതന്നെ അവന്റെ പേര് പരാമർശിച്ചിരുന്നു!—യെശയ്യാവു 44:26–45:1.
13 ഇത്രയധികം തെളിവുകളുടെ ഒരു വൻ കൂമ്പാരം ഉള്ളപ്പോൾ, യഹോവ ഏക സത്യദൈവം ആണ് എന്നതിനെ ആർക്കു നിഷേധിക്കാൻ കഴിയും? പുറജാതി ദൈവങ്ങളിൽനിന്നു ഭിന്നമായി, യഹോവ മാത്രമേ സൃഷ്ടിക്കപ്പെടാത്തതായി ഉള്ളൂ; അവൻ മാത്രമാണ് ഏക സത്യദൈവം.a തന്നിമിത്തം, യഹോവയുടെ നാമം വഹിക്കുന്ന ജനത്തിന്, ഭാവി തലമുറകളോടും അവനെ കുറിച്ച് ആരായുന്ന മറ്റുള്ളവരോടും അവന്റെ അത്ഭുത പ്രവൃത്തികളെ കുറിച്ചു വിവരിക്കുകയെന്ന പുളകപ്രദമായ പദവിയുണ്ട്. (സങ്കീർത്തനം 78:5-7) സമാനമായി, യഹോവയുടെ ആധുനികകാല സാക്ഷികൾക്ക് അവന്റെ നാമം സർവ ഭൂമിയിലും ഘോഷിക്കുകയെന്ന പദവിയുണ്ട്. 1920-കളിൽ ബൈബിൾ വിദ്യാർഥികൾ യഹോവ എന്ന ദൈവനാമത്തിന്റെ ആഴമായ പ്രാധാന്യത്തെ കുറിച്ച് കൂടുതൽ ബോധവാന്മാരായിത്തീർന്നു. തുടർന്ന്, 1931 ജൂലൈ 26-ന് ഒഹായോവിലെ കൊളംബസിൽ നടന്ന കൺവെൻഷനിൽ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന ജോസഫ് എഫ്. റഥർഫോർഡ് “ഒരു പുതിയ പേര്” എന്ന ശീർഷകത്തിലുള്ള ഒരു പ്രമേയം അവതരിപ്പിച്ചു. “യഹോവയുടെ സാക്ഷികൾ എന്ന പേരിൽ അറിയപ്പെടാനും വിളിക്കപ്പെടാനും നാം ആഗ്രഹിക്കുന്നു” എന്ന വാചകം അദ്ദേഹം ആ പ്രമേയത്തിൽനിന്നു വായിച്ചപ്പോൾ ആവേശഭരിതരായ സദസ്യർ അതിനെ പിന്താങ്ങിക്കൊണ്ട് “ഉവ്വ്” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു! അന്നു മുതൽ, യഹോവയുടെ നാമം ലോകവ്യാപകമായി പ്രാമുഖ്യത നേടാൻ തുടങ്ങി.—സങ്കീർത്തനം 83:18.
14. എന്തിനെ കുറിച്ച് യഹോവ ഇസ്രായേല്യരെ ഓർമിപ്പിക്കുന്നു, അത് കാലോചിതമായിരിക്കുന്നത് എന്തുകൊണ്ട്?
