‘ദൈവത്തിന്റെ ഇസ്രായേലും’ ‘മഹാപുരുഷാരവും’
‘നോക്കൂ! . . . ഒരു മനുഷ്യനും എണ്ണാൻ കഴിയാത്ത ഒരു മഹാപുരുഷാരത്തെ . . . ഞാൻ കണ്ടു.’—വെളിപാട് 7:9, NW.
1-3. (എ) എന്തു മഹനീയമായ സ്വർഗീയ പ്രത്യാശയാണ് അഭിഷിക്തർക്കുള്ളത്? (ബി) ഒന്നാം നൂറ്റാണ്ടിലെ സഭയെ നശിപ്പിക്കാൻ സാത്താൻ ശ്രമിച്ചതെങ്ങനെ? (സി) അഭിഷിക്ത ക്രിസ്ത്യാനികളെ ദുഷിപ്പിക്കുന്നതിനുള്ള സാത്താന്റെ ശ്രമം പരാജയപ്പെട്ടതായി കാണിക്കുന്ന എന്തു സംഗതി 1919-ൽ സംഭവിച്ചു?
“ദൈവത്തിന്റെ ഇസ്രായേലിന്റെ” പൊ.യു. (പൊതുയുഗം) 33-ലെ സംസ്ഥാപനം യഹോവയുടെ ഉദ്ദേശ്യങ്ങളുടെ പൂർത്തീകരണത്തിന്റെ ഒരു പ്രമുഖ പടിയായിരുന്നു. (ഗലാത്യർ 6:16, NW) അതിലെ അഭിഷിക്ത അംഗങ്ങൾക്ക് അമർത്ത്യ ആത്മീയ വ്യക്തികളായി യേശുവിനോടൊപ്പം ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിൽ ഭരിക്കുന്നതിനുള്ള പ്രത്യാശയുണ്ട്. (1 കൊരിന്ത്യർ 15:50, 53, 54) ആ നിലയ്ക്ക്, യഹോവയുടെ നാമം വിശുദ്ധമാക്കുന്നതിലും വലിയ പ്രതിയോഗിയായ പിശാചായ സാത്താന്റെ തല ചതയ്ക്കുന്നതിലും അവർക്ക് ഒരു പ്രമുഖ പങ്കുണ്ട്. (ഉല്പത്തി 3:15; റോമർ 16:20) ഈ പുതിയ സഭയെ പീഡിപ്പിച്ചുകൊണ്ടും ദുഷിപ്പിക്കാൻ ശ്രമിച്ചുകൊണ്ടും അതിനെ നശിപ്പിക്കുന്നതിനു സാത്താൻ തന്റെ ശക്തിയുടെ പരമാവധി പ്രയോഗിച്ചതിൽ ഒട്ടും അതിശയിക്കാനില്ല!—2 തിമൊഥെയൊസ് 2:18; യൂദാ 4; വെളിപ്പാടു 2:10.
2 അപ്പോസ്തലൻമാർ ജീവിച്ചിരുന്നപ്പോൾ സാത്താനു വിജയിക്കാൻ കഴിഞ്ഞില്ല. എന്നിരുന്നാലും, അവരുടെ മരണശേഷം വിശ്വാസത്യാഗം നിർബാധം കടന്നുവന്നു. ക്രമേണ, ഇന്ന് ക്രൈസ്തവമണ്ഡലം എന്നറിയപ്പെടുന്ന വിശ്വാസത്യാഗം ഭവിച്ച മതപരമായ നികൃഷ്ട വ്യാജക്കൂട്ടിനു സാത്താൻ രൂപം കൊടുത്തപ്പോൾ യേശു സ്ഥാപിച്ച നിർമലമായ ക്രിസ്തീയ സഭ മനുഷ്യന്റെ ദൃഷ്ടിയിൽ ദുഷിക്കപ്പെട്ടതായി കാണപ്പെട്ടു. (2 തെസ്സലൊനീക്യർ 2:3-8) എന്നുവരികിലും, സത്യക്രിസ്ത്യാനിത്വം നിലനിൽക്കുകയുണ്ടായി.—മത്തായി 28:20.
3 ഗോതമ്പിന്റെയും കളകളുടെയും ദൃഷ്ടാന്തത്തിൽ, സത്യക്രിസ്ത്യാനികൾ ഒരു സമയംവരെ “കള”കളോടുകൂടെ, അഥവാ വ്യാജക്രിസ്ത്യാനികളോടുകൂടെ വളരുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. ഇതു സംഭവിക്കുകതന്നെചെയ്തു. എന്നാൽ, അന്ത്യനാളുകളിൽ “രാജ്യത്തിന്റെ പുത്രൻമാർ” വീണ്ടും പ്രകടമായവിധത്തിൽ “കള”കളിൽനിന്നു വ്യത്യസ്തമായിരിക്കുമെന്നും അവൻ പറഞ്ഞു. (മത്തായി 13:36-43) ഇതും സത്യമെന്നു തെളിഞ്ഞു. 1919-ൽ യഥാർഥ അഭിഷിക്ത ക്രിസ്ത്യാനികൾ ബാബിലോന്യ അടിമത്തത്തിൽനിന്നു പുറത്തുവന്നു. അവർ “വിശ്വസ്തനും വിവേകിയുമായ അടിമ”യെന്ന നിലയിൽ ദിവ്യാംഗീകാരമുള്ളവരായിത്തീർന്നു, കൂടാതെ, അവർ സധൈര്യം രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കാൻ ഇറങ്ങിത്തിരിച്ചു. (മത്തായി 24:14, 45-47, NW; വെളിപ്പാടു 18:4) അവരിൽ മിക്കവാറും എല്ലാവരുംതന്നെ വിജാതീയരായിരുന്നു; എങ്കിലും, അവർക്ക് അബ്രഹാമിന്റെ വിശ്വാസം ഉണ്ടായിരുന്നതുകൊണ്ട് അവർ വാസ്തവത്തിൽ ‘അബ്രാഹാമിന്റെ മക്കൾ’ ആയിരുന്നു. അവർ “ദൈവത്തിന്റെ യിസ്രായേലി”ലെ അംഗങ്ങളായിരുന്നു.—ഗലാത്യർ 3:7, 26-29.
