“യഹോവ ദൈവമായിരിക്കുന്ന ജനം”
“യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളത്!” —സങ്കീ. 144:15.
1. ഭൂമിയിൽ ദൈവത്തിന് വേറിട്ട ഒരു ജനമുണ്ട് എന്നതിനോടുള്ള ചിലരുടെ വീക്ഷണം എന്താണ്?
ക്രൈസ്തവലോകത്തിന് അകത്തും പുറത്തും ഉള്ള പ്രമുഖ മതങ്ങളെക്കൊണ്ട് മനുഷ്യവർഗത്തിന് കാര്യമായ പ്രയോജനമൊന്നുമില്ല എന്നത്, ചിന്തിക്കുന്ന അനേകം ആളുകളും അംഗീകരിക്കുന്ന ഒരു വസ്തുതയാണ്. ഈ മതങ്ങളെല്ലാംതന്നെ അവരുടെ പഠിപ്പിക്കലിനാലും പ്രവൃത്തികളാലും ദൈവത്തെ തെറ്റായി ചിത്രീകരിക്കുകയാണെന്നും അതുകൊണ്ടുതന്നെ അവർക്ക് ഒരിക്കലും ദൈവാംഗീകാരം നേടാനാകില്ലെന്നും ചിലർ സമ്മതിക്കുന്നു. എന്നിരുന്നാലും, എല്ലാ മതങ്ങളിലും ആത്മാർഥഹൃദയരായ ആളുകളുണ്ടെന്നും ദൈവം അവരെ കാണുകയും തന്റെ ആരാധകരായി അംഗീകരിക്കുകയും ചെയ്യുന്നുണ്ടെന്നും അവർ വിശ്വസിക്കുന്നു. അങ്ങനെയുള്ളവർ വ്യാജമതങ്ങളിൽനിന്ന് പുറത്തുവന്ന് ഒരു വേറിട്ട ജനത എന്ന നിലയിൽ ദൈവത്തെ ആരാധിക്കേണ്ടതിന്റെ ഒരു ആവശ്യവുമില്ലെന്ന് അവർ വിചാരിക്കുന്നു. എന്നാൽ ദൈവം അതിനെ അങ്ങനെതന്നെയാണോ വീക്ഷിക്കുന്നത്? യഹോവയുടെ സത്യാരാധകരുടെ ബൈബിൾചരിത്രം വിശകലനം ചെയ്യുന്നതിലൂടെ ഇതിനുള്ള ഉത്തരം നമുക്കു കണ്ടെത്താം.
ഒരു ഉടമ്പടിജനത
2. യഹോവയുടെ സ്വന്തം ജനമായിത്തീർന്നത് ആരാണ്, മറ്റു ജനങ്ങളിൽനിന്നും അവരെ വ്യത്യസ്തരാക്കിയത് എന്താണ്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
2 ബി.സി. 20-ാം നൂറ്റാണ്ടു മുതൽത്തന്നെ യഹോവയ്ക്ക് ഭൂമിയിൽ വേറിട്ട ഒരു ജനമുണ്ടായിരുന്നു. “വിശ്വാസത്താൽ നീതീകരണം പ്രാപിച്ച സകലർക്കും . . . പിതാവായ” അബ്രാഹാം നൂറുകണക്കിന് അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ തലവനായിരുന്നു. (റോമ. 4:11; ഉല്പ. 14:14) കനാനിലെ ഭരണാധികാരികൾ അവനെ ശ്രേഷ്ഠനായ “ഒരു പ്രഭു”വായി കണ്ട് ബഹുമാനിച്ചു. (ഉല്പ. 21:22; 23:6) യഹോവ അബ്രാഹാമിനോടും അവന്റെ സന്തതികളോടും ഒരു ഉടമ്പടി ചെയ്തു. (ഉല്പ. 17:1, 2, 19) ദൈവം അബ്രാഹാമിനോട് ഇങ്ങനെ പറഞ്ഞു: “എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതു: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏല്ക്കേണം. . . . അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.” (ഉല്പ. 17:10, 11) അങ്ങനെ അബ്രാഹാമും അവന്റെ കുടംബത്തിലെ എല്ലാ പുരുഷപ്രജകളും പരിച്ഛേദനയേറ്റു. (ഉല്പ. 17:24-27) യഹോവയുമായി ഉടമ്പടിബന്ധമുണ്ടായിരുന്ന ഒരേ ഒരു ജനതയായി അബ്രാഹാമിന്റെ സന്തതികളെ തിരിച്ചറിയിച്ച ജഡത്തിലെ അടയാളമായിരുന്നു പരിച്ഛേദന.