14 ആദരവോടെ തന്റെ നാമം വഹിക്കുന്നവരെ യഹോവ “കണ്മണിപോലെ” കാത്തുപരിപാലിക്കുന്നു. അതേക്കുറിച്ച് ഇസ്രായേല്യരെ ഓർമിപ്പിക്കാനായി, ഈജിപ്തിൽനിന്ന് അവരെ വിടുവിക്കുകയും മരുഭൂമിയിൽ അവരെ സുരക്ഷിതമായി വഴിനടത്തുകയും ചെയ്തതിനെ കുറിച്ച് അവൻ പറയുന്നു. (ആവർത്തനപുസ്തകം 32:10, 12) ആ സമയത്ത് അവർക്കിടയിൽ അന്യദൈവങ്ങൾ ഉണ്ടായിരുന്നില്ല. ഈജിപ്തിലെ സകല ദൈവങ്ങളും പാടേ അപമാനിതരാകുന്നത് അവർ സ്വന്ത കണ്ണാലേ കണ്ടതാണ്. അതേ, ഈജിപ്തിലെ ദൈവങ്ങൾക്കൊന്നും ഈജിപ്തിനെ രക്ഷിക്കാനോ ഇസ്രായേല്യരുടെ യാത്രയെ തടയാനോ കഴിഞ്ഞില്ല. (പുറപ്പാടു 12:12) സമാനമായി, വ്യാജദൈവങ്ങളുടെ ആരാധനയ്ക്കായി 50 ക്ഷേത്രങ്ങളെങ്കിലും ഉണ്ടായിരുന്ന ശക്തയായ ബാബിലോണിയൻ നഗരവും സർവശക്തൻ തന്റെ ജനത്തെ വിടുവിക്കുന്ന സമയത്ത് അവന്റെ കൈകളെ തടയാൻ അപ്രാപ്തയായിരിക്കും. യഹോവയല്ലാതെ “ഒരു രക്ഷിതാവുമില്ല” എന്നതു വ്യക്തം.
പടക്കുതിരകൾ വീഴുന്നു, ഇരുമ്പഴികൾ തകരുന്നു
15. ബാബിലോണിനെ കുറിച്ച് യഹോവ എന്തു പ്രവചിക്കുന്നു?
15 “നിങ്ങളുടെ വീണ്ടെടുപ്പുകാരനും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ നിമിത്തം ഞാൻ ബാബേലിലേക്കു ആളയച്ചു, അവരെയൊക്കെയും, കല്ദയരെ തന്നേ, ഓടിപ്പോകുന്നവരായി അവർ ഘോഷിച്ചുല്ലസിച്ചിരുന്ന കപ്പലുകളിൽ താഴോട്ടു ഓടുമാറാക്കും. [“ഇരുമ്പഴികളെല്ലാം തകർക്കും; കൽദേയരുടെ ആർപ്പുവിളികൾ വിലാപങ്ങളാക്കി മാറ്റും,” “ഓശാന ബൈ.”] ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും ആകുന്നു. സമുദ്രത്തിൽ വഴിയും പെരുവെള്ളത്തിൽ പാതയും ഉണ്ടാക്കുകയും രഥം, കുതിര, സൈന്യം, ബലം എന്നിവയെ പുറപ്പെടുവിക്കയും ചെയ്യുന്ന യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ ഒരുപോലെ കിടക്കുന്നു, എഴുന്നേല്ക്കയില്ല; അവർ കെട്ടുപോകുന്നു; [മങ്ങിയ] വിളക്കുതിരിപോലെ കെട്ടുപോകുന്നു.”—യെശയ്യാവു 43:14-17.
16. ബാബിലോണിനും കൽദയ വ്യാപാരികൾക്കും എതിർക്കുന്ന ഏതൊരാൾക്കും എന്തു സംഭവിക്കും?