“മഹാപുരുഷാരം”
4. ഏതു കൂട്ടം ക്രിസ്ത്യാനികളാണു, പ്രത്യേകിച്ചും 1930-കളിൽ ശ്രദ്ധേയരായത്?
4 പ്രാരംഭത്തിൽ, ഈ അഭിഷിക്ത ക്രിസ്ത്യാനികളുടെ പ്രസംഗവേലയോടു പ്രതികരിച്ചവരും സ്വർഗീയ പ്രത്യാശയോടുകൂടിയ ആത്മീയ ഇസ്രായേൽ, 1,44,000-ത്തിന്റെ ശേഷിച്ചവർ, ആയിത്തീർന്നു. (വെളിപ്പാടു 12:17) എന്നിരുന്നാലും, പ്രത്യേകിച്ചും 1930-കളിൽ മറ്റൊരു വിഭാഗം ശ്രദ്ധേയരായിത്തീർന്നു. ആട്ടിൻതൊഴുത്തിനെപ്പറ്റിയുള്ള ദൃഷ്ടാന്തത്തിലെ “വേറെ ആടുകൾ” ആയി അവർ തിരിച്ചറിയപ്പെട്ടു. (യോഹന്നാൻ 10:16) അവർ പറുദീസാഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയുള്ള ക്രിസ്തുവിന്റെ ശിഷ്യൻമാരായിരുന്നു. പ്രതീകാത്മകമായി പറഞ്ഞാൽ, അവർ അഭിഷിക്ത ക്രിസ്ത്യാനികളുടെ ആത്മീയ സന്തതികളായിരുന്നു. (യെശയ്യാവു 59:21; 66:22; താരതമ്യം ചെയ്യുക: 1 കൊരിന്ത്യർ 4:15, 16) അവർ അഭിഷിക്ത ക്രിസ്ത്യാനികളെ വിശ്വസ്തനും വിവേകിയുമായ അടിമയായി തിരിച്ചറിഞ്ഞു, കൂടാതെ, തങ്ങളുടെ അഭിഷിക്ത സഹോദരങ്ങളെപ്പോലെ അവർക്ക് യഹോവയോട് ആഴമായ സ്നേഹവും യേശുവിന്റെ ബലിയിൽ വിശ്വാസവും ദൈവത്തെ സ്തുതിക്കുന്നതിൽ തീക്ഷ്ണതയും നീതിനിമിത്തം സഹിക്കുന്നതിനുള്ള മനസ്സൊരുക്കവും ഉണ്ടായിരുന്നു.
5. വേറെ ആടുകളുടെ സ്ഥാനം ക്രമാനുഗതമായി എങ്ങനെയാണു മെച്ചമായി മനസ്സിലായത്?
5 ഈ വേറെ ആടുകളുടെ സ്ഥാനം ആദ്യം നല്ലവണ്ണം മനസ്സിലായിരുന്നില്ല, എന്നാൽ കാലം കടന്നുപോയതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി. വേറെ ആടുകളിൽപ്പെട്ട പലരും അതിനോടകം ചെയ്തുകൊണ്ടിരിക്കുകയായിരുന്ന പ്രസംഗവേലയിൽ പങ്കുപറ്റാൻ വേറെ ആടുകളെ പ്രചോദിപ്പിക്കാൻ 1932-ൽ അഭിഷിക്ത ക്രിസ്ത്യാനികൾ പ്രോത്സാഹിതരായി. ജലസ്നാപനത്തിനു വിധേയരാകാൻ 1934-ൽ വേറെ ആടുകൾ പ്രോത്സാഹിപ്പിക്കപ്പെട്ടു. 1935-ൽ, വെളിപാട് 7-ാം അധ്യായത്തിലെ “മഹാപുരുഷാര”മായി അവർ തിരിച്ചറിയപ്പെട്ടു. നിരീക്ഷകരെന്ന നിലയിൽ യേശുക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിനു ഹാജരാകാൻ 1938-ൽ അവർ ക്ഷണിക്കപ്പെടുകയുണ്ടായി. 1950-ൽ, അവരുടെയിടയിലുള്ള പക്വതവന്ന പുരുഷൻമാർ “കാറ്റിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവുമായി”രിക്കുന്ന “പ്രഭുക്കൻമാർ” ആയിരിക്കുമെന്നു തിരിച്ചറിയപ്പെട്ടു. (സങ്കീർത്തനം 45:16; യെശയ്യാവു 32:1, 2) 1953-ൽ ദൈവത്തിന്റെ ഭൗമിക സ്ഥാപനം—അതിനോടകം അതിന്റെ വലിയ പങ്കും വേറെ ആടുകളായിരുന്നു—പുതിയ ലോകത്തിൽ നിലനിൽക്കാൻ പോകുന്ന ഭൗമിക സമുദായത്തിന്റെ കേന്ദ്രബിന്ദുവായി കാണപ്പെട്ടു. യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ വേറെ ആടുകൾ ദൈവത്തിന്റെ സുഹൃത്തുക്കളെന്ന നിലയിലും അർമഗെദോനെ അതിജീവിക്കുന്നതിനുള്ള പ്രത്യാശയുടെ വീക്ഷണത്തിലും നീതിമാൻമാരായി പ്രഖ്യാപിക്കപ്പെടുന്നുവെന്ന് 1985-ൽ മനസ്സിലായി.