3. അബ്രാഹാമിന്റെ പിന്മുറക്കാർ വലിയ ഒരു ജനമായിത്തീർന്നത് എങ്ങനെ?
3 അബ്രാഹാമിന്റെ പേരക്കുട്ടിയായിരുന്ന യാക്കോബിന് (ഇസ്രായേലിന്) 12 പുത്രന്മാരുണ്ടായിരുന്നു. (ഉല്പ. 35:10, 23-26) കാലാന്തരത്തിൽ ഇവർ ഇസ്രായേലിന്റെ 12 ഗോത്രപിതാക്കന്മാരാകേണ്ടിയിരുന്നു. (പ്രവൃ. 7:8) ക്ഷാമത്തെത്തുടർന്ന് യാക്കോബും അവന്റെ കുടുംബാംഗങ്ങളും ഈജിപ്തിൽ അഭയം തേടി. അവിടെ യാക്കോബിന്റെ പുത്രന്മാരിൽ ഒരാളായ യോസേഫ് ഫറവോന്റെ വലങ്കയ്യും ഭക്ഷ്യവിചാരകനും ആയി സേവിച്ചിരുന്നു. (ഉല്പ. 41:39-41; 42:6) യാക്കോബിന്റെ സന്തതികൾ വലിയ ‘ഒരു ജനസമൂഹമായി’ വർധിച്ച് പെരുകി.—ഉല്പ. 48:4; പ്രവൃത്തികൾ 7:17 വായിക്കുക.
വീണ്ടെടുക്കപ്പെട്ട ഒരു ജനം
4. യാക്കോബിന്റെ സന്തതികൾക്കും ഈജിപ്തുകാർക്കും ഇടയിൽ ഏതുതരത്തിലുള്ള ബന്ധമാണ് ആദ്യമുണ്ടായിരുന്നത്?
4 യാക്കോബിന്റെ സന്തതിപരമ്പരകൾ 200-ൽപ്പരം വർഷം ഈജിപ്തിലെ നൈൽ നദീതടത്തിലുള്ള ഗോശെൻദേശത്ത് താമസിച്ചു. (ഉല്പ. 45:9, 10) ആ കാലയളവിന്റെ പകുതിയോളം അവർ ചെറുപട്ടണങ്ങളിൽ താമസിച്ച് ആടുമാടുകളെയും മേയ്ച്ച് ഈജിപ്തുകാരോടൊപ്പം സമാധാനത്തോടെ ജീവിച്ചുപോന്നതായി ചരിത്രം സൂചിപ്പിക്കുന്നു. യോസേഫിനെ അറിയാമായിരുന്ന ഫറവോൻ, അവനെ വിലമതിക്കുകയും ആദ്യമായി ഇസ്രായേൽ ജനം വന്നെത്തിയപ്പോൾ അവരെ ഊഷ്മളമായി വരവേൽക്കുകയും ചെയ്തിരുന്നു. (ഉല്പ. 47:1-6) ഈജിപ്തിലെ ജനത്തിന് ഇടയന്മാരോട് വിശേഷാൽ വെറുപ്പായിരുന്നു. (ഉല്പ. 46:31-34) എന്നിരുന്നാലും അവരുടെ ഇടയിൽ ഇസ്രായേല്യരുടെ സാന്നിധ്യം അവർ സഹിക്കേണ്ടതുണ്ടായിരുന്നു.