16 പ്രവാസികളെ സംബന്ധിച്ചിടത്തോളം ബാബിലോൺ ഒരു തടങ്കലിനു സമാനമാണ്. കാരണം, അത് അവരെ യെരൂശലേമിലേക്കു മടങ്ങിപ്പോകാതെ തടയുന്നു. എന്നാൽ, മുമ്പ് “സമുദ്രത്തിൽ [ചെങ്കടലിൽ] വഴിയും പെരുവെള്ളത്തിൽ [യോർദാനിലെ വെള്ളമാണെന്നു തോന്നുന്നു] പാതയും” ഉണ്ടാക്കിയ സർവശക്തന് ബാബിലോണിന്റെ പ്രതിരോധങ്ങളൊന്നും ഒരു തടസ്സമായിരിക്കുന്നില്ല. (പുറപ്പാടു 14:16; യോശുവ 3:13) സമാനമായി, യഹോവ ഉപയോഗിക്കുന്ന കോരെശ് ആഴമേറിയ യൂഫ്രട്ടീസ് നദിയിലെ വെള്ളം തിരിച്ചുവിട്ടുകൊണ്ട് തന്റെ യോദ്ധാക്കൾക്ക് ആ നഗരത്തിലേക്കു പ്രവേശിക്കാൻ വഴിയൊരുക്കും. ബാബിലോണിന്റെ കനാലുകളിലൂടെ പതിവായി സഞ്ചരിച്ചുകൊണ്ടിരുന്ന കൽദയ വ്യാപാരികൾ തങ്ങളുടെ ശക്തയായ തലസ്ഥാന നഗരിയുടെ വീഴ്ചയിൽ വിലപിക്കും. ആ കനാലുകൾ, തണ്ടുവലിക്കുന്ന ആയിരക്കണക്കിനു കപ്പലുകളുടെയും ബാബിലോണിയൻ ദൈവങ്ങളെ വഹിച്ചുകൊണ്ടു പോകുന്ന ജലവാഹനങ്ങളുടെയും പാതയായിരുന്നു. ചെങ്കടലിൽ അകപ്പെട്ടുപോയ ഫറവോന്റെ രഥങ്ങൾ പോലെ, ബാബിലോണിന്റെ വേഗമാർന്ന രഥങ്ങൾകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവില്ല. അവയ്ക്ക് അവളെ രക്ഷിക്കാനാവില്ല. ഒരു എണ്ണവിളക്കിന്റെ മങ്ങിയ തിരി കെടുത്തിക്കളയുന്ന ലാഘവത്തോടെ ആക്രമണകാരി, എതിർക്കുന്ന ഏതൊരാളുടെയും ജീവനൊടുക്കും.
യഹോവ തന്റെ ജനത്തെ സുരക്ഷിതമായി ഭവനത്തിലേക്കു നയിക്കുന്നു
17, 18. (എ) എന്തു “പുതിയ” കാര്യമാണ് യഹോവ പ്രവചിക്കുന്നത്? (ബി) മുമ്പു നടന്ന കാര്യങ്ങൾ ജനം ഓർക്കേണ്ടാത്തത് ഏത് അർഥത്തിലാണ്, എന്തുകൊണ്ട്?
17 ചെയ്യാൻ പോകുന്ന കാര്യത്തെ താൻ മുമ്പു ചെയ്തിട്ടുള്ള രക്ഷാ പ്രവൃത്തികളുമായി തുലനം ചെയ്തുകൊണ്ട് യഹോവ പറയുന്നു: “മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ. ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അതു ഇപ്പോൾ ഉത്ഭവിക്കും; നിങ്ങൾ അതു അറിയുന്നില്ലയോ? അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും. ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ജനത്തിന്നു കുടിപ്പാൻ കൊടുക്കേണ്ടതിന്നു ഞാൻ മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു കാട്ടുമൃഗങ്ങളും കുറുക്കന്മാരും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും. ഞാൻ എനിക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും.”—യെശയ്യാവു 43:18-21.