6. ഇന്ന് അഭിഷിക്തരുടെയും വേറെ ആടുകളുടെയും ആപേക്ഷിക സ്ഥാനം എന്ത്, അത് എന്തു ചോദ്യങ്ങൾ ഉന്നയിക്കുന്നു?
6 ഇതിനോടകം, ഈ ‘അന്ത്യനാളുകളു’ടെ അന്തിമഭാഗത്ത് 1,44,000-ത്തിൽപ്പെട്ട മിക്കവരും മരിച്ച് അവരുടെ സ്വർഗീയ പ്രതിഫലം കൈപ്പറ്റിയിരിക്കുന്നു. (2 തിമോത്തി 3:1, NW; വെളിപ്പാടു 6:9-11; 14:13) ഭൗമിക പ്രത്യാശയുള്ള ക്രിസ്ത്യാനികളാണു സുവാർത്താ പ്രസംഗത്തിന്റെ അധികപങ്കും ഇപ്പോൾ നിർവഹിക്കുന്നത്, ഇക്കാര്യത്തിൽ യേശുവിന്റെ അഭിഷിക്ത സഹോദരങ്ങളെ പിന്തുണയ്ക്കുന്നത് ഒരു പദവിയായി അവർ കരുതുന്നു. (മത്തായി 25:40) എന്നിരുന്നാലും, ഈ അഭിഷിക്തരാണ് വിശ്വസ്തനും വിവേകിയുമായ അടിമ. അന്ത്യനാളുകളിൽ ആത്മീയ ആഹാരം പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നത് ഈ അടിമയിലൂടെയാണ്. അഭിഷിക്തരിൽപ്പെട്ട സകലരും തങ്ങളുടെ സ്വർഗീയ പ്രതിഫലം കൈപ്പറ്റുമ്പോൾ വേറെ ആടുകളിൽപ്പെട്ടവരുടെ സ്ഥിതി എന്തായിരിക്കും? വേറെ ആടുകൾക്കു വേണ്ടി അപ്പോൾ എന്തു കരുതലുകൾ ഉണ്ടായിരിക്കും? പുരാതന ഇസ്രായേല്യരെപ്പറ്റിയുള്ള ഒരു ഹ്രസ്വ പരിചിന്തനം ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നമ്മെ സഹായിക്കും.
മുൻകുറിയായ ഒരു ‘പുരോഹിതരാജത്വം’
7, 8. ന്യായപ്രമാണത്തിൻ കീഴിൽ പുരാതന ഇസ്രായേല്യർ എത്രത്തോളം ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആയിരുന്നു?
7 യഹോവ ഇസ്രായേലിനെ തന്റെ പ്രത്യേക ജനതയായി തിരഞ്ഞെടുത്തപ്പോൾ അവൻ അവരുമായി ഒരു ഉടമ്പടി ചെയ്തു: “നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ. നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും.” (പുറപ്പാടു 19:5, 6) ന്യായപ്രമാണ ഉടമ്പടിപ്രകാരം ഇസ്രായേൽ യഹോവയുടെ പ്രത്യേക ജനമായിരുന്നു. എങ്കിലും, പുരോഹിതരാജത്വവും വിശുദ്ധജനവും ഉൾപ്പെടുന്ന വാഗ്ദത്തം എങ്ങനെ നിവൃത്തിയേറും?
8 ഇസ്രായേല്യർ വിശ്വസ്തരായിരുന്നപ്പോൾ യഹോവയുടെ പരമാധികാരത്തെ അംഗീകരിക്കുകയും തങ്ങളുടെ രാജാവായി അവനെ സ്വീകരിക്കുകയും ചെയ്തു. (യെശയ്യാവു 33:22) അങ്ങനെ അവർ ഒരു രാജ്യമായിരുന്നു. എന്നാൽ, പിന്നീട് വെളിപ്പെടുത്തിയപോലെ, ‘ഒരു രാജ്യ’ത്തെപ്പറ്റിയുള്ള വാഗ്ദാനം അതിലും കൂടുതൽ അർഥമാക്കും. കൂടാതെ, യഹോവയുടെ നിയമം അനുസരിച്ചപ്പോൾ അവർ ശുദ്ധിയുള്ളവരും അവർക്കു ചുറ്റുമുള്ള ജനതകളിൽനിന്നു വ്യത്യസ്തരുമായിരുന്നു. അവർ ഒരു വിശുദ്ധ ജനമായിരുന്നു. (ആവർത്തനപുസ്തകം 7:5, 6) അവർ ഒരു പുരോഹിത രാജത്വമായിരുന്നോ? കൊള്ളാം, ഇസ്രായേലിൽ ലേവി ഗോത്രം ആലയ ശുശ്രൂഷക്കായി മാറ്റിവെക്കപ്പെട്ടവരായിരുന്നു, കൂടാതെ, ആ ഗോത്രത്തിൽത്തന്നെ ലേവ്യ പൗരോഹിത്യവും ഉണ്ടായിരുന്നു. മോശൈക ന്യായപ്രമാണത്തിനു തുടക്കം കുറിച്ചപ്പോൾ സകല ലേവ്യേതര കുടുംബത്തിലുമുള്ള കടിഞ്ഞൂലുകൾക്കും പകരം ലേവി പുരുഷൻമാരെ എടുക്കുകയുണ്ടായി.a (പുറപ്പാടു 22:29; സംഖ്യാപുസ്തകം 3:11-16, 40-51) അങ്ങനെ പ്രതീകാത്മകമായി പറഞ്ഞാൽ ഇസ്രായേലിലുള്ള സകല കുടുംബവും ആലയ ശുശ്രൂഷയിൽ പ്രതിനിധീകരിച്ചതിനു സമാനമായി. ഒരു പൗരോഹിത്യത്തിലായിരിക്കുന്നതിന് ആ ജനതക്കു കഴിഞ്ഞ ഏറ്റവും അടുത്ത വിധം ഇതായിരുന്നു. എന്നുവരികിലും, ജനതകൾക്കു മുമ്പാകെ അവർ യഹോവയെ പ്രതിനിധീകരിച്ചു. സത്യദൈവത്തെ ആരാധിക്കാൻ ആഗ്രഹിക്കുന്ന ഏതു വിദേശിയും ഇസ്രായേല്യരുമായി സഹവസിച്ചുകൊണ്ട് അതു ചെയ്യേണ്ടിയിരുന്നു.—2 ദിനവൃത്താന്തം 6:32, 33; യെശയ്യാവു 60:10.