5, 6. (എ) ദൈവജനത്തിന്റെ സാഹചര്യം ഈജിപ്തിൽവെച്ച് മാറിമറിഞ്ഞത് എങ്ങനെ? (ബി) ശിശുവായിരിക്കെ മോശ രക്ഷപ്പെട്ടത് എങ്ങനെ, തന്റെ ജനത്തിനുവേണ്ടി യഹോവ എന്തു ചെയ്തു?
5 എന്നാൽ ദൈവജനത്തിന്റെ സാഹചര്യം നാടകീയമായ വിധത്തിൽ മാറാൻ പോകുകയായിരുന്നു. “അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമിൽ ഉണ്ടായി. അവൻ തന്റെ ജനത്തോടു: യിസ്രായേൽ ജനം നമ്മെക്കാൾ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു. മിസ്രയീമ്യർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു. കളിമണ്ണും ഇഷ്ടകയും വയലിലെ സകലവിധവേലയും സംബന്ധിച്ചുള്ള കഠിന പ്രവൃത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകലപ്രയത്നത്താലും അവർ അവരുടെ ജീവനെ കൈപ്പാക്കി.”—പുറ. 1:8, 9, 13, 14.
6 എബ്രായരുടെ സകല ആൺകുഞ്ഞുങ്ങളെയും പിറക്കുമ്പോൾത്തന്നെ കൊന്നുകളയാൻ ഫറവോൻ ഉത്തരവിട്ടു. (പുറ. 1:15, 16) ആ കാലഘട്ടത്തിലായിരുന്നു മോശ ജനിച്ചത്. അവന് മൂന്നു മാസം പ്രായമുള്ളപ്പോൾ അവന്റെ അമ്മ അവനെ നൈൽ നദിയിലെ ഞാങ്ങണകൾക്കിടിയിൽ ഒളിപ്പിച്ചു. ഫറവോന്റെ പുത്രി അവിടെ അവനെ കണ്ടെത്തി. അവൾ അവനെ ദത്തെടുത്തു. സന്തോഷകരമെന്നു പറയട്ടെ, ദൈവം കാര്യങ്ങളെ നയിച്ചതിനാൽ, കുഞ്ഞിനെ അവൾ വളർത്താൻ ഏല്പിച്ചത് അവന്റെ വിശ്വസ്തയായ അമ്മ യോഖേബെദിന്റെ കൈകളിൽത്തന്നെയായിരുന്നു! അങ്ങനെ മോശ യഹോവയുടെ ഒരു വിശ്വസ്തദാസനായി വളർന്നുവരാനിടയായി. (പുറ. 2:1-10; എബ്രാ. 11:23-25) യഹോവ തന്റെ ജനത്തിന്റെ കഷ്ടതകൾ ‘അറിയുകയും’ മോശയുടെ നേതൃത്വത്തിൻകീഴിൽ അവരെ ആ മർദകരിൽനിന്ന് വിടുവിക്കാൻ തീരുമാനിക്കുകയും ചെയ്തു. (പുറ. 2:24, 25; 3:9, 10) അങ്ങനെ അവർ യഹോവ “വീണ്ടെടുത്ത” ഒരു ജനമായിത്തീരുമായിരുന്നു.—പുറ. 15:13; ആവർത്തനപുസ്തകം 15:15 വായിക്കുക.
ഒരു ജനം ഒരു രാഷ്ട്രമായിത്തീരുന്നു
7, 8. യഹോവയുടെ ജനം ഒരു വിശുദ്ധ രാഷ്ട്രം അഥവാ ജനത ആയിത്തീർന്നത് എങ്ങനെ?