18 ‘മുമ്പുള്ളവയെ ഓർക്കേണ്ടാ’ എന്നു പറയുന്നതിനാൽ, താൻ മുൻകാലങ്ങളിൽ ചെയ്ത രക്ഷാ പ്രവൃത്തികളെ മനസ്സിൽനിന്നു മായിച്ചു കളയാൻ യഹോവ തന്റെ ജനത്തോട് ആവശ്യപ്പെടുകയല്ല. വാസ്തവത്തിൽ, അത്തരം പ്രവൃത്തികളിൽ പലതും ഇസ്രായേലിന്റെ ദിവ്യ നിശ്വസ്ത ചരിത്രത്തിന്റെ ഭാഗമാണ്. മാത്രമല്ല, ഈജിപ്തിൽനിന്നുള്ള വിടുതൽ വർഷംതോറും പെസഹാ ആഘോഷത്തിലൂടെ അനുസ്മരിക്കാൻ യഹോവ അവരോടു കൽപ്പിച്ചിരുന്നു. (ലേവ്യപുസ്തകം 23:5; ആവർത്തനപുസ്തകം 16:1-4) എന്നിരുന്നാലും, ഇപ്പോൾ തന്റെ ജനം “പുതിയ” ഒരു കാര്യത്തെപ്രതി—അവർ നേരിട്ട് അനുഭവിക്കാനിരിക്കുന്ന ഒരു കാര്യത്തെപ്രതി—തന്നെ സ്തുതിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. ബാബിലോണിൽ നിന്നുള്ള അവരുടെ വിമോചനം മാത്രമല്ല, സ്വദേശത്തേക്കുള്ള അത്ഭുതകരമായ യാത്രയും—ഒരുപക്ഷേ കൊടും മരുഭൂമിയിലൂടെയുള്ള യാത്ര—അതിൽ ഉൾപ്പെടുന്നു. വിജനമായ ആ ദേശത്ത് യഹോവ അവർക്കായി ഒരു “വഴി” ഉണ്ടാക്കുകയും അത്ഭുത കാര്യങ്ങൾ പ്രവർത്തിക്കുകയും ചെയ്യും. ആ പ്രവൃത്തികൾ, മോശെയുടെ നാളിൽ അവൻ ഇസ്രായേല്യർക്കായി ചെയ്ത കാര്യങ്ങളെ അനുസ്മരിപ്പിക്കുന്നവ ആയിരിക്കും. അതേ, സ്വദേശത്തേക്കു മടങ്ങുന്നവരെ അവൻ മരുഭൂമിയിൽ പോറ്റുകയും അക്ഷരീയ നദികൾ ഒഴുക്കിക്കൊണ്ട് അവരുടെ ദാഹം ശമിപ്പിക്കുകയും ചെയ്യും. യഹോവയാം ദൈവത്തിന്റെ കരുതലുകൾ വളരെ സമൃദ്ധമായിരിക്കുമെന്നതിനാൽ വന്യമൃഗങ്ങൾ പോലും അവനെ മഹത്ത്വപ്പെടുത്തും. മാത്രമല്ല, അവ ദൈവജനത്തെ ആക്രമിക്കാൻ മുതിരുകയുമില്ല.
19. ആത്മീയ ഇസ്രായേലിന്റെ ശേഷിപ്പും അവരുടെ സഹകാരികളും “വിശുദ്ധവഴി”യിൽ നടക്കുന്നത് എങ്ങനെ?
19 സമാനമായി, 1919-ൽ ആത്മീയ ഇസ്രായേലിന്റെ ശേഷിപ്പിനെ ദൈവം ബാബിലോണിലെ അടിമത്തത്തിൽനിന്നു വിടുവിച്ചു. തങ്ങൾക്കായി യഹോവ ഒരുക്കിയ വഴിയിലൂടെ, “വിശുദ്ധവഴി”യിലൂടെ അവർ യാത്രയായി. (യെശയ്യാവു 35:8) ഇസ്രായേല്യരെ പോലെ, ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെ ഒരു സ്ഥാനത്തുനിന്ന് മറ്റൊരു സ്ഥാനത്തേക്ക് അവർക്കു പോകേണ്ട ആവശ്യമില്ലായിരുന്നു. കൂടാതെ, ഏതാനും മാസങ്ങൾക്കകം യെരൂശലേമിൽ എത്തിയ ആ ഇസ്രായേല്യരുടേതിൽനിന്നു വ്യത്യസ്തമായി അവരുടെ യാത്ര അവസാനിച്ചതുമില്ല. എന്നുവരികിലും, ആ “വിശുദ്ധവഴി” അഭിഷിക്ത ക്രിസ്ത്യാനികളുടെ ശേഷിപ്പിനെ ഒരു ആത്മീയ പറുദീസയിലേക്കു