9. ‘പുരോഹിതനായിരിക്കാതവണ്ണം’ ഇസ്രായേലിന്റെ വടക്കേ രാജ്യത്തെ യഹോവ തള്ളിക്കളയാൻ ഇടയാക്കിയതെന്ത്?
9 ശലോമോന്റെ മരണശേഷം ദൈവജനം യെരോബയാം രാജാവിന്റെ കീഴിൽ ഇസ്രായേലിന്റെ വടക്കേ രാജ്യമെന്നും രെഹബെയാം രാജാവിന്റെ കീഴിൽ തെക്ക് യഹൂദ രാജ്യമെന്നും രണ്ടായി പിരിഞ്ഞു. നിർമലാരാധനയുടെ കേന്ദ്രമായിരുന്ന ആലയം യഹൂദയുടെ പ്രദേശത്തായിരുന്നതിനാൽ യെരോബയാം തന്റെ ദേശീയ പ്രദേശത്ത് കാളക്കുട്ടികളുടെ പ്രതിമ ഉണ്ടാക്കി നിയമവിരുദ്ധമായ ആരാധനാ രീതി തുടങ്ങി. കൂടാതെ, “അവൻ പൂജാഗിരിക്ഷേത്രങ്ങളും ഉണ്ടാക്കി സർവ്വജനത്തിൽനിന്നും ലേവ്യരല്ലാത്ത പുരോഹിതൻമാരെ നിയമിച്ചു.” (1 രാജാക്കൻമാർ 12:31) രാജ്യത്തു ബാൽ ആരാധന നടത്തുന്നതിന് ആഹാബ് രാജാവ് തന്റെ അന്യദേശക്കാരിയായ ഭാര്യ ഇസബേലിനെ അനുവദിച്ചപ്പോൾ വടക്കേ രാജ്യം വ്യാജാരാധനയിൽ ആഴത്തിലാണ്ടുപോയി. ഒടുവിൽ, മത്സരിയായ രാജ്യത്തെ യഹോവ ന്യായം വിധിച്ചു. ഹോശേയ മുഖാന്തരം അവൻ പറഞ്ഞു: “പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജിക്കകൊണ്ടു നീ എനിക്കു പുരോഹിതനായിരിക്കാതവണ്ണം ഞാൻ നിന്നെയും ത്യജിക്കും.” (ഹോശേയ 4:6) അതിനുശേഷം പെട്ടെന്നുതന്നെ അസീറിയക്കാർ ഇസ്രായേലിന്റെ വടക്കേ രാജ്യത്തെ തുടച്ചുമാറ്റി.
10. തെക്കേ രാജ്യമായിരുന്ന യഹൂദ വിശ്വസ്തരായിരുന്നപ്പോൾ ജനതകളുടെ മുമ്പാകെ യഹവയെ പ്രതിനിധീകരിച്ചതെങ്ങനെ?
10 തെക്കേ രാജ്യമായിരുന്ന യഹൂദയെ സംബന്ധിച്ചോ? ഹിസ്കീയാവിന്റെ നാളിൽ യഹോവ യെശയ്യാവ് മുഖാന്തരം അവരോടു പറഞ്ഞു: “നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു . . . ഞാൻ എനിക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും.” (യെശയ്യാവു 43:10, 21; 44:21) വിശ്വസ്തരായിരുന്നപ്പോൾ തെക്കേ രാജ്യം ജാതികളുടെ ഇടയിൽ യഹോവയുടെ മഹത്ത്വം പ്രഘോഷിക്കുന്നവരായും അവന്റെ ആലയത്തിൽ അവനെ ആരാധിക്കുന്നതിനും നിയമപരമായ ലേവ്യ പൗരോഹിത്യമുള്ളവരാൽ ശുശ്രൂഷിക്കപ്പെടുന്നതിനും പരമാർഥഹൃദയരെ ആകർഷിക്കുന്നവരായും സേവിച്ചു.
ഇസ്രായേലിലെ വിദേശീയർ
11, 12. ഇസ്രായേലുമായി സഹവസിച്ചുകൊണ്ട് യഹോവയെ സേവിക്കാൻ തുടങ്ങിയ ചില വിദേശീയരുടെ പേരു പറയുക.