7 യഹോവ ഇസ്രായേല്യരെ അതുവരെ ഒരു രാഷ്ട്രമായി അഥവാ ജനതയായി സംഘടിപ്പിച്ചിട്ടില്ലായിരുന്നെങ്കിലും അവൻ അവരെ തന്റെ ജനമായി അംഗീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ, “മരുഭൂമിയിൽ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു” എന്ന് ഫറവോനോട് പറയാൻ അവൻ മോശയോടും അഹരോനോടും ആവശ്യപ്പെട്ടു.—പുറ. 5:1.
8 എന്നാൽ ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് ഇസ്രായേല്യരെ വിടുവിക്കാൻ പത്ത് ബാധകൾ അയയ്ക്കുകയും ഫറവോനെയും അവന്റെ സൈന്യത്തെയും ചെങ്കടലിൽ നശിപ്പിക്കുകയും ചെയ്യേണ്ടിവന്നു. (പുറ. 15:1-4) മൂന്നു മാസം കഴിയുംമുമ്പ്, സീനായ് പർവതത്തിങ്കൽവെച്ച് യഹോവ ഇസ്രായേൽ ജനതയുമായി ഒരു ഉടമ്പടി ചെയ്തു. അവിടെ അവൻ ഈ ചരിത്രപ്രധാന വാഗ്ദാനം നൽകി: “ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേകസമ്പത്തായിരിക്കും; . . . നിങ്ങൾ എനിക്കു ഒരു . . . വിശുദ്ധജനവും ആകും.”—പുറ. 19:5, 6.
9, 10. (എ) ആവർത്തനപുസ്തകം 4:5-8 പ്രകാരം ന്യായപ്രമാണം എങ്ങനെയാണ് ഇസ്രായേൽ ജനതയെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തരാക്കി നിറുത്തിയത്? (ബി) തങ്ങൾ ‘യഹോവയ്ക്കുള്ള വിശുദ്ധജനമാണെന്ന്’ ഇസ്രായേല്യർക്ക് എങ്ങനെ തെളിയിക്കാൻ കഴിയുമായിരുന്നു?
9 ഈജിപ്തിൽ അടിമകളായിത്തീരുന്നതിനു മുമ്പ് എബ്രായർ ഗോത്രസമൂഹങ്ങളായാണ് സംഘടിപ്പിക്കപ്പെട്ടിരുന്നത്. കുടുംബത്തലവന്മാർ അഥവാ ഗോത്രപിതാക്കന്മാർ ആണ് അവരെ ഭരിച്ചിരുന്നത്. അവർക്കു മുമ്പ് ജീവിച്ചിരുന്ന ദൈവദാസരെപ്പോലെ, ഈ കുടുംബനാഥന്മാർ തങ്ങളുടെ കുടുംബങ്ങളുടെ ഭരണാധികാരികളായും ന്യായാധിപന്മാരായും പുരോഹിതന്മാരായും വർത്തിച്ചു. (ഉല്പ. 8:20; 18:19; ഇയ്യോ. 1:4, 5) എന്നാൽ ഇസ്രായേല്യരെ മറ്റു ജനതകളിൽനിന്ന് വ്യത്യസ്തരാക്കി നിറുത്താൻ ഉതകുന്ന ന്യായപ്രമാണം അഥവാ ഒരു നിയമസംഹിത യഹോവ മോശയിലൂടെ അവർക്ക് നൽകി. (ആവർത്തനപുസ്തകം 4:5-8 വായിക്കുക; സങ്കീ. 147:19, 20) വേറിട്ട ഒരു പൗരോഹിത്യക്രമീകരണം ന്യായപ്രമാണത്തിലൂടെ നിലവിൽവന്നു. അറിവും ജ്ഞാനവും ഉണ്ടായിരുന്ന “മൂപ്പന്മാർ” ന്യായപാലനം നടത്തുമായിരുന്നു. (ആവ. 25:7, 8) ഈ പുതിയ ജനതയുടെ മതപരവും സാമൂഹികവും ആയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ ന്യായപ്രമാണത്തിൽ രേഖപ്പെടുത്തിയിരുന്നു.