നയിക്കുകതന്നെ ചെയ്തു. ഈ വ്യവസ്ഥിതിയിൽ ഇനിയും യാത്ര ചെയ്യേണ്ടതുള്ളതിനാൽ അവർ “വിശുദ്ധവഴി”യിൽ തുടരുന്നു. ആ വഴിയിൽ ആയിരിക്കുന്നിടത്തോളം—ശുചിത്വവും വിശുദ്ധിയും സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങൾ പിൻപറ്റുന്നിടത്തോളം—കാലം അവർ ആത്മീയ പറുദീസയിലാണ്. സഹകാരികളായി “ഇസ്രായേല്യേതര”രുടെ ഒരു മഹാപുരുഷാരം തങ്ങളോടു ചേരുന്നത് അവരെ എത്ര സന്തോഷിപ്പിക്കുന്നു! സാത്താന്റെ വ്യവസ്ഥിതിയെ ആശ്രയിക്കുന്നവരിൽ നിന്നു നേർ വിപരീതമായി, ശേഷിപ്പും അവരുടെ സഹകാരികളും യഹോവ ഒരുക്കുന്ന സമൃദ്ധമായ ആത്മീയ വിരുന്ന് ആസ്വദിക്കുന്നതിൽ തുടരുന്നു. (യെശയ്യാവു 25:6; 65:13, 14) യഹോവ തന്റെ ജനത്തെ അനുഗ്രഹിക്കുന്നതായി തിരിച്ചറിഞ്ഞിരിക്കുന്ന മൃഗതുല്യരായ അനേകർ തങ്ങളുടെ ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തുകയും സത്യദൈവത്തെ മഹത്ത്വപ്പെടുത്തുകയും ചെയ്തിരിക്കുന്നു.—യെശയ്യാവു 11:6-9.
യഹോവ തന്റെ മനോവ്യഥ വെളിപ്പെടുത്തുന്നു
20. യെശയ്യാവിന്റെ കാലത്തെ ഇസ്രായേല്യർ യഹോവയെ ദുഃഖിപ്പിച്ചത് എങ്ങനെ?
20 യെശയ്യാവിന്റെ നാളിലെ ദുഷ്ട തലമുറയുമായി താരതമ്യം ചെയ്യുമ്പോൾ പുരാതന കാലത്തെ പുനഃസ്ഥാപിത ശേഷിപ്പ് മാറ്റം വന്ന ഒരു ജനതയാണ്. ആ ദുഷ്ട തലമുറയെ കുറിച്ച് യഹോവ ഇങ്ങനെ പറയുന്നു: “യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല; യിസ്രായേലേ, നീ എന്റെ നിമിത്തം അദ്ധ്വാനിച്ചിട്ടുമില്ല. [“നീ എന്റെ നേരേ മടുപ്പു കാണിച്ചു,” “പി.ഒ.സി. ബൈ.”] നിന്റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്കു കൊണ്ടുവന്നിട്ടില്ല; നിന്റെ ഹനനയാഗങ്ങളാൽ നീ എന്നെ ബഹുമാനിച്ചിട്ടില്ല; ഭോജനയാഗങ്ങളാൽ ഞാൻ നിന്നെ ഭാരപ്പെടുത്തീട്ടില്ല; ധൂപനംകൊണ്ടു ഞാൻ നിന്നെ അദ്ധ്വാനിപ്പിച്ചിട്ടുമില്ല. നീ എനിക്കായി വയമ്പു വാങ്ങീട്ടില്ല; നിന്റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ടു എനിക്കു തൃപ്തിവരുത്തീട്ടുമില്ല; നിന്റെ പാപങ്ങൾകൊണ്ടു നീ എന്നെ അദ്ധ്വാനിപ്പിക്കയും നിന്റെ അകൃത്യങ്ങൾകൊണ്ടു എന്നെ കഷ്ടപ്പെടുത്തുകയും ചെയ്തു.”—യെശയ്യാവു 43:22-24.
21, 22. (എ) യഹോവയുടെ നിബന്ധനകൾ ഭാരമുള്ളവയല്ല എന്നു പറയാവുന്നത് എന്തുകൊണ്ട്? (ബി) ഇസ്രായേല്യർ ഫലത്തിൽ, തങ്ങളെ സേവിക്കാൻ യഹോവയെ നിർബന്ധിക്കുന്നത് എങ്ങനെ?