11 ഈ ദേശീയ സാക്ഷ്യത്തോടു പ്രതികരിച്ച വിദേശീയർക്കുവേണ്ടി, മോശ മുഖാന്തരം നൽകിയ ന്യായപ്രമാണത്തിൽ കരുതലുകൾ ഉണ്ടായിരുന്നു (മോശയുടെതന്നെ ഭാര്യ സിപ്പോറ ഒരു മിദ്യാന്യയായിരുന്നു). ഇസ്രായേല്യരോടൊപ്പം ഈജിപ്ത് വിട്ടുപോന്ന ഇസ്രായേല്യേതരരുടെ “വലിയോരു സമ്മിശ്രപുരുഷാരവും” ന്യായപ്രമാണം നൽകിയപ്പോൾ അവിടെ സന്നിഹിതരായിരുന്നു. (പുറപ്പാടു 2:16-22; 12:38; സംഖ്യാപുസ്തകം 11:4) രാഹാബും അവളുടെ കുടുംബവും യരീഹോയിൽനിന്നു രക്ഷിക്കപ്പെടുകയും പിന്നീട് യഹൂദ സഭയിലേക്ക് എടുക്കപ്പെടുകയുമുണ്ടായി. (യോശുവ 6:23-25) അതിനുശേഷം പെട്ടെന്നുതന്നെ ഗിബയോന്യർ ഇസ്രായേലുമായി സഖ്യത്തിലാവുകയും തിരുനിവാസത്തോടു ബന്ധപ്പെട്ട ജോലികൾ അവരെ ഏൽപ്പിക്കയും ചെയ്തു.—യോശുവ 9:3-27; ഇതുകൂടെ കാണുക: 1 രാജാക്കൻമാർ 8:41-43; എസ്ഥേർ 8:17.
12 കാലക്രമേണ വിദേശീയർ ഉന്നത സ്ഥാനമാനങ്ങൾ അലങ്കരിച്ചു. ബത്ത്-ശേബയുടെ ഭർത്താവായിരുന്ന ഹിത്യനായ ഊരീയാവും അമ്മോന്യനായ സേലെക്കും ദാവീദിന്റെ ‘വീരൻമാരി’ൽപ്പെട്ടവരായി എണ്ണപ്പെട്ടു. (1 ദിനവൃത്താന്തം 11:26, 39, 41; 2 ശമൂവേൽ 11:3, 4) കൂശ്യനായിരുന്ന ഏബെദ്-മേലെകിന് കൊട്ടാരത്തിൽ ജോലിചെയ്യുന്നതിനും രാജാവിന്റെ സന്നിധാനത്തിൽ ചെല്ലുന്നതിനുമുള്ള അധികാരമുണ്ടായിരുന്നു. (യിരെമ്യാവു 38:7-9) ബാബിലോന്യ പ്രവാസത്തിൽനിന്നു തിരിച്ചെത്തിയശേഷം ഇസ്രായേല്യേതര നെഥിനിമിന് പുരോഹിതൻമാരെ സഹായിക്കുന്നതിനു കൂടുതലായ ഉത്തരവാദിത്വങ്ങൾ നൽകപ്പെട്ടു. (എസ്രാ 7:24) ഈ വിശ്വസ്ത വിദേശീയരുടെ അല്ലെങ്കിൽ പരദേശികളുടെ കൂട്ടം ഇന്നത്തെ മഹാപുരുഷാരത്തെ മുൻനിഴലാക്കുന്നതുകൊണ്ട് അവരുടെ സാഹചര്യം നമ്മിൽ താത്പര്യം ജനിപ്പിക്കുന്നു.
13, 14. (എ) മതപരിവർത്തനം ചെയ്തവർക്ക് ഇസ്രായേലിലുണ്ടായിരുന്ന പദവികളും ഉത്തരവാദിത്വങ്ങളും ഏവ? (ബി) മതപരിവർത്തനം ചെയ്ത വിശ്വസ്തരെ ഇസ്രായേല്യർ എങ്ങനെ വീക്ഷിക്കണമായിരുന്നു?
13 അത്തരം ആളുകൾ മതപരിവർത്തനം ചെയ്തവരായിരുന്നു. മോശൈക ന്യായപ്രമാണപ്രകാരം ഇസ്രായേല്യരോടൊപ്പം ജനതകളിൽനിന്നും തങ്ങളെ അകറ്റിനിർത്തിയ സമർപ്പിത ആരാധകരുമായിരുന്നു. (ലേവ്യപുസ്തകം 24:22) ഇസ്രായേല്യരെപ്പോലെതന്നെ അവരും ബലിയർപ്പിച്ചു, വ്യാജാരാധനയിൽനിന്നും രക്തത്തിൽനിന്നും ഒഴിഞ്ഞുനിന്നു. (ലേവ്യപുസ്തകം 17:10-14; 20:2) അവർ ശലോമോന്റെ ആലയനിർമാണത്തിൽ സഹായിക്കുകയും, ആസ്സാ രാജാവിനോടും ഹിസ്കീയാവ് രാജാവിനോടുമൊപ്പം സത്യാരാധന പുനഃസ്ഥാപിക്കുന്നതിൽ ചേരുകയും ചെയ്തു. (1 ദിനവൃത്താന്തം 22:2; 2 ദിനവൃത്താന്തം 15:8-14; 30:25) പൊ.യു. 33-ലെ പെന്തക്കോസ്തു നാളിൽ പത്രോസ് രാജ്യത്തിന്റെ ആദ്യത്തെ താക്കോൽ ഉപയോഗിച്ചപ്പോൾ “യഹൂദൻമാരും [യഹൂദേതര] യഹൂദമതാനുസാരികളും” അവന്റെ വാക്കുകൾ കേൾക്കുകയുണ്ടായി. അന്നു സ്നാപനമേറ്റ മൂവായിരംപേരിൽ ചിലർ യഹൂദമതം സ്വീകരിച്ചവരായിരിക്കാനാണു സാധ്യത. (പ്രവൃത്തികൾ 2:10, 41) അതിനുശേഷം പെട്ടെന്നുതന്നെ—പത്രോസ് രാജ്യത്തിന്റെ അവസാനത്തെ താക്കോൽ കൊർന്നേല്യോസിനും കുടുംബത്തിനുംവേണ്ടി ഉപയോഗിക്കുന്നതിനു മുമ്പ്—എത്യോപ്യക്കാരനായ ഒരു യഹൂദമതാനുസാരി ഫിലിപ്പോസിനാൽ സ്നാപനമേറ്റു. (മത്തായി 16:19; പ്രവൃത്തികൾ 8:26-40; 10:30-48) മതപരിവർത്തനം ചെയ്തവരെ വിജാതീയരായി വീക്ഷിച്ചില്ല എന്നതു സ്പഷ്ടമാണ്.