10 വാഗ്ദത്തദേശത്ത് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ഇസ്രായേല്യരോട് യഹോവ തന്റെ നിയമങ്ങൾ ആവർത്തിച്ചു. മോശ അവരോട് ഇങ്ങനെ പറഞ്ഞു: “യഹോവ അരുളിച്ചെയ്തതുപോലെ നീ അവന്നു സ്വന്തജനമായി അവന്റെ സകലകല്പനകളും പ്രമാണിച്ചു നടക്കുമെന്നും താൻ ഉണ്ടാക്കിയ സകലജാതികൾക്കും മീതെ നിന്നെ പുകഴ്ചെക്കും കീർത്തിക്കും മാനത്തിന്നുമായി ഉന്നതമാക്കേണ്ടതിന്നു താൻ കല്പിച്ചതുപോലെ നിന്റെ ദൈവമായ യഹോവെക്കു വിശുദ്ധജനമായിരിക്കുമെന്നും ഇന്നു നിന്റെ വാമൊഴി വാങ്ങിയിരിക്കുന്നു.”—ആവ. 26:18, 19.
പരദേശികൾക്ക് സ്വാഗതം
11-13. (എ) യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തോടൊപ്പം ആർ സഹവസിച്ചു? (ബി) ഇസ്രായേല്യനല്ലാഞ്ഞ ഒരു വ്യക്തി യഹോവയെ ആരാധിക്കാൻ ആഗ്രഹിച്ചാൽ അവൻ എന്തു ചെയ്യേണ്ടിയിരുന്നു?
11 തിരഞ്ഞെടുക്കപ്പെട്ട ഒരു ജനത ഇപ്പോൾ യഹോവയ്ക്ക് ഭൂമിയിൽ ഉണ്ടായിരുന്നെങ്കിലും, അവർക്കിടയിൽ ഇസ്രായേല്യരല്ലാഞ്ഞവരുടെ സാന്നിധ്യം അവൻ വിലക്കിയില്ല. ഈജിപ്തിൽനിന്ന് തന്റെ ജനത്തെ വിടുവിച്ചപ്പോൾ, ഈജിപ്തുകാർ ഉൾപ്പെടെയുള്ള ഇസ്രായേല്യരല്ലാത്ത ഒരു വലിയ “സമ്മിശ്രപുരുഷാര”ത്തെ തന്റെ ജനത്തോടൊപ്പം ചേരാൻ ദൈവം അനുവദിച്ചു. (പുറ. 12:38) ഏഴാമത്തെ ബാധയുടെ സമയത്ത് യഹോവയുടെ വചനത്തെ ഭയപ്പെട്ട “ഫറവോന്റെ ഭൃത്യന്മാരിൽ” ചിലർ ഈജിപ്ത് വിട്ടുപോന്ന ഈ സമ്മിശ്രപുരുഷാരത്തിന്റെ ഭാഗമായിരുന്നു എന്നതിന് സംശയമില്ല.—പുറ. 9:20.
12 കനാൻദേശം കൈവശമാക്കാനായി ഇസ്രായേല്യർ യോർദാൻ നദി കടക്കുന്നതിന് തൊട്ടുമുമ്പ് മോശ അവരോട് ഇങ്ങനെ പറഞ്ഞു: നിങ്ങളുടെ ഇടയിലെ “പരദേശിയെ സ്നേഹിപ്പിൻ.” (ആവ. 10:17-19) മോശ നൽകിയ അടിസ്ഥാനനിയമങ്ങൾ മനസ്സോടെ അനുസരിക്കാൻ സന്നദ്ധനായിരുന്ന ഏതൊരു പരദേശിയെയും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത തങ്ങളുടെ കൂട്ടത്തിലേക്ക് സ്വീകരിക്കണമായിരുന്നു. (ലേവ്യ. 24:22) “നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം” എന്ന് ഇസ്രായേല്യയായിരുന്ന നൊവൊമിയോട് പറഞ്ഞ മോവാബ്യസ്ത്രീ രൂത്തിന്റെ അതേ വികാരം പ്രകടമാക്കിക്കൊണ്ട് ചില പരദേശികൾ യഹോവയുടെ ആരാധകരായിത്തീർന്നു. (രൂത്ത് 1:16) അവർ യഹൂദമതം സ്വീകരിക്കുകയും പുരുഷന്മാർ പരിച്ഛേദന ഏൽക്കുകയും ചെയ്തു. (പുറ. 12:48, 49) തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിലെ അംഗങ്ങളായി യഹോവ അവരെ സ്വാഗതംചെയ്തു.—സംഖ്യാ. 15:14, 15.