21 “ഭോജനയാഗങ്ങളാൽ ഞാൻ നിന്നെ ഭാരപ്പെടുത്തീട്ടില്ല; ധൂപനംകൊണ്ടു ഞാൻ നിന്നെ അദ്ധ്വാനിപ്പിച്ചിട്ടുമില്ല” എന്നു പറയുമ്പോൾ യാഗവും ധൂപനവും (വിശുദ്ധ സുഗന്ധവർഗത്തിലെ ഒരു ഘടകം) ആവശ്യമില്ലെന്ന് അവൻ പറയുകയല്ല. വാസ്തവത്തിൽ, ന്യായപ്രമാണ ഉടമ്പടിയിൻ കീഴിലുള്ള സത്യാരാധനയുടെ ഒരു മുഖ്യ ഭാഗമാണ് അവ. വിശുദ്ധ അഭിഷേകതൈലത്തിലെ സൗരഭ്യം പരത്തുന്ന ഒരു ഘടകമായ ‘വയമ്പി’ന്റെ അതായത് സുഗന്ധവർഗത്തിന്റെ കാര്യത്തിലും അതു സത്യമാണ്. ആലയ സേവനത്തിൽ ഇവ ഉപയോഗിക്കാൻ ഇസ്രായേല്യർ കൂട്ടാക്കുന്നില്ല. അത്തരം നിബന്ധനകൾ ഭാരമുള്ളവയാണോ? ഒരിക്കലുമല്ല! വ്യാജദൈവങ്ങളുടെ വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോൾ യഹോവയുടെ നിബന്ധനകൾ വളരെ ലളിതമാണ്. ദൃഷ്ടാന്തത്തിന്, വ്യാജദൈവമായ മോലേക്ക് ശിശുബലി നിഷ്കർഷിച്ചിരുന്നു. എന്നാൽ, ഒരിക്കൽപ്പോലും യഹോവ അത്തരമൊരു കാര്യം ആവശ്യപ്പെട്ടിട്ടില്ല.—ആവർത്തനപുസ്തകം 30:11; മീഖാ 6:3, 4, 8.
22 ആത്മീയ അവബോധം ഉണ്ടായിരുന്നെങ്കിൽ ഇസ്രായേല്യർ ഒരിക്കലും യഹോവയുടെ ‘നേരേ മടുപ്പു കാണിക്കു’മായിരുന്നില്ല. അവർ അവന്റെ ന്യായപ്രമാണം പരിശോധിക്കുന്നപക്ഷം അവനു തങ്ങളോടുള്ള ആഴമായ സ്നേഹം കണ്ടറിയുകയും അങ്ങനെ ‘മേദസ്സ്’ അതായത് തങ്ങളുടെ യാഗത്തിലെ ഏറ്റവും നല്ല ഭാഗം, സസന്തോഷം അവന് അർപ്പിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, നേരെ മറിച്ചാണു സംഭവിക്കുന്നത്, അവർ മേദസ്സ് തങ്ങൾക്കായി നീക്കിവെക്കുന്നു. (ലേവ്യപുസ്തകം 3:9-11, 16) ഈ ദുഷ്ട ജനത തങ്ങളുടെ പാപങ്ങളുടെ ഭാരംകൊണ്ട് യഹോവയെ എത്ര വലയ്ക്കുന്നു! ഫലത്തിൽ അവർ, തങ്ങളെ സേവിക്കാൻ യഹോവയെ നിർബന്ധിക്കുകയാണ് ചെയ്യുന്നത്!—നെഹെമ്യാവു 9:28-30.