14 എന്നിരുന്നാലും, ഇസ്രായേലിൽ മതപരിവർത്തനം ചെയ്തവരുടെ സ്ഥാനം ഇസ്രായേല്യരായി ജനിച്ചവരുടെ സ്ഥാനംപോലെ ആയിരുന്നില്ല. മതപരിവർത്തനം ചെയ്തവർ പുരോഹിതൻമാരായി സേവിക്കുകയോ അവരുടെ ആദ്യജാതർ ലേവ്യപൗരോഹിത്യത്താൽ പ്രതിനിധാനം ചെയ്യപ്പെടുകയോ ചെയ്തില്ല.b കൂടാതെ, മതപരിവർത്തനം ചെയ്തവർക്ക് ഇസ്രായേലിൽ സ്വന്തമായി ഭൂമി അവകാശപ്പെടുത്താനാവുമായിരുന്നില്ല. എങ്കിലും മതപരിവർത്തനം ചെയ്ത വിശ്വസ്തരുടെ കാര്യത്തിൽ പരിഗണനയുള്ളവരായിരിക്കാനും അവരെ സഹോദരൻമാരായി വീക്ഷിക്കാനും ഇസ്രായേല്യർ കൽപ്പിക്കപ്പെട്ടിരുന്നു.—ലേവ്യപുസ്തകം 19:33, 34.
ആത്മീയ ജനത
15. സ്വാഭാവിക ഇസ്രായേല്യർ മിശിഹായെ സ്വീകരിക്കാൻ വിസമ്മതിച്ചപ്പോൾ എന്തു സംഭവിച്ചു?
15 ഇസ്രായേല്യരെ ശുദ്ധീകരിക്കുന്നതിനും ചുറ്റുമുള്ള ജനതകളിൽനിന്നു വ്യത്യസ്തരാക്കി നിർത്തുന്നതിനുമായിരുന്നു ന്യായപ്രമാണം രൂപകൽപ്പന ചെയ്തത്. എങ്കിലും അതു മറ്റൊരു ഉദ്ദേശ്യം നിവർത്തിച്ചു. അപ്പോസ്തലനായ പൗലോസ് എഴുതി: “നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.” (ഗലാത്യർ 3:24) ദുഃഖകരമെന്നു പറയട്ടെ, ന്യായപ്രമാണത്തിലൂടെ ക്രിസ്തുവിലേക്കു നയിക്കപ്പെടുന്നതിൽ അനേക ഇസ്രായേല്യർ പരാജയപ്പെട്ടു. (മത്തായി 23:15; യോഹന്നാൻ 1:11) തൻമൂലം യഹോവയാം ദൈവം ആ ജനതയെ തള്ളിക്കളകയും ‘ദൈവത്തിന്റെ ഇസ്രായേൽ’ ജനിക്കാൻ ഇടയാക്കുകയും ചെയ്തു. കൂടാതെ, മുഴു അർഥത്തിലും ഈ പുതിയ ഇസ്രായേലിന്റെ പൗരൻമാരായിരിക്കുന്നതിനുള്ള ക്ഷണം അവൻ യഹൂദേതരരിലേക്കു നീട്ടി. (ഗലാത്യർ 3:28; 6:16) ഒരു രാജകീയ പൗരോഹിത്യത്തെപ്പറ്റി പുറപ്പാടു 19:5, 6-ൽ യഹോവ നൽകിയിരിക്കുന്ന വാഗ്ദാനത്തിന് അത്ഭുതകരമായ, അന്തിമ നിവൃത്തിയുള്ളത് ഈ പുതിയ ജനതയിലാണ്. എങ്ങനെ?
16, 17. അഭിഷിക്ത ക്രിസ്ത്യാനികൾ ഭൂമിയിൽ ‘രാജകീയ’രും ഒരു ‘പുരോഹിതവർഗ’വും ആയിരിക്കുന്നത് എന്തർഥത്തിലാണ്?