13 ആലയസമർപ്പണവേളയിലെ യഹോവയോടുള്ള തന്റെ പ്രാർഥനയിൽ, പരദേശികളായ ആരാധകർക്ക് ലഭ്യമായിരുന്ന കരുതലിനെക്കുറിച്ച് ശലോമോൻ ഇങ്ങനെ പറഞ്ഞു: “നിന്റെ ജനമായ യിസ്രായേലിൽ ഉള്ളവനല്ലാത്ത അന്യജാതിക്കാരൻ നിന്റെ മഹത്വമുള്ള നാമവും ബലമുള്ള കയ്യും നീട്ടിയിരിക്കുന്ന ഭുജവും ഹേതുവായി ദൂരദേശത്തുനിന്നു വന്നാൽ—അവർ ഈ ആലയത്തിൽ വന്നു പ്രാർത്ഥിക്കും നിശ്ചയം—നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേട്ടു ഭൂമിയിലെ സകലജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്റെ നാമത്തെ അറിഞ്ഞു നിന്നെ ഭയപ്പെടുകയും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന്നു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു അറികയും ചെയ്യേണ്ടതിന്നു അന്യജാതിക്കാരൻ നിന്നോടു പ്രാർത്ഥിക്കുന്നതൊക്കെയും ചെയ്തുകൊടുക്കേണമേ.” (2 ദിന. 6:32, 33) ഏതെങ്കിലും പരദേശി യഹോവയെ ആരാധിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ യഹോവയുടെ ഉടമ്പടിജനത്തോടൊപ്പം സഹവസിക്കണമായിരുന്നു. യേശുവിന്റെ നാളുകളിലും അതുതന്നെയായിരുന്നു ക്രമീകരണം.—യോഹ. 12:20; പ്രവൃ. 8:27.
സാക്ഷികളുടെ ഒരു ജനത
14-16. (എ) യഹോവയ്ക്കു സാക്ഷ്യം നൽകുന്ന ഒരു ജനതയായി ഇസ്രായേല്യർ പ്രവർത്തിക്കേണ്ടിയിരുന്നത് എങ്ങനെ? (ബി) ഇന്നത്തെ ദൈവജനത്തിന് എന്ത് ധാർമികകടപ്പാടുണ്ട്?
14 ഇസ്രായേല്യർ തങ്ങളുടെ ദൈവമായ യഹോവയെ ആരാധിച്ചപ്പോൾ മറ്റു ജനതകൾ തങ്ങളുടെ ദേവീദേവന്മാരെ ആരാധിച്ചുപോന്നു. യെശയ്യാ പ്രവാചകന്റെ നാളുകളിൽ യഹോവ ലോകസാഹചര്യത്തെ ഒരു കോടതിവിചാരണയോട് താരതമ്യം ചെയ്തു. ജനതകളുടെ ദൈവങ്ങളെ അവരുടെ ദൈവത്ത്വം തെളിയിക്കാനായി സാക്ഷികളെ ഹാജരാക്കാൻ അവൻ വെല്ലുവിളിച്ചു. അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “സകലജാതികളും ഒന്നിച്ചുകൂടട്ടെ, വംശങ്ങൾ ചേർന്നുവരട്ടെ: അവരിൽ (അവരുടെ ദൈവങ്ങളിൽ) ആർ ഇതു പ്രസ്താവിക്കയും, പണ്ടു പ്രസ്താവിച്ചതു കേൾപ്പിച്ചുതരികയും ചെയ്യുന്നു? അവർ നീതീകരിക്കപ്പെടേണ്ടതിന്നു സാക്ഷികളെ കൊണ്ടുവരട്ടെ; അവർ കേട്ടിട്ടു സത്യം തന്നെ എന്നു പറയട്ടെ.”—യെശ. 43:9.