ശിക്ഷണം ഫലം ചെയ്യുന്നു
23. (എ) ഇസ്രായേല്യർ യഹോവയുടെ ശിക്ഷണത്തിന് അർഹരായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ഇസ്രായേല്യർക്ക് ദൈവം നൽകുന്ന ശിക്ഷണത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
23 ഇസ്രായേല്യർക്ക് യഹോവ നൽകുന്ന ശിക്ഷണം കർശനമെങ്കിലും—അവർ അതിന് അർഹരാണ്—ഉദ്ദിഷ്ട ഫലങ്ങൾ കൈവരുത്തുന്നു. അങ്ങനെ, കരുണ സാധ്യമാക്കുന്നു. “എന്റെ നിമിത്തം ഞാൻ, ഞാൻ തന്നേ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല. എന്നെ ഓർപ്പിക്ക; നാം തമ്മിൽ വ്യവഹരിക്ക; നീ നീതീകരിക്കപ്പെടേണ്ടതിന്നു വാദിച്ചുകൊൾക. നിന്റെ ആദ്യപിതാവു പാപം ചെയ്തു; നിന്റെ മദ്ധ്യസ്ഥന്മാർ [“വ്യാഖ്യാതാക്കൾ,” NW, അടിക്കുറിപ്പ്] എന്നോടു ദ്രോഹം ചെയ്തു. അതുകൊണ്ടു ഞാൻ വിശുദ്ധമന്ദിരത്തിന്റെ പ്രഭുക്കന്മാരെ മലിനമാക്കി, യാക്കോബിനെ ഉന്മൂലനാശത്തിന്നും, യിസ്രായേലിനെ നിന്ദെക്കും ഏല്പിച്ചിരിക്കുന്നു.” (യെശയ്യാവു 43:25-28) ലോകത്തിലെ സകല ജനതകളെയും പോലെ ഇസ്രായേല്യരും ആദാമിന്റെ, ‘ആദ്യപിതാവി’ന്റെ സന്തതികളാണ്. തന്മൂലം, ഇസ്രായേല്യരിൽ ആർക്കും സ്വയം ‘നീതീകരിക്കപ്പെടാൻ’ കഴിയുകയില്ല. എന്തിന്, ഇസ്രായേല്യരുടെ “മധ്യസ്ഥന്മാർ”—അതായത് ന്യായപ്രമാണത്തിന്റെ ഉപദേശകർ അഥവാ വ്യാഖ്യാതാക്കൾ—പോലും യഹോവയ്ക്കെതിരെ പാപം ചെയ്യുകയും വ്യാജം പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. തന്മൂലം, യഹോവ ആ മുഴുജനതയെയും “ഉന്മൂലനാശത്തിന്നും” “നിന്ദെക്കും” ഏൽപ്പിക്കും. മാത്രമല്ല, തന്റെ “വിശുദ്ധമന്ദിരത്തി”ൽ അഥവാ പരിശുദ്ധ സ്ഥലത്ത് സേവിക്കുന്ന സകലരെയും അവൻ മലിനമാക്കുകയും ചെയ്യും.
24. പുരാതന നാളിലെയും ആധുനിക നാളിലെയും തന്റെ ജനത്തോട് യഹോവ ക്ഷമിക്കുന്നത് ഏതു പ്രധാന കാരണത്താലാണ്, അവരോടുള്ള അവന്റെ വികാരമെന്ത്?
24 ഇസ്രായേല്യർ അനുതപിക്കുന്നതുകൊണ്ടല്ല ദൈവം കരുണ കാണിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക; തനിക്കുവേണ്ടിയാണ് യഹോവ അപ്രകാരം ചെയ്യുന്നത്. അതേ, അവന്റെ നാമം ഉൾപ്പെട്ടിരിക്കുന്നു. അവൻ ഇസ്രായേല്യരെ എക്കാലവും പ്രവാസത്തിൽ തുടരാൻ അനുവദിച്ചാൽ കാഴ്ചക്കാർ അവന്റെ നാമത്തെ നിന്ദിക്കും. (സങ്കീർത്തനം 79:9; യെഹെസ്കേൽ 20:8-10) സമാനമായി ഇന്ന്, മനുഷ്യവർഗത്തിന്റെ രക്ഷയ്ക്കു രണ്ടാം സ്ഥാനമേയുള്ളൂ. യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തിനും അവന്റെ പരമാധികാരത്തിന്റെ ഔചിത്യ സംസ്ഥാപനത്തിനുമാണ് പ്രഥമ സ്ഥാനം. എന്നുവരികിലും, പൂർണമനസ്സാലെ യഹോവയുടെ ശിക്ഷണം സ്വീകരിക്കുകയും ആത്മാവിലും സത്യത്തിലും അവനെ ആരാധിക്കുകയും ചെയ്യുന്നവരെ അവൻ സ്നേഹിക്കുന്നു. യേശുക്രിസ്തുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ അവൻ അത്തരക്കാരുടെ—അഭിഷിക്തരായിരുന്നാലും വേറെ ആടുകളായിരുന്നാലും ശരി—പാപങ്ങൾ തുടച്ചുനീക്കിക്കൊണ്ട് അവരോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കുന്നു.—യോഹന്നാൻ 3:16; 4:23, 24.