16 തന്റെ നാളിലെ അഭിഷിക്ത ക്രിസ്ത്യാനികൾക്ക് എഴുതുമ്പോൾ പത്രോസ് പുറപ്പാടു 19:6 ഉദ്ധരിക്കുകയുണ്ടായി: “നിങ്ങളോ . . . തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.” (1 പത്രൊസ് 2:9) അതിന്റെ അർഥമെന്താണ്? അഭിഷിക്ത ക്രിസ്ത്യാനികൾ ഭൂമിയിൽ രാജാക്കൻമാരാണോ? അല്ല, അവരുടെ രാജത്വം ഇപ്പോഴും ഭാവിയിലാണ്. (1 കൊരിന്ത്യർ 4:8) എന്നിരുന്നാലും, അവർ “രാജകീയ”രായിരിക്കുന്നതിന്റെ അർഥം ഭാവിയിൽ രാജകീയ പദവികൾക്കായി അവർ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നാണ്. ഇപ്പോൾപോലും അവർ വലിയ പരമാധികാരിയായ യഹോവയാം ദൈവത്താൽ നിയുക്തമാക്കപ്പെട്ട രാജാവായ യേശുവിന്റെ കീഴിലുള്ള ഒരു ജനതയാണ്. “[യഹോവ] നമ്മെ ഇരുട്ടിന്റെ അധികാരത്തിൽനിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കി”വെച്ചു എന്നു പൗലോസ് എഴുതി.—കൊലൊസ്സ്യർ 1:13.
17 ഭൂമിയിലുള്ള അഭിഷിക്ത ക്രിസ്ത്യാനികൾ പുരോഹിതൻമാരാണോ? ഒരർഥത്തിൽ അതേ. ഒരു സഭയെന്നനിലയിൽ അവർ തർക്കമറ്റ പൗരോഹിത്യ സേവനം അനുഷ്ഠിക്കുന്നു. “നിങ്ങളും . . . വിശുദ്ധപുരോഹിതവർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു” എന്നു പറഞ്ഞപ്പോൾ പത്രോസ് അതു വിശദമാക്കി. (1 പത്രൊസ് 2:5; 1 കൊരിന്ത്യർ 3:16) ഇന്ന് അഭിഷിക്ത ക്രിസ്ത്യാനികളുടെ ശേഷിപ്പ് ഒരു കൂട്ടമെന്ന നിലയിൽ, ആത്മീയാഹാരം വിതരണം ചെയ്യുന്നതിനുള്ള സരണിയായ “വിശ്വസ്തനും വിവേകിയുമായ അടിമ” ആണ്. (മത്തായി 24:45-47, NW) പുരാതന ഇസ്രായേലിന്റെ കാര്യത്തിലെന്നപോലെ യഹോവയെ ആരാധിക്കാൻ ആഗ്രഹിക്കുന്ന ഏവനും ഈ അഭിഷിക്ത ക്രിസ്ത്യാനികളുമായുള്ള സഹവാസത്തിൽ അതു ചെയ്യേണ്ടതാണ്.
18. ഒരു പുരോഹിതവർഗമെന്ന നിലയിൽ ഭൂമിയിലുള്ള അഭിഷിക്ത ക്രിസ്തീയ സഭയ്ക്ക് എന്തു പ്രാഥമിക ഉത്തരവാദിത്വമാണുള്ളത്?
18 കൂടാതെ, യഹോവയുടെ മാഹാത്മ്യം ജാതികളുടെ ഇടയിൽ സാക്ഷീകരിക്കുന്നതിനുള്ള പദവി ഇസ്രായേല്യർക്കു പകരം അഭിഷിക്ത ക്രിസ്ത്യാനികൾക്കാണുള്ളത്. പത്രോസ് അഭിഷിക്ത ക്രിസ്ത്യാനികളെ രാജകീയ പുരോഹിതൻമാരെന്നു വിളിച്ചപ്പോൾ പ്രസംഗവേലയായിരുന്നു അവന്റെ മനസ്സിലുണ്ടായിരുന്നത് എന്നു സന്ദർഭം കാണിക്കുന്നു. വാസ്തവത്തിൽ, ഒരു ഉദ്ധരണിയിൽ, “നിങ്ങളോ . . . നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട . . . രാജകീയപുരോഹിതവർഗ്ഗവും . . . ആകുന്നു” എന്നു പത്രോസ് പറഞ്ഞപ്പോൾ പുറപ്പാടു 19:6-ലുള്ള യഹോവയുടെ വാഗ്ദത്തത്തെ യെശയ്യാവു 43:21-ൽ ഇസ്രായേലിനോടുള്ള അവന്റെ വചനവുമായി യോജിപ്പിച്ചു പറയുകയായിരുന്നു അവൻ. (1 പത്രൊസ് 2:9) ഇതിനോടുള്ള ചേർച്ചയിൽ പൗലോസ് യഹോവയുടെ സദ്ഗുണങ്ങളെപ്പറ്റിയുള്ള പ്രഘോഷണം ഒരു ആലയ ബലിയെന്നപോലെ പറഞ്ഞു: “അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.”—എബ്രായർ 13:15.
ഒരു സ്വർഗീയ നിവൃത്തി
19. ഇസ്രായേല്യർ ഒരു പുരോഹിതരാജത്വം ആയിരിക്കുമെന്നുള്ളതിന്റെ അവസാന നിവൃത്തി എന്താണ്?