15 തങ്ങളുടെ ദൈവത്ത്വത്തിന് യാതൊരു തെളിവും ഹാജരാക്കാൻ ജനതകളുടെ ദൈവങ്ങൾക്ക് കഴിഞ്ഞില്ല. ചുമന്നുകൊണ്ട് നടക്കേണ്ട വെറും ഊമകളായ പ്രതിമകൾ മാത്രമായിരുന്നു ആ ദൈവങ്ങൾ. (യെശ. 46:5-7) എന്നാൽ മറുവശത്ത് യഹോവ തന്റെ ജനമായ ഇസ്രായേലിനോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു. . . . എനിക്കുമുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. . . . അതുകൊണ്ടു നിങ്ങൾ എന്റെ സാക്ഷികൾ . . . ഞാൻ ദൈവം തന്നേ.”—യെശ. 43:10-12.
16 ‘പരമാധികാരിയാം ദൈവം ആർ’ എന്ന സാർവത്രിക കോടതിക്കേസിൽ, യഹോവയാണ് ഏകസത്യദൈവം എന്ന് അവന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം സുവ്യക്തമായി സാക്ഷ്യം നൽകേണ്ടിയിരുന്നു. “ഞാൻ എനിക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും” എന്ന് അവൻ അവരെക്കുറിച്ച് പറഞ്ഞു. (യെശ. 43:21) അവരായിരുന്നു അവന്റെ നാമം വഹിച്ചിരുന്ന ജനത. ഈജിപ്തിൽനിന്ന് യഹോവ വിടുവിച്ച ജനമെന്ന നിലയിൽ ഭൂമിയിലെ മറ്റു ജനതകൾക്കു മുമ്പാകെ അവന്റെ പരമാധികാരത്തെ പിന്തുണയ്ക്കാനുള്ള ധാർമികമായ കടപ്പാട് അവർക്കുണ്ടായിരുന്നു. പ്രവാചകനായ മീഖാ ദൈവത്തിന്റെ ആധുനികകാല ജനത്തിനായി പിന്നീട് രേഖപ്പെടുത്തിയതുപോലുള്ള ഒരു നിലപാടായിരിക്കേണ്ടിയിരുന്നു അവരുടേത്: “സകല ജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.”—മീഖാ 4:5.
ഒരു അവിശ്വസ്ത ജനത
17. ഇസ്രായേല്യർ യഹോവയുടെ ദൃഷ്ടിയിൽ അധഃപതിച്ച ഒരു കാട്ടുമുന്തിരിവള്ളിയായിത്തീർന്നത് എങ്ങനെ?