25. സമീപ ഭാവിയിൽ യഹോവ വിസ്മയകരമായ എന്താണു ചെയ്യാനിരിക്കുന്നത്, അതിനോടുള്ള വിലമതിപ്പ് നമുക്ക് ഇപ്പോൾ എങ്ങനെ പ്രകടമാക്കാനാകും?
25 കൂടാതെ, യഹോവ ഉടൻതന്നെ തന്റെ വിശ്വസ്ത ആരാധകരായ മഹാപുരുഷാരത്തോടും തനിക്കുള്ള സ്നേഹം പ്രകടമാക്കും. “മഹോപദ്രവ”ത്തെ അതിജീവിച്ച്, ശുദ്ധീകരിക്കപ്പെട്ട ഒരു “പുതിയ ഭൂമി”യിലേക്കു പ്രവേശിക്കാൻ അവരെ സഹായിച്ചുകൊണ്ട് അവർക്കായി പുതിയ ഒരു കാര്യം ചെയ്യുന്നതിലൂടെ ആയിരിക്കും അവൻ ആ സ്നേഹം പ്രദർശിപ്പിക്കുക. (വെളിപ്പാടു 7:14; 2 പത്രൊസ് 3:13) മനുഷ്യവർഗം ഇന്നോളം കണ്ടിട്ടില്ലാത്ത, യഹോവയുടെ അതിവിസ്മയകരമായ ശക്തിപ്രകടനത്തിന് അവർ സാക്ഷ്യം വഹിക്കും. ആ സംഭവത്തെ കുറിച്ചുള്ള പ്രതീക്ഷ, അഭിഷിക്ത ശേഷിപ്പിനും മഹാപുരുഷാരത്തിനും ആനന്ദിക്കുന്നതിനും ‘നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു’ എന്ന ഉത്കൃഷ്ട നിയമനത്തിനു ചേർച്ചയിൽ ഓരോ ദിവസവും ജീവിക്കുന്നതിനും പ്രചോദനമേകുന്നു.—യെശയ്യാവു 43:10.
[അടിക്കുറിപ്പ്]
a ജനതകളുടെ ഐതിഹ്യങ്ങളിൽ, മിക്ക ദൈവങ്ങളും “ജനിച്ച”വരും “മക്കൾ” ഉള്ളവരുമാണ്.
[48, 49 പേജുകളിലെ ചിത്രം]
യെരൂശലേമിലേക്കു മടങ്ങുന്ന യഹൂദരെ യഹോവ പിന്തുണയ്ക്കും
[52-ാം പേജിലെ ചിത്രങ്ങൾ]
തങ്ങളുടെ ദൈവങ്ങൾക്കായി സാക്ഷികളെ ഹാജരാക്കാൻ യഹോവ ജനതകളെ വെല്ലുവിളിക്കുന്നു
1. ബാലിന്റെ ഒരു പിച്ചള പ്രതിമ 2. അസ്തോരെത്തിന്റെ കളിമൺ രൂപങ്ങൾ 3. ഹോറസ്, ഓസിറിസ്, ഐസിസ് എന്നിവരടങ്ങിയ ഈജിപ്ഷ്യൻ ത്രയം 4. ഗ്രീക്കുകാരുടെ അഥേനാ (ഇടത്ത്), അഫ്രോഡൈറ്റ് എന്നീ ദൈവങ്ങൾ
[58-ാം പേജിലെ ചിത്രങ്ങൾ]
‘നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു.’—യെശയ്യാവു 43:10