19 എന്നിരുന്നാലും, പുറപ്പാടു 19:5, 6-ന് ഒടുവിൽ അതിനെക്കാൾ വലിയ മഹനീയമായ നിവൃത്തിയുണ്ട്. വെളിപാടു പുസ്തകത്തിൽ സ്വർഗീയ ജീവികൾ പുനരുത്ഥാനം പ്രാപിച്ച യേശുവിനെ പുകഴ്ത്തിക്കൊണ്ട് ഈ തിരുവെഴുത്തു ബാധകമാക്കുന്നത് അപ്പോസ്തലനായ യോഹന്നാൻ കേൾക്കുന്നു: “നീ അറുക്കപ്പെട്ട നിന്റെ രക്തംകൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി; ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതൻമാരും ആക്കിവെച്ചു; അവർ ഭൂമിയിൽ വാഴുന്നു.” (വെളിപ്പാടു 5:9, 10) അതിന്റെ ആത്യന്തിക അർഥത്തിൽ, രാജകീയ പൗരോഹിത്യം യേശു നമ്മെ പ്രാർഥിക്കാൻ പഠിപ്പിച്ച ഭരണാധികാരമായ ദൈവത്തിന്റെ സ്വർഗീയ രാജ്യമാണ്. (ലൂക്കൊസ് 11:2) സഹിഷ്ണുതയോടെ അന്ത്യത്തോളം വിശ്വസ്തരായി നിലകൊള്ളുന്ന 1,44,000-ത്തിൽപ്പെട്ട എല്ലാ അഭിഷിക്ത ക്രിസ്ത്യാനികൾക്കും ആ രാജ്യ ക്രമീകരണത്തിൽ ഒരു പങ്കുണ്ടായിരിക്കുന്നതാണ്. (വെളിപ്പാടു 20:4, 6) മോശ മുഖാന്തരം വളരെ പണ്ടു ചെയ്ത വാഗ്ദത്തത്തിന്റെ എന്തോരു അത്ഭുതകരമായ നിവൃത്തി!
20. ഏതു ചോദ്യത്തിനാണ് ഇപ്പോഴും ഉത്തരം ലഭിക്കേണ്ടത്?
20 അഭിഷിക്തരെല്ലാം തങ്ങളുടെ അത്ഭുതകരമായ അവകാശം കൈപ്പറ്റുമ്പോൾ മഹാപുരുഷാരത്തിന്റെ അവസ്ഥയും അവരുടെ ഭാവിയും സംബന്ധിച്ച് ഇത് എന്ത് അർഥമാക്കും? ഈ പരമ്പരയുടെ അവസാന ലേഖനത്തിൽ അതു വ്യക്തമാകും.
[അടിക്കുറിപ്പുകൾ]
a ഇസ്രായേലിന്റെ പൗരോഹിത്യത്തിനു തുടക്കം കുറിച്ചപ്പോൾ ലേവ്യേതര ഗോത്രത്തിലെ ആദ്യജാതൻമാരെയും ലേവി ഗോത്രത്തിലെ പുരുഷൻമാരെയും എണ്ണുകയുണ്ടായി. ലേവ്യ പുരുഷൻമാരെക്കാൾ അധികം 273 ആദ്യജാതൻമാർ ഉണ്ടായിരുന്നു. എണ്ണത്തെ കവിഞ്ഞുള്ള 273 പേരുടെ മറുവിലയ്ക്കായി അവരിൽ ആളൊന്നിന് അഞ്ചു ശേക്കെൽ വീതം നൽകണം എന്നു യഹോവ കൽപ്പിച്ചു.
b പൊ.യു.മു. 1513-ൽ ന്യായപ്രമാണം സ്ഥാപിച്ചപ്പോൾ ഇസ്രായേല്യേതരരുടെ വലിയോരു സമ്മിശ്രപുരുഷാരം സന്നിഹിതരായിരുന്നു. എന്നാൽ ഇസ്രായേല്യേതരരുടെ ആദ്യജാതൻമാർക്കു പകരമായി ലേവ്യരെ എടുത്തപ്പോൾ ഇസ്രായേല്യതരുടെ ആദ്യജാതൻമാരെ കണക്കിലെടുത്തില്ല. (കാണുക: ഖണ്ഡിക 8.) തൻമൂലം, ഇസ്രായേല്യേതരരുടെ ആദ്യജാതൻമാർക്കു പകരമായി ലേവ്യരെ എടുക്കുകയുണ്ടായില്ല.
നിങ്ങൾക്ക് വിശദീകരിക്കാമോ?
◻ വേറെ ആടുകളുടെ സ്ഥാനം ക്രമാനുഗതമായി മെച്ചമായി മനസ്സിലാക്കിയത് എങ്ങനെ?
◻ ഇസ്രായേലിന്റെ വടക്കേ രാജ്യത്തെ ഒരു പുരോഹിതനെന്ന നിലയിൽ സേവിക്കുന്നതിൽനിന്നും യഹോവ തള്ളിക്കളഞ്ഞത് എന്തുകൊണ്ട്?
◻ വിശ്വസ്തരായിരുന്നപ്പോൾ ജാതികളുടെ മുമ്പാകെ യഹൂദയുടെ സ്ഥാനമെന്തായിരുന്നു?
◻ മതപരിവർത്തനം ചെയ്ത വിശ്വസ്തർക്ക് ഇസ്രായേലിലുണ്ടായിരുന്ന സ്ഥാനമെന്ത്?
◻ അഭിഷിക്ത സഭ ഒരു പുരോഹിത രാജ്യമായി സേവനമനുഷ്ഠിക്കുന്നതെങ്ങനെ?
[16-ാം പേജിലെ ചിത്രം]
ഒരു രാജകീയ പൗരോഹിത്യമെന്ന നിലയിൽ അഭിഷിക്ത ക്രിസ്ത്യാനികൾ യഹോവയുടെ മഹത്ത്വം ഭൂമിയിൽ പ്രഖ്യാപിക്കുന്നു
[18-ാം പേജിലെ ചിത്രം]
പുറപ്പാടു 19:6-ന്റെ അന്തിമ നിവൃത്തി രാജ്യമാണ്