17 ദുഃഖകരമെന്നു പറയട്ടെ, അവർ തങ്ങളുടെ ദൈവമായ യഹോവയോട് വിശ്വസ്തരായിരുന്നില്ല. മരവും കല്ലും കൊണ്ടുള്ള പ്രതിമകളെ ആരാധിച്ചിരുന്ന ജനതകളുടെ സ്വാധീനത്തിന് അവർ വഴിപ്പെട്ടു. ബി.സി. എട്ടാം നൂറ്റാണ്ടിൽ പ്രവാചകനായ ഹോശേയ ഇങ്ങനെ എഴുതി: “യിസ്രായേൽ പടർന്നിരിക്കുന്ന (അധഃപതിച്ച, NW) ഒരു മുന്തിരിവള്ളി ആകുന്നു; . . . അവൻ ബലിപീഠങ്ങളെ വർദ്ധിപ്പിച്ചു; . . . അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു; ഇപ്പോൾ അവർ കുറ്റക്കാരായ്തീരും.” (ഹോശേ. 10:1, 2) ഒന്നര നൂറ്റാണ്ടിനു ശേഷം അവിശ്വസ്ത ജനതയോടുള്ള യഹോവയുടെ വാക്കുകൾ യിരെമ്യാവ് രേഖപ്പെടുത്തി: “ഞാൻ നിന്നെ വിശിഷ്ടമുന്തിരിവള്ളിയായി, നല്ല തൈയായി തന്നേ നട്ടിരിക്കെ നീ എനിക്കു കാട്ടുമുന്തിരി വള്ളിയുടെ (അധഃപതിച്ച, NW) തൈയായ്തീർന്നതു എങ്ങനെ? . . . നീ ഉണ്ടാക്കീട്ടുള്ള നിന്റെ ദേവന്മാർ എവിടെ? കഷ്ടകാലത്തു നിന്നെ രക്ഷിപ്പാൻ അവർക്കു കഴിവുണ്ടെങ്കിൽ അവർ എഴുന്നേല്ക്കട്ടെ; . . . എന്റെ ജനം . . . എന്നെ മറന്നിരിക്കുന്നു.”—യിരെ. 2:21, 28, 32.
18, 19. (എ) തന്റെ നാമത്തിനായി ഒരു ജനതയെ ഉളവാക്കുമെന്ന് യഹോവ മുൻകൂട്ടിപ്പറഞ്ഞത് എങ്ങനെ? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
18 സത്യാരാധന ആചരിച്ചും യഹോവയുടെ വിശ്വസ്തസാക്ഷികളായിരുന്നും കൊണ്ട് നല്ല ഫലം പുറപ്പെടുവിക്കുന്നതിനു പകരം വിഗ്രഹങ്ങളെ ആരാധിച്ചുകൊണ്ട് ഇസ്രായേൽ ആകാത്ത ഫലം പുറപ്പെടുവിച്ചു. അതുകൊണ്ടാണ് “ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും” എന്ന് തന്റെ നാളിലെ കപടഭക്തരായ യഹൂദ മതനേതാക്കളോട് യേശു പറഞ്ഞത്. (മത്താ. 21:43) യിരെമ്യാ പ്രവാചകനിലൂടെ യഹോവ മുൻകൂട്ടിപ്പറഞ്ഞ “പുതിയ ഉടമ്പടി”യിലുള്ളവർക്കു (NW) മാത്രമേ പുതിയ ജനതയായ ആത്മീയ ഇസ്രായേലിന്റെ ഭാഗമാകാൻ കഴിയുമായിരുന്നുള്ളൂ. പുതിയ ഉടമ്പടിയിലേക്കു ചേർക്കപ്പെടുമായിരുന്ന ആത്മീയ ഇസ്രായേല്യരെക്കുറിച്ച് യഹോവ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞിരുന്നു: “ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.”—യിരെ. 31:31-33.
19 നാം കണ്ടുകഴിഞ്ഞതുപോലെ, ജഡിക ഇസ്രായേൽ അവിശ്വസ്തരായതിനു ശേഷം, യഹോവ ഒന്നാം നൂറ്റാണ്ടിൽ ആത്മീയ ഇസ്രായേലിനെ തന്റെ ജനമായി സ്വീകരിച്ചു. എന്നാൽ ഇന്ന് ഭൂമിയിൽ യഹോവയുടെ ജനം ആരാണ്? ആത്മാർഥഹൃദയരായ വ്യക്തികൾക്ക് ദൈവത്തിന്റെ സത്യാരാധകരെ എങ്ങനെ തിരിച്ചറിയാൻ കഴിയും? അടുത്ത ലേഖനത്തിൽ നാം അക്കാര്യങ്ങൾ പഠിക്കും.